മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആ രാത്രി മഴയുടെ താളം കേട്ട് അവന്റെ നെഞ്ചിലെ ചൂട് പറ്റി ഒത്തിരി ഒത്തിരി വർത്തമാനങ്ങൾ പറഞ്ഞു അവൾ ഇരുന്നു…
മിത്തൂ ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയത് എന്നാണെന്ന് അറിയുമോ..
എന്നാ….
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നീ അന്ന് രണ്ടാം ക്ലാസ്സിൽ ആണ്.. അന്നൊരു ഞായറാഴ്ച ആയിരുന്നു.. ഞങ്ങൾ പറമ്പിൽ ക്രിക്കറ്റ് കളിക്കുക ആയിരുന്നു..നീ കുറച്ചു മാറി കൂട്ടുകാർക്കൊപ്പം ഓടി കളിക്കാർന്നു.. ഓടി കളിക്കുന്നതിന് ഇടയിൽ നീ കല്ലിൽ തട്ടി വീണു… നിന്റെ മുട്ട് പൊട്ടി ചോര വന്നു… നീ വല്ലാതെ കരയുന്നുണ്ടായിരുന്നു…
അന്ന് ഞാൻ അടുത്ത് വന്നിരുന്ന് ആശ്വസിപ്പിക്കുമ്പോൾ നീ എന്റെ മേൽ ഒട്ടികിടക്കുക ആയിരുന്നു.. ഞാൻ കുറേ ഓരോന്ന് പറഞ്ഞപ്പോൾ നീ ഉഷാറായി…
പിന്നെ ഞാൻ കളിക്കാൻ തിരിച്ചു പോന്നപ്പോൾ എന്റെ ഒരു കൂട്ടുകാരൻ ചോദിച്ചു.. നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന്… ലവ് ആയവരാ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കാ എന്ന്..അപ്പോൾ എന്ത് മറുപടി കൊടുക്കണം എന്നെനിക്ക് അറിയില്ലായിരുന്നു… പിന്നെ കുറേ ദിവസം ലവ് എന്താ എന്ന് അറിയാൻ വേണ്ടി നടന്നു…
അങ്ങനെ ഒരു ദിവസം ടീവി കാണുമ്പോൾ രണ്ടുപേർ ഒരു സിനമയിൽ കെട്ടിപിടിക്കുന്നത് കണ്ടു.. അപ്പോൾ ഞാൻ മുത്തശ്ശനോട് പറഞ്ഞു അവർ തമ്മിൽ ലവ് ആണ് മുത്തശ്ശാ.. ലവ് ഉള്ളവരല്ലേ കേട്ടിപിടിക്കാ.. ഞാനും മിത്തും അത്പോലെ ലവ് ആണ് എന്ന്…
മുത്തശ്ശൻ അത്കേട്ട് കുറേ ചിരിച്ചു.. അന്ന് മനസ്സിൽ പറഞ്ഞു തുടങ്ങിയതാണ് നീ എന്റെ ആണെന്ന്… നിന്നോട് പറയാൻ പലപ്പോഴും വിചാരിച്ചതാ പക്ഷെ പറ്റില്ല… പിന്നെ തോന്നി ഒരിക്കൽ ഇത്പോലെ ചേർത്ത് പിടിച്ചു പറയാം എന്ന്..ഇത്രയും കാലം പറയാതെ ഉള്ളിൽ അടക്കി വെച്ച പ്രണയം എനിക്ക് നിനക്ക് തരണം… നമുക്ക് നഷ്ടപ്പെട്ട ആ പ്രണയ കാലം നമുക്ക് ആദ്യം തിരിച്ചു പിടിക്കാം.. അത് കഴിഞ്ഞു നമുക്ക് ജീവിച്ചു തുടങ്ങാം…
അവൻ ഒന്നുടെ അവളെ ഇറുക്കി പിടിച്ചു… ആ നിമിഷം അവൾക്ക് തോന്നി ഈ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണവളെന്ന്… രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പോഴോ അവൾ ഉറങ്ങി… കിരൺ അവളെ കൈകളിൽ കോരി എടുത്തു മുറിയിൽ കൊണ്ട് കിടത്തി…
രാവിലെ ഉണരുമ്പോൾ അവന്റെ കൈകൾക്കുള്ളിൽ ആയിരുന്നു മിത്ര…ജീവിതത്തിലെ ഏറ്റവും മനോഹരം ആയ പുലരി ആണിതെന്ന് അവൾക്ക് തോന്നി… ഉറങ്ങുന്ന അവന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി അവൾ എണീറ്റ് കുളിക്കാൻ കയറി…. അടുക്കളയിൽ പണികൾ ഓരോന്നായി തീർക്കാൻ തുടങ്ങിയപ്പോൾ ആണ് കിരൺ എഴുനേറ്റു വന്നത്..അവൾ അവന് ചായകൊടുത്തു..
മിത്തൂ.. അവൻ അവളെ അരികിൽ പിടിച്ചു ഇരുത്തി…ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ…
ന്താ… അവൾ ചോദിച്ചു..
ഞാൻ ഇന്നലെ പറഞ്ഞത് നിനക്ക് വിഷമം ആയോ..
എന്ത് പറഞ്ഞത്…
അല്ലാ.. നമുക്കിടയിൽ ഇപ്പോൾ പ്രണയം മാത്രം മതി എന്ന് പറഞ്ഞത്…
കിരണേട്ടന് തോന്നുന്നുണ്ടോ അങ്ങനെ… ഞാനും ഒരിക്കലും അതൊന്നും ആഗ്രഹിച്ചിട്ടില്ല.. കിരണേട്ടൻ പറഞ്ഞപോലെ എനിക്കും ഇതുവരെ അടക്കി വെച്ച പ്രണയം മുഴുവൻ നൽകണം.. ശരീരം കൊണ്ടല്ല.. മനസ് കൊണ്ട്.. അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു…
പിന്നീടുള്ള ദിവസങ്ങൾ എല്ലാം അവരുടെ പ്രണയകാലം ആയിരുന്നു… അവർ പരസ്പരം മത്സരിച്ചു പ്രണയിച്ചു… രാവിലെ കിരൺ പോയാൽ മിത്ര സ്വർഗത്തിലേക്ക് പോകും നീലുവും കുട്ടികളും എല്ലാം അവൾക്ക് വലിയൊരു കൂട്ടായിരുന്നു മിത്രക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു അത്.. അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമർ ആയിരുന്നു…
………….…….
ഇന്നെന്താ വലിയ സന്തോഷത്തിൽ ആണല്ലോ എന്റെ മിത്തൂ..
രാത്രി വീട്ടിലേക്ക് വന്ന് കയറിയപ്പോൾ കിരൺ പറഞ്ഞു..
അമറു.. അവൻ വരുന്നുണ്ട് നാളെ നമ്മളെ കാണാൻ.. അവൻ ഇന്ന് നാട്ടിൽ എത്തി…
ആ അങ്ങനെ വരട്ടേ അതാണിത്ര സന്തോഷം… അവൻ ഒറ്റക്കാണോ ആനി ഇല്ലേ
ഇല്ല.. അവൾക്ക് എക്സാം ആണത്രേ…
എന്നിട്ട് അവൻ വേണ്ടി എന്താ നാളെ സ്പെഷ്യൽ..
എല്ലാം ഉണ്ടാക്കണം.. പിന്നെ സാബൂൺ അരികൊണ്ട് പായസവും.. അവന് ഒത്തിരി ഇഷ്ടം ആണത്..
ശെരി.. എന്തൊക്കെയാ വേണ്ടെന്ന് വെച്ചാൽ ഞാൻ നാളെ രാവിലെ തന്നെ കൊണ്ട് തരാം.. പിന്നെ ബെസ്റ്റ് ഫ്രണ്ടിനെ കാണുമ്പോൾ ഈ എന്നെ മറക്ക്വോ..
കിരണേട്ടാ.. വേണ്ടാട്ടോ.. അവൾ മുഖം കൂർപ്പിച്ചു..
ഞാനൊരു തമാശ പറഞ്ഞതല്ലേ എന്റെ തൊട്ടാവാടി … അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു….
……………………
പിറ്റേന്ന് രാവിലെ തന്നെ എല്ലാ പണികളും തീർത്ത് മിത്ര അമറിനെ കാത്തിരുന്നു..
എന്റെ മിത്തൂ അവൻ ഇങ്ങോട്ട് തന്നെ വരും… നീ ഒന്ന് അടങ്ങി ഇരിക്ക്..
മുറ്റത്ത് ഇറങ്ങി അവനെ നോക്കി നിൽക്കുന്ന അവളെ കിരൺ കളിയാക്കി..
എന്താ അവൻ വരാത്തെ… നേരത്തെ വരാം എന്ന് പറഞ്ഞതാ.. എന്നോട്…അവൾ അക്ഷമയോടെ പറഞ്ഞു…
അപ്പോഴേക്കും അമർ ബൈക്കിൽ അങ്ങോട്ട് വന്നു. അവനെ കണ്ടതും മിത്ര ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു… അവൻ ബൈക്കിൽ നിന്ന് ഇറങ്ങാൻ ഉള്ള സാവകാശം പോലും അവൾ കാണിച്ചില്ല..
മിത്തൂ.. നീ എന്തായി ഈ കാണിക്കുന്നേ കിരൺ എന്ത് വിചാരിക്കും… നീ ഇന്ന് അവന്റെ ഭാര്യ ആണ്.. അമർ ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു..
മിത്ര അവനിൽ ഉണ്ടായിരുന്ന പിടി പെട്ടന്ന് വിട്ട് കിരണിനെ നോക്കി.. കോലായിൽ കൈകെട്ടി അവരെ നോക്കി ചിരിച്ചു നിൽക്കുകയാണ് കിരൺ…
എന്നെ പറ്റി അങ്ങനെ ആണോ അമർ മനസിലാക്കിയത്..
കിരൺ ചോദിച്ചു…അമർ കിരണിനെ നോക്കി..
ഞാൻ കേട്ടൂ താൻ മിത്തുവിനോട് പറഞ്ഞത്… ഒരു പെണ്ണിനും പുരുഷനും കാമത്തോടെ മാത്രമേ കെട്ടിപിടിക്കാനും ചുംബിക്കാനും കഴിയൂ എന്നുള്ള വിശ്വാസം കൊണ്ടുനടക്കുന്ന സമൂഹം ആണ് നമ്മുടേത്.. പക്ഷെ അവിടെ അത് തെറ്റാണെന്ന് വിശ്വസിക്കുന്നവർ വേറെയും ഉണ്ടടോ തന്നെ പോലെ…അവൾ വേദനിച്ചപ്പോൾ.. . ഒറ്റപ്പെട്ടുപോയപ്പോൾ എല്ലാം അവൾക്കൊപ്പം നിന്ന് അവളെ ചേർത്ത് പിടിച്ചവൻ ആണ് നീ.. ഒരു നല്ല സുഹൃത്ത് ആയി സഹോദരൻ ആയി…ആ നിനക്ക് എന്നും അവളെ അങ്ങനെ തന്നെ ചേർത്ത് പിടിക്കാം..അതൊരിക്കലും മറ്റൊരു കണ്ണോടുകൂടി ഞാൻ കാണില്ല…
കാരണം ഒരു പെണ്ണിന് സഹോദരൻ ആവാൻ ഒരമ്മയുടെ വയറ്റിൽ പിറക്കണം എന്നില്ല… ഒരു പെണ്ണിന് നല്ല സുഹൃത്ത് ആവാൻ പെണ്ണ് ആവണം എന്നും ഇല്ല.. അവളുടെ മനസ് അറിയാൻ കഴിഞ്ഞാൽ മതി… അത് നിനക്ക് എന്നേ കഴിഞ്ഞതാ…
അമർ നടന്ന് വന്ന് കിരണിനെ കെട്ടിപിടിച്ചു… മിത്രയും ഓടി വന്ന് അവർക്ക് രണ്ടുപേർക്കും ഇടയിലേക്ക് കയറി…എനിക്ക് വേണം നിങ്ങളെ രണ്ടുപേരെയും എന്നും.. അവൾ അവരുടെ തോളിലൂടെ കൈ ഇട്ട് പറഞ്ഞു…
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മിത്ര അവളുടെ പ്ലേറ്റിൽ നിന്ന് ഒരു ഉരുള ചോറെടുത്ത് അമറിന്റെ വായിൽ വെച്ച് കൊടുത്തു. കിരൺ അവരെ തന്നെ നോക്കി.. അത് കണ്ട അമർ പറഞ്ഞു..
കോളേജിൽ പഠിക്കുമ്പോൾ എന്നും ഉച്ചക്ക് ഞങ്ങൾ രണ്ടുപേരും ക്യാന്റീനിൽ നിന്നാണ് കഴിക്കാറുള്ളത്… ഒരിക്കൽ എന്റെ കൈയിൽ കത്തി തട്ടി ഒരു മുറിവ് പറ്റി.. അന്ന് ചോറ് കഴിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട എന്റെ വായിലേക്ക് മിത്തു ആദ്യമായി ഒരു ഉരുള വെച്ച് തന്നു..അന്ന് എന്താണെന്ന് അറിയില്ല.. എന്റെ കണ്ണ് നിറഞ്ഞു.. ഞാൻ കരഞ്ഞു…
ആദ്യമായിട്ടാണ് എന്റെ ഓർമ്മയിൽ എനിക്ക് ഒരാൾ വാരി തരുന്നത്… ഞാൻ ഒന്നും പറഞ്ഞില്ല… അനുസരണയോടെ അവൾ തന്ന ചോറുരുളകൾ കഴിച്ചു.. അവൾക്ക് അറിയാം ആയിരുന്നു എന്റെ മനസ്.. പിന്നെ എന്നും ഒരു ഉരുള ചോറ് അവൾ എനിക്ക് വായിൽ വെച്ച് തരും.. ബാല്യത്തിൽ അമ്മ തരാൻ ബാക്കിവെച്ച ഉരുളയ്ക്ക് പകരം ആയി..
കിരൺ മിത്രയെ നോക്കി അവൾ എല്ലാം കേട്ട് ചിരിച്ചു ഭക്ഷണം കഴിക്കുക ആണ്.. കിരൺ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് വായ പൊളിച്ചു.. അവൾ ചിരിയോടെ അവനും ഒരു ഉരുള നൽകി…
ചില സമയങ്ങളിൽ വാക്കുകളേക്കാൾ ഏറെ പ്രവർത്തി സംസാരിക്കും..അവർക്ക് മൂന്നുപേർക്കും ഇടയിൽ അതായിരുന്നു… പറയാതെ എല്ലാം അറിയാൻ ഉള്ള കഴിവ്…
അമർ.. എനിക്ക് ഒന്ന് പാർട്ടി ഓഫീസിൽ പോണം കുറച്ചു പണി ഉണ്ട്.. താൻ നാളെ അല്ലേ പോവൂ..
അയ്യോ അല്ലാ.. ഞാനും കുറച്ചു കഴിഞ്ഞാൽ ഇറങ്ങും.. ഈവെനിംഗ് ആനി വരും അപ്പോളേക്കും എനിക്ക് അവിടെ എത്തണം… അല്ലേൽ അവൾ പിണങ്ങി സീനാക്കും..
എന്നാ.. ഞാൻ ഇറങ്ങട്ടെ.. അടുത്ത വരവിനു കാണാം.. കിരൺ അമറിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഇറങ്ങി…
മിത്തൂ.. നീ ശരിക്കും ലക്കി ആണെടോ… കിരൺ.. നിന്റെ ഭാഗ്യം ആണവൻ…മിത്ര ചിരിച്ചു..ഇത്രയും നാളും നീ വേദനിച്ചതൊക്കെ ഈ സന്തോഷത്തിന് വേണ്ടി ആവും…
നീ പറഞ്ഞത് ശെരിയാ അമറു .. ഞാനിപ്പോൾ ഒത്തിരി ഹാപ്പി ആണ്.. ഒരു പക്ഷെ ലൈഫിൽ ഇത് വരെ ഞാൻ ഇത്രയും സന്തോഷിച്ചു കാണില്ല..
അമർ അവളെ ചേർത്ത് പിടിച്ചു.. ഞാനും ഹാപ്പി ആയി.. നിന്റെ ഈ സന്തോഷം കണ്ടപ്പോൾ.. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു..
……………….
കാലം വീണ്ടും കടന്ന് പോയി.. അവരിലെ പ്രണയം പൂത്തും തളിർത്തും സുഗന്ധം പരത്തിയും കടന്ന് പോയി.. ഒരു നിമിഷം പോലും പരസ്പരം പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം ആ മനസുകൾ അടുത്തു..
കിരണേട്ടാ എണീക്ക്…
എന്റെ മിത്തൂ ഒരഞ്ചു മിനിറ്റ് കൂടി പ്ലീസ്… ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയിട്ട് ആണെന്ന് തല പൊന്തുന്നില്ല പ്ലീസ്…
അതൊന്നും പറഞ്ഞാൽ പറ്റില്ല എണീക്ക്.. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ..
ഇന്നെന്തേ… എനിക്ക് അറിയില്ല അവൻ അലക്ഷ്യം ആയി പറഞ്ഞു…
മിത്ര ദേഷ്യത്തോടെ മുഖം തിരിച്ചു അടുക്കളയിൽ പോയി… രാവിലെ ഭക്ഷണം കഴിക്കുമ്പോളും അവൾ ഒന്നും മിണ്ടീല..
മിത്തൂ ഇന്ന് ഞാൻ നിന്നെ സ്വർഗത്തിൽ ആക്കാം..
വേണ്ട ഞാൻ ബസ്സിൽ പൊക്കോളാം..
വേണ്ട.. എനിക്കും നീലൂനെ കാണണം.. നീ വാ..
അവൾ ദേഷ്യത്തോടെ അവനൊപ്പം കയറി.. സ്വർഗത്തിൽ എത്തി അവൾ ഉള്ളിലേക്ക് ഓടി കയറി… പാർട്ടി ബ്ലോപ്പേഴ്‌സ് പൊട്ടി അവളുടെ തലയിലേക്ക് വീണപ്പോൾ അവൾ ഞെട്ടി നോക്കി… മുറിയിലെ ചുവരിൽ എഴുതിയ വരികളിൽ അവളുടെ കണ്ണുടക്കി..
ഹാപ്പി ഫസ്റ്റ് വെഡിങ് ആനിവേഴ്സറി കിരൺ മിത്ര… അവൾ തിരിഞ്ഞു നോക്കി വാതിൽക്കൽ ഒരു കള്ളച്ചിരിയോടെ കിരൺ ഉണ്ടായിരുന്നു… അവൾ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു…
അങ്ങനെ ഞാൻ മറക്കുമോ ഈ ദിവസം.. എന്റെ പെണ്ണേ.. അവൻ അവളുടെ ചെവിയിൽ പറഞ്ഞു..
അവൾ അവനെ ഇറുക്കെ പുണർന്നു..
അയ്യേ അയ്യേ… ഞങ്ങൾ എല്ലാം കണ്ടേ നീലു പുറകിൽ നിന്ന് കളിയാക്കി..
അവർ ചമ്മലോടെ പരസ്പരം ഉള്ള പിടി വിട്ടു.. അന്ന് അവിടെ ഒരു ആഘോഷം ആയിരുന്നു.. എല്ലാം കഴിഞ്ഞു രാത്രി ആണ് അവർ തിരിച്ചു വീട്ടിൽ എത്തിയത്..മിത്ര കുളിച്ചു വരുമ്പോൾ കിരൺ കട്ടിലിൽ ഇരുന്ന് എന്തോ എഴുതുകയാണ്…
കിരണേട്ടാ… വെഡിങ് അണിവേഴ്സറി ആയിട്ട് എനിക്ക് ഗിഫ്റ്റ് ഒന്നും ഇല്ലേ..
അവൾ അവനരികിൽ വന്നിരുന്നു ചോദിച്ചു..അവൻ എഴുതി കൊണ്ടിരുന്ന ഡയറി മടക്കി അവൾക്ക് കൊടുത്തു..
ഇതാണ് എന്റെ സമ്മാനം.. ഇത് വെറും ഡയറി അല്ല എന്റെ മനസ് ആണ്… ഇത് എപ്പോളും നിന്റെ കൂടെ വേണം… ഒരിക്കലും ഒറ്റക്കായി എന്ന് തോന്നരുത് നിനക്ക്.. ഞാൻ ഉണ്ട് എപ്പോളും നിനക്കൊപ്പം.. നമ്മൾ എന്നും ഒരുമിച്ച് ആണ് …
എന്തിനാ.. കിരണേട്ടാ ഇങ്ങനെ ഒക്കെ പറയണേ…
ഒന്നും ഇല്ല മോളേ .. ഒരുപക്ഷെ നിന്റെ കണ്മുന്നിൽ ഞാൻ ഇല്ലെങ്കിലും നീ എന്നെ മിസ്സ് ചെയ്യരുത്.. അതിന് വേണ്ടി ആണിത്…
മിത്ര അവന്റെ വായ പൊത്തിപിടിച്ചു…വേണ്ട.. വെറുതെ പോലും അങ്ങനെ പറയല്ലേ.. എനിക്ക് സഹിക്കാൻ പറ്റില്ല…
അവൻ അവളെ കെട്ടിപിടിച്ചു…
ഇല്ല മിത്തൂ.. ഇല്ല.. നിന്നെ ഒറ്റക്കാക്കി ഞാൻ എവിടേം പോവില്ല…
അവൻ അവളെ ചുംബങ്ങൾ കൊണ്ട് മൂടി….
കിരണേട്ടാ… എന്റെ സമ്മാനം വേണ്ടേ.. അവൾ അവന്റെ കാതിൽ ചോദിച്ചു..
മ്മ്.. അവൻ മൂളി..
ഞാൻ.. ഞാൻ തന്നെ ആണ് എന്റെ സമ്മാനം… ഈ ഒരു വർഷം കൊണ്ട് ഒരു നല്ല പ്രണയകാലം എനിക്ക് തന്നില്ലേ… ഇനി എനിക്ക് കിരണേട്ടന്റെ ഭാര്യ ആവണം..എല്ലാ അർഥത്തിലും.. അവന്റെ തോളിൽ തലവെച്ചവൾ പറഞ്ഞു…
അവൻ അവളെ സ്നേഹത്തോടെ നോക്കി… അവളുടെ കവിളിൽ ചുംബിച്ചു…മറുവാക്കുകൾ ഇല്ലാതെ എല്ലാ അർഥത്തിലും അവൻ അവളെ സ്വന്തം ആക്കി…അവളിലെ ഓരോ അണുവിനെയും അവൻ അവന്റേത് മാത്രം ആക്കി… ഒടുവിൽ കിതച്ചു കൊണ്ട് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു പരസ്പരം അടരുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞിരുന്നു… ഏറെ കാത്തിരുന്നെന്തോ സ്വന്തം ആക്കിയവളുടെ സന്തോഷ കണ്ണീർ…
തുടരും…