story written by Nisha L
“ശ്രേയ… ഒന്ന് നിൽക്കു… ഹോ എത്ര നാളായെടോ ഞാനിങ്ങനെ തന്റെ പിറകെ നടക്കുന്നു.. താൻ ആ മുഖമുയർത്തി എന്നെ ഒന്ന് നോക്കുകയെങ്കിലും ചെയ്യൂ… “!!
രോഹൻ ശ്രേയയുടെ വഴി മുടക്കി മുന്നിൽ നിന്നു..
അവൾ തല കുനിഞ്ഞു തന്നെ നിന്നു.
“എനിക്ക് തന്നെ ഇഷ്ടമാണ്… വിവാഹം ചെയ്യാൻ ആഗ്രഹമുണ്ട്.. പ്ലീസ് താൻ വാ തുറന്ന് എന്തെങ്കിലും ഒന്ന് പറയൂ… ഇഷ്ടമല്ലെങ്കിൽ.. “അല്ല “എന്നെങ്കിലും പറയ്.. ഇതൊരു മാതിരി അവാർഡ് പടം പോലെ എന്ത് ചോദിച്ചാലും ഒന്നും മിണ്ടാതെ.. “!!
“അത്.. എനിക്ക്.. എനിക്ക് പേടിയാണ്.. “!! അവൾ വിറച്ചു വിറച്ചു പറഞ്ഞു…
“എന്നെയോ.. എന്നെ എന്തിനാ പേടിക്കുന്നെ.. കണ്ടാൽ പേടിക്കുന്ന രൂപമൊന്നുമല്ലല്ലോ എന്റേത്.. “!!
“അല്ല.. അത്.. പിന്നെ.. “!!
“പിന്നെന്താ എന്റെ സ്വഭാവം മോശമാണോ..?? ഞാൻ ആരോടെങ്കിലും മോശമായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടോ… അതോ തന്നോട് ഞാൻ മോശമായി പെരുമാറിയോ.. “?? !!
“ഇല്ല… എനിക്ക്… ആണുങ്ങളെ മൊത്തം പേടിയാ… “!!
“ങേ.. അതെന്താ.. ആണുങ്ങളെ മൊത്തം പേടിക്കാൻ.. “!!
“ഒന്നുമില്ല.. “!!
“പിന്നെ വെറുതെ ഒരു കാരണവുമില്ലാതെ ആരും ആരെയും പേടിക്കില്ലല്ലോ.. അതു പോട്ടെ തനിക്കു തന്റെ അച്ഛനെയും അനിയനെയും പേടിയാണോ.. “??
അവൾ മുഖം മുയർത്തി അവനെ നോക്കി .
“അല്ല.. അവരും ആണുങ്ങൾ അല്ലെ.. അതു കൊണ്ട് ചോദിച്ചതാ.. “!!
“അല്ല.. “!! അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.
“എങ്കിൽ ഇന്ന് മുതൽ ആ കൂട്ടത്തിൽ എന്നെയും കൂട്ടിക്കോ.. എന്നെയും പേടിക്കണ്ട.. “!!
അവൾ നിശബ്ദമായി നിന്നു.
“എന്താ തന്റെ പ്രശ്നമെന്ന് പറയു… ഒന്നുമില്ലെങ്കിലും ഞാൻ രണ്ടു വർഷമായി തന്റെ പിറകെ നടക്കുന്നില്ലേ… ആ പരിചയം വെച്ചെങ്കിലും എന്നോട് പറ.. പരിഹാരം ഉണ്ടാക്കാൻ പറ്റുന്നതാണെങ്കിൽ നമുക്ക് ആലോചിക്കാം…”!!
അവൾ ഒന്നും മിണ്ടാതെ തല കുനിഞ്ഞു തന്നെ നിന്നു.
“വരൂ നമുക്ക് അവിടെ മാറിയിരുന്നു സംസാരിക്കാം.. “!!
അവൻ അവളെ ഒഴിഞ്ഞ മരച്ചുവട്ടിലേക്ക് ക്ഷണിച്ചു. അവന്റെ പിന്നാലെ അനുസരണയുള്ള കുട്ടിയെ പോലെ അവൾ നടന്നു.
“വാ ഇരിക്കൂ…”!!
ശ്രേയയും രോഹനും ഒരേ കോളേജിൽ പഠിക്കുന്നു. ആദ്യവർഷം മുതൽ അവൻ അവളെ ശ്രദ്ധിക്കുന്നു. ആരോടും മിണ്ടാതെ, ചിരിക്കാതെ, ഒന്നിലും ശ്രദ്ധിക്കാതെ എപ്പോഴും ഒറ്റക്ക്,, തലയും താഴ്ത്തി അങ്ങനെ നടക്കും. കോളേജിലെ ഫെസ്റ്റിവൽ ദിവസങ്ങളിൽ ഒന്നും അവൾ കോളേജിൽ വരാറില്ല. എല്ലാ ബഹളങ്ങളിൽ നിന്നും മാറി എന്നും എപ്പോഴും ഒറ്റയ്ക്ക്.. അവളുടെ ഈ സ്വഭാവം കാരണം കൂട്ടുകാർ ആരുമില്ല. രോഹന് ആദ്യം അവളൊരു കൗതുക മായിരുന്നു. പിന്നീട് എപ്പോഴോ സ്നേഹമായി… പതിയെ പതിയെ പ്രണയവും. പക്ഷേ അവൾ ഒരിക്കൽ പോലും അവനെ ശ്രദ്ധിച്ചില്ല. അടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. ഇന്നിപ്പോൾ രണ്ടിലൊന്ന് അറിഞ്ഞിട്ടേ പിന്മാറു എന്നുറപ്പിച്ചാണ് അവൻ.
****************************
രണ്ടുപേരും നിശബ്ദരായി ആ മരച്ചുവട്ടിൽ ഇരുന്നു.. അവളുടെ മുഖത്ത് മാറി മറിയുന്ന ഭാവങ്ങൾ കണ്ടപ്പോൾ… പറയാനുള്ളത് മനസ്സിൽ അടുക്കുകയാണെന്ന് അവന് തോന്നി. അവനും ഒന്നും മിണ്ടാതെ ഇരുന്നു..
കുറച്ചു നേരത്തെ നിശബ്ദതയ്‌ക്ക് ശേഷം പതിഞ്ഞ സ്വരത്തിൽ മുഖ മുയർത്താതെ അവൾ പറഞ്ഞു.
” ഞാൻ.. ഞാൻ ഉപയോഗിക്കപ്പെട്ടവളാണ് രോഹൻ… “!!
രോഹൻ ഒന്നു ഞെട്ടി…
“എപ്പോൾ,, ആര്,, എങ്ങനെ…??? “!!
“എന്റെ 12 വയസ്സിനുള്ളിൽ.. രണ്ടുമൂന്നു പേർ… പല വട്ടം. മിഠായി വാങ്ങി തന്നു അടുത്ത വീട്ടിലെ ചേട്ടനും,, കൽക്കണ്ടം തന്ന് അംഗൻവാടിയിൽ കൂടെ പഠിച്ച ചെക്കന്റെ ചേട്ടനും എന്നെ ഉപദ്രവിച്ചു.. പക്ഷേ അന്ന് അത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു…തിരിച്ചറിവ് ആയപ്പോഴാണ് അതൊക്കെ തെറ്റായിരുന്നു എന്ന് മനസ്സിലായത്… അന്നുമുതൽ തെറ്റ് ചെയ്തു എന്ന ചിന്തയാണ് എനിക്ക്.. ഭയമാണ്.. !!!
“പുരുഷന്മാരെ കാണുന്നത് ഭയമാണ്. അവർ നോക്കുമ്പോൾ എന്നെ ഉപദ്രവിക്കാൻ തുടങ്ങുകയാണോ എന്ന ഭയമാണ്.. അതാ ഞാൻ ആരോടും മിണ്ടാതെ.. !!”
അവൾ പറഞ്ഞു നിർത്തി.
ചെറുപ്പത്തിലെന്നോ മനസ്സിലുണ്ടായ മുറിവാണ് അവൾക്ക് എന്ന് രോഹന് മനസ്സിലായി.. അവൻ അവളെ ദയയോടെ നോക്കി.
“താനിത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ…?? “!!
“ഇല്ല.. “!!
“ആരോടെങ്കിലും പറഞ്ഞു കൂടായിരുന്നോ അമ്മയോടോ അച്ഛനോടോ..”!!
” ആരോടും പറഞ്ഞിട്ടില്ല എനിക്ക് പേടിയായിരുന്നു.. “!!
“അപ്പോൾ എന്നോട് പറഞ്ഞത് എന്തിനാ..”?? !
“അത്.. അത് പിന്നെ.. രോഹൻ…”!!
ഒന്ന് ദീർഘശ്വാസം എടുത്തു രോഹൻ പറഞ്ഞുതുടങ്ങി..
“താൻ ഇതുവരെ ഇത് തന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടില്ല എങ്കിൽ.. മാതാ പിതാക്കൾ എന്ന നിലയിൽ അവർ ഒരു തികഞ്ഞ പരാജയം ആണെന്ന് ഞാൻ പറയും..”!!
അവൾ സങ്കടത്തോടെ അവനെ നോക്കി..
“അല്ല അവർ പാവങ്ങളാണ്…”!!
“ആയിരിക്കാം… പക്ഷേ അവർ തികഞ്ഞ പരാജയം തന്നെയാണ്..സ്വന്തം മക്കൾക്ക് എന്തും തുറന്നു പറയാനുള്ള ധൈര്യം കൊടുക്കേണ്ടത്,, അങ്ങനെ അവരെ വളർത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്…. തന്നെ ആ ഒരു ധൈര്യം തന്നു വളർത്താഞ്ഞത് അവരുടെ തെറ്റല്ലേ… അതുകൊണ്ടല്ലേ ഇത്ര വർഷം ഈ വിഷമം തനിക്കു ഒറ്റയ്ക്ക് ചുമക്കേണ്ടി വന്നത്… അവരോട് പറഞ്ഞിരുന്നു എങ്കിൽ മനസിന് ഒരല്പം ആശ്വാസം ലഭിക്കില്ലായിരുന്നോ….?? “!!
“രോഹൻ പ്ലീസ്..”!!
“തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. ഒരു സത്യം പറഞ്ഞതാ..”!!
” ഇനി ഞാൻ പറയുന്നത് താൻ കൂടുതൽ ശ്രദ്ധിച്ചു കേൾക്കണം.. തനിക്ക് അറിവില്ലാത്ത പ്രായത്തിൽ തന്റെ ശരീരം ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് തന്റെ തെറ്റല്ല.. തന്നെ ഉപയോഗിച്ചവരുടെ തെറ്റാണ്.. തെറ്റ് ചെയ്തു എന്ന ബോധം വേണ്ടത് അവർക്കാണ് അല്ലാതെ തനിക്കല്ല. നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് നിന്റെ മനസ്സിനെ ഉറച്ച് വിശ്വസിപ്പിക്കൂ.. നീ അല്ല തലതാഴ്ത്തി നടക്കേണ്ടത് നിന്നോട് തെറ്റ് ചെയ്തവരാണ് തലതാഴ്ത്തി നടക്കേണ്ടത്.. “!!
ഒന്ന് നിർത്തി അവൻ വീണ്ടും തുടർന്നു..
“ഇതുപോലെ…. നിന്നെപ്പോലെ ഉപയോഗിക്കപ്പെട്ട ഒരുപാട് കുട്ടികളുണ്ട് ആ കൂട്ടത്തിൽ ആണും പെണ്ണും ഉൾപ്പെടും .. എന്റെ അഭിപ്രായത്തിൽ അവരാരും തല താഴ്ത്തി നടക്കേണ്ട ആവശ്യമില്ല… അവരെ ഉപദ്രവിച്ചവരാണ് തലതാഴ്ത്തി നടക്കേണ്ടത്….. ശ്രേയ… താൻ ഒന്നാലോചിച്ചു നോക്കിക്കേ ഞാൻ പറഞ്ഞത് ശരിയല്ലേ… “!!
അവൾ തെളിഞ്ഞ മുഖത്തോടെ അവനെ തലയുയർത്തി നോക്കി..
ഞാൻ ഒരിക്കലും ഈ രീതിയിൽ ചിന്തിച്ചിട്ടില്ലല്ലോ എന്ന് അവൾ ഓർത്തു.. രോഹൻ പറഞ്ഞതുപോലെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്… അറിവില്ലാത്ത പ്രായത്തിൽ ആരൊക്കെയോ എന്നെ എന്തൊക്കെയോ ചെയ്തു അതിൽ ഞാൻ എങ്ങനെയാണ് തെറ്റുകാരി ആകുന്നത്…എന്തു കൊണ്ടാണ് ഇങ്ങനെ ഒരു ചിന്ത എന്നിൽ ഉണ്ടാകാതിരുന്നത്…
മനസ്സിൽ നിന്ന് എന്തോ വലിയ ഒരു ഭാരം ഒഴിഞ്ഞു പോയതുപോലെ… നെഞ്ചിൽ നിന്ന് ഒരു കല്ലെടുത്തു മാറ്റിയത് പോലെ ഒരു ആശ്വാസം. അവളുടെ മനസ്സ് തെളിഞ്ഞ പുഴപോലെ ഒഴുകി… മാലിന്യങ്ങൾ ഏതുമില്ലാതെ..
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… ഞാൻ തെറ്റുകാരി അല്ല… തിരിച്ചറിവില്ലാത്ത പ്രായത്തിൽ എന്നെ ഉപദ്രവിച്ചവരാണ് തെറ്റുകാർ…അവൾ ആവർത്തി ച്ചാവർത്തിച്ച് മനസ്സിൽ പറഞ്ഞു..
അവളുടെ തെളിഞ്ഞ മനസ്സിന്റെ പ്രതിഫലനം മുഖത്തും കാണാനായി.. വിടർന്ന മുഖത്തോടെ അവൾ അവനെ നോക്കി. അപ്പോൾ അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയവും,, അതിലുപരി ബഹുമാനവും തിളങ്ങി.. അതു മനസ്സിലാക്കിയ അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. ഇനിയെന്നും ഞാൻ കൂടെയുണ്ടാകുമെന്ന് പറയാതെ പറഞ്ഞുകൊണ്ട്…!!
Nb : അധികം വാർത്താപ്രാധാന്യം ലഭിക്കാറില്ല എങ്കിലും ആൺകുട്ടികളും ഇതുപോലുള്ള പീഡനങ്ങൾക്ക് ഇരയാകാറുണ്ട്. സ്വന്തം അറിവോ സമ്മതമോ ഇല്ലാതെ ബലമായി ഒരാൾ നമ്മുടെ സ്വകാര്യസ്വത്തായ ശരീരം ഉപയോഗിച്ചാൽ.. “ഉപയോഗിക്കപ്പെട്ടവർ” തല താഴ്ത്തി നടക്കേണ്ട ആവശ്യം എന്താണ്..??…. “ഇര” എന്ന പേര് ചാർത്തി മാറ്റി നിർത്താതെ അവരെയും ചേർത്തു പിടിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.🙏