മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
അപ്പോൾ ഇനി മിഥുന്റെ past ആണ്.. ഇത് മിഥുൻ മിത്രയോട് പറയുന്നത് പോലെ അല്ല എഴുതുന്നത്…ഒരു കഥ ആയിട്ടാണ്.. അപ്പോൾ കഥക്കുള്ളിലെ അടുത്ത കഥ കേട്ടോളൂ…
……..
വടക്കൻ കേരളത്തിന്റെ അതിർത്തി പങ്കിടുന്ന ഒരു കർഷക ഗ്രാമം…. അവിടെ ഒരു നാടുവാഴി എന്നപോലെ നാടിന് പ്രിയപ്പെട്ടവനായ മഹാദേവ വർമ…. ആ നാടിന്റെ പ്രമാണി കുടുംബം ആയ ദേവർമഠം തറവാടിന്റെ പ്രതാപിയായ അമരക്കാരൻ…. മഹാദേവന്റെ ഭാര്യ ശ്രീദേവി മക്കൾ അഞ്ചു വയസ് വെത്യാസത്തിൽ ജനിച്ച നിഥിൻ മഹാദേവനും ഇളയവൻ മിഥുൻ മഹാദേവനും.
നാടിനെന്നും അവസാനത്തെ വാക്കായിരുന്നു ദേവർമഠം…. കണക്കറ്റ സ്വത്തുക്കൾ…. ആ നാടിന്റെ കാർഷിക സമ്പത്തിന്റെ പകുതിയും ആ തറവാടിന്റെ ആയിരുന്നു…. മഹാദേവനും സഹോദരി മഹാലക്ഷിമിക്കും ആയിരുന്നു അതിന്റ പൂർണ അവകാശം….
മഹാലക്ഷ്മിയുടെ ഭർത്താവ് ജയകൃഷ്ണൻ ഒരു രാഷ്ട്രീയ നേതാവ് ആയിരുന്നു… അവർക്ക് രണ്ട് പെണ്മക്കൾ രാഗ സുധയും ഇളയവൾ സത്യഭാമയും… രാഗസുധ മിഥുന്റെ ഏകദേശം ഒപ്പം ആയിരുന്നു പ്രായം.. സത്യഭാമ അവനെക്കാൾ മൂന്നു വയസ് ഇളയതും… അവർ ദേവർമഠം തറവാട്ടിൽ നിന്ന് കുറച്ചുമാറി മറ്റൊരു വലിയ വീട്ടിൽ ആയിരുന്നു താമസം….
………………..
മോനേ കണ്ണാ ഇവിടെ വാ.. ഈ പാലുകുടിക്ക്… രാവിലെ തന്നെ മൂന്നു വയസ്കാരൻ മിഥുൻ പിന്നാലെ ഓടുകയാണ് ശ്രീദേവി…
എനിക്ക് പാല് വേണ്ട…. അവൻ ഓടുന്നതിനിടയിൽ വിളിച്ചു പറയുന്നുണ്ട്…
ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റു..
ശ്രീദേവി കൈയിൽ ഇരുന്ന പാല് മേശയിൽ വെച്ചു…
എന്റെ ഏടത്തി… അവനെ പാല് കുടിപ്പിക്കാൻ ആ മാളുവിന് തന്നെ പറ്റുള്ളൂ… അവൾ എന്റെ അലക്കിയത് വിരിച്ചിട്ട് വന്നിട്ട് കൊടുത്തോളും…
തന്റെ വീർത്തിരിക്കുന്ന വയറിൽ കൈവെച്ചു നടന്ന് കൊണ്ട് മഹാലക്ഷ്മി പറഞ്ഞു…
അതെ… പെറ്റത് ഞാൻ ആണേലും അവന് എല്ലാത്തിനും മാളുമ്മ മതി…അവളാണ് ഇവനെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുന്നെ….
സാരമില്ല ചേച്ചി… പാവം മാളു… എന്റെ പ്രായം ആണ് അവൾക്ക്… പാറമടയിൽ മരുന്ന് പൊട്ടി അവളുടെ അച്ഛനും അമ്മയും മരിക്കുമ്പോൾ ഞങ്ങൾ പത്ത് കഴിഞ്ഞു നില്ക്കാ
.ആരോരും ഇല്ലാത്ത അവളെ അച്ഛൻ ഇങ്ങോട്ട് നിർബന്ധിച്ചു കൊണ്ട് വന്നതാ..പിന്നെ ഇവിടെ ഒരു വേലക്കാരിയെ പോലെ അവൾ പണി എടുത്തു… വിവാഹ പ്രായം ആയപ്പോൾ ഒത്തിരി നിര്ബന്ധിച്ചതാ എല്ലാവരും അവളെ പക്ഷെ അവൾ സമ്മതിച്ചില്ല…
അവളെ പോലെ സുന്ദരി ആയ ഒരു പെണ്ണിനെ കണ്ണും പൂട്ടി സ്വീകരിക്കാൻ ആളുകൾ എത്ര ആയിരുന്നു .. പക്ഷെ ഈ വീട് ആയിരുന്നു അവളുടെ ലോകം…
നിഥിനും സുധയും മിഥുനും ഒക്കെ അവൾക്ക് സ്വന്തം മക്കൾ തന്നെ ആണ്… എനിക്ക് ഉറപ്പാ എന്റെ വയറ്റിൽ കിടക്കുന്ന ഈ കുഞ്ഞും അവൾക്ക് അവരെ പോലെ ആവും….
മഹാലക്ഷ്മി കസേര നീക്കി ഇരുന്നു…
കാര്യം ഒക്കെ ശെരിയാ… പക്ഷെ മിഥുൻ അവന് മാത്രം ഇത്തിരി അടുപ്പം കൂടുതൽ ആണ് അവളോട്…
അതൊക്കെ ഏടത്തിക്ക് വെറുതെ തോന്നുന്നതാ.. പെറ്റമ്മ കഴിഞ്ഞേ ഉണ്ടാവൂ മക്കൾക്ക് പോറ്റമ്മ…
അപ്പോഴേക്കും മിഥുനും സുധയും ഓടി വന്നു… മിഥുൻ ലക്ഷ്മിയുടെ തുടയിൽ കൈകുത്തി വീർത്ത വയറിൽ ചുംബിച്ചു…
കുഞ്ഞാവേ….
അവൻ വിളിച്ചു… വയറിന്റെ ഉള്ളിൽ നിന്ന് വാവ അനങ്ങിയത് ലക്ഷ്മി അറിഞ്ഞു…
മാമി മാമി എന്നാ കുഞ്ഞാവ വരാ…
അവൻ വയറിൽ തലോടി കൊണ്ട് ചോദിച്ചു…
എന്റെ കണ്ണാ എന്നും ഇങ്ങനെ ചോദിക്കുന്നത് എന്തിനാ… കുഞ്ഞാവ വരും വേഗം…
ശ്രീദേവി അവനോട് പറഞ്ഞു…
മാമി ഈ കുഞ്ഞാവ ഗേൾ ആണോ ബോയ് ആണോ…
അവൻ ആകാംഷയോടെ ചോദിച്ചു…
അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല… കുഞ്ഞാവ പുറത്തു വന്നാലേ പറയാൻ പറ്റൂ…
ശ്രീദേവി അവനെ ശാസിച്ചു
എന്നിട്ട് മാളുമ്മ പറഞ്ഞല്ലോ മാമിന്റെ കുമ്പേല് സുധയെ പോലെ ഉള്ള കുഞ്ഞാവ ആണെന്ന്… ആണോ മാമി…
ചിലപ്പോൾ ആവും…
ലക്ഷ്മി അവന്റെ തലയിൽ തലോടി പറഞ്ഞു…
ചിലപ്പോൾ അല്ല ഉറപ്പാ…. ആ മുഖം കണ്ടാൽ അറിഞ്ഞൂടെ… തുടുത്ത് പഴുത്തു ഇരിക്കല്ലേ…
പുറത്ത് നിന്നും പറഞ്ഞുകൊണ്ട് മാളു അകത്തേക്ക് കയറി…
മാളുമേ….
എന്നും വിളിച്ചു കൊണ്ട് മിഥുൻ ഓടി ചെന്നു അവരെ വട്ടം പിടിച്ചു… മാളു അവനെ എടുത്തു ഒക്കത്തേക്ക് വെച്ചു…. അവന്റെ കവിളിൽ ചുംബിച്ചു…
മാളുമ്മേടെ കണ്ണൻ ഇന്ന് നേരത്തെ ഉണർന്നോ….
ഓ ഉണർന്നു.. പല്ലുതേച്ചിട്ടും ഇല്ല പാലും കുടിച്ചിട്ടില്ല..
. ശ്രീദേവി ദേഷ്യത്തിൽ പറഞ്ഞു..
അതെന്താ മാളുമ്മേടെ മോൻ ചീത്ത കുട്ടി ആയേ….
എന്നെ മാളുമ്മ പല്ല് തേപ്പിക്കണം…
അവൻ അവളുടെ തോളിലേക്ക് കിടന്നു…
തരാലോ.. പല്ല് തേച് കുളിച് പാല് കുടിച് നമുക്ക് കളിക്കണം…
അവനെയും എടുത്ത് പുറത്തേക്ക് നടക്കുമ്പോൾ മാളു അവനെ കൊഞ്ചിക്കുന്നുണ്ടായിരുന്നു…. അതും നോക്കി ശ്രീദേവിയും ലക്ഷ്മിയും ഇരുന്നു….
മാളുമ്മേ.. ഈ ഉടുപ്പ് കുഞ്ഞിവാവ എപ്പോളാ ഇടാ….
പലനിറത്തിൽ ഉള്ള നൂലുകൾ കൊണ്ട് വരാന്തയിലെ തൂണിൽ ചാരി ഇരുന്ന് കുഞ്ഞുടുപ്പ് തുന്നുന്ന മാളുവിനോട് പുറകിലൂടെ ഏന്തി വലിഞ്ഞു പടിയിൽ കയറി നിന്ന് മിഥുൻ ചോദിച്ചു…
കുഞ്ഞിവാവ വന്ന്… കുറച്ചു ദിവസം കഴിയുമ്പോൾ കുഞ്ഞിവാവക്ക് പേരിടും…അപ്പൊ എല്ലാരും കുഞ്ഞിവാവക്ക് പൊട്ട് തൊട്ട് കൊടുക്കും കമ്മലിടിക്കും മാല ഇടും വള ഇടും… അപ്പൊ നമുക്ക് രണ്ടാൾക്കും കൂടി ഈ ഉടുപ്പ് കുഞ്ഞിവാവക്ക് ഇടിച്ചു കൊടുക്കാം…
കുഞ്ഞിവാവക്ക് എന്ത് പേരാ ഇടാ….
എന്ത് പേരാ ഇടാ… കണ്ണൻ പറ..
അവൻ കണ്ണുകൾ മുകളിലേക്ക് ആക്കി താടിയിൽ കൈവെച്ചു ആലോചിച്ചു…
മാമാട്ടി കുട്ടി എന്ന് ഇടാം…
കുറേ നേരം ആലോചിച്ചു അവൻ പറഞ്ഞു…
ആഹാ നല്ല പേരാണല്ലോ കണ്ണന് ഈ പേര്
എവിടുന്നു കിട്ടി…
അവനെ മടിയിൽ ഇരുത്തി മാളു ചോദിച്ചു…
ഇന്നാൾ ടീവിൽ കണ്ടതാ… നല്ല ഭംഗി ഉള്ള കുട്ടിയാ.. മാളുമ്മക്ക് അറിയോ… എന്ത് ഭംഗി ആണെന്നോ ചിരി കാണാൻ… കുഞ്ഞുവാവയും അത്പോലെ ആവുമോ..
പിന്നേ… അതിലും സുന്ദരി ആവും ട്ടോ….
അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് മാളു പറഞ്ഞു…….
മാളു… മാളു.. നീ ഇത് എവിടെയാ…
അടുക്കളയിൽ മാളുവിനെ കാണാതെ അന്വേഷിച്ചു നടക്കുകയാണ് ലക്ഷ്മി….
ഒടുവിൽ ആലയുടെ പുറകിൽ അടക്കി പിടിച്ചിരുന്നു കരയുന്ന മാളുവിനെ ലക്ഷ്മി കണ്ടു…. അവിടെ വന്നതിന് ശേഷം ഒരിക്കൽ പോലും അവൾ കരയുന്നത് ലക്ഷ്മി കണ്ടിരുന്നില്ല…. ലക്ഷ്മിയെ കണ്ടപ്പോൾ അവൾ കണ്ണുകൾ വേഗത്തിൽ തുടച്ചു…..
എന്ത് പറ്റി മാളു എന്തിനാ നീ കരയുന്നേ….
ലക്ഷ്മി അവൾക്കരികിൽ നിന്നുകൊണ്ട് ചോദിച്ചു…
ഒന്നുമില്ല ലക്ഷ്മി…
നീ എന്നോട് കള്ളം പറയണ്ട.. എന്തോ ഉണ്ട് പറ പെണ്ണേ..
ഒരു പൊട്ടിക്കരച്ചിലോടെ മാളു ലക്ഷ്മിയെ കെട്ടിപിടിച്ചു….
എന്ത് പറ്റിയെടി… പറ…
പക്ഷെ മാളു ഒന്നും പറഞ്ഞില്ല… അവളുടെ മൗനം ലക്ഷ്മിയിൽ പല സംശയങ്ങളും ഉണ്ടാക്കി… ദിവസം കഴിയും തോറും മാളുവിൽ ക്ഷീണം കണ്ടു തുടങ്ങി.. എന്ത് കഴിച്ചാലും അവൾ ഓക്കാനിക്കാൻ തുടങ്ങി….
വല്ല ഫുഡ്‌പോയ്‌സണും ആവും… പോയി ഒരു ഡോക്ടറെ കാണിക്ക് മാളു…
അടുക്കളയിൽ തളർന്നിരിക്കുന്ന മാളുവിനോട് മഹാദേവൻ പറഞ്ഞു….
ഞാൻ നാളെ ഹോസ്പിറ്റലിൽ ചെക്കപ്പിന് പോവുന്നുണ്ട്… അപ്പോൾ കാണിക്കാം…
ലക്ഷ്മി പറഞ്ഞു… മാളു ലക്ഷ്മിയെ നോക്കി… അവൾക്ക് പലതും മനസിലായി എന്ന് മാളുവിന് മനസിലായി…
…പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തി ഡോക്ടറുടെ അടുത്തേക്ക് നടക്കുമ്പോൾ ലക്ഷ്മി മാളുവിന്റെ കൈകൾ ചേർത്ത് പിടിച്ചു…
മാളു ഞാനും ഒരു പെണ്ണാണ്.. അതിലുപരി ഒരു അമ്മ ആണ്…. എനിക്ക് മനസിലാവും ഇതൊക്കെ…. നീ എത്ര ഒളിക്കാൻ ശ്രമിച്ചാലും ഒരിക്കലും ഒളിക്കാൻ കഴിയാതെ നിന്റെ ശരീരം അതിനെ പ്രദർശിപ്പിക്കും….നിനക്ക് തെറ്റ് പറ്റി പോയെന്ന് എനിക്ക് മനസിലായി… ആരാ ആളെന്ന് പറ.. നമുക്ക് ഏട്ടനോട് പറഞ്ഞു നിങ്ങളുടെ വിവാഹം നടത്താം…
മാളു അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു…
വേണ്ട.. വേണ്ട ലക്ഷ്മി… എന്നോട് നീ ചോദിക്കരുത് അത് ആരാണെന്ന്… ഞാൻ പറയില്ല ആരോടും… ഈ ജന്മം….
എന്നാൽ നമുക്ക് ഈ കുഞ്ഞിനെ അബോർഷൻ ചെയ്യാം…. ആളുകളുടെ മുന്നിൽ നാണം കെടുന്നതിലും ബേധം അതാണ്…
ഇല്ല ഞാൻ സമ്മതിക്കില്ല… എനിക്ക് വേണം ഈ കുഞ്ഞിനെ… ഈ ലോകത്ത് എന്റേതെന്നു പറയാൻ ദൈവം എനിക്ക് തന്നതാണ് എന്റെ വയറ്റിൽ വളരുന്ന കുഞ്ഞു ജീവൻ… അതിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല…
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…
നീ എന്താ മാളു ഈ പറയുന്നേ… നിനക്ക് മാത്രം അല്ല… ഞങ്ങളുടെ കുടുംബത്തിന് കൂടി മാനക്കേട് ആവുന്ന കാര്യം ആണിത്….
ഞാൻ കാരണം നിങ്ങൾ ആരും മാനം കെടണ്ട ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം…
ഓ അതിനാണോ ഇത്രയും കാലം എന്റെ ഏട്ടൻ നിന്നെ നോക്കിയത്…. അങ്ങനെ ഞങ്ങളെ ഒക്കെ ഇട്ടെറിഞ്ഞു പോവാൻ നിനക്ക് കഴിയുമോ…. ഏതായാലും ഏട്ടനോട് പറയാം എല്ലാം ഏട്ടൻ തീരുമാനിക്കട്ടെ….
ലക്ഷ്മി പറഞ്ഞു….എല്ലാം അറിഞ്ഞപ്പോൾ മഹാദേവൻ ഒന്നും പറഞ്ഞില്ല.. ശ്രീദേവിക്ക് മാളുവിനോട് ദേഷ്യം തോന്നി….
മാളു.. ഏതായാലും എല്ലാവരും എല്ലാം അറിയും.. അതിന് മുന്നെ നിന്റെ വിവാഹം നടത്തണം… എല്ലാം അറിഞ്ഞുകൊണ്ട് നിന്നെ സ്വീകരിക്കാൻ തയ്യാറാവുന്ന ഒരാളെ കണ്ടുപിടിക്കണം…
അങ്ങനെ ആരെ കിട്ടാനാ… പിഴച്ച സന്തതിയെ ഒരാളും സ്വന്തം കുട്ടി ആയി അംഗീകരിക്കില്ല..
ശ്രീദേവി പറഞ്ഞു…
വേണ്ട എന്നെ ആരും വിവാഹം ചെയ്യണ്ട.. എന്റെ കുഞ്ഞിന് ഞാൻ മാത്രം മതി…
അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരി ആവും… നീ ഇവിടെ നിന്ന് ഈ കുഞ്ഞിനെ പ്രസവിച്ചാൽ ആ കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്യില്ലേ നാട്ടുകാർ…
ശ്രീദേവി ദേഷ്യത്തോടെ പറഞ്ഞു…
ശ്രീദേവി നീ മിണ്ടാതിരിക്ക്… മാളു നീ പറ ആരാണ് ഇതിന് ഉത്തരവാദി.. ഞാൻ സംസാരിക്കാം അയാളോട്… ഞാൻ പറഞ്ഞു മനസിലാക്കാം…
മഹാദേവൻ പറഞ്ഞു.
വേണ്ട… ഞാൻ പറയില്ല അത്… പറയില്ല…
മാളു കരഞ്ഞുകൊണ്ട് മുറിയിൽ കയറി വാതിലടച്ചു… ദിവസങ്ങൾ കടന്നുപോയി…. ലക്ഷ്മി പ്രസവിച്ചു പെൺകുട്ടി ഉണ്ടായി… അവൾക്ക് മുത്തശ്ശിയുടെ പേരിട്ടു.. സത്യഭാമ.. അതിൽ ഏറ്റവും വേദനിച്ചത് മിഥുൻ ആയിരുന്നു…
മാമാട്ടിക്കുട്ടി നല്ല പേരല്ലേ മാളുമേ.. എന്നിട്ടെന്താ കുഞ്ഞിവാവക്ക് ആ പേരിടാത്തെ…
മാളുവിന്റെ മടിയിൽ തലവെച്ചു കിടന്ന് മിഥുൻ ചോദിച്ചു…
കുഞ്ഞിവാവ പെൺകുട്ടി ആയാൽ മുത്തശ്ശിടെ പേരിടാൻ മാമി ആദ്യമേ തീരുമാനിച്ചിരുന്നു അതുകൊണ്ടാ ട്ടോ.. q
അപ്പൊ ഞാൻ ഇനി ആരെയാ മാമാട്ടിക്കുട്ടി എന്ന് വിളിക്കാ..
അവൻ കുഞ്ഞുചുണ്ട് കോട്ടി ചോദിച്ചു….
സാരമില്ല ട്ടോ…. മാളുമ്മേടെ കണ്ണന്റെ മാമാട്ടിക്കുട്ടി വേഗം വരുട്ടോ….
ഇവ്ട്ന്ന്.. ആകാശത്തിൽ നിന്നാണോ..
അവൻ അത്ഭുതത്തോടെ ചോദിച്ചു….
അല്ല.. ഇതാ ഇവിടെ നിന്ന്….
മാളു അവന്റെ കുഞ്ഞി കൈകൾ അവളുടെ വയറിൽ ചേർത്ത് വെച്ചു…
മാളുമ്മേടെ കുമ്പന്റെ ഉള്ളിൽ കുഞ്ഞിവാവ ഉണ്ടോ….
അവൻ അത്ഭുതത്തോടെ ചോദിച്ചു…
മ്മ്.. ഉണ്ട്… കണ്ണന്റെ മാമാട്ടിക്കുട്ടി….
ആണോ…
അവൻ മാളുവിന്റെ വയറിലേക്ക് മുഖം ചേർത്തു…
മാമാട്ടി കുട്ടി…..
അവൻ വിളിച്ചു.. എന്നിട്ട് ആ വയറിൽ ചുംബിച്ചു… മാളുവിന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞു…
എന്നാ കുഞ്ഞിവാവ വരാ..
കുറേ ദിവസം കഴിയുമ്പോൾ വരും.. കണ്ണേട്ടനെ കാണാൻ….
അവന്റെ മുടിയിൽ തലോടി മാളു പറഞ്ഞു…
കണ്ണേട്ടനോ…
അവൻ സംശയത്തോടെ ചോദിച്ചു..
ആ.. മാമാട്ടിക്കുട്ടിയുടെ ഏട്ടൻ അല്ലേ കണ്ണൻ…. കുറേ ദിവസം കഴിഞ്ഞാൽ ഏട്ടന്റെ കൂടെ കളിക്കാനും ഓടാനും ചാടാനും ഒക്കെ മാട്ടിക്കുട്ടി ഉണ്ടാവും…അപ്പൊ കണ്ണനെ അവൾ കണ്ണേട്ടാ എന്ന് വിളിക്കും…
ആണോ.. ഹായ്..
അവന്റെ കണ്ണുകൾ നിറയെ സന്തോഷം ആയിരുന്നു…
എന്റെ മാമാട്ടിക്കുട്ടി വന്നേ… മാമാട്ടിക്കുട്ടി വന്നേ..
അവൻ സന്തോഷത്തോടെ പറഞ്ഞു ഓടി പോയി…. മാളു ഉള്ളിലെ വേദന കടിച്ചു പിടിച്ചു….
മിഥുൻ ഓടിച്ചെന്ന് ലക്ഷ്മി യുടെ മുറിയിൽ കയറി.. തൊട്ടിലിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു…
ഭാമി… ഭാമി…. മാമാട്ടിക്കുട്ടി വരുന്നുണ്ട്.. നമ്മടെ കൂടെ കളിക്കാൻ.. എന്നെ കണ്ണേട്ടാ എന്ന് വിളിക്കൂലോ…
അവൻ തോട്ടിൽ മെല്ലെ ആട്ടികൊണ്ട് പറഞ്ഞു….
എന്തൊക്കെയാ നീ പറയണേ കണ്ണാ…
ലക്ഷ്മി കട്ടിലിൽ നിന്ന് ചെരിഞ്ഞു കിടന്ന് ചോദിച്ചു…
ആ മാളുമ്മേടെ കുമ്പേല് മാമാട്ടിക്കുട്ടി ഉണ്ടല്ലോ… കൊറച്ചു ദിവസം കഴിഞ്ഞാൽ വരൂലോ…
അവൻ സന്തോഷത്തോടെ പറഞ്ഞു…
കണ്ണാ…. മിണ്ടാതിരുന്നോ അവിടെ… ഞങ്ങളോട് പറഞ്ഞത് പറഞ്ഞു… വേറെ ആരോടേലും പറഞ്ഞാൽ ഉണ്ടല്ലോ നിന്റെ ചെവി ഞാൻ പൊന്നാക്കും…
ശ്രീദേവി അവന്റെ അരികിൽ വന്നകൊണ്ട് പറഞ്ഞു…
ഏടത്തി എന്തിനാ അവനെ വഴക്ക് പറയുന്നേ.. അവൻ കുഞ്ഞല്ലേ അവനെന്താ അറിയാ…
ലക്ഷ്മി പറഞ്ഞു…ശ്രീദേവി ദേഷ്യത്തോടെ ഇറങ്ങി പോയി… ഒന്നും മനസിലാവാതെ കുഞ്ഞു മിഥുൻ നിന്നു…
മാസങ്ങൾ കടന്ന് പോയി… മാളു ഗർഭിണി ആണെന്ന രഹസ്യം പരസ്യമായി കൊണ്ടിരുന്നു…. കുഞ്ഞിന്റെ അച്ഛനെ ചൊല്ലി പല ചർച്ചകളും നാട്ടിൽ ഒഴുകി നടന്നു.. അതിൽ മഹാദേവൻ ആണ് കുഞ്ഞിന്റെ അച്ഛൻ എന്ന് പോലും കേട്ട് തുടങ്ങി… ശ്രീദേവിയെ ആ വാർത്ത കൂടുതൽ ദേഷ്യം പിടിപ്പിച്ചു.. ദിവസങ്ങൾ കഴിയും തോറും അവൾക്ക് മാളുവിനോട് വെറുപ്പ് കൂടി വന്നു… പക്ഷെ മിഥുൻ മാളുവിനെ കൂടുതൽ കൂടുതൽ സ്നേഹിക്കുക ആയിരുന്നു… ആ വീട്ടിൽ ഒരു മൂലയിൽ മാളു ഒതുങ്ങി കൂടി….ഒടുവിൽ മാളു ഒരു പെൺകുഞ്ഞിന് ജന്മം നൽകി…..
മാമാട്ടിക്കുട്ടി… കണ്ണേട്ടന്റെ മാമാട്ടി കുട്ടി…
കുഞ്ഞിന്റെ കുഞ്ഞി വിരലിൽ വിരലുകൾ ചേർത്ത് മിഥുൻ വിളിച്ചു…. ഏറെ പരിചിതം ആയ ഒരു വിളികേട്ടപോലെ ആ കുഞ്ഞൊന്ന് കുറുകി…. ലക്ഷ്മി കുഞ്ഞിനേയും കൊണ്ട് മാളുവിനെ കാണാൻ വന്നതായിരുന്നു… ഭാമ എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത് മിഥുൻ മാത്രം ഭാമി….കുഞ്ഞിന് ഇപ്പോൾ ആറുമാസം പ്രായമായി… മിഥുനിനെ കാണുമ്പോൾ അവൾ കുടുകുടാ ചിരിക്കും.. അവന്റെ കവിളുകൾ പിടിച്ചു വലിക്കും.. അവൻ അനുസരണയോടെ നിന്ന് കൊടുക്കും…
ഭാമി ഇത് കണ്ടോ.. മാമാട്ടിക്കുട്ടിയെ…
കുഞ്ഞിന് അരികിൽ ഭാമയെ ഇരുത്തി കട്ടിലിനോട് ചേർന്ന് നിന്ന് മിഥുൻ അവളോട് ചോദിച്ചു… പക്ഷെ ഭാമിയുടെ കണ്ണുകൾ മിഥുനിൽ മാത്രം ആയിരുന്നു… അവനോട് അവൾ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്….
കണ്ണാ നിനക്ക് മാമാട്ടിയെ ആണോ ഭാമിയെ ആണോ കൂടുതൽ ഇഷ്ടം..
ലക്ഷ്മി ചോദിച്ചു…
രണ്ടാളെയും ഇഷ്ടാ…
അവൻ പറഞ്ഞു..
എന്നാലും കൊറച്ചു ഇഷ്ടം കൂടുതൽ ആരെയാ..
ലക്ഷ്മി വീണ്ടും ചോദിച്ചു… അവൻ രണ്ടുപേരെയും മാറി മാറി നോക്കി… ആ രണ്ടുകുഞ്ഞു മുഖങ്ങളും അവനെ തന്നെ നോക്കുകയാണ്… അവൻ മാമാട്ടിയുടെ നെറ്റിയിൽ ചുംബിച്ചു… പിന്നേ ഭാമിയുടെ കവിളുകളിലും….
അച്ഛാ…. അച്ഛന് അമ്മയെ ആണോ മാമിയെ ആണോ കൂടുതൽ ഇഷ്ടം.. കുറച്ചുമാറി ഇരുന്ന് പത്രം വായിക്കുന്ന മഹാദേവനോട് അവൻ ചോദിച്ചു…
രണ്ടാളെയും ഇഷ്ടം ആണ്.. മാമി അച്ഛന്റെ അനുജത്തി അല്ലേ… അമ്മ ഭാര്യയും.. രണ്ടുപേരും വേണം അച്ഛന്… അപ്പൊ രണ്ടാളെയും ഒരുപോലെ ഇഷ്ടാ….
മിഥുൻ വീണ്ടും കുഞ്ഞുങ്ങളെ മാറി മാറി നോക്കി…
എനിക്കും രണ്ടാളെയും ഒരു പോലെ ഇഷ്ടാ…. മാമാട്ടിക്കുട്ടി എന്റെ അനുജത്തിയും ഭാമി എന്റെ ഭാര്യയും…
അവൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു… ഒന്നും മനസിലായില്ലെങ്കിലും മിഥുനും അവർക്കൊപ്പം ചിരിച്ചു… അവൻ വീണ്ടും മാമാട്ടിയുടെ കൈകൾ പിടിച്ചു.. ഭാമി കുറുമ്പോടെ മിഥുന്റെ കൈകൾ വലിക്കാൻ ശ്രമിച്ചു…
ഏട്ടാ.. എടത്തിയെ പോലെ ഭാമിക്ക് ഇവിടെ കുശുമ്പ് തുടങ്ങീട്ടൊ… ഏട്ടൻ അനിയത്തിയെ സ്നേഹിക്കുന്നതിൽ…
അത് കേട്ട് മഹാദേവൻ ചിരിച്ചു…
………………
അവർ വളർന്നു…. കണ്ണേട്ടന്റെ ഭാമിയും മാമാട്ടിയും… കണ്ണനെ അവർ രണ്ടുപേരും മത്സരിച്ചു സ്നേഹിച്ചു… ശ്രീദേവിക്ക് മാത്രം മാളുവിനെയും കുഞ്ഞിനേയും അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു…. ലക്ഷ്മി മുൻകൈ എടുത്തു തറവാട്ടിൽ നിന്ന് കുറച്ചു വിട്ട് അവർക്കൊരു ചെറിയ വീട് വെച്ചുകൊടുത്തു…. മാളുവിന് ഒരു തയ്യൽ മെഷിനും….. അവർ അങ്ങോട്ട് താമസം മാറിയപ്പോൾ ഏറ്റവും വേദനിച്ചത് മിഥുൻ ആയിരുന്നു…. എന്നാലും അവനെന്നും അവന്റെ മാമാട്ടിയെ കാണാൻ പോവുമായിരുന്നു… ഭാമിയെയും…
കണ്ണൻ നാലാം ക്ലാസ്സിൽ എത്തിയപ്പോൾ ആണ് ഭാമിയെയും മാമാട്ടിയേയും സ്കൂളിൽ ചേർത്തത്…. അന്നാണ് അവളുടെ പേര് റെക്കോർഡിക്കലി മിഥില ആവുന്നത്… എന്നാലും മിഥുൻ അവൾ എന്നും മാമാട്ടി ആയിരുന്നു..
വലതു കൈയിൽ മിഥിലയെയും ഇടതു കൈയിൽ ഭാമിയെയും പിടിച്ചവൻ സ്കൂളിലേക്ക് പോവും… മിഥുന്റെ പ്രായം ആണെങ്കിലും രാഗസുധ എപ്പോഴും നിഥിൻ ഒപ്പം ആയിരുന്നു… നിഥിൻ കൂട്ടത്തിൽ മൂത്തത് ആയത് കൊണ്ട് അവൻ മുന്നിൽ നടക്കും അവന്റെ വാലുപോലെ സുധയും. ..
ആദ്യ ദിവസം സ്കൂളിൽ എത്തി രണ്ടുപേരെയും ക്ലാസ്സിൽ ആക്കി അവൻ പുറത്തിറങ്ങുമ്പോൾ രണ്ടുപേരും കണ്ണുനിറച്ചവനെ നോക്കുന്നുണ്ടായിരുന്നു…. ബെല്ലടിച്ചു ക്ലാസ്സ് തുടങ്ങിയപ്പോൾ ആണ് ഒന്നാം ക്ലാസ്സിലെ ടീച്ചർ മിഥുനെ വിളിച്ചത്… അവൻ ചെന്നു നോക്കുമ്പോൾ കരഞ്ഞു വീർത്ത മുഖവുമായി ഇരിക്കുകയാണ് ഭാമി.. മിഥില തൊട്ടപ്പുറത്ത് ഉള്ള കുട്ടിയുമായി വലിയ സംസാരത്തിൽ ആണ്…അവനെ കണ്ടപ്പോൾ ഓടിവന്ന് അവനരികിൽ നിന്നു..
ബെല്ലടിച്ചപ്പോൾ തുടങ്ങിയതാണ്… കണ്ണേട്ടനെ കാണണം എന്ന് പറഞ്ഞു കരയാൻ… എന്ത് പറഞ്ഞിട്ടും കരച്ചിൽ നിർത്തണ്ടേ..
ടീച്ചർ പറഞ്ഞു… മിഥുൻ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു….
ഭാമി.. ന്താ ഇത്.. നല്ല കുട്ടി ആയി പഠിക്കാൻ അല്ലേ നമ്മൾ സ്കൂളിൽ വന്നേ.. മാമാട്ടിയെ നോക്ക് മിടുക്കി ആയി ഇരിക്കുന്നെ.. നന്നായി പഠിച്ചാലല്ലേ നമുക്ക് വലുതാവുമ്പോ വലിയ ആളാവാൻ പറ്റൂ…
ഒരു മുതിർന്ന ആളുടെ പക്വതയുള്ള സംസാരം പോലെ അവൻ പറഞ്ഞു…
എനിക്ക് പോലീസ് ആയാ മതി കണ്ണേട്ടാ…
മിഥില അവന്റെ തോളിൽ കൈവെച്ചു പറഞ്ഞു…
ആ.. മിടുക്കി.. ഇനി ഭാമി പറ ഭാമിക്ക് ആരാവണം…
എനിക്ക് കണ്ണേട്ടന്റെ ഭാര്യ ആവണം…
അവൾ കണ്ണുകൾ തുടച്ചു പറഞ്ഞു…..
ആ ഭാര്യ ആവാൻ നല്ലോണം പഠിക്കണം… ഇനി കരയരുത് ട്ടോ… ഉച്ചക്ക് ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് ചോറുണ്ണാം..
ഭാമയുടെ താടിയിൽ പിടിച്ചു അവൻ പറഞ്ഞു…
മാമാട്ടി ഭാമി കരയാതെ നോക്കേണ്ടത് നീ ആണ്…. എപ്പോളും ഭാമിക്ക് ഒപ്പം വേണം ട്ടോ.
അവൾ തലയാട്ടി… മിഥുൻ എഴുന്നേറ്റു.. വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കിയപ്പോൾ അവൻ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന ഭാമിയും മിഥിലയും… അവർ രണ്ടുപേരും അവന്റെ രണ്ടു കണ്ണുകൾ പോലെ തിളങ്ങി…
കാലം പോവും തോറും അവൻ തിരിച്ചറിഞ്ഞു ഒന്നിന് പ്രണയത്തിന്റെ തിളക്കവും മറ്റൊന്നിന് സ്നേഹത്തിന്റെ തിളക്കവും ആണെന്ന്…
തുടരും…