എന്ന് സ്വന്തം മിത്ര ~ ഭാഗം 21 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഈ കഥ തുടങ്ങുന്നത് മുപ്പത് വർഷങ്ങൾക്ക് മുൻപ് ആണ്…. സാവിത്രിയിൽ നിന്ന്… പ്രമാണിയായ അച്ഛൻ മാധവമേനോന്റെ ഒറ്റമകൾ…. ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപെട്ട സാവിത്രി അച്ഛന്റെ പൊന്നോമന ആയിരുന്നു….

അവൾക്ക് പതിനെട്ടു വയസ് തികഞ്ഞപ്പോഴേക്കും ഒരു അനിയോജ്യമായ വരനെ മാധവമേനോൻ കണ്ടുപിടിച്ചു…

രാമനാഥൻ… അയാൾ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചയാളായിരുന്നു എങ്കിലും കഷ്ടപ്പെട്ട് പഠിച്ചു വേഗം തന്നെ ജോലി വാങ്ങി എന്നതായിരുന്നു മാധവമേനോൻ അയാളിൽ കണ്ട ഗുണം… തന്റെ കണക്കില്ലാത്ത സ്വത്തുക്കൾ മുഴുവൻ നോക്കി നടത്താൻ പ്രാപ്തൻ ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ ആയാൽ സന്തോഷപൂർവം സാവിത്രിയെ രാമനാഥന് വിവാഹം ചെയ്തു കൊടുത്തു…

ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അവർക്ക് ഒരു മകൻ ജനിച്ചു.. അവർ അവന് ത്രിലോക് എന്ന് പേരിട്ടു… മുത്തശ്ശന്റെ ഉണ്ണിക്കുട്ടൻ… ഉണ്ണിക്കുട്ടന് നാലു വയസുള്ളപ്പോൾ അവന് ഒരു അനുജത്തി കൂടി ഉണ്ടായി… അവർ അവൾക്ക് സംഘമിത്ര എന്ന് പേരിട്ടു.. ഉണ്ണിയേട്ടന്റെ മീത്തൂട്ടി ആയിരുന്നു അവൾ..

അവളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ വീട്ടിലേക്ക് വരുന്ന വഴി അവളുടെ അച്ഛൻ രാമനാഥന് ഒരു ആക്‌സിഡന്റ് ഉണ്ടായി… …. സാവിത്രിയേയും ആ കുഞ്ഞുങ്ങളെയും ഒറ്റക്കാക്കി ദിവസങ്ങളോളം ആശുപത്രിയിൽ കിടന്ന് ഒടുവിൽ ആയാൾ മരണത്തിന് കീഴടങ്ങി…

അച്ഛൻ മരിച്ചത് മനസിലാവാതെ ഉണ്ണിക്കുട്ടൻ എന്നും അച്ഛനെ കാത്തിരുന്നു…എന്താ അമ്മേ അച്ഛൻ വരാത്തെ… എന്ന് ഉണ്ണിക്കുട്ടൻ ചോദിക്കുമ്പോൾ അവനെ കെട്ടിപിടിച്ചു കരയുന്ന അമ്മയുടെ കണ്ണീരിന്റെ അർഥം അവന് മനസിലായില്ല….അപ്പോഴും ചിരിച്ചുകൊണ്ട് അവനിൽ ഒട്ടിക്കിടക്കുന്ന അവന്റെ മിത്തൂട്ടിയിൽ കണ്ണുടക്കുമ്പോൾ ആ ചോദ്യത്തിന്റെ ഉത്തരം അവൻ മറക്കും…

അച്ഛൻ ഇനി ഒരിക്കലും വരാത്ത ലോകത്തേക്ക് പോയെന്ന് മുത്തശ്ശൻ പറയുമ്പോൾ അവൻ ആകാശത്തേക്ക് നോക്കും…. അവിടെ എവിടെയോ അച്ഛൻ ഉണ്ടാകും എന്ന് ഒരിക്കൽ അമ്മ പറഞ്ഞത് ഓർക്കും… ആ നക്ഷത്രങ്ങൾക്കിടയിൽ പ്രദീക്ഷയോടെ അവൻ അവന്റെ അച്ഛന്റെ മുഖം തിരയും….

കുഞ്ഞു മിത്തൂട്ടിയെ മടിയിൽ ഇരുത്തി ഉമ്മറത്തെ പടിയിൽ ഇരുന്ന് അവൻ ആകാശത്തേക്ക് വിരൽ ചൂണ്ടും….

മിത്തൂട്ടി കണ്ടോ ആ കുഞ്ഞു നക്ഷത്രം… അതാണ് നമ്മുടെ അച്ഛൻ… അച്ഛാ എന്ന് വിളിക്ക്… മോളേ….

കുഞ്ഞി ചുണ്ടുകൾ മെല്ലെ തുറന്ന് ഏട്ടൻ പറയുന്നത് പോലെ അവൾ ചുണ്ടനക്കും ച്ചാ… ച്ചാ…

ഒഴിഞ്ഞ മൂലയിൽ അതും നോക്കി ഇരിക്കുന്ന സാവിത്രി അടക്കി പിടിച്ചു കരയും….

രണ്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷയിൽ പത്തിൽ പത്തു മാർക്കും വാങ്ങി അമ്മയോട് പറയാൻ സന്തോഷത്തോടെ വീട്ടിലേക്ക് ഓടി വന്ന അവൻ കാണുന്നത് വീട്ടിൽ മുഴുവനും നിറഞ്ഞ ആളുകളെ ആയിരുന്നു…. ചുവന്ന സാരി ഉടുത്ത് നിൽക്കുന്ന അമ്മക്കരികിൽ ജയമാമ യെ കണ്ട ആ കുഞ്ഞു ഹൃദയം ഒന്നും മനസിലാവാതെ നിന്നു…

ജയൻ സാവിത്രിയുടെ അച്ഛൻ പെങ്ങളുടെ മകൻ ആണ്… വിധവയായ സാവിത്രിയെ സ്വീകരിക്കാൻ അയാൾക്ക് പൂർണ്ണ സമ്മതം ആയിരുന്നു…കുട്ടികളുടെ ഭാവി ഓർത്ത് സാവിത്രിയും മാധവമേനോന്റെ ആഗ്രഹം സമ്മതിച്ചു കൊടുത്തു..

അമ്മ ഇപ്പോൾ പൊട്ട് തൊടാറില്ലല്ലോ… പിന്നെന്തിനാ പൊട്ട് തൊട്ടേ…. എന്ന് ഉണ്ണീ ചോദിച്ചപ്പോൾ മറുപടി ഇല്ലാതെ തലകുനിച്ചു കണ്ണീർ ഒഴുക്കിയ അവന്റെ അമ്മയുടെ കണ്ണീരിന്റെ അർഥം അവന് മനസിലായില്ല…

രാത്രി അമ്മക്കരികിൽ ഉറങ്ങാൻ ചെന്നപ്പോൾ മുത്തശ്ശൻ പിടിച്ചു മറ്റൊരു മുറിയിൽ കൊണ്ട് വന്നപ്പോൾ ആ കുഞ്ഞു ഹൃദയം പിടഞ്ഞു…

അമ്മ എന്തിനാ ജയമാമയുടെ കൂടെ കിടക്കുന്നത് മുത്തശ്ശാ… മുത്തശ്ശന്റെ മേലിൽ കിടന്ന് അവൻ ചോദിച്ചു..

അതോ ജയമാമ ആണ് ഇനി മോന്റെ അച്ഛൻ… അമ്മ അച്ഛന്റെ കൂടെ അല്ലേ കിടക്കാ..

അല്ല… എന്റെ അച്ഛൻ ആകാശത്ത് അല്ലേ.. അമ്മ പറഞ്ഞല്ലോ…

അത് മോന്റെ അച്ഛൻ മരിച്ചു പോയത് കൊണ്ടാണ്… അച്ഛൻ ആകാശത്തല്ലേ….അപ്പോൾ അച്ഛന് ഉണ്ണിക്കുട്ടന് മിട്ടായി വാങ്ങി തരാൻ പറ്റില്ലല്ലോ… എന്റെ ഉണ്ണിക്കുട്ടന് മിട്ടായി വേണ്ടേ.. ഇനി ജയമാമ മേടിച്ചു തരും… ജയമാമെയെ ഇനി അച്ഛാ എന്ന് വിളിക്കണം ട്ടോ…

മുത്തശ്ശൻ അത് പറഞ്ഞു തലയിൽ തലോടുമ്പോഴും ആ അച്ഛനെ അംഗീകരിക്കാൻ ആ മകന് കഴിഞ്ഞില്ല… രാത്രി ഉറങ്ങാതെ ജനൽ കമ്പികളിൽ പിടിച്ചു അങ്ങ് ദൂരെ അവനെ നോക്കി കണ്ണടക്കുന്ന അച്ഛൻ നക്ഷത്രെ നോക്കി ഉണ്ണിക്കുട്ടൻ നിന്നു…

വലുതാകും തോറും അവൻ ആ രണ്ടാം അച്ഛനിൽ നിന്നും അകന്നുകൊണ്ടേ ഇരുന്നു… അതിൽ ഏറ്റവും വേദനിച്ചത് സാവിത്രി ആയിരുന്നു… മിത്തൂട്ടിക്ക് ആ അച്ഛനെ വലിയ ഇഷ്ടം ആയിരുന്നു… അവളെ കൊഞ്ചിക്കാനും ലാളിക്കാനും എപ്പോഴും ആയാൾ ഉണ്ടായിരുന്നു എന്നത് കൊണ്ട് തന്നെ…

ഉണ്ണിക്കുട്ടൻ അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോൾ മിത്തുവിനെ ഒന്നാം ക്ലാസ്സിൽ ചേർത്തു.. ഏട്ടനൊപ്പം സ്കൂളിലേക്ക് പോവാൻ വലിയ ഉത്സാഹം ആയിരുന്നു അവൾക്ക്… അവളെ ക്ലാസ്സിൽ ഇരുത്തി അവൻ ഇറങ്ങുമ്പോൾ ആ കുഞ്ഞു പെങ്ങളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…അവൻ വീണ്ടും അവളുടെ അരികിലേക്ക് ഓടി വന്ന് അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു…

മിത്തൂട്ടി കരയണ്ടാട്ടോ… ഏട്ടൻ ഇവിടെ തന്നെ ഉണ്ടാവുട്ടോ… ഇന്റർവെൽ ആവുമ്പോൾ ഏട്ടൻ ഓടി വരാട്ടോ.. അത് വരെ നല്ലകുട്ടി ആയി ഇരിക്കണേ…

അവളുടെ നെറ്റിയിൽ ചുംബിച്ചു അവൻ പറയുമ്പോൾ.. അവൾ അനുസരണയോടെ തലയാട്ടി..

ഉണ്ണിക്കുട്ടൻ ക്ലാസ്സിൽ എത്തിയപ്പോൾ പുതിയ കുറേ കുട്ടികളെ കണ്ടു… അവന്റെ കണ്ണ് ഏറ്റവും പിറകിലെ ബെഞ്ചിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന ഒരു ആണ്കുട്ടിയിൽ പതിഞ്ഞു… ഉണ്ണിക്കുട്ടൻ അവനരികിൽ ചെന്നിരുന്നു…

പുതിയ കുട്ടി ആണല്ലേ എന്താ തന്റെ പേര്.. അവൻ ചോദിച്ചു…

കിരൺ.. അവൻ പറഞ്ഞു..

എന്റെ പേര് ത്രിലോക്…. താനെന്നെ ഉണ്ണി എന്ന് വിളിച്ചോ..

അവൻ പറഞ്ഞപ്പോൾ കിരൺ തലയാട്ടി… കൂടുതൽ ഒന്നും സംസാരിക്കാതെ തലകുനിച്ചിരിക്കുന്ന കിരണിനോട് ഉണ്ണിക്ക് വല്ലാത്തോരു അടുപ്പം തോന്നി..

ക്ലാസ്സിൽ ടീച്ചർ വന്ന് പുതിയ കുട്ടികളെ പരിചയപ്പെടുമ്പോൾ കിരണിനെയും എഴുന്നേൽപ്പിച്ചു നിർത്തി..അച്ഛനെന്താ ജോലി എന്ന് ചോദിച്ചപ്പോൾ മറുപടി ഇല്ലാതെ വിതുമ്പി കരഞ്ഞു നിന്ന കിരൺ ഉണ്ണിയുടെ നെഞ്ചിൽ നോവുണർത്തി…

വെക്കേഷനിൽ ടൂർ പോയി തിരികെ വരുമ്പോൾ ഒരു ആക്‌സിഡന്റ്ൽ അവന്റെ അച്ഛനും അമ്മയും മരിച്ചു പോയെന്ന് അവൻ പറയുമ്പോൾ അച്ഛനിലാത്ത വേദന നന്നായി അറിയുന്ന ഉണ്ണി അവനെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു..

ഇന്റർവെൽ ആയപ്പോൾ ഉണ്ണി ഓടി മിത്തൂട്ടിയുടെ അരികിൽ എത്തും.. അവൾ പുതിയ കൂട്ടുകാരോടുപ്പം കളിച്ചിരിക്കുന്നത് കാണുമ്പോൾ അവൻ മനസ് നിറഞ് ഒറ്റക്കിരിക്കുന്ന കിരണിന്റെ അരികിൽ എത്തും…. ഒറ്റ ദിവസം കൊണ്ട് തന്നെ അവർ നല്ല കൂട്ടുകാരായി…

കിരൺ അവന്റെ അമ്മയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം ആണ് താമസിക്കുന്നത്… ഉണ്ണിയുടെ വീട്ടിൽ നിന്നും കുറച്ചു കൂടി നടന്നാൽ മതി അവന്റെ വീട്ടിലേക്ക്… അത്കൊണ്ട് തന്നെ വൈകുന്നേരം അവർ ഒരുമിച്ച് പോവാൻ ഇറങ്ങി…

കിരണേ..നീ ഗെയ്റ്റിന്റെ അവിടെ നിന്നോ… ഞാൻ എന്റെ അനിയത്തിയെ കൂട്ടി വരാം…

ഉണ്ണി പറഞ്ഞപ്പോൾ കിരൺ നടന്നു… ഗേറ്റിന്റെ ഓരത്ത് നിന്ന് ഉണ്ണിയുടെ കൈപിടിച്ച് വരുന്ന ആ പാവടക്കാരിയെ അവൻ നോക്കി… വെളുത്തു തുടുത്ത കവിളുകളും ചിരിക്കുമ്പോൾ ഇടകളുള്ള കുഞ്ഞിപ്പല്ലുകളും… രണ്ടു ഭാഗത്തും കെട്ടിവെച്ച ചുരുണ്ട മുടിയും അവളെ ഒരു കൊച്ചു സുന്ദരി ആക്കിയിരുന്നു…

കിരൺ.. ഇതാണ് എന്റെ അനിയത്തി… മിത്തൂട്ടി..നിന്റെ പേര് പറഞ്ഞു കൊടുക്ക്…

ഇതാരാ ഏട്ടാ… അവൾ ചോദിച്ചു..

ഇതോ ഇത് ഏട്ടന്റെ ഫ്രണ്ട് ആണ്… കിരൺ… മിത്തൂട്ടി കിരണേട്ടാ എന്ന് വിളിച്ചോ..

കീരിയേട്ടാ… അവൾ വിളിച്ചു…

കിരൺ ആ വിളികേട്ട് ചിരിച്ചു…

കീരി അല്ല മിത്തൂ കിരൺ… കിരണേട്ടൻ..

അവൾ ഒന്നുകൂടെ മനസ്സിൽ പറഞ്ഞു…കീരിയേട്ടൻ…..

കിരണും ഉണ്ണിയും ചിരിച്ചു… ഈ പെണ്ണ് ഉണ്ണി തലയിൽ കൈവെച്ച് കൊണ്ട് പറഞ്ഞു…

സാരമില്ല ഉണ്ണീ അവൾ അങ്ങനെ വിളിച്ചോട്ടെ….

അങ്ങനെ അവർ രണ്ട് പേരുടെയും കൈപിടിച്ച് അവൾ നടന്നു…എപ്പോഴും കലപില സംസാരിക്കുന്ന പ്രകൃതം ആണ് മിത്തു… വീടെത്തും വരെ അവൾക്ക് പറയാൻ ക്ലാസ്സിലെ വിശേഷങ്ങൾ ഉണ്ടാവുമായിരുന്നു… ഉണ്ണിയും കിരണും അവളുടെ വർത്താനം കേട്ട് നടക്കും…

മഴക്കാലം ആയത് കൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ എന്നു മഴയായിരിക്കും…. ചളി തെറുപ്പിച്ചും മഴയിൽ കളിച്ചും കുറുമ്പ് കാട്ടി മിത്തു നടക്കും… ഒടുക്കം ഉണ്ണീ അവളെ എടുത്തു തോളിൽ വെക്കും… ഏട്ടന്റെ തോളിൽ കുടയും പിടിച്ചു അവൾ ഇരിക്കും… നടന്ന് കുഴങ്ങുമ്പോൾ കിരൺ അവളെ തോളിലേറ്റും… ദിവസങ്ങൾ പോവും തോറും ഉണ്ണിയും മിത്തുവും കിരണിന് ഒരിക്കലും പിരിഞ്ഞിരിക്കാൻ വയ്യാത്ത ആത്മാക്കൾ ആയി മാറി..

ശനിയും ഞായറും അവർ ആരുടെ എങ്കിലും വീടുകളിൽ കളിക്കും… വീടിന് അടുത്തുള്ള മറ്റുകുട്ടികളും ഉണ്ടാവും…

ഒരിക്കൽ കിരണിന്റെ വീട്ട് മുറ്റത്ത് അവർ ഗോട്ടി കളിക്കുകയായിരുന്നു…മിത്തുവും കൂട്ടുകാരും കുറച്ചു മാറി ചോറും കറിയും വെച്ച് കളിക്കുകയാണ്…എന്തോ പറഞ്ഞു അവരോട് പിണങ്ങി മിത്തു ഉണ്ണിക്കരികിൽ വന്നു… അവൻ ഗോട്ടി കളിയിൽ മുഴുകി നിൽക്കുകയാണ്..

ഏട്ടാ ഏട്ടാ… ആ അമ്മു എന്റെ ചിരട്ടയിൽ ചോറ് വെച്ചു എനിക്ക് തന്നില്ല… അവൾ പറഞ്ഞു..

മിത്തൂട്ടി മാറി നിലക്ക് ഏട്ടൻ കളിക്കട്ടെ… അവൻ പറഞ്ഞു…

ഞാൻ പോവില്ല.. അവൾ കുറുമ്പോടെ പറഞ്ഞു…

മിത്തൂട്ടി ഇങ്ങോട്ട് വാ..

കിരൺ അവളെ വിളിച്ചു… അവർരണ്ടുപേരും കുറച്ചു മാറി ഒരു മരത്തിന്റെ ഒടിഞ്ഞു വീണ കൊമ്പിൽ ഇരുന്നു…

കീരിയേട്ടാ ആ അമ്മു എന്റെ ചിരട്ട തരുന്നില്ല… അവൾ അപ്പോഴും പരാതി നിർത്തിയില്ല..

സാരമില്ല.. മിത്തൂട്ടിക്ക് ഞാൻ അകത്തു പോയി വേറെ ചിരട്ട എടുത്തു തരാം. പോരെ അവൻ പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ തലയാട്ടി…

കീരിയേട്ടാ.. ഇതെന്താ

അവൾ അവന്റെ താടിക്കുഴിയിലെ പൊന്തി നിൽക്കുന്ന കാക്കപുള്ളിയിൽ തൊട്ട് ചോദിച്ചു…

ഇതോ ഇതാണ് കാക്കാപ്പുള്ളി…

അതെന്ത് പുള്ളിയാ…. അവൾ ചോദിച്ചു…

അതോ.. അത് നമുക്ക് നല്ല ഭംഗി ഉണ്ടാവാൻ വേണ്ടി ഗുരുവായൂരപ്പൻ തരുന്നതാ… അവൻ അവന്റെ കാക്കപുള്ളിയിൽ തൊട്ട് പറഞ്ഞു…

എന്നിട്ട് എനിക്കില്ലല്ലോ… അവൾ ചുണ്ട് കോട്ടി പറഞ്ഞു….

എന്റെ മിത്തൂട്ടി അല്ലെങ്കിലും സുന്ദരി അല്ലേ.. അവൻ അവളുടെ രണ്ടു കവിളുകളും വലിച്ചു പറഞ്ഞു….

എനിക്കും വേണം… എനിക്ക് ചുന്ദരി ആവണം…അവൾ വാശി പിടിച്ചു.. .

ശെരി ശെരി കരയണ്ട… തരാം…

അവൻ പറഞ്ഞു… മിത്തു കരച്ചിൽ നിർത്തി… അവൻ അവന്റെ താടിയിലെ കാക്കപുള്ളി പറിച്ചെടുത്ത പോലെ കാണിച്ചു.. എന്നിട്ട് അവളുടെ ചുണ്ടിന് താഴെ പതിപ്പിച്ചു…

ഇപ്പോൾ എനിക്കും കാക്കപുള്ളി വന്നോ.. അവൾ ചോദിച്ചു…

ഇപ്പോൾ വരില്ല.. ഞാൻ കാക്കപുള്ളി കുഴിച്ചിട്ടിട്ടല്ലേ ഉള്ളൂ.. കുറച്ചു ദിവസം കഴിയുമ്പോൾ അത് പൊങ്ങി വരും…

മാങ്ങാണ്ടി മുളച്ചു വരുന്ന പോലെയോ.. അവൾ ചോദിച്ചു..

ആ… അതെ.. കൊറച്ചു ദിവസം കഴിഞ്ഞു കണ്ണാടി നോക്കുമ്പോൾ ഇവടെ ഉണ്ടാവും ആ കാക്കപുള്ളി… അവൻ അവളുടെ ചുണ്ടിന് താഴെ തൊട്ട് പറഞ്ഞു…

ഹായ്.. അവൾ കുടു കുടെ കൈകൊട്ടി ചിരിച്ചു…

എന്ത് ഭംഗിയാ സുന്ദരികുട്ടീടെ ചിരികാണാൻ..

അവൻ അവളെ നോക്കി പറയുമ്പോൾ ഒരിക്കൽ മുളച്ചുവരാനിരിക്കുന്ന കാക്കപുള്ളിയെ ഓർത്ത് സന്തോഷിക്കുകയായിരുന്നു മിത്രയുടെ നിഷ്കളങ്ക ഹൃദയം…

തുടരും…

അപ്പോൾ ഈ കഥയിലെ അവസാനത്തെ രണ്ടാൾക്കാരെയും കൂടി കൊണ്ട് വന്നിട്ടുണ്ട്… ഇനി ആരും ഇല്ല… ആദ്യം വന്ന മിത്രയും അവസാനം വന്ന കിരണും ആണ് എന്റെ ഈ കഥയുടെ ത്രഡ്… ഒരു പക്ഷെ അമറും മിഥുനും നിങ്ങളെ സ്വാധീനിച്ച പോലെ കിരൺ നിങ്ങളെ സ്വാധീനിക്കണം എന്നില്ല… പറയാൻ ഉണ്ട് കുറേ.. നിങ്ങൾ കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *