മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
കിരൺ പിന്നെയും കുറേ നേരം മഴയിലേക്ക് നോക്കി ഇരുന്നു… ആത്മാക്കളുടെ സന്തോഷം ആണ് മഴ.. ഒരുപക്ഷെ മറ്റേതോ ലോകത്ത് ഇരുന്ന് തങ്ങൾക്ക് നഷ്ടപ്പെട്ട എല്ലാവരും സന്തോഷിക്കുന്നുണ്ടാവാം…
അതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ഉണ്ണി ആവും.. കിരണിന് തോന്നി…
അവൻ വാതിലടച്ചു മുറിയിൽ ചെന്നപ്പോൾ മിത്ര ഇല്ലായിരുന്നു.. അവൻ കരുതിയ പോലെ തന്നെ തൊട്ടപ്പുറത്തെ മുറിയിൽ അവൾ സുഖമായി ഉറങ്ങുന്നുണ്ട്..അവൻ അവൾക്കരികിൽ ഇരുന്നു… എന്നത്തേയും പോലെ അവൾ ഉറങ്ങുന്നതും നോക്കി ഇരുന്നു..
മിത്തൂ…. നിനക്ക് എന്നോട് ദേഷ്യം ആണോ…. എനിക്കറിയാം നിനക്ക് ഒരിക്കലും അതിന് കഴിയില്ല…. അത് നിന്റെ കണ്ണുകളിൽ നിന്ന് ഞാൻ അറിയുന്നുണ്ട്…. നീ വരും എന്റെ സ്നേഹം തിരിച്ചറിയുന്ന ദിവസം.. അത് നീ തന്നെ അറിയണം..നീ തന്നെ കണ്ടുപിടിക്കണം .. അന്ന് നീ വരും… എന്റെ സ്നേഹത്തിന്റെ പങ്കുപറ്റാൻ… ആർക്കും പങ്കുവെക്കാൻ ഇല്ലാതെ ആ സ്നേഹം മുഴുവൻ ഞാൻ നിനക്ക് നൽകും..
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു… കട്ടിലിൽ നിന്നൊരു തലയണ നിലത്തിട്ട് അവളെ നോക്കി കിടന്നു…അവൾ ഉണരും മുൻപ് എഴുന്നേറ്റു മുറിയിലേക്ക് പോയി…
മിത്ര എഴുന്നേറ്റു കുളി കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു…
ഇന്ന് താൻ ഒരു ഭാര്യ ആണ്… ഒരു ഭാര്യയുടെ എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്ത് തീർക്കാൻ ഉണ്ട് തനിക്ക്…
അവൾ ഒരു നുള്ള് സിന്ദൂരം കൊണ്ട് മൂർദ്ധാവ് ചുവപ്പിച്ചു… താലിയിലെ ആലില കണ്ണനെ കണ്ണിൽ തൊട്ട് വണങ്ങി… പൂജാമുറിയിൽ വിളക്ക് വെച്ച് ചന്ദനം തൊട്ടു.. അടുക്കളയിലേക്ക് പോകും വഴി കിരണിന്റെ പാതി ചാരിയ മുറിയിലേക്ക് ഒന്ന് എത്തി നോക്കി…
കാലമിതുവരെ ആയിട്ടും അവൾ ആ മുറിയിൽ കയറിയിട്ടില്ല.. ഇവിടെ വരുമ്പോഴൊക്കെ ആ വാതിൽ അടഞ്ഞു കിടക്കുകയാകും… ഒരിക്കൽ പോലും തുറന്നു കയറിയിട്ടും ഇല്ല.. ഒരു പക്ഷെ ഉള്ളിലെവിടെയോ കിരണേട്ടന്റെ ഭാര്യ ആയിട്ടേ കയറൂ എന്നുള്ള മോഹം കൊണ്ടാവാം..
അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി… ഓരോ ചുവരും ഓരോ നിറത്തിൽ ഉള്ള ഒരു മുറി… വാതിൽ തുറന്ന് നേരെ കാണുന്ന ചുവന്ന ചുമരിൽ നിറയെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ ആണ്.. അതിന് ഏറ്റവും നടുവിൽ മിത്രയുടെ ഇരുപുറവും ഉണ്ണിയും കിരണും നിൽക്കുന്ന ഒരു വലിയ ചിത്രം.. ഉണ്ണി മരിക്കുന്നതിന് ദിവസങ്ങൾക്ക് മുന്നേ ആണ് അത് എടുത്തത്…
പിന്നീട് ഇന്നലെ വിവാഹത്തിന് ആണ് വീണ്ടും കിരണും മിത്രയും വീണ്ടും ഒരു ഫ്രെമിൽ വന്നതെന്ന് അവൾ ഓർത്തു…ചെറുപ്പം തൊട്ട് അവർ ചേർന്നെടുത്ത പല ഫോട്ടോകളും ഉണ്ടതിൽ..
അവൾ ഇടത്തേ ചുവരിലേക്ക് നോക്കി… വെള്ള നിറമുള്ള ചുവരിൽ പുസ്തക ഷെൽഫ് ആണ്.. നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു.. ജനലിനോട് ചേർന്ന് ഒരു മേശയും കസേരയും… മേശക്ക് മുകളിൽ വായിച്ചു മടക്കി വെച്ച പുസ്തകങ്ങളും ഡയറിയും ഒക്കെ ഉണ്ട്..
അവൾ വലത്തേ ചുവരിലേക്ക് നോക്കി കറുപ്പ് നിറം ഉള്ള ചുവരിനോട് കട്ടിൽ ചേർത്ത് ഇട്ടിരിക്കുന്നു… ആ ചുവരിലെ ജനാലകൾ തുറന്ന് കിടക്കുകയാണ്.. പ്രഭാത സൂര്യന്റെ കിരണങ്ങൾ അവന്റെ മുഖത്തിന്റെ തേജസ്സ് കൂട്ടിയെന്ന് അവൾക്ക് തോന്നി.. അവൾ അവന്റെ കാൽക്കൽ ചെന്ന് കാല് തൊട്ട് തൊഴുതു അടുക്കളയിലേക്ക് നടന്നു ..
അവന് വേണ്ടി ആദ്യമായി ഭക്ഷണം ഉണ്ടാക്കുകയാണ്.. എന്ത് ഉണ്ടാക്കും അവൾ ആലോചിച്ചു.. പണ്ട് കളിക്കാൻ വരുമ്പോൾ മുത്തശ്ശി ഉണ്ടാക്കി തന്നിരുന്ന പച്ചരി ഉപ്പുമാവിന്റെ രുചി അവൾ ഓർത്തു.. കിരണേട്ടനും അത് വലിയ ഇഷ്ടം ആയിരുന്നു… ആർത്തിയോടെ അവനത് കഴിക്കുന്നത് താൻ എത്ര നോക്കി ഇരുന്നിരുന്നു.. അതോർത്തപ്പോൾ അവൾക്ക് ചിരി വന്നു..
അവൾ ചീനച്ചട്ടി അടുപ്പത്തേക്ക് വെച്ച് കടുക് താളിച്ചു.. ഉള്ളിയും ഇഞ്ചിയും മുളകും അറിഞ്ഞിട്ടു.. നന്നായി വഴറ്റി പച്ചരി ഇട്ട് വെള്ളം ഒഴിച്ച് ഉപ്പിട്ട് അടച്ചു വെച്ചു… കിരണേട്ടന് കട്ടൻ ആണിഷ്ടം.. അതും നല്ല കടുപ്പം വേണം.. മധുരം അധികം ആയാൽ കുടിക്കില്ല.. ഒരു കഷ്ണം ഇഞ്ചി കൂടി ചതച്ചിട്ടാൽ വലിയ സന്തോഷം ആണ്…
അവൾ പണ്ട് അവന് വേണ്ടി മാത്രം എത്ര ചായ ഉണ്ടാക്കിയിരുന്നു എന്ന് ഓർത്തു.. ഏട്ടൻ മരിച്ചതിൽ പിന്നെ ഒരിക്കൽ പോലും അവന് വേണ്ടി ഒന്നും ഉണ്ടാക്കിയിട്ടില്ല അവൾ ഓർത്തു..
കിരൺ എഴുന്നേറ്റു കുളിച്ചു വന്നത് നേരെ അടുക്കളയിലേക്ക് ആയിരുന്നു… അവൻ അടുക്കളയിലെ മേശക്ക് മുന്നിൽ ഇരുന്നു… മിത്ര പ്ലേറ്റ് വെച്ചു… ചീനച്ചട്ടിയിൽ നിന്ന് ഉപ്പുമാവ് എടുത്ത് അവന്റെ പ്ലേറ്റിൽ വിളമ്പി കൊടുത്തു കൊടുത്തു..
ഒരു ഭാര്യ എങ്ങനെ ആവണം അവൾ എന്തെല്ലാം ചെയ്യണം എന്നൊക്കെ ഉപദേശങ്ങൾ നൽകാൻ എനിക്ക് ആരും ഇല്ലായിരുന്നത് കൊണ്ട് തന്നെ ഈ റോളിൽ ഞാൻ അത്ര പെർഫെക്ട് ആവണം എന്നില്ല… പോകെ പോകെ ആവാൻ നോക്കാം…
ചായ ഗ്ലാസിൽ പകർന്ന് അവന് അരികിൽ വെച്ചുകൊണ്ട് അവൾ പറഞ്ഞു.
കിരൺ മറുപടി നൽകാതെ ഉപ്പുമാവ് എടുത്ത് വായിൽ വെച്ചു.. അവന്റെ കണ്ണിൽ കണ്ണീർ ഉരുണ്ടു കൂടിയിട്ടുണ്ടായിരുന്നു…
എന്ത് പറ്റി കൊള്ളില്ലേ.. അവൾ ചോദിച്ചു…
മുത്തശ്ശി മരിച്ചതിനു ശേഷം ഞാൻ ആദ്യം ആയാണ് ഈ ഉപ്പുമാവ് ഇത്രയും സ്വാദോടെ കഴിക്കുന്നത്… അവൻ ചായ എടുത്തു ചുണ്ടോട് ചേർത്തു..
ഞാൻ വിചാരിച്ചു നീ ഈ ചായ ഉണ്ടാക്കാൻ മറന്നു കാണും എന്ന്…
അവൻ പ്ലേറ്റിൽ നോക്കി പറഞ്ഞു… മിത്ര മറുപടി ഒന്നും പറയാതെ തിരിഞ്ഞു നടന്നു…
കിരൺ പോകാൻ ഇറങ്ങിയപ്പോൾ ഉമ്മറവാരാന്തയിൽ ഒരു ചോറ് പാത്രവും ഒരു കുപ്പി വെള്ളവും വെച്ചിരുന്നു.. അവൻ ചിരിയോടെ അതെടുത്തു ബാഗിൽ ഇട്ടു… തിരിഞ്ഞു നോക്കുമ്പോൾ വാതിൽ പടിയിൽ കൈകെട്ടി അവനെ നോക്കി നിൽക്കുകയാണ് മിത്ര..
ഞാൻ ഇറങ്ങട്ടെ..
അവൻ അവളോട് പറഞ്ഞു ഇറങ്ങി… കണ്ണിൽ നിന്നും അവൻ മായും വരെ അവൾ നോക്കി നിന്നു… ഒരു വീട്ടമ്മയുടെ എല്ലാ ഉത്തരവാദിത്വങ്ങളും ഉൾക്കൊണ്ട് അവൾ ആ വീട്ടിലെ ഓരോ പണികൾ ആയി തീർത്തു… എല്ലാം കഴിഞ്ഞു ഉച്ചയൂണും കഴിഞ്ഞു കിരണിന്റെ ഷെൽഫിൽ നിന്ന് ഒരു പുസ്തകവും ആയി അവൾ ഉമ്മറത്തു വന്നിരുന്നു… എംടി യുടെ മഞ്ഞായിരുന്നു അത് ..
“എനിക്ക് നിങ്ങളെ ഇഷ്ടം ആണ്.. പരിഭ്രമിക്കാൻ ഒന്നും ഇല്ല.. വഴിയിൽ തടഞ്ഞു നിർത്തില്ല.. പ്രേമലേഖനം എഴുതില്ല.. ഒന്നും ചെയ്യില്ല.. ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ.. വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടം ആണ്…
അതിനടിയിൽ കിരൺ ചുവന്ന മഷികൊണ്ട് വരച്ചിട്ടിരുന്നു.. അവൾ ആ വരികളിൽ തലോടി.. വെറുതെ വെറുതെ ഒരിഷ്ടം..
അവൾ മനസ്സിൽ പറഞ്ഞു ചിരിച്ചു.. നേരം പോയതൊന്നും അവൾ അറിഞ്ഞില്ല… മൊബൈൽ ബെല്ലടിച്ചപ്പോഴാണ് അവൾ ബുക്കിൽ നിന്ന് മുഖം ഉയർത്തിയത്..
മിത്തൂ.. പാർട്ടി ഓഫീസിൽ ഇന്നൊരു ചെറിയ അനുസ്മരണം ഉണ്ട്… കഴിയാൻ വൈകും… താൻ ഇങ്ങോട്ട് പോര്.. ഫോൺ എടുത്തപ്പോൾ കിരൺ പറഞ്ഞു…
ഞാൻ ഇല്ല… ഞാൻ ഒറ്റക്ക് ഇരുന്നോളാം..
അത് വേണ്ട.. താൻ വാ.. തനിക്ക് ഇഷ്ടാവും…. പ്ലീസ്…
അവന്റെ അപേക്ഷ കേട്ടപ്പോൾ അവൾക്ക് വയ്യെന്ന് പറയാൻ തോന്നിയില്ല…വരാം എന്ന് വാക്ക് കൊടുത്ത് അവൾ ഫോൺ വെച്ചു.ഒരു ആറരയോടെ അവൾ ഒരു ഓട്ടോ പിടിച് കവലയിലെ പാർട്ടി ഓഫീസിൽ എത്തി.. പാർട്ടി ഓഫീസിനു മുന്നിൽ ആകെ ബഹളം ആണ് അവൾ അതിനിടയിൽ കിരണിനെ തിരിഞ്ഞു…
സഖാവ് അകത്തുണ്ട് മിത്രേ അങ്ങോട്ട് ചെന്നോളൂ.. ആരോ വിളിച്ചു പറഞ്ഞപ്പോൾ.. അവൾ മനസ്സിൽ ഉരുവിട്ടു.. സഖാവ്… ആ പേരിന് ഒരു പ്രത്യേക സുഖം ഉണ്ടെന്ന് അവൾക്ക് തോന്നി..
സ്റ്റേജിന്റെ മുകളിൽ എന്തൊക്കെയോ പണികളിൽ ആണ് അവൻ.. നാട്ടിലെ കോളേജിലെ കുറേ പെൺകുട്ടികളും ആൺകുട്ടികളും ഒക്കെ ഉണ്ട് അവിടെ.. പെൺകുട്ടികൾ മുഴുവൻ കിരണിന് ഒപ്പം ആണ്… അവനോട് ഓരോന്ന് പറഞ്ഞു ചിരിച്ച് അവർ നിൽക്കുന്നു..
ചെറിയ അസൂയ തോന്നുന്നുണ്ടല്ലേ..
അവളുടെ മനസ് അവളോട് ചോദിച്ചു..പിന്നേ എന്റെ ഭർത്താവ് അല്ലേ… ഞാനും ഒരു ഭാര്യ അല്ലേ..
അവൾ മനസിനോട് പറഞ്ഞു… അവൾ മൂന്നാമത്തെ നിരയിലെ അറ്റത്തുള്ള സീറ്റിൽ ഇരുന്നു…
കുറേ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴാണ് കിരൺ അവളെ കണ്ടത്.. അവൻ ഓടി താഴെ ഇറങ്ങി..
താനെപ്പോ വന്നു..
കുറച്ചു നേരം ആയി..
ഞാൻ ആകെ തിരക്കായി പോയി.. സോറി
സാരല്യ..
നീ വാ… അവൻ അവളെയും കൂട്ടി ഓഫീസിലേക്ക് കയറി….അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി… യുവ എഴുത്ത് കാരി ഗായത്രി ദേവി… അവൾക്ക് അവരുടെ കവിതകൾ വലിയ ഇഷ്ടം ആയിരുന്നു…
ടീച്ചർ.. ഇതാണ് എന്റെ ഭാര്യ.. അവൻ അവളെ അവർക്ക് പരിചയപ്പെടുത്തി.
മിത്ര.. അല്ലേ.. കേട്ടിട്ടുണ്ട് ഇയാളെ പറ്റി കാണാൻ ഇപ്പോളാ സാധിച്ചേ.. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു..
അവരുടെ സംസാരം കേട്ട് അവൾക്ക് അത്ഭുതം തോന്നി…
കിരണേ.. നിന്റെ കവിതയിൽ ഉള്ള മിത്രയേക്കാൾ സുന്ദരി ആണല്ലോ ഇവൾ..
കവിതയോ.. അവൾ കിരണിനെ നോക്കി.. കിരൺ ടീച്ചറോട് കണ്ണുരുട്ടി കാണിക്കുന്നുണ്ട്…
ഇനിയും നീ അത് ഇവൾക്ക് കാണിച്ചു കൊടുത്തില്ലേ.. കേട്ടോ മിത്രേ ഞാൻ ഇവന്റെ കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്ത് അവൻ എഴുതിയ ഒരു കവിത ഉണ്ട്… ഒരു പെൺകുട്ടിയെ കുറിച്ച്… അതാരാണെന്ന് അന്ന് എത്ര ചോദിച്ചിട്ടും അവൻ പറഞ്ഞില്ല… ഇപ്പോൾ മനസിലായി അത് താൻ ആണെന്ന്..
അവൾ ചിരിച്ചു.. ആ കവിത വായിക്കാൻ അവൾക്കും ആഗ്രഹം തോന്നി..
അപ്പോഴേക്കും പരിപാടി ആരംഭിക്കാറായിരുന്നു….ഗായത്രി ദേവി ആയിരുന്നു അഥിതി. മറ്റു പല പ്രമുഖരുടെയും പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു..
അവസാനമായി നമ്മുടെ പ്രിയപ്പെട്ട സഖാവ് കിരൺ ഒരു കവിത ചൊല്ലുന്നു..
അവിടെ മുഴങ്ങികേട്ട കൈയടിയിൽ നിന്ന് മിത്ര തിരിച്ചറിഞ്ഞു അവൻ എല്ലാവർക്കും എത്ര പ്രിയപ്പെട്ടവൻ ആണെന്ന്..
🎶ചൂടാതെ പോയ് നീ, നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍…കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍…ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല- സന്ധ്യയാണിന്നുമെനിക്കു നീയോമനേ
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിദ്ധ്യം പകരുന്ന വേദന..🎶
അവന്റെ ഉറച്ച ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു… മിത്ര കണ്ണുകൾ അടച്ചിരുന്നു.. അവൾ ആ കവിതയിൽ ഒഴുകി നടന്നു… ചൊല്ലി നിർത്തിയപ്പോൾ സദസ്സ് നിർത്താതെയുള്ള കരഘോഷണങ്ങളിൽ ആയിരുന്നു… മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോകും വരെ മിത്ര അവിടെ ഇരുന്നു.. പണികൾ എല്ലാം തീർത്ത് അവൻ വന്നു
വാ.. പോവാം..
അവൻ അവളെയും കൂട്ടി ഇറങ്ങി… ഒരു ചെറിയ ഹോട്ടലിന് മുന്നിൽ നിർത്തി ഭക്ഷണം കഴിച്ചു.. കൂടുതൽ സംസാരങ്ങൾ ഒന്നും ഇല്ലായിരുന്നു.. ഇടക്ക് അവൻ എന്തെങ്കിലും ചോദിച്ചാൽ അവൾ മറുപടി നൽകും.. അത്ര മാത്രം..വീട്ടിൽ എത്തി വാതിൽ തുറക്കുമ്പോൾ അവൾ പറഞ്ഞു..
കവിത നന്നായിരുന്നു… പക്ഷെ കാണാതെ പോയതും.. അറിയാതെ പോയതും ആരാണെന്ന് മാത്രം മനസിലായില്ല…
ചില കാഴ്ച്ചകൾ കണ്ണ് കൊണ്ട് കാണാൻ പറ്റില്ലടോ.. മനസ്.. മനസ് കൊണ്ട് കാണണം.. അപ്പോഴാണ് ആ കാഴ്ചകൾക്ക് ജീവൻ ഉണ്ടാവുക… ചില കാര്യങ്ങൾ അറിയേണ്ടതും അങ്ങനെ തന്നെ ആണ്.. രണ്ടു മനസുകൾക്ക് മാത്രം അറിയുന്ന ഭാഷ… ഇപ്പോൾ അതിന്റെ പേര് മൗനം ആണ്… പക്ഷെ ഒരിക്കൽ അത് അതിന്റെ ഏറ്റവും മനോഹരമായ പേര് കൈക്കൊള്ളും…
അവൻ അവളെ കടന്ന് മുറിയിലേക്ക് കയറി..
എനിക്കറിയാം… പ്രണയം.. അതല്ലേ ആ ഭാഷ…
അവൾ ഒരു ചിരിയോടെ മന്ത്രിച്ചു..
തുടരും..