എന്ന് സ്വന്തം മിത്ര ~ ഭാഗം 22 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

കണ്ണാടിക്കുള്ളിലെ തന്റെ പ്രതിരൂപത്തെ അവൾ വീണ്ടും വീണ്ടും നോക്കി…കഴിഞ്ഞ ഒരു മാസമായി താൻ ശ്രദ്ധിച്ചു തുടങ്ങിയ തന്റെ ശരീരത്തിലെ മാറ്റങ്ങൾ അവളിൽ ഇതുവരെ തോന്നാത്ത പല വികാരങ്ങളും തോന്നിച്ചു.. ഒരു എട്ടാം ക്ലാസ്സുകാരിക്ക് അവളുടെ ശരീരത്തിലെ ഉയർച്ച താഴ്ചകളോട് തോന്നുന്ന വികാരം..

അവൾ ചുണ്ടിന് താഴെ രണ്ടു ദിവസങ്ങൾക്കു മുന്നെ മുളച്ചു വന്ന കാക്കാപ്പുള്ളിയിൽ ഒന്ന് തൊട്ടു…

.”കൊറച്ചു ദിവസം കഴിഞ്ഞു കണ്ണാടി നോക്കുമ്പോൾ ഇവടെ ഉണ്ടാവും ആ കാക്കപുള്ളി… “

ആ പഴയ അഞ്ചാം ക്ലാസ്സുകാരൻ ഒരു ഒന്നാം ക്ലാസുകാരിയുടെ ചുണ്ടിന് താഴെ തൊട്ട് പറഞ്ഞത് അവൾ ഓർത്തു … ആദ്യമായി അവനെ ഓർത്തപ്പോൾ അവൾക്ക് നാണം തോന്നി…

അവൾ മുറിയിലെ ചുവരിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി.. ഒന്നാം ക്ലാസ്സിലെ വെക്കേഷന്റെ സമയത്ത് മുത്തശ്ശനൊപ്പം നിന്ന് എടുത്ത ഫോട്ടോ… മുത്തശ്ശൻ കസേരയിൽ ഇരിക്കുന്നു മടിയിൽ മിത്തുവും… അവരുടെ ഇരുവശത്തും ആയി ഉണ്ണിയും കിരണും…

കിരണിന്റെ ഒരു കൈ മുത്തശ്ശന്റെ തോളിലും മറു കൈ മിത്തുവിന്റെ തുടയിലും… അവൾക്ക് അത് നോക്കിയപ്പോൾ വല്ലാത്ത ജാള്യത തോന്നി… മുത്തശ്ശനെ നോക്കിയപ്പോൾ വേദനയും… രണ്ടു വർഷം മുൻപ് മുത്തശ്ശൻ മരിച്ചു.. അറ്റാക്ക് ആയിരുന്നു… ഏറ്റവും വേദന ഉണ്ണിക്ക് ആയിരുന്നു.. അവനെല്ലാം മുത്തശ്ശൻ ആയിരുന്നു… രണ്ടാം അച്ഛനെ അംഗീകരിക്കാൻ അവന് ഇപ്പോഴും കഴിഞ്ഞിരുന്നില്ല… അമ്മക്ക് വിഷമം ആവണ്ടേന്ന് ഓർത്ത് മാത്രം ഒന്നും പറയാതെ നടന്നു..

ഒരു പട്ടാളക്കാരൻ അവനായിരുന്നു ഉണ്ണിക്ക് ആഗ്രഹം… പ്ലസ്ടു പരീക്ഷ കഴിഞ്ഞാൽ നടക്കാൻ ഇരിക്കുന്ന ആർമി റിക്രൂട്മെന്റ് ആയിരുന്നു അവന്റെ ലക്ഷ്യം… പഠിക്കാനും കിരണും ഉണ്ണിയും മിടുക്കർ ആയിരുന്നു… llb ആയിരുന്നു കിരണിന്റെ സ്വപ്നം… കിരണിന് ഇപ്പോൾ അമ്മമ്മ മാത്രമേ ഉള്ളൂ.. അവൻ പത്തിൽ പഠിക്കുമ്പോൾ അമ്മച്ഛനും മരിച്ചു…. ആ അമ്മമ്മക്ക് ഉണ്ണിയും മിത്തുവും കിരണിനെ പോലെ തന്നെ ആയിരുന്നു…

മിത്തു ഒന്നുകൂടി കണ്ണാടിയിൽ നോക്കി… അവളുടെ പുതിയ കാക്കാപ്പുള്ളി ഇത് വരെ കിരൺ കണ്ടിട്ടല്ല… അവർക്കിപ്പോൾ പ്ലസ് ടു പരീക്ഷ സമയം ആണ്…. ഇന്നത്തോടെ അത് തീരും…. മിത്രക്ക് മറ്റന്നാൾ ഒരു പരീക്ഷ കൂടി ഉണ്ട്… അത് കഴിഞ്ഞാൽ വെക്കേഷൻ… ഉണ്ണിയേട്ടനും കിരണേട്ടനും ഇനി കോളേജിലേക്ക്… ഒരു പക്ഷെ അവർ ഒന്നിച്ചുള്ള അവസാനത്തെ വെക്കേഷൻ ആവും ഇത്… അത് ആഘോഷിക്കാൻ കാത്തിരിക്കുകയാണ് മൂവരും…

കാക്കാപ്പുള്ളി കാണുമ്പോൾ കിരണേട്ടൻ എന്താവും പറയുക… ഇഷ്ടം ആവുമോ.. കിരണേട്ടന് ഓർമ്മ ഉണ്ടാകുമോ എന്റെ ചുണ്ടിന് താഴെ അത് കുത്തി വെച്ചത് മിത്ര മനസ്സിൽ ഓരോ സംശയങ്ങൾ ഓർത്തു…

അരക്കൊപ്പം നിൽക്കുന്ന അവളുടെ ചുരുണ്ട മുടികൾ അവൾ ഇരു വശവും പിന്നി ഇട്ടു… കണ്ണിൽ കണ്മഷി എഴുതി… അവളുടെ കരിനീല പാട്ടുപാവാടക്ക് യോജിക്കുന്ന നിറത്തിൽ ഉള്ള കുപ്പിവളകൾ കൈയിൽ ഇട്ടു…. ഒരു കറുത്ത പൊട്ട് കുത്തി… അവൾക്ക് കണ്ണാടിയിൽ നോക്കി മതിവരുന്നില്ലായിരുന്നു….

അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി…. ഉമ്മറക്കോലായിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… അവൾക്ക് ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…കിരണിനെ കാണാൻ ഉള്ള വെപ്രാളം… അവനോട് എന്തൊക്കെയോ പറയാൻ ഉള്ള പോലെ… എന്താണെന്ന് അറിയില്ല… അവനെ ഓർക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നു…. തൊണ്ടയിൽ വെള്ളം വറ്റുന്നു.. ശ്വാസംമുട്ടുന്ന പോലെ…. ശരീരം വിയർത്തു ഒലിക്കുന്നു.. അവൾക്ക് ആകെ സംശയം തോന്നി… ഒരു എട്ടാം ക്ലാസ്സുകാരിക്ക് തിരിച്ചറിയാൻ കഴിയാത്ത വികാരം…

മിത്തൂട്ടി… സാവിത്രി അകത്തു നിന്ന് വിളിച്ചു..

അവൾ ഒന്നുകൂടി ഗേറ്റിന് നേരെ നോക്കി… ഇല്ല.. അവർ വരുന്നില്ല.. അവൾ പാവാട ചെറുതായി ഉയർത്തി പിടിച്ചു അകത്തേക്ക് ഓടി.. അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അമ്മ ഇല്ല…

അമ്മേ അമ്മേ.. അവൾ വിളിച്ചു..

അമ്മ മുറിയിൽ ആണ് മിത്തു…. ഹാളിൽ ഇരുന്നു കണക്ക് നോക്കുന്ന ജയൻ പറഞ്ഞു..

അവൾ മുറിയിലേക്ക് ഓടി…

എന്താ അമ്മേ വിളിച്ചേ.. അവൾ വാതിൽക്കൽ നിന്ന് ചോദിച്ചു …

നീ ഇവിടെ വന്നിരിക്ക്..

അമ്മ അവളെ വിളിച്ചു.. അവൾ അനുസരണയോടെ പോയിരുന്നു… അമ്മ കൈയിൽ ഉണ്ടായിരുന്ന ജുവല്ലറി ബോക്സ് തുറന്നു.. അതിൽ നിന്നും ഒരു സ്വർണ കൊലുസ് എടുത്തു… അവൾ കാല് കട്ടിലിലേക്ക് കയറ്റി വെച്ചു…

ഇത് അമ്മയുടെ ആണോ.. അവൾ ചോദിച്ചു..

മ്മ്.. മുത്തശ്ശൻ അമ്മക്ക് വാങ്ങി തന്നതാണ്…. ഇനി ഇത് എന്റെ മിത്തൂട്ടി ഇട്ടോ…

കാലിൽ കൊലുസ് ഇടുവിച് കൊണ്ട് അമ്മ പറഞ്ഞു…

ഇതെന്താ അമ്മേ കട്ടിലിൽ ഇരുന്ന മറ്റൊരു ബോക്സ് എടുത്തു നോക്കി അവൾ ചോദിച്ചു…

ഇത് ഏട്ടന് ഉള്ളതാ.. അച്ഛന്റെ ബ്രേസ്‌ലെറ്റ്… അവൻ വന്നിട്ട് ഇടുവിച് കൊടുക്കാം…

അപ്പോഴേക്കും മുറ്റത്ത് ഉണ്ണിയുടെ സൈക്കിളിന്റെ ശബ്ദം മുഴങ്ങി…

ഏട്ടൻ വന്നു… മിത്തു പറഞ്ഞു…

ഞാൻ പോയി പപ്പടം കാച്ചട്ടെ.. വിശന്നു വരികയാവും… എന്റെ കുട്ടി..

അത് പറഞ്ഞു സാവിത്രി അടുക്കളയിലേക്ക് നടന്നു.. മിത്തു ഉമ്മറത്തേക്ക് ഓടി…
കിരണും ഉണ്ണിയും സംസാരിച്ചു നിൽക്കുകയാണ്…

നീ വാ കിരണേ കഴിച്ചിട്ട് പോവാം…

സൈക്കിളിൽ നിന്ന് ഇറങ്ങാതെ നിൽക്കുന്ന അവനോട് ഉണ്ണീ പറഞ്ഞു..

ഞാൻ വൈകുന്നേരം വരാം ഉണ്ണീ.. അമ്മമ്മ കാത്തിരിക്കും.. അവൻ പറഞ്ഞു…

ഉമ്മറത്തെ തൂണിൽ ചാരി മിത്തു അവരെ നോക്കി.. കിരണിൽ നിന്ന് ഒരു നോട്ടം അവളിലേക്ക് എത്തുന്നത് പ്രദീക്ഷിച്ചു കൊണ്ട്… അവളുടെ കണ്ണുകൾ കിരണിൽ തന്നെ ആയിരുന്നു.. അവന്റെ പൊടിമീശ കിളിർത്ത മുഖത്ത്.. അതിനിടയിൽ പൊങ്ങി നിൽക്കുന്ന കാക്കാപ്പുള്ളിയിൽ..

നീ എന്താ മിത്തൂ അവിടെ വായും പൊളിച്ചു നിൽക്കുന്നേ..

ഉണ്ണിയുടെ വിളയിൽ അവൾ ഞെട്ടി… പിന്നെ രണ്ടുപേരോടും ആയി ഒന്ന് ചിരിച്ചു… ഒരു നിമിഷം അവളുടെ കണ്ണുകൾ കിരണിന്റെ കണ്ണുകളിൽ കോർത്തു… അവന്റെ കണ്ണിലെ ഭാവം അവൾക്ക് പുതുമ നിറഞ്ഞതായിരുന്നു… ആ നോട്ടത്തിൽ ഒളുപ്പിച്ച മനസിന്റെ അർഥങ്ങൾ തിരയുക ആയിരുന്നു മിത്ര അവനിൽ…

മോനേ……

ഉള്ളിൽ നിന്നുയർന്ന അമ്മയുടെ നിലവിളിയിൽ ഒരു നിമിഷം കാതുടക്കി…. ഉണ്ണീ ഉള്ളിലേക്ക് ഓടിയതിന് പുറകെ കിരണും മിത്രയും ഓടി… അടുക്കളയുടെ മുന്നിലെ വാതിലിൽ നിന്ന് അലമുറയിട്ട് കരയുന്ന അച്ഛൻ…. അമ്മേ ഉള്ളിലേക്ക് നോക്കി ഉണ്ണിയും നിലവിളിച്ചു…

ഒടുവിൽ എത്തിയ മിത്ര ഉള്ളിലേക്ക് ഒന്നേ നോക്കിയുള്ളൂ… കണ്ണുകളിൽ പാതി വെന്ത ശരീരവുമായി അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന അമ്മ… ചെവികളിൽ അമ്മയുടെ ശബ്ദം നേർത്ത് പോയ നിലവിളി….. നാസികയിൽ അമ്മയുടെ ശരീരം വെന്തെരിയുന്ന മണം ….

ഒന്നേ നോക്കിയുള്ളൂ.. ഒന്നേ കേട്ടൂള്ളൂ… ദൃഷ്ടികൾ മേൽപ്പോട്ട് തെന്നി.. അവൾ പുറകിലേക്ക് തല ഇടിച്ചു വീണു… കാലും കൈയും പിടയാൻ തുടങ്ങി.. നാവ് കൂട്ടി കടിച്ചു ചോരയും തുപ്പലും പുറത്തേക്ക് ഒഴുകി.. ഒന്നും അറിയാതെ.. അമ്മയുടെ കത്തിക്കരിഞ്ഞ ഹൃദയം ജീവനറ്റ് നിലത്തേക്ക് വീഴുമ്പോൾ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ മിത്ര ആ തറയിൽ പിടഞ്ഞുകൊണ്ടിരുന്നു…..

കണ്ണ് തുറക്കുമ്പോൾ മുറിയിൽ ആകെ ഇരുട്ടായിരുന്നു…. വായക്ക് അകത്ത് നീറ്റൽ ആയിരുന്നു തലക്ക് വല്ലാത്ത വേദന തോന്നി..അവൾ ചുറ്റും കണ്ണോടിച്ചു… ജനലിന് അരികിൽ ഏട്ടൻ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്… കണ്ണുകൾ ആകാശത്ത് ആണ്…

അവൾ ഏട്ടാ എന്ന് വിളിക്കാൻ ചുണ്ടുകൾ അനക്കി.. വേദന കൊണ്ട് വായ തുറക്കാൻ ആവുന്നില്ല… അവൾ കൈ എത്തി മേശക്ക് മുകളിലെ പുസ്തകം നിലത്തേക്ക് ഇട്ടു… ശബ്ദം കേട്ട് ഉണ്ണീ തിരിഞ്ഞു നോക്കി.. അവൻ ഓടി അവൾക്കരികിൽ വന്നു.. കട്ടിലിന് താഴെ മുട്ടുകുത്തി ഇരുന്നു…

മിത്തൂ… മോളേ ഒന്നും ഇല്ലാട്ടോ.. എന്റെ മോൾക്ക് ഒന്നും ഇല്ല..

അവൻ അത് പറയുമ്പോഴും കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു….

മ്മ.. മ്മ… അവൾ എങ്ങനെ ഒക്കെയോ പറഞ്ഞു…

അവൻ കട്ടിലിലേക്ക് മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു… മിത്രയുടെ കണ്ണുകളും നിറഞ്ഞൊഴുകി കൊണ്ടിരുന്നു… അൽപ്പം കരഞ്ഞപ്പോൾ ഉണ്ണിക്ക് വല്ലാത്ത ആശ്വാസം തോന്നി.. അവൻ കണ്ണുകൾ തുടച്ചു.. മിത്ര അപ്പോഴും അടക്കി പിടിച്ചു തേങ്ങുകയാണ്..

മിത്തൂ കരയല്ലേ… നിനക്ക് ഏട്ടൻ ഇല്ലേ… കരയല്ലേ …

അവൻ വേദനയോടെ പറഞ്ഞു.. അവൻ അവളെ കൈകളിൽ കോരി എടുത്തു ജനാലക്ക് അരികിൽ കൊണ്ട് പോയി നിർത്തി… ആകാശത്തേക്ക് കൈ ചൂണ്ടി..

നോക്ക് അമ്മ അതാ…. അവിടെ നമ്മുടെ അച്ഛന് ഒപ്പം… അച്ഛന് സന്തോഷം ആയിക്കാണും.. എത്ര നാളായി അവിടെ ഒറ്റക്ക്…

ഉണ്ണീ പറയുമ്പോഴും അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു… മിത്ര തിരിഞ്ഞു നിന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി… അവനെ കെട്ടിപിടിച്ചു…. അവളുടെ തലമുടിയിൽ അവൻ തലോടി.. ഒരേട്ടന്റെ സ്നേഹത്തോടെ അച്ഛന്റെ കരുതലോടെ.. അമ്മയുടെ ലാളനയോടെ…

ആ രാത്രി അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു… ആളൊഴിഞ്ഞ വീട്ടിൽ അവർ മൂന്നുപേരും ഒറ്റക്കായി.. ജയൻ മുറി അടച്ചു ഒറ്റ ഇരുപ്പാണ്.. ഉമ്മറത്തെ വരാന്തയിൽ തൂണിൽ ചാരി ഉണ്ണീ ഇരുന്നു. മിത്തുവിന് വായക്കുള്ളിലെ മുറിവ് വേദന കൊണ്ട് പൊള്ളിച്ചു.. അതിലും അസഹ്യം ആയിരുന്നു അമ്മയുടെ വേർപാടിന്റെ ഹൃദയത്തിനുള്ളിൽ ഉള്ള വേദന…

കിരൺ ഉണ്ണിക്ക് അരികിൽ വന്നിരുന്നു…

ഇന്ന് മിത്തുവിന്റെ അവസാനത്തെ പരീക്ഷ ആണ്.. അറ്റൻഡ് ചെയ്തില്ലെങ്കിൽ ഒരു വർഷം പോവും…

എനിക്ക് വയ്യ കിരൺ അവളോട്‌ പറയാൻ.. എങ്ങനെയാ ഞാൻ ഈ അവസ്ഥയിൽ പറയാ അവളോട്‌… ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.. ഫിക്സ് വന്നപ്പോൾ ചുണ്ടും നാവും കൂട്ടി കടിച് വായിൽ നിറയെ മുറിവാണ്… ഇനി കുറച്ചു ദിവസത്തേക്ക് വെള്ളം മാത്രേ കുടിക്കാവൂ എന്നാ ഡോക്ടർ പറഞ്ഞത്…ബോഡി വീക്ക്‌ ആണ്.. മനസ് അതിലേറെ… അവളെ കൊണ്ട് എങ്ങനെ പോവും.. അവൾ സമ്മതിച്ചു തരില്ല..

ഞാൻ ഒന്ന് പറയട്ടെ…

കിരൺ അവളുടെ മുറിയിലേക്ക് ചെന്നു അമ്മയുടെ സാരിയും കെട്ടിപിടിച്ചു ജനലരികിൽ ഇരിക്കുകയാണ് മിത്ര… കിരൺ അവൾക്ക് എതിർവശം ഇരുന്നു… അവൾ മുഖം ഉയർത്തിയില്ല…

മിത്തൂ ഇന്ന് അവസാനത്തെ പരീക്ഷ ആണ്… അറ്റൻഡ് ചെയ്യാഞ്ഞാൽ….

അവൾ മുഖം ഉയർത്തി… അമ്മയുടെ സാരിയിലേക്ക് നോക്കി.. അത് നെഞ്ചോടു ചേർത്ത് പൊട്ടി കരഞ്ഞു…

മിത്തൂ….. കിരൺ എഴുനേറ്റു അവൾക്കരികിൽ ചെന്ന് നിന്നു..

നീ ഇങ്ങനെ കരഞ്ഞാൽ ഏറ്റവും വേദനിക്കുക നിന്റെ അമ്മ ആവും… നീ പരീക്ഷ എഴുതാതെ തോറ്റു പോയാൽ അമ്മക്കത് സഹിക്കാൻ പറ്റുമോ…

അവൾ തല ഉയർത്തി അവനെ നോക്കി…

അമ്മക്ക് വേണ്ടി… അവൻ വീണ്ടും പറഞ്ഞു

അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് കുളിമുറിയിൽ കയറി… കിരൺ ഉമ്മറത്തു വന്നിരുന്നു.. ഉണ്ണീ ഈ ലോകത്ത് ഒന്നും അല്ലെന്ന് അവന് തോന്നി ഇടക്ക് കണ്ണീർ തുടക്കുന്നുണ്ട്…കുറച്ചു കഴിഞ്ഞപ്പോഴേക്കും മിത്ര യൂണിഫോം ഇട്ട് പേനയും കൈയിൽ പിടിച്ചു ഉമ്മറത്തു വന്നു.. അവളുടെ മുഖം നിർജീവം ആയിരുന്നു…

കരിമഷി എഴുതാതെ… മുടി പിന്നി ഇടാതെ… കരഞ്ഞു വീർത്ത കണ്പോളകളും ആയി അവർക്ക് മുന്നിൽ നിൽക്കുന്ന മിത്രയെ കണ്ടപ്പോൾ രണ്ടുപേരുടെയും ഹൃദയം നുറുങ്ങി…

ഉണ്ണി അകത്തേക്ക് ഓടി പോയി… തിരികെ വന്ന് അവളെ കോലായിൽ ഇരുത്തി.. അവളുടെ അഴിഞ്ഞുലഞ്ഞ മുടികൾ കൈകൾ കൊണ്ട് കേട്ട് വിടീച്ചു….

മുടി ഇങ്ങനെ ചീന്താതെ അഴിച്ചിടുന്നത് അമ്മക്ക് ഇഷ്ടല്ല… രണ്ടുഭാഗവും പിന്നി ഇട്ടാൽ ആണ് മിത്തൂട്ടിക്ക് ഭംഗി…

അവൻ മുടി ചീകുന്നതിന് ഇടയിൽ പറഞ്ഞു കൊണ്ടിരുന്നു… മിത്ര ശിലകണക്കെ ഇരുന്നു.. അവളുടെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണീർ അവൾക്ക് ജീവൻ ഉണ്ടെന്ന് ഓർമിപ്പിച്ചു… കിരൺ അവരെ ഇരുവരെയും നോക്കി തൂണിൽ ചാരി നിന്നു…അവളുടെ നീളം ഉള്ള മുടികൾ ഉണ്ണി ഭംഗിയായി മെടഞ്ഞിട്ടു…. നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ട് തൊടീച്ചു… അവളുടെ നെറ്റിയിൽ ചുംബിച്ചു… മിത്ര അവന്റെ വയറിൽ കൂടെ കൈ ചേർത്ത് കെട്ടിപിടിച്ചു കരഞ്ഞു…

ഇനി നിന്നാൽ നേരം വൈകും.. കിരൺ പറഞ്ഞു…

ഞാൻ ഈ വേഷം ഒന്ന് മാറിയിട്ട് വരാം… ഉണ്ണി പറഞ്ഞു..

വേണ്ട ഞാൻ കൊണ്ട് പൊക്കോളാം.. നീ ഒന്ന് ഉറങ്ങിക്കോ… നല്ല ക്ഷീണം ഉണ്ട് നിനക്ക്… കിരൺ പറഞ്ഞു…

ഇനി എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല കിരൺ…. എന്റെ അമ്മ കൊണ്ട് നടന്ന പോലെ ഇവളെ സന്തോഷത്തോടെയും പൂർണ സംരക്ഷണത്തോടെയും കൊണ്ട് നടക്കേണ്ടത് ഞാനല്ലേ… അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു….

കിരൺ മിത്രയുടെ കൈപിടിച്ച് മുന്നോട്ട് നടന്നു…. അവളെ സൈക്കിളിന്റെ മുന്നിൽ ഇരുത്തി… കൺമറയും വരെ അവരെ നോക്കി ആ ഏട്ടൻ ഉമ്മറത്ത് നിന്നു… സ്കൂളിന്റെ മുന്നിലുള്ള കൂൾബറിന് മുന്നിൽ കിരൺ സൈക്കിൾ നിർത്തി… ഒരു തണുത്ത നാരങ്ങാവെള്ളം വാങ്ങി മിത്രക്ക് നേരെ നീട്ടി.. അവൾ വേണ്ടെന്ന് തലയാട്ടി…

അത് പറഞ്ഞാൽ പറ്റില്ല.. ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല…. പരീക്ഷ എഴുതണ്ടേ… ഇത് കുടിക്ക്

അവൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ അത് വാങ്ങി കുടിച്ചു… മുറിവിന്റെ വേദനക്ക് അൽപ്പം ആശ്വാസം തോന്നി…

ഇനി പോയി പരീക്ഷ എഴുതി വാ.. ഞാൻ ഇവടെ തന്നെ ഉണ്ടാവും…

അവൾ നടന്നു… സ്കൂളിന്റെ ഉള്ളിലേക്ക് കയറി അവൾ തിരിഞ്ഞു നോക്കുമ്പോൾ അവളെ തന്നെ നോക്കി കിരൺ ഗേറ്റിന് സമീപം ഉണ്ടായിരുന്നു….

ദിവസങ്ങൾ കൊഴിഞ്ഞു വീണു… ഉണ്ണിയുടെയും കിരണിന്റെയും പ്ലസ് ടു റിസൾട്ട്‌ വന്നു… കിരണിന് അവൻ ആഗ്രഹിച്ച പോലെ llb ക്ക് തന്നെ സീറ്റ്‌ കിട്ടി… പക്ഷെ അൽപ്പം ദൂരെ ഉള്ള കോളേജ് ആയിരുന്നു.. അവൻ അമ്മമ്മയെയും കൂട്ടി അവിടെ ഒരു വാടക വീട് എടുത്തു താമസിക്കാൻ തീരുമാനിച്ചു… ഉണ്ണി അമ്മയുടെ മരണത്തോടെ അവന്റെ ആർമി സ്വപ്നം വേണ്ടെന്ന് വെച്ചു… അവന്റെ കുഞ്ഞു പെങ്ങളെ രണ്ടാം അച്ഛനെ ഏൽപ്പിച്ചു പോവാൻ അവന് മനസ് വന്നില്ല.. തനിക്ക് വേണ്ടി ജേഷ്ഠന്റെ സ്വപ്‌നങ്ങൾ തകരുന്നതിൽ അവൾ ഒത്തിരി വിഷമിച്ചു… ഒപ്പം കിരണിന്റെ അഭാവവും.. ഉണ്ണി നാട്ടിൽ തന്നെ ഉള്ള ഒരു കോളേജിൽ ഡിഗ്രിക്ക് ചേർന്നു..

അമ്മയുടെ മരണത്തിന്റെ വേദന ആ രണ്ടുമക്കളിലും ഉണ്ടായിരുന്നു എങ്കിലും രണ്ടുപേരും അത് പുറത്തു കാണിക്കാതെ പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ചു…

കിരൺ നാട്ടിൽ നിന്ന് പോകുമ്പോൾ ഏറ്റവും വേദനിച്ചത് ഉണ്ണിയും മിത്രയും ആയിരുന്നു… കിരൺ ഉണ്ണിയെ കെട്ടിപിടിച്ചു കരഞ്ഞു…

എന്തിനാടാ ഇങ്ങനെ കരയുന്നേ… മാസത്തിൽ ഒരിക്കൽ നീ വരില്ലേ.. അപ്പൊ നമുക്ക് പൊളിക്കാം..

ഉള്ളിലെ വിഷമം മറച്ചു വെച്ച് ഉണ്ണി പറഞ്ഞു..കിരൺ ഒന്ന് ചിരിച്ചു.. ആ ചിരിക്ക് ഒട്ടും പ്രകാശം ഇല്ലായിരുന്നു…

പോയിട്ട് വരാം മിത്തൂട്ടി…

കിരൺ അവളോട് യാത്ര പറഞ്ഞപ്പോൾ അവളുടെ ഹൃദയം അവൻ ഒന്ന് ചേർത്ത് പിടിച്ചിരുന്നു എങ്കിൽ… നെറുകയിൽ ഒരു ചുംബനം തന്നിരുന്നു എങ്കിൽ….കാത്തിരിക്കണം എന്നൊരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ…. എന്ന് കൊതിച്ചു… പക്ഷെ ഉണ്ടായില്ല…

തന്നിൽ അവനോട് തോന്നുന്ന വികാരം അവന് തന്നോട് ഇല്ലെന്ന് മിത്ര തിരിച്ചറിഞ്ഞു…

അമ്മയുടെ മരണത്തോടെയും കിരണിന്റെ അഭാവത്തോടെയും മിത്രയുടെ സ്വഭാവത്തിലും സംസാരത്തിലും മാറ്റം വരുന്നുണ്ടെന്ന് ഉണ്ണിക്ക് തോന്നി…അവനെപ്പോഴും അവൾക്കൊപ്പം തന്നെ നിന്നു… അമ്മയുടെ വിടവ് നികത്താൻ മറ്റാർക്കും കഴിയില്ലെന്ന് അറിഞ്ഞിട്ടും അവൻ അവൾക്കൊപ്പം ഒരു നിഴലുപോലെ നടന്നു.. അമ്മയുടെ അസാന്നിധ്യം അവൾ പലപ്പോഴും അവനിലൂടെ മറന്നു…

മാസത്തിലെ ആ മൂന്നു ദിവസങ്ങൾ അതായിരുന്നു മിത്രക്ക് ഏറ്റവും അസഹ്യം..

അടിവയറ്റിലെ വേദന കൊണ്ട് പുളയുമ്പോൾ… നടുവിന് മേലെ കല്ലെടുത്ത് വെച്ചത് പോലെ വേദന തോന്നുമ്പോൾ… ഒന്നുമില്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കാനും.. ചൂട് പിടിച്ചു താരനും.. ഉലുവ കഷായം ഉണ്ടാക്കി താരാനും അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഏത് മകൾ ആണ് ഈ ലോകത്ത് ഉണ്ടാവുക…

കട്ടിലിൽ ചുരുണ്ടു കൂടി വയറിൽ കൈ അമർത്തി അവൾ കിടക്കുമ്പോൾ.. ഒരു തലോടലായി ഉണ്ണി അരികിൽ ഉണ്ടാവും… അവനറിയും പോലെ ഉലുവ കഷായം ഉണ്ടാക്കി അവളെ കുടിപ്പിക്കും… ഹോട് ബാഗ് ചൂടാക്കി വയറിലും നടുവിലും വെക്കും….

ആ മൂന്നു ദിവസങ്ങളിൽ അവൾക്ക് ഭക്ഷണത്തോടുള്ള വിരക്തി കണ്ടറിഞ്ഞകൊണ്ട് അവൾക്ക് നിർബന്ധിച്ചു വാരി കൊടുക്കും.. രാത്രി അവൾ ഉറങ്ങും വരെ അവളെ ചേർത്ത് പിടിച്ചും അവളുറങ്ങിയാൽ താഴെ പായ വിരിച് അവളെ നോക്കി കിടന്ന് അവനും ഉറങ്ങും…

ഒരേട്ടന് ഇതിൽ കൂടുതൽ എങ്ങനെ ആണ് തന്റെ കൂടപ്പിറപ്പിനെ സ്നേഹിക്കാൻ ആവുക…

അവന്റെ സ്നേഹം അവളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി… അവളിലെ കളിചിരികളും കുറുമ്പുകളും തിരികെ വന്നു.. അവരുടെ ലോകം ആ ഏട്ടനും അനുജത്തിയിലും ചുരുങ്ങി.. തനിക്ക് ആ ലോകത്ത് സ്ഥാനം ഇല്ലെന്ന് തിരിച്ചറിഞ്ഞ ജയൻ ആരോടും യാത്ര പറയാതെ എങ്ങോട്ടോ പോയി.. ആ വലിയ വീട്ടിൽ ആ രണ്ടു ആത്മാക്കൾ തനിച്ചായി…

മാസത്തിൽ ഒരിക്കൽ അവരെ കാണാൻ കിരൺ വരും.. കോളേജിലെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ പറയുന്ന പെൺകുട്ടികളുടെ പേരുകൾ എന്ത്കൊണ്ടോ മിത്രയിൽ കുശുമ്പ് ഉണർത്തി….വിഷയം പെൺകുട്ടികളിൽ എത്തിയാൽ മിത്ര താല്പര്യം ഇല്ലാത്ത പോലെ എഴുനേറ്റു പോകും..

മിത്തൂ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

രാത്രി ഭക്ഷണം കഴിഞ്ഞ് ഉമ്മറത്തെ കൊലയിൽ ഏട്ടന്റെ മടിയിൽ തലവെച്ചു കിടക്കുകയാണ് മിത്തൂ.. അവർക്കെന്നും അതൊരു പതിവ് ആയിരുന്നു.. ആകാശത്ത് നിന്ന് അച്ഛനും അമ്മയും അവർക്കൊപ്പം സംസാരത്തിൽ പങ്കുചേരുന്നുണ്ടെന്നായിരുന്നു അവരുടെ വിശ്വാസം…

എന്താ ഏട്ടാ… ചോദിക്ക്… അവൾ പറഞ്ഞു..

കള്ളം പറയരുത്…

ഞാൻ ഇത് വരെ ഏട്ടനോട് കള്ളം പറഞ്ഞിട്ടുണ്ടോ…

ഇല്ല… ഞാൻ പറഞ്ഞെന്നെ ഉള്ളൂ… അച്ഛാ അമ്മേ ഞാൻ മിത്തൂട്ടിയോട് ഒരു കാര്യം ചോദിക്കാൻ പോവാ… ഒരേട്ടന്റെ ആവലാതി കാരണം ഉള്ള ചോദ്യം ആണ്… അവൾക്കത് മനസിലായില്ലെങ്കിലും നിങ്ങൾക്ക് മനസിലാവും അല്ലോ എന്നെ..

എന്താ ഏട്ടാ ഇത്.. സസ്പെൻസ് ഇടാതെ പറയുന്നുണ്ടോ…

നിനക്ക്.. നിനക്ക് കിരണിനോട് മറ്റെന്തെങ്കിലും തോന്നുന്നുണ്ടോ…

ഉണ്ണിയുടെ ചോദ്യത്തിൽ അവളൊന്ന് പതറി…

അത് ഏട്ടാ…

വേണ്ട.. നിന്റെ ഈ പതർച്ചയിൽ നിന്ന് തന്നെ എനിക്ക് മനസിലാവും മോളേ എന്താ നിന്റെ ഉള്ളിൽ എന്ന്….

ഏട്ടാ.. ഞാൻ..

ഏട്ടൻ മോളേ ഒരിക്കലും കുറ്റം പറയില്ല… കിരൺ നല്ല പയ്യൻ ആണ്.. എന്നെക്കാളേറെ നിന്നെ സ്നേഹിക്കാൻ അവന് കഴിയും… പക്ഷെ ഇത് പഠിക്കേണ്ട സമയം ആണ്.. അവൻ ചെറുപ്പം ആണ്.. നിയോ കൊച്ചു കുട്ടി ആണ്… ഇപ്പോൾ ഒന്നും വേണ്ട.. സമയം ആവുമ്പോൾ ഏട്ടൻ പറഞ്ഞോളാം അവനോട്.. എന്റെ ഈ കാന്താരി പെണ്ണിനെ നീ എടുത്തോ എന്ന്…

അവൻ അവളുടെ മൂക്കിൽ വലിച്ചു പറഞ്ഞു..

ഏട്ടാ.. അവൾ അവനെ കെട്ടിപിടിച്ചു.. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…അവൻ അവളെ മടിയിൽ കിടത്തി അവളുടെ മുടിയിഴകളിൽ തലോടി..

🎶വെണ്ണിലാക്കൊമ്പിലെ രാപ്പാടീ….എന്നുമീയേട്ടന്റെ ചിങ്കാരീ മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ കുഞ്ഞു കൺപീലിയിൽ കണ്ണീരോ…വെണ്ണിലാക്കൊമ്പിലെ രാപ്പാടീ…എന്നുമീയേട്ടന്റെ ചിങ്കാരീ

കാർത്തികനാൾ രാത്രിയിലെൻ കൈക്കുമ്പിളിൽ വീണ മുത്തേ…കൈ വളർന്നും മെയ്യ് വളർന്നും കണ്മണിയായ് തീർന്നതല്ലേ….നിൻ ചിരിയും നിൻ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ….നിൻ ചിരിയും നിൻ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ……

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നുമീയേട്ടന്റെ ചിങ്കാരീ…🎶

അവന്റെ പാട്ട് കേട്ട് അവൾ കണ്ണടച്ചുറങ്ങി… അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. അപ്പോൾ ആകാശത്ത് നിന്ന് ഏതോ രണ്ടു നക്ഷത്ത്രങ്ങൾ അവരെ നോക്കി കണ്ണുചിമ്മി…..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *