മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഋതിക് അടുത്തെത്തിയതും ആരുഷ് ക്ലാസ്സിലേക്ക് നടന്നു. ദേഷ്യം വന്നിട്ടാണ് ആരുഷ് പോയതെന്ന് വേദികയ്ക്ക് മനസ്സിലായി. പക്ഷേ അതെന്തിനാണെന്ന് എന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
എന്ത് പറ്റി കൂട്ടുകാരന്. ഞാൻ വന്നതും പോയല്ലോ ഋതിക്കിന്റെ ചോദ്യമാണ് വേദികയെ ഉണർത്തിയത്. ക്ലാസ്സിൽ കയറാറായല്ലോ അതാ അവൻ പോയത് മുനീർ ഇടപെട്ടു.
സംസാരിക്കുമ്പോൾ പലപ്പോഴും ഋതിക്കിന്റെ മിഴികൾ വേദികയിലേക്ക് പായുന്നത് ദിയയും മുനീറും ശ്രദ്ധിച്ചു. വേദിക എന്തോ പതിവിലും നിശ്ശബ്ദയായിരുന്നു.
ക്ലാസ്സിൽ കയറുമ്പോഴും ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ പോകുമ്പോഴും വേദികയും ആരുഷും പരസ്പരം നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. വീട്ടിലെത്തിയിട്ടും അവളുടെ മനസ്സ് ശാന്തമായില്ല. തല്ലുണ്ടാക്കാൻ വന്ന വ്യാസൂട്ടനോടൊപ്പം പതിവ് തല്ല് കൂടാൻ നിൽക്കാത്തത് കൊണ്ടാകാം വ്യാസൂട്ടൻ ഓടിവന്നവളുടെ മടിയിൽ കിടന്നു. അവന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ പതിയെ പിന്നെ ശ്രദ്ധ അതിലേക്കായി. മകളുടെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്ന മായ ദേവൻ വന്നയുടൻ അതറിയിക്കുകയും ചെയ്തു.
അത്താഴത്തിനുശേഷം ദേവൻ വേദുവിന്റെ റൂമിലേക്ക് വന്നു. പുസ്തകം തുറന്നു വച്ചിരുന്നിട്ടും അവളുടെ ശ്രദ്ധ അവിടല്ലെന്ന് അയാൾക്ക് തോന്നി.
മോളേ.. ചുമലിൽ കരസ്പർശമേറ്റവൾ എഴുന്നേറ്റു. ചോദ്യഭാവത്തിൽ അച്ഛനെ നോക്കി. അയാൾ അടുത്തുള്ള കസേരയിൽ ഇരുന്നു.
എന്ത് പറ്റി ഇന്ന് ആകെയൊരു മൂഡ്ഓഫ്.? കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അയാൾ അന്വേഷിച്ചു. ഇല്ലച്ഛാ.. അവൾ പറഞ്ഞു.
മോൾക്ക് ആരോടെങ്കിലും ഇഷ്ടമോ മറ്റോ മുഴുവനാക്കാതെ ദേവൻ അവളുടെ മുഖത്തേക്കുറ്റുനോക്കി.
അച്ഛാ.. ഒരിക്കലുമില്ല. ഞാൻ എന്തൊക്കെയോ ആലോചിച്ചിരുന്നതാ. അങ്ങനെ ഒരിഷ്ടമുണ്ടെങ്കിൽ ഞാനാദ്യം അച്ഛനോട് പറയും. അവളുടെ വാക്കുകൾക്കുണ്ടായ ദൃഢതയിൽ ദേവനിൽ ആശ്വാസം നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.
എന്നാൽ ഉറക്കത്തിലേക്ക് വീഴും മുൻപേ അവളിൽ നിറഞ്ഞു നിന്നത് ആരുഷിന്റെ മിഴികളിൽ ഇന്നുകണ്ട ഭാവമായിരുന്നു. അത് സൗഹൃദമല്ലെന്ന് മാത്രം അവൾക്കറിയാമായിരുന്നു. ഇന്നുവരെ ആരിലും താൻ കണ്ടിട്ടില്ലാത്ത ഒരു ഭാവമെന്ന് മാത്രമേ അവൾക്കപ്പോൾ മനസ്സിലായുള്ളൂ.
പിറ്റേന്ന് കോളേജിൽ പോയപ്പോൾ തന്നെ കണ്ടു ആരുഷിനെ. അവന്റെ മുഖത്തെ ക്ഷമ ചോദിക്കുന്ന ഭാവം കണ്ടവൾക്ക് ചിരിവന്നു.
മ്.. ഇന്നലെ എയർ പിടിച്ചു നടക്കുവായിരുന്നല്ലോ എന്ത് പറ്റി ഇപ്പോൾ വന്ന് മിണ്ടാൻ ക്ലാസ്സിലേക്ക് നടക്കുന്നതിനിടെ അവൾ ചോദിച്ചു. കുട്ടികൾ അധികമാരും വന്നു തുടങ്ങിയിരുന്നില്ല.
സോറി ഡി ആരുഷ് പറഞ്ഞു.
സത്യം പറയ് നീയിന്നലെ ഋതിക്കേട്ടൻ വന്നത് കൊണ്ടല്ലേ പോയത് വേദിക സംശയത്തോടെ ചോദിച്ചു.
അതെ.. എനിക്കവനെ ഇഷ്ടമല്ല വെട്ടിത്തുറന്ന് ആരുഷ് പറഞ്ഞു.
അതെന്താടാ ചേട്ടൻ നല്ല ഗ്ലാമർ അല്ലേ.ഇനി അതുകൊണ്ടാണോ കളിയാക്കിക്കൊണ്ടവൾ ചോദിച്ചതും ആരുഷവളെ വലിച്ച് ചുമരിനോട് ചേർത്തു.
പറയെടീ എന്നേക്കാൾ ഗ്ലാമറാണോ അവൻ വേദികയുടെ മിഴികളിലേക്ക് ഉറ്റു നോക്കിയവൻ ചോദിച്ചു.
ഇരുതോളിലും കൈകളമർത്തി ചേർന്നുനിന്നവൻ ചോദിക്കുന്നത് കേട്ടവൾ പതറിപ്പോയി. നെറ്റിയിലേക്ക് വീണുകിടക്കുന്ന അലസമായ നീളൻ മുടിയിഴകളും തന്റെ നേരെ നോക്കുന്ന കുസൃതി നിറഞ്ഞ കറുത്ത മിഴികളും ട്രിം ചെയ്ത് ഒതുക്കിയ മീശയും താടിയും. ആദ്യത്തെ ബട്ടൺ തുറന്നു കിടക്കുന്നതിനാൽ നെഞ്ചിലെ രോമക്കാടുകളും അതിനിടയിൽ ലവ് ഷെയ്പ് ലോക്കറ്റോടുകൂടിയ സച്ചിൻ മോഡൽ ചെയിനും ലൈറ്റ് ഗ്രീനും ബ്ലാക്കും കലർന്ന ഷർട്ടിലും അവളുടെ നോട്ടം പതിഞ്ഞു.അവന്റെ തോളിന് താഴെയേ തനിക്ക് ഉയരമുള്ളൂ. ഉറച്ച ശരീരമായതുകൊണ്ട് മസിൽമാനെന്ന് ഇടയ്ക്കിടെ ദിയ കളിയാക്കാറുള്ളത് അവളോർത്തു.
അവനും അവളെത്തന്നെ നോക്കുവായിരുന്നു. ലെയർ കട്ട് ചെയ്ത ക്രാബ് വച്ച് വിടർത്തിയിട്ട മുടി അനുസരണയില്ലാതെ മുഖത്തേക്ക് വരുന്നുണ്ട്. മെറൂൺ കളർ ത്രീ ഫോർത്ത് കൈയുള്ള കുർത്തിയും ബോട്ടവുമാണ് വേഷം. കാതിൽ റോസാപ്പൂവിന്റെ സ്റ്റഡ്. ഐ ലൈനർ വരച്ചു സുന്ദരമാക്കിയ ചാരമിഴികൾ. നെറ്റിയിൽ വിയർപ്പിൽ കുതിർന്ന ചന്ദനം.
ഇത് അസൂയ തന്നെ മോനേ.. ആണുങ്ങൾക്കും അപ്പോൾ അസൂയ ഉണ്ടാകുമല്ലേ.. ഒരുനിമിഷം പതറിപ്പോയെങ്കിലും അവന്റെ വയറ്റിൽ ഇടിച്ചു കൊണ്ടവൾ അവനെ കളിയാക്കി. ഹഹഹ.. പൊട്ടിച്ചിരിയായിരുന്നു അതിന് മറുപടി.
അന്ന് ക്ലാസ്സിൽ എല്ലാവരും സന്തോഷത്തിലായിരുന്നു. അഞ്ചുപേരും നന്നായി പഠിക്കുകയും ചെയ്യുമെങ്കിലും ആരുഷാണ് പഠനത്തിൽ മുൻപിൽ.
ദിവസങ്ങൾ കടന്നുപോയി. ഋതിക് പലതവണ കൂട്ടുകാരോടൊപ്പവും അല്ലാതെയും വേദികയെയും സുഹൃത്തുക്കളെയും കണ്ടു. പലപ്പോഴും ദിയയുടെ ഉള്ളിലെ പിടക്കോഴി ഋതിക്കിനെ കാണുമ്പോൾ പുറത്തുവരുമെങ്കിലും കുറച്ച് അരിമണി വാരിവിതറി അവളതിനെ കൂട്ടിലേക്ക് തിരികെ കയറ്റിക്കൊണ്ടിരുന്നു. വ്യാസിന്റെയും ആഗ്നേയയുടെയും കാര്യം പറഞ്ഞവർ ചിരിച്ചു മറിഞ്ഞു. ആഗ്നേയയ്ക്ക് കിട്ടുന്ന പൂക്കളുടെ ഉറവിടം വ്യാസാണെന്ന് അറിഞ്ഞ് ഋതിക്കിന് ചിരിയടക്കാനായില്ല. ഋതിക് വരുമ്പോഴൊക്കെ ആരുഷിന്റെ മുഖം മാറുന്നത് ദിയ ശ്രദ്ധിച്ചിരുന്നു. വേദികയ്ക്ക് സംശയമുണ്ടാക്കുമെന്ന കാരണത്താൽ അവനവിടെ നിന്നും മാറാൻ പറ്റാതായി. പലപ്പോഴും അതുമൂലമുള്ള അസ്വസ്ഥത അവനിൽ പ്രകടമായിരുന്നെങ്കിലും ഋതിക് അതിനെ കാര്യമാക്കിയിരുന്നില്ല. മുനീർ വഴി സിയ ഇക്കാര്യം അറിഞ്ഞിരുന്നെങ്കിലും വേദികയും ദിയയും അറിയരുതെന്ന് മുനീർ സിയയെ ചട്ടംകെട്ടിയിരുന്നു.
സെമസ്റ്റർ അടുക്കാറായതിനാൽ എല്ലാവരും പരീക്ഷാച്ചൂടിലേക്ക് വീണു. അധ്യാപകർ പോർഷൻസ് തീർക്കുകയും റിവിഷൻ തുടങ്ങുകയും ചെയ്തു. കമ്പെയ്ൻ സ്റ്റഡി നടത്തിയും പ്രീവിയസ് ക്വസ്‌റ്റൻ പേപ്പേഴ്സ് നോക്കിയും അവർ പഠനം തുടർന്നു.
ഉച്ച കഴിഞ്ഞ് ലൈബ്രറിയിൽ പോയതായിരുന്നു ആരുഷും ദിയയും വേദികയും. തിരിച്ചിറങ്ങിയപ്പോഴാണ് സാർ വിളിക്കുന്നെന്ന് ഒരാൾ വന്നു പറഞ്ഞത്. ദിയയോടും വേദുവിനോടും നടക്കാൻ പറഞ്ഞവൻ തിരികെ കയറി. അല്പം മുന്നോട്ട് നടന്നപ്പോഴാണ് നവീനെ കണ്ടത്. അവരുടെ മുൻപിലായി അവൻ വന്നു നിന്നത് കണ്ട് അവരൊന്ന് അമ്പരന്ന് പരസ്പരം നോക്കി.
വേദിക.. തുറന്നു പറയുകയാണ് എനിക്ക് തന്നെ ഇഷ്ടമാണ്. അന്ന് കണ്ടപ്പോഴേ ഇഷ്ടമായതാ. വൈകി പറയേണ്ടെന്ന് കരുതിയാ ആദ്യമേ പറയുന്നത്. വെറുമൊരു നേരംപോക്കിനായല്ല മറിച്ച് എന്റെ ജീവിതത്തിലേക്ക് എന്നെന്നേക്കുമായാണ് തന്നെ ഞാൻ ക്ഷണിക്കുന്നത്. തനിക്ക് വേറെ റിലേഷൻ ഒന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടാണ് പറയുന്നത്. കണ്ടപ്പോൾ മുതലേ എന്റെ മനസ്സിൽ പതിഞ്ഞ ആദ്യത്തെ പെണ്ണാ നീ. നിന്റെയീ ചാരമിഴികളും പുഞ്ചിരിയുമെല്ലാം എനിക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു പോയി. റിയലി ഐ ലവ് യു വേദിക.. നവീൻ തുറന്നു പറഞ്ഞു.
സോറി ചേട്ടാ ചേട്ടനോടെന്നല്ല ആരോടും എനിക്ക് ഇഷ്ടമല്ല. പ്രേമിച്ച് നടക്കാൻ താല്പര്യവുമില്ല.. എന്നോടിനി ഇക്കാര്യം പറയരുത്..
തന്റെ മറുപടിക്കായി പ്രതീക്ഷയോടെ നോക്കിനിൽക്കുന്ന നവീനെ നോക്കി ഒരുനിമിഷത്തെ പതർച്ചയ്ക്കുശേഷം വേദു പറഞ്ഞശേഷം തിരികെ നടന്നു.
വേദിക പ്ലീസ്.. താനൊന്ന് ആലോചിച്ചശേഷം പറഞ്ഞാൽ മതി പെട്ടെന്ന് വേദികയുടെ കൈയിൽ പിടിച്ചുകൊണ്ട് അവൻ കെഞ്ചി. കൈയിൽ നിന്ന് വിട്.. എനിക്കിഷ്ടമല്ല ആലോചിക്കാനൊന്നുമില്ല അവനിൽ നിന്നും കൈവലിക്കാൻ ശ്രമിച്ചുകൊണ്ടവൾ ഉറപ്പിച്ചു പറഞ്ഞു. ദിയയും കൈ വിടുവിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്തോ പറയാൻ വന്ന നവീന് അതിന് കഴിയുന്നതിന് മുൻപേ അവൻ തറയിലേക്ക് തെറിച്ചു വീണിരുന്നു. കോപം കത്തിജ്വലിക്കുന്ന മിഴികളോടെ ആരുഷ് നിൽപ്പുണ്ടായിരുന്നു. പാഞ്ഞുചെന്ന് തറയിൽ നിന്നവനെ വലിച്ചുയർത്തി ചുമരോട് ചേർത്ത് കവിളിൽ ആഞ്ഞടിച്ചു ആരുഷ്.
ആരുഷിന്റെ വെട്ടിത്തിളക്കുന്ന കോപം കണ്ട് അമ്പരന്ന് ദിയ നിൽക്കവേ അവന്റെ മിഴികളിൽ തെളിയുന്ന അഗ്നി കണ്ട് വായിൽ കൈയമർത്തി ചുവരോട് ചേർന്ന് നിന്നുപോയി വേദിക.
വിറച്ചു നിൽക്കുന്ന വേദികയെ തന്നോട് ചേർത്ത് നിർത്തി ആരുഷ് പറഞ്ഞു നീയെന്നല്ല ആരും പിന്നാലെ വരരുത് ഇവളുടെ. അന്ന് ഞാൻ വാണിംഗ് തന്നതാ. ഇനിയെന്റെ പെണ്ണിന്റെ പിറകെ വന്നാൽ എനിക്ക് തന്നെയറിയില്ല ഞാനെന്തൊക്കെ ചെയ്യുമെന്ന്. ആരുഷിന്റെ പെണ്ണാ വേദിക. എന്റെ പ്രണയം.
ആരുഷ് പറഞ്ഞത് കേട്ട് അവന്റെ നെഞ്ചോട് ചേർന്ന് ഞെട്ടിത്തരിച്ച് നിൽക്കാനേ വേദികയ്ക്കായുള്ളൂ. അവന്റെ മിഴികളിൽ അന്ന് കണ്ടത് പ്രണയത്തിന്റെ ആഴക്കടലാണെന്ന് അപ്പോഴവൾ തിരിച്ചറിഞ്ഞു. അവളുടെ മിഴികൾ മാത്രം നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
തുടരും….