ഇങ്ങനെയും ചിലർ
Story written by AMMU SANTHOSH
മീരയും ലക്ഷ്മിയും അപ്രതീക്ഷിതമായി കണ്ടു മുട്ടിയത് റോഡരികിൽ വെച്ചാണ്. വർഷങ്ങൾ കുറെ കഴിഞ്ഞിരുന്നെങ്കിലും പെട്ടെന്ന് മനസിലായി രണ്ടു പേർക്കും.
“എത്ര നാളായി നിന്നേ കണ്ടിട്ട്.. കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു അറിവുമില്ല . ഞങ്ങൾ പാലക്കാടായിരുന്നു ഇപ്പൊ ട്രാൻസ്ഫർ ആയി ഇവിടേക്ക് വന്നു “മീര പറഞ്ഞു
“ഞാൻ ഇവിടെ തന്നെ “ലക്ഷ്മി ചിരിച്ചു
“നിന്റെ ആളെങ്ങനെ? ഡിഗ്രി പരീക്ഷ എഴുതിയോ നീയ്? വീട്ടുകാർ കല്യാണം നിശ്ചയിച്ചപ്പോ എന്തായിരുന്നു കരച്ചിൽ. ഇപ്പോഴും ഓർക്കുന്നു “മീര ചോദിച്ചു
ലക്ഷ്മി ഒരു നിമിഷം നിശബ്ദയായി
“പിന്നെ പരീക്ഷ ഒന്നും എഴുതിയില്ല. മോനുണ്ടായി അപ്പോഴേക്കും.. പിന്നെ മോളും.. ഇപ്പൊ അവരെ നോക്കലാണ് പ്രധാന ജോലി. നിനക്ക് ജോലിയുണ്ട് അല്ലെ? ആരോ പറഞ്ഞിരുന്നു “
“ഞങ്ങൾ രണ്ടു പേരും ഒരേ ഓഫീസിൽ തന്നെ “മീര ചിരിച്ചു
“ആഹാ ലവ് മാര്യേജ് ? “
“ഉം “
“അടിപൊളി..കുട്ടികൾ? “
“ഓ ഇപ്പൊ വേണ്ടെന്നാ പുള്ളിക്ക്. ലൈഫ് എൻജോയ് ചെയ്തു തീർന്നില്ല പോലും “മീര ചിരിച്ചു
“ഭാഗ്യവതി. “
“നിന്റെ ആളെങ്ങനെ? നല്ല സ്നേഹം ഉണ്ടൊ.? “
“സ്നേഹം.. ഉം അതൊക്കെ ഉണ്ട് .. “അവൾ മെല്ലെ ചിരിച്ചു..
“മദ്യപിക്കുകയും പുക വലിക്കുകയും ഒക്കെ ചെയ്യുമോ? നിനക്ക് അത്തരക്കാരെ വെറുപ്പായിരുന്നല്ലോ “
“ബെസ്റ്റ്. രണ്ടും ഉണ്ട് അതിന്റ പേരിൽ എന്നും തല്ലു കൂടലാണ് “ലക്ഷ്മി ചിരിച്ചു
“നിന്റെ ആളോ? “
“ഹേയ് രണ്ടുമില്ല. ക്‌ളീൻ “
ഭാഗ്യവതി “ലക്ഷ്മി വീണ്ടും പറഞ്ഞു
“നിന്റെ ആൾക്കെന്താ ജോലി? “
“ലോറി ഡ്രൈവർ ആണ്. സ്വന്തമായിട്ട് ലോറി ഉണ്ട് “ലക്ഷ്മിയുടെ കണ്ണുകളിൽ അഭിമാനം നിറഞ്ഞ് നിന്നു.
യാത്ര പറഞ്ഞു പിരിയുമ്പോൾ രണ്ടു പേരുടെ ഉള്ളിലും പഴയ കാലം ആയിരുന്നു.. പഴയ കോളേജ് കാലം.
രാത്രി
“ലക്ഷ്മിക്കുട്ടിയെ “
നീട്ടിയ വിളി കേട്ടപ്പോൾ അവൾ ചോറ് പാത്രത്തിലേക്ക് വിളമ്പി.
“എന്നിട്ടു കൂട്ടുകാരിയോട് പിന്നെ എന്തൊക്ക പറഞ്ഞു? എന്നെ മാക്സിമം മോശക്കാരനാക്കി അല്ലെ? “
അവൻ അവളുടെ അരക്കെട്ടിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി..
“കുന്തം.. ഇന്ന് കുടിച്ചോ? “അവൾ മുഖം ചുളിച്ചു
“ഇല്ലാടി പച്ച.. ഊതട്ടെ നോക്കിക്കേ “അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
അവൾ പൊട്ടിച്ചിരിച്ചു..
“എന്റെ പൊന്നിന് ചേട്ടൻ ചോറ് വാരി തരട്ടെ ഉം? “അവന്റെ കണ്ണിൽ കുസൃതി നിറഞ്ഞു
“അയ്യടാ. പഞ്ചാര.. പിള്ളേർ ഉറങ്ങിയിട്ടില്ലട്ടോ “അവൾ പരിഭവിച്ചു
അവൻ വായിൽ വെച്ചു കൊടുത്ത ചോറുരുളയ്ക്ക് അമൃതിന്റ സ്വാദ്..
അതേ നഗരം. മീരയുടെ ഫ്ലാറ്റ്
“കഴിക്കുന്നില്ലേ? “
“കുറച്ചു വർക്ക് ഉണ്ട്. നീ കഴിച്ച് കിടന്നോ “
മീര അടുത്ത് ചെന്നപ്പോൾ അയാൾ ലാപ്ടോപ് മടക്കി
“ഇന്നാരാ ഓൺലൈനിൽ? കൊറിയൻ ആണോ തായ്ലാൻഡ് ആണോ? “
അയാൾ വിളറി
“പോടീ. അതൊക്കെ വെറുതെ. തമാശ.. നീ പോയികിടന്നോ എനിക്ക് കുറച്ചു മെയിൽ അയയ്ക്കാൻ ഉണ്ട് “
“ആയിക്കോട്ടെ “അവൾ ബെഡ്‌റൂമിൽ വന്നു വാതിൽ അടച്ചു മൊബൈലിൽ ഒരു നമ്പർ ഡയൽ ചെയ്തു
“ഹലോ നിഖിൽ… .. “
നഗരത്തിൽ മറ്റൊരിടത്ത്
“ലക്ഷ്മിക്കുട്ടിയെ “
“എന്താ? “
“എന്റെ പൊന്നേ “
“ശ്ശോ എന്താ? “
“ഒന്നല്ലാടി വെറുതെ.. ഇന്ന് ഞാൻ നമ്മുടെ ക്‌ളീനർ ചെക്കനെ കേറി നിന്റെ പേര് വിളിച്ചു കേട്ടോ.. അവനെന്നെ കുറെ കളിയാക്കി എപ്പോഴും ഈ ഒറ്റ ചിന്തയെ ഉള്ളോ എന്ന് “
“നിങ്ങൾ എന്ത് പറഞ്ഞു? “
“എന്താ പറയുക? ഞാൻ ചമ്മി “
“ദേ ലോറി ഓടിക്കുമ്പോൾ എന്നെ ഓർക്കേണ്ട കേട്ടോ “
“അങ്ങനെ ഒന്നും പറ്റത്തില്ല എന്റെ പൊന്നേ “
ഒരു കുഞ്ഞിച്ചിരി
ഒരു കുഞ്ഞുമ്മ
ലക്ഷ്മി അവന്റെ കണ്ണുകളിലേക്ക് നോക്കി കിടന്നു.. പ്രണയം പൊഴിയുന്ന തിളങ്ങുന്ന കണ്ണുകളിലേക്ക്.
ഇറ്റാലിയൻ ഗേൾ ഫ്രണ്ടിനോട് ബൈ പറഞ്ഞു വന്നു കിടക്കുമ്പോൾ മീര ഉറങ്ങി കഴിഞ്ഞിരുന്നു. അവളുടെ മൊബൈലിൽ ലാസ്റ്റ് വന്ന മെസ്സേജ് എടുത്തു നോക്കി അയാൾ.
“മിസ്സ് യു മുത്തേ “
ഒരു ചിരിയോടെ അയാൾ അത് മേശപ്പുറത്തു വെച്ചു ലൈറ്റ് അണച്ചു.