മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ആറു വർഷങ്ങൾ കടന്നു പോയി… മിഥുൻ കുട്ടിത്തങ്ങളും കുസൃതികളും ഉള്ള കുഞ്ഞു ചെക്കനിൽ നിന്ന് മൂക്കിനുതാഴെ വളരുന്ന കുഞ്ഞു രോമങ്ങളിൽ തന്റെ കൗമാരവും യൗവനവും സ്വപ്നം കാണുന്ന ഒരു പത്താം ക്ലാസ്സുകാരനായി…
അവന്റെ ഭാമിയും മിഥിലയും കൊഞ്ചലുകൾ മാറാത്ത കുറുമ്പുകൾ കാട്ടുന്ന രണ്ടു പാവാടകാരികൾ ആയി അവന് ചുറ്റും പാറി നടന്നു…. ആ പത്താം ക്ലാസുകാരന്റെ ഉള്ളിൽ അവന്റെ മാമാട്ടി ഏറ്റവും പ്രിയപ്പെട്ടവളാവുമ്പോൾ ഭാമി മനസ് മുഴുവൻ മോഷ്ടിച്ച കാമുകി ആയി…
വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ആ ഏഴാം ക്ലാസ്സുകാരിയിൽ അവൻ മോഹങ്ങൾ നൽകിയില്ലെങ്കിലും ആ കുഞ്ഞു ഹൃദയം നിറയെ അവനായിരുന്നു…
ഭാവിയിലെ സ്വപ്നങ്ങളെ കുറിച്ച് മിഥില വാതോരാതെ പറയുമ്പോൾ… ഭാമിയുടെ ഹൃദയം നിറയെ അവളുടെ കണ്ണേട്ടൻ ആയിരുന്നു… അവൻ കഴുത്തിൽ മിന്നുചാർത്തുന്നതും അവന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്തുന്നതും ആയിരുന്നു അവളുടെ സ്വപ്‌നങ്ങൾ…
അതൊക്കെ കൊണ്ട് തന്നെ ആവാം ഭാമി പഠിക്കാൻ മണ്ടി ആയിരുന്നു… മിഥില ക്ലാസ്സിൽ ഏറ്റവും മാർക്ക് വാങ്ങുന്നവളും… മിഥുനും പഠിക്കാൻ മിടുക്കൻ ആയിരുന്നു… മിഥില ഓരോ തവണ നല്ല മാർക്ക് വാങ്ങുമ്പോഴും അവൻ അവളെ ചേർത്ത് പിടിച്ചു പറയും….നീ എന്റെ അനുജത്തി അല്ലേ… അപ്പോൾ എങ്ങനെ നല്ല മാർക്ക് വാങ്ങാതിരിക്കും എന്ന്….അങ്ങനെ അല്ലെന്ന് അറിഞ്ഞിട്ടും അത് കേൾക്കുമ്പോൾ മിഥിലക്ക് അഭിമാനം തോന്നും….
എന്റെ ഭാമി ഇത്തവണയും കണക്കിൽ അമ്പതിൽ 12 മാർക്ക്… ഇങ്ങനെ ആയാൽ എങ്ങനാ…
പുഴക്കരയിൽ ഇരുന്നു കഴിഞ്ഞ ഓണപ്പരീക്ഷയുടെ പേപ്പറുകൾ നോക്കുകയാണ് മിഥുൻ… അവന്റെ ഇരുവശങ്ങളിലും ആയി മിഥിലയും ഭാമിയും ഉണ്ട്… ഒരു കൈയിൽ മിഥിലയുടെയും മറുകൈയിൽ ഭാമിയുടെയും പേപ്പറുകൾ പിടിച് അവൻ രണ്ടിലേക്കും മാറി മാറി നോക്കി…
മാമാട്ടിയുടെ പേപ്പർ കണ്ടോ അമ്പതിൽ 48.. നിങ്ങളെ രണ്ടുപേരെയും പഠിപ്പിക്കുന്നത് ഒരു ടീച്ചർ അല്ലേ… പോരാത്തതിന് എന്നും വൈകുന്നേരം ഞാൻ ഇരുത്തി പഠിപ്പിച്ചതല്ലേ എന്നിട്ടാണോ ഭാമി ഈ മാർക്ക്…
അത് പിന്നേ കണക്ക് പരീക്ഷയുടെ തലേന്ന് എനിക്ക് നല്ല പനി ആയിരുന്നു കണ്ണേട്ടാ… ഒന്നും പഠിക്കാൻ പറ്റില്ല…. സത്യം…
അവൾ നിഷ്കളങ്കമായി പറഞ്ഞു…
അപ്പൊ ഇംഗ്ലീഷ് പരീക്ഷക്കോ.. ഇംഗ്ലീഷിൽ അവൾക്ക് അമ്പതിൽ പത്ത് ആണ് ഏട്ടാ…
മിഥില അവളെ ഏറുകണ്ണിട്ട് നോക്കി മിഥുനോട് പറഞ്ഞു… ഭാമി അവളെ നോക്കി പേടിപ്പിച്ചു….
അതെ.. അന്നെന്തായിരുന്നു… അവനും ചോദ്യം ആവർത്തിച്ചു…
അത് പിന്നേ.. ഇംഗ്ലീഷ് എനിക്ക് പണ്ടേ ഇഷ്ടല്ല… അല്ലേലും നമ്മൾ എന്തിനാ ഇംഗ്ലീഷ് പടിക്കണേ… ഇവിടെ എല്ലാർക്കും മലയാളം അറിയാലോ….
അവൾ ഒട്ടും കൂസാതെ പറഞ്ഞു…
അപ്പൊ നമ്മൾ മലയാളം പടിക്കുന്നതോ… മലയാളം എല്ലാർക്കും അറിയില്ലേ അപ്പൊ അത് പേടിക്കണ്ട ആവശ്യം ഇല്ലല്ലോ…
മിഥില വിട്ടു കൊടുത്തില്ല…
നീ പോടീ… കണ്ണേട്ടാ ഇവൾ വെറുതെ നമ്മളെ തെറ്റിക്കാൻ നോക്കാ…
അവൾ പറഞ്ഞത് ശെരി അല്ലേ… നീ ഇങ്ങനെ പഠിക്കാതെ മന്തിയമ്മ ആയാൽ വല്ല ജോലിയും കിട്ട്വോ….
അതിന് അവൾക്ക് അങ്ങനെ ഉള്ള വിചാരം ഉണ്ടെങ്കിൽ അല്ലേ… ഭാവിയിൽ ആരാവണം എന്ന് ചോദിച്ചപ്പോൾ കണ്ണേട്ടന്റെ ഭാര്യ ആവണം എന്ന് പറഞ്ഞ മൊതലല്ലേ…
മിഥില കളിയാക്കി…
പിന്നേ ഇമ്മാതിരി മന്ദബുദ്ധികളെ കെട്ടാൻ ഒന്നും എന്നെ കിട്ടില്ല… ഞാൻ നന്നായി പഠിച്ചു നല്ല ജോലി വാങ്ങി… അത്പോലെ നല്ല ജോലി ഉള്ള ഒരു കുട്ടിയെ കല്യാണം കഴിക്കും…
മിഥുൻ പറഞ്ഞു… ഭാമിയുടെ മുഖം കടന്നല് കുത്തിയ പോലെ വീർത്തു… അവൾ ഒന്നും മിണ്ടാതെ എഴുനേറ്റു പോയി…
ഭാമി നീ ഇത് എങ്ങോട്ടാ… നിക്ക്…
മിഥില വിളിച്ചു പറഞ്ഞു… അവൾ തിരിഞ്ഞു നോക്കാതെ നടന്നു..
കഷ്ടം ഉണ്ട് ഏട്ടാ.. അവൾക്ക് വിഷമായി.. എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞേ…
അങ്ങനെ പറഞ്ഞാൽ എങ്കിലും അവൾ നന്നായി പേടിച്ചാലോ എന്ന് വിചാരിച്ചു പറഞ്ഞതാ.. അതൊന്നും സാരല്യ… കുറച്ചു കഴിഞ്ഞാൽ താനെ വന്നോളും..
മുറിയിൽ ഇരുന്നു ഹോംവർക്ക് ചെയ്യുമ്പോൾ ആണ് പുറകിൽ കൊലുസിന്റെ ശബ്ദം കേട്ടത്.. ആ ശബ്ദം ആരുടെ ആണെന്ന് അറിയുന്നത് കൊണ്ട് അവൻ തിരിഞ്ഞു നോക്കിയില്ല…
കണ്ണേട്ടാ…
അവൻ തിരിഞ്ഞു നോക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൾ വിളിച്ചു..
മ്മ്.. അവൻ തിരിഞ്ഞു നോക്കാതെ വിളി കേട്ടൂ…
കണ്ണേട്ടൻ കാര്യായിട്ട് പറഞ്ഞതാണോ…
എന്ത്….
നേരത്തെ പറഞ്ഞില്ലേ… ഞാൻ നന്നായി പഠിച്ചില്ലെങ്കിൽ വേറെ ആരേലും കല്യാണം കഴിക്കും എന്ന്….
ഓ.. അതോ.. അത് ഞാൻ കാര്യായിട്ട് പറഞ്ഞതാ…
ഞാൻ പടിച്ചോളാം ഇനി… നല്ലോണം പഠിച്ചോളാം….
ഉറപ്പാണോ.. അവൻ തിരിഞ്ഞു നോക്കി ചോദിച്ചു…
ഉറപ്പ്… അവൾ തലയിൽ കൈ വെച്ച് പറഞ്ഞു
ഞാൻ എങ്ങനെ വിശ്വസിക്കും…
എന്റെ കണ്ണേട്ടൻ ആണ് സത്യം… ഞാനിനി എന്നും ടീച്ചർ പറയുന്നത് ശ്രദ്ധിച്ചോളാം.. ഹോംവർക് മുഴുവൻ ഒറ്റക്ക് ചെയ്തോളാം… എന്നും രാവിലെ നേരത്തെ എണീറ്റ് പഠിച്ചോളാം…
അപ്പൊ ഇത് വരെ നീ ഇതൊന്നും ചെയ്തിരുന്നില്ലേ…
അവൾ തലകുനിച്ചു.. ഇല്ലെന്ന് ആട്ടി…
മ്മ്… ഇനി ഇത് ആവർത്തിക്കരുത് കേട്ടല്ലോ…
അവൻ വലിയ ആളുകളെ പോലെ ഗൗരവത്തോടെ പറഞ്ഞു.. അവൾ തലയാട്ടി….
എന്നാ പൊക്കോ…
അവൾ പാവാട പൊക്കിപ്പിടിച്ചു ഓടി.. അവളുടെ കൊലുസിന്റെ ശബ്ദം കാതിൽ നിന്ന് മറഞ്ഞപ്പോൾ അവന്റെ ചുണ്ടുകൾ അവൾക്ക് വേണ്ടി ഒന്ന് പുഞ്ചിരിച്ചു……
അന്നൊരു ഞായറാഴ്ച ആയിരുന്നു… പത്താം ക്ലാസ്സ് ആയത് കൊണ്ട് മിഥുൻ എന്നും ഉച്ചവരെ ട്യൂഷൻ ഉണ്ടായിരുന്നു.. മിഥിലയും ഭാമിയും പുഴയിൽ മീൻപിടിച്ചും പാടത്ത് ഓടി നടന്നും കൊത്തങ്കല്ല് കളിച്ചും നേരം കളയും… അവൻ വന്നാൽ രണ്ടിനെയും അവൻ പിടിച്ചിരുത്തി പഠിപ്പിക്കും….
അതല്ല.. ഭാമേ അതിന്റെ അപ്പുറത്ത്… കൊറച്ചൂടെ മോളിൽ ഉള്ളത് പറിക്ക്…
പുഴക്കരയിലെ പേരമരത്തിൽ കയറി പേരക്ക പരിക്കുകയാണ് ഭാമ…. അവൾക്ക് നിർദേശങ്ങൾ നൽകി താഴെ മിഥിലയും…. മരത്തിന്റെ മുകളിൽ നിന്ന് അവൾ കണ്ടു റോഡിലൂടെ സൈക്കളിൽ പോവുന്ന മിഥുന്നെ…
കണ്ണേട്ടാ… അവൾ ഉറക്കെ വിളിച്ചു…
അവൻ വിളികേട്ട് തിരിഞ്ഞു നോക്കി അവരെ കണ്ടതും സൈക്കിൾ തിരിച്ചു അവർക്കരികിലേക്ക് വന്നു…
ഡീ ഭാമി കണ്ട മരത്തിലൊക്കെ വലിഞ്ഞു കേറി വീഴാൻ നിൽക്കാതെ ഇറങ്ങി വാടി…
അവൻ ശകാരിച്ചു…കൈയിലിരുന്ന പേരക്ക താഴേക്കെറിഞ്ഞുകൊണ്ട് അവൾ ഒന്നൂടെ പൊട്ടിച്ചു….അതും കടിച്ചു കൊണ്ട് താഴേക്കിറങ്ങി…
മരംകേറി…
അവൾ താഴെ എത്തിയപ്പോൾ മിഥുൻ അവളെ കൂർപ്പിച്ചു നോക്കി പറഞ്ഞു…അവൾ അവനെ കൊഞ്ഞനം കുത്തി…. താഴെ വീണു കിടക്കുന്ന പേരക്കകൾ ഓരോന്നായി പെറുക്കി എടുക്കുകയാണ് മിഥില…
അയ്യോ ഭാമി നിന്റെ പാവാടയിൽ ചോരാ…
അവൾ പറഞ്ഞു….
എവിടെ….
അവൾ പാവാടയിലേക്ക് നോക്കി
ഇതാ ഭാമേ പുറകിൽ….
അവൾ പാവാട മുന്നോട്ട് വലിച്ചു കാണിച്ചു കൊടുത്തു… രക്തം കണ്ടതും അവൾ കരയാൻ തുടങ്ങി.. മിഥുൻ കാര്യം മനസിലായി… ഒരു പത്താം ക്ലാസുകാരന്റെ അറിവ് വെച്ച് അവൻ എല്ലാം ഊഹിച്ചു….മിഥിലയും ഭാമിയും ഒന്നും മനസിലാവാതെ നിൽക്കുകയാണ്….
മാമാട്ടി… നീ ഓടി വീട്ടിൽ പോയി വേറെ ഒരു പാവാട എടുത്ത് വാ…
അവൻ പറഞ്ഞു…. അവൾ കേൾക്കേണ്ട താമസം ഓടി…
മിഥുൻ ഭാമിക്ക് അരികിൽ ചെന്നു… അവൾ അപ്പോഴും പേടിച്ചു കരയുകയാണ്… അവൻ അവളുടെ തോളിൽ കൈ ഇട്ടു അവളെ മരച്ചോട്ടിലേക്ക് ഇരുത്തി….
കണ്ണേട്ടാ… എനിക്ക് പേടി ആവുന്നു കണ്ണേട്ടാ… അമ്മ എന്നെ ചീത്ത പറയും കണ്ണേട്ടാ.. അവൾ പുലമ്പിക്കൊണ്ടിരുന്നു…
മിഥുൻ അവളെ ചേർത്ത് പിടിച്ചു…ഭാമി കരയല്ലേ… ഞാൻ പറയുന്നത് കേൾക്ക്…
അവൾ കരച്ചിൽ നിർത്തി…
ഇത് മുറിവ് പറ്റി വരുന്ന ചോര ഒന്നും അല്ല…
പിന്നേ….അവൾ ചോദിച്ചു… .
അത്.. അത്…
അവന് അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയില്ലായിരുന്നു…ഒരു ഏഴാം ക്ലാസ്സുകാരി ഇതൊക്കെ എങ്ങനെ ഉൾക്കൊള്ളും എന്ന പേടി…
പറ കണ്ണേട്ടാ… അവൾ വീണ്ടും പറഞ്ഞു..
അത്…. ഭാമി വലിയ കുട്ടി ആയത് കൊണ്ടാ ചോര വരണേ…
വലിയ കുട്ടി ആയാൽ ചോര വരും??? അവൾ അത്ഭുതത്തോടെ ചോദിച്ചു…
മ്മ്… എല്ലാ മാസവും വരും…. അവൻ പറഞ്ഞു….
ഇവ്ട്ന്നാ ചോര വരണേ… അവൾ വീണ്ടും ചോദിച്ചു….
അത്പിന്നേ… അവന് ആകെ കുറച്ചിൽ തോന്നി…
കണ്ണേട്ടാ.. പറ… എവിടുന്ന ചോര വരാ…
എന്റെ ഭാമി ഇതൊന്നും നിന്റെ അമ്മ പറഞ്ഞു തന്നിട്ടില്ലേ… അവൻ ദേഷ്യത്തോടെ ചോദിച്ചു…
ഇല്ല… അവൾ നിഷ്കളങ്കമായി പറഞ്ഞു….
എന്നാൽ അമ്മ പറഞ്ഞു തരും… അവൻ കനപ്പിച്ചു പറഞ്ഞു…
അമ്മക്ക് ഒന്നും അറിയില്ല കണ്ണേട്ടാ… എനിക്ക് എല്ലാം പറഞ്ഞു തരാർ കണ്ണേട്ടൻ അല്ലേ.. കണ്ണേട്ടൻ പറ…. അവൾ കൊഞ്ചി..
അവൻ വല്ലാത്തോരു മാനസികാവസ്ഥയിൽ ആയിരുന്നു… അപ്പോഴേക്കും മിഥില പാവാടയുമായി വന്നു…മിഥുൻ അത് വാങ്ങി അവൾക്ക് നേരേ നീട്ടി..
അതിന്റെ മുകളിൽ കൂടെ ഇട്ടോ… അവൻ പറഞ്ഞു…
എന്താ ഏട്ടാ ഭാമക്ക്…. അടുത്ത ചോദ്യം മിഥിലയുടെ ആയിരുന്നു…
ഒന്നും ഇല്ല… അവൻ ദേഷ്യത്തോടെ പറഞ്ഞു… രണ്ടും വന്ന് കേറിക്കോ… അവൻ സൈക്കിൾ എടുത്തു…
മിഥില പുറകിലും ഭാമി മുൻപിലും കയറി… രണ്ടുപേരെയും വെച്ച് അവൻ ആഞ്ഞു സൈക്കിൾ ചവിട്ടി….. മിഥിലയെ അവളുടെ വീടിന് മുന്പിൽ ഇറക്കി ഭാമിയെ കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി…ലക്ഷ്മി വാതിൽ തുറന്നു…
വന്നോ തെണ്ടൽ ഒക്കെ കഴിഞ്ഞ്… അവൾ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു….
മാമി..മിഥുൻ വിളിച്ചു…
എന്താ കണ്ണാ.. അവർ തിരിഞ്ഞു നോക്കി…
അത്പിന്നേ… അത് അവൻ നിന്ന് വിക്കി…
എന്താ കണ്ണാ.. പറ… ലക്ഷ്മി പറഞ്ഞു…
ഒന്നും ഇല്ല അമ്മേ… ഞാൻ വലിയ കുട്ടി ആയി… ഇതാ കണ്ടില്ലേ ചോര… അവൾ മുകളിലെ പാവാട പൊക്കി കാണിച്ചു കൊടുത്തു…
മിഥുൻ തലകുനിച്ചു… ലക്ഷ്മി ആകെ നിന്ന് വിയർത്തു….
ഇവടെ വാടി….
ലക്ഷ്മി അവളുടെ കൈ വലിച്ചു ഉള്ളിലേക്ക് കയറി… മിഥുൻ വേഗം സൈക്കിൾ എടുത്തു മുങ്ങി…
…. പിറ്റേന്ന് മിഥില വന്ന് അവനെ ഭാമിയുടെ അടുത്തേക്ക് പോവാൻ ഒരുപാട് വിളിച്ചു.. പക്ഷെ അവൻ പോയില്ല.. അവളെ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും മാമിയെ അഭിമുഘീകരിക്കാൻ അവന് ജാള്യത തോന്നി… അവളെ കാണാതെ ആദ്യമായി അവനൊരു ദിവസം തള്ളിനീക്കി…
കണ്ണാ…. ഇന്ന് മാമിയുടെ വീട്ടിൽ ആണ് ഭക്ഷണം…. ഞങ്ങൾ അങ്ങോട്ട് പോവാൻ ഇറങ്ങാ…. നീ വരുന്നില്ലേ…
എനിക്ക് കുറച്ചു പഠിക്കാൻ ഉണ്ട് അമ്മേ…
അത് കഴിഞ്ഞിട്ട് വന്നാൽ മതി..
ഞാനില്ല അമ്മേ… അവൻ പറഞ്ഞു…
അത് പറഞ്ഞാൽ പറ്റില്ല… മര്യാദക്ക് വന്നോ.. അല്ലേൽ ഞാൻ ഇങ്ങോട്ട് വരും നിന്നെ കൊണ്ട് പോവാൻ…
ശ്രീദേവി കടുപ്പിച്ചു പറഞ്ഞു… അവൻ ഒടുവിൽ സമ്മതിച്ചു…. ഉച്ച ആയപ്പോൾ അവൻ ഭാമിയുടെ വീട്ടിലേക്ക് ചെന്നു… ബന്ധുക്കളും നാട്ടുകാരുമായി കുറേ പേരുണ്ട്… അവന് ഭാമയെ കാണാൻ വല്ലാത്ത കൊതി തോന്നി… അവൻ ഉമ്മറത്തെ ജനലിലൂടെ ഉള്ളിലേക്ക് നോക്കി…. ചുവന്ന നിറത്തിൽ ഉള്ള പട്ട് പാവാട ഇട്ട് എല്ലാവർക്കും നടുവിൽ ഇരിക്കുന്ന അവൾക്ക് ഇന്നേവരെ ഇല്ലാത്ത ഭംഗി ഉണ്ടെന്ന് അവന് തോന്നി…. വന്നവർക്ക് ഭക്ഷണം വിളമ്പാനും മറ്റുമായി നിന്ന് അവനും പിന്നീട് തിരക്കിലായി…. പോവും മുൻപ് അവളെ ഒന്ന് ഒറ്റക്ക് കാണണം എന്നവന് ആഗ്രഹം ഉണ്ടായിരുന്നു… പക്ഷെ മാമിയെ കാണാൻ ഉള്ള മടികാരണം അവൻ മുറ്റത്ത് തന്നെ നിന്നു…. പക്ഷെ ലക്ഷ്മി അവനെ തേടി വന്നു…
നീ എന്താ ഇന്നലെ വരാഞ്ഞേ… മാമി ചോദിച്ചു
ഒന്നുല്ല.. പഠിക്കാൻ ഉണ്ടാർന്നു… അവൻ തലകുനിച്ചു പറഞ്ഞു…
ലക്ഷ്മി അവന്റെ തലയിൽ തലോടി… അവന്റെ നെറ്റിയിൽ ചുംബിച്ചു… ആ ചുംബനത്തിൽ ഉണ്ടായിരുന്നു ആ അമ്മക്ക് പറയാൻ ഉള്ളതെല്ലാം… മിഥുനും സന്തോഷം ആയി…. വൈകുന്നേരം ആയപ്പോളേക്കും തിരക്കെല്ലാം ഒഴിഞ്ഞു….മിഥുൻ മിഥിലയോട് ഭാമയെ കൂട്ടി പുറകിലെ ആലയിലേക്ക് വരാൻ പറഞ്ഞു…അവൻ അവളെയും കാത്ത് അവിടെ പതുങ്ങി നിന്നു…
നീ ഇത് എങ്ങോട്ടാ എന്നെ വലിച്ചു കൊണ്ട് പോവുന്നേ…
ഭാമി മിഥിലയോട് ചോദിച്ചു.
ചെല്ല് നിന്നെ കാണാൻ ഒരാൾ അവിടെ കാത്ത് നിൽക്കുന്നുണ്ട്… മിഥില പറഞ്ഞു..
എവടെ ഈ ആലയിലോ…
ആ.. ചെല്ല് വേഗം..
മിഥില അവളെ ഉള്ളിലേക്ക് ഉന്തി തള്ളി വിട്ടു….
ഭാമി…
അവൾ ഉള്ളിലേക്ക് കയറിയതും മിഥുൻ അവളുടെ കൈയിൽ പിടിച്ചു ചുമരിന്റെ മറവിലേക്ക് നിർത്തി വിളിച്ചു…അവൾ തലകുനിച്ചു നിന്നു…
ഭാമി.. അവൻ വീണ്ടും വിളിച്ചു..
മ്മ്.. അവൾ തല ഉയർത്താതെ വിളികേട്ടു..
നീ എന്താ എന്നെ നോക്കാത്തെ അവൻ ചോദിച്ചു…
മ്മ്.. മ്മ്… അവൾ ഒന്നുമില്ല എന്ന് മൂളി..
നീ എന്താ എന്നോട് സംസാരിക്കാത്തെ.. എന്നോട് ദേഷ്യമാണോ… അവൻ ചോദിച്ചു..
അവൾ തല ഉയർത്തി…. അയ്യോ അല്ല കണ്ണേട്ടാ.. അവൾ പറഞ്ഞു…
പിന്നെന്താ.. ഇത് വരെ ഇല്ലാത്ത ഒരു മൗനം…
അത്.. അത്.. പിന്നെ…. അവൾ വിക്കി… അവന് ചിരി വന്നു…
അത്പിന്നേ??? അവൻ ചോദിച്ചു..
അത് അമ്മ പറഞ്ഞു…. വലിയ കുട്ടി ആയാൽ പഴയ പോലെ കണ്ണേട്ടന്റെ കൂടെ ഓടാനും കളിക്കാനും ഒന്നും പാടില്ല എന്ന്…
അതെന്താ.. അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു…
അത് അങ്ങനെ ആണ്… വലിയ കുട്ടികൾ അങ്ങനാ… അവൾ പറഞ്ഞു…
ശോ അപ്പൊ പിന്നേ എന്തിനാ നീ വലിയ കുട്ടി ആയേ….
വലിയ കുട്ടി ആവാഞ്ഞ എങ്ങനാ… വലിയ കുട്ടി ആയാലല്ലേ…. അവൾ പെട്ടന്ന് നിർത്തി… എന്തോ ഓർത്ത് കൊണ്ട് നഖം കടിച്ചു..
വലിയ കുട്ടി ആയാൽ… ബാക്കി പറ അവൻ കുറുമ്പോടെ ചോദിച്ചു..
പോ.. കണ്ണേട്ടാ എനിക്ക് നാണാ… അവൾ തലകുനിച്ചു…
എന്റെ ഈശ്വരാ എന്റെ ഭാമിക്കുട്ടിക്ക് നാണോ…. നീ ഇപ്പളും ഏഴാം ക്ലാസ്സിൽ തന്നെ അല്ലേ……
അതൊക്കെ ആണ്….. പക്ഷെ ഞാൻ വല്യേ കുട്ടി അല്ലേ….
മിഥുൻ അവളുടെ സംസാരം കേട്ട് ചിരി വന്നു… അവൻ പോക്കറ്റിൽ നിന്ന് അവൾക്ക് വേണ്ടി വാങ്ങിച്ച കുപ്പിവളകൾ എടുത്തു.. അവളുടെ കൈയിൽ ഇട്ട് കൊടുത്തു…
എന്റെ ഭാമി നീ ഒരു പൊട്ടിക്കാളി ആണ് ട്ടോ…
അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു…. അവൾ മുഖം കുനിച്ചു….കുറുമ്പും കുസൃതിയും നിറഞ്ഞ അവളുടെ കണ്ണുകളിൽ ആദ്യം ആയവൻ ഒരു പെണ്ണിന്റെ നാണം കണ്ടു… പ്രണയം കൊണ്ട് പൂത്തുലഞ്ഞ നാണം…
തുടരും..
ആർത്തവം മൂടി വെക്കേണ്ട രഹസ്യം ആയോ… ജാള്യത തോന്നേണ്ട അവസ്ഥ ആയോ എനിക്ക് ഇത് വരെ തോന്നിയിട്ടില്ല… അത്കൊണ്ടാണ് കഥയിൽ തുറന്ന് എഴുതിയത്… . ലോകത്ത് ഏറ്റവും ശുദ്ധി ഉള്ളതെന്ന് ഞാൻ വിശ്വസിക്കുന്നത് ആ രക്തം ആണ്… ഒരു ജീവന്റെ ശുദ്ധി.. എന്ന് വെച്ച് എന്റെ സംസ്കാരം തിരുത്തി എഴുതാനോ പൈതൃകം കീഴ്മേൽ മറിക്കാനോ എനിക്ക് താല്പര്യം ഇല്ലതാനും……എന്റെ ഈ അഭിപ്രായം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ ക്ഷമിക്കണം…