എഴുത്ത്:-ബഷീർ ബച്ചി
എന്നും രാവിലെ സ്ഥിരമായി ഒരു ഷോപ്പിലേക്ക് ഉള്ള ഓട്ടം കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ഒരു യുവതി ഓട്ടോയ്ക് കൈ കാണിച്ചത്..
ഓട്ടോ നിർത്തി അവൾ വണ്ടിയിൽ കയറിയിരുന്നു. എവിടേക്ക് ആണെന്ന് ചോദിച്ചു സ്ഥലം പറഞ്ഞു. പറഞ്ഞ സ്ഥലത്തു ഞാനവരെ ഇറക്കി തിരിച്ചു പോകാൻ നിക്കുമ്പോഴാണ് അവൾ എന്റെ മൊബൈൽ നമ്പർ ചോദിച്ചത്..
അതും ഒരു സുന്ദരിയായ യുവതി നമ്പർ ഒക്കെ ചോദിക്കാൻ.. കണ്ട ദർശനത്തിലെ ഇനി ഇവൾക്ക് എന്നോട് വല്ല പ്രേമവും.. അങ്ങനെ ചിന്തിച്ചു കൊണ്ട് ഞാനെന്റെ മുഖത്തേക്ക് ഗ്ലാസ്സിലൂടെ ഒന്ന് നോക്കി.. ആ ചിന്ത അപ്പോഴേ കരിഞ്ഞുണങ്ങി..
തിരിച്ചു പോകുമ്പോ എനിക്ക് ഓട്ടം വിളിക്കാനാണ് എനിക്കിവിടെ അത്ര പരിചയമുള്ള സ്ഥലമല്ല അത് കൊണ്ടാണ് പിന്നെ ഇതൊരു കുഗ്രാമവും..
അവളുടെ ശബദം കേട്ട് ഞാൻ ഓർമയിൽ നിന്ന് തിരിച്ചു വന്നു. ഞാൻ നമ്പർ കൊടുത്തു. പിന്നെ ഇടക്കിടെ ആഴ്ചയിൽ രണ്ടു ദിവസം അവൾ ഓട്ടം വിളിക്കും..
ഒരു മാസത്തോളം കഴിഞ്ഞപ്പോൾ സൗഹൃദപരമായി പലതും സംസാരിച്ചു തുടങ്ങി.. ഭർത്താവ് ഗൾഫിൽ ആണ് ഒരു മോനുണ്ട് ഡേ കെയറിൽ ഏൽപിപ്പിച്ചു ഇവിടെ ഒരു ഫ്ലാറ്റിൽ ട്യൂഷൻ എടുത്തു കൊടുക്കുകയാ ആഴ്ചയിൽ രണ്ടു ദിവസമേ ഉണ്ടാവൂ.. എനിക്ക് തരുന്ന ഓട്ടോ കൂലി ക്ക് തികയുമോ ഇവളുടെ ട്യൂഷൻഫീസ് പല വിധ സംശയങ്ങളും തലപൊക്കിയെങ്കിലും മനസിലടക്കി.
പിന്നെ കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ഓട്ടം വിളിച്ചു പഴയ പോലെ ഫ്ളാറ്റിന് അരികിൽ എത്തിയപ്പോൾ അവിടെ ഒരു പോലീസ് ജീപ്പ് കണ്ടതും അവൾ പെട്ടന്ന് ഓട്ടോ നിർത്താൻ അനുവദിക്കാതെ സ്പീഡിൽ പോകാൻ പറഞ്ഞു.. ഒന്നും മനസിലാകാതെ പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ പോലീസ് വാഹനത്തിലേക് രണ്ടു സ്ത്രീകളെയും രണ്ടു മൂന്ന് പുരുഷന്മാരെയും വലിച്ചു കയറ്റുന്നത് കണ്ടു. അവളുടെ മുഖം വിളറി വെളുത്തിരുന്നു.
കുറച്ചു ദൂരം ഓടിയ ശേഷം തണൽ പരത്തിയിരിക്കുന്ന വലിയൊരു ആൽമര ച്ചുവട്ടിൽ ഞാൻ ഓട്ടോ നിർത്തി. എനിക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടി കഴിഞ്ഞിരുന്നു.മനസ്സിൽ വല്ലാത്തൊരു വെറുപ്പ് നിറഞ്ഞു പോയിരുന്നു. അപ്പൊ ഇതാണല്ലേ നിന്റെ ട്യൂഷൻ… ഞാൻ തിരിഞ്ഞു നിന്ന് അവളുടെ മുഖത്തേക്ക് വെറുപ്പോടെ നോക്കി
അവൾ എന്റെ മുഖത്തേക്ക് കൂസലില്ലാതെ നോക്കി.. നീ വല്യ ആളൊന്നും ചമയണ്ടനിന്നെ പോലെയുള്ള മാന്യത കാണിച്ചു നടക്കുന്നവർക്കാ ആക്രാന്തം കൂടുതൽ.. പറഞ്ഞു കൊണ്ട് അവൾ പുച്ഛത്തോടെ എന്റെ മുഖത്തേക്ക് നോക്കി. ദേഷ്യം കൊണ്ടന്റെ മുഖം ചുവന്നു.
നീ കണ്ടിട്ടുണ്ടോ ഞാൻ ആരുടെഅടുത്തെങ്കിലും പോകുന്നത്. അതോ നിന്നെ പിറകെ വന്നോ.. ആ മണലാര്യണത്തിൽ കിടന്നു കഷ്ടപ്പെടുന്ന സ്വന്തം ഭർത്താവിനെ നിഷ്കരുണം വഞ്ചിക്കുന്ന ഉളുപ്പില്ലാത്ത സ്ത്രീ.. എന്റെ മുഖഭാവം കണ്ടു അവൾ പിന്നീട് ഒന്നും സംസാരിച്ചില്ല..
കുറച്ചു സമയത്തെ ശാന്തതക് ശേഷം ഞാൻ ചോദിച്ചു. എവിടെ കൊണ്ട് വിടണം എനിക്ക് പോണം.. ഓട്ടം വിളിച്ചിടത്ത് തന്നെ ഇറക്കി വിട്ടേക്ക്.. അവൾ പതുക്കെ മറുപടി തന്നു. തിരിച്ചുള്ള യാത്രയിൽ പകുതി ദൂരം പിന്നിട്ടപ്പോൾ ഞാൻ ചോദിച്ചു. മാസം എത്ര ഉണ്ടാക്കും? ചിലപ്പോൾ ഒരു ലക്ഷം വരെ കിട്ടും അവളുടെ കൂസലില്ലത്ത മറുപടി.
എന്റെ കണ്ണ് തള്ളി.ഒരു വർഷം അധ്വാനിച്ചാൽ തന്നെ മിച്ചം കിട്ടുന്നത് തുച്ഛമായ പൈസ.. ഇതൊക്കെ നിന്റെ ഭർത്താവ് അറിഞ്ഞാൽ എന്താ സംഭവിക്കുക നിനക്കറിയുമോ ആ മനുഷ്യൻ ചങ്ക് പൊട്ടി ചാകും.
ഒന്നും സംഭവിക്കില്ല അയാൾ അവിടെ സുഖിച്ചു ജീവിക്കുകയാവും എന്നിട്ട് മാസത്തിൽ എനിക്ക് തുച്ഛമായ കുറച്ചു പണമയക്കും അത് കൊണ്ട് ഒന്നുമാവില്ല എനിക്ക്. വർഷത്തിൽ ഒരു മാസത്തെ ലീവിന് വന്നു അയാള് കള്ളും കുടിച്ചു കൂത്താടി നടക്കും. എനിക്കും സുഖിച്ചു ജീവിക്കണം അതിനു ഈ മാർഗമേ കണ്ടോള്ളൂ ഞാൻ.. ഇതാവുമ്പോൾ രണ്ടുണ്ട് കാര്യം..
അവളുടെ മറുപടിയിൽ പകച്ചു ഞാനിരുന്നു പോയി.. പിന്നെ ഒന്നും സംസാരിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു.. അവളെ ഇറക്കി വിട്ട് ഞാനവളോട് പറഞ്ഞു മേലാൽ ഇനി എന്നെ ഓട്ടം വിളിക്കരുത്. എനിക്ക് ഇതൊന്നും ദഹിക്കില്ല എന്നേ വിട്ടേക്ക്. പറഞ്ഞതും ഞാൻ വണ്ടി തിരിച്ചു.
ഡോ.. പെട്ടൊന്ന് അവളുടെ പിൻവിളി പിന്നെ ഇതൊക്കെ പറഞ്ഞു നാറ്റിച്ചാൽ ഉണ്ടല്ലോ.. ഞാൻ നിന്നെ വെറുതെ വിടില്ല. കൂടെ നിന്നെയും നാറ്റിക്കും ഞാൻ.. പറഞ്ഞതും അവൾ തിരിഞ്ഞു നടന്നു.
മനസ് വല്ലാതെ കലുഷിതമായിരുന്നു.
പ്രിയതമയുടെ മുഖം മനസ്സിൽ നിറഞ്ഞു. ഇടക്ക് ചില ചെറിയ പരാതികൾ പറയാറുണ്ടെങ്കിലും എന്റെ സമ്പാദ്യത്തിനു അനുസരിച്ചു തൃപ്തിയോടെ ജീവിക്കുന്നവൾ..ഇടക്ക് ചില ആവിശ്യങ്ങൾ പറയുമ്പോൾ ചിലപ്പോൾ കേട്ടില്ലെന്ന് നടിക്കും ഇല്ലാത്തത് കൊണ്ടാണ് എന്നവൾക്കുമറിയാം പിന്നെ അവൾ ഒന്നും പറയാറുമില്ല.. അടുത്ത ആഴ്ച കൂട്ടുകാരിയുടെ അനിയത്തിയുടെ കല്യാണമാണ് നല്ലൊരു ചുരിദാർ പോലുമില്ലെന്ന് പരിഭവം പറഞ്ഞത് ഓർത്ത് കൊണ്ട് ഒരു നല്ല വസ്ത്ര വ്യാപാര ഷോപ്പിനു മുന്പിൽ വണ്ടി നിർത്തി. മൂവായിരം രൂപയുണ്ട് പേഴ്സിൽ..
അവൾക്കിഷ്ടമുള്ള മഞ്ഞ കളറിൽ മനോഹരമായ ഒരു ചുരിദാർ എടുത്തു. കൂടെ അനുബന്ധ വസ്ത്രങ്ങളും.
തിരിച്ചു വീട്ടിലേക് വിട്ടു.
അവൾ അടുക്കളയിൽ സാമ്പാർ ഉണ്ടാകുന്ന തിരക്കിലായിരുന്നു. പൊന്നുവേ.. ഞാൻ നീട്ടി വിളിച്ചു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി ഇന്നെന്താ ഇക്കാ നേരത്തെ.. കറിയൊക്കെ ആവുന്നേയൊള്ളു.. കുറച്ചു സമയം ഇരിക്ക്ട്ടോ..
ഞാനവളുടെ പിന്നിൽ ചെന്നു അവളെ എന്നരികിലേക്ക് ചേർത്ത് പിടിച്ചു പിൻകഴുത്തിൽ ഒരു ചുംബനം നൽകി. ഇന്നെന്താ ഒരു സോപ്പ് പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. ദാ നീ പറഞ്ഞ ഡ്രസ്സ് ഇനി കല്യാണത്തിന് പോകാതെയിരിക്കണ്ട.. ഇക്കാ അതിനു കാശ് ഉണ്ടായിരുന്നോ ഞാനൊരു ആഗ്രഹം പറഞ്ഞുന്നെ അല്ലെ ഒള്ളു
നിന്റെ ആഗ്രഹം ഒക്കെ നടത്തിതരാൻ അല്ലെ ഞാൻ നീയും മോനുമല്ലേ എന്റെ ജീവിതം.. പലരുടെയും ജീവിതം കാണുമ്പോഴാ മനസിലാവുക നീ എന്റെ ഭാഗ്യമാണെന്ന്..ബിഞാൻ നിറകണ്ണുകളോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.. ഇന്ന് ഇക്കാ ക്ക് ന്താ പറ്റിയെ അവൾ എന്റെ മുഖം കയ്യിലെടുത്തു. ഒന്നൂല്ലഡി.. വെറുതെ ഓരോന്ന് ഓർത്തപ്പോൾ നിന്നെ കാണണമെന്ന് തോന്നി.
പിന്നെ നേരത്തെ സംഭവിച്ച കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു. അത് പറയുമ്പോൾ അവളുടെ മിഴികളിലും ആ സ്ത്രീയോട് വെറുപ്പ് നിറഞ്ഞു കവിയുന്നത് കാണാമായിരുന്നു…
ശുഭം.
(ഇത് എന്റെ ഒരു ഓട്ടോ ഓടിക്കുന്ന സുഹൃത്ത് പറഞ്ഞ യഥാർത്ഥ സംഭവമാണ്.. എഴുതി പരിചയകുറവുള്ളത് കൊണ്ട് പോരായ്മകൾ ഉണ്ടാവാം ക്ഷമിക്കുമല്ലോ )
ബഷീർ ബച്ചി