എന്ന് സ്വന്തം മിത്ര ~ ഭാഗം 19 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിച്ചപ്പോൾ നിങ്ങൾക്കു നഷ്ടം ആയത് ഒരു ജന്മം മുഴുവൻ കിട്ടേണ്ട സ്നേഹം ആണ്… കരുതൽ ആണ്… ഒരു നല്ല മനസ് ആണ്… ഭാമി… മിഥിലയുടെ കണ്ണീരിന് വേണ്ടി പകരം കൊടുത്തത് ആ പാവത്തിന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും ആണെന്ന് മറക്കാതിരുന്നാൽ നന്ന്….

മിത്രയുടെ വാക്കുകൾ അവന്റെ ഹൃദയത്തെ കുത്തി നോവിച്ചു.. അവനൊന്നും പറയാതെ പുറത്തിറക്കിറങ്ങി… മിത്ര ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി…

തന്റെ വാക്കുകൾ അവനെ നോവിച്ചു എന്നവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.. പറയാൻ അർഹത ഇല്ലെന്ന് അറിയാം… ആനിയുടെ കണ്ണീര് കണ്ടിട്ടിട്ടും അത് കണ്ടില്ലെന്ന് വെച്ചിട്ടേ ഉള്ളൂ ഇന്ന് വരെ..

എന്തോ ഭാമിയെ കുറിച്ചോർക്കുമ്പോൾ ഉള്ളിൽ വല്ലാത്തോരു വിങ്ങൽ തോന്നുന്നു… നേരിട്ട് കണ്ട മിഥിലയെക്കാൾ ഒരിക്കൽ പോലും കാണാത്ത ഭാമി ഉള്ളിൽ കയറി കൂടിയ പോലെ.. മിഥുൻ പറഞ്ഞപോലെ അവളിൽ എവിടെയൊക്കെയോ ഞാൻ ഉണ്ട്…

മിത്ര ഫോൺ എടുത്തു മിഥുന്നെ വിളിച്ചു… അവൻ ഫോൺ എടുത്തില്ല… രാത്രി അമർ വന്നപ്പോൾ മിഥുൻ പറഞ്ഞതെല്ലാം ഒരു കഥ പോലെ മിത്ര പറഞ്ഞു കൊടുത്തു….

മിത്തൂ നമുക്ക് തോന്നും ഈ ലോകത്ത് ഏറ്റവും വേദനിക്കുന്നത് നമ്മൾ ആണെന്ന്.. പക്ഷെ ഇതുപോലെ മറ്റുള്ളവരുടെ കഥകൾ കേൾക്കുമ്പോൾ നമ്മൾ തിരിച്ചറിയും നമ്മുടെ വേദന ഒന്നും ഒരു വേദന ആയിരുന്നില്ല എന്ന്….

മിത്രയുടെ തോളിൽ തലവെച്ചു കിടന്ന് അവൻ പറഞ്ഞു…

മ്മ്.. മിഥില ഒരിക്കൽ പറഞ്ഞിരുന്നു നമ്മളെല്ലാം ഒരേ തോണിയിലെ യാത്രക്കാരാണെന്ന്.. അത് ശെരി ആണെന്ന് എനിക്കിന്ന് മനസിലായി….അതുകൊണ്ടാണോ എന്തോ അവരോട് രണ്ടുപേരോടും ഒരടുപ്പം തോന്നിപ്പോവുന്നു..

ആനിയും ആ തോണിയിൽ തന്നെ അല്ലേ മിത്തൂ…

ആണ്.. പക്ഷെ അവളെ എങ്കിലും ആ തോണിയിൽ നിന്ന് ഇറക്കി വിടണം… മറ്റൊരു കൈകളിൽ ഏൽപ്പിക്കണം..

അവൾ ഇറങ്ങി പോവുമെന്ന് എനിക്ക് തോന്നുന്നില്ല.. അത്രത്തോളം എന്റെ ഹൃദയത്തെ അള്ളിപിടിച്ചിരിക്കുകായാണ്.. ഒരിക്കലും വിട്ട് പോവാതെ…

മിത്ര മറുപടി ഒന്നും പറഞ്ഞില്ല.. അമർ എഴുന്നേറ്റു മുറിയിലേക്ക് നടന്നു…. മിത്രയുടെ ഫോൺ ബെല്ലടിച്ചപ്പോൾ അവൾ എടുത്തു നോക്കി…

ഹെലോ.. താൻ വിളിച്ചിരുന്നു അല്ലേ.. ഞാൻ ഇപ്പോളാ കണ്ടേ..

ഫോൺ എടുത്തപ്പോൾ മറുവശത്ത് നിന്ന് മിഥുൻ പറഞ്ഞു…

മ്മ്.. ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ.. നാളെ മിഥിലയെയും മോനെയും കൂട്ടി ഇങ്ങോട്ട് വരുമോ… അമറിന്റെ ബർത്ത് ഡേ ആണ്….

അത്.. അത്പിന്നേ..

പേടിക്കേണ്ട.. വേറെ ആരും ഉണ്ടാവില്ല… നമ്മൾ നാലുപേരും പിന്നേ സുദർശൻ സാറും…

ശെരി…. അവൻ ഫോൺ വെച്ചു….പിറ്റേന്ന് അമർ ഓഫീസിൽ പോയതിന് ശേഷം മിത്ര ഫളാറ്റ്‌ ചെറുതായി ഒന്ന് അലങ്കരിച്ചു…. അടുക്കളയിൽ കയറി അവനേറ്റവും പ്രിയപ്പെട്ട സാബൂൻ അരി പായസം ഉണ്ടാക്കി… കുറേ നേരം നിന്ന് പണി എടുത്തപ്പോളെക്കും അവളുടെ കാല് വേദനിക്കാൻ തുടങ്ങി… വേഗം കുളിച്ചു ഒരു ചുരിദാറും ഇട്ട് അവൾ ഹാളിൽ വന്നിരുന്നു….

ഒരു ആറുമണിയോടെ മിഥുനും മിഥിലയും എത്തി… വന്നപാടെ മിത്ര കുഞ്ഞിനെ വാങ്ങി കൊഞ്ചിക്കാൻ തുടങ്ങി….

തന്റെ കാലിൽ നല്ല നീരുണ്ടല്ലോ മിത്ര…

മിഥുൻ അവളുടെ കാലിലേക്ക് നോക്കി പറഞ്ഞു…

അത് സാരമില്ല.. ഇന്ന് കുറേ നേരം നിന്നു.. റസ്റ്റ്‌ കുറവായിരുന്നു അതാ…

നല്ല ആളാ.. റസ്റ്റ്‌ എടുക്കാൻ പറഞ്ഞാൽ റസ്റ്റ് എടുക്കണം… താൻ ആ കാലിങ്ങോട്ട് വെച്ചേ…

സാരമില്ല… അത് മാറിക്കോളും…

താൻ പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ മതി.. iam യുവർ ഡോക്ടർ..

അവൻ അവളുടെ കാലെടുത്ത് ടീപോയിലേക്ക് വെച്ചു… എന്നിട്ട് അവളുടെ മെഡിസിൻ ബോക്സിൽ നിന്ന് ഓയിൽമെന്റ് എടുത്തു…

മിഥിലേ നീ പോയി ഇത്തിരി വെള്ളം ചൂടാക്കി കൊണ്ട് വാ… അവൾ അടുക്കയിലേക്ക് പോയി…

അവൻ അവളുടെ കാലിൽ മരുന്ന് തേച്ചു..

അവളെ ഇപ്പോൾ മാമാട്ടി എന്ന് വിളിക്കാറില്ലേ… മിത്ര ചോദിച്ചു..

ഇല്ല….

അതെന്തേ…

മാമാട്ടി എന്ന് വിളിക്കുമ്പോൾ ഞാനും അവളും ഒരുപോലെ ഞങ്ങളുടെ ഇന്നലകളിലേക്ക് പോയ്‌ പോവും… ഭാമിയെ ഓർക്കും.. പിന്നേ പലതും… ഇതൊരു പുതിയ ജീവിതം ആണെന്ന് വിശ്വസിക്കാൻ ആണ് ഞങ്ങൾക്കിഷ്ടം.. അത്കൊണ്ട് മനഃപൂർവം ആ വിളി വേണ്ടെന്ന് വെച്ചു…

അപ്പോഴേക്കും വാതിൽ തുറന്ന് സുദർശൻ എത്തി…അവൻ മിഥുന്നെ നോക്കി ചിരിച്ചു… മിത്രക്കരികിൽ ചെന്നിരുന്നു.. അവളുടെ മടിയിൽ നിന്ന് ആരവിനെ എടുത്തു മടിയിൽ വെച്ചു… ആരവ് അവന്റെ താടി പിടിച്ചു വലിച്ചുകൊണ്ടിരുന്നു… അവൻ മുഖം അകത്തും തോറും അവൻ ആഞ്ഞു വലിച്ചു കൊണ്ടിരുന്നു… ഇത് കണ്ടുകൊണ്ടാണ് മിഥില വെള്ളവുമായി വന്നത്… അവൾ ഒരു നിമിഷം അവനെ നോക്കി.. പിന്നെ ഒന്ന് ചിരിച്ചു..

വെള്ളം ടേബിളിൽ വെച്ച് അവൾ കുഞ്ഞിന് നേരെ കൈനീട്ടി.. പക്ഷെ കുട്ടി അവൾക്ക് നേരെ മുഖം തിരിച്ചു.. സുദർശന്റെ തോളിൽ കിടന്നു..

അവന് സുദർശനെ ഇഷ്ടം ആയിന്ന് തോന്നുന്നു… മിഥുൻ പറഞ്ഞു…

മിത്ര ചിരിച്ചു… സാർ അമർ എവിടെ…

അവൻ എന്റെ പിന്നാലെ ഇറങ്ങാൻ നിൽക്കുന്നുണ്ടായിരുന്നു.. സർപ്രൈസ് പാർട്ടി ആയത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ പോന്നൂ…

താനെന്താടോ നിൽക്കുന്നേ ഇരിക്ക്..

കുഞ്ഞിനേയും സുദർശനെയും മാറി മാറി നോക്കി നിൽക്കുന്ന മിഥിലയോട് മിത്ര പറഞ്ഞു.. അവൾ മിഥുൻ അരികിൽ ഇരുന്നു…

ആരവ് മിത്രക്കും സുദർശനും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുകയാണ്… മിഥുൻ ആ സമയം കൊണ്ട് മിത്രയുടെ കാലിൽ ചൂട് പിടിച്ചു കൊണ്ടിരുന്നു… അത് കഴിഞ്ഞപ്പോൾ അവൾക്ക് നല്ല ആശ്വാസം തോന്നി… മിഥില പാത്രം എടുത്തു അടുക്കളയിൽ പോയി…

മിഥിലേ താൻ ഫ്രിഡ്ജിൽ ഉള്ള കേക്ക് കൂടെ എടുത്തിട്ട് വാ ട്ടോ..

മിത്ര വിളിച്ചു പറഞ്ഞു… മിഥില കേക്ക് ടീപ്പോയിൽ സെറ്റ് ചെയ്തു.. അതൊരു കാരമേൽ കേക്ക് ആയിരുന്നു അതിന് മുകളിൽ “എന്റെ അമറുവിന് സ്വന്തം മിത്ര” എന്ന് മാത്രം എഴുതിയിരുന്നു…

ഇതെന്താ മിത്ര.. പിറന്നാൾ ആയിട്ട് ഹാപ്പി ബർത്ത് ഡേ എഴുതാത്തെ… മിഥില ചോദിച്ചു..

അതിന് അവന്റെ പിറന്നാൾ എന്നാണെന്ന് എനിക്ക് അറിയില്ല.. എനിക്ക് മാത്രം അല്ല അവനും.. അവനെ വളർത്തിയ ഒരു അഗതി മന്ദിരം ഉണ്ട്… അവർക്ക് അവനെ കിട്ടിയ ദിവസം അവർ അവന്റെ പിറന്നാൾ ആയി ആഘോഷിച്ചു… ഇന്നാണ് ആ ദിവസം…

മിഥില ഒന്നും പറയാതെ തലകുനിച്ചു… അപ്പോഴേക്കും അമർ വന്നു.. എല്ലാവരെയും കൂടി കണ്ട് അവൻ അത്ഭുതത്തോടെ നോക്കി…

നീ എന്താ ഇങ്ങനെ നോക്കുന്നേ.. സുദർശൻ ചോദിച്ചു…

ആദ്യം ആയാണ് ഞങ്ങളുടെ വീട്ടിൽ ഇത്രയും ആളുകൾ ഒരുമിച്ച് വരുന്നത് അല്ലേ.. മിത്തൂ..

അവൻ അവൾക്കരികിൽ ഇരുന്നു….ടേബിളിലെ കേക്കിലേക്ക് നോക്കി.. പിന്നേ മിത്രയെ നോക്കി ചിരിച്ചു.. അവൾ കൈയിൽ ഉണ്ടായിരുന്ന കത്തി അവന് നേരെ നീട്ടി.. അവൻ കേക്ക് മുറിച് അവളുടെ വായിൽ വെച്ചുകൊടുത്ത്.. അവൾ അതിൽ നിന്നൊരു കഷ്ണം അവനും നൽകി….

സുദർശൻ അതിൽ നിന്നൊരു കഷ്ണം എടുത്തു.. കുറേശ്ശെ കുറേശ്ശെ ആയി ആരവിന്റെ വായിൽ വെച്ചു കൊടുത്തു.. അവൻ സന്തോഷത്തോടെ അത് നുണഞ്ഞു… മിഥിലക്ക് നെഞ്ചിന് വല്ലാത്ത ഭാരം തോന്നി.. കാരണം അറിയാത്ത ഒരു വേദന.. അവളുടെ കണ്ണുകൾ നിറഞ്ഞു.. മിഥുൻ അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു..

അമറിന്റെ കണ്ണുകളും നിറഞ്ഞിരുന്നു… മിത്ര അവന്റെ കൈകൾ കൂട്ടി പിടിച്ചു… അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു…

അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു… ആരവ് ഭക്ഷണം കഴിക്കുമ്പോൾ അവർക്കിടയിലൂടെ ഓടി നടന്നു.. എല്ലാവരും അവന് വാരി കൊടുത്തു… ആ കുഞ്ഞിന്റെ സന്തോഷത്തിൽ അവരെല്ലാ സങ്കടങ്ങളും മറന്നു…

ഭക്ഷണം കഴിഞ്ഞപ്പോൾ അമർ ഫ്രിഡ്ജിൽ നിന്ന് വെള്ളവും ഒരു കുപ്പി വോഡ്കയും എടുത്ത് ബാൽക്കണിയിലേക്ക് വന്നു.. അത് നിലത്ത് വെച്ച് അവനും നിലത്തിരുന്നു..

സുദർശനും മിഥുനും അവനൊപ്പം നിലത്തിരുന്നു.. മിത്ര അവിടെ ഉള്ള ചാരുകസേരയിൽ കാല് നീട്ടിവെച്ചു ഇരുന്നു… മിഥില ആരവിനെ തോളിൽ ഇട്ട് നടന്ന് അവന് ഉറക്കുകയാണ്…

ടോ തനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ഞങ്ങൾ ഇവിടെ ഇരുന്ന് ഓരോന്ന് പിടിപ്പിക്കുന്നതിൽ…

അമർ മിഥിലയോട് ചോദിച്ചു…അവൾ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി…

അമർ നാലുഗ്ലാസുകളിലും ഓരോന്ന് വീതം ഒഴിച്ചു… ഒരു ഗ്ലാസ്സ് മിത്രക്ക് കൊടുത്തു…

അപ്പോൾ ചിയേർസ്…

അവൻ പറഞ്ഞു…അവർ ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ചു… ഓരോ വർത്തമാനം പറഞ്ഞു കൊണ്ട് അവർ ഇരുന്നു.. മിഥില ആരവിനെ ഉറക്കി മുറിയിൽ കൊണ്ട് കിടത്തി ബാൽക്കണിയുടെ ഒരു മൂലയിൽ വന്നിരുന്നു… മിത്ര ഒന്ന് ഫിനിഷ് ചെയ്ത്.. അമറിന് നേരെ ഗ്ലാസ്സ് നീട്ടി..

മിത്ര.. താനിന്ന് അധികം കഴിക്കണ്ട.. മരുന്ന് കഴിക്കുന്നതല്ലേ.. മിഥുൻ പറഞ്ഞു…

അല്ലേലും അവൾക്ക് ഒന്നേ കൊടുക്കാൻ പറ്റൂ.. അധികം കഴിച്ചാൽ അവൾ സെന്റി ആവും…

അമർ പറഞ്ഞു… മിത്ര ഒരു മങ്ങിയ ചിരി ചിരിച്ചു…അമർ അവർക്ക് മൂന്ന്പേർക്കും ഓരോന്നുടെ ഒഴിച്ചു…

സുദർശൻ സാർ ഒരു പാട്ട് പാടൂ.. മിത്ര പറഞ്ഞു..

ആഹാ സുദർശൻ പാടുമോ… മിഥുൻ ചോദിച്ചു..

പിന്നേ എനിക്കൊരു വെല്ലുവിളി ആണ് സാർ… അല്ലേ.. അമർ ചിരിച്ചു കൊണ്ട് പറഞ്ഞു…

ഹേയ് ഞാൻ പാടുന്നില്ല.. മിഥില പാട്… സുദർശൻ അവളെ നോക്കി പറഞ്ഞു..

ഞാനോ.. ഞാൻ പാടില്ല..

അത് നുണ.. താൻ നല്ല അസ്സലായി പാടും എന്നെനിക്ക് അറിയാം..

അതെങ്ങനെ.. മിത്ര ചോദിച്ചു…

അതൊക്കെ അറിയാം.. വെറുതെ പഴയതൊക്കെ പറഞ്ഞു പറഞ്ഞു ഈ ദിവസം കോളമാക്കണോ… അവൻ ചോദിച്ചു..

പിന്നെ മിത്ര ഒന്നും പറഞ്ഞില്ല.. മിഥില ബാൽക്കണിയുടെ വഴികളിലൂടെ പുറത്തേക്ക് നോക്കി…

പാട ഡോ… അമർ പറഞ്ഞു…

🎶പുലരാൻ തുടങ്ങുമൊരു രാത്രിയിൽ…തനിയേ കിടന്നു മിഴി വാർക്കവേ…ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ നെറുകിൽ തലോടി മാഞ്ഞുവോ…

ഒരു രാത്രി കൂടി വിട വാങ്ങവെ ഒരു പാട്ടു മൂളി വെയിൽ വീഴവെ…പതിയെ പറന്നെനരികിൽ വരും…അഴകിന്റെ തൂവലാണു നീ🎶

എല്ലാവരും മറ്റേതോ ലോകത്ത് ആയിരുന്നു.. മിഥുന്റെ ഉള്ളിൽ ഭാമിയുടെ മുഖം ആയിരുന്നു.. അമറിന്റെ ഉള്ളിൽ ആനിയും… മിത്രയുടെ ഹൃദയവും പിടയുകയായിരുന്നു.. ആരെയോ ഓർത്ത്.. മിഥില പാടി നിർത്തിയപ്പോൾ ബാക്കി സുദർശൻ പാടി തുടങ്ങി

🎶മലർമഞ്ഞു വീണ വനവീഥിയിൽ, ഇടയന്റെ പാട്ടു കാതോർക്കവേ…ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ മനസിന്റെ പാട്ട് കേട്ടുവോ മനസിന്റെ പാട്ട് കേട്ടുവോ….

നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണി ദീപമേ….ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം…തിരിനാളമെന്നും കാത്തിടാം

ഒരു രാത്രി കൂടി വിട വാങ്ങവെ, ഒരു പാട്ടു മൂളി വെയിൽ വീഴവെ…പതിയെ പറന്നെനരികിൽ വരും…അഴകിന്റെ തൂവലാണു നീ..🎶

എല്ലാവരുടെ കണ്ണുകളിലും ഒരു നനവ് ഉണ്ടായിരുന്നു… പലതും ഓർമിച്ചു കൊണ്ടുള്ള നനവ്… മിഥില അവൻ പാടി നിർത്തിയതും കാലുകൾക്കിടയിലേക്ക് മുഖം പൂത്തി ശബ്ദം പുറത്തു കേൾക്കാത്ത വിധം കരഞ്ഞു …

എല്ലാവരും നിശബ്ദം ആയിരുന്നു…. അമർ ബാൽക്കണിയിലെ നിലത്തേക്ക് കിടന്നു… സുദർശൻ എഴുന്നേറ്റു ചാവിയെടുത്ത് ഫ്ലാറ്റിൽ നിന്നും ഇറങ്ങി… ആരും യാത്ര പറയാൻ പറ്റിയ മാനസികാവസ്ഥയിൽ ആണെന്ന് അവന് തോന്നിയില്ല…

മിഥുൻ മിത്രയുടെ തോളിൽ കൈവെച്ചു അവളോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു… അമർ കണ്ണടച്ച് കിടക്കുകയാണ്.. അവനെ വിളിക്കാതെ മിഥുൻ മിഥിലയെ എഴുന്നേൽപ്പിച്ചു മുറിയിലേക്ക് ചെന്ന് ആരവിനെ എടുത്ത് ഇറങ്ങി… മിത്രയും അമറിനെ ശല്യം ചെയ്യാതെ മുറിയിൽ കയറി വാതിലടച്ചു…

അമർ കുറേ നേരം അങ്ങനെ തന്നെ കിടന്നു… പിന്നേ ഫോൺ എടുത്തു സമയം നോക്കി… ഫോണിൽ വന്നു കിടന്നിരുന്ന അൺറീഡ് മെസ്സേജ് ഓപ്പൺ ചെയ്തു…

“ഈ ദിവസം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു… പക്ഷെ ഇന്ന് ഞാൻ കാത്തിരിക്കുന്നത് അടുത്ത ജന്മത്തിലെ ഈ ദിവസത്തിന് വേണ്ടി ആണ്… വരും ജന്മം എങ്കിലും നീ എന്റേത് മാത്രമായി ജനിക്കുന്നതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു…. happy ബർത്ത് ഡേ ഡിയർ….. ആനി “

അമറിന്റെ കണ്ണുകൾ നിറഞ്ഞു.. അവൻ ഫോൺ നെഞ്ചോടു ചേർത്ത് കണ്ണുകൾ അടച്ചു.. അപ്പോഴും ആ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *