എന്ന് സ്വന്തം മിത്ര ~ ഭാഗം 29 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കഴിഞ്ഞ പാർട്ട്‌ പലരെയും ഡിസ്റ്റർബ്ഡ് ആക്കി എന്നറിയാം….. ഒട്ടേറെ കൺഫ്യൂഷനും ഉണ്ടാവാം…അത് കൊണ്ട് വീണ്ടും ഭാമിയിലേക്കും മിത്രയിലേക്കും തന്നെ പോകാം അല്ലേ ..

………………..

സാർ അന്നൊക്കെ പറഞ്ഞിരുന്നു എല്ലാം തുറന്നു പറഞ്ഞു ഉള്ളിൽ അടക്കി പിടിച്ച പ്രണയം മുഴുവൻ തനിക്ക് തന്ന് തന്നെ ശ്വാസം മുട്ടിക്കും എന്ന്… ഇപ്പോളും എങ്ങനാ തനിക്ക് ശ്വാസം മുട്ടൽ ആണോ… സാർ എവിടെ… നിങ്ങൾക്ക് കുട്ടികൾ ആയില്ലേ…ഭാമിയുടെ ചോദ്യങ്ങൾ മിത്രയുടെ കാതുകളെ ഭ്രാന്ത്‌ പിടിപ്പിച്ചു… അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു….

മിത്ര… തനിക്ക് എന്ത് പറ്റി.. താനെന്താ ഒന്നും പറയാത്തെ കിരൺ സാർ എവിടെ….മിത്ര കണ്ണുകൾ മുറുക്കെ തുടച്ചു.. പറയാം.. എല്ലാം പറയാം……

……………………

ഡിഗ്രി കഴിഞ്ഞു ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ മിത്രക്ക് ഒട്ടും തന്നെ സന്തോഷം ഇല്ലായിരുന്നു… കഴിഞ്ഞ മൂന്ന് വർഷം ഒരു നിഴൽ പോലെ ഉണ്ടായിരുന്ന അമറിന്റെ വിടവ് അവളെ വല്ലാതെ വേദനിപ്പിച്ചു… പിന്നെ കിരൺ… അവനെ കാണുമ്പോൾ അവൾക്ക് വേദന വീണ്ടും അസഹിനീയം ആവും.. ഒരു അഞ്ചുവയസുകാരിയിൽ ആഴത്തിൽ പതിഞ്ഞു പോയ മുഖം അവളിൽ എന്നും അവശേഷിച്ചിരുന്നു..

കിരണിന് എപ്പോഴും തിരക്ക് ആയിരുന്നു.. ജോലി.. പാർട്ടി.. നാട്ടുകാർ അതായിരുന്നു അവന്റെ ലോകം… എന്നാലും എന്നും മിത്രയെ കാണാൻ വരും.. ഒന്നോ രണ്ടോ വാക്ക്… എന്തോ വഴിപാട് തീർക്കാൻ വരുന്ന പോലെ ആണ് അവൾക്കത് തോന്നിയിരുന്നത്…

പക്ഷെ അവന്റെ ഉള്ളിലെ കരുതലും സ്നേഹവും അവൾ അറിഞ്ഞില്ല…രാത്രിയുടെ ഏഴാം യാമത്തിലും അവൾക്കൊപ്പം കൂട്ടിരിക്കുന്ന അവനെ അവൾ അറിഞ്ഞില്ല…

പകൽ മുഴുവൻ അവളെ അവഗണിക്കുമ്പോൾ അനുഭവിക്കുന്ന വേദന എല്ലാം.. അവൾ ഉറങ്ങുമ്പോൾ അവൾക്കരികിൽ വന്നിരുന്ന് അവൻ തീർക്കും…

ശാന്തമായി ഉറങ്ങുന്ന അവളെ പുലരുവോളം നോക്കി ഇരിക്കും… അതായിരുന്നു അവന്റെ ആനന്ദം.. നേരം പുലരാറാവുമ്പോൾ ആണ് അവൻ തിരിച്ചു വീട്ടിൽ വന്ന് ഉറങ്ങാറുള്ളത്.. ചില ദിവസങ്ങളിൽ ഉറക്കം കളഞ്ഞതിന്റെ ഫലം ആയി അസഹ്യമായ തലവേദന അവന് തോന്നാറുണ്ട്.. എന്നാലും ഒരു ദിവസം പോലും അവൻ അത് മുടക്കിയില്ല…

അവളുടെ കട്ടിലിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് തുറക്കുന്ന ജനാലക്ക് പുറത്ത് അവനിരിക്കും… ഒരു കൈ ഉള്ളിലേക്ക് ഇട്ട് അവളുടെ മുടിയിഴകളിൽ തലോടും… അവളുടെ വിരലുകളിൽ ചേർത്ത് പിടിക്കും… നിലാവെളിച്ചം അവളുടെ മുഖം കൂടുതൽ ശോഭയുള്ളത് ആകുമ്പോൾ അവന് അവളെ ചുംബിക്കാൻ തോന്നും… മഴയുള്ള രാത്രികളിൽ അവൾ ഉറക്കത്തിൽ തണുത്ത് വിറക്കുമ്പോൾ അവന് അവളെ കെട്ടിപിടിച്ചു കിടക്കാൻ തോന്നും…

ഉറക്കത്തിൽ ഒരിക്കലും അവൾ ചിരിച്ചിരുന്നില്ല.. വേദന… ചില രാത്രികളിൽ അവൾ പൊട്ടി കരയും… ചില രാത്രികളിൽ തേങ്ങി കരച്ചിൽ… അന്നേരങ്ങളിൽ മാത്രം അവൻ ബാൽക്കണിയിലെ വാതിൽ പൂട്ട് തുറന്ന് അവൾക്കരികിൽ ചെല്ലും…അവളുടെ കൈകളെ ചേർത്ത് പിടിക്കും…പൊട്ടി കരച്ചിലുകൾക്കിടയിൽ എന്നും അവൾ ഏട്ടനേയും അമ്മയെയും അച്ഛനെയും വിളിച്ചു അലമുറയിട്ട് കരയുന്നത് അവൻ കേൾക്കുമായിരുന്നു.. പക്ഷെ തേങ്ങി കരയുമ്പോൾ അവളുടെ മനസ് വിളിച്ചിരുന്ന അവന്റെ പേര് മാത്രം അവൻ കേട്ടില്ല..…

………………

ഒരു ദിവസം രാവിലെ അവനെ വിളിച്ചു ഉണർത്തിയത് അവന്റെ പാർട്ടിയിലെ ചില നേതാക്കൾ ആയിരുന്നു… കിരൺ അവരെ അകത്തേക്ക് വിളിച്ചു..

കിരൺ.. നീ ഇന്നലെ രാത്രി എവിടെ ആയിരുന്നു… പെട്ടന്നുള്ള അവരുടെ ചോദ്യത്തിൽ അവൻ ഞെട്ടി…

ഞാൻ അത്..

അതിന്റെ തലേന്നോ…. മറ്റൊരു നേതാവ് ചോദിച്ചു…

അത്…

വേണ്ട നീ ഒന്നും പറയണ്ട.. ഞങ്ങൾക്ക് എല്ലാം മനസിലായി… നീ ഒരു വളർന്നു വരുന്ന നേതാവ് ആണ് നാട്ടുകാരെ കൊണ്ട് അതും ഇതും പറയിച്ചാൽ നിന്റെ രാഷ്ട്രീയ ഭാവി തകരും..

നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.. അതിന് ഞാൻ ഒന്നും…..

വേണ്ട.. നട്ടപാതിരക്ക് ഒറ്റക്ക് താമസിക്കുന്ന ഒരു പെൺകുട്ടിയുടെ വീട്ടിൽ നീ എന്തിന് പോവുന്നു എന്നൊക്കെ ഞങ്ങൾക്ക് ഊഹിക്കാം..

നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ…

അതൊക്കെ ഇപ്പോൾ പറയും.. നാളെ ഒരു പ്രശ്നം ഉണ്ടായാൽ പാർട്ടിക്ക് ആണ് അതിന്റെ മാനക്കേട്.. ഇനി മേലിൽ നീ അവിടെ പോവരുത്…

പറ്റില്ല.. അവളെന്റെ ഉണ്ണിയുടെ പെങ്ങൾ ആണ്.. അവളുടെ സുരക്ഷ എന്റെ കൈയിൽ ആണ്…

നിന്റെ പെങ്ങൾ അല്ലല്ലോ… നാട്ടുകാരുടെ വായ അടക്കാൻ നിനക്ക് കഴിയില്ല…

ഇല്ല.. ഞാൻ അവളെ വിവാഹം ചെയ്‌താൽ പിന്നെ ആരും ചോദിക്കാൻ വരില്ലല്ലോ.. ഞാൻ അവളെ എന്റെ കൂടെ കൂട്ടാൻ പോവുകയാണ്.. എന്റെ ഭാര്യ ആയി….

…………

നടക്കില്ല ഞാൻ സമ്മതിക്കില്ല…കിരൺ മിത്രയോട് വിവാഹകാര്യം പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ പറഞ്ഞു…

എന്ത് കൊണ്ട്… .നിനക്ക് എന്നെ ഇഷ്ടമായിരുന്നില്ലേ…

ആയിരുന്നു.. ഇഷ്ടം ആയിരുന്നു.. അമ്മ മരിച്ചപ്പോഴും നിങ്ങൾ രണ്ടുപേരും ഉണ്ടല്ലോ എന്നായിരുന്നു എന്റെ സമാധാനം.. എന്റെ സന്തോഷം… എന്നിട്ടോ.. ഒരൊറ്റ ദിവസം കൊണ്ട് ഒറ്റക്കാക്കിയില്ലേ നിങ്ങൾ രണ്ടുപേരും എന്നെ…

എല്ലാം എന്റെ പ്രായത്തിന്റെ തോന്നൽ ആണെന്ന് പറഞ്ഞു വിലകുറച്ചു കളഞ്ഞില്ലേ.. വർഷങ്ങളായി ഉള്ളിൽ കൊണ്ട് നടന്ന എന്റെ പ്രണയത്തെ…

പ്രണയത്തിന് പ്രായം ഉണ്ടോ.. കിരണേട്ടാ… രാധ കൃഷ്ണനെ പ്രണയിച്ചതും…സതി പരമശിവനെ പ്രണയിച്ചതും പ്രായപൂർത്തി ആയിട്ടാണോ.. എന്നിട്ടും ഇന്നും ലോകത്തിലെ വിശുദ്ധ പ്രണയങ്ങൾ അല്ലേ അവ… പറ…

കിരണിന് മറുപടി ഇല്ലായിരുന്നു… തന്റെ ഉള്ളിലും ആ പ്രണയം എന്നോ ഉണ്ടെന്ന് പറയണം എന്ന് അവന് ഉണ്ടായിരുന്നു… പക്ഷെ പറഞ്ഞില്ല.. എല്ലാം തുറന്ന് പറയുമ്പോൾ അവളുടെ മനസ് ശാന്തം ആവണം എന്ന് അവന് തോന്നി…

മിത്തൂ… പക്വത ഇല്ലാതെ പ്രണയിച്ചു തുടങ്ങിയതല്ലേ നീ… പക്വത എത്താത്ത കാമുകി… അതിൽ നിന്ന് പക്വത ഉള്ളൊരു ഭാര്യ ആവാൻ നിനക്ക് കഴിയും… വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഈ വരുന്ന ഞായറാഴ്ച ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടും..

എല്ലാം ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ…

മതി… എല്ലാം ഞാൻ തീരുമാനിക്കും നീ അനുസരിക്കും…. ചോദിക്കാനും സമ്മതം വാങ്ങാനും നമുക്ക് രണ്ടുപേർക്കും ആരും ഇല്ല… കൂടുതൽ ഒന്നും പറയണ്ട… നിന്നെ ഒറ്റക്കാക്കിലെന്ന് ഞാൻ നിന്റെ ഏട്ടന് വാക്ക് നൽകിയതാണ്.. അതെനിക്ക് പാലിക്കണം

അപ്പോഴും ഏട്ടന് കൊടുത്ത വാക്കാണ് പ്രശ്നം.. എന്നോട് ഉള്ള ഇഷ്ടം അല്ല..

ഞാൻ നിന്നോട് തർക്കിക്കാൻ ഇല്ല.. നിനക്ക് എന്ത് വേണമെങ്കിലും വിചാരിക്കാം..
അവൻ ദേഷ്യത്തോടെ പറഞ്ഞു പുറത്തേക്ക് ഇറങ്ങി…

ഇപ്പോഴെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ കിരണേട്ടാ എന്നെ ഇഷ്ടം ആണെന്ന്… എത്ര കൊതിക്കുന്നുണ്ടെന്നോ ഞാൻ ആ വാക്കുകൾക്ക് ആയി..

മിത്ര കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു… കുറേ കരഞ്ഞപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി.. അവൾ ഫോൺ എടുത്തു അമറിനെ വിളിച്ചു. അവനപ്പോൾ ജോലി ആയി ബാംഗ്ലൂരിൽ ആയിരുന്നു… അവൾ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു..

നന്നായി മിത്തൂ.. ഒടുവിൽ നിന്റെ പ്രാർഥന ദൈവം കേട്ടല്ലോ…

എനിക്ക് അറിയില്ല അമറു എനിക്കിപ്പോൾ സന്തോഷം ആണോ സങ്കടം ആണോ എന്ന്.. കിരണേട്ടന്റെ ഭാര്യ ആവാൻ എന്റെ മനസ് കൊതിച്ചിരുന്നു.. പക്ഷെ ഇന്ന്…എനിക്ക് അറിയില്ല.. കിരണേട്ടൻ എന്നെ സ്നേഹിക്കുന്നില്ലെങ്കിലോ എന്ന തോന്നൽ.. എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നു…

ഇല്ല.. മിത്തൂ.. നിന്നെ മനസിലാക്കാൻ കിരണിന് കഴിയും.. നിന്റെ എല്ലാ വിഷമങ്ങളും തീരാൻ ഉള്ള സമയം ആയി.. എനിക്ക് ഉറപ്പുണ്ട്..

മ്മ്.. ഞാനും അത് തന്നെ ആണ് ആഗ്രഹിക്കുന്നത്.. വയ്യ എനിക്ക്.. ഇങ്ങനെ കരയാൻ.. ദൈവം എന്നോട് മാത്രം എന്താ ഇങ്ങനെ…

മിത്തൂ ഇനി അതൊന്നും ആലോചിക്കേണ്ട… നിനക്കിനി എന്നും കിരൺ ഇല്ലേ.. പിന്നെ ഞാനും ഉണ്ട്… അരികത്ത് ഇല്ലെങ്കിലും എന്റെ മനസ് എപ്പോളും നിനക്ക് ഒപ്പം ഉണ്ട്…

അമറു..എനിക്ക് വിവാഹം ക്ഷണിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും ഇല്ല.. ആകെ ഉള്ളത് നീ ആണ്.. നീ വരുമോ ആനിയെയും കൂട്ടി…

അത്.. മിത്തൂ… ഞാൻ നിന്നോട് പറയേണ്ടെന്ന് വെച്ചതാണ്.. എനിക്ക് ഒരു ചെറിയ പരിക്ക് പറ്റി ഇരിക്കാ…

അയ്യോ.. എന്ത് പറ്റി.. നല്ലോണം ഉണ്ടോ…

ഇതാ.. ഞാൻ നിന്നോട് പറയാഞ്ഞേ.. നീ വെറുതെ ടെൻഷൻ ആവും.. ഒന്നൂല്ല.. കഴിഞ്ഞ ആഴ്ച ഒരു ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ പോയപ്പോൾ ഒന്ന് വീണു.. നെറ്റി പൊട്ടി ചോര കുറച്ചു പോയി.. കൈക്ക് ഒരു ഫ്രാക്ടച്ചറും…

അയ്യോ എന്നിട്ട് ഇപ്പോൾ വേദന ഉണ്ടോ… നീ ഒറ്റക്കല്ലേ അവിടെ..

ഇപ്പൊ ഞാൻ ഒക്കെ ആയി.. സംഭവം നടന്നത് ഒരു കാട്ടുമുക്കിൽ വെച്ചാ. ഹോസ്പിറ്റലിൽ എത്തിക്കാൻ ലേറ്റ് ആയി. ബ്ലഡ്‌ കുറച് നല്ലോണം പോയി..അതിന്റെ ക്ഷീണം ആയിരുന്നു.. അത് ബ്ലഡ്‌ കയറ്റി ശെരി ആയി .. കൈ അടുത്ത ആഴ്ച അഴിക്കും..

എന്നാലും.. എനിക്ക് നിന്നെ കാണണം.. ഞാൻ അങ്ങോട്ട്‌ വരാം..

എന്തിന്.. നീ പോയി ആദ്യം കല്യാണം കഴിക്ക്.. എന്നിട്ട് നിന്റെ കിരണേട്ടനേം കൂട്ടി വാ.. ഇത് വരെ പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ… എനിക്ക് കാണണം എന്റെ മിത്തുവിന്റെ എല്ലാം എല്ലാം ആയ മൂപ്പരെ..

ഞാൻ വരാം അമർ… ഞാൻ വരും… നിന്നെ കാണാൻ.…

………………

വളരെ ലളിതം ആയി രജിസ്റ്റർ ഓഫീസിൽ വെച്ച് അവർ വിവാഹിതർ ആയി.. ബന്ധുക്കളും ആഘോഷങ്ങളും ഒന്നും ഇല്ലാത്ത ഒരു വിവാഹം…

എന്നും കൂടെ ഉണ്ടാവും.. സ്നേഹിച്ചു വീർപ്പു മുട്ടിക്കാൻ.. കിരൺ താലികെട്ടുമ്പോൾ മനസ്സിൽ പറഞ്ഞു… അവൻ താലികെട്ടുമ്പോൾ മിത്ര നിർവികാരം ആയി നിന്ന് കൊടുത്തു… ഉള്ളിൽ ഒരു പ്രാർത്ഥന മാത്രം ആയിരുന്നു… എന്നെങ്കിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ കിരണേട്ടന് കഴിയണമേ എന്ന്…

കൈപിടിച്ച് കൊടുക്കാൻ ഏട്ടൻ ഇല്ലാതെ.. നിലവിളക്ക് നൽകി സ്വീകരിക്കാൻ അമ്മ ഇല്ലാതെ.. കാല് കഴുകി സ്വീകരിക്കാൻ ഏട്ടൻ ഇല്ലാതെ.. അവൻ അവളെ സ്വന്തം ആക്കി… ഇനിയുള്ള കാലം എന്നും പരസ്പരം ഒന്നായി ജീവിക്കാം എന്ന തീരുമാനത്തോടെ…

……………..

രാത്രി…. കിരണിന്റെ വീടിന്റെ വരാന്തയിൽ ആർത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി അവൾ ഇരുന്നു…

പണ്ട് ഇതുപോലൊരു മഴയുള്ള രാത്രിയിൽ ഈ ഉമ്മറക്കോലായിൽ വെച്ചാണ് വർഷങ്ങൾ ആയി ഉള്ളിൽ കൊണ്ട് നടന്നിരുന്ന തന്റെ പ്രണയത്തെ അവൻ തള്ളി പറഞ്ഞതെന്ന് അവൾ ഓർത്തു.. ആ രാത്രിയിൽ തന്നെ ആണ് അവൾ ഈ ലോകത്ത് ഒറ്റക്കായതും.. ഏട്ടനെ ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..

ഇപ്പോൾ തനിക്ക് രാത്രി മഴ പേടി ഇല്ലേ..

കിരൺ അവൾക്ക് എതിർവശം തൂണിൽ ചാരി ഇരുന്ന് ചോദിച്ചു…

ഇല്ല… മഴ സുന്ദരി ആവുന്നത് രാത്രിയിൽ ആണെന്ന് ഒരാൾ എന്നോട് പറഞ്ഞിരുന്നു.. അതിന് ശേഷം എപ്പോഴും മഴയെ നോക്കുമ്പോൾ എനിക്കും അങ്ങനെ തോന്നറുണ്ട്…

ആരാണ് ആ നുണ പറഞ്ഞ ആൾ.. അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു..

ഒരാൾ.. ഒരിക്കൽ ആയാൾ എനിക്ക് ആരൊക്കെയോ ആയിരുന്നു…

ഇപ്പോഴോ.. അവൻ പ്രദീക്ഷയോടെ ചോദിച്ചു..

അറിയില്ല… രാത്രി മഴ സുന്ദരി ആണെന്ന് നുണ പറഞ്ഞപോലെ അയാൾ എപ്പോഴും എന്നോട് നുണകൾ മാത്രമേ പറയാറുള്ളൂ…

സത്യങ്ങൾ എപ്പോഴും കയ്പ്പ് ആവുമ്പോൾ നുണയുടെ മധുരം ആണ് നല്ലതെന്ന് തോന്നി കാണും അയാൾക്ക്.. അവൻ മഴയിലേക്ക് നോക്കി പറഞ്ഞു..

ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.. സത്യങ്ങൾ ഒരിക്കലും കയ്പ്പ് അല്ല… നുണക്ക് അതിമധുരം ആയത് കൊണ്ട് നമ്മൾ അത് തിരച്ചറിയുന്നില്ലെന്ന് മാത്രം ആണെന്ന് ..അവളും മഴയിലേക്ക് നോക്കി പറഞ്ഞു

ആയിരിക്കാം…

അപ്പോളേക്കും ശക്തിയായി ഇടി മുഴങ്ങി.. പക്ഷെ മിത്ര ഒന്ന് ഞെട്ടിയത് പോലും ഇല്ല.. കിരണിന് അവളുടെ മാറ്റത്തിൽ അത്ഭുതം തോന്നി..

നിനക്ക് മഴപോലെ ഇടിയും പേടി ഇല്ലാതായോ… അവൻ ചോദിച്ചു..

പേടിക്കുമ്പോൾ ചേർത്ത് പിടിച്ചു ഒന്നും ഇല്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ആരും ഇല്ലാതായപ്പോൾ… ഈ ലോകത്ത് ഒന്നിനോടും ഭയം ഇല്ലാതായി എനിക്ക്… ഉള്ളിലുള്ള എല്ലാ ഭയങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

ഇനി ചേർത്ത് പിടിക്കാൻ ഒരു കൈകൾ ഉണ്ടായാൽ പൊയ്‌പ്പോയ പേടി വീണ്ടും തിരികെ വരുമോ.. അവൻ ചോദിച്ചു..

അറിയില്ല… എനിക്ക് നഷ്ട്ടപ്പെട്ടു പോയതെല്ലാം തിരിച്ചു വരികയാണെങ്കിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുക ഞാനല്ലേ.. അത്രയേറെ നഷ്ടങ്ങൾ ആണല്ലോ എനിക്ക് ദൈവം തന്നത്…

കിരൺ എഴുന്നേറ്റു അവൾക്കരികിൽ ചെന്നിരുന്നു..

എനിക്കും അങ്ങനെ തന്നെ അല്ലേ… നിന്നെ പോലെ എല്ലാം നഷ്ടപ്പെട്ടവനല്ലേ ഞാനും.. എല്ലാ നഷ്ടങ്ങൾക്കും ഒടുവിൽ നീയും ഞാനും ബാക്കി ആയത് നമുക്ക് വേണ്ടി ഒരു ലോകം കെട്ടിപ്പടുക്കാൻ ആയിരിക്കും.. അല്ലേ..

ലോകം കെട്ടിപ്പടുക്കാൻ എളുപ്പം ആണ്. കിരണേട്ടാ.. പക്ഷെ ആ ലോകത്ത് സന്തോഷം നിറക്കുന്നതാണ് ശ്രമകരം ആയ ദൗത്യം…

നല്ല സമയങ്ങളിൽ അല്ല ഏറ്റവും മോശം സമയങ്ങളിൽ ആണ് ഒരാളെ ചേർത്ത് പിടിക്കേണ്ടത്.. കാരണം കൂട്ടുവേണ്ടത് ഒറ്റക്കാവുമ്പോൾ ആണ്..

അവൾ എഴുന്നേറ്റു മുറിയിലേക്ക് നടന്നു..കിരൺ ആർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി…

നീ ഒറ്റക്കായപ്പോൾ എല്ലാം ഞാനും നിനക്കൊപ്പം ഉണ്ടായിരുന്നു.. നീ ഒരിക്കലും കാണാഞ്ഞതല്ലേ… ഒരിക്കലും അറിയാതെ പോയതല്ലേ.. അവൻ മനസ്സിൽ പറഞ്ഞു…

തുടരും..

Leave a Reply

Your email address will not be published. Required fields are marked *