എന്ത്‌ സർപ്രൈസാ കൊടുക്കുക എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാമെന്ന് വെച്ചാൽ എന്താ വാങ്ങുക അവള്ടെ ഇഷ്ടങ്ങൾ എന്തൊക്കെ ആണെന്ന് ഇപ്പോഴും തനിക്കറിയില്ല…….

സർപ്രൈസ്ഗിഫ്റ്റ്

Story written by Rosily joseph

ജോലികഴിഞ്ഞു അൽപ്പം നേരത്തെ വിവേക് ഇറങ്ങി. വിവാഹം കഴിഞിട്ടുള്ള ആദ്യത്തെ വെഡിങ് ആനിവേഴ്സറി ആണ്. അവൾക്കൊരു സർപ്രൈസ് കൊടുക്കണം മനസ്സിൽ ഒരു നൂറായിരം സ്വപ്നങ്ങളും നെയ്തു കൂട്ടി അയാൾ വീട്ടിലേയ്ക്ക് തിരിച്ചു

എന്ത്‌ സർപ്രൈസാ കൊടുക്കുക എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാമെന്ന് വെച്ചാൽ എന്താ വാങ്ങുക അവള്ടെ ഇഷ്ടങ്ങൾ എന്തൊക്കെ ആണെന്ന് ഇപ്പോഴും തനിക്കറിയില്ല..

അപ്പോഴാണ് റോഡ് സൈഡിൽ ഒരു ഭംഗിയുള്ള പട്ടികുഞ്ഞിനെ അയാൾ കണ്ടത് ആരോ ഉപേക്ഷിച്ചു പോയതാവാം നല്ല ഓമനത്തമുള്ള മുഖം

അയാൾ അതിനെ നോക്കികൊണ്ടിരിക്കെ ആ നായകുട്ടി റോഡിലേയ്ക്ക് ഇറങ്ങി പാവം അതിന്റെ അമ്മയെ തിരഞ്ഞാവും

അപ്പോഴാണ് ഒരിക്കൽ, നിമിഷ ഒരു പട്ടികുട്ടിയെ വേണമെന്ന് പറഞ്ഞ കാര്യം അയാള്ടെ ഓർമ്മയിൽ വന്നത്

വിവേക് ബൈക്ക് സൈഡാക്കി ഇറങ്ങി, അതിനെ കൈയ്കളിൽ കോരിയെടുത്തു

അവൾക്കിത് ഇഷ്ടാവും ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനം ആയത് കൊണ്ട് തന്നെ അവൾക്ക് തന്നോട് ഇഷ്ടം കൂടും

കയ്യിലുണ്ടായിരുന്ന ഒരു പോളിത്തീൻ കവറിലേയ്ക്ക് അയാൾ അതിനെ മെല്ലെ ഇറക്കി വെച്ചു

വീട്ടിലെത്തുമ്പോൾ അവൾ അടുക്കളയിൽ എന്തോ തിരക്കിട്ട ജോലിയിൽ ആയിരുന്നു. ഏട്ടൻ വരുമ്പോഴേക്കും ജോലിയെല്ലാം തീർക്കണം ഏട്ടന് ഇഷ്ടപ്പെട്ട ഫുഡ്‌ ഉണ്ടാക്കണം ഇങ്ങനെയുള്ള ചിന്തകൾ ആയിരുന്നു അവള്ടെ മനസിൽ..

ജോലിക്കിടയിൽ അവൾ ഡോർ ക്ലോസ് ചെയ്യാൻ മറന്നിരിക്കുന്നു എന്തായാലും തന്റെ ഭാഗ്യം..

അയാൾ ഭാര്യ അറിയാതെ അകത്തേയ്ക്ക് പ്രവേശിച്ചു തന്റെ ഭാര്യക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനവുമായി

കാലുകൾ മെല്ലെ എടുത്തു വെച്ച് പയ്യെ അയാൾ സ്റ്റെയർ കേയ്‌സ് കയറി മുകളിലത്തെ മുറിയിൽ എത്തി. പട്ടിക്കുഞ്ഞിനെ മുറിയിൽ വെച്ച് ഡോർ ലോക്ക് ചെയ്തു ബാത്‌റൂമിൽ കയറി നല്ലൊരു കുളിയും പാസ്സാക്കി

കുളികഴിഞ്ഞു അയാൾ പുതിയ വേഷമണിഞ്ഞു ഭാര്യക്ക് മുന്നിലേയ്ക്ക് ചെന്നു

ഇവിടെ ഒരു ഗ്ലാസ്‌ ചായ തരാൻ ആരുമില്ലേ..

വിവേകിന്റെ ശബ്ദം കേട്ട് നിമിഷ ഞെട്ടി . അവള്ടെ കയ്യിൽ നിന്നും സ്റ്റീൽ ഗ്ലാസ്സ് നിലത്തു വീണു .

ഏട്ടൻ വന്നുവോ ഞാനറിഞ്ഞില്ലല്ലോ..? അവൾ ഹാളിലേക്ക് വന്നപ്പോൾ വിവേകിനെ അവിടെ കണ്ട് ചോദിച്ചു

ഞാനെത്ര നേരായി വന്നിട്ട് കുളിയും കഴിഞ്ഞു

ഞാനറിഞ്ഞില്ലല്ലോ ഏട്ടൻ വന്നത്..

നീ അടുക്കളയിൽ തിരക്കിട്ട ജോലി അല്ലായിരുന്നോ ശല്യപെടുത്തണ്ടാന്ന് കരുതി

ഓ എന്തൊരു സ്നേഹം, ഞാനിപ്പോ ചായ എടുത്തു കൊണ്ട് വരാം

അവൾ അടുക്കളയിലേക്ക് പോയതും അയാള്ടെ മനസ്സിൽ അവൾ ആ ഗിഫ്റ്റ് കണ്ടാൽ ഉള്ള പ്രതികരണം എന്താവും എന്നോർത്തായിരുന്നു

അവൾ ഒരു പുഞ്ചിരിയോടെ കുറേ വിശേഷങ്ങൾ പറയാനുള്ള തിടുക്കത്തോടെ അടുക്കളയിൽ നിന്ന് വന്നു ചായ തനിക്കരികിൽ വെച്ച് മുകളിലത്തെ മുറിയിലേയ്ക്ക് പോയി

ഒരുപക്ഷെ അവളും എന്തെങ്കിലും ഗിഫ്റ്റ് വാങ്ങിയിട്ടുണ്ടാവും ഞാനറിയാതെ , അതെടുക്കാൻ പോയതാവും.. അയാൾ ചായ ചുണ്ടോടടുപ്പിച്ചു

ചായ പകുതി ആയതും മുകളിൽ നിന്നൊരു നിലവിളി കേട്ടു. ചായ ബാക്കി ഉണ്ടായിരുന്നത് നിലത്തും പോയി

എന്താടി എന്തിനാ നീ നിലവിളിച്ചേ..

അവിടെ ഒരു നായ് കുട്ടി..അവൾ ഉള്ളിലുണ്ടായിരുന്ന ദേഷ്യവും സങ്കടവും വെച്ച് പറഞ്ഞു

അത് കേട്ടതും അയാൾ അവളെ നോക്കി പുഞ്ചിരിച്ചു . അതുകണ്ടതും അവൾടെ ദേഷ്യം ഇരട്ടിച്ചു

ഏട്ടനാണോ അതിനെ അവിടെ കൊണ്ട് വെച്ചത്..

മ്മ് .. നിനക്കൊരു സർപ്രൈസ് ഗിഫ്റ്റ് തരാൻ.. നിന്റെ വല്യ ആഗ്രഹം അല്ലായിരുന്നോ ഒരു പട്ടികുഞ്ഞു..

അതിന് , ഏട്ടനങ്ങോട്ട് ചെന്നൊന്ന് നോക്കിക്കേ അവിടെ മുഴുവൻ വൃത്തികേടാക്കി ഇട്ടിട്ടുണ്ട് മര്യാദക്ക് അതിനെ കൊണ്ട് കളഞ്ഞിട്ട് മുറി വൃത്തിയാക്കി ഇട്ടോണം..അതും പറഞ്ഞവൾ ടവൽ എടുത്തു അടുത്ത റൂമിലേയ്ക്ക് പോയി

കൃഷ്ണ പണിപാളിയോ..

അയാൾ ചങ്കത്ത് കയ്യ് വെച്ച് മുകളിലേയ്ക്ക് പാഞ്ഞു

Related Posts

Leave a Reply

Your email address will not be published. Required fields are marked *