എന്തേ കൃഷ്ണാ.. എന്റെ ജീവിതത്തിലെ എല്ലാ മോഹങ്ങളും കൈയെത്താദൂരത്തേക്ക് നീ തട്ടിത്തെറിപ്പിക്കുന്നതുപോലെ ഇതും……

പ്രസാദം

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

അമ്പലത്തിൽനിന്നും തൊഴുതിറങ്ങുമ്പോൾ മനസ്സിലൊരു നൊമ്പരം ബാക്കിയായിരുന്നു. എന്തോ ഒരു വിങ്ങൽ കരളിനെ കൊത്തിവലിക്കുന്നു.

സായന്ത്, നിനക്ക് പോസ്റ്റിങ്ങായി അല്ലേ..?

നാരായണേട്ടനാണ്.

അതേ..

ശകുന്തള ഇന്നലെ കണ്ടപ്പോൾ പറഞ്ഞു..

എപ്പോഴാണ് ജോയിൻ ചെയ്യുന്നത്..?

നാളെ പുറപ്പെടുകയാണ്..

ശരി..

നാരായണേട്ടൻ അമ്പലത്തിലേക്ക് കയറിപ്പോയി.

കൈയിലുള്ള പ്രസാദവും ഇലയിൽ പൊതിഞ്ഞ നെയ്പായസവും ഇടാൻ പവിത്രേട്ടന്റെ കടയിൽനിന്നും ഒരു സഞ്ചി വാങ്ങി.

പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കാമോ പവിത്രേട്ടാ..?

നീ തത്കാലം അതെടുക്ക് സായന്തേ..

ബൈക്കിനടുത്തേക്ക് നടന്നുകൊണ്ട് പ്രസാദവും പായസവും സഞ്ചിയിലേക്ക് ഇടാൻ നോക്കുകയായിരുന്നു. പെട്ടെന്ന് ഒരു കാറ്റുവന്ന് ആ സഞ്ചി പാറിപ്പറന്ന് അമ്പലനടയിൽ പോയി വീണു.

സായന്ത് അതെടുക്കാനായി അടുക്കുംതോറും പിന്നെയും അത് കാറ്റിന് പറന്ന് അകലേക്ക് പോയ്ക്കൊണ്ടിരുന്നു.

എന്തേ കൃഷ്ണാ.. എന്റെ ജീവിതത്തിലെ എല്ലാ മോഹങ്ങളും കൈയെത്താദൂരത്തേക്ക് നീ തട്ടിത്തെറിപ്പിക്കുന്നതുപോലെ ഇതും..

അവൻ രണ്ടടി കൂടി നടന്നുനോക്കി.

വീട്ടിൽ അമ്മയും സഹോദരിയുടെ രണ്ട് കുട്ടികളും പായസം വാങ്ങാൻ പറഞ്ഞത് ഇറങ്ങിയപ്പോഴാണ്. അതാണ് കൈയിൽ സഞ്ചി കരുതാതിരുന്നത്. നടന്നാണ് പോകുന്നതെങ്കിൽ ഇങ്ങനെ തന്നെ പോകാമായിരുന്നു.

ഒരുവേള സായന്ത് ഇങ്ങനെയും ചിന്തിച്ചു:

ബൈക്ക് ഇവിടെ നിൽക്കട്ടെ, പിന്നീട് വന്നെടുക്കാം, പായസം കൈയിൽ പിടിച്ചുതന്നെ നടന്നുപോയാലോ..

ഒരിക്കൽക്കൂടി അവൻ മുന്നോട്ടു ‌ചുവടുവെച്ച് കുനിഞ്ഞ് എടുക്കാൻ തുടങ്ങിയതും അടുത്ത കാറ്റിന് അത് പാറി എതിരേവന്ന ഒരു പെൺകുട്ടിയുടെ കാലിനുസമീപം ചെന്നുനിന്നു. അവളത് കുനിഞ്ഞ് എടുത്തുകൊടുത്തു.

അവൻ അത് വാങ്ങിക്കൊണ്ട് മുഖമുയ൪ത്തി. സാന്ദ്ര..!

അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വർഷങ്ങൾക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട കൂട്ടുകാരി. അവളുടെ അച്ഛനോടൊപ്പം നോ൪ത്തിന്ത്യയിലേക്ക് പോയതോടെ അടുപ്പം നഷ്ടപ്പെട്ടുപോയതാണ്.

ഇതെപ്പോ വന്നു നാട്ടിൽ..?

ഇന്നലെ..

പഠനമൊക്കെ..?

കഴിഞ്ഞു..

ഇനി..?

അവൾ ചിരിച്ചു.

ജോലി ഓ൪ വിവാഹം.. അതാണ് ഉദ്ദേശിച്ചത്..

അവൻ വിശദീകരിച്ചു. അപ്പോഴും അവൾ ചിരിക്കുകമാത്രം ചെയ്തു.

സായന്ത് എന്ത് ചെയ്യുന്നു..?

സെൻട്രൽ ഗവണ്മെന്റിന്റെ ഒരു ജോലി ശരിയായിട്ടുണ്ട്. മധ്യപ്രദേശിലാണ്. ഞാൻ നാളെ പുറപ്പെടുകയാ.. ജോയിൻ ചെയ്യണം.

അവൻ പ്രസാദവും പായസവും അവളുടെ നേരെ നീട്ടി. അവൾ ആദ്യം പ്രസാദമെടുത്ത് നെറ്റിയിൽ തൊട്ടു. കുറച്ചെടുത്ത് അവന്റെ നെറ്റിയിലും തൊട്ടു. പായസവും എടുത്ത് കഴിച്ചു. അതിനുശേഷം ക൪ച്ചീഫെടുത്ത് കൈ തുടച്ചു. തുടർന്ന് തന്റെ മൊബൈൽ എടുത്ത് സായന്തിന്റെ നമ്പർ ചോദിച്ചു:

ഞാൻ വിളിക്കാം..

അവൾ പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു. അവൻ ഒന്നുകൂടി ശ്രീകോവിലിനു നേരെ നോക്കി തൊഴുതു. പായസവും പ്രസാദവും സഞ്ചിയിലാക്കി ബൈക്കിനടുത്തേക്ക് നടന്നു. അവന്റെ മനസ്സിലെ നൊമ്പരം എങ്ങോ പോയ്മറഞ്ഞു. പകരം മധുരമായൊരനുഭൂതി വന്നുനിറഞ്ഞു.

നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ കണ്ണാ മഴമുകിലൊളിവ൪ണ്ണാ..

ചുണ്ടിലൊഴുകിയെത്തിയ ഈരടികൾ മൂളിക്കൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *