എന്താ അമ്മേ ഏട്ടത്തി വന്ന കാര്യം എന്നെ അറിയിക്കാത്തത് കഴിഞ്ഞ ആഴ്ച വിളിച്ചപ്പോഴും പറഞ്ഞില്ല,,, ഓ നിന്നെ അറിയിക്കാൻ മാത്രം കാര്യം ഉണ്ടെന്ന്……

ബന്ധുവാര്

എഴുത്ത്:-ജിജി ജോഷി

മറന്നു കളയണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും മിത്രയുടെ മനസ്സിൽ തിങ്ങി നിറഞ്ഞ് ആ ചോദ്യം ഉയർന്നു കൊണ്ടേയിരുന്നു…… അവരെന്തിനാണങ്ങനെ എന്നെ തഴഞ്ഞു കളഞ്ഞത് ഞാനവരുടെ രക്തമല്ലാത്തതുകൊണ്ടോ???? പക്ഷേ കഴിഞ്ഞതെല്ലാം ഇത്ര വേഗം മറക്കാൻ കഴിയുന്നതെങ്ങനെ….. അത്ര നന്ദി കെട്ടവരാണോ ഈ മനുഷ്യർ

”നീ ആരാ എൻ്റെ കുടുംബത്തിൽ കയറി ഭരിക്കാൻ ” കൂട്ടുകാരും അയൽക്കാരും സ്വന്തക്കാരാണെന്നു ഭാവിക്കുന്നവരുമൊന്നും കുടുംബ കാര്യങ്ങളിൽ ഇടപെടണ്ട,,,,,,,,

മിത്രാ….. മിത്രേ….. ടി മിത്രേ…. സൂരജ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്…. സൂരജെന്നെ പെണ്ണു ചോദിക്കാൻ വന്നതാണ് നല്ല ദിവസം തന്നെ,,, കരഞ്ഞു കലങ്ങിയ കണ്ണുകളും പിച്ചിക്കീറിയ ഹൃദയവും പേറി ഇരിക്കുന്ന എന്നെ കണ്ടിട്ടാവണം സൂരജ് തുറിച്ചു നോക്കുന്നത്….,

എന്താ സൂരജ് ഇങ്ങനെ നോക്കുന്നത് ഒന്നും മനസ്സിലായില്ല അല്ലേ? ഇനി താൻ എല്ലാം അറിയണം എന്നിട്ട് തനിക്ക് പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം ഇയാളെന്നെ ജീവിതത്തിലേയ്ക്ക് കൂട്ടിയാൽ മതി….

എൻ്റെ അച്ഛനും അമ്മയും ഇപ്പോ അവിടെ കണ്ടില്ലേ,? അവരെൻ്റെ അച്ഛനും അമ്മയും അല്ല…. സത്യത്തിൽ അവരെൻ്റെ അയൽവക്കക്കാർ മാത്രമാണ്… ഞാൻ വീണ്ടും ആ യാഥാർത്ഥ്യം തിരിച്ചറിയുകയാണ് സൂരജ്. വീട്ടിൽ ഓരോ ആഘോഷങ്ങൾ നടക്കുമ്പോഴും അതിങ്ങനെ അടിവരയിട്ട് ഉറപ്പിക്കുകയാണ്. അവിടെ കണ്ട ആരും എൻ്റെ ആരുമല്ല ഞാൻ അവർക്കും ആരുമല്ല. എൻ്റെ അച്ഛൻ മാധവൻ നായർ അമ്മ ഭാനുമതി, അമ്മയുടെ വയറ്റിൽ ഞാൻ ആയിരുന്നപ്പോൾ തന്നെ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു. പിന്നീട് അമ്മ തനിച്ചായിരുന്നു സാമ്പത്തികമായി കുറച്ച് ഭദ്രത ഉണ്ടായിരുന്നതുകൊണ്ട് അച്ഛൻ്റെ കുറവറിയിക്കാതെ തന്നെ അമ്മ എന്നെ വളർത്തി ..

ഞങ്ങളുടെ വീടിനടുത്ത് താമസിച്ചിരുന്ന ദാമോരൻ ചേട്ടൻ വലിയ മദ്യപാനിയായിരുന്നു അദ്ധേഹത്തിൻ്റെ ഭാര്യയും രണ്ട് ആൺമക്കളും വളരെ പാവങ്ങളായിരുന്നു. മദ്യപിച്ച് വന്ന് ഉപദ്രവിക്കലും മുഴു പട്ടിണിയും അവരെ വല്ലാതെ തളർത്തി ഒരിക്കൽ ദാമോദരനെ ഭയന്ന് കുഞ്ഞുങ്ങളെ വാരിയെടുത്ത് കാർത്യായനി ചേച്ചി ഞങ്ങളുടെ വീട്ടിൽ ഓടിക്കയറിയത് നട്ടപ്പാതിരായ്ക്കു,,, അവരുടെ ദു:ഖത്തിൽ അമ്മയുടെ മനസ്സ് വല്ലാതെ വിഷമിച്ചു,,, അവരുടെ ബുദ്ധിമുട്ടുകളും അമ്മയുടെ ഒറ്റപ്പെടലും മാറാൻ ദൈവം കൊണ്ടു വന്നതാണ വരെ എന്ന് അമ്മ വിശ്വസിച്ചു …

അങ്ങനെ അവരും ഞങ്ങൾക്കൊപ്പം താമസമായി,,, എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി അമ്മക്ക് ഒരനിയത്തിയും അവരുടെ മക്കളും,,, കാർത്യായനി ചേച്ചി ഞങ്ങളുടെ വീട്ടുപണിയും പുറം പണിയും ഓടിനടന്ന് ചെയ്യും ദാമോദരൻ ചേട്ടന് വേണ്ട ആഹാരവും വസ്ത്രവും മറ്റും  അവരുടെ വീട്ടിൽ കൊണ്ടു വക്കും .,, പലപ്പോഴും ദാമോദരൻ ചേട്ടൻ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കും അവരെ ഇറക്കിക്കൊണ്ടു പോകാൻ നോക്കും പക്ഷേ ആ അമ്മയ്ക്കു മക്കളെ സംരക്ഷിക്കാനുള്ളതുകൊണ്ടാണോ ഞങ്ങളെ തനിച്ചാക്കാതിരിക്കാനാണോ അവര് ഞങ്ങളെ വിട്ടു പോയില്ല,,,,

പതിയെ അവരെ ഞാൻ അമ്മ എന്ന് വിളിച്ചു തുടങ്ങി ചേട്ടൻമാർ എൻ്റെ അമ്മയേയും അങ്ങനെയാണ് വിളിക്കുന്നത് എൻ്റെ അമ്മക്കും അതായിരുന്നു ഇഷ്ടം,, അങ്ങനെ കാലം കടന്നു പോയി ,,, ബിഗ് ബ്രദർ ജയരാജൻ അധികം സംസാരിക്കുന്ന ആളല്ല കുറച്ച് കോംപ്ലക്സിൻ്റെ ആളാണ് ട്ടോ,, ഞങ്ങൾ തമ്മിൽ സംസാരമൊന്നും ഇല്ല എന്ന് വേണം പറയാൻ,, പിന്നെ കുഞ്ഞേട്ടൻ ജയദേവൻ ഞാൻ ദേവട്ടൻ എന്ന് വിളിക്കും,,, കലിപ്പനാണ് പക്ഷേ അതിലധികം സ്നേഹവും ആണ്,,, ചേട്ടൻമാരെ പഠിപ്പിക്കാനും വിദേശത്തേയ്ക്കു അയക്കാനും  പണം മുടക്കാൻ അമ്മക്ക് ഒരു മടിയും ഇല്ലായിരുന്നു…

ഞാൻ ഡിഗ്രി ചെയ്യാൻ ബാഗ്ലൂർക്കും,,, അതിനിടയിൽ അമ്മ പെട്ടന്ന് ഒരു ദിവസം പറമ്പിൽ കുഴഞ്ഞു വീണു … എന്താണെന്ന് മനസ്സിലാകും മുൻപേ അമ്മ അച്ഛൻ്റടുത്തേക്ക് പോയി,,, ദേവട്ടൻ നാട്ടിലെത്തിയിട്ടാണ് എന്നെ കൂട്ടാൻ ബാഗ്ലൂർ വന്നത്.. പതിവില്ലാതെ ഏട്ടനെന്നെ വിളിക്കാൻ വന്നപ്പോഴെ ഒരു പന്തികേട് മണത്തതാണ് പക്ഷേ അമ്മ എന്നും വീട്ടിൽ കാണും എന്ന എൻ്റെ വിശ്വാസം അതോടെ തീർന്നു…..

അമ്മ മരിച്ചതോടെ ദാമോദരേട്ടൻ വീട്ടിൽ താമസം തുടങ്ങി (ആള് പഴയ പോലെ പ്രശ്നക്കാരനല്ല മര്യാദ രാമനായി ,,,,മദ്യപാനം ഉണ്ട് പക്ഷേ ഉപദ്രവകാരിയല്ല പ്രായത്തിൻ്റെ കുറച്ച് പ്രശ്നങ്ങൾ പ്രകടമാവുന്നുണ്ടേ ),… അമ്മയുടെ കർമ്മങ്ങൾ കഴിഞ്ഞ് കോളേജിലേക്ക് പോകാൻ തോന്നിയില്ല,,, വീട്ടിലൊരുപാട് ആളുണ്ടെങ്കിലും തനിച്ചായ പോലെ ഒരു തോന്നൽ,,, പക്ഷേ ദേവേട്ടൻ അത് തിരിച്ചറിഞ്ഞു എപ്പോഴും എന്തിനും കൂടെ ഉണ്ടെന്ന് തോന്നിപ്പിച്ചു, ‘ ദേവേട്ടൻ പോകും മുൻപേ എന്നെ തിരിച്ച് ഹോസ്റ്റലിലാക്കി…

അമ്മ (കാർത്യായനി) ഇടയ്ക്ക് വിളിക്കും പറമ്പിൽ നിന്നു കിട്ടിയ ആദായ ത്തിൻ്റെയും ചിലവായതിൻ്റെയും മറ്റും കണക്കുകൾ ചേട്ടൻമാർ ഒന്നും കൊടുക്കില്ലെന്ന പരാതിയും അങ്ങനെ എന്തോ ഒക്കെ പറയും ,,,ആറു മാസം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമ്പോൾ ആകെ ഒരു മാറ്റം ,,, മറ്റെവിടെക്കോ കയറി വന്ന പോലെ ഒരു തോന്നൽ , വന്നോ എൻ്റെ കുട്ടി എന്ന് ചോദിക്കാനാളില്ലാത്ത ശൂന്യത വല്ലാതെ വീർപ്പുമുട്ടിച്ചു, പക്ഷേ മകളോടുള്ള ഒരച്ഛൻ്റെ സ്നേഹം ഉമ്മറത്തെ ചാരുകസേരയിലെ ആ വയസ്സനിൽ ഞാൻ കണ്ടു.

ഒരു പുഞ്ചിരി സമ്മാനിച്ച് മുറിയിലേയ്‌ക് കയറാനൊരുങ്ങിയപ്പോൾ മുറി പൂട്ടിയിരിക്കുക യാണെന്ന് മനസ്സിലായി,,, ക്ഷീണം കാരണം അതത്ര കാര്യമാക്കാതെ അമ്മയുടെ മുറിയിൽ കയറി കിടന്നു.  പിന്നെ സന്ധ്യക്കാണ് ഉണർന്നത്,,  വെള്ളം കുടിക്കാൻ അടുക്കളയിൽ ചെന്നപ്പോഴാണ് പരിചയ മില്ലാത്ത ഒരു മുഖം കണ്ടത്,, ആരാ അമ്മേ ഇത് ,, ആ നീ എണീറ്റോ ഇത് ജയരാജൻ്റെ പെണ്ണാ.. ഇവര് തമ്മിൽ സ്നേഹത്തിലായിരുന്നു .. അവൻ വിളിച്ചോണ്ടു വന്നിട്ടിപ്പോ നാല് മാസമായി,, ആ അനുവിന് ആളെ മനസ്സിലായില്ലേ ഞാൻ പറഞ്ഞിട്ടില്ലേ മിത്ര ! ഞങ്ങൾക്ക് മോളെ പോലെയാണ്,,, മനസ്സിലായി അനു ഒരു ചിരി പാസാക്കി അകത്തേക്ക് പോയി,,,,

എന്താ അമ്മേ ഏട്ടത്തി വന്ന കാര്യം എന്നെ അറിയിക്കാത്തത് കഴിഞ്ഞ ആഴ്ച വിളിച്ചപ്പോഴും പറഞ്ഞില്ല,,, ഓ നിന്നെ അറിയിക്കാൻ മാത്രം കാര്യം ഉണ്ടെന്ന് തോന്നിയില്ല .. എവിടെയോ എന്തോ ഒരു നീറ്റൽ അന്ന് തുടങ്ങിയതാണ്.. ആ എൻ്റെ മുറി പൂട്ടിയിരിക്കുകയാണല്ലോ അമ്മേ ചാവി വക്കുന്നിടത്ത് കണ്ടില്ല സാധാരണ ഞാനത് പൂട്ടാറില്ലല്ലോ ,,, അവിടെ നീ ഇനി പോകണ്ട ഇവിടുള്ളതിൽ വലിയ മുറി അതല്ലേ രാജനും പെണ്ണും ആ മുറിയിലാ കിടപ്പ്  രണ്ടാൾക്കുള്ള സൗകര്യം വേണ്ടെ നീ നിൻ്റെ അമ്മയുടെ മുറി തന്നെ ഉപയോഗിക്ക് അമ്മയും അതാവും ആഗ്രഹിക്കുന്നത്..

അന്നാദ്യമായി ഞാനെൻ്റെ വീട്ടിൽ അവകാശങ്ങളില്ലാത്തവളായി മാറുന്നത് പോലെ തോന്നി ,, പിന്നെ പിന്നെ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു… എല്ലാ ചിലവുകൾക്കും എൻ്റെ  നിക്ഷേപത്തിൽ നിന്ന് മാത്രം എടുത്തു  ഞാൻ പതിയെ ദരിദ്രയാവുന്നത് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഞാൻ ഒരു ജോലി കണ്ടത്തി,,, പോയി വരാൻ സൗകര്യത്തിന്  ഒരു സ്കൂട്ടറും വാങ്ങി..

ഭാര്യാ സ്നേഹം കാരണം രാജേട്ടൻ നാട്ടിൽ തന്നെ തുടർന്നപ്പോൾ അവരുടെ ചിലവും എൻ്റെ തലയിലായി,, പക്ഷേ ദേവേട്ടൻ അയക്കുന്ന പണമെല്ലാം അമ്മ എന്തു ചെയ്തന്നറിയില്ല. പിന്നീടെപ്പഴൊക്കെയോ അമ്മയുടെ ദേഹത്ത് നിറയുന്ന സ്വർണ്ണാഭരണങ്ങളിൽ ദേവേട്ടൻ്റെ അദ്ധ്വാനം ഞാൻ കണ്ടെത്തി… അങ്ങനെ ദേവേട്ടനും നാട്ടിലെത്തി വിവാഹം കഴിച്ച് നാട്ടിൽ കൂടാമെന്നായിരുന്നു ദേവേട്ടൻ്റെ ആഗ്രഹം… കാലമിത്രയായിട്ടും ദേവേട്ടൻ്റെ സ്വഭാവത്തിന് മാത്രം മാറ്റം ഒന്നും കണ്ടില്ല ….

ദേവേട്ടൻ്റെ വധു സുമിത്ര ടീച്ചർ ആണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി,,, ഹോസ്റ്റലിൽ ചെന്ന നാളുകളിൽ സാന്ത്വനമായെത്തിയ മാലാഖ .. ദേവേട്ടനോടുള്ള സ്നേഹവും ബഹുമാനവും കൂടുകയായിരുന്നു…. വിവാഹത്തിൻ്റെ എല്ലാ കാര്യത്തിനും ഏട്ടൻ എന്നേം കൂടെ കൂട്ടി പുതിയ വസ്ത്രങ്ങൾ വാങ്ങാനും വീടലങ്കരിക്കാനും അങ്ങനെയങ്ങനെ ഞാൻ മുന്നിൽത്തന്നെ,,, ഇടയ്ക്ക് പിന്നാമ്പുറത്തു നിന്നും അനുവേടത്തി ചോദിക്കും ഈ പെണ്ണിന് എന്താ ഇവിടെ ഇത്ര അധികാരം എത്രയായാലും ഈ കുടുംബത്തിലെ അല്ലല്ലോ എന്ന്,,,

(അനുവേട്ടത്തിക്കറിയില്ലല്ലോ ആ വീടിൻ്റെ അവകാശി ഞാനാണെന്ന് ,,, അവരാണ് അഗതികളെന്ന്… കാർത്യായനിയമ്മ  പറഞ്ഞ കഥ എന്താണെന്ന് നമുക്ക് ഊഹിക്കാമല്ലോ) പക്ഷേ ഞാനതിനെ കാര്യമാക്കിയതേയില്ല…. കാരണം അമ്മയും അനുവേടത്തിയും ഒറ്റക്കെട്ടായിരുന്നു അവരുടെ പ്രവർത്തികളും ഏതാണ്ടൊരു പോലെ ആയിരുന്നു.പണ്ടും അമ്മയ്ക്ക് സ്നേഹം രാജേട്ടനോട് തന്നെ അപ്പോ പിന്നെ അനുവേടത്തിയെ സന്തോഷിപ്പിക്കാതെ വയ്യല്ലോ..

ഏട്ടത്തിയെ അടുക്കളയിൽ കയറ്റാനോ മുറ്റമടിക്കാനോ എന്തിനേറെ അവരുടെ വസ്ത്രങ്ങൾ പോലും അമ്മയാണ് നനച്ചിടുന്നത്….. ഹോസ്റ്റലിൽ നിന്നും തിരിച്ചെത്തിയതു മുതൽ പതിയെ ഞാനാ വീട്ടിൽ അടുക്കളക്കാരിയായി,, സ്വന്തം വീട്ടിൽ അടുക്കളക്കാരിയാവുന്നതിൽ എനിക്ക് സങ്കടമൊന്നും തോന്നിയില്ല കാരണം ഏകാന്തതയിൽ നിന്നൊരു മോചനം ആ വഴിക്കാവട്ടെ എന്ന് ഞാനും കരുതിക്കാണണം. അങ്ങനെ ദേവേട്ടൻ്റെ വിവാഹ ദിനo ശരിക്കും ഒരു പെങ്ങളുടെ സ്ഥാനം ഏട്ടനെനിക്ക് തന്നു ഫോട്ടോ എടുക്കുമ്പോഴും കാറിൽ കയറിയപ്പോഴും എന്നെ കൂടെ കൂട്ടാൻ ഏട്ടൻ മറന്നില്ല..

ഏട്ടനറിഞ്ഞിരിക്കണം ഏട്ടനങ്ങനെ ചെയ്തില്ലങ്കിൽ ഒരു പക്ഷേ ഞാനാ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന്….. വധുവിൻ്റെ വേഷത്തിൽ ടീച്ചർ എത്ര സുന്ദരിയാണ് കണ്ണെടുക്കാനേ തോന്നുന്നില്ല അല്ലേ ഏട്ടാ …… ദേവൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു,,,,,, രണ്ടാളും നല്ല ചേർച്ച എനിക്കൊരുപാട് സന്തോഷം തോന്നി ,,,, വിവാഹം കഴിഞ്ഞ് ഏട്ടൻ ടീച്ചറുടെ വീട്ടിൽ പോയപ്പോ എത്രയും വേഗം മൂന്ന് ദിവസം കഴിയാനാണ് ഞാൻ പ്രാർത്ഥിച്ചത്….. അവരെ വിളിക്കാൻ ടീച്ചറുടെ വീട്ടിൽ പോകാനൊരുങ്ങി ഇറങ്ങിയപ്പോൾ അമ്മ എന്നെ തടഞ്ഞു

നീ എങ്ങോട്ടാ,,,, നീയും കൂടെ വന്നാൽ ഇവടത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ഞങ്ങൾ പൊക്കോളാം നീ പൂജാമുറിയും ആരതി തട്ടും നിലവിളക്കുമെല്ലാം ഒരുക്കി വക്ക്…. പിന്നെ അടുക്കളയിൽ ഒന്നും ആയില്ല എന്ന ഓർമ്മ വേണം അവരു വരുമ്പോ കഴിക്കാൻ വല്ലതും കൊടുക്കണ്ടേ അല്ലേ പെണ്ണ് ഒരുങ്ങിക്കെട്ടി ഇറങ്ങുന്നു നീ വന്ന് കയറിക്കേ അനു നമുക്കിറങ്ങാം അനുവേട്ടത്തി എന്നെ നോക്കി പരിഹസിച്ചത് കണ്ടില്ല എന്ന് നടിച്ചു,,, തിരിഞ്ഞു നടക്കുമ്പോൾ ചാരു കസേരയിലെ ആ മുഖം സഹതാപം കൊണ്ട് കണ്ണു നനയിച്ചത് ഒരു ആശ്വാസ മായി അടുക്കളയിൽ കയറി ഒരു കപ്പ് കാപ്പി ഉണ്ടാക്കി കൊടുത്തപ്പോൾ ആ കണ്ണുകൾ വീണ്ടുംഎന്നെ നോക്കി നിറഞ്ഞത് എന്തിനാണെന്ന് മനസ്സിലായി ല്ലെങ്കിലും വിഷമിക്കണ്ടാട്ടോ എന്ന് പറയണമെന്ന് തോന്നി ……

ചേച്ചി മിത്ര ചേച്ചി …….. മാളൂട്ടി ടെ വിളിയല്ലേ അത് എന്താ മോളെ,,,, മോള് പോയില്ലേ? ഇല്ല അച്ഛന് എന്നെ കൂട്ടാൻ ഇഷ്ടമില്ലന്ന് പറഞ്ഞു ആണോ ൻ്റെ മാളൂട്ടിക്ക് വിഷമമായോ…? മമ്… കുറച്ച്സാരല്യാ ട്ടോ വണ്ടില് തീരെ സ്ഥലം ഉണ്ടായില്ല അതാ അച്ഛൻ കൊണ്ടു പോവാത്തെ മോള് വിഷമിക്കണ്ട …. നമുക്ക് പൂജാമുറി ഒരുക്കാം ….? ആ ..ചേച്ചി ….ഞാനും വരാം….

ഇത് ആരാന്നല്ലേ ഇപ്പോ ചിന്തിക്കുന്നത് ഇതാണ് മാളൂട്ടി,,,, രാജേട്ടൻ്റേയും അനുവേട്ടത്തിടേം മകളാണ്,,,,, ഏട്ടന് മാളൂനെ ഇഷ്ടമല്ല ട്ടോ സ്വന്തം കുഞ്ഞിനെ ആർക്കെങ്കിലും ഇഷ്ടമല്ലാതെ വരോ പക്ഷേ ഒരു തിരുത്തുണ്ട് മാളൂട്ടി…….; അവർ ദത്തെടുത്തതാണ് അവളെ അനുവേട്ടത്തിയ്ക്ക് അമ്മയാവാൻ കഴിയില്ലെന്നാണ് പറഞ്ഞു കേട്ടത് .. അതെന്ത് തന്നെ ആയാലും  മാളൂട്ടിക്ക് ഇതൊന്നും അറിയില്ല , ,, അവളൊന്നും അറിയാതിരിക്കട്ടെ ……

ഉച്ചയായപ്പോഴെക്കും അവരെല്ലാം എത്തി എല്ലാവരേയും സ്വീകരിച്ചിരുത്തി,, ഭക്ഷണവും, അടുക്കള വൃത്തിയാക്കലുമൊക്കെയായി ടീച്ചറെ ഒന്ന് നേരെ ചൊവ്വെ കാണാൻ കൂടി കിട്ടിയില്ല ,,, വൈകീട്ടായപ്പോഴെക്കും എല്ലാവരും പലവഴിക്ക് പിരിഞ്ഞു അടുക്കള കോലായിൽ താടിക്ക് കൈയ്യും കുത്തി മാനത്തെങ്ങോ നോക്കിയിരുന്നപ്പോളാണ് തോളിൽ ഒരു നനുത്ത സ്പർശനം തലയുയർത്തി നോക്കിയപ്പോൾ ടീച്ചറാണ് കൂടെ ഏട്ടനും ഉണ്ട്,,, എന്താ കുട്ടി തനിച്ചിരിക്കണേ …… ഏയ്,,, ഒന്നുമില്ല ടീച്ചർ ഞാൻ ചുമ്മാ ഓരോന്നോർത്ത്ടീ ടീച്ചറോ…? ഏട്ടത്തിയമ്മേ എന്ന് വിളിക്കണം ദേവേട്ടൻ കണ്ണുരുട്ടി ഞാനും ടീച്ചറും നോക്കി ചിരിച്ചു,,,

പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് കൂട്ടായി ടീച്ചർ,,,, അടുക്കളയിലും തൊടിയിലും കിണറ്റിൻ കരയിലും അലക്കു കല്ലിനടുത്തും അങ്ങനങ്ങനെ ഞങ്ങൾ ഒന്നിച്ചു നടന്നു,,, ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി,,, ടീച്ചർ തൽക്കാലം ജോലി വേണ്ടന്നു വച്ചു. പക്ഷേ അനുവേട്ടത്തിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പരിഗണനയൊന്നും ടീച്ചർക്കില്ല എന്ന് ‘പെട്ടന്ന് തന്നെ അമ്മ തെളിയിച്ചു,,, എന്തിനും ഏതിനും കുറ്റം മാത്രം,,, എൻ്റെ കൂടെയുള്ള കൂട്ടുകെട്ടാണ് തീരെ പിടിക്കാത്തത് ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതും ചിരിക്കുന്നതും അമ്മക്കും അനുവേട്ടത്തിക്കും ഇഷ്ടമല്ല,

ടീച്ചറെ വേലക്കാരിയെപ്പോലെ പറഞ്ഞ് പണിയെടുപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാനത് ദേവേട്ടനെ അറിയിച്ചു ,, ഏട്ടൻ മറ്റൊന്നും നോക്കാതെ അതിനെ ചോദ്യം ചെയ്തപ്പോൾ ഏട്ടനൊരു പെൺകോന്തനും ഞാനൊരു ഏഷണിക്കാരിയുമായി,,,, അനുവേട്ടത്തിക്ക് പാചകം അറിയാത്തതു കൊണ്ടും ടീച്ചർ നന്നായി പാചകം ചെയ്യും എന്നുള്ളതു കൊണ്ടും സ്വാഭാവികമായി അവരൊരു അടുക്കളക്കാരി യാവും എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എൻ്റെ ജോലി രാജി വച്ചു.

ദേവേട്ടൻ നാട്ടിലൊരു ജോലിയും തരപ്പെടുത്തി തരക്കേടില്ലാത്ത ദിവസ വേതനക്കാരനായി,,, രണ്ടു നേരവും സൈക്കിൾ ചവിട്ടുന്ന ഏട്ടൻ്റെ കഷ്ടപ്പാടു കണ്ടപ്പോൾ എൻ്റെ വണ്ടി ഞാൻ ഏട്ടനു കൊടുത്തു,,, പതുക്കെ കുടുംബഭാരം മുഴുവൻ ഏട്ടൻ്റെ തലയിലായി മറ്റാർക്കും ആ മനുഷ്യൻ്റെ കഷ്ടപ്പാട് മനസ്സിലായില്ല ,,, കറൻറ് ബില്ലും അരിയും പച്ചക്കറിയും മരുന്നും ഗ്യാസ് വരെ ഏട്ടൻ എടുത്താലേ പറ്റൂ എന്നായി,,, ജോലിഭാരം എനിക്കും ടീച്ചർക്കും ആയതു കൊണ്ട് ഏട്ടനെല്ലാം ചെയ്തു പോന്നു,,രണ്ടു മാസം  കഴിഞ്ഞപ്പോൾ ടീച്ചർ അമ്മയാവാൻ തയ്യാറെടുക്കുവാണെന്നറിഞ്ഞു ഒരുപാട് സന്തോഷം തോന്നി ,, പക്ഷേ കോണിപ്പടിയിൽ വീണു കിടന്ന വെളിച്ചണ്ണ ആ കുഞ്ഞിനെ രക്തമായിത്തന്നെ ഒഴുക്കിക്കളഞ്ഞു,,,

എന്നിട്ടും അവരെ ഒന്ന് കിടക്കാനോ ഇരിക്കാനോ അമ്മ സമ്മതിച്ചില്ല സ്വസ്ഥതയും സമാധാനം കൊടുത്തില്ല പഴിയും ശാപവും മാത്രം ഇതെല്ലാം കണ്ടു് മനസ്സ് മടുത്ത ഞാൻ വെളിച്ചണ്ണ വീണതെങ്ങനെയെന്ന് കണ്ടെത്തിയപ്പോൾ അമ്മയിൽ നിന്ന് ചെകിടടിച്ച് പുകച്ച്  മറുപടി കിട്ടി….. അമ്മ ഇത്ര ദുഷ്ടയാണോ…. എന്തിനാണമ്മേ ടീച്ചറോടിങ്ങനെ ചെയ്തത്…… ടീച്ചറും കുട്ടിയുമൊന്നും ഇവടെ വേണ്ട വിളിച്ചോണ്ട് പൊക്കോളണം ഇവടന്ന് അനുവിനില്ലാത്ത ഒന്നും ഇവിടെ മറ്റാർക്കും വേണ്ട

അമ്മേ…..,

എന്താടി……?

ദേവേട്ടൻ അമ്മയുടെ മകനല്ലേ ആ മകൻ്റെ കുഞ്ഞിനെയാണമ്മ…..
മിണ്ടിപ്പോകരുത് നീ … കണ്ണും കവിളും പുകഞ്ഞപ്പോഴും അമ്മ ചെയ്ത ക്രൂരത ഏട്ടനെ അറിയിക്കാതിരിക്കാനായില്ല ഏട്ടൻ്റെ കണ്ണിൽ ദേഷ്യം ചുവക്കുന്നത് കണ്ട് ഞാൻ ഭയന്ന് പോയി പിന്നീട് നടന്നത് ഓർക്കാൻ തന്നെ ഭയമാണ്… ചോദിക്കാൻ ചെന്ന ദേവേട്ടനെ അമ്മ തല്ലി,,, ഇറങ്ങിപ്പോകാൻ പറഞ്ഞു അതു പറയണ്ടത് അമ്മയല്ല ഞാനാ…. എൻ്റെ ശബ്ദം ഉയർന്നപ്പോൾ അവരു പതറുമെന്ന് കരുതിയ എനിക്കു തെറ്റി കാരണം ഈ വീടും അതിരിക്കുന്ന സ്ഥലവുമെല്ലാം അമ്മയുടെ പേരിലാണത്രെ

ഞാൻ ഞെട്ടിത്തരിച്ചു നിന്നപ്പോൾ അവരു പറയുന്നുണ്ടായിരുന്നു എൻ്റെ അമ്മ അവർക്ക് കൊടുത്ത നോക്കുകൂലിയാണ് അതെന്ന്,,,, മകളുടെ ബാങ്ക് ബാലൻസ് കിട്ടില്ല എന്ന് മനസ്സിലായതോണ്ടാണ് ചിലവിനുള്ളത് പറഞ്ഞു മേടിച്ചിരുന്നതെന്ന്,,, ഞാൻ ഇവിടുത്തെ ആരുമല്ല എന്ന് ബോധ്യപ്പെടുത്താനാണ് അടുക്കളക്കാരി യാക്കിയതെന്ന് ,,,, കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി നില തെറ്റി താഴോട്ട് ഇരുന്നു പോയി,,,, കുറെ നേരത്തെ നിശബ്ദതയെ മുറിച്ചു കൊണ്ട് ദാമോരേട്ടൻ്റെ ശബ്ദം വിറച്ചു… മോളെ മിത്രേ……വാ…….? ദേവാ … നിൻ്റെ പെണ്ണിനെ വിളിക്ക്
എടുക്കാനുള്ളതൊക്കെ എടുത്ത് എൻ്റെ കൂടെ വാ ….

നീയും അമ്മയുമൊക്കെ ഒരിക്കൽ വേണ്ടന്ന് വച്ച് പോന്ന ഒരു വീടുണ്ട് ….. കാലപ്പഴക്കമുണ്ടെങ്കിലും താമസിക്കാന തു മതിയാകും നിങ്ങളത് വേണ്ടന്ന് വച്ചപ്പോഴും ഞാനത് മാത്രം നശിപ്പിച്ചു കളഞ്ഞിട്ടില്ല…. പോകാം …നന്ദി യില്ലായ്മയുടെ ഫലം അഹങ്കാരത്തിൻ്റെ ഫലം കാലം കരുതീട്ടുണ്ട് കാർത്യായനീ ……. നീ കണക്കു പറയേണ്ടി വരുംഅവരോടൊപ്പം ഇറങ്ങുമ്പോൾ  മനസ്സ് കുത്തിക്കലങ്ങി ഇരച്ചു തുള്ളി പായുകയായിരുന്നു സ്വന്തം വീട്ടിൽ നിന്നും ആരുമല്ലാതായി ഒഴിഞ്ഞു കൊടുക്കുന്നു

ചെന്ന് കയറിയത് ഇടിഞ്ഞു വീഴാറായ ഒരു പഴയ വീട്ടിലേക്കായിരുന്നു കയ്യിൽ സമ്പാദ്യമൊന്നും കരുതാത്ത എനിക്കും ദേവേട്ടനും അതൊരു വെല്ലുവിളിയായി ,,, പലിശക്കാരൻ സേതുവിൻ്റെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി ആ വീട് പുതുക്കിപ്പണിതു,,,, ഞാനും ദേവേട്ടനും വീണ്ടും  ജോലിക്ക് പോയിത്തുടങ്ങി ദാമോദരേട്ടനും ടീച്ചറും ചില്ലറ പച്ചക്കറിത്തോട്ടവും ഗാർഡനിങ്ങുമൊക്കെയായി വീട്ടിൽ കൂടി … ടീച്ചറെ ജോലിക്കു വിടണ്ട എന്ന് തീരുമാനിച്ചത്  കാശിന് ആവശ്യമില്ലാത്തതു കൊണ്ടല്ല … അവരുടെ മനസ്സും ശരീരവും ആരോഗ്യo വീണ്ടെടുത്താലേ അവർക്കിനി ഒരു കുഞ്ഞുണ്ടാകൂ എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്….

പതിയെ കാലം കടന്നു പോയി കുറച്ച് ദാരിദ്ര്യമാണെങ്കിലും സന്തോഷവും സമാധാനവും മാത്രം അങ്ങനെയിരിക്കെ ഒരു ദിവസം അവര് (കാർത്യായനി ) കയറി വന്നു.. പഴയ അഹങ്കാരമോ ആടയാഭരണങ്ങളോ ഒന്നുമില്ല, ‘ ആകെ ക്ഷീണിച്ചിട്ടുണ്ട് പറഞ്ഞുകേട്ടതിൽ നിന്ന് ഒരു കാര്യം വ്യക്തം സഹികെട്ട് ഇറങ്ങിപ്പോന്നതാണ് വീട്ടുപണിയും പുറം പണിയും എല്ലാം ചെയ്യിക്കും എല്ലാം ആജ്ഞാപിക്കലാണ് … എന്ത് കണ്ടാലും രാജൻ ഒന്നും മിണ്ടില്ല പോലും, സ്നേഹം കൂടി നിന്ന് എല്ലാം എഴുതി വാങ്ങി പിന്നെ ആട്ടും തുപ്പും….,,,, സഹിക്കാതായപ്പോൾ ഇറങ്ങി

ഇവിടെ കയറണ്ട ഇത് ഞാൻ കഷ്ടപ്പെട്ടു കെട്ടിപ്പൊക്കിയതാ ഇവിടെ  എൻ്റെ അച്ഛനും ഞാനും എൻ്റെ ഭാര്യയും സഹോദരിയുമൊക്കെ സമാധാനമായിട്ട് ജീവിക്കാണ് എവിടെക്കാന്ന്  വച്ചാ പൊക്കോ ഇവിടെ കേറണ്ട ദേവേട്ടൻ അലറി

വേണ്ട ദേവേട്ടാ എത്രയായാലും ഏട്ടൻ്റെ അമ്മയല്ലേ …… കോലം കണ്ടില്ലേ കഷ്ടമാണെന്ന് തോന്നുന്നു……. ഇറക്കി വിടണ്ട അങ്ങനൊരു ശാപം നമുക്ക് വേണ്ട എട്ടാ…. ടീച്ചർ തൊണ്ടയിടറി പറഞ്ഞു ആ വാക്കുകൾ തള്ളിക്കളയാൻ ദേവനു കഴിയില്ലല്ലോ ……. മനസ്സില്ല എങ്കിലും സുമിത്ര പറഞ്ഞതല്ലേ ?…..അടങ്ങി ഒതുങ്ങി നിൽക്കാമെങ്കിൽ…… എങ്കിൽ മാത്രം ഇവിടെ കഴിയാം …. അതല്ല എങ്കിൽ ഇപ്പത്തന്നെ ഇറങ്ങാം ദേവൻ പറഞ്ഞു. മോനെ ……നീ നല്ലവനാടാ ……….ഞാൻ നിന്നെ ദ്രോഹിച്ചു…………. എല്ലാം ആ നന്ദികെട്ടവന് കൊടുത്തു…….. പൊറുക്കടാ മോനെ….

ഒരാഴ്ച തികഞ്ഞില്ല കാർത്യായനി പണി തുടങ്ങി,,, ഭവ്യതയും സ്നേഹവും മാറി ഭരണവും ആജ്ഞാപിക്കലും തുടങ്ങി എതിർക്കാൻ ശ്രമിക്കുന്ന എന്നോട് പകയായിരുന്നു… അവരുടെ തറവാട്ടിൽ വലിഞ്ഞു കയറിയവളാണ് ഞാനെന്ന് എൻ്റെ മുഖത്ത് നോക്കി പറഞ്ഞു,, ഒടുക്കം സഹിക്ക വയ്യാതെ ടീച്ചർ ദേവേട്ട നോട് കാര്യം പറഞ്ഞു … ഏട്ടൻ ചോദിക്കാൻ ചെന്നതും ഭാവം മാറി .. അമ്മ നല്ലതിനു വേണ്ടി പറയുന്നതാ മോനെ … ഇവർക്ക് ഞാൻ വന്നത് ഇഷ്ടമില്ലാത്തോണ്ട് വെറുതെ പറയുന്നതാണെന്ന്… ഏട്ടന് കാര്യം മനസ്സിലായി ,,,,, ഞങ്ങളോട് ക്ഷമിക്ക് വയസായതല്ലേ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു,,,,,,,,

ടീച്ചർക്കെന്തോ  വല്ലാത്ത ക്ഷീണം ഞാൻ ടീച്ചറേം കൊണ്ട് ഡോക്ടറെ കാണാൻ പോയി … വല്ലാത്തൊരു ഭയം തോന്നാൻ തുടങ്ങിയിരുന്നു എനിക്ക് ,,, ഹലോ…. കുട്ടി… എത്ര തവണയായി വിളിക്കുന്നു…. ഡോക്ടർ വിളിക്കുന്നുണ്ട് ചെല്ലൂ നഴ്സ് ഒച്ചവച്ചപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത് .വേഗം കയറി ഡോക്ടറെ കണ്ടു…എന്താ ഡോക്ടർ…… ടീച്ചർക്ക് എന്താ പറ്റീത്……പേടിക്കണ്ടടോ ടീച്ചർക്ക് നല്ല വിശ്രമം വേണം അതാണ് പ്രധാനം ഭയത്തിൻ്റെ കണിക എൻ്റെ മുഖത്ത് കണ്ടതുകൊണ്ടാവാം ഡോക്ടർ പെട്ടന്ന് പറഞ്ഞു ടോ തൻ്റെ ടീച്ചർ അമ്മയാകാൻ പോകുന്നു …..

അതും ഒന്നല്ല മൂന്നു കുട്ടികളുടെ…… സ്കാൻ റിപ്പോർട്ട് കാണിച്ച് കൊണ്ട് ഡോക്ടർ പറഞ്ഞു…. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി വേഗം ഏട്ടനെ വിളിച്ച് കാര്യം പറഞ്ഞു…. ഏട്ടൻ പണി നിർത്തി വന്നു …. വീട്ടിലെത്തി കാര്യം പറയുമ്പോൾ എല്ലാവർക്കും സന്തോഷം  അമ്മ ടീച്ചറെ കെട്ടിപ്പിടിച്ച് കയ്യിൽ ഉമ്മ വച്ചു സന്തോഷമായി മോളെ….. ആ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടന്ന് തോന്നി….. എങ്കിലും ടീച്ചറെ ഇവിടെ ആക്കി ജോലിക്കു പോകാൻ എനിക്ക് ഒരു ഭയം  ഞാൻ ഏട്ടനോടത് പ്രകടിപ്പിക്കുകയും ചെയ്തു ടീച്ചറുടെ വീട്ടിൽ അറിയിച്ചപ്പോൾ അവർക്കും സന്തോഷം അവര് ടീച്ചറെ കൂട്ടിക്കൊണ്ടു പോകാം എന്ന് തീരുമാനിച്ചു

പിറ്റേന്ന് തന്നെ ടീച്ചറുടെ അമ്മയും അച്ഛനും കൈ നിറയെ പലഹാരങ്ങളുമായി ഓടിയെത്തി ടീച്ചറെ കൊണ്ടു പോകുന്ന കാര്യം പറഞ്ഞപ്പോൾ അമ്മ അതിനെ എതിർത്തു ഇവിടെ നിക്കട്ടെ ഞാനും മിത്രയും ഇവിടുണ്ടല്ലോ മിത്ര നോക്കി ക്കോളും  പിന്നെന്തിനാ കൊണ്ടു പോകുന്നത്…… അങ്ങനല്ല ദേവൻ്റ അമ്മേ വയ്യാതിരിക്കല്ലേ ഞാൻ നോക്കിക്കോളാം സ്വന്തം അമ്മക്കൊപ്പം നിൽക്കാൻ സുമിത്രക്കും കാണില്ലേ മോഹം…. എന്നാ പിന്നെ വിഷു കഴിഞ്ഞ് കൊണ്ടക്കോ…. അതു വരെ ഇവടെ നിക്കട്ടെ ഇനിയിപ്പോ കുറച്ചു ദിവസമല്ലേ ഉള്ളൂ…… മറ്റു വഴികളില്ലാതെ എല്ലാവരും സമ്മതിച്ചു ….. ടീച്ചറുടെ അമ്മ പിന്നേം പറഞ്ഞു
എങ്കിൽ ഞങ്ങൾ വിഷുവിൻറന്ന് വരാം അപ്പോ രണ്ടിടത്തും വിഷു ആഘോഷിക്കാം

അതു മാത്രമല്ല ഞാനോ അച്ഛനോ ആരെങ്കിലും ഒരാളേ വരത്തുള്ളൂ കൊണ്ടു പോകാൻ രണ്ടാൾക്കും ഒന്നിച്ച് വരാനായില്ല എന്നതുകൊണ്ട് പറഞ്ഞയ ക്കാതിരിക്കരുത് ഇത്രയുമായിട്ടും ഏട്ടനോ അമ്മയോ ഒന്നും പറയാഞ്ഞപ്പോൾ ഞാൻ പറഞ്ഞു ആര് വന്നാലും ടീച്ചറെ പറഞ്ഞയക്കും കല്യാണം കഴിച്ച് കൊണ്ടു വന്നതാണെങ്കിലും ഇവിടുത്തെ കാര്യക്കാരി ആണെങ്കിലും അമ്മയുടെ മകളല്ലേ ടീച്ചർ എന്ന്,,,,,

നിൻ്റെ വീട്ടിലേക്കാണോ ഇവളെ കെട്ടിച്ചു വിട്ടത്……. കാർത്യായനി അമ്മയുടെ ചോദ്യം കേട്ട് ഞാൻ നടുങ്ങി….. അയൽപക്കക്കാരുo ബന്ധുക്കളാണെന്നു നടിക്കുന്നവരും എൻ്റെ കുടുംബത്തിൽ കയറി ഭരിക്കാൻ വരരുത്……… അമ്മേ ഞാൻ ഭരിക്കാൻ വന്നന്നാണോ പറയുന്നത്….. ആരാടി  നിൻ്റെ അമ്മ……
ഇങ്ങനെയുള്ള ആവശ്യങ്ങൾക്കൊക്കെ കുടുംബക്കാരും രക്തബന്ധമുള്ളവരും തന്നെ വേണം വലിഞ്ഞു കേറിയവരൊന്നും അധികാരം കാണിക്കണ്ട………. ആരും എതിർത്തൊരു വാക്കും പറഞ്ഞില്ല ടീച്ചറുടെ അമ്മ എൻ്റെ കണ്ണു നിറഞ്ഞത് കണ്ടോ?,,,, അവരെന്തോ പറയാൻ തുടങ്ങിയപ്പോൾ വേണ്ടന്ന് ആഗ്യം കാണിച്ച് ഞാൻ തിരിഞ്ഞു നടന്നു ചങ്ക് പിടക്കുന്നല്ലോ എന്താ അത്

ഏട്ടനെന്തേ മിണ്ടിയില്ല ..,, ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്ന് കരുതിക്കാണണം

ടീച്ചർ നിസ്സഹായയാണ് എനിക്കറിയാം

ചാരു കസേരയിലെ കണ്ണുകളിൽ ഞാൻ വീണ്ടും സഹതാപ തിളക്കം കണ്ടു

ഇനി പറ സൂരജ് ഞാൻ ആരാ ശരിക്കും എന്താ ഈ ബന്ധുത്വം…. രക്ത ബന്ധമാണോ ഏറ്റവും വലുത്…..എങ്കിൽ അച്ഛനും അമ്മയും പോയപ്പോൾ എൻ്റെ ബന്ധുക്കൾ എവിടെയായിരുന്നു……. എല്ലാവർക്കും ബാധ്യത ആകുമെന്ന് തോന്നിക്കാണും അല്ലേ…? അല്ലെങ്കിൽ ബന്ധുക്കളല്ലാത്ത മറ്റൊരു വീട്ടുകാർ കൂടെ താമസിക്കുമ്പോൾ അന്വേഷിക്കണ്ട കാര്യം ഇല്ല എന്ന് കരുതിക്കാണും……

അങ്ങനെയെങ്കിൽ നാളെ എൻ്റെ മാളൂട്ടിടെ അവസ്ഥ എന്താവും…… രക്തബന്ധ മല്ലാത്തതു കൊണ്ട് അവൾക്ക് അംഗീകാരം കിട്ടുമോ….. അവളെ  സാഹചര്യം ചിലപ്പോ ഒരു മിത്രയാക്കി മാറ്റാം അല്ലെങ്കിൽ മറ്റൊരു കാർത്യായനിയും ആകാം

മിത്രേ…..? നീയിതെന്തൊക്കെയാ ചിന്തിക്കുന്നേ….. ചിന്തിക്കണം സൂരജ് … നീ എൻ്റെ ബന്ധുവാണോ … രക്തബന്ധത്തിൽ ഉള്ളവനാണോ നാളെ നി എന്നെ വിവാഹം കഴിച്ചാൽ പോലും നമ്മൾ രക്ത ബന്ധുക്കളല്ലല്ലോ….. നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോഴല്ലേ ആ കുഞ്ഞുങ്ങളുമായല്ലേ രക്ത ബന്ധം ഉണ്ടാകുന്നത്……….. അപ്പോ നീ എനിക്ക് ആരുമല്ലാതാകുമോ…….. നീ പറ……. സൂരജ്

റോഡരികിൽ അപകടത്തിൽ പെടുന്നവരെ ബന്ധുക്കളാണോ ഓടി വന്ന് രക്ഷിക്കുക…. ബാക്കി കാണുന്നവരെല്ലാം നോക്കു കുത്തികളാകുമോ……..?

കൈ പിടിച്ചേൽപ്പിക്കാൻ അച്ഛനില്ലാത്തവരെല്ലാം…. ബന്ധുക്കളില്ലാത്തവരെല്ലാം….. വിവാഹം കഴിയാതെ നിന്നു പോകുവാണോ എങ്കിൽ അനാഥാലയങ്ങളിലെ കുട്ടികളൊന്നും വിവാഹ ജീവിതത്തിൽ പ്രവേശിക്കില്ലല്ലോ സൂരജ്…… രാജേട്ടനെ നോക്കു ദേവേട്ടൻ്റതടക്കം എല്ലാം കയ്യടക്കിയപ്പോൾ സഹോദര സ്നേഹം എവിടെ പോയി….,, സ്വന്തം സഹോദരൻ കിണറ്റിൽ വീണു കിടക്കുമ്പോഴും കൈ കൊടുക്കാതെ തിരിഞ്ഞു നടക്കേണ്ടവനാണോ …….. സൂരജ് ഒരു സഹോദരൻ പെറ്റമ്മയെ തല്ലുകയും പുറത്താക്കാൻ കൂട്ടുനിൽക്കുകയും ചെയ്യണ്ടവനാണോ ഒരു മകൻ ……. തൊണ്ടയിടറി വാക്കുകൾ മുറിഞ്ഞപ്പോൾ സൂരജ് അവളെ നെഞ്ചിൽ ചേർത്തു പിടിച്ചു … പതിയെ അവളുടെ മുഖമുയർത്തി സൂരജ് പറഞ്ഞു …നീ ചോദിച്ചതിനൊക്കെയും കൂടെ ഒറ്റ ഉത്തരം തരാം മിത്ര ….. നിൻ്റെ  ജീവിതം എന്താകുമെന്ന്……. എങ്ങനായിരിക്കും എന്ന് …….നേരത്തെ തന്നെ മനസ്സിലാക്കിയ അടുത്ത വീട്ടിലെ ജനാലിലൂടെ എന്നാൽ ദൂരെ നിന്നു നിന്നെ കണ്ട ഒരയൽക്കാരനാണ് ഞാൻ …. നീ എന്നെ ആദ്യം കണ്ടത് തന്നെ കോളേജിലെ സഹപാഠിയായിട്ടാവാം  പക്ഷേ നിനക്ക് തുണ വന്ന നിൻ്റെ കാമുകനാണ് ഞാൻ…..  നിൻ്റെ ദേവേട്ടൻ്റെ കൂട്ടുകാരനാണ് ഞാൻ …. നിൻ്റെ നല്ല ഭർത്താവാകാൻ ….. കുഞ്ഞുങ്ങൾക്ക് അച്ഛനാവാൻ….. എനിക്ക് കഴിയുമെന്ന് നിനക്ക് തോന്നിയാൽ ….. മകളെപ്പോലെ നിന്നെ സ്നേഹിക്കാൻ എനിക്കൊരമ്മ മാത്രമേ വീട്ടിലുള്ളൂ,,,, കാത്തിരിക്കുന്നുണ്ടാവും നിൻ്റെ മറുപടിക്കായി

ചാരുകസേരയിലെ വയസ്സൻ കൈകളുയർത്തി ഞങ്ങളെ അനുഗ്രഹിച്ചോ ……? നിറഞ്ഞ മനസ്സോടെ സൂരജിൻ്റെ നെഞ്ചിൽ നിന്നടർന്നപ്പോൾ  എനിക്ക് തോന്നിയതാണോ….?

Leave a Reply

Your email address will not be published. Required fields are marked *