എനിക്ക് അവളുടെ അച്ഛനെ കൊല്ലാനുള്ള ദേഷ്യം തോന്നി. നാളെ കല്യാണ മണ്ഡപത്തിൽ നിന്ന് അവളെ വിളിച്ചിറക്കി കൊണ്ട് പോകണം…….

ഇങ്ങനേയും

Story written by Nisha L


പാവം എന്റെ രേവതി… അവൾ ഒന്നും കഴിക്കാതെ വിഷമിച്ചു,, കരഞ്ഞു തളർന്നു കിടക്കുക്കയാവും. നാല് വർഷത്തെ പ്രണയം… എല്ലാം കഴിഞ്ഞു.

അവൾക്ക് വീട്ടിൽ മറ്റൊരു ആലോചന വന്നു. അവളുടെ അച്ഛൻ അത് ഉറപ്പിക്കാൻ തീരുമാനിച്ചു. അവൾ ഒരുപാട് കരഞ്ഞു പറഞ്ഞു. അവൾക്ക് എന്നെ മതിന്ന്..

പക്ഷേ…

അവളുടെ അച്ഛൻ… താണ ജാതിയിൽ പെട്ട,, സാമ്പത്തികം കുറഞ്ഞ എന്നെ കെട്ടാൻ സമ്മതിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു. അവൾ പട്ടിണി കിടന്നും,, വാശി പിടിച്ചും,, കരഞ്ഞും പ്രതിഷേധിച്ചു. പക്ഷേ അച്ഛന്റെ മനസ് അലിഞ്ഞില്ല.

നാളെയാണ് അവളുടെ വിവാഹം. അവളെ കാണാൻ മനസ് വല്ലാതെ കൊതിക്കുന്നു. ഒന്ന് പോയി നോക്കിയാലോ.. നാളെ അവൾ ചെക്കന്റെ വീട്ടിലേക്ക് പോയാൽ പിന്നെ കാണാൻ സാധിക്കില്ലല്ലോ..

ഞാൻ രേവതിയുടെ വീടിന് മുന്നിലെത്തി. ഇരുട്ടിന്റെ മറവിൽ ഒളിച്ചു നിന്നു.. അവൾ വീടിന്റെ മുന്നിൽ തന്നെയുണ്ട്.

വരുന്നവരെയൊക്കെ സ്വീകരിക്കുന്നു. അവർ കൊടുക്കുന്ന സമ്മാനങ്ങൾ കൈ നീട്ടി വാങ്ങുന്നു. എല്ലാവർക്കും വേണ്ടി മുഖത്ത് ഒരു ചിരി ഫിറ്റ്‌ ചെയ്തു വച്ചിട്ടുണ്ട്.

പാവം ഉള്ളിൽ നിറയെ വേദനയായിരിക്കും. അച്ഛന്റെ ഭീഷണിക്ക് മുന്നിൽ പേടിച്ചു നിൽക്കുന്നതാണ്..

ആരോ ഇങ്ങോട്ട് നോക്കുന്നു.. ഞാൻ പതിയെ അവിടെ നിന്ന് ആരുടെയും ശ്രദ്ധയിൽ പെടാതെ നടന്നു.

അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.. എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു..

എനിക്ക് അവളുടെ അച്ഛനെ കൊല്ലാനുള്ള ദേഷ്യം തോന്നി. നാളെ കല്യാണ മണ്ഡപത്തിൽ നിന്ന് അവളെ വിളിച്ചിറക്കി കൊണ്ട് പോകണം. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അയാൾ നാണം കെടണം. മനസ് കൊണ്ട് അടുപ്പ മുള്ളവരെ ഒന്നിപ്പിക്കാതെ പണവും പദവിയും നോക്കി പ്രണയിക്കുന്ന ജീവനുകളെ പിരിക്കുന്ന അയാളെ പോലുള്ളവർ നാണം കെടണം. .

എന്റെ ഉള്ളിൽ പക കുമിഞ്ഞു കൂടി. ദേഷ്യം അടക്കാനാവാതെ മനസ് കൊണ്ട് ഞാൻ ഉറച്ച തീരുമാനം എടുത്തു.. നാളെ ഓഡിറ്റോറിയത്തിൽ പോകണം.

പിറ്റേന്ന്…

ഓഡിറ്റോറിയം നിറഞ്ഞു ആളുകൾ.. വലിയ ആർഭാടത്തോടെയുള്ള വിവാഹം. എവിടെ.. എന്റെ രേവു എവിടെ..??

ആ അതാ വരുന്നു.. നിറഞ്ഞ ചിരിയോടെ. നിറഞ്ഞ സന്തോഷത്തോടെ… !!

അവൾ അച്ഛന്റെയും അമ്മയുടെയും കാലു തൊട്ട് വന്ദിക്കുന്നു. ശേഷം അവരെ കെട്ടിപിടിച്ചു ചുംബിക്കുന്നു. എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം. അവൾ മണ്ഡപത്തിൽ ചെക്കന്റെ അടുത്ത് ഇരുന്നു. അവൻ എന്തോ പറയുന്നു. അതുകേട്ടു അവൾ നാണത്തോടെ ചിരിക്കുന്നു.

ഇത്.. ഇത് എന്റെ രേവു തന്നെയാണോ… !!

അവൾക്ക് എങ്ങനെ ഇത്ര സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നു. എന്നെ കുറിച്ച് അവൾ ഓർക്കുന്നത് പോലും ഇല്ലേ.. !!

എനിക്ക് മനസ്സിൽ വല്ലാത്ത വിങ്ങൽ തോന്നി. അപ്പോൾ ഇവൾ എന്നെ…എന്നെ വഞ്ചിക്കുകയായിരുന്നോ..???

അല്ല.. എന്റെ രേവു അങ്ങനെ ചെയ്യില്ല. അവൾക്ക് ഞാൻ എന്നാൽ ജീവനായിരുന്നു.

മരിച്ചാലും ജീവിച്ചാലും നമ്മൾ ഒരുമിച്ച് എന്ന് എപ്പോഴും പറയുന്ന എന്റെ രേവു..

എന്താ.. എന്താ ഞാനിപ്പോ പറഞ്ഞത്..??

മരിച്ചാലും ജീവിച്ചാലും ഒരുമിച്ച്.. !!

അതേ.. അതേ.. അവളുടെ ഈ വാക്കുകൾ കേട്ടാണല്ലോ ഞാൻ മരിച്ചത്.. എന്നിട്ട്.. എന്നിട്ടിപ്പോ.. !!

അവൾ സന്തോഷത്തോടെ മറ്റൊരു ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു.. ഞാൻ.. ഞാൻ മാത്രം മണ്ടൻ.. !!

അവളുടെ വാക്ക് കേട്ട്..

കാള പെറ്റുന്ന് കേട്ട് കയറെടുത്ത പോലെ ഞാൻ..ഞാൻ മാത്രം ആത്മഹത്യ ചെയ്തു…!!

ചിലപ്പോൾ അവൾ എന്നെ വഞ്ചിച്ചതാകാം.. അവൾ എന്നെ കുറിച്ച് അവളുടെ വീട്ടിൽ സംസാരിച്ചു കാണില്ല… അല്ലെങ്കിൽ ചിലപ്പോൾ അവളുടെ മാതാപിതാക്കൾക്ക് വേണ്ടി എന്നോടുള്ള പ്രണയം ബലി കഴിച്ചതാകാം… !!

എന്തായാലും തെറ്റ്‌ എന്റെ കൈയിൽ തന്നെയാണ്..അവൾ മറ്റൊരാളുടേത് ആകുന്നത് കാണാൻ വയ്യാ എന്ന് പറഞ്ഞ്.. ഞാൻ.. എന്റെ ജീവൻ കളഞ്ഞിരിക്കുന്നു…

എന്റെ അച്ഛനെ,, അമ്മയെ,, കൂടെപ്പിറപ്പിനെ എല്ലാവരെയും മറന്നു.. അവരെ കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതെ… ഞാൻ എന്റെ ജീവൻ കളഞ്ഞിരിക്കുന്നു…. !!

ഈശ്വരാ.. എന്നെ പോലെയൊരു മണ്ടൻ വേറെ ഉണ്ടാവുമോ..??.. വേണ്ട.. എന്നെ പോലൊരു മണ്ടൻ വേറെ വേണ്ട.. ഞാൻ മതി… ഞാൻ മാത്രം മതി…!!

Leave a Reply

Your email address will not be published. Required fields are marked *