വേദൂ….
പനിനീർറോസയിലെ പൂക്കളിലേക്ക് ഹോസിലൂടെ വെള്ളം ചീറ്റിച്ചു കൊണ്ടിരുന്ന വേദിക പുഞ്ചിരിയോടെ തിരിഞ്ഞു.
ദാ വരുന്നമ്മേ….
പറയുന്നതിനൊപ്പം കൈകൾ പിണച്ചുകെട്ടി മുഖത്ത് പിണക്കഭാവത്തോടെ നിന്നിരുന്ന എട്ടുവയസ്സുകാരൻ വ്യാസൂട്ടനെ കൈയിൽ വലിച്ച് അകത്തേക്ക് നടന്നു.
ആഹാ.. ഇന്നും വഴക്കായോ രണ്ടും കൂടി കപട ദേഷ്യത്തോടെ മായ ചോദിച്ചു. അമ്മേ ഇവനിന്നലെയും ആഗ്നേയക്ക് എന്റെ ചെടിയിൽ നിന്നും പൂക്കൾ പൊട്ടിച്ചു കൊടുത്തു ഇടുപ്പിൽ കൈയൂന്നി വേദു പരാതിപ്പെട്ടി തുറന്നു. എന്റെ പൊന്ന് വേദൂ ഒന്നുമില്ലെങ്കിലും നീയല്ലേ മുതിർന്നത്. നിന്നെക്കാൾ പത്തു പതിനൊന്ന് വയസ്സിനിളയതല്ലേ അവൻ. ആ ചെടിയിൽ നിന്നും പൂക്കൾ പൊട്ടിച്ചെന്ന് കരുതി എന്താകാനാ മായ ശബ്ദമുയർത്തി.
അല്ലെങ്കിലും അമ്മ ഇവന്റെ സൈഡ് അല്ലേ എന്നെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ വേദു പരിഭവിച്ചു.
ദേ പെണ്ണേ കിന്നരിച്ചു നിൽക്കാണ്ട് പോകാൻ നോക്ക് കോളേജിലേക്ക് പറഞ്ഞുകൊണ്ട് മായ അടുക്കളയിലേക്ക് കടന്നു.B com സെക്കന്റ് ഇയർ വിദ്യാർത്ഥിനിയാണ് വേദിക .
നിന്നെ തവിട് കൊടുത്ത് തന്നെ വാങ്ങിയതാടീ. ഞാനിനിയും പൂക്കൾ പൊട്ടിക്കും. ഒന്ന് പോയേടീ ചേച്ചീ കൊഞ്ഞനം കുത്തിക്കൊണ്ട് മുകളിലേക്കുള്ള പടവുകൾ കയറിയോടി വ്യാസൂട്ടൻ.
ഡാ.. വേദു വിളിച്ചുകൊണ്ട് തിരിയും മുൻപേ അവൻ റൂമിൽ കയറി കതകടച്ചു. ചിരിയോടെ അവൾ തന്റെ മുറിയിലേക്ക് കയറി.
കുളി കഴിഞ്ഞ് ലയർ കട്ട് ചെയ്തിട്ടേക്കുന്ന അരയൊപ്പം നിൽക്കുന്ന മുടി ഹെയർ ഡ്രയർ വച്ച് ഉണക്കി വിടർത്തിയിട്ടു. വെളുത്തിട്ടാണ് വേദു. വിടർന്ന ചാര നിറമുള്ള മിഴികൾ. ഉയർന്ന മൂക്കിൽ ചുവന്ന കല്ലുപതിച്ച മൂക്കുത്തി. ഇളം റോസ് നിറത്തിലെ വിടർന്ന അധരം. താടിയിലെ ചുഴി ചിരിക്കുമ്പോൾ തെളിഞ്ഞു കാണാം. വെള്ളയിൽ ആകാശനീല പൂക്കൾ കഴുത്തിൽ എംബ്രോയിഡറി ചെയ്ത ഷിഫോൺ ടോപ്പും ആകാശനീല ബോട്ടവും ധരിച്ച് ദുപ്പട്ട കഴുത്തിലൂടെ അലസമായിട്ടു. കൈകളിൽ വെള്ള നിറത്തിലെ കുപ്പിവളകളിട്ടു. ചാരനിറത്തിലെ മിഴികൾ കാജൽ ഉപയോഗിച്ച് ഭംഗിയായെഴുതി. വെള്ളക്കൽ പൊട്ടും പതിച്ച് ഒരുക്കം പൂർത്തിയാക്കി. ബാഗുമെടുത്തവൾ പടവുകൾ ചാടിയിറങ്ങി. പ്രാതൽ കഴിച്ച് അമ്മയോട് പറഞ്ഞ് വ്യാസൂട്ടനെയും കൂട്ടി ആക്ടീവയിൽ കയറി. വേദുവാണ് വ്യാസൂട്ടനെ സ്കൂളിലാക്കുന്നത്. ലൈസൻസ് എടുത്തത് മുതൽക്കുള്ള പതിവാണിത്. സ്കൂൾ ഗേറ്റിൽ കൊണ്ടിറക്കിയപ്പോൾ തന്നെ ആഗ്നേയയെ കണ്ട് വേദു വ്യാസൂട്ടനെ നോക്കി കളിയാക്കി ചിരിച്ചു. ആഗ്നേയ വ്യാസൂട്ടന്റെ ക്ലാസ്സിലാണ്.
ഹായ് മോളേ.. വേദു ആഗ്നേയയെ വിഷ് ചെയ്തു. ഹായ് ചേച്ചീ വിളിക്കുന്നതിനൊപ്പം കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനെയും കൂട്ടി അവൾ വേദുവിനടുത്തേക്ക് വന്നു. വ്യാസ് ടാ ഇതാ എന്റെ അങ്കിൾ അവളവനെ പരിചയപ്പെടുത്തി. വ്യാസിന്റെ തലയിലൊന്ന് തഴുകുന്നതിനൊപ്പം അവൻ വേദുവിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. ഋതിക് പരിചയപോലെടുത്തിക്കൊണ്ടവൻ അവൾക്ക് കൈനീട്ടി. വേദിക അവളും കൈകൊടുത്തു. അവളെ നോക്കി പോകുന്നെന്ന രീതിയിൽ തലയാട്ടിക്കൊണ്ട് അവൻ ബൈക്കിനടുത്തേക്ക് പോയി.
ആഗ്നേയമോളേ വ്യാസൂട്ടന് മോളെപ്പറ്റി പറയാനേ നേരമുള്ളൂ. മോളെ ഭയങ്കര ഇഷ്ടമാ അല്ലേടാ. ഒന്നും മനസ്സിലാകാതെ ചിരിച്ചുകൊണ്ട് നിന്ന ആഗ്നേയയുടെ കൈ പിടിച്ച് വ്യാസ് വലിച്ചുകൊണ്ട് അവൻ നടന്നു. പോടീ.. വേദികയെ നോക്കി പതിയെ പറഞ്ഞു വ്യാസൂട്ടൻ . പൊട്ടിവന്ന ചിരി കടിച്ചമർത്തി വേദു വണ്ടിയെടുത്തു.
കോളേജിൽ എത്തി പാർക്കിങ്ങിൽ ആക്ടീവ ഒതുക്കി അവൾ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിലെത്തിയതും തന്റെ ഫുൾ ഗാങ് അവിടെയെത്തിയത് കണ്ടവൾ അന്തംവിട്ടു.
ആഹാ.. കോഴിക്കൂട്ടം ഇന്ന് നേരത്തെയാണല്ലോ.. എന്ത് പറ്റി.? കൂട്ടത്തിലെ മറ്റൊരു കോഴിയെ വെയിറ്റ് ചെയ്തിരുന്നതാടി.പരിഹാസത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് ദിയ മറുപടി പറഞ്ഞു. നിന്നെക്കാൾ വലിയ കോഴി വേറെയേതാ മോളേ പറഞ്ഞുകൊണ്ട് അവളുടെ തോളിൽ കളിയായി വേദിക തട്ടി.
വേദിക, ദിയ സേവ്യർ,ആരുഷ്, മുനീർ, സിയ ഇവരാണ് കൂട്ടുകാർ . വേദികയും ദിയയും വായാടികളാണ് പിന്നെ ദിയ നല്ല അസ്സലായി വായിനോക്കും . സിയ പാവമൊരു ഉമ്മച്ചിക്കുട്ടി. ആരുഷും മുനീറുമാണ് അവളുമാരുടെ ബോഡിഗാർഡ്‌സ്. സിയയും മുനീറും നാലുവർഷമായി സ്നേഹത്തിലാണ്. പ്ലസ് വൺ മുതലേയുള്ള പരിചയമാണ് അവർ തമ്മിൽ.ആരുഷിന്റെ ഹൃദയത്തിൽ ഒരു പെൺകുട്ടിയുണ്ടെന്നറിയാമെങ്കിലും അതാരാണെന്നവൻ പറഞ്ഞിട്ടില്ല. സർപ്രൈസ് എന്ന് പറഞ്ഞവൻ നിർത്തിയിരിക്കുകയാണ്. അവൻ അവരോട് മറച്ചു വച്ചിരിക്കുന്ന ഏക രഹസ്യം. ദിയയും വേദുവും ഫ്രീ ബേർഡ്‌സ് ആണ്. ആരുഷ് അതിനാൽ എപ്പോഴും ഇവരുടെ കൂടെ കാണും. മുനീറും സിയയും സൊള്ളലിലായതിനാൽ ആരുഷും വേദുവും ദിയയും കൂടി പുറത്തേക്കിറങ്ങി.
PG യിൽ ക്ലാസ്സ് തുടങ്ങിയല്ലേ വേദു ചോദിച്ചു. ഹോ.. ചുള്ളന്മാർ എത്രയെണ്ണമുണ്ടോയെന്തോ ദിയയുടെ ഉള്ളിലെ പിടക്കോഴി കൊക്കിക്കൊണ്ട് പുറത്തു വന്നു. ആരുഷ് രൂക്ഷമായവളെ നോക്കി. വേദു ചിരി കടിച്ചമർത്തി.
എന്താടാ നോക്കുന്നത് സുന്ദരികളായ പെൺപിള്ളേരാകുമ്പോൾ ഇങ്ങനൊക്കെ തന്നെയാ ചുണ്ട് കൂട്ടിക്കൊണ്ട് ദിയ പറഞ്ഞു.
അതേടീ.. നിന്നെപ്പോലുള്ള പിടക്കോഴികൾ ഇങ്ങനൊക്കെ തന്നെയാ. നിന്റെയീ പരട്ട സ്വഭാവം കാരണം രണ്ടു തവണയാണ് സസ്പെൻഷൻ അടുത്തു കൂടിപ്പോയത്. ഏവനെയെങ്കിലും നോക്കി കിണിച്ചിട്ട് അവന്മാർ പുറകെ നടന്നു.. അത് പറഞ്ഞു.. ഇത് പറഞ്ഞു എന്നൊക്കെ പറഞ്ഞു കരയുമ്പോൾ അടിയുണ്ടാക്കാൻ പോകാൻ ഞാനുണ്ടല്ലോ ആരുഷ് പറഞ്ഞു നിർത്തി.
നീ പോടാ.. അതിനല്ലേ ബോഡിഗാർഡ് ആയി നിന്നെ കൊണ്ടുനടക്കുന്നത് ദിയ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു. ഡി.. പെണ്ണായാൽ ഇതുപോലെ വേണം. പിന്നാലെ വരുന്നവരെ ഒറ്റവാക്കിൽ നോ പറഞ്ഞ് വിടുമെന്റെ വേദു.. പൊട്ടിച്ചിരിച്ചു കൊണ്ട് നിൽക്കുന്ന വേദുവിനെ നോക്കിക്കൊണ്ട് ആരുഷ് പറഞ്ഞു.
ദേ നോക്കെടാ നവി.. സൂപ്പർ ഒരെണ്ണം. വെണ്ണപോലെയുണ്ട്. നല്ല സ്ട്രക്ചർ അളിയാ ഗോകുലിന്റെ വർണ്ണന കേട്ടാണ് ബൈക്കിലിരുന്ന നവീൻ തിരിഞ്ഞുനോക്കിയത്. മുന്നോട്ട് വീണുകിടക്കുന്ന സിൽക്ക് പോലുള്ള മുടിയിഴകളെ മാടിയൊതുക്കി ആരുഷിനും ദിയക്കുമൊപ്പം പൊട്ടിച്ചിരിക്കുന്ന വേദുവിലേക്ക് അവന്റെ നോട്ടം പാറിവീണു. ധരിച്ചിരിക്കുന്ന വെള്ളനിറത്തിലെ ഷിഫോൺ ചുരിദാർ അവളോടൊട്ടിക്കിടക്കുന്നു. കഴുത്തിൽ പിണഞ്ഞിരിക്കുന്ന ദുപ്പട്ട കാരണം സ്ട്രക്ചർ നന്നായി അറിയാം. ഒതുങ്ങിയ ശരീരം. മൂക്കിലെ വെട്ടിത്തിളങ്ങുന്ന ചുവന്ന കല്ലുപതിച്ച മൂക്കുത്തി. റോസ് നിറമാർന്ന അധരങ്ങൾ. ചിരിക്കുമ്പോൾ തെളിയുന്ന നിരയൊത്ത പല്ലുകൾ. നവീന്റെ കണ്ണുകൾ തിളങ്ങി. അവൻ പോലുമറിയാതെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
വേദുവിനെ പറ്റിയാണ് പറയുന്നതെന്ന് മനസ്സിലായ ദിയയും വേദുവും സ്തബ്ധരായി നിന്നു.ആദ്യമായാണ് ഇങ്ങനൊരു വൾഗർ കമന്റ്. വേദുവിന്റെ കണ്ണുകൾ നിറഞ്ഞു. ദിയ അവളെ ചേർത്തുപിടിച്ചു. വേദുവിന്റെ മുഖത്ത് ഒരുനിമിഷം ആരുഷിന്റെ നോട്ടം പതിഞ്ഞു. തൊട്ടടുത്ത നിമിഷം ആരുഷ് ദേഷ്യത്തോടെ വെട്ടിത്തിരിഞ്ഞ് ഗോകുലിനെ ഷർട്ടോടെ എടുത്തുയർത്തിയിരുന്നു. അവന്റെ കവിളടക്കം പലതവണ ഉയർന്നുതാണ ആരുഷിന്റെ കൈകൾ ഓടിയെത്തിയ വേദുവും ദിയയും പിടിച്ചു മാറ്റാൻ നോക്കി. ആരുഷിനെ പിടിച്ചു മാറ്റാൻ ചെന്ന നവീനെ പിടിച്ചു തള്ളിക്കൊണ്ട് വേദുവിനെ തന്നിലേക്ക് ചേർത്തുനിർത്തി ആരുഷ്.
തുടരും….