എന്ന് സ്വന്തം മിത്ര ~ ഭാഗം 09 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മിത്ര കണ്ണുകൾ മുറുക്കെ അടച്ചു…. പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.. വേദന അണപൊട്ടി.. കണ്ണീരായി ഒഴുകി… അപ്പോഴും അവളുടെ കണ്ണുകളിൽ ചിരിച്ചു നിൽക്കുന്ന അവളുടെ അമറുവിന്റെ മുഖം ആയിരുന്നു….

ഓർമ്മകൾ വർഷങ്ങൾക്ക് മുന്നേ ഉള്ള ആ കലാലയകാലങ്ങളിലേക്ക് പാറി…അമറിനെ കാത്ത് വാകമരച്ചോട്ടിൽ അവൾ ഇരുന്നു….. കൈയിൽ ഏതോ കവിതാപുസ്തകം ആണ്… അതിൽ ഏതോ വരികളിൽ അവളുടെ കണ്ണും ഹൃദയവും ഉടക്കി…. അവൾ വീണ്ടും വീണ്ടും അത് വായിച്ചു കൊണ്ടിരുന്നു….അതിന് താഴെ ചുവന്ന മഷികൊണ്ട് അവൾ വരച്ചു…

അമർ ഓടി വന്ന് അവൾക്കരികിൽ ഇരുന്നു…

നീ നേരത്തെ എത്തിയോ….അവളുടെ കൈയിൽ ഉള്ള പുസ്തകം വാങ്ങി മറിച്ചു നോക്കി അവൾക്ക് തിരികെ നൽകി അവൻ ചോദിച്ചു…

മ്മ്… ഫസ്റ്റ് ബസ്സിൽ പോന്നൂ… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

പിന്നെ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്… അമർ ചിരിച്ചു കൊണ്ട് പറഞ്ഞു….എന്താണെന്ന് അവൾ കണ്ണുകൊണ്ട് ചോദിച്ചു….

നീ പറഞ്ഞ പോലെ തന്നെ ആയി… ആനി…. അവൾ പറഞ്ഞു… അവൾക്കെന്നെ ഇഷ്ടം ആണെന്ന്…. എന്നെ പിരിഞ്ഞിരിക്കാൻ അവൾക്ക് കഴിയില്ലെന്ന്.. പപ്പയും അറിഞ്ഞു… പപ്പക്കും സമ്മതം.. പഠിപ്പ് കഴിഞ്ഞ് വേഗം ഒരു ജോലി വാങ്ങണം…എന്നിട്ട് വേണം ഒന്ന് ജീവിക്കാൻ… ആരും ഇല്ലാത്ത എനിക്ക് ഇനി ഒരു പെണ്ണുണ്ട്.. പപ്പ ഉണ്ട്… അവന്റെ വാക്കുകളിൽ സന്തോഷം ആയിരുന്നു…

മിത്ര അവനെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു…. അവളിൽ അവന്റെ സന്തോഷം നിരാശ ഉണർത്തി…. എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞു…

നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ…. അമർ ചോദിച്ചു..

സന്തോഷം കൊണ്ടാണ്.. അവൾ എങ്ങനെയൊക്കെയോ പറഞ്ഞു…. നന്നായി…ആനി അവൾ നിനക്ക് വേണ്ടി ജനിച്ചതാണ് നിനക്ക് അതിലും നല്ലൊരു ചോയ്സ് വേറെ ഇല്ല….

അപ്പോൾ അവന്റെ ഫോൺ ബെല്ലടിച്ചു…

ആനി ആണ് ഞാൻ ഇപ്പൊ വരാം…

എന്ന് പറഞ്ഞു അവൻ എഴുന്നേറ്റു…. അവൾ അവൻ ചിരിച്ചുകൊണ്ട് ഫോണിൽ സംസാരിക്കുന്നതും നോക്കി ഇരുന്നു… പുസ്തകം തുറന്നു…

ചുവന്ന മഷി കൊണ്ട് വരച്ച അക്ഷരങ്ങൾ വീണ്ടും വായിച്ചു…

“””നമ്മളൊന്നിച്ചിരുന്നൊരിടങ്ങളിൽ നമ്മളെ ചേർത്തണച്ചതാം കാറ്റുകൾ..എന്റെ നെഞ്ചിടിപ്പോടൊത്തടുത്തു നിൻ നെഞ്ചമൊപ്പം തുടിച്ചൊരാ മാത്രകൾ…എന്നിലേക്കണഞ്ഞായാലും പ്രണയമേ.,മുന്തിരിച്ചാറെടുത്ത് വക്കുന്നു ഞാൻ ചില്ലുപാത്രമെറിഞ്ഞുടച്ചുന്മത്ത -നൊമ്പരങ്ങളിൽ നമ്മൾ ലയിക്കുക….”””

അവൾ കണ്ണുകൾ അടച്ചു വാകമരത്തിലേക്ക് ചാരി ഇരുന്നു…

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവരുടെ പ്രണയം പുറത്തു നിന്നും കണ്ടും ആസ്വദിച്ചും മിത്ര ഇരുന്നു…. അവളിൽ ഉള്ള പല വേദനകളും അവൾ മറക്കാൻ ശ്രമിച്ചു..

അമർ മിത്രയുടെ സൗഹൃദവും ആനിയുടെ പ്രണയവും ആവോളം ആസ്വദിച്ചു…അമറിലൂടെ അവർ പരസ്പരം അറിഞ്ഞു… ആനിക്ക് ഒരിക്കൽ പോലും ആ സുഹൃദത്തിൽ സംശയമോ അസൂയയോ തോന്നിയിരുന്നില്ല…. കാരണം ആ സൗഹൃദത്തിനും എത്രയോ അപ്പുറം ആണ് അവരുടെ പ്രണയം എന്ന് അവൾക്ക് അറിയാമായിരുന്നു….

ഒരു വർഷം കടന്നു പോയി…. ആനിക്ക് പ്ലസ് ടു കഴിഞ്ഞ് ആമിറിന്റെ കോളേജിൽ ചേരാൻ ആയിരുന്നു ആഗ്രഹം… പക്ഷെ അവൾക്ക് ഇഷ്ടപ്പെട്ട വിഷയം ഇല്ലാത്തത് കൊണ്ട് അവൾ മറ്റൊരു കോളേജിൽ ചേർന്നു….

മിത്ര അമറിനോട് കൂടുതൽ അടുത്തു…. എല്ലാം തുറന്നു പറയാൻ കഴിയുന്ന നല്ല ഒരു സൗഹൃദം…. ഡിഗ്രി കഴിഞ്ഞു പിരിയുമ്പോൾ ഈ സൗഹൃദം ഒരിക്കലും പിരിയില്ലെന്ന് അവൻ അവൾക്ക് വാക്ക് നൽകിയിരുന്നു….

കണ്ണുകൾ നിറഞ്ഞു ആ അവസാന പരീക്ഷ ദിവസം മിത്ര നിന്നു.. അമർ അവളുടെ കൈകളെ മുറുകെ പിടിച്ചിരുന്നു…

മിത്തൂ…. സൗഹൃദം എന്ന് പറയുന്നത് മനസ്സിൽ ആണ്… നീ എന്നിൽ നിന്ന് എത്ര ദൂരെ ആയാലും ഈ മനസ്സിൽ നീ ഉണ്ട്.. അത് പോലെ നിന്റെ മനസ്സിൽ ഞാനും…എനിക്കുറപ്പുണ്ട് ഒരു കോളേജ് ഫ്രണ്ട്ഷിപ്പിന് അപ്പുറം ആണ് നമുക്കിടയിലെ ബന്ധം എന്ന്… നിനക്കൊപ്പം എന്നും ഞാൻ ഉണ്ടാവും.. എന്തിനും ഏതിനും….അത് പോരെ… അവളുടെ താടി പിടിച്ചുയർത്തി അവൻ ചോദിച്ചു…

അവൾ ചിരിച്ചു…. എനിക്കറിയാം അമറു എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നിധി ആണ് നീ… ഒരു പക്ഷെ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കാൻ കഴിഞ്ഞത് നിനക്കാണ്…. എന്നും വേണം എനിക്ക് നിന്നെ… അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു…. അവൻ തിരിച്ചും

അവൾ കണ്ണുകൾ തുറന്നു…. അവനിന്നും തന്നെ മുറുകെ പിടിച്ചിട്ടുണ്ട്…. പക്ഷെ ഒരു കൈകളിൽ പിടിച്ച ആനിയുടെ കൈകൾ വേർപ്പെടുത്തി കൊണ്ട്…. രണ്ടു കൈകൾ കൊണ്ടും അവനിന്ന് എന്നെ വലിഞ്ഞു മുറുക്കി ഇരിക്കുകയാണ്…. താനത്തിൽ എത്ര ഏറെ സന്തോഷിക്കുന്നു… അപ്പോഴും അവന്റെ കൈകളെ ചേർത്ത് പിടിക്കാൻ കൊതിക്കുന്ന ആനി ഒരു വേദന ആവുന്നു…. അവൾ ഓർത്തു…

മിത്രയെ കണ്ട് മടങ്ങി ഹോസ്റ്റലിൽ എത്തിയിട്ടും ആനിയും ഓർക്കുക ആയിരുന്നു മിത്ര പറഞ്ഞ വാക്കുകൾ…

ഇല്ല ആനി നിന്നിലേക്ക് ഇനി ഒരു മടങ്ങി വരവ് എന്റെ അമറുവിന് ഉണ്ടാവില്ല…കാത്തിരുന്ന് ജീവിതം കളയണ്ട….

അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും ഈറനണിഞ്ഞു…അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി റോഡരികിലെ മരച്ചുവട്ടിൽ നിന്ന് ഒരാൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചു നിൽക്കുന്നു…

അവൾ ഇടയ്ക്കിടെ നാണം കൊണ്ട് മുഖം താഴ്ത്തുന്നുണ്ട്… ഇടക്ക് അവന്റെ കൈകളിൽ നുള്ളി നോവിക്കുന്നുണ്ട്… അവൻ അവളെ ചേർത്ത് പിടിക്കാൻ നോക്കുമ്പോൾ അവൾ കുറുമ്പോടെ മാറി നിൽക്കുന്നുണ്ട്…. അവൾ അവരെ തന്നെ നോക്കി നിന്നു…

അവൾ ഓർത്തു… അമറിന്റെ കൈകളിൽ തൂങ്ങി നടന്നിരുന്ന അവളെ………

നിനക്ക് നാളെ പോണോ… അമർ

അവളുടെ മടിയിൽ തലവെച്ചു കിടക്കുന്ന ആമിറിന്റെ മുടിയിൽ തലോടി അവൾ ചോദിച്ചു…

പിന്നെ നിനക്കും പോണ്ടേ കോളേജിൽ…

നമുക്ക് നാളെ ലീവ് എടുത്ത് എവിടേലും കറങ്ങാൻ പോയാലോ… അവൾ അവന്റെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു…. അവൻ എഴുന്നേറ്റു…

എന്റെ ആനി…. ലൈസൻസ് ഉണ്ടെന്ന് വെച്ച് അങ്ങനെ കറങ്ങി നടക്കാൻ ഒന്നും എന്നെ കിട്ടില്ല… നമുക്ക് കല്യാണം കഴിഞ്ഞാൽ അടിച്ചു പൊളിക്കാം.. ഇപ്പൊ നീ പടിക്ക്…. അവൻ അവളുടെ തലയിൽ മെല്ലെ അടിച്ചു…

അല്ലേലും നീ തീരെ റൊമാന്റിക് അല്ല… അവൾ പിണങ്ങി തിരിഞ്ഞു…

അല്ല ഞാൻ തീരെ റൊമാന്റിക് അല്ല… നീ നല്ല പഞ്ചാര കുട്ടൻമാരെ കിട്ടും എങ്കിൽ പൊക്കോ…

ശോ.. പോയാൽ മതിയായിരുന്നു… ആ സീനിയർ ചേട്ടൻ എന്റെ പുറകിൽ എന്നും ഉണ്ടായിരുന്നു… ആ നോട്ടം.. ഹോ എന്നാ റൊമാന്റിക് ആണെന്നോ… കോളേജിൽ നിന്ന് പോവുന്ന അന്ന് എന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ അങ്ങ് സമ്മതിച്ചു കൊടുത്താൽ മതിയായിരുന്നു…. അവൾ പറഞ്ഞു…

അമർ ചിരിച്ചു… അവൻ അവളുടെ അരികിലേക്ക് ചേർന്നു ഇരുന്നു… അവളുടെ സ്വർണ നിറത്തിൽ ഉള്ള മുടിയിൽ വിരൽ ഓടിച്ചു… പതിയെ അത് മുന്നിലേക്ക് ഇട്ടു… അവളുടെ പുറത്ത് ചുംബിച്ചു… അവൾ ഒരു നിമിഷം ഒന്ന് പിടഞ്ഞു..

വേണ്ട വേണ്ട…. അങ്ങനെ ഞാൻ പറഞ്ഞിട്ട് ആരും റൊമാന്റിക് ആവണ്ട.. അവൾ പറഞ്ഞു…

അല്ലേലും നീ പറഞ്ഞാൽ ആരു കേൾക്കുന്നു… എന്ന് പറഞ്ഞു അവളെ പുറകിൽ നിന്ന് അവന്റെ മേലേക്ക് അടുപ്പിച്ചു… അവളുടെ ചെവിക്ക് താഴെ മെല്ലെ ഒന്ന് കടിച്ചു… അവൾ വീണ്ടും ഒന്ന് പിടഞ്ഞു…

ആനി… അവൻ അവളുടെ കാതുകളിൽ ഒന്ന് ഊതി കൊണ്ട് വിളിച്ചു…

ഒരിക്കൽ ഒരു കാമുകി ചോദിച്ചു തൊട്ടുരുമ്മാതെ ഇന്ന് പ്രണയിക്കുന്നത് എങ്ങനെ എന്ന്..

അവളുടെ കാമുകൻ പറഞ്ഞു തമ്മിൽ കാണാതെ നമ്മൾ ഇപ്പോഴും പ്രണയിക്കുന്നില്ലേ എന്ന്…

പ്രണയം പ്രകടം ആവുന്നത് മനസുകളിൽ ആണ്.. ആ വികാരം മൂർച്ച പ്രാപിക്കുക ശരീരത്തിൽ കൂടെ ആണെന്ന് മാത്രം…. ചിലരുടെ ഹൃദയം മുഴുവൻ പ്രണയം ആയിരിക്കും… പക്ഷെ അത് പ്രകടം ആവില്ല… എന്ന് വെച്ച് അവർ ഹൃദയം ഇല്ലാത്തവൻ ആവുന്നില്ല… അവൻ അവളെ നെഞ്ചിൽ ചാരി ഇരുത്തി മുടികളിൽ തലോടി പറഞ്ഞു…

ആ കാമുകനും കാമുകിയും മാധവികുട്ടിയുടെ കഥയിൽ അല്ലേ…

അതെ.. ആഹാ അതൊക്കെ നിനക്ക് അറിയോ…

ആ അറിയാം.. എന്നാലേ ആ കഥയിൽ തന്നെ പറയുന്നുണ്ട്… പ്രകടിപ്പിക്കാത്ത സ്നേഹം എന്തോ പിടിച്ച പാത്രം പോലെ ആണെന്ന്… അവൾ അവന്റെ കൈയിൽ അമർത്തി നുള്ളി കൊണ്ട് പറഞ്ഞു…

എന്തോ പിടിച്ച അല്ല.. ക്ലാവ്വ് പിടിച്ച പാത്രം.. അവളുടെ ചെവി പിടിച്ചു തിരിച്ചു അവൻ പറഞ്ഞു…

എന്നാലേ ഇങ്ങനെ പ്രകടിപ്പിക്കാൻ ബാക്കി വെച്ചാൽ ക്ലാവ് പിടിക്കും… അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു…

അവൻ അവളുടെ തുടുത്ത കവിളുകളിൽ കടിച്ചു… പിന്നെ മെല്ലെ ചുണ്ടുകൾ കൊണ്ട് തലോടി… അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു… കവിളിൽ നിന്ന് ചുണ്ടുകൾ അവളുടെ അധരങ്ങളിൽ പതിഞ്ഞു… അവൾ അവന്റെ മുടികളിൽ പിടിച്ചു മുഖം അവളുടെ മുഖത്തേക്ക് കൂടുതൽ കൂടുതൽ ചേർത്തു…. ഒടുവിൽ അവളുടെ ചുണ്ടിൽ ചെറിയൊരു മുറിവ് നൽകി അവൻ അകന്നു…. അവളുടെ തോളിൽ കൈ ഇട്ട് ചേർത്ത് പിടിച്ചു….

ആനി… ഈ ജന്മം മുഴുവൻ ഉണ്ട് നമുക്ക് പ്രണയിക്കാൻ… ആ പ്രണയത്തിന്റെ ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാൻ കഴിയണം…. എന്നും എനിക്ക് നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കണം… ആർക്കും വിട്ടു കൊടുക്കാതെ.. എന്റെ മാത്രം ആയി….

അവൾ അവന്റെ ചുണ്ടിൽ മൃദുവായി ചുംബിച്ചു….

ഈ ജന്മം കൈവിടില്ല എന്ന് പറഞ്ഞവൻ ഇന്ന് തനിക്ക് ഒപ്പം ഇല്ല…. അവനിൽ തനിക്ക് നൽകാൻ പ്രണയം ഇല്ല…. ഒരിക്കലും തനിച്ചാക്കി പോവില്ലെന്ന് വാക്ക് പറഞ്ഞവൻ…. ഇന്ന് തന്നെ എന്നെന്നേക്കുമായി ഒറ്റക്കാക്കി….അവൾ ആ ജനൽ അഴികളിൽ മുഖം അമർത്തി കരഞ്ഞു….

അമർ ഇല്ലാതെ ആശുപത്രിയിൽ ഒറ്റക്ക് മിത്രക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി…ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് അവൻ അവളെ അത്രത്തോളം കീഴ്പെടുത്തി കഴിഞ്ഞിരുന്നു… അവനെന്ന ചെടിക്ക് ചുറ്റും മാത്രം ലോകം കണ്ട പൂമ്പാറ്റ ആയിരുന്നു മിത്ര…..

പിറ്റേന്ന് രാവിലെ മിഥുൻ അവളെ കാണാൻ വന്നു… മിത്രയുടെ കണ്ണുകൾ അന്വേഷിച്ചത് മിഥിലയെ ആയിരുന്നു… അവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് അറിയാൻ അവൾ ആഗ്രഹിച്ചു…

മിഥില വന്നില്ലേ….

ആരാവിന് ചെറിയൊരു പനി… അപ്പോൾ ഞാൻ വരണ്ട എന്ന് പറഞ്ഞു…ഹോസ്പിറ്റലിൽ അല്ലേ….

മ്മ്.. അത്.. നന്നായി…. മിത്ര പറഞ്ഞു

താൻ വിഷമിക്കണ്ട…. എനിക്ക് ഇന്ന് op ഇല്ല…. ഞാൻ ഇടക്ക് വരാം.. അത് വരെ വായിക്കാൻ കുറച്ചു പുസ്തകങ്ങൾ ആണ്…

അവൻ മൂന്നു പുസ്തകം അവൾക്ക് അരികിൽ വെച്ചു….

തന്റെ ടേസ്റ്റ് ആണോ എന്ന് അറിയല്ല… വായിച്ചു നോക്കൂ…. അവൻ കൂടുതൽ ഒന്നും പറയാതെ മുറിവിട്ട് ഇറങ്ങി….

മിത്ര ആ പുസ്തകങ്ങൾ എടുത്തു നോക്കി…

ആദിത്യനും രാധയും മറ്റുചിലരും… m.മുകുന്ദൻ

പണ്ടെന്നോ വായിച്ച പുസ്തകം ആണ്…പക്ഷെ അന്ന് ഒത്തിരി ഇഷ്ടം തോന്നിയിരുന്നു… ആദിത്യനും രാധയും അവർക്കിടയിലെ ബന്ധം നിർവജനങ്ങൾക്കപ്പുറം ആയിരുന്നു… വെറും സുഹൃത്തുക്കൾ ആല്ല.. എന്നാൽ ഭാര്യ ഭർതൃബന്ധം അല്ല…. പക്ഷെ രാധയിൽ ആദിത്യൻ സന്തുഷ്ടൻ ആയിരുന്നു….രാധയും…. ഒരു തരം ഒളിച്ചുകളി….

താനും അമറും അവരെ പോലെ ആണോ… അവൾ ഓർത്തു അല്ല… രാധ ആവാൻ എനിക്കോ ആദിത്യൻ ആവാൻ അവനോ കഴിയില്ല…. ആദിത്യനെ പോലെ ഒരിക്കൽ അവൻ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന് മാത്രം തന്നെ അലട്ടുന്നു…. അവനെ പിടിച്ചു വെക്കാൻ തനിക്കും കഴിയില്ല….. അവൾ ഓർത്തു….

ആ ദിവസം മുഴുവൻ അവൾ ആ പുസ്തകത്തിൽ മുഴുകി… ഇടക്ക് മിഥുൻ വരും… അവനെ ഒരു നല്ല സുഹൃത്ത് ആയി അവൾക്ക് തോന്നി… പരസ്പരം ചോദ്യങ്ങൾ ചോദിക്കാൻ ഇഷ്ടപെടാത്ത രണ്ടുപേർ…

മിത്രക്കും അമറിനും ഇടയിലുള്ള ബന്ധം എന്താണെന്ന് അവൻ ചോദിക്കാത്തത് കൊണ്ടു തന്നെ അവർക്കിടയിൽ എന്ത് സംഭവിച്ചു എന്ന് ചോദിക്കാൻ അവൾക്കും തോന്നിയില്ല….

അവന്റെ സംസാരം അവൾക്ക് വിരസത ഇല്ലാതാക്കും…. അധികം സംസാരിക്കാത്ത പ്രകൃതം ആണ് അവൻ എന്ന് അവൾക്ക് ആദ്യം തോന്നിയെങ്കിലും അവൻ സംസാരിക്കാൻ ഇഷ്ടം ഉള്ളവൻ ആണെന്ന് അവൾക്ക് മനസിലായി… രണ്ടു ദിവസങ്ങൾ കടന്നുപോയി….

ഒരു ദിവസം മിഥുൻ തന്ന പുസ്തകത്തിൽ മനസ് നിറച്ചിരുന്നു വായിക്കുക ആയിരുന്നു മിത്ര… അന്ന് ആനി വീണ്ടും അവളെ കാണാൻ വന്നു…..

എന്റെ ഒരു ഫ്രണ്ട് ഡെലിവറി കഴിഞ്ഞ് കിടക്കുന്നുണ്ട്… അവളെ കാണാൻ വന്നതാ… അപ്പൊ തന്നെ ഒന്ന് കാണാം എന്ന് വിചാരിച്ചു… മുഖാവര ഇല്ലാതെ അവൾ പറഞ്ഞു….

മിത്ര ചിരിച്ചു…. ആനി നീ എന്താണ് എന്നെ വെറുക്കാത്തത്… അവൾ മനസ്സിൽ ഓർത്തു…

ആനിക്ക് അവളോട്‌ കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു… മിത്രക്കും… മൗനം അവർക്കിടയിൽ തളം കെട്ടി…

ആനി ഫ്ലാസ്കിൽ ചായ ഉണ്ട്…. താൻ എടുക്കൂ നമുക്ക് കുടിക്കാം….എന്തെങ്കിലും പറയാൻ വേണ്ടി മിത്ര പറഞ്ഞു….

ആനി ചായ എടുക്കാൻ വാതിലിന്റെ അരികിൽ ചെന്നു… അവൾ ചായ എടുക്കുന്നതും നോക്കി മിത്ര കട്ടിലിൽ ചാരി ഇരുന്നു….

വാതിൽ തുറന്നപ്പോൾ മിത്ര അങ്ങോട്ടേക്ക് നോക്കി… അമർ…. അമർ വാതിൽക്കൽ നിന്ന് ഒരു നിമിഷം മിത്രയെ നോക്കി.. ആനി വാതിലിന്റെ മറവിൽ ആയത് കൊണ്ട് അവൻ അവളെ കണ്ടില്ല…

അമർ ഓടി വന്ന് കട്ടിലിൽ ഇരുന്നു…. മിത്രയെ കെട്ടിപിടിച്ചു….

മിത്തൂ… മോളെ….. ഞാൻ പറഞ്ഞതല്ലേ ശ്രദ്ധിക്കണം എന്ന്….. ഞാനില്ലാതെ ഒറ്റക്ക് നീ ഒത്തിരി ബുദ്ധിമുട്ടി അല്ലേ…. സോറി ടാ… ഞാൻ അറിഞ്ഞില്ലല്ലോ… അവൻ അവളെ കെട്ടിപിടിച്ചു അവളുടെ തോളിൽ മുഖം ചേർത്ത് പറഞ്ഞു….

പിന്നെ അവളെ നോക്കി…. അവളുടെ മുറിവുകളിൽ തലോടി…. അവളുടെ നെറ്റിയിലും കവിളിലും ചുംബിച്ചു….

വേദനിച്ചോ ഒത്തിരി… അവളുടെ കവിളുകൾ കൈയിൽ ഒതുക്കി അവൻ ചോദിച്ചു…..

മിത്രയുടെ കണ്ണുകൾ ആനിയിലേക്ക് നീണ്ടു…. അമറും തിരിഞ്ഞു നോക്കി…അവൻ കണ്ടു. കലങ്ങിയ കണ്ണുകളും ആയി നിൽക്കുന്ന ആനിയെ….

അവൾ ഒരു നിമിഷം അവനെ നോക്കി…. വേദന പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.. ഒരു പൊട്ടിക്കരച്ചിലോടെ അവൾ പുറത്തേക്ക് ഓടി….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *