എന്താ രാമേട്ടാ… എങ്ങനെ… എങ്ങനെ… പരിഹാരം ഉണ്ടാക്കുമെന്നാ….എന്റെ കുഞ്ഞിനെ ഞാൻ……

അമ്മ മനം

Story written by Nisha L

“രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം കഴിക്കേണ്ട പെണ്ണാ.. ഇവളിത് എവിടെ പോയി കിടക്കുന്നു.. അമ്പലത്തിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയിട്ട് മണിക്കൂർ ഒന്നായി.. “!!

രാധ വേവലാതിയോടെ പറഞ്ഞു.

“അവളിങ്ങു വരും രാധേ.. നീ ഒന്ന് അടങ്ങിയിരിക്ക്.. ചിലപ്പോൾ പൂജയ്ക്കായി നടയടച്ചു കാണും.. അതാ താമസിക്കുന്നത്.. “!! അയലത്തെ ചേച്ചി രാധയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

“എന്നാലും ചേച്ചി ബന്ധുക്കൾ ഒക്കെ ഇപ്പോൾ വന്നു തുടങ്ങും… അപ്പോൾ അവളിവിടെ കാണേണ്ടതല്ലേ… ഇല്ലെങ്കിൽ പിന്നെ അതു മതി അവർക്ക് കുറ്റം പറയാൻ.. “!!

“എന്നാൽ ഞാൻ രാമൻ ചേട്ടനെ ഒന്ന് അമ്പലം വരെ പറഞ്ഞു വിടാം.. പുള്ളി ക്കാരൻ പോയി നോക്കിയിട്ട് വരും.. “!!

“മ്മ് ശരി ചേച്ചി.. അവളിങ്ങു വരാതെ എനിക്ക് സമാധാനം കിട്ടില്ല… ദീപ മോളെ കൂടെ കൂട്ടി കൊണ്ട് പോകാൻ ഞാൻ പറഞ്ഞതാ.. അപ്പോൾ.. ഈ അമ്മയ്ക്കിത് എന്താ.. ഞാൻ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ.. അമ്പലം ഇവിടെ അടുത്തല്ലേ ഞാൻ ഓടി പോയിട്ടു വരാം… എന്നും പറഞ്ഞു പോയതാ..”!!

“ആ… ദീപ ഇപ്പോൾ എഴുന്നേറ്റതേയുള്ളു.. ഇന്നലെ പറഞ്ഞിരുന്നെങ്കിൽ ഞാൻ രാവിലെ അവളെ കൂടി പറഞ്ഞു വിടില്ലായിരുന്നോ രാധേ.. “!!

“അതിന് ഇന്ന് രാവിലെയല്ലേ അവളും പറയുന്നത് അമ്പലത്തിൽ ഒന്ന് പോയി വരട്ടെയെന്ന്… ഹാ എന്തായാലും രാമേട്ടൻ ഒന്ന് പോയി നോക്കി വരട്ടെ.. “!!

*********************

രാധയ്ക്ക് വിവാഹശേഷം പത്തു വർഷമായിട്ടും കുട്ടികൾ ഉണ്ടായില്ല.. അവർ ചികിത്സയും വഴിപാടുമായി നടന്നിരുന്ന കാലം..

ഒരു ദിവസം ദൂരെയേതോ ക്ഷേത്രത്തിൽ നേർച്ചയും കഴിച്ച് ഏറെ ഇരുട്ടിയ നേരത്ത് തിരികെ വരുമ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നതും അവർ വണ്ടി നിർത്തി ഇറങ്ങി തിരയുന്നതും…. അപ്പോൾ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച നിലയിൽ ഒരു ചോര കുഞ്ഞിനെ അവർ കാണുന്നതും. കുട്ടികൾ ഇല്ലാത്ത തങ്ങൾക്ക് ദൈവം കനിഞ്ഞു നൽകിയ കുഞ്ഞാണെന്ന് കരുതി അവർ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളർത്തി. അവൾക്ക് നൂലുകെട്ട് ചടങ്ങ് നടത്തി “സ്വാതി” എന്ന പേരും വിളിച്ചു. നാട്ടുകാർക്കും,,, വളർന്നു വന്നപ്പോൾ സ്വതിക്കും അറിയാം അവളുടെ കഥകൾ. രാധയുടെ ഭർത്താവ് മരിച്ചിട്ട് ഇപ്പോൾ ആറു വർഷമായി..അന്ന് മുതൽ വീട്ടുവേല ചെയ്തും ഇഷ്ടിക ചുമന്നും ഒക്കെ രാധ ഒരു അല്ലലും അറിയിക്കാതെ മകളെ വളർത്തി.

***********************

സ്വാതിയെ അന്വേഷിച്ചു പോയ രാമേട്ടൻ പത്തു മിനിട്ടിനുള്ളിൽ വെപ്രാളത്തോടെ തിരിച്ചെത്തി..

“രാധേ.. മോളെ അവിടെങ്ങും കാണുന്നില്ലല്ലോ… വല്ല കൂട്ടുകാരുടെയും വീട്ടിൽ പോയി കാണുമോ.. അങ്ങനെ എന്തെങ്കിലും അവൾ പറഞ്ഞിരുന്നോ.. “!!??

“അയ്യോ.. ഇല്ല.. രാമേട്ടാ… അവൾ വേറെങ്ങും പോകില്ല.. അയ്യോ എന്റെ കുഞ്ഞിന് എന്തെങ്കിലും അപകടം പറ്റിക്കാണും… ഈശ്വര ഞാനിനി എവിടെ പോയി തിരയും എന്റെ പൊന്നു മോളെ… “!!

“രാധേ മോളുടെ കൂട്ടുകാരികളുടെ ആരുടെയെങ്കിലും നമ്പർ ഉണ്ടെങ്കിൽ അവരെ ഒന്ന് വിളിച്ചു നോക്കൂ..അവിടെ എവിടെങ്കിലും ചെന്ന് കാണും… നീയിങ്ങനെ കരഞ്ഞു വിളിച്ച് നാട്ടുകാരെ കൂട്ടാതെ… “!!

രാമേട്ടൻ സ്വൽപ്പം താക്കീതോടെ പറഞ്ഞു.

രാധ സ്വാതിയുടെ കൂട്ടുകാരികളെയും അടുത്ത ബന്ധുക്കളുടെയും ഒക്കെ വീടുകളിൽ വിളിച്ച് അന്വേഷിച്ചു… പക്ഷെ എവിടെയും അവൾ എത്തിയിട്ടില്ല..

രാധ വേവലാതിയോടെ നെഞ്ചത്തടിച്ച് നിലവിളിക്കാൻ തുടങ്ങി..

” നീ ഇങ്ങനെ കരയാതെ രാധേ… നമുക്ക് പരിഹാരമുണ്ടാക്കാം…”!!

” എന്താ രാമേട്ടാ… എങ്ങനെ… എങ്ങനെ… പരിഹാരം ഉണ്ടാക്കുമെന്നാ….എന്റെ കുഞ്ഞിനെ ഞാൻ ഇനി എവിടെ പോയി തിരക്കും…ഈശ്വര.. എന്റെ കുഞ്ഞിനെ രക്ഷിക്കണേ… “!!

“പേടിക്കാതെ രാധേ.. നമുക്ക് എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാം.. രണ്ടു ദിവസത്തിനു ശേഷം വിവാഹം നടക്കാനുള്ള കുട്ടി ആണെന്ന് പറഞ്ഞ് നമുക്കൊരു പരാതി കൊടുക്കാം.. അവർ എത്രയും പെട്ടെന്ന് കണ്ടുപിടിച്ചു കൊണ്ടുവരും നമ്മുടെ കുട്ടിയെ.. നീ വിഷമിക്കാതെ..”!!

“ഇപ്പോൾ തന്നെ പോകാം രാമേട്ടാ… പോകാം… നമുക്ക് പെട്ടെന്ന് പോകാം.. “!!

രാധ രാമേട്ടനെ കൂട്ടി ഒട്ടും വൈകാതെ തന്നെ സ്റ്റേഷനിലെത്തി പരാതി നൽകി..

“രാവിലെ അമ്പലത്തിലേക്ക് പോയ കുട്ടിയാണ് സാർ… ഇതുവരെ തിരികെ എത്തിയില്ല… രണ്ടുദിവസത്തിനുശേഷം കുട്ടിയുടെ കല്യാണമാണ്… എങ്ങനെ യെങ്കിലും ഒന്ന് കണ്ടെത്തി തരണം സർ… “!!! കൂപ്പു കൈയോടെ രാധ പറഞ്ഞു.

“കുട്ടിയുടെ ഫ്രണ്ട്സിന്റെ വീട്ടിലോ ബന്ധുവീടുകളിലോ ഒക്കെ അന്വേഷിച്ചോ.. “!!

“അന്വേഷിച്ചു…. ഇല്ല സാറേ… എവിടെയും എത്തിയിട്ടില്ല….പോകാൻ സാധ്യതയുള്ള എല്ലായിടത്തും ഞങ്ങൾ തിരക്കി.. “!!

“കുട്ടിക്ക് വല്ല പ്രണയബന്ധം ഉണ്ടായിരുന്നോ.. “??

” അയ്യോ ഇല്ല സാർ… എന്റെ മോൾ ഒരു പാവമാ .. അവൾക്ക് അങ്ങനെയൊന്നും ആരോടുമില്ല…. ഒരു ചെറുക്കൻമാരുടെ മുഖത്തുപോലും നോക്കില്ല… “!!

“ശരി ഞങ്ങൾ അന്വേഷിക്കാം.. നിങ്ങൾ ഇപ്പോൾ പൊയ്ക്കോളൂ.. “!!

ശേഷം അന്ന് വൈകിട്ടോടെ പോലീസ് സ്റ്റേഷനിൽ നിന്ന് രാധയ്ക്ക് ഫോൺ വിളിയെത്തി…

സ്റ്റേഷനിലെത്തിയ രാധ തലകുനിച്ചു സ്റ്റേഷനിൽ ഒരു മൂലയിൽനിൽക്കുന്ന തന്റെ മകളെ കണ്ട് ഓടി അവളുടെ അടുത്തെത്തി.

“അയ്യോ എന്റെ മോളെ നീ എവിടെയായിരുന്നു… എന്താ എന്റെ മോൾക്ക് പറ്റിയത്.. നിന്നെ ആരെങ്കിലും അപകടത്തിൽ പെടുത്തിയതാണോ.. “!!??

“നിങ്ങൾ അങ്ങോട്ട് മാറി നിൽക്കു… “!! ഒരു പോലീസുകാരൻ രാധയോട് പറഞ്ഞു…

” ഈ കുട്ടി അവളുടെ സ്വന്തം ഇഷ്ടപ്രകാരം ആ നിൽക്കുന്ന പയ്യനൊപ്പം ജീവിക്കാൻ ഇറങ്ങി പോയതാണ്.. “!!

രാധ ഞെട്ടിത്തരിച്ചു.. അപ്പോഴാണ് അവർ അടുത്തുനിൽക്കുന്ന പയ്യനെ ശ്രദ്ധിക്കുന്നത്.. കൂടിപ്പോയാൽ 23 24 വയസ്സ് പ്രായം കാണും… നേരാംവണ്ണം മീശ പോലും മുളയ്ക്കാത്ത ഒരു കൊച്ചു പയ്യൻ…

രാധാ പകപ്പോടെ മകളെ നോക്കി…

അവൾ ഒരു കൂസലുമില്ലാതെ അവനോട് ചേർന്ന് നിന്നു..

” മോളെ എന്തൊക്കെയാ പറയുന്നത്… നീ… നീ.. ഇല്ല.. എന്റെ കുഞ്ഞു അങ്ങനെ യൊന്നും ചെയ്യില്ല… രണ്ടു ദിവസത്തിനുശേഷം വിവാഹം നടക്കേണ്ട കുട്ടിയാ അവൾ… “!!

രാധ വീണ്ടും അലമുറയിട്ടു പറഞ്ഞു..

” നിങ്ങൾ സമാധാനമായി ഞാൻ പറയുന്നത് കേൾക്കൂ… “!! പൊലീസുകാരൻ പറഞ്ഞു…

” ഞങ്ങൾ ആ കുട്ടിയോട് വിശദമായി സംസാരിച്ചു.. അവൾ പറയുന്നത്അ അവൾക്ക് അവനോടൊപ്പം പോയാൽ മതിയെന്നാണ്… പ്രായപൂർത്തി യായവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം നമ്മുടെ നിയമം അനുശാസിക്കുന്നുണ്ട്.. “!!

“അയ്യോ ഇല്ല സാറേ…. ഇല്ല…. എന്റെ മകൾ അങ്ങനെ ചെയ്യില്ല…. അവൾ എന്നെ വിട്ടു പോവില്ല.. “!!

“മോളേ സത്യമാണോ ഈ സാർ പറയുന്നത്.. നീ അങ്ങനെ പറഞ്ഞോ … നിനക്ക് എന്നെ വേണ്ട ഇവനെ മതിയെന്നു നീ പറഞ്ഞോ മോളെ… ഇല്ല… നീയങ്ങനെ പറയില്ല ന്ന് എനിക്കറിയാം.. “!!

“അമ്മ എന്നോട് ക്ഷമിക്കണം… എനിക്ക് ഇവനെ മതി… ഇവന്റെ കൂടെ ജീവിക്കാനാണ് എനിക്കിഷ്ടം… “!!

“എങ്കിൽ നിനക്ക് മുന്നേ പറഞ്ഞു കൂടായിരുന്നോ.. മറ്റൊരു വിവാഹവും തീരുമാനിച്ചു,, എല്ലാവരെയും ക്ഷണിച്ചു വിവാഹത്തിന് രണ്ടു ദിവസം ബാക്കി നിൽക്കുമ്പോൾ നീ ഇങ്ങനെയൊരു അക്രമം അമ്മയോട് ചെയ്യല്ലേ മോളെ… “!!

സ്വാതി ഒന്നും മിണ്ടാതെ മുഖം കുനിഞ്ഞു നിന്നു..

“ഞാൻ ഇനി ആ പയ്യനോടും വീട്ടുകാരോടും എന്ത് പറയുമെന്ന് നീ ഒന്ന് ആലോചിച്ചു നോക്ക് മോളെ… വിവാഹം കൂടാൻ വരുന്ന ആൾക്കാരോട് ഞാനെന്തു സമാധാനം പറയും… എന്റെ പൊന്നു മോളെ നിനക്കൊരു അബദ്ധം പറ്റിയതാണെന്നു അമ്മക്കറിയാം… എന്റെ കൂടെ വാ മോളെ..അമ്മ നിന്നെ ഒന്നും ചെയ്യില്ല… ഇതിനെ കുറിച്ച് ഒരു വാക്ക് പോലും നിന്നോട് ചോദിക്കില്ല… കൂടെ വാ മോളെ… “!!

രാധ കേണു പറഞ്ഞു..

“ഇല്ലമ്മേ ഞാൻ വരില്ല… എന്നെ നിർബന്ധിക്കണ്ട… എന്ത് പറഞ്ഞാലും ഇവനെ വിട്ടു ഞാൻ വരില്ല… “!!

സ്വാതി തറപ്പിച്ചു പറഞ്ഞു..

“ഹ്മ്മ്മ്… അന്നാ കുപ്പത്തൊട്ടിയിൽ തന്നെ നിന്നെ ഉപേക്ഷിച്ചു പോന്നാൽ മതിയായിരുന്നു… എങ്കിൽ ഇപ്പോൾ ഇങ്ങനെ എന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ നീയുണ്ടാവില്ലായിരുന്നു. ..”!!

രാധ ദേഷ്യത്തോടെ പറഞ്ഞു..

“ആരു പറഞ്ഞു എന്നെ എടുത്തു വളർത്താൻ.. ഞാൻ പറഞ്ഞോ.. ഇല്ലല്ലോ.. “!!

അവൾ വീറോടെ പറഞ്ഞു..

“ആ പിന്നെ എനിക്ക് വേണ്ടി വാങ്ങിയ സ്വർണ്ണം ഞാനെടുത്തിട്ടുണ്ട്… ഇവനൊരു ജോലി കിട്ടുന്നത് വരെ ഞങ്ങൾക്ക് ജീവിക്കണ്ടേ.. “!!

സ്വാതി കൂസലെന്യേ പറയുന്നത് കേട്ട രാധ നെഞ്ചിൽ കൈ വച്ച് ശ്വാസമെടുക്കാൻ പോലും മറന്ന് അവളെ നോക്കി നിന്നു പോയി…

“ഇല്ല മോളെ.. നീയിത്രയും വളർന്ന വിവരം അമ്മ അറിഞ്ഞില്ല…നിന്നെ എനിക്ക് കിട്ടിയതും ഇത്രയും വർഷം നിന്നെ വളർത്തിയതുമൊക്കെ ഞാൻ കണ്ട ഒരു ദിവാസ്വപ്നമായി കരുതി കൊള്ളാം… !!

നിന്റെ അച്ഛൻ നേരത്തെ പോയത് നന്നായി.. അദ്ദേഹത്തിന് ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ… പാവം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നെഞ്ചു പൊട്ടി മരിച്ചേനെ… അതിനും മുൻപേ പോയത് നന്നായി.. ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ട് നിന്നെ ശപിക്കില്ല… എങ്കിലും എന്റെ കണ്ണിൽ നിന്ന് പൊടിയുന്ന ഈ ചോരയുടെ ശാപം നിനക്ക് കിട്ടാതിരിക്കാൻ നീ പ്രാർത്ഥിക്ക്… “!!

താണ സ്വരത്തിൽ രാധ പറഞ്ഞു..

ശേഷം…

പോലീസ് അവളെ അവന്റെ കൂടെ അയച്ചു..

രാധയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ രാമേട്ടൻ അനുകമ്പയോടെ അവരെ നോക്കി പറഞ്ഞു…

“പോട്ടെ രാധേ… അവൾ പോട്ടെ… നീ വിഷമിക്കണ്ട… വാ നമുക്ക് വീട്ടിലേക്ക് പോകാം… “!!

“സാരമില്ല രാമേട്ടാ എനിക്ക് വിഷമമില്ല… അവൾ അവളുടെ രക്തത്തിന്റെ ഗുണം കാണിച്ചു എന്ന് ഞാൻ വിചാരിച്ചു കൊള്ളാം…ഇത്രയും കാലം അവളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവിച്ചു… എന്റേതൊരു ശാപം കിട്ടിയ ജന്മമാണെന്ന് കരുതി കൊള്ളാം രാമേട്ടാ… പോട്ടെ അവൾ പോയി ജീവിക്കട്ടെ…. എവിടെയായാലും സന്തോഷമായി ഇരിക്കട്ടെ.. മനസ്സറിഞ്ഞൊന്നു ശപിക്കാൻ പോലും എനിക്കാവില്ല രാമേട്ടാ…. ഞാൻ പ്രസവിച്ചില്ലെന്നേയുള്ളു…… ഈ കൈകളിൽ വച്ച് ഊട്ടി ഉറക്കി വളർത്തി…. സ്വയം പറക്കാൻ ചിറകുകൾക്ക് ശക്തി കിട്ടിയപ്പോൾ പറന്നു പോയി… പോട്ടെ… എവിടേലും പോട്ടെ…. “!!

രാധ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..

രാമേട്ടൻ അവരുടെ തലയിൽ പതിയെ തലോടി..

“രാമേട്ടൻ എനിക്ക് ഒരു ഉപകാരം ചെയ്യണം.. അവൾക്ക് വേണ്ടി വിവാഹം ആലോചിച്ച പയ്യന്റെ വീട്ടിൽ വരെ ഒന്ന് പോകാൻ എന്റെ കൂടെ വരണം… നടന്നതൊക്കെ അവരോട് പറയാം… അവർക്ക് എന്തെങ്കിലും നഷ്ടപരിഹാരം വേണമെങ്കിൽ അതും കൊടുക്കാം… ക്ഷണിച്ചവരെയൊക്കെ വിളിച്ചു കല്യാണം നടക്കില്ല എന്ന് പറയണം… “!!

അവശതയോടെ പറഞ്ഞു കൊണ്ട് രാധ പോലീസ് സ്റ്റേഷന്റെ തിണ്ണയിൽ തളർച്ചയോടെ ഇരുന്നു… അപ്പോൾ അവരുടെ ഓർമ്മയിൽ ഒരു കുഞ്ഞു കരച്ചിൽ അലയടിച്ചു കൊണ്ടിരുന്നു.. വർഷങ്ങൾക്ക് മുൻപ് ആ കുപ്പത്തൊട്ടിയിൽ നിന്ന് കേട്ട അതേ കുഞ്ഞു കരച്ചിൽ… !!

Leave a Reply

Your email address will not be published. Required fields are marked *