എന്ന് സ്വന്തം മിത്ര ~ ഭാഗം 27 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മിത്ര ശിലകണക്കെ നിന്ന് എല്ലാം കേട്ടൂ… ഒടുവിൽ ഭാമിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി… ഒരു നിമിഷം അതിലേക്ക് തന്നെ ഉറ്റു നോക്കി… അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ അവളുടെ നല്ലപാതിയുടെ മുഖത്തേക്ക് വീണു…

പ്രണയം എന്താണെന്ന് അറിഞ്ഞ കാലം തൊട്ട് ഉള്ളിൽ പതിഞ്ഞ മുഖം…. എല്ലാം തുറന്നു പറയാൻ ശ്രമിച്ചപ്പോൾ പ്രായത്തിന്റെ പക്വത കുറവെന്ന് പറഞ്ഞു തന്റെ പ്രണയത്തെ വിലകുറച്ചു കളഞ്ഞപ്പോൾ എല്ലാം അവസാനിപ്പിച്ചതാണ്….ഒരിക്കൽ പോലും പ്രണയത്തോടെ ഒരു നോട്ടമോ വാക്കോ തന്നിരുന്നില്ല….ഒടുവിൽ ഡിഗ്രി കഴിഞ്ഞു വീണ്ടും നാട്ടിലേക്ക് എത്തിയപ്പോൾ ഒരു താലി നൽകി കൂടെ കൂട്ടി… നാട്ടുകാരുടെ വായ അടക്കാൻ കെട്ടിയ ഒരു ചരട് ആയിരുന്നു അയാൾക്ക് അന്നത് എന്ന് തോന്നിയിട്ടുണ്ട്…മിത്ര ഓർത്തു… അവൾ പൊങ്ങി വരുന്ന കണ്ണീർ ഭാമി കാണാതെ തുടച്ചു…

ഭാമി തനിക്കെങ്ങനെ… തനിക്കെങ്ങനെ അറിയാം കിരണേട്ടനെ…

ഡിഗ്രി ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോൾ ആണ് ഞാൻ കിരൺ സാറിനെ ആദ്യം ആയി കാണുന്നത്.. ഞങ്ങളുടെ കോളേജിൽ ഒരു ക്ലാസ്സ്‌ എടുക്കാൻ വന്നതായിരുന്നു സർ… സാറിന്റെ ക്ലാസ്സ്‌ എല്ലാവർക്കും നന്നേ ബോധിച്ചു.. അങ്ങനെ ആഴ്ചയിൽ ഒരു ദിവസം കോളേജിലെ സ്പീച് ഫോറത്തിൽ സാറിനോട് ക്ലാസ്സ്‌ എടുക്കാൻ ആവശ്യപ്പെട്ടു.. സർ അന്ന് llb കഴിഞ്ഞ് ഏതോ വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയുന്ന സമയം ആണ്..

ഒടുവിൽ മാസത്തിൽ ഒരു ദിവസം ക്ലാസ്സ്‌ എടുക്കാൻ സർ സമ്മതിച്ചു… സാറിന്റെ ഗ്ളാമറും സംസാരവും ഒക്കെ കേട്ട് ഒത്തിരി കുട്ടികൾ ആ ക്ലബ്ബിൽ ജോയിൻ ചെയ്തു… വലിയ താല്പര്യം ഒന്നും ഇല്ലാഞ്ഞിട്ടും എന്റെ ഫ്രണ്ടിന്റെ നിർബന്ധത്തിന് അവൾക്കൊപ്പം ഞാനും ചേർന്നു..ഭാമി അവളുടെ ഓർമ്മകൾ അവളുടെ ഡിഗ്രീ കാലഘട്ടത്തിലേക്ക് പായിച്ചു…

ഹെലോ ഗുഡ്മോർണിംഗ് ഫ്രണ്ട്‌സ്.. ഐ ആം കിരൺ വാസുദേവ്… നമ്മൾ ഇതിന് മുന്നെ ഒരുവട്ടം കണ്ടതാണ്.. അപ്പോൾ ഇനി എല്ലാ മാസവും എന്നെ കണ്ടേ മതിയാവൂ… ഒക്കെ ഷാൾ വി സ്റ്റാർട്ട്‌ ദി ക്ലാസ്സ്‌…

കോളേജിലെ അവന്റെ ആദ്യത്തെ ദിവസം ആയിരുന്നു അത്..

മേ വി കമിങ് സർ…

ഡോറിന്റെ മുന്നിൽ നിന്ന് രണ്ടു പെൺകുട്ടികൾ ചോദിച്ചു…

യെസ് ഷുവർ.. രണ്ടാളും ഇങ്ങോട്ട് വന്നേ ചോദിക്കട്ടെ…

അവൻ അവരെ അവനരികിലേക്ക് വിളിച്ചു…

എന്താ രണ്ടാളുടെയും പേര്…

അലീഷ.. ആദ്യത്തെ കുട്ടി പറഞ്ഞു…

തന്റെയോ.. കിരൺ തൊട്ടപ്പുറത്തെ കുട്ടിയോട് ചോദിച്ചു…

സത്യഭാമ… അവൾ പറഞ്ഞു.

എന്റമ്മോ.. തന്റെ പേരും രൂപവും തമ്മിൽ ഒരു മാച്ചിങ് ഇല്ലാല്ലോടോ… അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

അതെല്ലാവരും പറയാറുണ്ട്..അവൾ മുഖം താഴ്ത്തി പറഞ്ഞു…

ഒക്കെ… അപ്പോൾ ഞാൻ തന്നെ സത്യ എന്ന് വിളിക്കാം.. എന്താ രണ്ടാളും ഇത്ര ലേറ്റ് ആയത്…

അത് അത്.. ഭാമി നിന്ന് പരുങ്ങി…

പറ….

അത് ഈ അലീഷക്ക് എണീറ്റപ്പോൾ തൊട്ട് വയറിന് എന്തോ കംപ്ലയിന്റ്… പിന്നെ ഉപ്പിട്ട കഞ്ഞിവെള്ളം കുടിച്ചപ്പോളാ ഒന്ന് ശെരി ആയേ…

ഭാമിയുടെ സംസാരം കേട്ട് കിരൺ അടക്കം ക്ലാസ്സിൽ എല്ലാവർക്കും ചിരി വന്നു..

അല്ല.. സർ ഇവൾ നുണ പറയാ.. ഇവൾ ഇവളുടെ കാമുകനും ആയി സൊള്ളിക്കൊണ്ടിരുന്നിട്ടാ ലേറ്റ് ആയേ

അലീഷ ദേഷ്യത്തോടെ പറഞ്ഞു… ഭാമി അവളെ നോക്കി പേടിപ്പിച്ചു..

ആ അങ്ങനെ വരട്ടെ.. അപ്പോൾ രൂപം മാത്രം അല്ല കയിലിരുപ്പും പേരിനൊട്ടും യോജിച്ചതല്ല അല്ലേ…

സോറി സർ.. ഭാമി തലകുനിച്ചു പറഞ്ഞു..

അതൊക്കെ പോട്ടേ.. ആരാ ഈ സത്യഭാമയുടെ കൃഷ്ണൻ.. ഈ കോളേജിൽ തന്നെ ഉള്ളതാണോ… കിരൺ ചോദിച്ചു..

അല്ല.. എന്റെ അമ്മാവന്റെ മോനാ… എംബിബിസ് ന് പഠിക്കാ.. ഇപ്പൊ ഹൗസർജൻസി ആയി… അവൾ അഭിമാനത്തോടെ പറഞ്ഞു…

ആഹാ അപ്പൊ ഈ വർഷം കഴിയുമ്പോളേക്കും ഡോക്ടർ ആയി… ഹസ്ബന്റ് ഡോക്ടർ ആവുമ്പോൾ തനിക്ക് എന്താവാനാ പ്ലാൻ…

അത്.. എനിക്ക് അങ്ങനെ പ്ലാൻ ഒന്നുല്ല.. ഡിഗ്രീ കഴിഞ്ഞാൽ കണ്ണേട്ടനെ കല്യാണം കഴിച്ചു സുഖമായി ജീവിച്ചാൽ മതി..

അവളുടെ സംസാരം കേട്ട് ക്ലാസ്സിൽ ഉള്ളവരെല്ലാം ചിരിച്ചു…

താൻ പോയി ഇരിക്ക്.. കിരൺ പറഞ്ഞു..

ഫ്രണ്ട്‌സ് ഇത് തന്നെ ആണ് ഇന്നത്തെ എന്റെ ക്ലാസ്സിന്റെ സബ്ജെക്ട്… ജീവിതത്തിൽ നമുക്ക് ഒരൊറ്റ ലക്ഷ്യം മാത്രം മതിയോ.. ഒരാളെ പ്രണയിക്കുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് അയാളെ വിവാഹം ചെയ്യാനും അയാൾക്കൊപ്പം ജീവിക്കാനും ആണ്.. ഒരു പക്ഷെ ഒരുപാട് നാൾ പ്രണയിച് കഴിഞ്ഞു നിങ്ങൾക്ക് തോന്നുകയാണ് ഈ റിലേഷൻ ശെരി ആവില്ലെന്ന് അപ്പോൾ സെപറേറ്റഡ് ആവുമ്പോൾ നിങ്ങൾ തീർച്ചയായും തനിച്ചാവും.. കാരണം നിങ്ങൾ എന്നും പോയിരുന്നത് ഒരൊറ്റ ലക്ഷ്യത്തോടെ ആയിരുന്നു.. അത് പരാജയപ്പെട്ടാൽ നിങ്ങൾ ജീവിതത്തിൽ പരാജയപ്പെട്ടതിന് തുല്യം ആണ്…

എന്ന് വെച്ച് ഞാൻ ആരോടും പ്രണയിക്കേണ്ട എന്നല്ല പറയുന്നത്…. പ്രണയിക്കണം.. പക്ഷെ അതിനൊപ്പം തന്നെ സ്വന്തം ആയൊരു ഐഡന്റിറ്റി ഉണ്ടാവണം… ഒരിക്കലും നിങ്ങൾ അറിയപ്പെടേണ്ടത് നിങ്ങളുടെ ഇണയുടെ പേരിനൊപ്പം അല്ല… നിങ്ങളുടെ സ്വന്തം പേരിനും സ്ഥാനമാനങ്ങൾക്കും ഒപ്പം ആണ്…

എന്താ സത്യ.. മിഥുൻ ഡോക്ടറിന്റെ ഭാര്യ എന്നതിനേക്കാൾ.. സത്യഭാമ ഐഎസ്‌ എന്ന് പേരല്ലേ തനിക്ക് കൂടുതൽ ഇങ്ങുന്നത്….

കിരൺ ചോദിച്ചപ്പോൾ ഭാമി ആദ്യം ആയി അതിനെക്കുറിച്ചു ഓർത്തു…

താൻ ഞാൻ പറഞ്ഞത് കേട്ട് ചാടിക്കേറി ഐഎസ്‌ ആവണം എന്നല്ല ഞാൻ പറയുന്നേ.. ബട്ട് യു മേ ഹാവ് പൊട്ടൻഷ്യൽ ഫോർ ദാറ്റ്‌… പക്ഷെ പ്രണയലോകത് ആവുമ്പോൾ തനിക്കത് തിരിച്ചറിയാൻ കഴിയില്ല..

കിരണിന്റെ വാക്കുകൾ ആ ക്ലാസ്സിലെ പലർക്കും ഊർജം നൽകി.. ഓരോ ക്ലാസ്സ്‌ കഴിയും തോറും കിരൺ അവരെ സ്വാധീനിച്ചു തുടങ്ങി… എപ്പോഴും കണ്ണേട്ടനെ കുറിച്ച് മാത്രം സ്വപ്‌നങ്ങൾ കണ്ടിരുന്ന ഭാമി പോലും അവൾക്ക് വേണ്ടി സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി… വെറുതെ ഒരോളത്തിൽ കിരൺ പറഞ്ഞതാണെങ്കിലും ഭാമിയിലും ഒരു ഐഎസ്‌ മോഹം മുളപൊട്ടി.. അവൾക്ക് അതിന് വേണ്ടി ഉള്ള എല്ലാ സപ്പോർട്ടും കിരൺ നൽകി…

കിരണിന്റെ സംസാരവും സ്വഭാവവും പല പെണ്കുട്ടികളിലും അവനെ ആരധ്യപുരുഷൻ ആക്കി.. അങ്ങനെ അവർ ഡിഗ്രി സെക്കന്റ്‌ ഇയറിൽ എത്തി.. ഭാമിയുടെ ഒരു സുഹൃത്തിന് ആദ്യം മുതലേ കിരണിനോട് പ്രണയം തോന്നി തുടങ്ങിയിരുന്നു… അവൾ ഭാമിയെ കൊണ്ട് അത് അവനെ അറിയിച്ചു…

എന്റെ സത്യാ.. ഞാൻ ഇത്രയും കാലം നിങ്ങളോട് പറഞ്ഞതൊക്കെ വെറുതെ ആയോ.. ഫസ്റ്റ് യു ഷുഡ് ഗെറ്റ് യുവർ ഡ്രീം.. അത് കഴിഞ്ഞ് പ്രണയം വിവാഹം എല്ലാം..

ഒക്കെ.. അവൾ ഡ്രീം നേടി കഴിഞ്ഞാൽ സർ അവളെ വിവാഹം ചെയ്യുമോ.. ഭാമി ചോദിച്ചു

കിരൺ ഒന്നും പറഞ്ഞില്ല…

പറയൂ സാർ… സാർ അവളെ സ്വീകരിക്കുമോ..

ഇല്ല.. എനിക്ക് അതിന് കഴിയില്ല സത്യാ..

വൈ…

ബികോസ് എന്റെ ഉള്ളിൽ മാറ്റൊരാൾ ഉണ്ട്.. തന്നെ പോലെ തന്നെ ഓർമ്മ വെച്ച കാലം തൊട്ട് ഉള്ളിൽ കൊണ്ട് നടക്കുന്ന മുഖം… ഒരു അഞ്ചാം ക്ലാസുകാരന്റെ നെഞ്ചിൽ പതിഞ്ഞ മുഖം…

ആരാ അത്.. സാർ..

മിത്ര… എന്റെ കാളികൂട്ടുകാരന്റെ അനിയത്തി… അവർ രണ്ടുപേരും ആയിരുന്നു എന്റെ ലോകം… അച്ഛനും അമ്മയും നഷ്ടപ്പെട്ട എനിക്ക് അവർ ആയിരുന്നു എല്ലാം… അവരില്ലാതെ ഒരു ദിവസം പോലും എനിക്ക് ഇല്ലായിരുന്നു…

അവളോട്‌ എന്നിക്ക് തോന്നിയിരുന്നത് പ്രണയം ആണെന്ന് തിരിച്ചറിയയുന്നതിനും മുന്നെ ഞാൻ അവളെ പ്രണയിച്ചു തുടങ്ങിയിരുന്നു..

ഒരു ദിവസം പോലും എനിക്ക് അവളെ പിരിഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല… ഒരു നിമിഷം പോലും എനിക്ക് അവളോട് പിണങ്ങി ഇരിക്കാൻ കഴിയുമായിരുന്നില്ല… അവളുടെ കുസൃതി നിറഞ്ഞ മുഖവും കുറുമ്പുകൾ നിറഞ്ഞ സംസാരവും എന്റെ എത്രയോ രാത്രിയിലെ ഉറക്കം കവർന്നെടുത്തിരുന്നു….

ഒടുവിൽ ഞങ്ങൾ പ്ലസ്‌ ടു കഴിഞ്ഞ അവസാന ദിവസം അവളോട്‌ എന്റെ ഇഷ്ടം തുറന്നു പറയാൻ ഇരുന്നതാണ് ഞാൻ.. പക്ഷെ അന്ന് ആണ് അവൾക്ക് അവളുടെ അമ്മയെ നഷ്ടം ആയത്…

അവളുടെ ഏട്ടന് അവളോടുള്ള സ്നേഹം എത്ര മാത്രം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം.. പിന്നെ പിന്നെ പറയാൻ പേടി ആയിരുന്നു എനിക്ക് അവളോട്‌ കാരണം ഉണ്ണി.. അവന് ഒരുതരം വല്ലാത്ത സ്നേഹം ആയിരുന്നു പെങ്ങളോട്… അവൾക്ക് വേണ്ടി തന്റെ സ്വപ്‌നങ്ങൾ ഒക്കെ വേണ്ടെന്ന് വെച്ച ഏട്ടൻ.. ജീവിതം മുഴുവൻ തന്റെ പെങ്ങൾക്ക് വേണ്ടി മാറ്റിവെച്ച ഏട്ടന്റെ മുന്നിൽ എന്റെ പ്രണയം വല്ലാതെ ചെറുതായ പോലെ തോന്നി എനിക്ക്…

പക്ഷെ എന്റെ പ്രണയം എന്നും എന്റെ ഉള്ളിൽ അതു പോലെ തന്നെ ഉണ്ടായിരുന്നു… ഒരിക്കൽ ഉണ്ണി തന്നെ എന്നെ അവളുടെ കൈകളിൽ ഏൽപ്പിക്കും എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു….

എനിക്ക് അറിയാമായിരുന്നു എന്റെ ഉള്ളിലെന്ന പോലെ മിത്രയും എന്നെ പ്രണയിക്കുന്നു എന്ന്.. ഒരിക്കൽ അവൾ എന്നോട് അത് പറയാൻ തുടങ്ങിയപ്പോൾ ഞാൻ തന്നെ അവളെ വിലക്കി… അത് മറ്റൊന്നും കൊണ്ടല്ല നിങ്ങളോടൊക്കെ പറയുന്ന പോലെ പ്രണയം എന്ന ലക്ഷ്യത്തിൽ അവൾ ഒതുങ്ങാതിരിക്കാൻ… അവളുടെ ഏട്ടൻ ആഗ്രഹിക്കുന്ന ഒരു പെങ്ങൾ ആവാൻ…അവന്റെ സ്വപ്നങ്ങൾ അവളിലൂടെ സാധിക്കാൻ ഒരിക്കലും പ്രണയം ഒരു തടസ്സം ആവാതിരിക്കാൻ….

പക്ഷെ അന്ന് അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒഴുകിയ കണ്ണീർ എന്റെ നെഞ്ചിനെ തകർത്തു കളഞ്ഞു…ഉണ്ണിയോട് എല്ലാം പറഞ്ഞു അവളോട്‌ മാപ്പ് ചോദിക്കാൻ എന്റെ ഹൃദയം വെമ്പി … പക്ഷെ വിധി വീണ്ടും തോൽപ്പിച്ചു.. ഉണ്ണിയുടെ മരണം അവളെ ആകെ തളർത്തി….

ആത്മഹത്യക്ക് ശ്രമിച്ച അവളെ വാതിൽ ചവിട്ടി തുറന്ന് പുറത്തെടുക്കുമ്പോൾ എന്റെ ഹൃദയം നിന്ന് പോയ അവസ്ഥ ആയിരുന്നു… അവൾക്ക് വേണ്ടി അവളുടെ ജീവന് വേണ്ടി വിളിക്കാത്ത ദൈവങ്ങൾ ഇല്ലായിരുന്നു….

ഒടുവിൽ അവളെ തിരിച്ചു കിട്ടിയപ്പോൾ അവളുടെ ഉള്ളിൽ ഞാൻ ഇല്ലെന്ന് എനിക്ക് മനസിലായി… പക്ഷെ തളരാൻ ഞാൻ ഒരുക്കം അല്ലായിരുന്നു.. അവൾ കണ്ടില്ലെങ്കിലും അവൾക്ക് പുറകെ ഇന്നും ഞാനുണ്ട്… എനിക്ക് വേണം അവളെ… എന്റെ മാത്രമായി.. ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ….

അപ്പോൾ ഇപ്പോഴും സാർ ഇതൊന്നും തുറന്നു പറഞ്ഞിട്ടില്ലേ… ഭാമി ചോദിച്ചു..

ഇല്ല…. പറയാൻ സമയം ആയിട്ടില്ല.. അവൾ പഠിക്കട്ടെ… അവളുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കട്ടെ… എന്നിട്ട് വേണം ഒരു താലികെട്ടി കൂടെ കൂട്ടാൻ…

സാർ… സമ്മതിച്ചു ഞാൻ… എങ്ങനെ ഉള്ളിലെ സ്നേഹം മുഴുവൻ ഇങ്ങനെ പ്രകടിപ്പിക്കാതെ എടുത്തു വെക്കാൻ കഴിയുന്നു…

അതൊരു റിസ്ക് തന്നെ ആണെടോ… ശ്വാസം മുട്ടുന്ന അവസ്ഥ ആണ്.. എത്ര തവണ അവളെ ഒന്ന് കെട്ടിപിടിക്കാനും ചുംബിക്കാനും ഒന്ന് ചേർത്ത് പിടിക്കാനും കൊതിച്ചിട്ടുണ്ടെന്നോ.. എല്ലാം ഉള്ളിൽ അടക്കി പിടിച്ചു നടക്കാ..

അപ്പോൾ ഇതുവരെ ഒന്നും?? ഭാമി കളിയാക്കി…

അവൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കാ.. മാസത്തിൽ ഒരിക്കൽ മാത്രമേ ഇപ്പോൾ വീട്ടിലേക്ക് വരൂ.. ആ രണ്ടു ദിവസവും രാത്രി… ഞാൻ അവൾ അറിയാതെ അവൾക്ക് കാവലിരിക്കും… ചിലപ്പോൾ ഉറക്കത്തിൽ അവൾ അലമുറ ഇട്ട് കരയും.. ചിലപ്പോൾ ഒരു തേങ്ങൽ… അപ്പോൾ അവൾക്കരികിൽ ഇരുന്ന് ഒരു നേർത്ത തലോടൽ നൽകും… അത് മതിയായിരുന്നു അവൾക്ക്… അതിൽ കൂടുതൽ ഒന്നും അവൾ ആഗ്രഹിച്ചിരുന്നില്ല…

ഭാമിക്ക് വാക്കുകൾ ഇല്ലായിരുന്നു… അവൾക്ക് കിരണിനെ ഓർത്ത് അഭിമാനം തോന്നി… അതോടെ അവളുടെ ഉള്ളിൽ ആഴത്തിൽ ആ വ്യക്തി ആഴ്ന്നിറങ്ങി….

അങ്ങനെ സാറിന്റെ ഇൻസ്പിറേഷൻ കാരണം ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ ഐഎസ്‌ കോച്ചിംഗ് ചെയ്യാൻ ഡൽഹിയിലേക്ക് പോയി.. ആ സമയത്ത് ആയിരുന്നു നിങ്ങളുടെ വിവാഹം… അന്ന് സാർ അയച്ചു തന്ന ഫോട്ടോ ആണിത്… ഇതിൽ തന്റെ മുഖത്തിന് ഒട്ടും തെളിച്ചം ഇല്ലാതിരുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു സാർ ഒന്നും തുറന്നു പറഞ്ഞു കാണില്ലെന്ന്….

സാർ അന്നൊക്കെ പറഞ്ഞിരുന്നു എല്ലാം തുറന്നു പറഞ്ഞു ഉള്ളിൽ അടക്കി പിടിച്ച പ്രണയം മുഴുവൻ തനിക്ക് തന്ന് തന്നെ ശ്വാസം മുട്ടിക്കും എന്ന്… ഇപ്പോളും എങ്ങനാ… തനിക്ക് ശ്വാസം മുട്ടൽ ആണോ… സാർ എവിടെ… നിങ്ങൾക്ക് കുട്ടികൾ ആയില്ലേ…

ഭാമിയുടെ ചോദ്യങ്ങൾ മിത്രയുടെ കാതുകളെ ഭ്രാന്ത്‌ പിടിപ്പിച്ചു… അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു….

മിത്ര… തനിക്ക് എന്ത് പറ്റി.. താനെന്താ ഒന്നും പറയാത്തെ കിരൺ സാർ എവിടെ….

തുടരും…

നിങ്ങൾക്കും അത് തന്നെ അല്ലേ അറിയണ്ടേ… പറയാം… കുറച്ചൂടെ കാത്തിരിക്കണം. .വല്ലാതെ കിളി പറന്ന് പോവുന്നുണ്ടേൽ പറയണേ.. ഇപ്പോൾ എന്റെ കിരണിനോട് ഒരിച്ചിരി ഇഷ്ടം തോന്നുന്നില്ലേ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *