എന്താ അമ്മേ,,, ഈ പറയുന്നത്? ഈ വീട്ടിലെ, ചിലവും മറ്റ് കാര്യങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് അമ്മ തന്നെയല്ലേ? അമ്മ ഉള്ളിടത്തോളം കാലം, ആ അവകാശം അമ്മയ്ക്ക് തന്നെയാണ്……

Story written by Saji Thaiparambu

ഇതാ അമ്മേ എൻ്റെ സാലറി,

പിന്നെ ഇപ്രാവശ്യം പ്രൊഫഷണൽ ടാക്സ് പിടിച്ചിട്ടുണ്ട്, അതിൻ്റെയൊരു ആയിരത്തി ഇരുന്നൂറ് കുറവുണ്ട് കെട്ടോ,,

യദു കൃഷ്ണൻ പതിവ് പോലെ സാലറി അമ്മയെ ഏല്പിച്ചു

മോനേ,, നിൻ്റെ സാലറി എൻ്റെ കൈയ്യിലല്ലാ തരേണ്ടത്, ഇനി മുതൽ ഇതിനുള്ള അവകാശം നിൻ്റെ ഭാര്യയ്ക്കാണ്, നീയിത് കൊണ്ട് പോയി, യമുനയുടെ കൈയ്യിൽ കൊടുക്ക്,,,

എന്താ അമ്മേ,,, ഈ പറയുന്നത്? ഈ വീട്ടിലെ, ചിലവും മറ്റ് കാര്യങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് അമ്മ തന്നെയല്ലേ? അമ്മ ഉള്ളിടത്തോളം കാലം, ആ അവകാശം അമ്മയ്ക്ക് തന്നെയാണ്, പിന്നെ, യമുനയ്ക്ക് അത്യാവശ്യം ചിലവിന് വേണ്ട ക്യാഷ്, ഞാൻ കൊടുത്തിട്ടുണ്ട്,,,

അതല്ല മോനേ,, നിൻ്റെ അച്ഛൻ എന്നെ കല്യാണം കഴിക്കുന്നത് വരെ, അച്ഛമ്മയുടെ കൈയ്യിലായിരുന്നു ശമ്പളം ഏല്പിച്ചിരുന്നത് ,ഞാൻ വന്നതോട് കൂടി ,പിന്നീടുള്ള ശമ്പളം എൻ്റെ കൈയ്യിലാണ് തന്നിരുന്നത് ,?അതാണ് നാട്ട്നടപ്പ്, മോൻ അമ്മ പറഞ്ഞത് പോലെ ചെയ്യ്,,

മനസ്സില്ലാ മനസ്സോടെ യദു ,അമ്മ കൊടുത്ത ശമ്പളവും വാങ്ങി, തൻ്റെ മുറിയിലേക്ക് പോയി.

പിറ്റേ ദിവസം രാവിലെ, കറവക്കാരൻ തൻ്റെ ശമ്പളത്തിനായി തലയും ചൊറിഞ്ഞ് നിന്നപ്പോൾ ,
സതിയമ്മ ,യമുനയെ സമീപിച്ചു.

മോളേ,, ഒരു രണ്ടായിരത്തി എണ്ണൂറ് രൂപ ഇങ്ങ് താ, ആ കറവക്കാരന് കൊടുക്കാനാണ്,,,

ശരിയമ്മേ,,, ഇപ്പോൾ കൊണ്ട് തരാം,,

മരുമകൾ കൊടുത്ത പൈസ, സതിയമ്മ, കറവക്കാരന് കൊടുത്തു.

അല്പം കഴിഞ്ഞപ്പോൾ പത്രക്കാരൻ വന്നു ,അയാൾക്കും കൊടുക്കാനുള്ള പൈസ ,യമുനയുടെ കൈയ്യിൽ നിന്നും സതിയമ്മ ചോദിച്ച് വാങ്ങി.

ഉച്ചകഴിഞ്ഞ് അടുത്തുള്ള ചന്ദ്രൻ്റെ പലചരക്ക് കടയിൽ പോകാനൊരുങ്ങിയ സതിയമ്മ, വീണ്ടും യമുനയുടെ അടുത്തേയ്ക്ക് വന്നു.

മോളേ,, കഴിഞ്ഞ മാസത്തെ പലചരക്ക് സാധനത്തിൻ്റെ പറ്റ് ,ആറായിരത്തി മുന്നൂറ് കൊടുക്കാനുണ്ട്, പിന്നെ, തെക്കേലെ ദേവകിയുടെ കൈയ്യീന്ന് ,മുട്ട വാങ്ങിയ വകയിൽ, മുന്നൂറ്റമ്പതുമുണ്ട് ,അത് രണ്ടിൻ്റെയും പൈസ തന്നേക്ക്, അതും കൊടുത്തിട്ട് അമ്മ സാധനങ്ങളും വാങ്ങി വരാം,,,

അലമാരയിൽ വച്ച ശമ്പളത്തിൽ നിന്നും യമുന, അമ്മ ചോദിച്ച പൈസയെടുത്ത് കൊടുത്തു.

വൈകുന്നേരം ബാക്കി പൈസ എണ്ണി തിട്ടപ്പെടുത്തി വച്ചതിന് ശേഷമാണ് ,യമുന ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന്, യദു ഓഫീസിൽ പോകാത്തത് കൊണ്ട്, യമുന അലാറം വയ്ക്കാതെയാണ് കിടന്നുറങ്ങിയത് .

രാവിലെ അമ്മയുടെ വിളി കേട്ട് ,യമുന ചാടിയെഴുന്നേറ്റ് ചെന്ന് കതക് തുറന്നു.

എന്താ അമ്മേ,, എന്താ കാര്യം?

മോളേ,, ദേ ഗ്യാസ് കൊണ്ട് വന്നു, ആയിരത്തി ഒരുന്നൂറ് രൂപ, വേഗം ഇങ്ങെടുക്ക്,,

അത് കേട്ട് നീരസത്തോടെയാണ്, യമുന അലമാരയിൽ നിന്നും പൈസയെടുത്ത് കൊടുത്തത്,

ഈ അമ്മയ്ക്ക് ,തല്ക്കാലം കൈയ്യിൽ നിന്ന് എടുത്ത് കൊടുത്തൂടെ ? പിന്നീട് ഉറക്കമെഴുന്നേറ്റ് ചെല്ലുമ്പോൾ ഞാനെടുത്ത് കൊടുക്കുമല്ലോ? വെറുതെ മനുഷ്യൻ്റെ ഉറക്കം കളയാനായിട്ട്,,

അനിഷ്ടത്തോടെ പിറുപിറുത്തു കൊണ്ട്, യദുവിൻ്റെ അരികിലേക്കവൾ ,വീണ്ടും ചുരുണ്ട് കൂടി.

അന്ന് വീണ്ടും, അമ്മ ഓരോരോ ആവശ്യങ്ങൾ പറഞ്ഞ്, യമുനയെ സമീപിച്ച് കൊണ്ടിരുന്നു.

അന്ന് വൈകുന്നേരത്തോട് കൂടി യദുകൃഷ്ണൻ കൊടുത്ത ശമ്പളം മുഴുവനും തീർന്നിരുന്നു.

മൂന്നാം ദിവസം, യമുന അടുക്കളയിൽ നില്ക്കുമ്പോഴാണ്, സതിയമ്മ അത് പറയുന്നത്,

ങ്ഹാ മോളേ,, നാളെ യാമിനിയും കുട്ട്യോളുമൊക്കെ വരുന്നുണ്ട്, മോളൊരു അഞ്ഞൂറ് രൂപ എടുത്ത് താ ,അവർക്ക് കുറച്ച് മീനും ഇറച്ചിയും വാങ്ങണം,,,

അയ്യോ അമ്മേ,,യദുവേട്ടൻ തന്ന ശമ്പളം മുഴുവൻ, ഇന്നലെ തന്നെ തീർന്നു, എൻ്റെ കൈയ്യിൽ വേറെ പൈസയൊന്നുമിരിപ്പില്ല,,,

ങ് ഹേ, ഇത്ര പെട്ടെന്ന് തീർന്നോ? ഞാൻ ഒരു മാസം കൊണ്ട് പോകുന്ന ശമ്പളം, വെറും രണ്ട് ദിവസം കൊണ്ട് തീർത്തെന്നോ? ഇങ്ങനെ പോയാൽ ഇനി അങ്ങോട്ടുള്ള കാര്യങ്ങളൊക്കെ എങ്ങനെ നടക്കും,? മോള് നോക്കീം കണ്ടും എല്ലാം ചെയ്യുമെന്ന് കരുതിയല്ലേ ?ശമ്പളമുൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്വങ്ങളും, ഞാൻ മോളെ ഏല്പിച്ചത് ?ഇനിയിപ്പോൾ യദുവിനോട് ഞാനെന്ത് പറയും?

അയ്യോ അമ്മേ,,, അതിന് ഞാനതിൽ നിന്നും ഒരു രൂപ പോലും എടുത്തിട്ടില്ല, മുഴുവൻ പൈസയും അമ്മ തന്നെയാണ് വന്ന് വാങ്ങിക്കൊണ്ട് പോയത്,,

ഇതാ മോളേ,, ഞാൻ പറഞ്ഞത് ,മോൾക്ക് കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് ,ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്ന് കേട്ടിട്ടില്ലേ ?ഇനി അടുത്ത മാസം അവൻ ശമ്പളം
തരുമ്പോഴെങ്കിലും കുറച്ച് ഉത്തരവാദിത്വം കാണിക്കണേ മോളേ,,,

അത് കേട്ട് യമുനയ്ക്ക് സങ്കടം വന്നു.

ഇല്ലമ്മേ ,, പഴയത് പോലെ അമ്മയുടെ കൈയ്യിൽ തന്നെ ശമ്പളമേല്പിച്ചാൽ മതിയെന്ന്, ഞാൻ ഏട്ടനോട് പറഞ്ഞോളാം, വീട്ടു ചിലവുകളും മറ്റും നോക്കാൻ ബെറ്റർ അമ്മ തന്നെയാണ്,,

അത് കേട്ട് അഭിമാനത്തോടെ തല ഉയർത്തി പിടിച്ച് സതിയമ്മ പുറത്തേയ്ക്കിറങ്ങി.

************************

എന്താ യമുനേ നീ പറയുന്നത് ? ഇനി മുതൽ ശമ്പളം ഭാര്യയെ ഏല്പിച്ചാൽ മതിയെന്ന്, ഏതെങ്കിലും അമ്മമാര് പറയുമോ? എൻ്റെ അമ്മയ്ക്ക്, അമ്മായിഅമ്മ പോരില്ലാത്തത് കൊണ്ടല്ലേ, അമ്മയുടെ എല്ലാ അവകാശങ്ങളും നിനക്ക് തരാനുള്ള മനസ്സ് കാണിച്ചത്?

എന്തവകാശം? നിങ്ങടെ ശമ്പളം തത്കാലം സൂക്ഷിക്കാനുള്ള ഒരു ബ്രീഫ് കെയ്സ് മാത്രമായിരുന്നു ഞാൻ ,അത് മുഴുവൻ കൈകാര്യം ചെയ്തത്, പഴയത് പോലെ അമ്മ തന്നെയായിരുന്നു ,നിങ്ങടെ അമ്മ ആരാ മോള് ?,ചില അമ്മായി അമ്മമാര് പോരെടുക്കുന്നത് നേർക്ക് നേരാണെങ്കിൽ, മറ്റ് ചിലർ നിങ്ങടെ അമ്മയെപ്പോലെ പുറമെ ഇങ്ങനെ സ്നേഹം നടിച്ച് കൊണ്ടായിരിക്കും, മറ്റുള്ളവരുടെ മുന്നിൽ തൻ്റെ അവകാശങ്ങളൊക്കെ, മരുമകൾക്ക് വിട്ട് കൊടുത്തെന്ന രീതിയിൽ പെരുമാറു മെങ്കിലും ,പിന്നിൽ നിന്ന് ചരട് വലിക്കുന്നത്, അവര് തന്നെ ആയിരിക്കും, ഒടുവിൽ സഹികെട്ട് മരുമകള് തന്നെ, ആ അവകാശം അവർക്ക് തിരിച്ച് കൊടുക്കും

ചില അമ്മമാര് അങ്ങനെയാണ് യമുനേ ,, മക്കളുടെ കാര്യത്തിൽ അവർ വല്ലാതെ സ്വാർത്ഥരാവും ,,,

Related Posts

Leave a Reply

Your email address will not be published. Required fields are marked *