എനിക്ക് ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ട് ഒന്നും പ്രവർത്തിക്കാതെ അയാൾ നിസ്സംഗനായി ഇരിക്കുന്നുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തി……

മരണ ദൂതൻ

എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ

കുട്ടപ്പന്റെ തട്ടു കടയിലെ കാലിളകിയ ബഞ്ചിൽ ഇരുന്ന് കൊള്ളിയും ബോട്ടിയും തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്.

തീർത്തും അപരിചിതൻ.

പക്ഷെ അയാൾ എന്നെ നോക്കിയിരിക്കുകയായിരുന്നു.

അയാളുടെ ആ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തി.

അല്പം മുൻപ് അടിവാരത്ത് നിന്നു കേറ്റിയ വാ റ്റ് ചാ രായത്തിന്റെ വീ ര്യത്തിൽ അയാൾക്കിട്ടൊന്നു പൊട്ടിച്ചാലോ എന്ന ചിന്ത എന്റെ മനസ്സിൽ ഉടലെടുത്തു.

പെട്ടെന്നാണ് പ്രതീക്ഷക്ക് വിപരീതമായി ഒരു കഷണം കപ്പ തൊണ്ടയിൽ തടഞ്ഞത്.

ശ്വാസം നിലച്ച അവസ്ഥ.

കുട്ടപ്പന്റെ കെട്ട്യോൾ പ്ലാസ്റ്റീക് ജഗ്ഗിൽ വെള്ളവുമായി ഓടിവന്നപ്പോഴും കടയിലിരുന്ന് പുട്ടടിച്ചിരുന്ന ഒറ്റക്കാലൻ വാസു ശക്തിയായി ശിരസ്സിൽ തട്ടിയപ്പോഴുമെല്ലാം ആ അപരിചിതൻ നിർന്നിമേഷനായി എന്നെ നോക്കിയിരിക്കുകയായിരുന്നു.

നിഷ്കളങ്കമായ പുഞ്ചിരിയോടെ.

എനിക്ക് ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ട് ഒന്നും പ്രവർത്തിക്കാതെ അയാൾ നിസ്സംഗനായി ഇരിക്കുന്നുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തി.

തൊണ്ടയിൽ തടഞ്ഞ കപ്പക്കഷ്ണം അന്നനാളത്തിലൂടെ വിമ്മിഷ്ടത്തോടെ ഇറങ്ങിപ്പോയ ആശ്വാസത്തിൽ ഞാൻ നോക്കുമ്പോൾ അയാൾ അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു.

അവിടെ നിന്നും ആടിയാടി പുറത്തിറങ്ങി റേഷൻ കടയ്ക്ക് സമീപമുള്ള തിരിവിലെത്തിയപ്പോൾ അതാ വഴിയുടെ അങ്ങേ വശത്തയാൾ നിൽക്കുന്നു.

അയാൾ എന്നെ മാടി വിളിക്കുന്നത് പോലെ തോന്നി.

അയാൾക്ക് എന്നോടെന്തോ പറയാനുള്ളതു പോലെ.

അയാളെ ശ്രദ്ധിച്ചുകൊണ്ട് റോഡ് ക്രോസ്സ് ചെയ്ത് ഞാൻ അപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ചതും തടി കയറ്റി വന്ന ലോറി എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയതും ഒരുമിച്ചായിരുന്നു.

ലോറിയുടെ പുറത്തേക്കു തലയിട്ട് മീശക്കാരൻ ഡ്രൈവർ എന്നെ നോക്കി ശാപവാക്കുകൾ ഉരുവിടുമ്പോഴേക്കും വീണ്ടും അയാൾ അപ്രത്യക്ഷനായിരുന്നു.

കഴിച്ച വാ റ്റിന്റെ ശക്തി ആവിയായി പോകുന്നത് ഞാനറിഞ്ഞു.

അയാൾ ആരാണ്?

അയാൾക്കെന്നോടെന്താണ് പറയാനുള്ളത്?

അയാൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട രണ്ടു തവണയും അപകടങ്ങൾ എന്നെ തേടിയെത്തി.

ഇനി അയാൾ മരണ ദൂതനായിരിക്കുമോ.

ഒരു നിമിഷം. എന്റെ ശരീരം മരവിച്ചത് പോലെയായി.

ആരോ പറഞ്ഞു കേട്ടിട്ടുണ്ട് മരണമടുക്കുമ്പോൾ ചിലർക്ക് മരണദൂതൻമാരെ നേരിൽ കാണാൻ കഴിയുമെന്ന്.

എന്റെ കൈകാലുകൾ തളർന്നു.

ഒരടി പോലും മുന്നോട്ട് നടക്കാനാവാത്തതു പോലെ.

വഴിയിലെ മൈൽ കുറ്റിയിൽ നിസ്സഹായനായി ഞാനിരുന്നു.

ഭാര്യയുടെയും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും പരിക്ഷീണമായ മുഖങ്ങൾ മനസ്സിലേക്കോടിയെത്തി.

എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരുടെ ഗതിയെന്താകും.

ദൈവമേ എനിക്കൊരവസരം കൂടി തരൂ.

ഞാൻ ആകാശത്തേക്ക് നോക്കി വേദനയോടെ പ്രാർത്ഥിച്ചു.

പെട്ടെന്ന് ആരുടെയോ കരസ്പർശം എന്റെ തോളിൽ പതിക്കുന്നതറിഞ്ഞു.

ഞാൻ ഞെട്ടലോടെ തലയുയർത്തി.

എന്റെ സമീപത്തായി അയാൾ.

മുഖത്ത് ആ നിഷ്കളങ്കമായ പുഞ്ചിരി!

“അയ്യോ എന്നെയും കൊണ്ടു പോകരുത്.എനിക്ക് കുറച്ചു നാൾ കൂടി ജീവിക്കണെ”

ഞാൻ അയാളുടെ കൈകളിൽ കടന്നു പിടിച്ചുകൊണ്ടപേക്ഷിച്ചു.

“അണ്ണാ എന്നാ ഇത് ? നാൻ ഉങ്കളെ കൊണ്ടുപോകതുക്കു വന്നതല്ലയ്.ഒരു കാര്യം സൊല്ലുങ്കോ.ഇങ്കെ വാ റ്റ് എങ്കെ കെടക്കും?”

ഒരു നിമിഷം അവിശ്വസനീയതയോടെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.ആശ്വാസത്തോടെയും.😁😁😁

                       ശുഭം

Leave a Reply

Your email address will not be published. Required fields are marked *