എനിക്ക് വേറെ നൂറ് കൂട്ടം കാര്യങ്ങളുണ്ട് ഫോണി. ഞാൻ കുറച്ച് തിരക്കാ……

Story written by Murali Ramachandran

“എടാ ചെക്കാ.. നീയാ ഫോണെ കുത്തികൊണ്ട് ഇരിക്കാതെ മുറീന്ന് പുറത്തേ ക്കിറങ്ങ്.. ഏത് നേരം നോക്കിയാലും അവന്റെ കൈയില് ഫോണാ.. “ദേഷ്യ ത്തോടെയുള്ള അമ്മയുടെ വാക്കുകൾ എന്റെ ചെവിയിലേക്ക് ഹെഡ്‌ സെറ്റിനെയും തോൽപിച്ചുകൊണ്ട് കടന്നുവന്നു. ഞാൻ കേൾക്കാത്ത ഭാവം നടിക്കുമ്പോൾ..

“എടാ.. നിന്നോടാ പറഞ്ഞത്, കേൾക്കാൻ മേലെ..? “കലിതുള്ളി കൊണ്ട് അമ്മ എന്റെ മുന്നിലേക്ക് വന്നതും. ഉടനെ ഞാൻ പറഞ്ഞു.

“ഒരു മാസത്തെക്ക് ഓഫീസില് പോവണ്ട.. ബൈക്കില് കറങ്ങിയാ പോലീസ് പിടിക്കും.. കൂട്ടുകാരുമൊത്ത് കൂടാനും പറ്റില്ല.. സ്വസ്ഥയിട്ട് ഒരു സിനിമ കാണാന്ന് വെച്ചാ.. അതിനും ഈ വീട്ടി സമ്മതിക്കില്ല.. ഞാൻ പിന്നെ എന്താ ചെയ്യണ്ടേ..? ഏത് നേരവും എന്നെയെന്തിനാ ഈ വിളിക്കുന്നെ..? അച്ഛനില്ലെ അവിടെ..?”ദേഷ്യ ത്തോടെ ഞാനത് അമ്മയോട് പറഞ്ഞതും.. എന്നെ നോക്കികൊണ്ട് അമ്മ പറഞ്ഞു.

“എടാ.. ഒരാഴ്ചയായി നീയി കിടപ്പ് തന്നല്ലേ..? അതും, വെറുതെ ഈ ഫോണെ നോക്കി.. “

“അത് പിന്നെ.. എനിക്ക് വേറെ നൂറ് കൂട്ടം കാര്യങ്ങളുണ്ട് ഫോണി.. ഞാൻ കുറച്ച് തിരക്കാ.. ഏതായാലും ഇപ്പോ ഒരു പണിയും എനിക്ക് പറ്റില്ല.. ” ഒരുവിധത്തിൽ ഞാൻ എന്തൊക്കെയൊ പറഞ്ഞ് ഒപ്പിച്ചു. അമ്മ എന്നെ നോക്കിയൊന്ന് പുരികം ചുളിച്ച്.

“ഈ നേരത്തെങ്കിലും വീട്ടി പ്രയോജനം ഉള്ളത് ചെയ്യടാ ചെക്കാ.. വെറുതെ ഫോണി നോക്കി സമയം കളയാതെ..”

എന്നോട് പറഞ്ഞതും, അമ്മ അടുക്കളയിലേക്ക് പോയി. അല്പ്പം കഴിഞ്ഞ്, ഒരു പാത്രത്തിൽ കുറച്ച് ചക്ക വറുത്തതുമായി അച്ഛൻ മുറിയിലേക്ക് വന്നു. അത് എനിയ്‌ക്കരികിൽ കൊണ്ട് വെച്ചു. ഞാനത് ഓരോന്നായി എടുത്ത് കൊറിക്കാൻ തുടങ്ങി. അതെന്റെ നാവിൽ രുചി പിടിച്ചു. വിരലിൽ എടുക്കുന്നതിന്റെ എണ്ണവും കൂടി തുടങ്ങി.. ഫോണിൽ നോക്കി കൊണ്ട് പാത്രം കൈകൊണ്ട് പരത്തി നോക്കി. ഒടുവിൽ, ഞാൻ അറിയാതെ തന്നേ അതും തീർന്നു. ഫോൺ ഓഫാക്കിയെച്ചും, ആ പാത്രവുമെടുത്ത് അടുക്കളയിലേക്ക് ഞാൻ ചെന്നു.

“അമ്മേ.. കുറച്ച് ചക്ക വറുത്തത് കൂടി തന്നേ.. “

ഞാൻ അത് പറയുമ്പോൾ അമ്മ എന്നെ ഒന്ന് നോക്കിട്ട് ചിരിച്ചു.

“ഇഷ്ടായോ..? “

“മ്മ്..”

ഞാനൊന്ന് ചിരിച്ചുകൊണ്ട് മൂളിയതും അമ്മ തുടർന്നു..

“എങ്കില്.., എന്റെ മോൻ ഈ ബാക്കി ചക്ക കൂടി ഒന്ന് അരിഞ്ഞേ.. പിന്നെ, രണ്ട് തേങ്ങ കൂടി ചിരണ്ടി താ.. രാത്രിലെ കറിവെക്കാനാ. എന്നിട്ട് തരാം ബാക്കി തിന്നാൻ.. നീ ഈ ഫോണില് കുത്തികൊണ്ട് ഇരുന്നാൽ വീട്ടിലെ കാര്യം നടക്കില്ല.”

അമ്മ അത് പറയുമ്പോൾ അടുക്കളയ്‌ക്ക് പുറത്ത് ചക്ക പൊളിയ്ക്കുന്ന അച്ഛൻ കളിയാക്കി ചിരിച്ചു. ആ ചിരി പരസ്പര സഹകരണത്തിന്റെതായിരുന്നു. ഈ സാഹചര്യത്തിൽ മുറി അടച്ച് ഫോണിൽ മാത്രം നോക്കി ഇരിക്കുന്ന എന്നെ പോലെ കുഴിമടിയന്മാർക്ക് എതിരെ ഉളള ആക്ഷേപ ചിരി.

Leave a Reply

Your email address will not be published. Required fields are marked *