എന്ന് പ്രണയത്തോടെ ~ അവസാനഭാഗം (11) ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

പിന്നീട് ആരുഷിന്റെയും വേദികയുടെയും പ്രണയത്തിന്റെ നാളുകളായിരുന്നു. ഓരോ നിമിഷവും ആരുഷിന്റെ സ്നേഹത്തിന്റെ തീവ്രത അനുഭവിച്ചറിയുകയായിരുന്നു അവൾ.

ഇതിനിടയിൽ അവർ ബി കോം കംപ്ലീറ്റ് ചെയ്തു. ദിയയും ആരുഷും വേദുവും സിയയും എം ബി എ ക്ക് ചേർന്നു. ഋതിക് എം കോം കഴിഞ്ഞ് അക്കൗണ്ടന്റ് ആയി ഒരു ഓഫീസിൽ ജോയിൻ ചെയ്തു. മുനീറിന്റെ വാപ്പ അവന് ഗൾഫിൽ ജോലി ശരിയാക്കി അതിനാൽ അവൻ കടൽ കടന്നു. പോകുന്നതിന് മുൻപ് സിയയുടെയും മുനീറിന്റെയും ബന്ധം അവർ വാക്കാൽ ഉറപ്പിച്ചു. എം ബി എ കഴിഞ്ഞയുടൻ വിവാഹമെന്ന് തീരുമാനിക്കപ്പെട്ടു. ജോലി ആയപ്പോൾ തന്നെ ഋതിക് മാന്യമായി ദിയയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചുവെങ്കിലും ദിയയുടെ പപ്പ സേവ്യർ മകളെ ക്രിസ്ത്യൻ കുടുംബത്തിലേക്ക് മാത്രമേ കെട്ടിച്ചു വിടുള്ളൂ എന്ന് ഉറപ്പിച്ചു നിന്നു. എം ബി എ കഴിയുന്നതുവരെ നോക്കും അത് കഴിഞ്ഞും പപ്പ തീരുമാനം മാറ്റിയില്ലെങ്കിൽ ഋതിക്കിന്റെ കൂടെ ഇറങ്ങിപ്പോകുമെന്ന് ദിയ ഉറപ്പിച്ചു പറഞ്ഞു. ആരുഷിന്റെയും വേദികയുടെയും വീട്ടുകാർ അവരുടെ ബന്ധം അംഗീകരിച്ചു. പഠനം കഴിഞ്ഞ് നല്ലൊരു ജോലി നേടിയിട്ട് മതി വിവാഹമെന്നവർ തീരുമാനിച്ചു. അന്നത്തെ സംഭവത്തിനുശേഷം നവീനെ അവർ കണ്ടതേയില്ല.

ഓരോ പിണക്കവും ഇണക്കവും ആരുഷും വേദികയും ആസ്വദിച്ചു പോന്നു. ഇടയ്ക്കിടെ ആരുഷിന്റെ കുസൃതികൾ തുടർന്നു പോന്നെങ്കിലും ഏതിനും അതിർവരമ്പവർ സൃഷ്ടിച്ചിരുന്നു.

കോളേജ് കാലം അവർ പരമാവധി ആസ്വദിച്ചു പോന്നിരുന്നു. വേദികയുടേതായ സ്വാതന്ത്രങ്ങൾക്കൊന്നും ആരുഷ് തടസ്സം നിന്നിരുന്നില്ല. ഒഴിവുദിവസങ്ങളിൽ എല്ലാവരുമൊന്നിച്ച് കറങ്ങാൻ പോകുമായിരുന്നു. ഞായർ എന്ന ദിവസത്തിനുവേണ്ടിയാണ് ദിയ കാത്തിരിക്കുന്നത് തന്നെ. ബാക്കിയുള്ള ദിവസങ്ങളിൽ ഫോണിലൂടെ വീഡിയോ കാൾ ചെയ്യലും ചാറ്റുമൊക്കെയായിരുന്നു. ഞായർ ദിവസങ്ങളിൽ ഋതിക്കും ദിയയും ഇണക്കുരുവികളായി കടലോരത്ത് ചുറ്റിക്കറങ്ങിരുന്നു. ഇടയ്ക്ക് ഇതിനെച്ചൊല്ലി ദിയയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായി എങ്കിലും ദിയ കട്ടയ്ക്ക് പിടിച്ചു നിന്നു.

രണ്ടുവർഷം കടന്നുപോയി. എം. ബി. എ കംപ്ലീറ്റ് ചെയ്തവർ ജോലിക്ക് പ്രവേശിച്ചു. ഋതിക് അച്ഛന്റെ കമ്പനി ഏറ്റെടുത്തു. ദിയയും വേദികയും ഇൻഫോസിസിൽ ജോലിക്ക് കയറി. മുനീറും സിയയും തമ്മിലുള്ള നിക്കാഹ് ഗംഭീരമായി നടന്നു.

ഇതിനിടയിൽ ദിയയുടെ വിവാഹം ഒരു അമേരിക്കൻ ചാർട്ടേർഡ് അക്കൗണ്ടന്റുമായി ഉറപ്പിച്ചു. അയാളോട് ആദ്യമേ എല്ലാം തുറന്നു പറഞ്ഞെങ്കിലും ഇതൊക്കെ ഈ പ്രായത്തിൽ സാധാരണയാണെന്ന മറുപടിയായിരുന്നു അയാളിൽ നിന്നും ലഭിച്ചത്. വിവാഹം ഉറപ്പിച്ചതുമുതൽ അവൾ വീട്ടുതടങ്കലിലായിരുന്നു എന്നും പറയാം. ഒടുവിൽ മനസമ്മതത്തിന്റെ അന്ന് പള്ളിയിൽ വച്ച് തനിക്കിതിന് സമ്മതമല്ലെന്ന് അവൾ വിളിച്ചു പറഞ്ഞു. അത്രയും ആളുകളുടെ മുൻപിൽ വച്ച് അപമാനിച്ചെന്ന് പറഞ്ഞ് സേവ്യർ ദിയയെ വീട്ടിൽനിന്നും ഇറക്കിവിട്ട് ഇനിയിങ്ങനൊരു മകളില്ലെന്ന് പ്രഖ്യാപിച്ചു. പിറ്റേന്ന് തന്നെ ഋതിക് ദിയയെ താലി ചാർത്തി സ്വന്തമാക്കി.

ആരുഷിന്റെയും വേദികയുടെയും വിവാഹമാണിന്ന്. അവരുടെ പ്രണയത്തിന് പുത്തനൊരു ഭാവം കൈവരുന്ന ദിനം. പൂർണ്ണമായും വേദിക ആരുഷിന്റേതാകുന്ന ദിനം….

റെഡ് കളർ കാഞ്ചീപുരം സാരിയായിരുന്നു വേദികയുടെ വേഷം. മിതമായ ആഭരണങ്ങളോടൊപ്പം സിമ്പിൾ മേക്കപ്പ് കൂടിയായപ്പോൾ അവളുടെ ഭംഗി ഇരട്ടിച്ചു. കൂപ്പുകൈകളോട് കൂടി വേദിക ആരുഷിന്റെ താലിയേറ്റുവാങ്ങി. അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി നെറുകയിൽ അമർത്തി ചുംബിച്ചു ആരുഷ്. അച്ഛനമ്മമാരുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി നിറഞ്ഞുനിന്നു. ആരുഷ് നൽകിയ പുടവ ഏറ്റുവാങ്ങി ഫോട്ടോക്ക് പോസ് ചെയ്തു.

വലംകാൽ വച്ചവൾ നിലവിളക്കേന്തി ആരുഷിന്റെ വീടിന്റെ മഹാലക്ഷ്മിയായി. വൈകുന്നേരത്തെ റിസപ്ഷന് വൈൻ റെഡ് കളർ റോസ് സിൽക്കിന്റെ ഗൗൺ ആയിരുന്നു അവളുടെ വേഷം. ഗോൾഡും വൈൻ റെഡും നിറത്തിലെ മുത്തുകളും കല്ലുകളും ഗൗണിന്റെ ഭംഗി വർധിപ്പിച്ചു. കഴുത്തിൽ താലിമാല മാത്രമണിഞ്ഞു. മുടി പുഷ്അപ് ചെയ്ത് കുറച്ച് കേൾ ചെയ്തിട്ടു. വൈൻ റെഡ് ഷർട്ടും ബ്ലാക്ക് ബ്ലെയ്സറുമായിരുന്നു ആരുഷിന്റെ വേഷം.

രാത്രി കുളിച്ചു കഴിഞ്ഞപ്പോഴാണ് വേദികയ്ക്ക് ആശ്വാസമായത്.കുർത്തിയും ലെഗ്ഗിൻസും ധരിച്ചവൾ താഴേക്കിറങ്ങി വന്നു. ആരുഷിന്റെ അമ്മയുടെ അടുത്ത് കറങ്ങി നിന്നു. ബന്ധുക്കളെല്ലാം മടങ്ങിയിരുന്നു.

അമ്മയോടൊപ്പം കറങ്ങി നിൽക്കുന്ന വേദികയെ കണ്ട ആരുഷ് അവളെയൊന്ന് നോക്കി താടിതടവിയതിന് ശേഷം മുകളിലേക്ക് കയറിപ്പോയി. നെഞ്ചിലൂടൊരു മിന്നൽപ്പിണർ പാഞ്ഞതുപോലെ അവൾ നെഞ്ചിൽ തട്ടി. അവളുടെ ഭാവമാറ്റം കണ്ടപ്പോൾ ആരുഷിന്റെയമ്മയ്ക്ക് ചിരി വന്നു.

ഒന്നുമില്ലെങ്കിലും അഞ്ചാറുവർഷമായി കാണുന്നതല്ലേ നിങ്ങൾ എന്നിട്ടാണോ നിന്ന് വിറയ്ക്കുന്നത്. ചമ്മിയ ചിരിയോടവൾ നിന്നു.

അവൻ രാത്രി ഓരോ ഗ്ലാസ്സ് പാൽ കുടിക്കാറുണ്ട്. മോളിത് അവന് കൊടുത്തേക്ക് അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവർ പോയി. എന്തോ വല്ലാത്തൊരു പരിഭ്രമം തന്നെ പൊതിയുന്നതവൾ അറിഞ്ഞു….

ദീർഘനിശ്വാസത്തോടെ മുറിയിൽ കയറിയപ്പോഴേ കണ്ടു തന്നെ കാത്തിരിക്കുന്ന ആരുഷിനെ. അവന്റെ മിഴികളിൽ നിറഞ്ഞു നിന്ന കുസൃതി കലർന്ന പ്രണയഭാവം അവളെ കൂടുതൽ തളർത്തി. വാതിലടച്ച് അവളെ ചേർത്തുപിടിച്ചവൻ നെറുകയിൽ അധരമമർത്തി. കൈകൾ കുസൃതി കാണിച്ചു തുടങ്ങിയപ്പോൾ പിടഞ്ഞുമാറാനവൾ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അവളെയും കൊണ്ട് കട്ടിലിലമരുമ്പോഴും അധരവും കൈകളും അനുസരണയില്ലാതെ പായുമ്പോഴും അവളവനെ കൂടുതൽ ചേർത്തുപിടിച്ചു. ഒടുവിൽ തന്റെ പ്രണയമവളിൽ വർഷിച്ചുകൊണ്ടവൻ അവളുടെ മേലെ തളർന്നു വീണു. അടർന്നു മാറിയും അലിഞ്ഞു ചേർന്നും അവനവളെ ഓരോ തവണയും പ്രണയിച്ചുകൊണ്ടിരുന്നു. പടർന്ന സിന്ദൂരത്തോടൊപ്പം സീമന്തരേഖയിൽ ചുംബിച്ചു കൊണ്ടവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചപ്പോഴും പുത്തൻ പ്രണയഭാവം പകർന്ന ആലസ്യത്തിലമർന്ന് കിടക്കുകയായിരുന്നു അവൾ.

മൂന്നുവർഷങ്ങൾക്കിപ്പുറം ഋഗ്വേദ് എന്ന രണ്ടു വയസ്സുകാരനെ ആന കളിപ്പിക്കുന്ന സേവ്യറിനെ കണ്ട് ചിരിയടക്കാനാവാതെ ഋതിക് നിന്നു. അന്യമതക്കാരനെ സ്നേഹിച്ചെന്ന് പറഞ്ഞ് മോളെ ഇറക്കിവിട്ട മനുഷ്യനാ ഇപ്പോൾ കൊച്ചുമോനോടൊപ്പം ആന കളിക്കുന്നത് ഋതിക് പറഞ്ഞുനിർത്തിയതും ദിയ അവന്റെ വയറിനിട്ട് ഇടിച്ചു കഴിഞ്ഞിരുന്നു. ഒന്ന് തറപ്പിച്ച് നോക്കിയതിനുശേഷം ദിയയവനെ കെട്ടിപ്പിടിച്ചു.

മുനീറിനും സിയക്കും രണ്ടു മക്കളാണ് ഇരട്ടകളൊന്നുമല്ലട്ടോ. രണ്ടേകാൽ വയസ്സുകാരി ഐഷ മെഹ്റിനും നാലു മാസം പ്രായമുള്ള റിസ്വാൻ മുഹമ്മദുo.അവരിപ്പോൾ ദുബായിയിലാണ്.

ആരുഷിനും വേദികയ്ക്കും ഒരു വയസ്സുകാരി ആവേദ്യ. അവളുടെ കുറുമ്പും കുസൃതിയും പ്രണയവുമായവർ ജീവിക്കുന്നു.

The End…

ഞാൻ മുൻപ് എഴുതി വച്ചിരുന്ന കഥയായിരുന്നു. അന്ന് എഴുതിയതുകൊണ്ടുതന്നെ ഇന്ന് അതൊരു സ്ഥിരം ക്ലീഷേ ആയിരുന്നു. അതുകൊണ്ടുതന്നെ അവസാനം പെട്ടെന്ന് തീർക്കേണ്ടി വന്നു. മറ്റൊരു പ്രണയകഥയുമായി ഉടനെ വരാമേ. ഇതെന്റെ കഥയാണെന്ന് പറഞ്ഞ് നെഞ്ചോട് ചേർത്തവർക്കും പ്രോത്സാഹിപ്പിച്ചവർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നവർക്കും.. കഥാവസാനം വരെ കൂടെ നിന്ന എല്ലാവർക്കും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *