എന്ന് സ്വന്തം മിത്ര ~ അവസാനഭാഗം (39) ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അഞ്ചു വർഷങ്ങൾക്ക് ശേഷം….

“ഈ വർഷത്തെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു..

രണ്ടാം തവണയും പ്രശസ്ത സാമൂഹിക പ്രവർത്തകയും വുമൺ ആക്ടിവിസ്റ്റും ആയ മിത്ര കിരൺ പുരസ്‌കാരത്തിന് അർഹയായി.. “എന്റെ രാത്രിയുടെ നക്ഷത്രങ്ങൾ ” എന്ന പുസ്തകത്തിന് ആണ് പുരസ്‌കാരം ലഭിച്ചത്.. കഴിഞ്ഞ നാലു വർഷം ആയി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കഷ്ടത അനുഭവിച്ചു ഒറ്റക്ക് കഴിയുന്നവരെ സഹായിച്ചും പുനരധിജീവിച്ചും സമൂഹത്തിന് മാതൃക ആയി കൊണ്ടിരിക്കുന്ന മിത്ര ഇപ്പോൾ സുഹൃത്തും വനിതാകമീഷൻ അംഗവും ആയ നീലാംബരിക്കൊപ്പം സ്വർഗം എന്നൊരു ചാരിറ്റി സ്ഥാപനം നടത്തി വരികയാണ്… മിത്രയുടെ ഭർത്താവ് കിരൺ വാസുദേവും നീലാംബരിയും ചേർന്ന് ആരംഭിച്ച സ്വർഗം എന്ന സ്ഥാപനം കിരണിന്റെ മരണശേഷം മിത്ര ഏറ്റെടുക്കുക ആയിരുന്നു… ഇന്ന് കേളത്തിന്റെ എല്ലാ ജില്ലകളിലും ഈ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്…

ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി പുരസ്കാരങ്ങൾ ചാരിറ്റിയുടെ പേരിലും സാഹിത്യത്തിലും നേടാൻ മിത്രക്ക് സാധിച്ചു… തന്റെ ജീവിതം മകൾക്കും സമൂഹത്തിൽ ഒറ്റക്കായി പോയവർക്കും വേണ്ടി ഉള്ളതാണെന്നും ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നും പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട് എന്നും.. ഈ പുരസ്‌കാരം തന്നെ വിട്ട് പോയ തന്റെ എല്ലാം എല്ലാം ആയ ഭർത്താവിനും തളരാതെ തന്നെ ചേർത്ത് പിടിച്ച സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു എന്ന് മിത്ര ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..അഞ്ചു വയസുകാരി ഭൂമിക ആണ് മകൾ.. “

അമ്മേ.. ടീവി ൽ അമ്മേന്റെ പടം… ന്യൂസ്‌ ചാനലിൽ മിത്രയുടെ ഫോട്ടോ കണ്ട് കുഞ്ഞുഭാമി ഉറക്കെ വിളിച്ചു പറഞ്ഞു…

മിത്ര എഴുതി കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ച് അവൾക്കരികിൽ വന്നിരുന്നു.. അവളെ മടിയിലേക്ക് വെച്ചു…

അമ്മേ അമ്മേ… എന്റെ ടീച്ചർ പറയാ.. അമ്മ വലിയ ആളാണെന്ന്.. അമ്മേടെ മോളായി ജനിച്ചതിൽ എനിക്ക് അഭിമാനം തോന്നണം എന്നു..ടീച്ചർ എന്താ അമ്മേ അങ്ങനെ പറഞ്ഞേ …

അങ്ങനെ ഒന്നും ഇല്ല… അമ്മ വലിയ ആളൊന്നും അല്ല..ടീച്ചർ വെറുതെ പറഞ്ഞതാ… അമ്മേം നീലു ആന്റിയും ഒക്കെ കുറേ പാവപ്പെട്ടവരെ സഹായിക്കുക ആണ് ചെയ്യുന്നത്…

അതെന്തിനാ അമ്മേ നമ്മൾ അവരെ സഹായിക്കുന്നേ…

അതോ.. അവരൊക്കെ ഒറ്റക്കല്ലേ… അവർക്ക് ഭക്ഷണം വാങ്ങി കൊടുക്കാനും ഡ്രസ്സ്‌ വാങ്ങികൊടുക്കാനും ആരെങ്കിലും ഒക്കെ വേണ്ടേ… പിന്നേ അവരൊക്കെ ഇങ്ങോട്ട് വന്നാൽ എന്റെ ഭാമി മോൾക്ക് കളിക്കാൻ ഒത്തിരി പേര് ഉണ്ടാവില്ലേ… ഭാമി മോള് ഒറ്റക്കാവില്ലല്ലോ…

അത് ശെരിയാ അമ്മേ.. എന്റെ ക്ലാസിൽ എല്ലാരുടേം വീട്ടിൽ ത്രീ, ഫൗർ ആൾക്കാരെ ഉള്ളൂ… ഞാൻ പറഞ്ഞു എന്റെ വീട്ടിൽ ഹൺഡ്രഡ് ആൾക്കാർ ഉണ്ടെന്ന്… എല്ലാവരും വായും പൊളിച്ചു നിന്നു അമ്മേ..

അവൾ വായപൊത്തി ചിരുച്ചുകൊണ്ട് പറഞ്ഞു… മിത്ര അവളുടെ മുടിയിൽ തലോടി നെറ്റിയിൽ ചുംബിച്ചു..ഫോണിൽ മെസേജ് വരുന്ന ശബ്ദം കേട്ട് മിത്ര ഫോൺ എടുത്തു.. ഭാമി മടിയിൽ നിന്ന് ഊർന്നിറങ്ങി ചാനൽ മാറ്റി അവളുടെ പ്രിയപ്പെട്ട കാർട്ടൂൺ വെച്ചു..

നിരവധി മെസേജുകൾ വന്ന് കിടക്കുന്നുണ്ട്.. അവൾ താഴേക്ക് നീക്കി കൊണ്ടിരുന്നു.. സുദർശൻ ആ പേര് കണ്ടപ്പോൾ അവൾ നിർത്തി മെസ്സേജ് ഓപ്പൺ ചെയ്തു.. അതൊരു വോയിസ്‌ ക്ലിപ്പ് ആയിരുന്നു അവൾ അത് പ്ലേ ചെയ്തു..

“ഒത്തിരി സന്തോഷം ആയി മിത്തൂ.. നീ അർഹിക്കുന്ന പുരസ്‌കാരം തന്നെ ആണത്… കഥയിൽ ഞങ്ങളെ എല്ലാം ഉൾക്കൊള്ളിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി…. ഞങ്ങൾക്കുള്ളിൽ നീ എന്നും ഉണ്ട്….

ഭാമിക്ക് സുഖം അല്ലേ.. തിരക്കുകൾ എല്ലാം ഒഴിയുമ്പോൾ ഭാമിയെ കൂട്ടി ഇങ്ങോട്ട് വരണം… അവളെ കാണാൻ കൊതിച്ചിരിക്കുകയാണ് ആരവും അല്ലിയും..നിനക്ക് അറിയാലോ ഞാൻ ഇപ്പോൾ മൂന്നു മാസം ഗർഭിണി ആണ്… അത്രയും ദൂരം യാത്ര ചെയ്യാൻ വയ്യാഞ്ഞിട്ടാ.. അല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട്‌ വന്നേനെ… നിന്റെ തിരക്കുകൾ എനിക്ക് അറിയാഞ്ഞിട്ടല്ല… കൊതി തോനുന്നു നിന്നെ കാണാൻ വല്ലാതെ…

മിഥിലയുടെ ശബ്ദം അവളുടെ കാതുകളിൽ പതിച്ചപ്പോൾ അറിയാതെ ഒരു ചിരി വിരിഞ്ഞു..

ഞാൻ വരും ഭാമിയെ കൂട്ടി…

അവൾ മറുപടി അയച്ചു..അപ്പോഴേക്കും അടുത്ത കാൾ വന്നു.. സ്ക്രീനിൽ “ഭാമി കാളിങ്. ” അവൾ സന്തോഷത്തോടെ ഫോൺ എടുത്തു…

കോൺഗ്രാറ്റ്ലേഷൻസ് … മലയാളത്തിന്റെ പ്രിയ എഴുത്തുകാരിക്ക്.. എന്റെയും..

ഭാമി സന്തോഷത്തോടെ പറഞ്ഞു…

താങ്ക്യൂ സൊ മച്… മിത്ര മറുപടി നൽകി…

മിത്തൂ കണ്ണേട്ടൻ പറയാ.. ഈ കഥക്ക് അവാർഡ് കിട്ടാൻ കാരണം ആ കഥയിൽ ഞങ്ങളൊക്കെ ഉള്ളത് കൊണ്ടാണെന്ന്.. അവൾ കളിയോടെ പറഞ്ഞു…

ആണല്ലോ.. അത് തന്നെയാ സത്യം… നിങ്ങളെ കുറിച്ചല്ലാതെ എനിക്ക് വേറെ എന്താണ് എഴുതാൻ ഉള്ളത്… അത് പോട്ടേ മോളെവിടെ ഉറങ്ങിയോ..

ഇല്ല.. ഇവിടെ അച്ഛനും മോളും കൂടി ഗുസ്തി ആണ്… ഭാമി മോളോ..

അവളിവിടെ കാർട്ടൂണിൽ മുഴുകി ഇരിക്കാ..

മിത്തൂ.. പിന്നേ.. പിന്നേ… ഭാമി വാക്കുകൾ പുറത്ത് വരാതെ തപ്പി കളിച്ചു..

കണ്ണേട്ടനോട് പറഞ്ഞോളൂ ഭാമി മിടുക്കി ആയി ഇരിക്കുന്നു.. അവൾക്ക് കുഴപ്പം ഒന്നും ഇല്ല…. ഭാമിയുടെ മനസ് അറിഞ്ഞു മിത്ര പറഞ്ഞു…

മ്മ്…. നിനക്ക് സുഖം അല്ലേ…

എന്തിനാ ഭാമി എപ്പോൾ വിളിക്കുമ്പോളും നീ ഈ ചോദ്യം ആവർത്തിക്കുന്നത്…എനിക്ക് സുഖം ആണ്.. ഞാൻ സന്തോഷവതി ആണ്… ഞാനിന്ന് ഈ ലോകത്ത് തനിച്ചല്ലല്ലോ.. എനിക്ക് എന്റെ മകൾ ഇല്ലേ.. എനിക്ക് ചെയ്ത് തീർക്കാൻ എത്രയോ കാര്യങ്ങൾ ഇല്ലേ… പഴയത് ഒന്നും ആലോചിക്കാൻ പോലും സമയം കിട്ടാറില്ല. ഇനി ആലോചിക്കുക ആണെങ്കിൽ തന്നെ അതിൽ ഒരു വേദനയും ഇല്ല… നിന്റെയും കണ്ണേട്ടന്റെയും സന്തോഷം അതാണ് എന്റെയും സന്തോഷം… കണ്ണേട്ടൻ എന്റെ ഉള്ളിൽ എന്നും ഉണ്ട്.. ആ മുഖം ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് നിന്റെ മുഖം ആണ്… നിങ്ങളെ ഒന്നിച്ചല്ലാതെ എനിക്ക് ഓർക്കാൻ ആവില്ല ഭാമി…

ഭാമി മറുപടി പറഞ്ഞില്ല.. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൾ യാത്ര പറഞ്ഞു ഫോൺ വെച്ചു.. മിഥുൻ ഭാമിയെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു…

ഭാമി അവനരികിൽ ചെന്നിരുന്നു… അവൻ അവളെ ചേർത്ത് പിടിച്ചു…

അത് മിത്ര ആണ് ഭാമി… ജീവിതത്തിൽ നഷ്ടങ്ങളുടെ ഘോഷയാത്രകൾ ഉണ്ടായിട്ടും തളരാതെ പിടിച്ചു നിന്നവൾ… ഓർമ്മ വെച്ച കാലം തൊട്ട് പ്രണയിച്ച കിരണിനെ നഷ്ട്ടപ്പെട്ട അവൾ ഇന്നലെ കണ്ട എന്നെ ഓർത്ത് വേദനിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…

അവൾ തളർന്നു പോവുന്നു എന്ന് തോന്നിയ നിമിഷം അവളെ ഞാൻ ചേർത്ത് പിടിച്ചു.. അവൾ ആരെ ഓർത്ത് വേദനിക്കുന്നോ അവരൊക്കെ ആവാൻ ശ്രമിച്ചു… ആ വേദനക്കെല്ലാം ഒരു മരുന്നെന്ന പോലെ അവൾക്ക് ഒരു മകളെ കൊടുത്തപ്പോൾ എന്റെ ജോലി കഴിഞ്ഞു… ഒരു തരം ഉടമ്പടി ആയിരുന്നു അത്… സ്നേഹത്തിന്റെ മനോഹരമായ ഒരു എഗ്രിമെന്റ്…

എന്റെ ലോകം നീ ആണെന്ന് അവൾക്ക് അറിയുന്നിടത്തോളം കാലം അവൾ നമ്മളെ ഓർക്കില്ല ഭാമി…

ഭാമി അവന്റെ നെഞ്ചിലേക്ക് മുഖം അടുപ്പിച്ചു അവൻ അവളെ മുറുകെ കെട്ടിപിടിച്ചു… നിലത്ത് എന്തോ കുത്തിവരക്കുന്ന തിരക്കിൽ ആയിരുന്നു അവരുടെ മകൾ ഭൂമിത്ര… മിഥുൻ അവളെ നോക്കി….

മിത്രക്കൊപ്പം കുഞ്ഞു ഭാമി ഉള്ളത് പോലെ ഭാമിക്കൊപ്പം കുഞ്ഞു മിത്രയും ഉണ്ട്…. ചില ബന്ധങ്ങൾ അങ്ങനെ ആണ്.. കണ്ണുകളാൽ ഒരിക്കലും കാണാൻ ആഗ്രഹിച്ചില്ലെങ്കിലും ഹൃദയങ്ങളാൽ ഒരിക്കലും പിരിയാൻ കഴിയാത്തവ..

………………

കുഞ്ഞുഭാമിയെ ഉറക്കി കിടത്തി അവളുടെ നെറ്റിയിൽ ചുബിച്ചു മിത്ര മുകളിലെ വരാന്തയിലേക്ക് ഇറങ്ങി.. എവിടെ നിന്നോ വീശുന്ന കാറ്റിൽ അവൾ സ്വയം മറന്ന് നിന്നു…

മിത്തൂ… നീലുവിന്റെ വിളിയിൽ അവൾ തിരിഞ്ഞു നോക്കി…

ഞാൻ ഒരു കാര്യം ചോദിക്കട്ടെ… നിനക്ക് ഈ അവാർഡ് കിട്ടിയ പുസ്തകത്തിൽ നീ നിന്റെ പ്രിയപ്പെട്ടവരേ കുറിച്ചെല്ലാം പറയുന്നുണ്ട്..

അതിൽ മിഥിലയും സുദർശനും ഇങ്ങോട്ട് വരാറുണ്ട്.. ഭാമിയും മിഥുനും വിളിക്കാറും ഉണ്ട്.. പക്ഷെ ഈ കഥയിൽ നീ ഏറ്റവും കൂടുതൽ പറഞ്ഞത് ഒരാളെ കുറിച്ചാണ്…. ഒരു പക്ഷെ നിന്നെ ഏറ്റവും കൂടുതൽ സ്വധാനിച്ചത്.. നിന്റെ വേദന ഏറ്റവും കൂടുതൽ അറിഞ്ഞത്.. നിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത് എല്ലാം അവൻ ആയിരുന്നു അമർ…

അമർ ആനിയിലേക്ക് മടങ്ങി പോയി എന്ന് നീ പറഞ്ഞു… പിന്നേ അവനെ കുറിച്ചൊന്നും പറഞ്ഞില്ല… ഇത്രയും അടുത്ത സുഹൃത്ത് ആയിട്ട് എന്താണവൻ നിന്നെ കാണാൻ ഒരിക്കൽ പോലും വരാത്തത്.. ഒരിക്കൽ പോലും വിളിക്കാത്തത്…

ആര് പറഞ്ഞു…. അവൻ എപ്പോഴും എന്റെ കൂടെ ഉണ്ട്.. ആനിയും.. അവരെന്നോട് സംസാരിക്കുന്നുണ്ട്… ഞാൻ അവരോടും..

അവൾ ആകാശത്തേക്ക് നോക്കി പറഞ്ഞു…അവളുടെ നോട്ടം കണ്ട് നീലു ഒരു നിമിഷം മൗനം ആയി…

മിത്തൂ അവർ… അവർ മരിച്ചുപോയോ….

മ്മ്.. മിത്ര മൂളി..

എങ്ങനെ….

അറിയില്ല…. ഞാൻ അന്വേഷിച്ചില്ല എന്ന് പറയുന്നതാണ് സത്യം

പിന്നേ എങ്ങനെ അവർ മരിച്ചെന്നു ഉറപ്പിച്ചു…

മിത്ര ചിരിച്ചു.. എന്റെ അമർ ജീവിച്ചിരിക്കുന്നുണ്ടായിരുന്നു എങ്കിൽ അവന് ഇത്രയും നാൾ എന്നെ കാണാതിരിക്കാൻ സാധിക്കില്ല.. എന്നോട് സംസാരിക്കാതിരിക്കാൻ സാധിക്കില്ല…

നീലു മറുപടി പറഞ്ഞില്ല..

നിനക്ക് തോന്നുന്നുണ്ടോ നീലു ഒരാളിൽ സൗഹൃദവും പ്രണയവും ഒരേപോലെ ശക്തം ആയി തന്നെ ഉണ്ടാവുമ്പോൾ യാതൊരു കാരണങ്ങളും ഇല്ലാതെ അയാൾ തന്റെ സുഹൃത്തിന് വേദനിക്കുമ്പോൾ ചേർത്ത് പിടിക്കുകയും പ്രണയത്തെ തള്ളിപ്പറയുകയും ചെയ്യും എന്ന്..

ഇല്ല…. അപ്പോൾ അവൻ നിനക്ക് വേണ്ടി അല്ല അവളെ തള്ളി പറഞ്ഞത്… .. എന്തായിരുന്നു.. എന്തിനായിരുന്നു പിന്നേ അമർ ആനിയെ ഒഴിവാക്കാൻ ശ്രമിച്ചത്…

അത് നീ അറിയണ്ട നീലു.. നീ എന്നല്ല ആരും അറിയണ്ട.. അതെനിക്കും അവനും ഇടയിൽ മാത്രം ഉള്ള ഒരു രഹസ്യം ആണ്… ഞാൻ മരിക്കുന്നതോടെ മണ്ണിൽ ലയിക്കുന്ന രഹസ്യം…

അപ്പോൾ ആനിക്കും അറിയില്ല.. അവളോട് അവൻ പിന്നീട് പറഞ്ഞില്ലേ…

ഇല്ല.. അവൾ ചോദിച്ചതും ഇല്ല.. അത്രയും അധികം അവൾ അവനെ പ്രണയിച്ചിരുന്നു… അവൻ അവളെയും.. അത് കൊണ്ട് ഒരിക്കലും അവനത് അവളോട്‌ പറയാൻ കഴിയില്ല..അവളെ സന്തോഷത്തോടെ ആവും അവൻ യാത്രയാക്കിയത്… അവൾ പോലും അറിയാതെ അവൻ അവളെയും കൊണ്ട് പോയിക്കാണും.. ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി

മിത്ര ആകാശത്തേക്ക് നോക്കി പരസ്പരം ഒട്ടി ചേർന്ന് നിൽക്കുന്ന രണ്ടു നക്ഷത്രങ്ങൾ അവളെ നോക്കി കൺ ചിമ്മി..

അവൾ മേശക്ക് മുകളിൽ ഇരുന്ന പുസ്തകം എടുത്തു.. “എന്റെ രാത്രിയിലെ നക്ഷത്രങ്ങൾ ” അവൾ എഴുതിയ പുസ്തകം.. അവൾ അതിനടിയിൽ നിന്ന് ഒരു കത്ത് എടുത്തു.. ഏഴു വർഷങ്ങൾക്ക് മുൻപ് അവൾക്ക് വന്നൊരു കത്ത്.. അവൾ അതെടുത്തു വായിച്ചു…

എന്റെ മിത്രക്ക്…

ഞങ്ങൾ ഇപ്പോൾ ഖജുരാഹോ യിൽ ആണ്.. ചന്ദ്രദേവനെ പ്രണയിച്ച ഹേമവതിയുടെ നാട്ടിൽ… ആനിയുടെ വലിയ മോഹം ആയിരുന്നു ഒരിക്കൽ ഇവിടം വന്ന് കാണണം എന്ന്.. അത് സാധിച്ചു.. ഇന്നലെ ഞാൻ അവളോട്‌ ചോദിച്ചു നിനക്ക് ഇനിയും വല്ല മോഹങ്ങളും ഉണ്ടോ എന്ന്.. എന്റെ നെഞ്ചിൽ തലവെച്ചു കിടന്നവൾ പറഞ്ഞു.. എന്നും ഇങ്ങനെ കിടന്നാൽ മാത്രം മതി എന്ന്… അവളിപ്പോൾ ഒത്തിരി സന്തോഷത്തിൽ ആണ്… ഒരു പക്ഷെ ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവൾ… ഏതൊരു പ്രണയിനിയും കാത്തിരുന്ന അവളുടെ പ്രണയസാക്ഷത്കാരം ആസ്വദിക്കുന്ന തിരക്കിൽ ആണവൾ.. ഈ സന്തോഷത്തോടെ ഞാനും അവളും യാത്രയാവുകയാണ്… അവൾ വേദനിക്കുന്നത് ഇനി എനിക്ക് കാണാൻ വയ്യ… അവൾ ഒറ്റക്കാവുന്നത് താങ്ങാൻ എനിക്ക് ആവില്ല… ഒടുവിലെ നിശ്വാസത്തിലും സ്നേഹം നൽകി.. പ്രണയം നൽകി ഞാൻ അവളെ കൊണ്ട് പോവുകയാണ്…

നീ പറയുന്നത് പോലെ നാളെ മുതൽ നിന്റെ ആകാശത്ത് ഞങ്ങളും ഉണ്ടാവും… യാത്ര പറയുന്നില്ല.. ഈ യാത്ര കൂടുതൽ നിന്നിലേക്ക് അടുക്കാൻ ആയിട്ടുള്ളതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു … എന്റെ ആനിക്കൊപ്പം… ഇനിയും എനിക്ക് അവളെ പ്രണയിക്കണം.. ശരീരത്തിന്റെ കെട്ടുപാടുകൾ ഇല്ലാതെ സ്വാതന്ത്രം ആയ ആത്മാക്കളായി ഞങ്ങൾ പ്രണയിക്കട്ടെ…

രാത്രികളിൽ നിനക്കരികിൽ എത്താൻ… നിന്നോട് കളി പറയാൻ… നിന്റെ വിജയങ്ങൾ കണ്ട് സന്തോഷിക്കാൻ… അഭിമാനിക്കാൻ.. ഞങ്ങളും ഉണ്ടാവും നിന്റെ രാത്രിയിലെ നക്ഷത്രങ്ങൾ ആയി…

സ്നേഹത്തോടെ അമർ..

അവനിപ്പോഴും സന്തോഷത്തിൽ ആണ് അവന്റെ ആനിക്കൊപ്പം അങ്ങ് ദൂരെ മറ്റൊരു ലോകത്ത്.. മിത്ര കത്ത് മടക്കി പുസ്തകത്തിന് ഇടയിലേക്ക് വെച്ചു… …

ആകാശത്തേക്ക് നോക്കി… അവിടം നിറയെ നക്ഷത്രങ്ങൾ ആണ്.. തനിക്ക് പ്രിയപ്പെട്ടവർ… എന്നെ പോലെ മറ്റുപലർക്കും പ്രിയപ്പെട്ടവർ…. പ്രിയപ്പെട്ടവരെ കാണാൻ ആ നക്ഷത്രങ്ങൾക്കും ആഗ്രഹം ഉണ്ടാവും അതുകൊണ്ടല്ലേ എല്ലാ രാത്രികളും പ്രകാശം പരത്തി അവർ വരുന്നത്..

ആ ഓരോ നക്ഷത്രങ്ങൾക്കും നമ്മളോട് ഓരോ കഥകൾ പറയാൻ ഉണ്ട്.. പ്രണയത്തിന്റെ.. വിരഹത്തിന്റെ… സ്നേഹത്തിന്റെ.. സൗഹൃദത്തിന്റെ കുറേ ഏറെ കഥകൾ…

അവൾ ആ വരാന്തയുടെ അരികിലെ അവളുടെ മേശക്ക് മുന്നിൽ ഇരുന്നു..അവളുടെ ഡയറി തുറന്നു… കിരണേട്ടൻ അവളെ ഏൽപ്പിച്ച ആ പഴയ ഡയറി.. അവനോട് പറയാൻ ഉള്ളതെല്ലാം എഴുതാൻ ഏൽപ്പിച്ച അവളുടെ പ്രിയപ്പെട്ട ഡയറി… അവൾ പേന എടുത്തു…

കിരണേട്ടാ….ഇന്നത്തെ രാത്രിക്ക് പതിവിലേറെ ഒരു ഭംഗി തോന്നുന്നില്ലേ… ഒരു പക്ഷെ എന്റെ വിജയം അറിഞ്ഞു അങ്ങുദൂരെ നിങ്ങൾ എല്ലാവരും സന്തോഷിക്കുന്നത് കൊണ്ടാവാം… നിങ്ങളിൽ എന്നത്തേക്കാളും ഒരു തെളിച്ചം….

ഈ സമ്മാനം എന്റെ കിരണേട്ടന് ഉള്ളതാണ്.. എന്നെ ഞാൻ ആക്കിയ എന്റെ കിരണേട്ടന്… ഈ ലോകത്ത് ഒരു പെണ്ണിന് ജീവിക്കാൻ ഒരു ആണിന്റെ കൂട്ട് വേണമോ… വേണം… ആ കൂട്ട് നമുക്ക് നൽകുന്ന ഒരു സംരക്ഷണം ഉണ്ട്.. ഒരു ഊർജം ഉണ്ട്.. ഒരു ധൈര്യം ഉണ്ട്..ഒരു പെണ്ണിനെ സംബധിച്ചിടത്തോളം വളരെ വലുതാണ് അത്… പക്ഷെ ആ കൂട്ട് പ്രത്യക്ഷത്തിൽ വേണം എന്ന് നിർബന്ധം ഇല്ലാലോ… മനസ്സിൽ.. മനസ്സിൽ ആയാലും പോരെ.. എന്റെ ഉള്ളിൽ എന്റെ കിരണേട്ടൻ ഉള്ളത് പോലെ…

ദേഹമല്ലേ പോയിട്ടുള്ളൂ.. ദേഹിയെന്നും എനിക്കൊപ്പം ഉണ്ടല്ലോ… ആ ഒരൊറ്റ ശക്തി ആണ് ഞാൻ ഇന്ന് ഇത്രയും ഉയർന്നു പൊങ്ങിയതിന് പിന്നിൽ… ഞാൻ ഒറ്റക്കല്ല.. എനിക്കൊപ്പം എന്നും എന്റെ പ്രണയം ഉണ്ട്.. മരിച്ചത് കിരൺ എന്ന വ്യക്തി മാത്രം ആണ്.. പക്ഷെ അവനിലെ ആത്മാവും പ്രണയവും എന്നും ഈ മിത്രക്കൊപ്പം ഉണ്ട്..

കാലിടറുമ്പോൾ മുറുകെ പിടിച്ചുകൊണ്ട്… ഉയരങ്ങളിലേക്ക് ഏന്തി വലിയുമ്പോൾ കൈകൾ നൽകി.. മനസ് പിടി വിട്ട് പോവുമ്പോൾ ചേർത്ത് പിടിച്.. എന്നും എനിക്കൊപ്പം.. എന്റെ പ്രണയം ഉണ്ട്.. ആ പ്രണയം ആണ് എന്നെ ഞാൻ ആക്കുന്നത്… എന്റെ ഹൃദയത്തിലെ ആ മുഖം ആണ് എന്നെ ഇന്നും ഒരു പ്രണയിനി ആക്കുന്നത്…

” ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെ കുറിച്ച് ഓർക്കുന്നു..അല്ലെങ്കിൽ നിന്നെ കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രം ആണ് ഞാൻ ജീവിക്കുന്നത്… ” (മാധവികുട്ടി )

എന്ന് കിരണേട്ടന്റെ സ്വന്തം മിത്ര….

അവസാനിച്ചു

ആദ്യം തന്നെ ഈ കണ്ണീർ കഥ ക്ഷമയോടെ വായിച്ച എല്ലാവർക്കും നന്ദി 🙏🙏 മാപ്പ് ചോദിക്കുന്നു.. വേദനിപ്പിച്ചതിന്.. ഹൃദയം തകർത്തതിന്.. ദേഷ്യം പിടിപ്പിച്ചതിന്…

ഈ കഥ മുഴുവൻ വേദന ആണല്ലോ എന്ന് ചോദിച്ചവരോട് ജീവിതം അങ്ങനെ ഒക്കെ അല്ലേ… എന്നൊരു മറുപടി മാത്രമേ ഉള്ളൂ…

കിരണും മിത്രയും…. മരണത്തിന് പോലും പിരിക്കാൻ കഴിയാത്ത ബന്ധം ആണ് അവരുടേത്..അവർ ഇന്നും പരസ്പരം സ്നേഹിക്കുന്നു.. എല്ലാ അതിർവരമ്പുകളും ബേധിച്ചു കൊണ്ട്.. ആത്മാർഥമായ പ്രണയം… ♥️♥️

മിഥുനും ഭാമിയും സ്വാർഥത ഇല്ലാതെ പ്രണയിച്ചവർ ആണ്.. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം പ്രണയം വേണ്ടെന്ന് വെച്ചവർ… സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വാതന്ത്ര്യം ആയി വിടുക.. തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ മറ്റാരുടെയോ എന്നപോലെ .. രണ്ടുപേരും തിരിച്ചു വന്നു.. അവരുടെ പ്രണയത്തിലേക്ക്… നിസ്വാർത്ഥമായ പ്രണയം… ♥️♥️

സുദർശനും മിഥിലയും പ്രണയത്തിന് ശരീരത്തെക്കാൾ ആവശ്യം മനസ് ആണ് എന്ന് കാണിച്ചു തന്നവർ ആണ്… പ്രണയത്തിന്റെ ശുദ്ധി എന്നും മനസ്സിൽ ആണ്…ശരീരത്തിനേറ്റ കളങ്കത്തിന് പ്രസക്തി ഇല്ലെന്ന് അവർ തെളിയിച്ചു.. നിഷ്കളങ്കമായ പ്രണയം.. ♥️♥️

അമറും ആനിയും… എത്രയൊക്കെ പിണങ്ങിയാലും ആട്ടിയോടിച്ചാലും ഉള്ളിലെ പ്രണയത്തിന്റെ തിരി കേട്ട് പോവില്ലെന്ന് തെളിയിച്ചവൾ ആണ് ആനി.. പ്രണയം പ്രകടിപ്പിക്കാൻ കഴിയാതെ ഉള്ളിൽ കുഴിച്ചു മൂടിയവൻ ആണ് അമർ…അവനെന്നും അവളുടെ നന്മ ആയിരുന്നു ആഗ്രഹിച്ചത്… ഒടുവിൽ അവൾക്ക് നൽകാൻ ഉള്ള സന്തോഷങ്ങൾ എല്ലാം നൽകി അവൻ അവളെ ഇല്ലാതാക്കി സ്വയം മരിച്ചതാണ്.. അതെന്തിനാണെന്ന് ഞാൻ പറയുന്നില്ല. എനിക്ക് നൽകാൻ കൃത്യമായ ഒരു ഉത്തരം ഉണ്ട്.. പക്ഷെ അത് എഴുതാൻ തോന്നിയില്ല.. അവരുടെ പ്രണയം ഒരു ഉത്തരമില്ലാത്ത കടംകഥ ആയി ഇരിക്കട്ടെ.. അവരിന്നും മറ്റൊരു ലോകത്ത് അവരുടെ പ്രണയം പങ്കുവെക്കുന്നുണ്ട്… അനശ്വരമായ പ്രണയം…♥️♥️

മിത്രയും മിഥുനും, മിത്രയും അമറും തമ്മിലുള്ള ബന്ധം നിർവചിക്കാൻ എനിക്ക് കഴിയില്ല.. കാരണം” സ്നേഹം ഒരു നദി പോലെ ആണ്.. ഇത്ര ഭാഗം സൗഹൃദം..ഇത്ര ഭാഗം പ്രണയം.. ഇത്ര ഭാഗം വാത്സല്യം എന്നു വേർത്തിരിക്കാൻ പറ്റില്ല.. അതുകൊണ്ടല്ലേ സ്നേഹത്തിന് ഇത്ര ഭംഗി “.♥️♥️

ഈ കഥ നിങ്ങൾ എല്ലാവർക്കും ഒരു പോലെ ഉൾക്കൊള്ളാൻ ആവില്ല.. സ്നേഹം ഓരോ ഹൃദയങ്ങളിലും ഓരോ രൂപത്തിലും ഭാവത്തിലും ആണല്ലോ.. എങ്കിലും നിങ്ങൾ സ്വന്തം അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു…എന്ന് സ്വന്തം പാറു

Related Posts

Leave a Reply

Your email address will not be published. Required fields are marked *