മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഈ പാർട്ട് വായിച്ചു കഴിഞ്ഞു നിങ്ങൾ എന്നെ പഞ്ഞിക്കിട്ട് കൊന്നില്ലെങ്കിൽ മാത്രം അടുത്ത പാർട്ട് ഇടുന്നതാണ്….
***********
രണ്ടര വർഷങ്ങൾക്ക് ശേഷം… ഒരു ഹോസ്പിറ്റൽ…
എന്റെ ഏട്ടാ.. ഒന്നുമില്ലെങ്കിലും ഏട്ടൻ ഒരു ഡോക്ടർ അല്ലേ എന്നിട്ടാണോ… ഇങ്ങനെ ടെൻഷൻ അടിക്കുന്നേ…
മിഥില ലേബർ റൂമിന്റെ മുന്നിൽ ഉള്ള കസേരയിൽ ഇരുന്ന് മിഥുനിനെ കളിയാക്കി…
എന്റെ അളിയാ.. കൊറച്ചു സമയം അവിടെ ഇരിക്ക്.. ഇവന്റെ പരാക്രമം കണ്ടാൽ ഇവനാണ് പ്രസവിക്കാൻ നിൽക്കുന്നേ എന്ന് തോന്നും.. സുദർശൻ കളിയാക്കി…
അവർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ കൂട്ടിലടച്ച വെരുകിനെ പോലെ മിഥുൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….
നീ എന്താന്ന് വെച്ചാ പറഞ്ഞോ ഒരു ഏഴു മാസം കഴിഞ്ഞാൽ നീയും ഇത് പോലെ നടക്കും അന്ന് ഞാൻ എടുത്തോളാം.. മിഥുൻ പറഞ്ഞു
അച്ചേ അച്ചേ കുഞ്ഞുവാവ വന്നോ… ഹോസ്പിറ്റൽ കോറിഡോറിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നതിന് ഇടയിൽ ആരവ് ചോദിച്ചു…
അവനിപ്പോൾ മൂന്നര വയസ് കഴിഞ്ഞു… വികൃതി ചെക്കൻ ആണ്… മിഥില ഇപ്പോൾ മൂന്നു മാസം ഗർഭിണി ആണ്…
ഇല്ലല്ലോ.. കൊറച്ചു നേരം കൂടി കഴിഞ്ഞാൽ വരും… അച്ഛേടെ മോന് വിശക്കുന്നില്ലേ.. വാ നമുക്ക് പോയി ഒരു മസാല ദോശ കഴിക്കാം..
സുദർശൻ ആരവിനെ എടുത്തു കൊണ്ട് പറഞ്ഞു…നീയും വാ മിഥിലേ.. അവൻ അവളെയും വിളിച്ചു..
എനിക്ക് വേണ്ട… അവൾ പറഞ്ഞു
നിനക്ക് വേണ്ടായിരിക്കും പക്ഷെ എന്റെ മോൾക്ക് വേണ്ടി വരും…
ഓ അപ്പോളേക്കും മോളാണെന്ന് ഉറപ്പിച്ചോ.. അവൾ ചോദിച്ചു
മ്മ് എനിക്ക് ഉറപ്പാ … ഇതിനുള്ളിൽ എന്റെ മാമാട്ടിക്കുട്ടി തന്നെ ആണ്… നീ വാ..
ഏട്ടൻ വരുന്നോ.. മിഥില മിഥുനിനോട് ചോദിച്ചു..
വേണ്ട നിങ്ങൾ പൊക്കോ.. അവൻ പറഞ്ഞു..
ഹോസ്പിറ്റൽ കോറിഡോറിലൂടെ നടക്കുമ്പോൾ സുദർശൻ ഒരു കൈകൊണ്ടു മിഥിലയുടെ കൈകളിൽ പിടിച്ചിരുന്നു… കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഒരു സ്നേഹനിധിയായ ഭർത്താവ് എങ്ങനെ ആണെന്ന് അവൻ അവൾക്ക് ജീവിച്ചു കാണിച്ചു കൊടുത്തിരുന്നു…
അതേ.. ഞാനൊരു കാര്യം ചോദിക്കട്ടെ..
കോറിഡോറിലൂടെ നടക്കുമ്പോൾ അവനോട് കൂടുതൽ ഒട്ടിച്ചേർന്ന് മിഥില ചോദിച്ചു
അതെന്താപ്പോ അങ്ങനെ ഒക്കെ ഒരു ചോദ്യം.. താൻ ചോദിക്കടോ…
അത് പിന്നെ നമുക്ക് പെൺകുട്ടി ആണ് ഉണ്ടാവുന്നത് എങ്കിൽ അവൾക്ക് ആനി എന്നാണോ പേരിടാ..
സുദർശൻ മിഥിലയെ നോക്കി..
അതെന്താ താൻ അങ്ങനെ ചോദിച്ചേ
അത് പിന്നെ.. എല്ലാ പുരുഷനും അവന്റെ ആദ്യ പ്രണയം മറക്കാൻ ആവില്ലല്ലോ.. ആ ഓർമ്മക്ക് ജനിക്കുന്ന കുഞ്ഞിന് അവളുടെ പേര് നൽകും…
പുരുഷന് മാത്രം അല്ല സ്ത്രീക്കും അവളുടെ ആദ്യ പ്രണയം മറക്കാൻ ആവില്ല… അതെന്നും ഉള്ളിന്റെ ഉള്ളിൽ സൂക്ഷിക്കും… ഒരു ചെറിയ വേദന ആയി..ചിലപ്പോൾ ചില ഓർമ്മകളിൽ ചെറിയ സന്തോഷം ആയി… അതങ്ങനെ അവിടെ ഉണ്ടാവും… പിന്നെ എന്റെ കാര്യം.. നിനക്ക് എന്ത് തോനുന്നു നമ്മുടെ മകൾക്ക് ആനി എന്ന് പേരിടുന്നതിൽ
ആനി നല്ല പേരാണ്… അവൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പെൺകുട്ടി ആണ്… അതോർക്കുമ്പോൾ നമ്മുടെ മകൾക്ക് ഏറ്റവും ചേരുന്ന പേര് തന്നെ ആണ്.. പക്ഷെ അവളുടെ ജീവിതം…. ഒത്തിരി വേദനിച്ചില്ലേ അവൾ… എന്നെ പോലെ… മിത്രയെ പോലെ.. ഇന്ന് ഞങ്ങൾ എല്ലാം സന്തോഷിക്കുമ്പോൾ അവൾ മാത്രം…. മിഥില പറഞ്ഞു നിർത്തി…
ആര് പറഞ്ഞു അവൾ സന്തോഷിക്കുന്നില്ലെന്ന്… അവൾ ഇപ്പോൾ ഒത്തിരി ഹാപ്പി ആയിരിക്കും.. ഒരു പക്ഷെ നമ്മളെ ഒന്നും ഓർക്കാൻ പോലും അവൾക്ക് സമയം ഉണ്ടാവില്ല… അത്രത്തോളം അവൾ ആ പുതിയ ലോകത്തോട് ചേർന്ന് കഴിഞ്ഞു കാണും…
സുദർശൻ മിഥിലയെ ചേർത്ത് പിടിച്ചു നടന്നു..…
………………
ലേബർ റൂമിന്റെ മുന്നിൽ മിഥുൻ അക്ഷമ യോടെ ഇരുന്നു..
അവന്റെ ഫോൺ ബെല്ലടിച്ചു… അവൻ ഡിസ്പ്ലേയിലേക്ക് നോക്കി ഒന്ന് ചിരിച്ചു… അവന്റെ അത് വരെ ഉണ്ടായിരുന്ന എല്ലാ ടെൻഷനും എങ്ങോട്ടോ പോയ്‌പോയി..
ഹെലോ… എന്തായി ഡെലിവറി കഴിഞ്ഞോ..
കഴിഞ്ഞാൽ ആദ്യം വിളിക്കുക നിന്നെ അല്ലേ.. മിഥുൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
ആ കാൾ കാണാഞ്ഞപ്പോ വിളിച്ചെന്നേ ഉള്ളൂ.. എന്നാൽ കഴിഞ്ഞാൽ ഒരു മെസേജ് അയക്ക്.. ഞാനൊരു മീറ്റിങ്ങിനു കേറാ… അപ്പുറത്ത് കാൾ കട്ടായി..
മിഥുൻ ഫോൺ പോക്കറ്റിലേക്ക് ഇട്ടു… അകത്ത് നിന്ന് നേഴ്സ് ഇറങ്ങി വന്നു..
മിഥുൻ ആരാ….
അവൻ എഴുന്നേറ്റു നിന്നു…
വൈഫ് പ്രസവിച്ചു… പെൺകുട്ടി ആണ്…
മിഥുന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു… അപ്പോഴേക്കും സുദർശനും മിഥിലയും എത്തി..
പെൺകുഞ്ഞാണ്
അവൻ സന്തോഷത്തോടെ പറഞ്ഞു…
ആഹാ… മോനേ കുഞ്ഞിവാവ വന്നൂലോ..
സുദർശൻ ആരാവിന്റെ കവിളിൽ വലിച്ചു കൊണ്ട് തുള്ളി ചാടി… അപ്പോഴേക്കും നേഴ്‌സ് ഒരു ഇളം നീല തുണിയിൽ പൊതിഞ്ഞ ഒരു പഞ്ഞിക്കെട്ട് പോലെ തോന്നിക്കുന്ന അവന്റെ കുഞ്ഞിനെ അവന്റെ കൈകളിൽ ഏൽപ്പിച്ചു… അവൻ ആ മുഖത്തേക്ക് തന്നെ നോക്കി…
അവളുടെ അമ്മയെ പോലെ തന്നെ ഉണ്ടല്ലേ ഏട്ടാ..
മിഥില പറഞ്ഞു… മിഥുൻ ചിരിച്ചു.. അവൻ കുഞ്ഞിനെ അവളുടെ കൈകളിൽ ഏൽപ്പിച്ചു.. കുഞ്ഞിന്റെ കൈകളിൽ ചുംബിച്ചു
മിഥുൻ ഫോൺ എടുത്ത് നേരത്തെ വന്ന നമ്പറിലേക്ക് മെസേജ് അയച്ചു…
Our littile princess is here… 😍
കുഞ്ഞിനെ നേഴ്സ് തിരിച്ചു വാങ്ങി…
സിസ്റ്റർ എനിക്കൊന്ന് കാണാൻ പറ്റുവോ…
കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും.. അത് വരെ ക്ഷമിച്ചേക്ക്…. സിസ്റ്റർ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി…
ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോഴേക്കും അമ്മയും കുഞ്ഞും മുറിയിൽ എത്തി…
ഏട്ടാ ഞങ്ങൾ പോയി അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങീട്ട് വരാം….
മിഥിലയും സുദർശനും പുറത്തേക്ക് ഇറങ്ങി…മിഥുൻ കട്ടിലിനരികിൽ ഇരുന്നു… കണ്ണും പൂട്ടി ഉറങ്ങുന്ന കുഞ്ഞിനെ നോക്കി…
എന്താ ഇങ്ങനെ നോക്കുന്നേ…. അവന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു..
എത്ര കണ്ടിട്ടും മതിയാവുന്നില്ലടോ നമ്മടെ മോളെ…
ഓ അപ്പൊ ഇനി എന്നെ വേണ്ട അല്ലേ…
അങ്ങനെ തോന്നുന്നുണ്ടോ…. എനിക്ക് നിങ്ങളെ രണ്ടാളും ഒരുപോലെ അല്ലേ..
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു…
ഒത്തിരി വേദനിച്ചോ…
അവൻ സ്നേഹത്തോടെ ചോദിച്ചു..
അവൾ ഇല്ലെന്ന് തലയാട്ടി…
കണ്ണേട്ടാ…. എന്താ മോൾക്ക് പേരിടണ്ടേ…
നീ പറ എന്താ ഇടണ്ടേ….
പേര് എന്ത് വേണമെങ്കിലും ആയ്കോട്ടെ.. പക്ഷെ ഇവളെ ഭാമി എന്ന് വിളിക്കാം..
മിഥുൻ അവളെ തന്നെ നോക്കി….
വേണം കണ്ണേട്ടാ അതിലും നല്ലൊരു പേര് ഇവൾക്കില്ല… ഭാമി… അവൾ തന്ന ദാനം അല്ലേ എന്റെ ഇപ്പോഴുള്ള ജീവിതം… അവളെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടോ എനിക്ക്.. അത് മതി കണ്ണേട്ടാ….
മിഥുൻ ചിരിച്ചു കൊണ്ട് തലയാട്ടി… അവൻ കുഞ്ഞിന്റെ മുടിയിൽ തലോടി…
ഭാമി..
അവൻ മനസ്സിൽ മന്ത്രിച്ചു…
അപ്പോഴാണ് മിഥുനിന്റെ ഫോൺ ബെല്ലടിച്ചത്….
ഭാമി ആണ്.. താൻ ലേബർ റൂമിൽ ആവുമ്പോൾ വിളിച്ചിരുന്നു… താൻ സംസാരിക്ക്.. അവൻ ഫോൺ കൊടുത്തു..
ഭാമി.. അവൾ വിളിച്ചു..
മിത്രേ… ഒടുവിൽ നീ പറഞ്ഞത് പോലെ തന്നെ രാജകുമാരി ആയി അല്ലേ…സന്തോഷം ആയി..
മിത്ര ചിരിച്ചു… ഭാമി നിനക്ക് ഇപ്പോഴെങ്കിലും ഇത്തിരി പോലും വേദന തോന്നുന്നില്ലേ… എന്നോട് ഇത്തിരി പോലും അസൂയ തോന്നുന്നില്ലേ… ചെയ്തത് ഓർത്ത് പശ്ചാത്താപം തോന്നിന്നില്ലേ…
എന്തിന്….. ഒരു പക്ഷെ നീ ഒരമ്മ ആയതിൽ സന്തോഷിക്കുന്നതിൽ ഏറെ എനിക്ക് സന്തോഷം ഉണ്ട്.. അതെന്താണെന്നോ… കണ്ണേട്ടന്റെ കുഞ്ഞിന് ഒരു നല്ല അമ്മ ആവാൻ എനേക്കാളേറെ നിനക്ക് സാധിക്കും എന്നത് കൊണ്ട്…
ഭാമി… ഞാൻ..
വേണ്ട നീ ഒന്നും പറയണ്ട… അമ്മയെയും കുഞ്ഞിനേയും കാണാൻ ഞാൻ വരുന്നുണ്ട്….എത്രയും പെട്ടന്ന് തന്നെ.. ഞാൻ വെക്കട്ടെ തിരക്കിലാണ്… ഭാമി ഫോൺ കട്ട് ചെയ്തു…
മിഥുൻ മിത്രയെ നോക്കി…
മിത്ര..രണ്ടര വർഷം ആയി നമ്മൾ ഒന്ന് ആയിട്ട് ഇനിയും മാറിയില്ലേ നിന്റെ ഈ പ്രശ്നം…
സോറി കണ്ണേട്ടാ… എത്രയൊക്കെ ആയാലും അർഹിക്കാത്ത പലതും നേടിയ ഒരു തോന്നൽ ആണ് എനിക്ക്.. ഒരുപക്ഷെ ഒരിക്കലും ഇങ്ങനെ ഒരു ജീവിതം എനിക്ക് ഉണ്ടാവില്ലെന്ന് കുറേ കാലം മനസിനെ പറഞ്ഞു ശീലിപ്പിച്ചത് കൊണ്ടാവാം…
അർഹത ഇല്ലാത്തവൾ ആണ് നീ എന്ന് ഒരിക്കലെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ ടോ … അവൻ അവളുടെ മുടിയിൽ തലോടി ചോദിച്ചു…
ഇല്ല.. ഈ സ്നേഹം ആണ് എന്നെ തോൽപ്പിക്കുന്നത്.. ഈ സ്നേഹം ആണ് എന്നെ ജീവിപ്പിക്കുന്നത്….
അവൾ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു…
അവൻ അവളുടെ നിറഞ്ഞു വരുന്ന കണ്ണുനീർ തുടച്ചു ..
ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്നത് മുഴുവൻ ദൈവം നൽകാറില്ല മിത്ര… പക്ഷെ എപ്പോഴും ആഗ്രഹിക്കാത്ത പലതും നൽകും… ഇടക്ക് അത് ദുഃഖം ആവാം.. ഇടക്ക് സന്തോഷം.. പക്ഷെ ആ ആഗ്രഹിക്കാതെ ലഭിച്ച പലതും നമുക്ക് പിന്നീട് ഒരിക്കലും നഷ്ടപെടുത്താൻ കഴിയാത്തത് ആയി മാറും.. അവരുടെ ഒരു നിമിഷത്തെ അകൽച്ച പോലും നമുക്ക് താങ്ങാൻ കഴിയാത്തത് ആവും… നീ എനിക്ക് അങ്ങനെ ആണ് മിത്ര…. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ജീവിച്ചു എനിക്ക് ശീലമായി.. aആ സന്തോഷം ഒക്കെ എന്റെ കൂടി ആക്കാൻ ആണ് ഞാൻ ഇന്ന് ശ്രമിക്കുന്നത്… “
അവൻ മിത്രയുടെ കവിളിൽ തലോടി.. അവരുടെ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു….
തുടരും…
എനിക്കറിയാം ആർക്കും അംഗീകരിക്കാൻ പാറ്റാത്ത ട്വിസ്റ്റ് ആണെന്ന്… പക്ഷെ ഈ കഥ എഴുതി തുടങ്ങും മുന്നേ തീരുമാനിച്ചതാണ് ഈ ട്വിസ്റ്റ്.. എന്നോട് ക്ഷമിച്ചേക്ക്…