എനിക്ക് ഒരിക്കൽ പറ്റിയ തെറ്റ് വീണ്ടും ആവർത്തിക്കാൻ പോകുന്നുവോ എന്നൊരു തോന്നൽ മനസ്സിലേക്ക് വന്നു. എന്റെ നിഷ്കളങ്കതയെ എല്ലാരും……

Story written by Murali Ramachandran

“നന്ദിതേ.. നിന്റെ ആദ്യ കല്യാണം മുടങ്ങിയതെന്താണെന്നു പറഞ്ഞില്ല. നിനക്ക് പറയാൻ ബുദ്ധിമുട്ടാണേൽ പറയണ്ടട്ടോ.. ഞാൻ നിന്നെ നിർബന്ധിക്കില്ല.”

ഞങ്ങളുടെ ആദ്യ രാത്രിയിൽ തന്നെ അങ്ങനെ ഒരു സംസാരം ഞാൻ പ്രതീക്ഷിച്ചില്ല. കട്ടിലിൽ നിന്നും എഴുന്നേറ്റു അലമാരക്ക് അരികിലേക്ക് ഞാൻ പോയി.

“അല്ല, നന്ദിതെ.. നമ്മള് പുതിയ ജീവിതം തുടങ്ങുമ്പോൾ പഴയതിനെ കുറച്ചു സംസാരിക്കരുതെന്നാണ്. എന്നാലും, നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞിരിക്കണമെന്ന് തോന്നി. അതായിപ്പൊ ചോദിച്ചത്.”

ഞാൻ മൗനത്തോടെ തന്നെ നിന്നു, മറുപടി എന്ത് പറയണമെന്ന് അറിയാതെ.. എനിക്ക് ഒരിക്കൽ പറ്റിയ തെറ്റ് വീണ്ടും ആവർത്തിക്കാൻ പോകുന്നുവോ എന്നൊരു തോന്നൽ മനസ്സിലേക്ക് വന്നു. എന്റെ നിഷ്കളങ്കതയെ എല്ലാരും പരീക്ഷിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഇനി, ഏട്ടനോടും ഞാൻ പറയാതെ ഇരുന്നാലോ.. എന്റെ ജീവിതത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെന്ന് സംശയിക്കില്ലേ..? പിന്നീട് അത് ആരെങ്കിലും പറഞ്ഞു അറിഞ്ഞാൽ..? അന്നും ഞാൻ ഒറ്റപ്പെടില്ലേ..? ഞാനിപ്പോൾ എന്ത് ചെയ്യും, എനിക്ക് മനസിലാവുന്നില്ല. ഇനി എന്ത് വന്നാലും ഞാൻ പറയാൻ തീരുമാനിച്ചു. ഇന്നല്ലേൽ നാളെയും ഈ ചോദ്യം എനിക്ക് നേരെ ഉണ്ടാവും, അതു തീർച്ച..! പതറിയ സ്വരത്തിൽ ഞാൻ തുടർന്നു…

“അതുപിന്നെ.. ആ ആലോചന വിവാഹ നിശ്ചയം വരെ ആയതായിരുന്നു. എന്നിട്ട്..”

“എന്നിട്ട്..? എന്തായി..?”

“ഒരിക്കൽ ഞങ്ങള് തമ്മിൽ ഫോണിൽ സംസാരിക്കുന്നതിനു ഇടയിൽ എന്റെ വയറ്റിൽ ഒരു മുഴ ഉണ്ടെന്ന് കാര്യം ഞാനറിയാതെ പറഞ്ഞു പോയി. അതിന് ഒരു സർജറി കൂടി വേണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു സംശയം, ‘എനിക്ക് കുട്ടികൾ ഉണ്ടാവില്ലേ..?’ എന്നൊക്കെ.. പിന്നെ, ‘വീട്ടുകാരുമായി ആലോചിക്കട്ടെ..’ എന്നൊരു മറുപടി പറഞ്ഞിട്ട് ആ ഫോൺ വെച്ചു. പിന്നീട് എന്നെ വിളിച്ചിട്ടില്ല.”

മനസിലെ ആ സങ്കടം പറഞ്ഞു അവസാനിപ്പിച്ചതും എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഉടനെ അദ്ദേഹം കട്ടിലിൽ നിന്നും എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.

“അയ്യേ.. ഇതെന്താ കരയുവാണോ..? കൊച്ചു കുട്ടികളെ പോലെ.. അതിന് ഇവിടെ ഒന്നും സംഭവിച്ചില്ലലോ..? അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലെടൊ..? ഇപ്പൊ അതിന്റെ പേരിൽ കരയണ്ട ആവിശ്യം ഉണ്ടോ..? എടൊ, കരയാതെ.. ശോ, ഞാനീ കാര്യം ചോദിക്കേണ്ടായിരുന്നു, എന്റെ തെറ്റാ..”

“അല്ല..”

ഉടനെ കണ്ണു തുടച്ചു കൊണ്ടു ഏട്ടനോട് ഞാൻ പറഞ്ഞു.

“എന്റെ തെറ്റാ ഏട്ടാ..”

“എടൊ.. ഈ അസുഖവും, ദുഃഖവുമൊക്കെ ജീവിതത്തിൽ ഉള്ളതാ.. തനിക്കോ, എനിക്കോ ആർക്കുവേണേലും വരാം. എല്ലായിപ്പോഴും നമ്മൾ ഇതെ രീതിയിൽ ആയിരിക്കില്ല. ഓരോ കാര്യത്തിനും അതിന്റെതായ പ്രതിവിധികൾ ഉണ്ടാവും. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഈ ഞാൻ. താൻ പോസിറ്റീവ് ആയിട്ട് ഇരിക്കു. എല്ലാം നല്ലതിനാണെന്ന് കരുതടോ.. ഇനി ഞാനില്ലേ കൂടെ..”

അദ്ദേഹം എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ടു പറഞ്ഞു.

“ഒന്നു ചിരിക്കടോ പെണ്ണെ.. താൻ എന്റെ ഭാര്യയാ, തന്റെ പ്രശ്നങ്ങൾ എന്റെയും പ്രശ്നങ്ങൾ ആണെന്നേ.. പിന്നെ, ഇന്ന് ഫസ്റ്റ് നൈറ്റ്‌ ആണെന്ന കാര്യം മറക്കല്ലേ..?”

എന്നെ നോക്കി ഏട്ടൻ ഒന്നു പുഞ്ചിരിച്ചു. പെട്ടെന്ന് ആയിരുന്നു ആ പുഞ്ചിരി എന്റെ മുഖത്തേക്ക് അദ്ദേഹം പകർന്നത്. ഞാൻ നാണിച്ചു കൊണ്ടു നിന്നു. അദ്ദേഹം എന്നെ ചേർത്തു പിടിച്ചിട്ട് പറഞ്ഞു.

“എങ്കില് നമുക്ക് കിടക്കാം. നേരം ഒരുപാടായില്ലെ..?”

“മ്മ്മ്മ്..”

മൗനത്തോടെ ഒരു മൂളിച്ച മാത്രം മറുപടി കൊടുത്തിട്ട് ഞങ്ങൾ ലൈറ്റ് അണച്ചു ഇരുട്ടിലേക്ക് പോയി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *