Story written by Nisha L
വലിയ തിരക്കില്ലാത്ത റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ ആണ് റാം ആ കാഴ്ച കാണുന്നത്. ഒരു കൊച്ചു പെൺകുട്ടി വഴിയരികിൽ കണ്ണിമാങ്ങ ഉപ്പിലിട്ടത് വിൽക്കാൻ വച്ചിരിക്കുന്നു.അതുവഴി പോകുന്ന ഓരോ വണ്ടിയിലേക്കും അവൾ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. റാമിന് ഏറെ ഇഷ്ടമുള്ള ഒന്നാണ് ഉപ്പിലിട്ട കണ്ണിമാങ്ങ. മുന്നോട്ടുപോയ വണ്ടി റിവേഴ്സ് എടുത്ത് റാം കുട്ടിക്കരികിൽ വണ്ടി നിർത്തി.
പ്രതീക്ഷയോടെ അവൾ റാമിന്റെ മുഖത്തേക്ക് നോക്കി. ആ കുഞ്ഞി കണ്ണുകൾ റാമിനെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെ അവനു തോന്നി.
അവളുടെ മുന്നിൽ അഞ്ച് പായ്ക്കറ്റ് ഉപ്പിലിട്ട മാങ്ങ ഇരിക്കുന്നുണ്ട്. അവൻ ആ അഞ്ചു പായ്ക്കറ്റ് ഉപ്പിലിട്ടതും വാങ്ങി. ആ കുഞ്ഞു കണ്ണുകളിൽ സന്തോഷം തെളിഞ്ഞു.
“മോളുടെ പേരെന്താ…”??
” പാറു…. “
“മോളുടെ വീട് എവിടെയാ…?? “”
“ഇവിടുന്ന് കുറച്ച് അകലെയാ…”
“വീട്ടിൽ മറ്റാരും ഇല്ലേ..? “
“ഉണ്ട് അമ്മയും അമ്മൂമ്മയും ഉണ്ട്… “!!
“എന്നിട്ടും മോളെന്താ ഇവിടെ…. ഇങ്ങനെ..?? “!!
“അമ്മൂമ്മ ഉപ്പിലിട്ടത് തന്നു വിടും ഞാൻ ഇവിടെ കൊണ്ടുവന്ന് വിൽക്കും…അമ്മൂമ്മക്ക് ഒത്തിരി പ്രായമായി… വയ്യാ.. “!!
” മോളുടെ അമ്മ എവിടെ….?? “
“അമ്മയ്ക്ക് തളർവാതം വന്ന് കിടക്കുകയാണ്…. “!! പാറു സങ്കടത്തോടെ പറഞ്ഞു.
റാമിന് അവളുടെ കുഞ്ഞു മുഖം കണ്ടപ്പോൾ സഹതാപവും വാൽസല്യവും ഒരു പോലെ തോന്നി.. .
“മോള് വാ….. ഞാൻ വീട്ടിൽ ആക്കി തരാം..”!!
“അയ്യോ വേണ്ട സാർ… ഞാൻ നടന്നു പൊയ്ക്കോളാം….. “!!
കുറെ നിർബന്ധിച്ചപ്പോൾ ആ കുട്ടി വണ്ടിയിൽ കയറി. അവൾ പറഞ്ഞുകൊടുത്ത് വഴിയിലൂടെ അവൻ കാറോടിച്ചു.
ഒരു ചേരി പ്രദേശത്താണ് അവർ എത്തിച്ചേർന്നത്. തകര കൊണ്ട് മറച്ച ഒരു കൊച്ചു ഷെഡ് ആയിരുന്നു അവളുടെ വീട്.
” സാർ വരുന്നോ എന്റെ വീട്ടിലേക്ക്.. അമ്മയെയും മുത്തശ്ശിയേയും കാണാം.. “!!
“അതിനെന്താ വരാല്ലോ… “!!
റാം കുഞ്ഞിനോടൊപ്പം ആ ഷെഡിലേക്ക് കയറി. അടുക്കളയും ബെഡ്റൂമും വരാന്തയും എല്ലാം ആ ഒറ്റ മുറി തന്നെ. റാം അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു.
പ്രായമായ ഒരു മുത്തശ്ശി ഇരുന്ന് കണ്ണിമാങ്ങ വൃത്തിയാക്കുന്നുണ്ട്. പ്രായത്തിന്റെ അവശതകൾ ആ മുഖത്ത് തെളിഞ്ഞു കാണാം..
കട്ടിലിൽ ആയി ഒരു ഉണങ്ങിയ സ്ത്രീരൂപം കിടക്കുന്നു..
അവനെ കണ്ട മുത്തശ്ശി എഴുന്നേറ്റു. പാറുവിനോട് ചോദിച്ചു.
“ആരാ മോളെ..?? “”
” എന്റെ കണ്ണിമാങ്ങ മൊത്തം വാങ്ങിയ സാറാ.. .. എന്നിട്ട് എന്നെ ഇവിടെ കൊണ്ടുവിടുകയും ചെയ്തു . സാറിന്റെ കാറിലാ ഞാൻ വന്നത് അമ്മൂമ്മേ …”!!
അവൾ സന്തോഷത്തോടെ പറഞ്ഞു
“അയ്യോ… വളരെ നന്ദി മോനെ.. മോൻ ഇരിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം… “!!
ഒരു പഴയപ്ലാസ്റ്റിക് കസേര ചൂണ്ടി അവർ പറഞ്ഞു..
എന്തു കൊണ്ടോ റാമിന്റെ ഹൃദയം അതിവേഗം മിടിച്ചു… പ്രിയപ്പെട്ട എന്തോ ഒന്ന് ഇവിടെ ഉള്ളതുപോലെ.. എന്താണ്… എന്താണ്….????
അവൻ ചുറ്റും നോക്കി… അവസാനം കട്ടിലിൽ കിടന്ന ആ സ്ത്രീ രൂപത്തിന്റെ മുഖത്തേക്ക് അവൻ സൂക്ഷിച്ചു നോക്കി..
അവന്റെ ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടി.
” കന്യാ.. കന്യാ.. നീ.. നീയാണോ ഇത്..??? “”!!!!!
ആ സ്ത്രീരൂപം മുഖംതിരിച്ച് അവനെ നോക്കി…
ഏട്ട … ഏട്ടൻ … എന്റെ ഏട്ടൻ..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“എത്രനാൾ… എത്ര നാൾ കൊണ്ട് ഞാൻ നിന്നെ തിരയുന്നു… നീ…നീ.. എന്നിൽ നിന്ന് എന്തിനാണ് ഒളിച്ചിരുന്നത്… “???
റാം ഹൃദയം നുറുങ്ങുന്ന നൊമ്പരത്തോടെ അവൾക്കരുകിൽ ഇരുന്നു.
മാതാപിതാക്കൾ മരിച്ചു പോയ കന്യ അകന്ന ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആ വീട്ടിലെ പ്രായത്തിൽ മുതിർന്ന അമ്മാവൻ മാത്ര മായിരുന്നു അവളോട് സ്നേഹത്തോടെ പെരുമാറിയിരുന്നത്. ബാക്കി കുടുംബാന്ഗങ്ങൾക്ക് അവളൊരു അധികപ്പറ്റായിരുന്നു.
അങ്ങനെ ഒരിക്കൽ യാദൃശ്ചികമായി റാം കന്യയെ കാണുകയും ഒറ്റ നോട്ടത്തിൽ തന്നെ അവന് അവളോട് ഇഷ്ടം തോന്നുകയും ചെയ്തു. അവളെ കുറിച്ച് കൂടുതൽ അന്വേഷിച്ച അവന് അവളുടെ അവസ്ഥയിൽ സങ്കടം തോന്നുകയും സ്വന്തം ഇഷ്ട പ്രകാരം അവളുടെ അമ്മാവനോട് അവളെ വിവാഹം ചെയ്യാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു… ആ നരകത്തിൽ നിന്ന് അവളെ രക്ഷപെടുത്താൻ അമ്മാവൻ അവളെ റാമിന്റെ കൈ പിടിച്ചു കൊടുത്തു..
എന്നാൽ റാമിന്റെ മാതാപിതാക്കൾക്ക് അവൻ ഒറ്റ മകൻ ആയിരുന്നു. അവന്റെ വിവാഹത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ നെയ്തിരുന്ന അവരുടെ അടുത്തേക്ക് അവൻ കന്യയുടെ കൈ പിടിച്ചു കയറി ചെന്നത് അവർക്ക് ഒട്ടും പിടിച്ചില്ല. മകന്റെ പ്രവൃത്തി മരുമകളോടുള്ള വെറുപ്പും വിദ്വെഷവുമായി മാറി. വിവാഹം കഴിഞ്ഞ് വന്ന നാൾമുതൽ റാമിന്റെ അമ്മയും അച്ഛനും അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു. അവർക്കൊരിക്കലും അവളെ അംഗീകരിക്കാൻ കഴിഞ്ഞില്ല.
അങ്ങനെയിരിക്കെയാണ് അവൾ ഗർഭിണിയാണെന്ന വാർത്ത അറിയുന്നത്. സന്തോഷത്തിൽ അവളെ കാണാനായി ഓടി വന്ന അവൻ ഒരു അപകടത്തിൽ പ്പെടുകയും ബോധമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ചെയ്തു.
ദിവസങ്ങൾക്കുശേഷം ബോധം വീണ അവന് ഓർമ്മയുടെ ഒരു ഭാഗം നഷ്ടമായി പോയിരുന്നു. ആ കൂട്ടത്തിൽ കന്യയേയും അവൻ മറന്നുപോയി. ഹോസ്പിറ്റലിൽ വെച്ച് അച്ഛനെയും അമ്മയെയും തിരിച്ചറിഞ്ഞ അവൻ കന്യയെ തിരിച്ചറിയാതെ പോയി. അവന്റെ മാതാപിതാക്കൾ അത് ഒരു അവസരമായി കണ്ടു നിർദ്ദയം അവളെ വീട്ടിൽ നിന്ന് പുറത്താക്കി. എങ്ങോട്ട് പോകണമെന്നറിയാതെ നിന്ന അവൾക്ക് മുന്നിലേക്ക് ഒരു ദൈവദൂതനെപ്പോലെ വന്നതാണ് കാർത്തു എന്ന ആ മുത്തശ്ശി.
അന്നു മുതൽ അവൾ അവരോടൊപ്പം ആണ്. പ്രസവത്തിൽവന്ന ഒരു പിഴവുമൂലം അവൾ എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലായി..
എന്നാൽ ഓർമ്മ നഷ്ടപ്പെട്ട റാമിന് ഒരു രാത്രി അവന്റെ ഓർമ്മ തിരികെ കിട്ടുകയും ഓർമയിലേക്ക് കന്യയുടെ മുഖം തെളിഞ്ഞു വരികയും ചെയ്തു. അലറി വിളിച്ചു കൊണ്ട് അവൻ മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി…
“എവിടെ… എവിടെ എന്റെ കന്യാ… നിങ്ങൾ അവളെ എന്താ ചെയ്തത്… കൊന്നോ…??? “!!
മകന്റെ ഓർമ്മ തിരിച്ചുകിട്ടിയത് അറിഞ്ഞ ആ മാതാപിതാക്കൾ പരിഭ്രാന്തരായി. ഗത്യന്തരമില്ലാതെ അവർക്ക് സത്യം തുറന്നു പറയേണ്ടി വന്നു. അന്ന് മുതൽ അവൻ ഒരു ഭ്രാന്തനെ പോലെ കന്യയെ തിരഞ്ഞു നടക്കുകയാണ്.
അങ്ങനെയൊരു യാത്രയിലാണ് വഴിയരുകിൽ കണ്ണിമാങ്ങയുമായി നിൽക്കുന്ന പാറുവിനെ കണ്ടതും. ആ കുഞ്ഞിന്റെ കണ്ണുകൾ കണ്ടപ്പോൾ പ്രിയപ്പെട്ട ഏതോ കണ്ണു പോലെ അവനു തോന്നിയതും..
“ഏട്ടാ. .. “!! കന്യയുടെ വിളി അവനെ ചിന്തകളിൽ നിന്നുണർത്തി.
“ഏട്ടാ .. നമ്മുടെ മോൾ.. പാറു… പാറു മോൾ… !!””
ചിന്തയിൽ നിന്നുണർന്നു ബോധമണ്ഡലത്തിലേക്ക് വന്ന അവൻ ഒട്ടൊരു പരിഭ്രമത്തോടെ കുഞ്ഞിനെ നോക്കി. ഒരുവേള അവളെ മറന്നു പോയല്ലോ എന്നവന്റെ ഉള്ളം തേങ്ങി. പാറു അതിശയത്തോടെ അവനെ നോക്കി നിൽക്കുകയായിരുന്നു ഈ സമയം.
“മോളെ..എന്റെ പൊന്നു മോളെ.. അച്ഛനാടാ… നിന്റെ അച്ഛനാടാ ഞാൻ… “!!! ഒരു കരച്ചിലോടെ അവൻ പാറുവിനെ കെട്ടിപ്പുണർന്നു…
അവസാനം ഞാൻ തേടി നടന്ന എന്റെ കന്യയെയും ഞങളുടെ കുഞ്ഞിനേയും നീയെനിക്ക് കാണിച്ചു തന്നല്ലോ ഈശ്വരാ… !!!
അവൻ ദൈവത്തിന് നന്ദി പറഞ്ഞു.
ശേഷം… കാർത്തു മുത്തശ്ശിയെ കണ്ണീരോടെ നോക്കി കൈ കൂപ്പി അവൻ പറഞ്ഞു.
“എന്റെ കന്യയേയും കുഞ്ഞിനെയും സംരക്ഷിച്ച അമ്മയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. അമ്മയും ഞങ്ങളുടെ കൂടെ വരണം. കന്യയുടെ സ്വന്തം അമ്മയായി… അല്ല ഞങ്ങളുടെ സ്വന്തം അമ്മയായി…. നമുക്ക് ഇവളെ എഴുനേൽപ്പിച്ചു നടത്തണ്ടേ… അമ്മയുടെ കൈ പിടിച്ചു വേണം ഇനിയെന്റെ കന്യ വീണ്ടും നടന്നു തുടങ്ങാൻ. അതിന് അമ്മ ഞങ്ങളോടൊപ്പം ഉണ്ടാകണം. സമ്മതമല്ലേ…??… അതുപോലെ ഇനിയും അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ കണ്ണിമാങ്ങാ അച്ചാറും ഉപ്പിലിട്ടതും മതി വരുവോളം എനിക്ക് കഴിക്കണം… വരില്ലേ ഞങ്ങളോടൊപ്പം..?? .. “!!!
“മ്മ്… വരാം എന്റെ കുഞ്ഞുങ്ങളോടൊപ്പം എവിടെ വേണേലും ഞാൻ വരാം… “!!
കാർത്തു മുത്തശ്ശി അവരുടെ സന്തോഷത്തിൽ പങ്കു ചേർന്ന് നിറഞ്ഞ മനസോടെ തന്റെ സമ്മതമറിയിച്ചു.