ഒരു ലോക്ക്ഡൗൺ പെണ്ണുകാണൽ
Story written by Praveen Chandran
അടുത്ത ദിവസം അവളെ പെണ്ണുകാണാൻ ചെറുക്കനും കൂട്ടരും വരുന്നുണ്ടെന്ന് കേട്ടതോടെ അവളുടെ ടെൻഷൻ ഇരട്ടിയായി..
” നീ എന്തിനാ അച്ചു ഇങ്ങനെ ടെൻഷനടിക്കുന്നത്? അവര് വന്ന് കണ്ടിട്ട് പോട്ടേന്ന്.. ” അനുജത്തിയെ ആശ്വസിപ്പിക്കാനെന്നോണം ആതിര ചോദിച്ചു..
“ഇവർക്ക് ഈ ലോക്ക്ഡൗൺ കഴിഞ്ഞിട്ട് വന്നാ പോരേ? ഇപ്പോ തന്നെ കെട്ടി എടുക്കണോ? അല്ലേലെ എനിക്ക് ഈ ഒരുങ്ങികെട്ടി നിക്കണത് ഇഷ്ടല്ല.. ഇതെത്രാമത്തെ തവണയാ..” അല്പം മുഷിപ്പോടെയാണ് അവളത് പറഞ്ഞത്..
“അതൊന്നും നമ്മുടെ കയ്യിലല്ലല്ലോ മോളേ.. നിന്റെ യോഗം ചിലപ്പോ ഇതിലാണെങ്കിലോ?
” അതല്ല ചേച്ചി.. ഈ മുഖക്കുരു കണ്ടോ മൂക്കിലും ഉണ്ട് കവിളത്തും ഉണ്ട് ചക്കപോലത്തെ.. കണ്ണാടീ നോക്കുമ്പോ തന്നെ എന്തൊരു വൃത്തികേടാ.. ഇങ്ങനെ കണ്ടാ ഏത് ചെക്കനാ ഇഷ്ടപെടാ.. മൂന്നാല് ദിവസം കഴിഞ്ഞ് വന്നിരുന്നെങ്കിൽ ഇത് പോയേനെ…”
അവൾ പറഞ്ഞത് കേട്ടിട്ട് ആതിരയ്ക്ക് ചിരിയാണ് വന്നത്..
” ഓ പിന്നെ നിന്റെ ഒരു മുഖക്കുരു.. അതൊക്കെ ഈ പ്രായത്തിലുള്ള പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടു ള്ളതല്ലേ? അതൊന്നും സാരല്ല്യ.. എന്റെ കല്ല്യാണ സമയത്ത് വരെ ഉണ്ടായിരുന്നു ചക്കപോലത്തെ രണ്ടെണ്ണം.. “
“ചേച്ചിക്ക് അത് പറയാം.. അല്ലേലെ ഉള്ള ക്രീമെല്ലാം വാരിത്തേച്ചാ ഒരു മെനയൊക്കെ ഉണ്ടാക്കി എടുത്തത്.. ? അതാണേൽ കൃത്യമായി മൂക്കിൽ തന്നെ വന്നു.. പൊട്ടിച്ച് കളഞ്ഞാ അതിനും വൃത്തി കേടാവും.. “
അവളുടെ വിഷമം കണ്ടപ്പോൾ ആതിരയ്ക്കും ആശങ്കയായി.. എത്രയോ കൂട്ടരാണ് അവളെ ഇത് വരെയ്ക്കും പെണ്ണ് കാണാൻ വന്നിട്ടുള്ളത് എല്ലാം ഓരോരോ കാരണങ്ങൾ വന്ന് മുടങ്ങും.. ഇത് അവരുടെ അകന്ന ബന്ധു വഴി വന്ന ഒരു ആലോചന ആയിരുന്നു.. ജാതകം നോക്കി ചേർന്നതിന് ശേഷമാണ് അവർ വരുന്നത്.. തന്നെ യുമല്ല തങ്ങളുടെ കുടുംബത്തിന്റെ അവസ്ഥയെ ല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് അവർ വരുന്നതും..
എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോ ഴാണ് ആതിരയ്ക്ക് ഒരു ആശയം തോന്നിയത്…
” ഡീ ഒരു വഴിയുണ്ട്.. “
” എന്താ ചേച്ചി?” അവൾ ആകാംക്ഷയോടെ ആതിരയുടെ മുഖത്തേക്ക് നോക്കി..
“ബ്രേക്ക് ദ ചെയിൻ”
” എന്താ ചേച്ചി പറഞ്ഞ് വരുന്നത്?”
“ഡീ ഇപ്പോ കൊറോണക്കാലം അല്ലേ? മാസ്ക്ക് ധരിക്കുന്നത് കരുതലിന്റെ ഭാഗമല്ലേ? അതുകൊണ്ട് നീ ഒരു മാസ്ക്ക് വയ്ക്ക്.. അപ്പോ നിന്റെ മുഖക്കുരു ആരും കാണുകയുമില്ല.. ധൈര്യമായി അവരുടെ മുന്നിൽ പോയി നിൽക്കു കയും ചെയ്യാം… എങ്ങനുണ്ട് ഐഡിയ?”
ആതിര പറഞ്ഞത് കേട്ട് അവൾക്ക് സംശയമായി..
“സംഗതി കൊള്ളാം.. പക്ഷെ അവർ മാസ്ക്ക് അഴിച്ച് കാണണമെന്ന് പറഞ്ഞാൽ?”
” അതിന് വഴിയുണ്ട്.. അവരെക്കൊണ്ട് അത് ചോദിപ്പിക്കാതിരുന്നാ പോരേ..ഞാൻ ചേട്ടനോടും കൂടെ ഒന്ന് പറയാം.. നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാടി.. “
ചേച്ചി പറയുന്നതിനോട് പൂർണ്ണമായി യോചിപ്പി ല്ലെങ്കിലും അതല്ലാതെ വേറെ വഴിയൊന്നുമില്ലാ ത്തത് കൊണ്ട് അവൾ അതിന് വഴങ്ങുകയായിരുന്നു..
പിറ്റെ ദിവസം പറഞ്ഞ സമയത്ത് തന്നെ ചെറുക്കനും കൂട്ടരും വന്നു… ചെറുക്കനും അമ്മാവനും രണ്ട് സുഹൃത്തുക്കളുമായിരുന്നു വന്നിരുന്നത്..
ലോക്ക്ഡൗൺ ആയതിനാൽ എല്ലാവരുടേയും മുഖത്ത് മാസ്കും ഉണ്ടായിരുന്നു…
വീടിന് പുറത്ത് വച്ചിരിക്കുന്ന ഹാന്റ് വാഷും ബക്കറ്റും വെള്ളവും കണ്ട് ചെറുക്കനും കൂട്ടർക്കും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. ഈ സമയം അങ്ങനെയാണല്ലോ…
അവരെ സ്വീരിക്കാനായി ആതിരയുടെ ഭർത്താവാണ് ഉമ്മറത്ത് നിന്നിരുന്നത്..
” ഒന്നും വിചാരിക്കരുത്.. ഒരു കരുതൽ എന്ന നിലയ്ക്ക് ആ കൈകൾ നീട്ടിക്കോളൂ.. സാനിറ്റൈസറാണ്.. ആരോഗ്യ പ്രവർത്തകരും സർക്കാരും പറയുന്നത് നമ്മൾ അനുസരിക്കണമല്ലോ..” ചേട്ടൻ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്..
അത് കേട്ട് ഒന്നമ്പരന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ടാന്ന് പറയാൻ അവർക്കു മായില്ല..
“അതിനെന്താ വളരെ നല്ല കാര്യമല്ലേ? നമ്മൾ സൂക്ഷിച്ചാ നമുക്ക് കൊള്ളാം.. ” അമ്മാവനാണ് അത് പറഞ്ഞത്..
കൈകൾ വൃത്തിയാക്കിയതിന് അവർ അകത്തേക്ക് കയറി..
സോഫയിൽ അവരെ ഇരുത്തിയതിന് ശേഷം ചേട്ടൻ ഒന്നുകൂടെ അവരോട് പറഞ്ഞു..
“ആ മാസ്ക്ക് അഴിക്കണ്ടാട്ടോ.. പിന്നെ ഒരു മീറ്റർ അകലം പാലിച്ചിരുന്നാ മതി…”
“എന്ത് കരുതലാണീ മൻസ്യന്” ചേട്ടൻ പറഞ്ഞത് കേട്ട് സുഹൃത്ത് ചെറുക്കന്റെ ചെവിട്ടിൽ പറഞ്ഞു..
അത് കേട്ട് അവനും ചിരി വന്നു..
“അല്ല ഞാൻ ആരോഗ്യവകുപ്പിലാണേ വർക്ക് ചെയ്യുന്നത് അത് കൊണ്ടാ കുറച്ചൂടെ മുൻകരുതൽ .. ഒന്നും തോന്നരുത്..” ചേട്ടൻ പറഞ്ഞത് കേട്ടപ്പോഴാണ് അവർക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കിയത്..
“അതൊന്നും സാരമില്ല്യ.. നല്ല കാര്യമല്ലേ?” അമ്മാ വൻ വീണ്ടും ഇടക്ക് കയറി..
ഇതെല്ലാം ജനലിലൂടെ ഒളിച്ച് കണ്ട ആതിര അവളോടായ് പറഞ്ഞു..
“എങ്ങനുണ്ടെന്റെ ബുദ്ധി? ഇനി നിന്നോട് മാസ്ക്ക് ഊരാൻ അവർ പറയില്ല മോളേ?”
അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി..
മാസ്ക്ക് ധരിച്ച് ചായയുമായി മന്ദം മന്ദം അവൾ അവരുടെ മുന്നിലേക്ക് ചെന്നു…
അവൻ അവളുടെ മുഖത്തേക്ക് നോക്കി..
ആകെ പുറത്ത് കാണുന്ന അവളുടെ ഉണ്ടക്കണ്ണ് അവന് പെരുത്തിഷ്ടമായി…
അല്പനേരം ആ കണ്ണുകളിലേക്ക് തന്നെ അവൻ നോക്കി..
അവന്റെ നോട്ടം കണ്ട് അവൾക്കും നാണമായി..
കട്ട താടിയും മീശയുമുള്ള ചെക്കനെ വേണമെന്നായിരുന്നു അവളുടെ സങ്കൽപം..
താടിയുടെ അല്പഭാഗങ്ങൾ മാസ്ക്കിനടിയിലൂടെ കണ്ടത് കൊണ്ട് താടി ഉണ്ടെന്ന് അവൾക്ക് ബോധ്യമായി…
“അല്ലാ കുട്ടികൾക്കെന്തെങ്കിലും സംസാരിക്കാ നുണ്ടാവുമല്ലോ അല്ലേ? ” അമ്മാവൻ പറഞ്ഞത് കേട്ട് അവളൊന്ന് ഞെട്ടി…
അവൾ ചേട്ടന്റെ മുഖത്തേക്ക് നോക്കി..
“അതിനെന്താ പുറത്തെ മാവിൻ ചുവട്ടിലേക്ക് പോയ്ക്കൊള്ളൂ.. നല്ല തണലുണ്ട്.. മനസ്സ് തുറന്ന് സംസാരിച്ചോളൂ… “
അത് കൂടെ കേട്ടതോടെ അവൾക്ക് ആധി കൂടി..
അതോടെ പണി പാളിയെന്ന് ആതിരയ്ക്കും തോന്നി…
അവർ ഇരുവരും മാവിൻ ചുവട്ടിലേക്ക് നടന്നു..
രണ്ട് പേരുടേയും മുഖത്ത് പരിഭ്രമം പ്രകടമായി രുന്നു..
മാവിൻ ചുവട്ടിലെത്തിയതും അവൻ ചോദിച്ചു..
” അച്ചൂന്ന് ആണല്ലേ എല്ലാരും വിളിക്കുന്നത്? നല്ല പേരാട്ടോ”
“ങ്ങും”
അവൻ പറഞ്ഞത് കേട്ട് അവൾ അല്പം നാണത്തോടെ മൂളി..
” എനിക്ക് കൂടുതൽ ഒന്നും ചോദിക്കാനില്ല.. ഞാൻ തന്നെ കണ്ടിട്ടുണ്ട് ഒരുപാട് തവണ.. ബസ്സിൽ വച്ചും അമ്പലത്തിൽ വച്ചും ഒക്കെ.. അച്ചു എന്നെ ശ്രദ്ധിച്ചിട്ടില്ലെന്നേ ഉള്ളൂ.. എനിക്ക് ഇഷ്ടമാണ്.. ഇഷ്ടം തുറന്ന് പറയാൻ പേടിയുണ്ടാ യിട്ടല്ല.. അത് അന്തസ്സായി തന്നെ വന്ന് പറയാമെന്ന് കരുതി…അച്ചൂന് എന്തേലും എന്നെക്കുറിച്ച് അറിയാനുണ്ടേൽ ചോദിക്കാം..”
അവൻ പറഞ്ഞത് കേട്ട് അവൾക്ക് ആശ്ചര്യമായി അവൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി..
“എന്താ ഇങ്ങനെ നോക്കുന്നത്? ഞാൻ പറഞ്ഞില്ലേ എന്നെ കണ്ട്കാണാൻ വഴിയില്ലാന്ന്.. എന്നെ കാണണമെന്ന് ഉണ്ടാവുമല്ലേ? എന്ത് ചെയ്യാനാ മാസ്ക്ക് ഊരരുതെന്നല്ലേ ചേട്ടൻ പറഞ്ഞിരിക്കുന്നത് “
അവൻ പറഞ്ഞത് കേട്ട് അവൾക്ക് ചിരിവന്നു..
“അങ്ങനെ ഒന്നുമില്ല.. ഇനി ഇപ്പോ എന്തായാലും സത്യം പറയാലോ.. ഈ മാസ്ക്ക് ഒക്കെ ചേച്ചീടെ ഐഡിയയാ.. വേറൊന്നുമല്ലാട്ടോ ഒന്ന് രണ്ട് മുഖക്കുരു വന്നത് കാരണം മുഖം കാണിക്കാൻ വിഷമിച്ചിരുന്നത് കൊണ്ട് ചേച്ചിയും ചേട്ടനും കൂടെ ഒപ്പിച്ചപണിയാ… ഇനീപ്പോ ഇതിന്റെ ആവശ്യമില്ലല്ലോ..” അതും പറഞ്ഞ് ചിരിച്ച് കൊണ്ട് അവൾ മുഖത്തെ മാസ്ക്ക് അഴിച്ചു…
അത് കേട്ട് അവനും ചിരിവന്നു..
“ആഹാ.. അപ്പോ താനും എന്റെ പോലെ അറിഞ്ഞ് കൊണ്ട് തന്നെയാ മാസ്ക്ക് ഇട്ടതല്ലേ? ഈ കൊറോണകൊണ്ട് അങ്ങനേം ഉപകാരമു ണ്ടായല്ലോ? “
അവൻ പറഞ്ഞത് കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി..
” ചേട്ടനും മുഖക്കുരുവാണോ പ്രശ്നം?”
” ഏയ്.. മുഖക്കുരു ഒന്നും അല്ല.. രാവിലെ ചെറിയൊരു അബദ്ധം പറ്റി..ബാർബർഷോപ്പ് എല്ലാം മുടക്കല്ലേ.. മീശയിൽ ഒന്ന് പണി പഠിച്ചതാ..അബദ്ധത്തിൽ ഒരു ഭാഗം അല്പം കയറിപ്പോയി.. ആകെ വിഷമത്തിലിരിക്കു മ്പോഴോ ഫ്രണ്ട് മാസ്ക്കിന്റെ കാര്യം പറഞ്ഞത്.. മാസ്ക്ക് അഴിക്കേണ്ടി വരുമോന്ന് ഒരു ടെൻഷനുണ്ടായിരുന്നു.. ഇവിടെ വന്നപ്പോൾ ചേട്ടന്റെ സ്വീകരണം കൂടെ കണ്ടപ്പോളാ സമാധാനമായത്.. ഇനീപ്പോ കാണിക്കുന്നതിൽ വിരോധമില്ലല്ലോ?” അത് പറഞ്ഞു അവനും മാസ്ക് അഴിച്ച് മാറ്റി….
ആ മീശ കണ്ട് അവളും അറിയാതെ ചിരിച്ച് പോയി..
ആ ചിരി പിന്നെ അവരുടെ ജീവിതത്തിലേക്ക് പടരാൻ അധിക സമയം വേണ്ടി വന്നില്ല..
അങ്ങനെ ബ്രേക്ക് ദ ചെയിൻ വീട്ടുകാരെല്ലാം കൂടെ ലോക്ക് ദ ചെയിൻ (താലികെട്ട്) ആക്കി മാറ്റി…