എന്ന് സ്വന്തം മിത്ര ~ ഭാഗം 11 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അമർ ഫ്ലാറ്റിൽ എത്തി… അവന്റെ മേശ വലിപ്പിൽ നിന്ന്‌ അവന്റെ ഡയറി എടുത്തു… അതിനിടയിൽ നിന്ന് ആനിയുടെ ഫോട്ടോ നിലത്തേക്ക് വീണു… അവൻ അതും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു….

മേശമേൽ ഇരുന്ന സിഗരറ്റ് എടുത്ത് കത്തിച്ചു…. ആനിയുടെ നീലക്കണ്ണുകളിലേക്ക് നോക്കി അവൻ പുക ഊതി….

ആനി…. നീ എന്താ പെണ്ണേ ഇങ്ങനെ… വെറുത്തൂടെ എന്നെ ഒന്ന്…എന്നെന്നേക്കുമായി…. എനിക്ക് വേണ്ടി എന്തിനാണ് ഇനിയും കാത്തിരിക്കുന്നത്… നീ സ്നേഹിച്ച അമർ എന്നേ മരിച്ചു പോയി ആനി… ഇത് മറ്റൊരാളാണ്…. സ്നേഹിക്കാൻ കൊള്ളാത്ത ഒരുവൻ….

അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ആ ഫോട്ടോയിൽ വീണു… അവൻ അത് ഡയറിക്ക് ഉള്ളിൽ തന്നെ വെച്ചു…

അവന്റെ വലത് കൈ പത്തിയിലേക്ക് നോക്കി… ആനിയുടെ കവിളിൽ അടിച്ച കൈകളോട് അവന് ദേഷ്യം തോന്നി… അവൻ ആ എരിയുന്ന സിഗരറ്റ് കൊണ്ട് അവന്റെ കൈകളിൽ കുത്തി…

വേദനിച്ചു… വീണ്ടും വീണ്ടും വീണ്ടും വേദനിപ്പിച്ചു… വേദന അസഹ്യം ആയി തുടങ്ങി…. പക്ഷെ അവന്റെ നെഞ്ചിലെ വേദനയോളം ആയില്ല.. അവൻ ആ നിലത്ത് പടിഞ്ഞിരുന്നു…. അവന്റെ പൊള്ളിയ കൈകൾ തറയിലടിച് പൊട്ടി കരഞ്ഞു…

ഇല്ല ആനി നിനക്കെന്നെയോ എനിക്ക് നിന്നെയോ ഈ ജന്മം മറക്കാൻ ആവില്ല…. എനിക്കറിയാം…. പക്ഷെ ഈ ജന്മം നിന്നെ ഞാൻ ഒറ്റപെടുത്തുകയാണ്…. പാപി ആണ് ഞാൻ…. മഹാപാപി… നിന്നെ ഞാൻ അർഹിക്കുന്നില്ല ആനി…. അവൻ ആ പൊള്ളിയ കൈകൾ കൊണ്ട് എങ്ങനെ ഒക്കെയോ ആ ഡയറിയിൽ എഴുതി ചേർത്തു…. ആ ഡയറിയും നെഞ്ചോടടുക്കി അവൻ കിടന്നു ഉറങ്ങി…

…………….

“കത്തിതുടങ്ങിയ വീടുപോലെ ആണ് എന്റെ പ്രേമം… വിരഹത്തിലും മഴയിലും അത് ആസക്തിയോടെ കത്തുന്നു… തീനാളങ്ങൾ ആകാശത്തേക്ക് പത്തിവിടർത്തുന്നു… ഈ ജന്മം പൊള്ളിയടരുന്നു… “

ആനി പുസ്തകം അടച്ചു വെച്ചു…. തന്റെ പ്രണയവും കത്തി തുടങ്ങുന്നത് അവൾ അറിഞ്ഞു… തന്റെ കൈയിൽ കുത്തി നിറയുന്ന രക്തം അവളെ പൊള്ളിച്ചു…. പ്രണയത്തിന് വേണ്ടി താൻ ഒഴുക്കിയ രക്തത്തിനു പകരം… ഒന്നും തന്നെ തന്റെ പ്രണയത്തിന് പകരം ആവില്ല… ആരും തന്റെ അമറിന് പകരം ആവില്ല… അവൾ ഓർത്തു…

അവൻ അടിച്ച കവിളുകളിൽ തലോടി…. അവന്റെ വിരലുകളെ അവൾ ആ കവിളിൽ തിരിച്ചറിഞ്ഞു… അവന്റെ പ്രണയത്തിന്റെ പാടുകൾ.. സ്നേഹത്തിന്റെ പാടുകൾ…. കരുതലിന്റെ പാടുകൾ… ആ വേദനയിലും അവൾ ഒന്ന് ചിരിച്ചു…. ഇല്ല അമർ നീ എന്നെ മറക്കില്ല.. എന്നെ മറന്നൊരു ജീവിതം നിനക്കില്ല…

“ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെ കുറിച്ച് ഓർക്കുന്നു… അല്ലെങ്കിൽ നിന്നെ കുറിച്ചോർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്…. “

പണ്ടെന്നോ അവന്റെ തോളിൽ തലവെച്ചു കിടന്നപ്പോൾ അവൻ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ പ്രതിധ്വനിച്ചു…. ആ ഓർമ അവളിൽ ഒരു ചിരി ഉണർത്തി.. പ്രദീക്ഷയുടെ ചിരി….

………………

മിത്രയും മറ്റേതോ ലോകത്ത് ആയിരുന്നു.. അവളുടെ മാത്രം ലോകം… മിഥുൻ പറഞ്ഞ വാക്കുകൾ അവളെ പലതും ഓർമിപ്പിച്ചു… മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന പഴയ ഓർമ്മകൾ… അവളെ വലിഞ്ഞു മുറുകുന്നത് അവൾ അറിഞ്ഞു… അവളുടെ ഹൃദയത്തെ കുത്തി നോവിക്കുന്നത് അറിഞ്ഞു…

മിത്ര…

ആ വിളി ഒരു നിമിഷം കൊണ്ട് അവളിൽ വിരിഞ്ഞ ഓർമകളെ ചിതറി തെറിപ്പിച്ചു….

സുദർശൻ സർ വരൂ….

അവൾ പറഞ്ഞു…അയാൾ അവൾക്കരികിൽ വന്നിരുന്നു…. എപ്പോഴും വാതോരാതെ സംസാരിക്കുന്ന സുദർശൻ അന്ന് മൗനം ആയിരുന്നു…. ആ മൗനം മിത്രയിലും വേദന ഉണ്ടാക്കി… ഒടുവിൽ അവൾ തന്നെ തുടങ്ങി….

സാറിനോട് ഞാൻ വരാൻ പറഞ്ഞത്ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ അല്ല…

സുദർശൻ അവളെ നോക്കി ചിരിച്ചു…

മിത്ര… രണ്ടു വർഷം മുൻപ് അമർ തന്നെ എനിക്ക് പരിചയപ്പെടുത്തിയ ദിവസം എനിക്കിപ്പോഴും ഓർമ ഉണ്ട്… അന്ന് താൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു…ആരോടും സംസാരിക്കാൻ കൂട്ടാക്കാതെ കണ്ണിൽ എപ്പോഴും ഒരു നനവും ആയി താൻ ഓരോന്ന് ആലോചിച്ചു ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…

അന്നൊക്കെ അമർ വന്നൊന്ന് ചേർത്ത് പിടിച്ചാൽ മാത്രം ചിരിക്കുന്ന ഒരു മുഖം ഉണ്ടായിരുന്നു തനിക്ക്…. പതിയെ പതിയെ താൻ മാറി തുടങ്ങി.. നിങ്ങളെ കുറിച്ച് പല കഥകളും ഞാൻ കേട്ടൂ….

വിവാഹ നിശ്ചയത്തിന്റെ രണ്ടു ദിവസം മുന്നെ ആരോടും പറയാതെ പോയ അമർ പിന്നെ നിന്നെ ഒപ്പം കൂടിയതിന്റെ പിന്നിലെ കഥകൾ… ഒരു പെണ്ണിനെ വഞ്ചിക്കാൻ മാത്രം ക്രൂരൻ ആണ് അമർ എന്ന് എനിക്ക് തോന്നിയില്ല…

അപ്പോഴും ഞാൻ വിചാരിച്ചത് ആ പെൺകുട്ടിയുടെ കുഴപ്പം വല്ലതും ആവും അവന്റെ തീരുമാനത്തിന് പുറകിൽ എന്ന്… പക്ഷെ ആ വിശ്വാസം കുറച്ചു ദിവസം മുൻപ് ഞാൻ തന്നെ തകർത്തു.. ആ പെൺകുട്ടി ആനി ആണെന്ന് അറിഞ്ഞപ്പോൾ….

ഇത്രയും കാലം നിങ്ങള് രണ്ടാളും ലിവിംഗ് ടു ഗെതെർ ആണെന്ന് ആയിരുന്നു ഞാൻ കരുതി ഇരുന്നത്… അതിൽ തെറ്റൊന്നും എനിക്കും തോന്നിയിരുന്നില്ല…ഞാൻ ഇതുവരെ അത് ചോദ്യം ചെയ്തിട്ടുമില്ല..

പക്ഷെ ഇന്ന് അത് അങ്ങനെ ആവല്ലേ എന്ന് മാത്രമാണ് എന്റെ ഉള്ളിൽ… പറ മിത്ര നിങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആണെന്ന്… അമർ എന്നും ആനിയുടെ ആണെന്ന്… അവൻ അവളിലേക്ക് തിരിച്ചു പോവും എന്ന്….

മിത്ര തല കുനിച്ചു…അവൾ മറുപടി പറഞ്ഞില്ല…

നിന്റെ ഈ മൗനം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു മിത്ര… ആനി…. അവളുടെ വേദന കാണുമ്പോൾ എന്തുകൊണ്ടോ എന്റെ ഹൃദയവും നോവുന്നു…. അറിയില്ല എനിക്കിന്നും അവളെ ഇഷ്ടമാണോ എന്ന്… പക്ഷെ ഒന്നറിയാം അവളുടെ സന്തോഷം ആണെനിക്ക് വലുത്…

മിത്ര തല ഉയർത്തി..

അത് ഞാൻ തിരിച്ചറിഞ്ഞത് കൊണ്ടാണ് സാർ നെ ഞാൻ കാണണം എന്ന് പറഞ്ഞത്… സാർ വേണം അവൾക്കൊപ്പം ഇനി എന്നും….

ആദ്യമൊക്കെ അവൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നും… പക്ഷെ ഒരു ദിവസം അവൾ തിരിച്ചറിയും അമ്മാറിനെക്കാൾ അവളെ സ്നേഹിക്കാൻ സാർ ക്ക് കഴിയും എന്ന്… ഈ ജന്മം അവളെ ഒറ്റക്കാക്കരുത്….

അമർ അവന് ഞാൻ ഉണ്ട്…അവനെ ആനിക്ക് വിട്ടു കൊടുക്കാൻ എനിക്ക് കഴിയില്ല…. സ്വാർഥത ആണെന്ന് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ…. അവളെ പറഞ്ഞു ബോധ്യപ്പെടുത്തണം…. അമറും ആഗ്രഹിക്കുന്നത് അത് തന്നെ ആണ്….

മിത്ര എനിക്ക് മനസിലാവുന്നില്ല നിങ്ങളെ… നിങ്ങൾ എന്താ ഇങ്ങനെ ആയി പോയെന്ന്…

ഞങ്ങൾ ഇങ്ങനെ ആണ്..അത് മാത്രമാണ് അതിനുള്ള മറുപടി …. ഒരിക്കൽ പോലും ഞങ്ങളെ ചോദ്യം ചെയ്യാത്തത് കൊണ്ടാണ് എനിക്ക് സാറിനോട് മറ്റുള്ളവരോടുള്ള പോലെ ദേഷ്യം തോന്നാഞ്ഞത്.. ഇനിയും ചോദ്യം ചെയ്യരുത്….പല കാരണങ്ങളും വാക്കുകൾ കൊണ്ട് ബോധ്യപ്പെടുത്താൻ പ്രയാസം ആയിരിക്കും…

ശെരി ഞാൻ ചോദിക്കുന്നില്ല… ആനിക്ക് ഞാൻ ഉണ്ടാവും അത് ഞാൻ തരുന്ന വാക്ക്… അവൾ നിങ്ങളെ ശപിക്കാതിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർഥിക്കാം….

മിത്ര ഒരു മങ്ങിയ ചിരി ചിരിച്ചു…

സാർ എനിക്ക് ഒരുകാര്യം കൂടി അറിയാൻ ഉണ്ട്….

മിഥുനെയും മിഥിലെയും കുറിച്ചല്ലേ…

അതെ അവൾ തലയാട്ടി…

എനിക്ക് കൂടുതൽ ഒന്നും അറിയില്ല…. ഇവിടേക്ക് വരുന്നതിന് മുൻപ് ഞാൻ കാസർഗോഡ് കർണ്ണാടക ബോർഡറിൽ ഉള്ള ഒരു ചെറിയ നഗരത്തിൽ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത്…. കൂടുതൽ ഗ്രാമ പ്രദേശം ആയിരുന്നു അവിടെ .. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ആളുകൾ ആണ് അധികവും…കൃഷിയും കന്നുകാലി വളർത്തലും ഒക്കെ ആയി ഇന്നും ഒരു പഴമ കാത്ത് സൂക്ഷിക്കുന്ന ഒരു നാട്….

ഒരിക്കൽ ആ നാടിനെ പോലും നടുക്കിയ ഒരു സംഭവം ഉണ്ടായി… അത് കവർ ചെയ്യാൻ പോയത് ഞാനും…

ഒരമ്മ തന്റെ മകളെ കാണാൻ ഇല്ലെന്ന് പരാതി നൽകുന്നതോടെയാണ് സംഭവം തുടങ്ങുന്നത്.. കോളേജിൽ പോയ മകൾ രാത്രി ആയിട്ടും തിരിച്ചു വന്നില്ല. മറ്റാരും തുണ ഇല്ലാതെ ജീവിക്കുന്ന ഒരമ്മയും മകളും ആയിരുന്നു… ആ അമ്മക്ക് വിവാഹം കഴിക്കാതെ ഉണ്ടായ മകൾ ആയത് കൊണ്ട് തന്നെ ആ നാട്ടിൽ ഉള്ളവർ എല്ലാം അവരെ ശത്രുക്കളെ പോലെ ആണ് കണ്ടിരുന്നത്….

അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു… നാലു ദിവസങ്ങൾക്കു ശേഷം ആ മകളെ കണ്ടെത്തി… ആ നാട്ടിൽ ഉള്ള ഒരു പ്രമാണി കുടുംബത്തിലെ തറവാട്ടിൽ അവരുടെ ഇളയ മകന്റെ മുറിയിൽ നിന്ന്…മൃഗീയമായി പീഡിപ്പിക്കപ്പെട്ട നിലയിൽ….

ദിവസങ്ങളായി പീഡിപ്പിച്ചു ബോധം നഷ്ടപ്പെട്ട മകളെ കണ്ട ആ അമ്മ ഹൃദയം പൊട്ടി കരഞ്ഞു… ആ മകനെ പോലീസ് അറസ്റ്റ് ചെയ്തു… മകൾ ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു… സംസാര ശേഷി പോലും ആ ഷോക്കിൽ അവൾക്ക് നഷ്ടം ആയി…

അമ്മയും മകളും പിഴച്ചു പോയെന്ന നാട്ടുകാരുടെ കുത്തുവാക്കുകളിൽ മനം നൊന്ത് ആ അമ്മ കഴിക്കുന്ന ഭക്ഷണത്തിൽ വിഷം ചേർത്ത് മകൾക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ചു… അമ്മ മരിച്ചു… പക്ഷെ മകൾ രക്ഷപെട്ടു…

ആ മകൾ ആണ് മിഥില… അവളെ ആ അവസ്ഥയിൽ ആക്കി പോലീസ് അറസ്റ്റ് ചെയ്ത ആ പ്രമാണിയുടെ മകൻ മിഥുനും….

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *