എന്നെങ്കിലും ഇവർക്കു മുന്നിൽ ഒരാണായി ജീവിച്ച് കാണിക്കണം എന്നു തന്നെയായിരുന്നു. പക്ഷേ കാലം തോൽപ്പിച്ചു. ആൺ ശരീരത്തിനുള്ളിൽ നിന്നും പെണ്ണ് തലപൊക്കി തുടങ്ങി…

Story written by NAYANA SURESH

മൂത്ത പെങ്ങൾടെ ഭർത്താവ് അടിവയറിന് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളിയപ്പോഴും അമ്മയുംപെങ്ങന്മാരും ഒന്നും മിണ്ടിയില്ല . മുറ്റത്ത് കിടന്നിടത്തു കിടന്ന് കരഞ്ഞപ്പോൾ ഉമ്മറത്തെ വാതിൽ ആദ്യം അടച്ചത് അച്ഛനാണ് .. തനിക്കു മുന്നെ പുറത്തേക്കെറിഞ്ഞ ബാഗ് ഓടിച്ചെന്നെടുത്ത് തുറന്നു നോക്കിയപ്പോൾ പകുതി കുപ്പിവളകളും പൊട്ടിയിരുന്നു …

പത്താം വയസ്സിൽ ചേച്ചിയുടെ പൊട്ടിനോട് തോന്നിയ കമ്പം പിന്നീട് വളയിലേക്കും,മാലയിലേക്കും , ഉടുപ്പിലേക്കും മാറി,പിന്നീട് മുഴുവനാക്കപ്പെടാത്തവന്റെ ഒളിച്ചോട്ടമായിരുന്നു ..അനിൽ എന്ന എന്നെ അനില യെന്നു വിളിച്ചു കളിയാക്കിയവർ , ഒൻപതെന്നു പറഞ്ഞും ചാന്തുപ്പൊട്ടെന്നു പറഞ്ഞും കവലയിൽ നാണം കെടുത്തിയവർ ,,,,

എന്നെങ്കിലും ഇവർക്കു മുന്നിൽ ഒരാണായി ജീവിച്ച് കാണിക്കണം എന്നു തന്നെയായിരുന്നു .. പക്ഷേ കാലം തോൽപ്പിച്ചു … ആൺ ശരീരത്തിനുള്ളിൽ നിന്നും പെണ്ണ് തലപൊക്കി തുടങ്ങി .. ഉണർന്നിരുന്നപ്പോഴെല്ലാം ഞാൻ പെണ്ണാണ്ണെന്ന് മനസ്സ് സ്വയം പറഞ്ഞു …. ഭാഷയും നടപ്പും തീർത്തും ആണിനെ മറന്നു .

അപ്പോഴും ഒരാണിന്റെ മുഖം മൂടിയണിഞ്ഞ ശരീരം പെണ്ണിന്റെ മനസ്സിനെ കാത്തു വെച്ചു ..

നാടിന് അപമാനമായവൻ

വീടിനു കൊള്ളാത്തവൻ

ആണും പെണ്ണും കെട്ടവൻ…അതെ മൂന്നാം മതൊരു പിറവിയെ അംഗീകരിക്കാത്തവർ ഞാനടക്കമുള്ളവരെ അങ്ങനെ വിളിച്ചു ചുറ്റുമുള്ളവർ…

തുണിക്കടകളിലെ സാരിയും സ്ത്രീകളുടെ നിറഞ്ഞ മാറും പലപ്പോഴും കണ്ണ് നനയിച്ചു …

എന്തിനാ ദൈവമേ ഇങ്ങനെ ജനിപ്പിച്ചെ

എന്നു നെഞ്ചുരുകി ദൈവത്തിനെ വിളിച്ചു …അവസാനം ട്രൈയ്ൻ കയറി … കയ്യിലെ ബാഗിൽ കാത്തു വെച്ച അമ്മ കാണാതെയെടുത്ത ഒരു സാരിയും , കുപ്പിവളകളും പൊട്ടും ചേർത്ത് പിടിച്ച് ആ യാത്ര തുടർന്നു …

അനാഥത്വത്തിന്റെ , ഒറ്റപ്പെടലിന്റെ തീക്ഷണമായ അനുവദം ..പിന്നീടങ്ങോട് തീവണ്ടിയരങ്ങ് പാടി തകർത്തവരുടെ കൂടെ ആരുടെയോ ഹീനമായ ഭാഷയിൽ പറഞ്ഞാൽ ആണും പെണ്ണും കെട്ടവരുടെ കൂടെ …

അവിടെ നിന്നാണ് ജീവിതം പഠിച്ചത് സ്നേഹമെന്തെന്നറിഞ്ഞത് … ഒറ്റപ്പെട്ടവരുടെ ഒരു വലിയ കൂട്ടമായിരുന്നവിടെ ,,,മുല്ലപ്പൂവിന്റെ , ചാന്തിന്റെ , ലിപ്സ്റ്റിക്കിന്റെ മണമുള്ള ദിനങ്ങൾ … ആണിന്റെതായ പുറം മോടികൾ അടച്ച് പെണ്ണായി ഒരുങ്ങി കണ്ണാടിയിൽ നോക്കിയ നിമിഷങ്ങൾ

അതെ സുന്ദരിയാണ് ….

വിശപ്പും , ദാഹവും , ചോരയുമുള്ള സുന്ദരി

പരസ്പരം തണലായി ചേർന്നു നിന്ന് സ്വയം അമ്മയും , പെങ്ങളും , മകളുമായ ഒരു പാട് പേർ …

”നീ എന്താ ഓർക്കണെ ,,, ഇറങ്ങണ്ടെ നമുക്ക് ”

വേണം ….

‘ നമ്മുടെ കൂട്ടത്തിൽ നിന്നുള്ള ആദ്യത്തെ ഐ എ എസ് ഓഫീസർ , അഭിമാനമാണടി ഞങ്ങൾക്കൊക്കെ .. നമ്മളൊക്കെ ശപിക്കപ്പെട്ടവരാണെന്നു കരുതുന്നവർ കാണണം ഇതൊക്കെ … നമുക്കും അഭിമാനത്തോടെ ജീവിക്കേണ്ട കാലം വന്നു … അറിയട്ടെ എല്ലാവരും

”ഈ ലോകത്തോട് എനിക്ക് പറയണം .. ഒരുപാട്.. ഒരു മൈക്കിനു മുന്നിൽ അഭിമാനത്തോടെ എനിക്കു പറയണമടി ഞാനൊരു ട്രാൻസ്ജൻഡറാണെന്ന്,,, ഈ ലോകം നമ്മുടെത് കൂടിയാണെന്ന് … ശിവനും ശക്തിയും ചേരാത്ത ഒന്നും ഈ ലോകത്തില്ലെന്ന് … ഞാൻ ആണിനെയും പെണ്ണിനെയും അറിഞ്ഞവളാണെന്ന് അതിലുപരി അർദ്ധനാരിയാണെന്ന്…..

…… വൈദേഹി …..

Leave a Reply

Your email address will not be published. Required fields are marked *