എനിക്ക് വേദികയെ ഇഷ്ടമായി.ഞാൻ പേരന്റ്സ്‌നെ വീട്ടിലേക്കു പറഞ്ഞയക്കട്ടെ.മറുപടി പറയാൻ ആലോചിക്കേണ്ടി വന്നില്ല……….

അച്ഛനെന്ന പുണ്യം

Story written by Nitya Dilshe

“വേദിക, പുതുതായി വന്ന മാനേജർക്ക് നിന്റെ മേലൊരു കണ്ണുണ്ട്ട്ടൊ. ഹോ. ഏതു പെണ്ണും അങ്ങേരെ കണ്ടാൽ മൂക്കും കുത്തി വീഴും..എന്താ ഗ്ലാമർ…നല്ല പെരുമാറ്റം..വിട്ടു കളഞ്ഞാൽ നഷ്ടാ ട്ടൊ..”” ഗായത്രി പറഞ്ഞതു കേട്ട് , അവളെ രൂക്ഷമായ്‌ ഒന്നു നോക്കി, ലാപ്ടോപ്പിലേക്കു നോക്കി ഞാൻ ജോലി തുടർന്നു…

ഇതു തനിക്കും തോന്നിയിരുന്നു.. തന്നെ കാണുമ്പോൾ ആ മുഖത്തു വിരിയുന്ന ചിരിയും..കണ്ണിലെ തിളക്കവും..അതു കൊണ്ടു കഴിവതും മുന്നിൽ ചെന്നു പെടാതെ നോക്കാറുണ്ട്..

“”അല്ലേലും എറിയാൻ അറിയുന്നവന്റെ കൈയ്യിൽ വടി കൊടുക്കില്ല..”” അപ്പുറത്തുനിന്നു അവളുടെ പിറുപിറുപ്പു കേട്ടു..

ലഞ്ച് നു പാൻട്രിയിലേക്ക്, ഗായത്രിയുടെ കൂടെ പോകുമ്പോൾ കണ്ടു…വഴിയിൽ, ടീമിലേ അരുണിനോട് സംസാരിച്ചു നിൽക്കുന്ന സാർ..എന്നെ കണ്ടതും ആ മുഖം പ്രകാശിക്കുന്നത് കണ്ടു..

അവരെ ശ്രദ്ധിക്കാതെ വേഗതയിൽ നടന്നു.. ഗായത്രിയെ ഒപ്പം കാണാത്തത് കൊണ്ടു തിരിഞ്ഞു നോക്കി..അവൾ അവരുടെ അടുത്തുണ്ട്..എന്തോ പറഞ്ഞു ചിരിയിലാണ്..സാറിന്റെ കണ്ണുകൾ അപ്പോഴും തന്റെ നേരെയാണ്..കുറച്ചു കഴിഞ്ഞപ്പോൾ അവളെത്തി.. ഞാനപ്പോഴേക്കും ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു..

“ഡീ..സാറിനൊരു സംശയം..നീ ആരോടും മിണ്ടില്ലേ..ന്ന്..”ഞാൻ കുനിഞ്ഞിരുന്നു , ഭക്ഷണത്തിൽ തന്നെ ശ്രദ്ധയൂന്നി..

“നീ ദുർവ്വാസാവിന്റെ അനിയത്തിയായിട്ടു വരും, ന്നു പറഞ്ഞിട്ടുണ്ട്….നിന്നോട് ഫുഡ്‌ കഴിഞ്ഞു സാറിന്റെ.കാബിനിലേക്ക്‌ ചെല്ലാൻ പറഞ്ഞിട്ടുണ്ട്..ന്യൂ പ്രോജക്ടിൽ എന്തോ ഡൗട്ട് ..” അതും പറഞ്ഞവൾ ഊറിചിരിച്ചു..ദേഷ്യം മുഴുവനും ടിഫിൻ പാത്രത്തിന്റെ മൂടിയിൽ അടച്ചു തീർത്ത് എഴുന്നേറ്റു..തന്നെ ഈ പ്രോജക്ടിന്റെ ടീം ലീഡർ ആക്കിയപ്പോഴേ അപകടം മണത്തതാണ്..

ഫുഡ് കഴിച്ച് , തീർക്കാനുള്ള കുറച്ചു ജോലികളും കഴിഞ്ഞാണ് സാറിനെ കാണാൻ പോയത്..പ്രോജക്ടിന്റെ കാര്യങ്ങൾ സംസാരിച്ചു തിരിച്ചിറങ്ങുമ്പോൾ വീണ്ടും വിളിച്ചു..

“ബി ഫ്രാങ്ക്..വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ട്..എനിക്ക് വേദികയെ ഇഷ്ടമായി..ഞാൻ പേരന്റ്സ്‌നെ വീട്ടിലേക്കു പറഞ്ഞയക്കട്ടെ..” മറുപടി പറയാൻ ആലോചിക്കേണ്ടി വന്നില്ല..

“”നോ.. സോറി സർ..എനിക്ക് താൽപര്യമില്ല..””ധൃതിയിൽ ഡോർ വലിച്ച് തുറന്നു പുറത്തിറങ്ങി..അത്ര കടുപ്പിച്ചു പറയേണ്ടിയിരുന്നില്ലെന്നു തോന്നി.പിന്നീടെന്നെ ഫേസ് ചെയ്യാൻ സാറിനൊരു മടിയുണ്ടായിരുന്നു…

ഓഫീസിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത്..ഓടിച്ചെല്ലുമ്പോൾ കണ്ടു..ബാത്റൂമിലെ വാതിൽക്കൽ വീണു കിടക്കുന്ന അച്ഛനെ.. പിന്നിൽ അമ്മ തളർന്നു വീഴുന്നത് മിന്നായം പോലെ കണ്ടു…

ICU ന്റെ മുന്നിൽ സകല ദൈവങ്ങളെയും വിളിച്ചിരുന്നു.. ഈ ഭൂമിയിൽ തന്നെ സഹായിക്കാനോ തന്റെ സങ്കടം പങ്കിടാനോ ആരുമില്ലെന്ന് വേദനയോടെ ഓർത്തു..അച്ഛനെ അകത്തേക്ക് കൊണ്ടുപോയി മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു.. ക്രിട്ടിക്കൽ സ്റ്റേജ്..എന്നല്ലാതെ ഒന്നും പറയുന്നില്ല..

ചുമലിൽ ആരോ തട്ടുന്നതറിഞ്ഞാണ്‌ കണ്ണുകൾ തുറന്നത്..മുന്നിൽ സാർ.. “”എന്തുപറ്റി.. എന്താ ഇവിടെ..?””

“”അച്ഛൻ.. അവരൊന്നും വിട്ടു പറയുന്നില്ല..” ശരീരം വിറച്ചിരുന്നു…തേങ്ങലോടെ ഞാനാ കൈയ്യിലേക്കു മുഖം ചേർത്തു….

“” അമ്മ കാഷ്വാലിറ്റിയിൽ ഉണ്ട്..എല്ലാം കൂടി ഒറ്റക്ക്….എനിക്ക് കഴിയുന്നില്ല..”‘ വിങ്ങലോടെ അടക്കിപ്പിടിച്ച സങ്കടം മുഴുവൻ കണ്ണീരായി ഒഴുക്കി കളയുമ്പോൾ, സാർ എന്നെ തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..

പിന്നൊന്നും അറിയേണ്ടി വന്നില്ല…എല്ലാറ്റിനും സർ തന്നെ ഓടി നടന്നു..അമ്മയെ റൂമിലേക്ക്‌ മാറ്റി..സാറിനു പരിചയമുള്ള ഡോക്ടർ ഉള്ളതുകൊണ്ട് വിവരങ്ങൾ അപ്പപ്പോൾ അറിയാൻ കഴിഞ്ഞു..

അച്ഛനെ കയറി കണ്ടു..അച്ഛന്റെ കിടപ്പു കണ്ടപ്പോൾ എത്ര അടക്കിയിട്ടും ഒരു വേദന തൊണ്ടക്കുഴിയിൽ വന്നു നിന്നു.. നെഞ്ചിനുള്ളിൽ എവിടെയോ ഒരു കൊളുത്തിപിടുത്തം…ഈ മുഖത്തൊരു ചിരി കണ്ടിട്ടു വർഷങ്ങളായെന്നു ഓർത്തു..മക്കൾക്ക് വേണ്ടി ജീവിച്ചു തളർന്ന ജന്മം…

സാറിന്റെ അച്ഛന് പനി കുറയാതെ അവിടെ അഡ്മിറ്റ്‌ ആയിരുന്നു. അതിനിടയിലാണ് എന്നെ കണ്ടതെന്നു പിന്നീടറിഞ്ഞു…

രണ്ടു ദിവസം കഴിഞ്ഞപ്പോൾ , അച്ഛനെ പിറ്റേന്ന് റൂമിലേക്ക്‌ മാറ്റുമെന്ന് ഡോക്ടർ പറഞ്ഞു….സാർ വന്നപ്പോൾ വിവരം പറഞ്ഞു…അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു സാർ ഇറങ്ങാനായി തുടങ്ങിയപ്പോൾ, വേഗം ഫ്ലാസ്ക്‌മെടുത്ത് ഞാനും ഒപ്പമിറങ്ങി..

‘”സാറിനെ ഒരുപാട് ബുദ്ധിമുട്ടിച്ചെന്ന് അറിയാം..എല്ലാത്തിനും ഒരുപാട്ന ന്ദിയുണ്ട്..നാളെ അച്ഛനെ റൂമിലേക്ക്‌ മാറ്റിയാൽ പിന്നെ കുഴപ്പമില്ല.. ഒറ്റക്ക് ഹാൻഡിൽ ചെയ്യാം..”” മടിച്ചു മടിച്ചു പറഞ്ഞൊപ്പിച്ചു…സാർ നടത്തം നിർത്തി എന്റെ മുഖത്തേക്ക് നോക്കി..

“”നാളെ മുതൽ ഞാൻ വരണമെന്നില്ല..എന്നല്ലേ..? ” ഉദ്ദേശിച്ചത് അതാണെങ്കിലും നേരിട്ടു പറഞ്ഞപ്പോൾ ഒരു ജാള്യത തോന്നി..

“”സാറിനു തിരക്കില്ലെങ്കിൽ കുറച്ചു നേരം ഇവിടിരുന്നാലോ..””

ഹോസ്പിറ്റലിനോട് ചേർന്ന ഗാര്ഡനിലെ ബെഞ്ചുകളിലൊന്നിൽ തണൽ നോക്കി ഇരുന്നു..ഉച്ചയോടടുത്ത സമയമായതുകൊണ്ടാവാം ഗാർഡനിൽ അധിക മാരുമില്ല..എന്താണ് പറയാനുള്ളതെന്ന ഭാവത്തിൽ സാർ നോക്കി..

“”എനിക്കൊരു ചേച്ചികൂടിയുണ്ട്.. ദേവിക..”പറയാനുള്ളത് മുഖവുരയൊന്നും കൂടാതെ തന്നെ പറഞ്ഞു തുടങ്ങി.. “”ഞങ്ങൾ രണ്ടുപേർക്കും ഒരുപാട് സ്നേഹവും സ്വാതന്ത്യവും തന്നാണ് അച്ഛൻ വളർത്തിയത്..ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അച്ഛന്റെ പരിമിതികൾക്കുള്ളിൽ വച്ചു തന്നെ നടത്തിത്തന്നിരുന്നു…

ചേച്ചിയെ, അപ്പച്ചിയുടെ മകനെക്കൊണ്ടു കെട്ടിച്ചാലോ എന്നൊരു ആഗ്രഹം അപ്പച്ചി പറഞ്ഞപ്പോൾ, ഞങ്ങൾക്കും സന്തോഷമായിരുന്നു..പരസ്പരം അറിയുന്നവർ..ചേട്ടന് നല്ല ജോലി..ജാതകവും കുഴപ്പമില്ല.. ചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചിക്കും സമ്മതം..

ആഘോഷപൂർവ്വം നിശ്ചയം നടത്തി…വിവാഹത്തിന്റെ അന്ന് രാവിലെ ചേച്ചി ഒപ്പം ജോലി ചെയ്തിരുന്ന ആൾടെ കൂടെ ഇറങ്ങിപ്പോയി…അവർ തമ്മിൽ വർഷങ്ങളായി ഇഷ്ടത്തിലായിരുന്നത്രെ..

പോലീസ് സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചപ്പോൾ, അപ്പച്ചിയുടെ മകനുമായുള്ള വിവാഹം, അച്ഛൻ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്നായിരുന്നു ചേച്ചി പറഞ്ഞത്…. ചേച്ചി പോയതിനെക്കാൾ അതായിരുന്നു ഞങ്ങളെ കൂടുതൽ വിഷമിപ്പിച്ചത്..

അതല്ല സത്യമെന്നു പറയാൻ പോയ എന്നെ അച്ഛൻ പിടിച്ചു നിർത്തി..എല്ലാ കുറ്റവും ഏറ്റെടുത്തു, ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾക്കിടയിൽ തല താഴ്ത്തിയിരിക്കുന്ന അച്ഛന്റെ മുഖം….

അന്ന് ഒരു കുപ്പി വിഷത്തിൽ എല്ലാം അവസാനിപ്പിക്കാൻ പോയ അച്ഛനെ എന്റെ കരച്ചിലാണ് തിരിച്ചുകൊണ്ട്‌ വന്നത്..ഒപ്പം മരിക്കാൻ ഭയമില്ലായിരുന്നു..അച്ഛൻ വീണ്ടും തോൽക്കുന്നത് ഓർക്കാൻ വയ്യ..

ആ സംഭവത്തോടെ അച്ഛൻ തീർത്തും ഒറ്റപ്പെട്ടു..പിന്നീടച്ഛൻ പുറത്തിറങ്ങാതെയായി…എനിക്കൊരു ജോലി കിട്ടിയപ്പോൾ ,ആ നാടും വീടും ഉപേക്ഷിച്ച് അച്ഛനെയും അമ്മയെയും ഇങ്ങോട്ടു കൊണ്ടു വന്നു..

ചേച്ചി ചെയ്ത തെറ്റിനു എനിക്കൊന്നേ ചെയ്യാൻ കഴിയൂ, .. എനിക്കൊരു വിവാഹമുണ്ടെങ്കിൽ അത് അച്ഛൻ കണ്ടുപിടിച്ചു തരുന്ന ആളെ മാത്രം..ആ മനസ്സിനെ ചെറുതായിപ്പോലും വിഷമിപ്പിക്കാൻ വയ്യ… ഞാൻ എനിക്കായി തീർത്ത മതിൽകെട്ടിനുള്ളിൽ ജീവിക്കുകയായിരുന്നു ഇതുവരെ..”‘

എന്റെ തോളിൽ തട്ടി, സാർ നടന്നു നീങ്ങുന്നത് നിറഞ്ഞ കണ്ണുകളാൽ അവ്യക്തമായി കണ്ടു….

ഒരു ദിവസം ഓഫീസിൽ നിന്നു വന്നു ചായ കുടിക്കുമ്പോഴാണ് അമ്മ ഒരു പ്രപ്പോസലിന്റെ കാര്യം പറഞ്ഞത്, അച്ഛന്റെ ഫ്രണ്ടിന്റെ മകൻ..

മുറിയിൽ ഏതോ ബുക്കും വായിച്ചിരിക്കുന്ന അച്ഛന്റെ മടിയിൽ തല ചായ്ച്ചിരുന്നു …” എനിക്ക് സമ്മതമാണ് ..””എന്നെ സൂക്ഷിച്ചു നോക്കിയ അച്ഛനോട്,””ചേച്ചിയെ പോലെ ആവില്ലച്ഛാ..അച്ഛനു എന്നെ വിശ്വസിക്കാം..എനിക്ക് ആളെ കാണണ്ട…. അച്ഛൻ കണ്ടു ഇഷ്ടപെട്ടെങ്കിൽ സമ്മതം പഞ്ഞോളൂ..”‘

പയ്യനും കുടുംബവും വന്നു കണ്ടു..ആളുടെ മുഖം കാണണമെന്നില്ലാത്തത് കൊണ്ട് നോക്കിയില്ല….

“”എനിക്കൊന്നു സംസാരിക്കണം “”എന്ന ശബ്ദം കേട്ടപ്പോഴാണ് മുഖമുയർത്തി നോക്കിയത്….സാറിനെ കണ്ടപ്പോൾ ഒരു നിമിഷം സ്തബ്ധയായി നിന്നു..

സാറിനൊപ്പം മുറ്റത്തെ മാവിൻചോട്ടിലേക്കു നടന്നു “”വേദിക, ഇത് ഞാൻ കൊണ്ടു വന്ന പ്രപോസലല്ല..അച്ഛന്മാർ തീരുമാനിച്ചതാണ്…മകളാണ് ഗ്രേറ്റ്‌ എന്നു വിചാരിച്ചിരുന്നു..പക്ഷെ അച്ഛൻ മകളെ തോൽപിച്ചു ട്ടോ.. “” സാർ അത് പറഞ്ഞപ്പോൾ, ഒരത്ഭുതത്തോടെ ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി..

“”ഡിസ്ചാർജായി കഴിഞ്ഞു അച്ഛൻ കാണാൻ വന്നിരുന്നു..’അമ്മ എല്ലാം പറഞ്ഞിരുന്നത്രേ.. സഹായിച്ച ആൾ പെട്ടെന്ന് മറഞ്ഞപ്പോൾ നേരിട്ടു നന്ദി പറയാൻ…അപ്പോഴാണ് കൂടെ ജോലി ചെയ്തിരുന്ന ആളുടെ മകനും മകളുമാണെന്നു രണ്ടുകൂട്ടർക്കും മനസ്സിലായത്…”‘

ലളിതമായിട്ടായിരുന്നു വിവാഹം..അടുത്ത ചില ബന്ധുക്കളെ മാത്രം ക്ഷണിച്ചു…ഓഫീസിൽ നിന്ന് ഗായത്രിയെ മാത്രം വിളിച്ചു..ആ കൈകളിൽ അച്ഛൻ എന്റെ കൈ പിടിച്ചേല്പിക്കുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്റെയും…

ചടങ്ങുകളുടെ തിരക്കൊന്നു കഴിഞ്ഞപ്പോഴാണ് സാർ, നിനക്കാണെന്നു പറഞ്ഞു ഫോൺ തന്നത്.. “ഹലോ” എന്നു പറഞ്ഞിട്ട് അല്പനേരം കഴിഞ്ഞാണ് അപ്പുറത്തു നിന്നു ” മോളെ ” എന്നൊരു വിളി വന്നത്..ശബ്ദം കേട്ടതും മനസ്സൊന്നു വിറച്ചു.. ശബ്ദം തൊണ്ടയിൽ തടഞ്ഞു നിന്നു..””.ചേച്ചി “”

“നേരിട്ടുവന്നു അനുഗ്രഹിക്കണമെന്നുണ്ടായിരുന്നു..ചേച്ചിക്കതിനുള്ള യോഗ്യത ഇല്ല..അച്ഛൻ വന്നിരുന്നു..കല്യാണം ക്ഷണിച്ചു, വീട്ടിലേക്കു വരാനും പറഞ്ഞു…ആ മനസ്സ്..ആ മനസ്സു ഞാൻ കാണാതെ പോയി…ഈ പാപങ്ങളൊക്കെ ഞാൻ എങ്ങനെ…” പറഞ്ഞതു മുഴുവനാക്കാതെ പൊട്ടിക്കരച്ചിലോടെ ചേച്ചി ഫോൺ കട്ട് ചെയ്തു…

കുറച്ചുനേരം ഫോണും പിടിച്ചു അങ്ങനെ നിന്നു…ആരോ വന്നു തട്ടി , എന്തുപറ്റി, എന്തിനാ കരയുന്നതെന്നു ചോദിച്ചപ്പോഴാണ് ഞാനും കരയുകയായിരുന്നു എന്നു മനസ്സിലായത്.. മുഖം തുടച്ചു …തിരിഞ്ഞപ്പോൾ കണ്ടു… തിരക്കുകളോടെ ബന്ധുക്കൾക്കിടയിൽ ഓടി നടക്കുന്ന അച്ഛൻ..വർഷങ്ങൾക്കു ശേഷം ആ മുഖത്തൊരു ചിരി കണ്ടു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *