ഒരമ്മ
Story written by Suja Anup
“എൻ്റെ അമ്മേ, ഇനി ഒരിക്കലും ഈ നടയിൽ ഞാൻ വരില്ല. എനിക്ക് നീ തന്ന കഷ്ടപ്പാടുകൾക്കൊന്നും ഇതുവരെ ഞാൻ നിന്നെ കുറ്റപെടുത്തിയിട്ടില്ല. ഈ ജന്മത്തിൽ എത്ര ഞാൻ സഹിച്ചൂ. എപ്പോഴെങ്കിലും ഞാൻ വന്നു പരാതി പറഞ്ഞിട്ടുണ്ടോ. കണ്ണീർ പൊഴിക്കുമ്പോഴും ഈ നടയിൽ വന്നു ഞാൻ പ്രാർത്ഥിച്ചിട്ടേ ഉള്ളൂ. തന്ന സഹനങ്ങൾ ഒക്കെയും കൈയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. പക്ഷേ ഇതു ഞാൻ ക്ഷമിക്കില്ല. ഇതു ഒരമ്മയുടെ കണ്ണുനീരാണ്, അത് ഈ കാൽനടയിൽ ഞാൻ വയ്ക്കുന്നൂ. നീയും ഒരമ്മയാണ്. എൻ്റെ സങ്കടം നിനക്കേ മനസ്സിലാകൂ. ഇനി ഞാൻ ഈ നടയിൽ വരില്ല എനിക്ക് നീ മറുപടി തരാതെ.”
കണ്ണുകൾ തുടച്ചു മാതാവിൻ്റെ രൂപത്തിനടുത്തു നിന്നും ഞാൻ ആശുപത്രി യിലേക്ക് നടന്നൂ.
ഇനി എന്ത് ചെയ്യണം എന്നറിയില്ല….
ജീവിക്കണോ അതോ മരിക്കണോ…
അല്ലെങ്കിൽ തന്നെ ഇനി ആർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കേണ്ടത്?
കല്യാണം കഴിഞ്ഞു ഒത്തിരി സന്തോഷത്തോടെയാണ് ഞാൻ ആ വീട്ടിലേക്കു കയറി ചെന്നത്. രണ്ടാനമ്മയുടെ ചവിട്ടും കുത്തും ഏറ്റു ജീവിതം മടുത്തിരുന്നൂ. നന്നേ ചെറുപ്പത്തിലേ പെറ്റമ്മ പോയി, ദൈവസന്നിധിയിലേയ്ക്ക്. പിന്നെയുള്ള ജീവിതം അത് കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞതായിരുന്നൂ.
കല്യാണം എനിക്ക് ഒരു മോചനം കൂടെ ആയിരുന്നൂ.
അതേ അതുവരെയുള്ള നരകജീവിതത്തിൽ നിന്നുമുള്ള ഒരു മോചനം.
എന്നിട്ടോ …
വിവാഹവാർഷികത്തിൻ്റെ തലേന്ന് അദ്ധേഹം ഹൃദയാഘാതം വന്നു മരിച്ചൂ. അവിടെയും ഞാൻ തനിച്ചായി. അപ്പോൾ കൈയ്യിൽ ഒരു മാസം പ്രായമുള്ള മോനുണ്ടായിരുന്നൂ. അവനെയും കൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആരും ആശ്രയത്തിനുണ്ടായിരുന്നില്ല.
പരിചയത്തിലുള്ള ഒരാളാണ് മുതലാളിയുടെ വീട്ടിൽ താമസവും ഭക്ഷണവും ശരിയാക്കി തന്നത്. മുതലാളിയും ഭാര്യയും നല്ലവരായിരുന്നൂ.
അവിടെ നിന്ന്, ആ വീട്ടിലെ പണികളൊക്കെ ചെയ്തു ഞാൻ അവനെ വളർത്തി വലുതാക്കി.
പഠിക്കുവാൻ മോശം ആയിരുന്നെങ്കിലും അദ്ധ്വാനിക്കാനുള്ള മനസ്സു അവനുണ്ടായിരുന്നൂ. പത്താം ക്ലാസ്സോടെ പഠനം അവൻ നിറുത്തി. പിന്നെ അവൻ മുതലാളിയെ സഹായിച്ചു തുടങ്ങി. മുതലാളിക്ക് അവനെ വലിയ കാര്യം ആയിരുന്നൂ. അവനു പക്വത വന്നതോടെ മുതലാളി അവനു ഒരു ഓട്ടോ വാങ്ങി കൊടുത്തൂ. പുരയിടത്തിൽ മുതലാളി തന്ന സ്ഥലത്തു ഞങ്ങൾ ഒരു കൂര വച്ച് താമസവും തുടങ്ങി.
എല്ലാ ക്ലേശങ്ങൾക്കും അവസാനം ഞങ്ങൾ ഒന്ന് ജീവിച്ചു തുടങ്ങുകയായിരുന്നൂ.
എല്ലാം തകർത്തെറിഞ്ഞത് അയാൾ ആയിരുന്നൂ. ശിവൻ..
അന്ന് രാത്രിയിൽ അവൻ്റെ ഓട്ടോയിൽ കയറിയ പയ്യൻ്റെ കൈയ്യിൽ കഞ്ചാവ് ഉണ്ടായിരുന്നൂ. അവൻ അത് പോലീസിൽ അറിയിച്ചൂ. അത് സ്ഥലം SIയുടെ മകൻ ആണെന്ന് അവനു അറിയില്ലായിരുന്നൂ. കേസ് ഒട്ടു ചാർജ് ചെയ്തില്ല എന്ന് മാത്രമല്ല, അവനെ അവർ അന്ന് മുതൽ പീഢിപ്പിക്കുവാൻ തുടങ്ങി.
എവിടെ എന്ത് പ്രശ്നം വന്നാലും അവനെ ചോദ്യം ചെയ്യും. അതെല്ലാം എൻ്റെ കുഞ്ഞു സഹിച്ചൂ.
അടുത്തിടെ നടന്ന ഒരു മോഷണശ്രമത്തിനു അവനെ വിളിപ്പിച്ചു ചോദ്യം ചെയ്തു.
അധികാരത്തിൻ്റെ ഹുങ്ക്, അല്ലാതെന്താ, പാവങ്ങൾക്ക് ചോദ്യം ചെയ്യുവാൻ ആരുമില്ലലോ.
അതിൽ പക്ഷേ എൻ്റെ മോൻ തളർന്നൂ. നാട്ടുകാരുടെ മുന്നിൽ തെറ്റുദ്ധരിക്ക പെട്ടല്ലോ.
എത്ര ഞാൻ അവനെ ആശ്വസിപ്പിച്ചൂ. എന്നിട്ടും അവൻ രാത്രിയിൽ ഞരമ്പ് മുറിച്ചൂ. പാവപ്പെട്ടവർക്ക് ഏറ്റവും വലുത് അഭിമാനമാണ്. രാത്രിയിൽ സ്വപ്നത്തിൽ അവൻ്റെ അപ്പൻ വന്നു ചോദിച്ചൂ “സുമേ, മോൻ എവിടെ? നീ അവനെ നോക്കുന്നില്ലേ. മരിക്കുമ്പോഴും അത് ഒന്നല്ലേ ഞാൻ ആവശ്യപെട്ടിട്ടുള്ളൂ. എന്നിട്ടും എന്തേ…”.
സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന ഞാൻ അവനെ നോക്കി. അദ്ധേഹം സ്വപ്നത്തിൽ വന്നു കരഞ്ഞിരിക്കുന്നൂ. ഇന്നുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല.
“ദൈവമേ, ഇല്ല, കട്ടിലിൽ അവൻ ഇല്ല.”
അവനെ തേടി ഇറങ്ങിയ ഞാൻ കണ്ടൂ.
“പുറത്തെ കുളിമുറിയിൽ എൻ്റെ മോൻ…”
ആ കാഴ്ച ഏത് അമ്മ സഹിക്കും.
മുതലാളിയുടെ മകനെയും കൂട്ടി അവനെയുംകൊണ്ട് ഞാൻ ആശുപത്രിയിൽ വന്നൂ.
അപ്പോൾ മനസ്സ് പറഞ്ഞു
“എല്ലാം എൻ്റെ തെറ്റാണ്. ഞാൻ കുറച്ചു കൂടെ അവനെ ശ്രദ്ധിക്കണമായിരുന്നൂ”.
ഉറക്കമൊഴിച്ചു ഞാൻ അവനെ നോക്കിയിരുന്നൂ, പക്ഷേ വെളുപ്പിനെപ്പോഴോ എൻ്റെ കണ്ണടഞ്ഞു പോയി. ആ സമയത്താണ് അവൻ അത് ചെയ്തത്. ഇല്ല എന്നാലും ഞാൻ എനിക്ക് ഒരിക്കലൂം മാപ്പു കൊടുക്കില്ല. അദ്ധേഹത്തെയും ഞാൻ വേദനിപ്പിച്ചൂ. അവൻ ഇല്ലെങ്കിൽ ഞാനും ഇല്ല. അവനെ തിരിച്ചു കിട്ടുമോ എന്നറിയില്ല. ഡോക്ടർക്കു യാതൊരു പ്രതീക്ഷയും ഇല്ല. അതെനിക്ക് ആദ്യമേ മനസ്സിലായി.
ജീവിതത്തിലേയ്ക്ക് തിരിച്ചു വരണം എന്ന് എൻ്റെ കുട്ടി കൂടെ വിചാരിക്കേണ്ടേ.
ആശുപത്രിയിൽ എത്തിയിട്ടും ഞാൻ അവിടെ പകച്ചു നിന്നൂ. മുതലാളിയും മകനും വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്..
*************************
“സുമ, നീ എവിടെ പോയിരുന്നൂ. ഞങ്ങൾ ആകെ പേടിച്ചു പോയി.”
മുതലാളിയുടെ ചോദ്യം കേട്ടപ്പോൾ മാത്രമാണ് ഞാൻ ചിന്തയിൽ നിന്നു മുണർന്നത്.
“നീ വിഷമിക്കേണ്ട കേട്ടോ, അവനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. എന്തോ അത്ഭുതം സംഭവിച്ച പോലെ എന്നാണ് ഡോക്ടർ പറഞ്ഞത്.”
അമ്മ എന്നെ കൈ വിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
മുതലാളി തുടർന്നൂ
“നീ പേടിക്കേണ്ട, ഇനി ഒരു കേസും അവൻ്റെ പേരിൽ വരില്ല. എല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട്. അല്ലെങ്കിലും അത് ഞാൻ കുറച്ചു മുൻപേ ചെയ്യണ മായിരുന്നൂ. ആ SI ഇനി ഇവിടത്തെ സ്റ്റേഷനിൽ ഉണ്ടാവില്ല.”
അതെനിക്ക് ആശ്വാസമായി.
പിന്നെയും രണ്ടാഴ്ച കഴിഞ്ഞാണ് അവനെയും കൂട്ടി എനിക്ക് വീട്ടിൽ പോരുവാനായത്.
ഞാൻ പലതും തീരുമാനിച്ചിരുന്നൂ.
വയസ്സ് ഇരുപത്തഞ്ചായി മകന്. ഇനി ഒരു കൂട്ടു വേണം അവനു. അവനെ മനസ്സിലാക്കുന്ന ഒരു ഇണ, അല്ലെങ്കിൽ അവൻ ഇനിയും ഇതു പോലെ ചെയ്തു പോയാലോ..
*********************
പുറത്തു ആരോ ബെല്ലടിച്ച പോലെ തോന്നി. മരുമകൾ ആണ് വാതിൽ തുറന്നത്.
“ഇതു സുമയുടെ വീടാണോ..?”
ആ ചോദ്യം കേട്ടതും ഞാൻ അങ്ങോട്ടു ചെന്നൂ.
അവൾക്കോ എനിക്കോ ആളെ മനസ്സിലായില്ല.
“അതേ, ഞാൻ ആണ് സുമ..”
“ഞാൻ അകത്തേക്ക് വന്നോട്ടെ..”
“ശരി..” എന്ന് ഞാൻ പറഞ്ഞു.
“സുമയ്ക്കു എന്നെ അറിയില്ല. പക്ഷേ SI ശിവനെ അറിയാമല്ലോ..”
ആ പേര് കേട്ടതും എൻ്റെ മുഖം വലിഞ്ഞു മുറുകി. അവരോടു അവിടെ നിന്നും ഇറങ്ങി പോകണം എന്ന് പറയണമെന്നുണ്ടായിരുന്നൂ.
പക്ഷേ വീട്ടിൽ വന്ന അതിഥിയെ എങ്ങനെ അപമാനിച്ചു പറഞ്ഞയക്കുവാൻ സാധിക്കും.
“സുമ ദേഷ്യപ്പെടരുത്. എന്നെ ഒന്ന് സംസാരിക്കുവാൻ അനുവദിക്കണം. ഇവിടെ നിന്നും പോയതിനു ശേഷം ഞങ്ങൾ ഒത്തിരി അനുഭവിച്ചൂ.”
അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ.
” നിങ്ങളുടെ മകനെ അദ്ധേഹം ഒരുപാടു ഉപദ്രവിച്ചിട്ടുണ്ട്. അതിൻ്റെ ഒക്കെ ശിക്ഷ എന്നോണം എൻ്റെ മൂത്ത മകൻ കാറപകടത്തിൽ ഇരുപത്തഞ്ചാം വയസ്സിൽ മരണപെട്ടൂ. അതോടെ അദ്ധേഹം തളർന്നു പോയി. അവനു വേണ്ടി ആയിരുന്നല്ലോ അദ്ധേഹം നിങ്ങളുടെ മകനെ ഉപദ്രവിച്ചത്. ഇളയ മകനിൽ ആയിരുന്നൂ പിന്നെ ഞങ്ങളുടെ പ്രതീക്ഷ മുഴുവൻ. ഒരു മാസം മുൻപ് അവനു ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ അവനു വയസ്സ് ഇരുപത്തഞ്ചായി. ഇരുപത്തഞ്ചാം വയസ്സിൽ ആണ് പ്രശ്നങ്ങൾ വരുന്നതല്ലോ എന്ന് എനിക്ക് തോന്നി. അതോടെ ഒരു പ്രശ്‌നം വപ്പിക്കുവാൻ ഞാൻ തീരുമാനിച്ചൂ ..”
അത് പറയുമ്പോൾ അവർ എന്നെ ദയനീയമായി നോക്കി.
“പ്രശ്‌നം വച്ച ജ്യോത്സ്യൻ പറഞ്ഞത് ഇതെല്ലാം ഒരു അമ്മയുടെ ശാപം ആണെന്നാണ്.”
അങ്ങനെയാണ് അദ്ധേഹത്തിൻ്റെ കൂട്ടുകാരൻ വഴി ഈ കഥകളൊക്കെ ഞാൻ അറിയുന്നത്.
ആ സ്ത്രീ പെട്ടെന്ന് എൻ്റെ കാൽക്കൽ വീണൂ. അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“എന്നോട് വിരോധം തോന്നരുത്. ഞാനും ഒരമ്മയാണ്. ഒന്നും ഞാൻ അറിഞ്ഞ തല്ല. ഒരു മകൻ വേർപിരിഞ്ഞു പോയതിൻ്റെ വേദന മാറിയിട്ടില്ല. ഇനി അദ്ധേഹത്തെ ശപിക്കരുത്. നിങ്ങളുടെ മകൻ ആശുപത്രിയിൽ നിന്നും ഇറങ്ങി രണ്ടുവർഷത്തിനുള്ളിൽ എനിക്ക് എല്ലാം നഷ്ടപ്പെട്ടൂ. അദ്ധേഹം ചെയ്ത തെറ്റിനുള്ള കൂലി കഴിഞ്ഞ അഞ്ചു വർഷമായി ആ കട്ടിലിൽ കിടന്നു അദ്ധേഹം അനുഭവിക്കുന്നുണ്ട്. ആ കണ്ണുകൾ ഇന്നുവരെ തോർന്നിട്ടില്ല. ഇനി എങ്കിലും അദ്ധേഹത്തിനു മാപ്പു കൊടുത്തു കൂടെ.”
ആ സമയം എനിക്ക് ഓർമ്മ വന്നത് മരണത്തിനായി വെന്റിലേറ്ററിൽ കിടന്ന എൻ്റെ മകനെയാണ്. അത് ഞാൻ എങ്ങനെ പൊറുക്കും.
എന്നിട്ടും ഞാൻ പറഞ്ഞു
“ഞാൻ ക്ഷമിച്ചിരിക്കുന്നൂ..”
അവരെ അവിടെ നിന്നും യാത്രയാക്കുമ്പോൾ മനസ്സിൽ കുറ്റബോധം ഇല്ലായിരുന്നൂ. അവരും ഒരമ്മയാണ്, ഒരമ്മയ്ക്കല്ലേ മറ്റൊരമ്മയെ മനസ്സിലാക്കുവാൻ കഴിയൂ.
പിന്നെ താമസിച്ചില്ല. നേരെ കപ്പേളയിലേക്കു നടന്നൂ.
അവിടെ ഒരമ്മയുണ്ട്. എൻ്റെ ചോദ്യങ്ങൾക്കു ഉത്തരം നൽകുന്ന, എന്നെ ചേർത്ത് പിടിച്ച ഒരമ്മ. അവിടെ പോയി പറയണം
“ഇനി ശിക്ഷിക്കരുത് അവരെ എന്നും ഞാൻ അവരോടു ക്ഷമിച്ചൂ എന്നും.”