എന്താണിവിടെ നടക്കുന്നതെന്നു പോലും മനസ്സിലായില്ല. എല്ലാവരുടെ മുഖത്തും സന്തോഷം…..

കുടുംബവിളക്ക്

Story written by Aneesha Sudhish

ഓർമ്മ വെച്ച നാൾ മുതൽ കേട്ടതാണ് കാവ്യ ശ്രീയ്ക്കുള്ളതാണെന്ന്.

അതുകൊണ്ട് തന്നെ ശ്രീയേട്ടനുമായുള്ള ജീവിതം ഒരു പാട് സ്വപ്നം കണ്ടിരുന്നു..

അമ്മാവന്റെ മകൻ എന്നതിലുപരി ഒരു നല്ല സുഹൃത്തു കൂടിയായിരുന്നു ശ്രീയേട്ടൻ .

എന്തിനും ഏതിനും ശ്രീയേട്ടൻ ഒപ്പമുണ്ടായിരുന്നു.

ഞങ്ങളുടെ പ്രണയം പരിശുദ്ധമായതായിരുന്നു.

ആ ഇടയ്ക്കായിരുന്നു അച്ഛന്റെ മരണം. അത് ഞങ്ങളുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു.

അച്ഛന്റെ മരണം അമ്മയെ തളർത്തിയപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെനിക്ക്. അനിയത്തിയും അനിയനുമടങ്ങിയ കുടുംബത്തിന്റെ ഭാരം മുഴുവൻ എന്റെ തോളിലായി ..

അപ്പോഴും എന്തിനും ഒരു താങ്ങായി ശ്രീയേട്ടൻ ഉണ്ടായിരുന്നു.

പഠനം മുടക്കണ്ട കാവ്യേ എല്ലാത്തിനും ഞാനുണ്ടല്ലോ എന്നു ശ്രീയേട്ടൻ പറഞ്ഞെങ്കിലും ഞാനതിന് ഒരുക്കമല്ലായിരുന്നു.

എന്റെ വാശിക്കു മുമ്പിൽ തോറ്റു തന്നിട്ടാണ് ശ്രീയേട്ടന്റെ കൂട്ടുക്കാരനായ ബാലുവിന്റെ കമ്പ്യൂട്ടർ സെന്ററിൽ ഒരു ജോലി തരപ്പെടുത്തി തന്നത്. അതൊരു തരത്തിൽ ഞങ്ങൾക്ക് ആശ്വാസമായിരുന്നു. ജോലിയോടൊപ്പം കംപ്യൂട്ടർ പഠനവും അതായിരുന്നു ശ്രീയേട്ടൻ പറഞ്ഞത്. ഡിഗ്രി രണ്ടാം വർഷം നിർത്തിയതു കൊണ്ട് പ്രൈവറ്റായി എക്സാം എഴുതാമെന്നു കരുതി.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരു പാട് കഷ്ടപ്പെട്ടു.ഓരോ ദിവസം കഴിയുന്തോറും സഹോദരങ്ങളുടെ ആവശ്യങ്ങൾ കൂടി വന്നു. തുച്ഛമായ ശമ്പളം ഓരോ വർഷവും പടിപടിയായി ഉയർന്നു.

വർഷങ്ങൾ ഇതിനിടയിൽ കടന്നുപോയി. അനിയത്തി കീർത്തി നഴ്സിംങ്ങ് പഠനം പൂർത്തിയാക്കി. അവളും ജോലിക്കായി ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു പാട് ഓഫറുകൾ വന്നെങ്കിലും ശമ്പള കുറവ് കൊണ്ട് അവൾ പോയില്ല..

ശമ്പളം മിച്ചം വെച്ചും ചിട്ടിപ്പിടിച്ചും നുള്ളി സ്വരുകൂട്ടിയ പണം അവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ ചെലവിട്ടിരുന്നത്. വീടിനു വേണ്ടി എത്ര കഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്റെ സഹോദരങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടിയാൽ മതി എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് കിരൺ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. രണ്ടു ചേച്ചിമാർ നിൽക്കേ ഒരു തൊഴിലുപോലും ഇല്ലാത്ത അവൻ ഇങ്ങനെ ചെയ്തപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്.ആ കുട്ടിയുടെ കണ്ണുനീർ കണ്ടപ്പോൾ തിരിച്ചു പറഞ്ഞയയ്ക്കാനും പറ്റിയില്ല.. അമ്മയും കീർത്തിയും എതിർത്തിട്ടും അവരെ ഞാൻ വീട്ടിലേക്ക് കയറ്റി.

എന്തിനും ഒപ്പമുണ്ടായിരുന്ന ശ്രീയേട്ടൻ പക്ഷേ എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. അന്ന് കടയിലേക്ക് വന്നതും എന്നോട് തട്ടിക്കയറി.

“നീ എന്തു ഭാവിച്ചാ കാവ്യേ ഇനി അവന്റെ പെണ്ണിന് കൂടി നീ ചെലവിനു കൊടുക്കണ്ടേ “

“എങ്ങനെയാ ശ്രീയേട്ടാ ആ കുട്ടിയെ ഇറക്കിവിടുന്നത് ?”

“ആരെങ്കിലും കരഞ്ഞു കാണിച്ചാൽ പിന്നെ നീ അവരെ വിശ്വസിച്ചോളും എന്നാൽ എന്റെ സങ്കടം മാത്രം കാണാൻ നിനക്ക് കാഴ്ചയില്ല “

“കീർത്തിയ്ക്ക് ഒരു ജോലി കിട്ടും വരെ മാത്രമല്ലേ ശ്രീയേട്ടാ കാത്തിരിക്കാൻ ഞാൻ പറഞ്ഞുള്ളൂ “

“നിനക്കു വേണ്ടി എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം കാവ്യേ ” ആ വാക്കുകൾ മതിയായിരുന്നു എനിക്ക് ശ്രീയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണപ്പോൾ ആ കൈകൾ എന്നെ വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു. ശരീരത്തിന് ഒരു കോരിത്തരിപ്പുണ്ടായി.

ആ കണ്ണുകളിലേക്ക് നോക്കി ഏതോ ഒരു കാന്തിക ശക്തി എന്നെ ആകർഷിക്കുന്നുണ്ടായിരുന്നു. ആ നോട്ടം ആദ്യമായി കാണും പോലെ തോന്നി , ശ്രീയേട്ടനോട് ഒന്നുകൂടി ചേർന്നു നിന്നു . ശ്രീയേട്ടനും അതാഗ്രഹിച്ചിരുന്നു. ഒരു ചുംബനത്തിനായി ഞങ്ങൾ മനസു കൊണ്ട് ആഗ്രഹിച്ചു. പരസ്പരം തടുക്കാനാവാത്ത വികാരത്താൽ ചുണ്ടുകൾ പരസ്പരം കോർത്തു തുടങ്ങി …

“അല്ലാ രണ്ടു പേരും ഇവിടെ റൊമാൻസ് കളിക്കാണോ ” ബാലു ചേട്ടൻ ആണ്. ഞങ്ങൾ പരസ്പരം അകന്നു മാറി.

“ദേ ഒരു കാര്യം പറഞ്ഞേക്കാം രണ്ടും എന്തെങ്കിലും ഇവിടെ വന്ന് ഒപ്പിക്കാനാണ് ഭാവമെങ്കിൽ ഇന്നത്തോടെ ഇങ്ങോട്ടുള്ള വഴി മറന്നേക്കണം. “

അതു കേട്ടപ്പോൾ ഉള്ളു പിടഞ്ഞു. ആകെയുള്ള വരുമാനമാണ്.

“ബാലു ഞാൻ പൊയ്ക്കോണ്ട്. ഇവളെ പറഞ്ഞു വിടരുത് ” അപേക്ഷാ ഭാവത്തിലാണ് ശ്രീയേട്ടൻ അതു പറഞ്ഞത്.

“എന്റെ ശ്രീ ഞാനൊരു തമാശപറഞ്ഞതല്ലേ ? നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം ഇവളെ കാണാം. പക്ഷേ നീ കാരണം ഒരു പേരുദോഷം ഉണ്ടാകരുത്. “

“ഇല്ലടാ ഞാൻ കാരണം നിനക്ക് ഒരു ദോഷവും ഉണ്ടാകില്ല “

സത്യത്തിൽ അപ്പോഴാണ് ഒരു ആശ്വാസം തോന്നിയത്.

“ഇങ്ങനെ വെച്ചു താമസിപ്പിക്കാതെ ഇതങ്ങ് നടത്തി കൂടെ നിങ്ങൾക്ക് “

” അതിന് ഇവൾടെ പ്രാരാബ്ദം തീരണ്ടെ ” ശ്രീയേട്ടന്റെ വാക്കുകളിൽ നിരാശ കലർന്നിട്ടുണ്ടായിരുന്നു.

“പ്രാരാബ്ദം പറഞ്ഞിരുന്നാൽ ഒന്നും നടക്കില്ല. ഇനി എന്നാ മൂക്കിൽ പല്ലു മുളച്ചിട്ടാണോ ? പ്രായം എത്രയായെന്ന് വല്ല വിചാരവും ഉണ്ടോ ? ഞാനും നീയും ഒരേ പ്രായമാ എന്റെ മോളെ ഈ കൊല്ലം സ്കൂളിൽ ചേർത്തു. പ്രാരാബ്ദം പറഞ്ഞ് വെറുതെ ജീവിതം കളയാൻ … ” ബാലു ചേട്ടന്റെ വാക്കുകൾ ഞങ്ങളെ മൗനത്തിലാഴ്ത്തി.

കീർത്തിയ്ക്ക് ചെന്നൈയിൽ നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടി. അത് എനിക്ക് ആശ്വാസമായി. അവളുടെ പഠനത്തിനായി വീട് പണയപ്പെടുത്തി പൈസ എടുത്തിരുന്നു. അമ്മയ്ക്ക് ഒരു നെഞ്ചുവേദന വന്നു ഹോസ്പിറ്റലിൽ ഒന്നുരണ്ടു വട്ടം കിടക്കേണ്ടി വന്നതു കൊണ്ട് രണ്ടു തവണ ബാങ്കിൽ പണമടയ്ക്കുന്നത് മുടങ്ങി .അവൾക്ക് ശബളം കിട്ടിയാൽ പിന്നെ അത് വേഗം അടച്ച് തീർക്കാം. പക്ഷേ അത് എന്റെ വ്യാമോഹം മാത്രമാണെന്ന് പിന്നീടാണ് മനസിലായത്. ചെന്നൈയിൽ പോയതോടെ അവളാകെ മാറി.

കിരണിന്റെ ഭാര്യ മായയുടെ പ്രസവ ചിലവും വഹിക്കേണ്ടി വന്നപ്പോൾ ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയിലായി. കിരണാണെങ്കിൽ വല്ലപ്പോഴും എന്തെങ്കിലും പണിക്ക് പോയാലായി ഒന്നും വീട്ടിൽ തരില്ല. പണമടയ്ക്കാത്തതു കൊണ്ട് ബാങ്കിൽ നിന്നും ജപ്തിയുടെ നോട്ടീസ് വന്നു.

കീർത്തിയോട് പറഞ്ഞപ്പോൾ എല്ലാം ചേച്ചി തന്നെ വരുത്തി വെച്ചതല്ലേ അനുഭവിച്ചോ എന്ന മറുപടിയാണ് കിട്ടിയത്.

ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മാവനെയാണ് കണ്ടത്.

“ഇനി നീട്ടിവയ്ക്കുന്നില്ല ഞങ്ങളതങ്ങ് ഉറപ്പിച്ചു. വരുന്ന ഞായറാഴ്ച നിശ്ചയം. അതു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം. ശ്രീയ്ക്ക് ഗൾഫിലോട്ട് പോകാൻ വിസ വന്നിട്ടുണ്ട്. അതാണ് ഇത്ര പെട്ടെന്ന് . നീ ഒന്നും അറിയണ്ട എല്ലാം ഞങ്ങൾ നോക്കിക്കോണ്ട്. “

അമ്മാവന്റെ ആ വാക്കുകൾ എന്നിലേക്ക് ഒരു മഴ പെയ്തതുപോലെ തോന്നി…

ശ്രീയേട്ടനുമായുള്ള ജീവിതം സ്വപ്നം കണ്ടാണ് പിന്നീടുള്ള ദിവസങ്ങൾ ഞാൻ തള്ളിനീക്കിയത്..

വിവാഹം നിശ്ചയിച്ചിട്ടും ഒരിക്കൽ പോലും ശ്രീയേട്ടൻ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തിരുന്നില്ല. അങ്ങോട്ട് വിളിച്ചപ്പോൾ തിരക്കിലാണ് പിന്നെ വിളിക്കാം എന്നു മാത്രം പറഞ്ഞ് വെയ്ക്കും.. പക്ഷേ വിളിയുണ്ടായില്ല. നിശ്ചയത്തിന്റെ തിരക്കിലാകും എന്നാണ് ഞാനും കരുതിയത്.

നിശ്ചയത്തിന് നാലുദിവസം മുന്നേ കീർത്തിയും വന്നിരുന്നു. അവളാകെ മാറി പോയി പണ്ടത്തെ പോലെ സംസാരമില്ല. എപ്പോഴും ഫോണിൽ തന്നെ. ഫോണിലേക്ക് ആരെങ്കിലും വിളിച്ചാൽ അടക്കിപ്പിടിച്ച സംസാരം മാത്രം. അമ്മയ്ക്കും ഒരു മിണ്ടാട്ടമില്ല.. എന്നെ പിരിയുന്ന വിഷമമാകാം. വീട്ടിൽ പന്തലിടാനും മറ്റും അമ്മാവൻ തന്നെ നേതൃത്വം വഹിക്കുന്നുണ്ടായിരുന്നു..

ഞാനും ഏറെ സന്തോഷിച്ചു നല്ലൊരു വീട്ടിലേക്കാണല്ലോ ഞാൻ കയറി ചെല്ലുന്നത്.

എനിക്ക് ജോലി തിരക്ക് ഉളളത് കൊണ്ട് കീർത്തിയും അമ്മയും കൂടിയാണ് മോതിരമെടുക്കാൻ പോയത്.

“ശ്രീദേവ് ” എന്നെഴുതിയ മോതിരം കണ്ടപ്പോൾ തന്നെ ഒരു സുഖമുണ്ടായി. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം വികാരം.

നിശ്ചയത്തിന് പച്ച നിറത്തിലുള്ള സെറ്റുമുണ്ടാണ് ഞാൻ ഉടുത്തിരുന്നത്. ശ്രീയേട്ടനും ഇതാണ് ഇഷ്ടം. ആർഭാടത്തോട് ഒട്ടും താത്പര്യമില്ല.എത്ര ഒരുങ്ങിയിട്ടും ഒരു സംതൃപ്തി വരാത്തതുപോലെ . ശ്രീയേട്ടനു മുമ്പിൽ ഞാൻ ഒന്നുമല്ലാത്തതു പോലെ … പഴയ പ്രസരിപ്പും ഉത്സാഹവും കുറഞ്ഞതുപോലെ തോന്നുന്നു..അല്ലെങ്കിലും ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികളുടെ സൗന്ദര്യത്തിൽ കുറവു വരുമെന്ന് പറയുന്നത് എത്ര ശരിയാണ്.

കീർത്തി ഒരുങ്ങി വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. ആകാശനീല ദാവണിയിൽ ഒരു അപ്സരസിനെ പോലെ. സത്യത്തിൽ അവളുടെയാണോ നിശ്ചയം എന്നു പോലും തോന്നി പോയി..

പെൺകുട്ടിയെ വിളിച്ചോളൂ എന്ന് അമ്മാവൻ പറയുന്നതു കേട്ടു. കീർത്തിയുടെ കൂടെയാണ് ഞാനും ഇറങ്ങിയത്. ശ്രീയേട്ടൻ മണ്ഡപത്തിൽ ഇരിക്കുന്നു ണ്ടായിരുന്നു. ആകാശനീല ഷർട്ടും അതിനു മാച്ചുള്ള നീലകര മുണ്ടുമായിരുന്നു വേഷം ഒന്നുകൂടെ പ്രായം കുറഞ്ഞ പോലെ എന്നെ കണ്ടപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായി.

മണ്ഡപത്തിലേക്ക് കയറിയതും “നീ എങ്ങോട്ടാ ഈ ഓടി കയറുന്നത് അങ്ങോട്ടെങ്ങാനും നീങ്ങി നിൽക്ക് ” എന്നുള്ള അമ്മായിയുടെ ആക്രോശമാണ് കേട്ടത്.

“അമ്മായി ഞാൻ ….” പറയാൻ വാക്കുകൾ കിട്ടിയില്ല. എന്റെ കണ്ണു നിറഞ്ഞു. എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ട്. ശ്രീയേട്ടൻ മാത്രം മുഖം കുനിച്ചിരിക്കുന്നു.

“അമ്മായിടെ സുന്ദരി കുട്ടി ഇങ്ങ് വാ എന്നും പറഞ്ഞ് കീർത്തിയെ ചേർത്തുപിടിച്ച് ശ്രീയേട്ടനരുകിൽ ഇരുത്തി. എന്റെ കാഴ്ചയെ മറയ്ക്കും വിധം കണ്ണുനീർ നിറഞ്ഞു നിന്നു. നിറഞ്ഞ കണ്ണുതുടച്ചു. ശ്രീയേട്ടനും കീർത്തിയും പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്.

എന്താണിവിടെ നടക്കുന്നതെന്നു പോലും മനസ്സിലായില്ല. എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം. മുന്നോട്ട് വെച്ച കാൽ പിന്നോട്ടെടുത്തു. പതിയെ അവിടെ നിന്നും ഇറങ്ങി.

“ചേച്ചീ മോളെ ഒന്നു പിടിക്കോ “എന്നു മായ ചോദിച്ചപ്പോൾ കുഞ്ഞിനെയും എടുത്ത് അവിടെ നിന്നും വീടിൻറെ പിൻവശത്തേക്ക് പോകും മുമ്പ് ഒന്നുകൂടി തിരിഞ്ഞു നോക്കി. ശ്രീയേട്ടൻ കീർത്തിയുടെ വിരലിൽ മോതിരമണിയിക്കുന്നു …കൂടെ നിന്ന് എല്ലാവരും കൂടി ചതിക്കുകയായിരുന്നു. എന്നാലും ശ്രീയേട്ടനും കീർത്തിയും ? എന്നെ ഒരു പൊട്ടിയാക്കി ഇത്രയും നാൾ നെയ്തു കൂട്ടിയ ചില്ലു കൊട്ടാരം തകർന്നു വീണിരിക്കുന്നു.

ഭർത്താവായി കണ്ടയാൾ ഇനി മുതൽ അനിയത്തിയുടെ ഭർത്താവായി കാണേണ്ടിവരുന്ന അവസ്ഥ ചിന്തിക്കാൻ കൂടി പറ്റുന്നില്ല.

തിരിഞ്ഞു നടന്നു. കിങ്ങിണി മോൾ തന്റെ നെറ്റിയിലെ പൊട്ടെടുക്കാൻ നോക്കുന്നുണ്ടായിരുന്നു. നെറ്റിയിലെ പൊട്ടുമാറ്റി തലയിലെ പൂവ് ഊരി വാഴച്ചോട്ടിലേക്കിട്ടു.. ഇന്നു മുതൽ ഞാൻ വിധവയാണ്. ഭർത്താവ് മരിച്ച വിധവ. ഒന്നുറക്കെ കരയാൻ പോലും സാധിക്കുന്നില്ല. കിങ്ങിണിയെ മാറോടണച്ച് ഏന്തിയേന്തി കരഞ്ഞു….

ആരാണ് തന്നെ ചതിച്ചത് എന്തിനു വേണ്ടി അതൊരു ചോദ്യചിഹ്നമായി മുമ്പിലുണ്ട്.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *