എന്തായാലും ഇതിനൊരു പരിഹാരം കണ്ടേ പറ്റു, അരുണേട്ടൻ വന്നിട്ട് വേണം, ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ പോകാൻ പുള്ളിക്കാരനോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്…..

Story written by Saji Thaiparambu

“ചാരൂ.. നീയൊന്ന് വേഗമിറങ്ങ്, അളിയൻ്റെ ഫ്ളൈറ്റ് ഇപ്പോൾ ലാൻറ് ചെയ്ത് കാണും, ചെക്കിങ്ങ് കഴിഞ്ഞ് അളിയൻ പുറത്തിറങ്ങിയാലും നമ്മളവിടെ എത്തുമെന്ന് തോന്നുന്നില്ല “

എൻ്റെ ആങ്ങള രതീഷ് , വെളിയിൽ നിന്ന് ധൃതി വയ്ക്കുന്നുണ്ടെങ്കിലും എനിക്ക് പെട്ടെന്ന് ഇറങ്ങി ചെല്ലാൻ കഴിയില്ലായിരുന്നു

ഞാനപ്പോൾ ബെഡ് റൂമിലെ ഫർണിച്ചറുകളും മറ്റും ഒരിക്കൽ കൂടി നേരെ ചൊവ്വെ വയ്ക്കുകയായിരുന്നു.

തിരിച്ച് അടുക്കളയിൽ നിന്ന് വെളിയിലേക്കിറങ്ങുന്ന ഡോറ്, ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി

മറ്റ് മുറികളെല്ലാം ഒരിക്കൽ കൂടി ഓടിച്ച് നോക്കി എല്ലാം അടുക്കും ചിട്ടയുമായിട്ട് തന്നെയാണ് ഇരിക്കുന്നതെന്ന് ഉറപ്പിച്ചിട്ട് ഞാൻ മുൻവാതിൽ പൂട്ടിയിറങ്ങി

ആങ്ങളയോടൊപ്പം കാറിൽ കയറി എയർ പോർട്ടിലേക്ക് പോകുമ്പോഴും മനസ്സ് അശാന്തമായിരുന്നു.

കുറച്ച് ഗോൾഡ് ഉണ്ടായിരുന്നത് ,ഡ്രസ്സിങ്ങ് റൂമിലെ അലമാരയിൽ തുണികൾക്കിടയിലാണ് വച്ചിരിക്കുന്നത് ,ബെഡ് റൂമിലെ അലമാരയിൽ വച്ചാൽ കള്ളൻ കയറി ആദ്യം തപ്പുന്നത് അവിടെയായിരിക്കുമല്ലോ, എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്

ആഹ് കൊണ്ട് പോകുന്നെങ്കിൽ പോട്ടെ, എനിക്ക് വയ്യ ഇങ്ങനെ ടെൻഷനടിക്കാൻ

ഉത്കണ്ഠകളെ അതിൻ്റെ പാട്ടിന് വിട്ടിട്ട് മനസ്സിനെ റിലാക്സ് ചെയ്യാൻ ഞാൻ പ്രേരിപ്പിച്ചു

അപ്പോഴാണ് ഒരു സംശയം അടുക്കളയടയ്ക്കുമ്പോൾ ഞാൻ ഗ്യാസ് പൂട്ടിയിരുന്നോ ? സാധാരണ അത്താഴം കഴിഞ്ഞാലുടനെ ഗ്യാസ് സിലിണ്ടറിൻ്റെ റഗുലേറ്റർ ഓഫ് ചെയ്ത് വയ്ക്കാറുണ്ട് ,ഇന്ന് പക്ഷേ ഞാനത് ചെയ്തിട്ടില്ല

ഈശ്വരാ … രാത്രി എലിയെങ്ങാനും ഗ്യാസ്ട്യൂബ് കടിച്ച് മുറിച്ചാൽ ഉറപ്പായും തീപിടുത്തമുണ്ടാകും ഞാൻ എയർപോർട്ടിൽ നിന്ന് ഭർത്താവിനെയും കൂട്ടി തിരിച്ചെത്തുമ്പോൾ ഒരു പക്ഷേ വീടിരുന്നിടത്ത് ഒരു പിടി ചാരം മാത്രമേ കാണു

“രതീഷേട്ടാ … വണ്ടിയൊന്ന് തിരിച്ച് വിട് ഞാൻ ഗ്യാസ് പൂട്ടിയിട്ടില്ല”

“നിനക്കതൊക്കെ ഒന്നോർത്ത് ചെയ്തുടെ”

അനിഷ്ടത്തോടെ അങ്ങനെ പറഞ്ഞിട്ട് ആങ്ങള വണ്ടി തിരിച്ച് വീട്ടിലേക്ക് വിട്ടു

ഓടിച്ചെന്ന് മുൻവാതിൽ തുറന്ന് അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ റെഗുലേറ്റർ ഓഫ് ചെയ്ത് വച്ചിരിക്കുവായിരുന്നു, ഈശ്വരാ ഇതെന്തൊരു മറവിയാണ് ,മറവിയല്ല ഈയിടെയായിട്ട് ഒരുതരം സംശയമാണ് എല്ലാ കാര്യത്തിലും

അദ്ദേഹം ഗൾഫിലായത് കൊണ്ട് ഞാനും കുട്ടികളും തനിച്ചാണ് വീട്ടിലുള്ളത് ,അത് കൊണ്ട് രാത്രി ഉറങ്ങാൻ കയറിയാലും ബെഡ് റൂമിൻ്റെ കതക് നന്നായി അടച്ചിട്ടുണ്ടോ എന്ന് പല പ്രാവശ്യം വലിച്ച് നോക്കാറുണ്ട്

ചില സമയത്ത് ഒരു കാര്യം തന്നെ പല പ്രാവശ്യം നോക്കി ഉറപ്പ് വരുത്തുമ്പോൾ മനുഷ്യന് ആകെ ഭ്രാന്ത് പിടിക്കും

ഇത് ഒരു തരം മാനസിക പ്രശ്നം തന്നെയാണെന്ന് എനിക്ക് തോന്നിയിരുന്നു

എന്തായാലും ഇതിനൊരു പരിഹാരം കണ്ടേ പറ്റു, അരുണേട്ടൻ വന്നിട്ട് വേണം, ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ പോകാൻ ,പുള്ളിക്കാരനോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്

എയർപോർട്ടിൽ ചെന്നപ്പോൾ താമസിച്ചതിന് അദ്ദേഹം മുഖം കറുപ്പിച്ചെങ്കിലും, ഞാൻ കാര്യങ്ങൾ വിശദമാക്കിയപ്പോൾ തെല്ലൊന്നയഞ്ഞു.

പിറ്റേന്ന് തന്നെ നഗരത്തിലെ പ്രശസ്തയായ ഒരു മനശ്ശാസ്ത്രജ്ഞയുടെ വീട്ടിൽ പോയി.

പക്ഷേ, അവിടെ ചെല്ലുമ്പോൾ അവർ ക്ളിനിക്കിൽ നിന്നും വന്നിട്ടില്ലെന്നും, ഉടൻ വരുമെന്നും അവരുടെ സെർവ്വൻറ് വാതിൽ പാതി തുറന്ന് പിടിച്ച് കൊണ്ട്, ഞങ്ങളോട് പറഞ്ഞു.

വേറെ പേഷ്യൻ്റൊന്നുമില്ലാതിരുന്നത് കൊണ്ട് ,ഒഴിഞ്ഞ് കിടന്ന രണ്ട് കസേര കളിലായി ഞങ്ങളിരുന്നു.

അല്പസമയം കഴിഞ്ഞ് , ഡോക്ടറുടെ എംബ്ളം വച്ച ഒരു മാരുതി കാറ്, ഗേറ്റ് കടന്ന് അകത്തേയ്ക്ക് വന്നപ്പോൾ ബഹുമാനപുരസ്സരം ഞങ്ങൾ എഴുന്നേറ്റ് നിന്നു.

കാറ്, പോർച്ചിലേക്ക് കയറ്റിയിട്ട് ,ഡ്രൈവർ സീറ്റിൽ നിന്നും വെളിയിലിറങ്ങിയ ഡോക്ടർ ,ഡോറ് വലിച്ചടച്ചിട്ട് ,കയ്യിലുണ്ടായിരുന്ന റിമോട്ട് കീ കൊണ്ട് സെൻ്റർലോക്ക് ചെയ്തു.

എന്നിട്ട് കാറിൻ്റെ ചുറ്റിലും നടന്ന് നാല് ഡോറുകളും വലിച്ച് നോക്കുന്നത് കണ്ടപ്പോൾ, എനിക്ക് അമ്പരപ്പ് തോന്നി.

ങ്ഹേ, ഇവരെന്തിനാ പിന്നെ സെൻറർലോക്ക് കാറ് വാങ്ങിയത്, അല്ലെങ്കിൽ തന്നെ ലോക്കായോന്നറിയാൻ, ഒരു ഡോറ് തുറന്നാൽ പോരെ?

അങ്ങനെ ചിന്തിച്ച് നില്ക്കുമ്പോൾ കാറിനടുത്ത് നിന്ന്, ഡോക്ടർ കൺസൾട്ടിങ്ങ് റൂമിന് നേരെ നടക്കുന്നത് കണ്ട്, ഞങ്ങൾ അവരുടെ പുറകെ ചെന്നു.

“അയ്യോ …ശ്ശൊ! ഒരു കാര്യം മറന്നു, ഞാൻ ക്ളിനിക്കിലെ ഫാൻ ഓഫ് ചെയ്തോന്നൊരു സംശയം ,നിങ്ങൾ കുറച്ച് കൂടി വെയ്റ്റ് ചെയ്യു, ഞാൻ പോയി നോക്കിട്ട് വേഗം വരാം”

ഞങ്ങളോടങ്ങനെ പറഞ്ഞിട്ട് കാറിൽ കയറി ഡോക്ടർ പുറത്തേയ്ക്ക് പോയപ്പോൾ, പകച്ച് പോയ ഞാൻ, അദ്ദേഹത്തെ നോക്കി ചോദ്യഭാവത്തിൽ നിന്നു.

കടുവയെ പിടിച്ച കിടുവയോ?

“ഇപ്പോൾ മനസ്സിലായില്ലേ? നിൻ്റേത് ഒരു രോഗമല്ല ,എല്ലാവർക്കുമുള്ള ഒരു ദു:ശ്ശീലമാണിതെന്ന്, ഇതിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല ,ആത്മവിശ്വാസമാണ് വേണ്ടത്, അത് നീ സ്വയമുണ്ടാക്കിയെടുക്കണം ,ബാ നമുക്കിറങ്ങാം, ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ?

ശരിയാണ് എൻ്റെ ശീലങ്ങൾ തന്നെ ഡോക്ടർക്കുമുണ്ട് ,അപ്പോൾ പിന്നെ അവരെങ്ങനെയാ എൻ്റെ അസുഖം മാറ്റുന്നത്

ഇനി മുതൽ ഞാൻ, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്ന് ദൃഡനിശ്ചയം ചെയ്ത് കൊണ്ട്, അദ്ദേഹത്തോടൊപ്പം വീട്ടിലേക്ക് യാത്രയായി.

NB :- ഇത് പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ്, നിങ്ങൾക്കാർക്കെങ്കിലും ഇങ്ങനെയുള്ള അനുഭവമുണ്ടെങ്കിൽ അഭിപ്രായം പറയണേ.

Leave a Reply

Your email address will not be published. Required fields are marked *