എന്ന് സ്വന്തം മിത്ര ~ ഭാഗം 34 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഒരു ഭാര്യ ഏറ്റവും സന്തോഷിക്കുന്നത് അവൾ ഒരമ്മ ആവുന്നു എന്നറിയുമ്പോൾ ആണ്.. ഒരു ഭാര്യ ഏറ്റവും വേദനിക്കുന്നത് അവളുടെ നല്ല പാതി അവളെ പിരിയുമ്പോൾ ആണ്… ആ വേർപാട് നേരത്തെ തന്നെ അറിയുന്ന അവസ്ഥ.. ഒരു പക്ഷെ മരണത്തെ.. വേദനയെ കാത്തിരിക്കുന്ന പോലെ…

മിത്ര അവളുടെ വയറിൽ കൈവെച്ചു..

വാവേ..വാവക്ക് അച്ഛനെ കാണണ്ടേ.. അച്ഛന്റെ കൈകളിൽ കിടന്ന് ഉറങ്ങണ്ടേ.. അച്ഛന്റെ പാട്ട് കേൾക്കണ്ടേ…. വാവ.. പറ ദൈവത്തത്തോട് നമ്മുടെ അച്ഛനെ കൊണ്ട് പോവല്ലേ എന്ന്… പറയില്ലേ.. അച്ഛൻ പോയാൽ അമ്മേം വാവേം ഓറ്റക്കാവില്ലേ….മിത്ര വിങ്ങിപൊട്ടുന്ന സങ്കടം അടക്കി പിടിച്ചു പറഞ്ഞു…

അവൾ കണ്ണുകൾ തുടച്ചു.. എന്തോ തീരുമാനിച് ഉറപ്പിച്ചു…. ഡ്രിപ് തീർന്നതും അവൾ നേരെ ഡോക്ടറുടെ അടുത്തേക്കാണ് പോയത്.. അവൾ ഡോക്ടറോട് പറഞ്ഞത് അംഗീകരിക്കാൻ ഡോക്ടർക്ക് അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു…പക്ഷെ അവളുടെ വാശിക്ക് മുന്നിൽ സമ്മതിച്ചു കൊടുത്തു…

അവൾ കിരണിന്റെ അടുത്ത് എത്തിയപ്പോൾ അവൻ എണീറ്റിരുന്നു.. അവൾ ചിരിച്ചുകൊണ്ട് അവനരികിൽ വന്നിരുന്നു…

എന്ത് പറഞ്ഞു ഡോക്ടർ…

ഹേയ് ഒന്നുല്ല… മരുന്ന് ഉണ്ട്.. അത് കഴിച്ചാൽ ബേധം ആവും….

എന്നിട്ട് പിന്നെ എന്തിനാ ഇത്ര അധികം ടെസ്റ്റ്‌ ചെയ്തേ..

അതൊന്നും ഇല്ല.. ഞാനാ പറഞ്ഞേ ഡീറ്റൈൽഡ് ചെക്കപ്പ് നടത്താൻ..

മ്മ്.. അവൻ മൂളി

പിന്നേ ഒരു വിശേഷം ഉണ്ട്.. അവൾ അവന്റെ അരികിൽ ഇരുന്നു പറഞ്ഞു…

ന്താ..

പറയാം വീട്ടിൽ എത്തട്ടെ…

അവന്റെ ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോൾ അവളുടെ നെഞ്ച് നീറുകയായിരുന്നു…..

വീട്ടിൽ എത്തി ബൈക്കിൽ നിന്ന് ഇറങ്ങിയതും അവൾ ബാത്‌റൂമിൽ കേറി വാതിൽ അടച്ചു.. പൈപ്പ് തുറന്നിട്ട് പൊട്ടിക്കരഞ്ഞു… എത്ര കരഞ്ഞാലും ഉള്ളിലെ വേദനക്ക് ആക്കാം കിട്ടില്ല എന്ന് അറിയുന്നത് കൊണ്ട് അവൾ മുഖം കഴുകി പുറത്തിറങ്ങി…അവളെയും കാത്തു കിരൺ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു…

പറ.. എന്താ കാര്യം..

അവൾ അവന്റെ മുന്നിൽ ചെന്ന് നിന്നു… അവന്റെ കൈകൾ എടുത്തു അവളുടെ വയറിലേക്ക് വെച്ചു…

വാവേ.. അച്ഛനോട് പറ.. അച്ഛന്റെ വാവ വന്നു എന്ന്…

അവൻ മുഖം ഉയർത്തി അവളെ നോക്കി.. ആ കണ്ണ് നിറഞ്ഞിരുന്നു…അവൻ അവളുടെ വയറിൽ ചുംബിച്ചു… വാവേ..അവൻ വയറിൽ മുഖം ചേർത്ത് വിളിച്ചു.. അവന്റെ നിശ്വാസം വയറിൽ പതിഞ്ഞപ്പോൾ അവൾക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി…

മിത്തൂ നീ എന്തിനാ കരയുന്നേ.. അവളെ മടിയിലേക്ക് ഇരുത്തി ചോദിച്ചു..

ഒന്നുല്ല.. ഒന്നുല്ല.. സന്തോഷം കൊണ്ടാണ്…

അവൾ അവന്റെ കഴുത്തിലൂടെ കൈ ഇട്ട് തോളിൽ കിടന്ന് പറഞ്ഞു…രാത്രി എന്നും അവളുടെ മടിയിൽ കിടന്ന് അവൻ കുഞ്ഞിനോട് എന്തൊക്കെയോ സംസാരിക്കുമായിരുന്നു…. മിത്ര നിർവികാരതയോടെ ഇരിക്കും.. അവൻ ശ്രദ്ധിക്കുമ്പോൾ മാത്രം അവന് വേണ്ടി ചിരിക്കും… ചില ദിവസങ്ങളിൽ കിരൺ തലവേദന കാരണം പിടയും… മിത്ര എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും അവൻ ശാന്തമാവാതെ പിടഞ്ഞു കൊണ്ടിരിക്കും… ഒന്ന് പൊട്ടി കരയാൻ പോലും ആവാതെ അവൾ അത് നോക്കി നിൽക്കും…

മിത്തൂ ഇപ്പോൾ ഒരു മാസം ആയില്ലേ മരുന്ന് കഴിക്കുന്നു.. എന്താടോ എന്റെ തലവേദന കുറയാത്തേ…

മാറും..മാറും കിരണേട്ടാ.. അവൾ അവനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കും….

ദിവസം പോകും തോറും അവന്റെ ആരോഗ്യം കൂടുതൽ മോശം ആയി കൊണ്ടിരുന്നു…. അവന് ജോലിക്ക് പോവാൻ കഴിയാതെ ആയി… പക്ഷെ ഒരിക്കലും അവൻ മിത്രയോട് അവന്റെ രോഗത്തെ പറ്റി അന്വേഷിച്ചില്ല… അത് മിത്രക്ക് ഒരു ആശ്വാസം ആയിരുന്നു.. അവനോട് അത് പറയാൻ ഉള്ള ശക്തി അവൾക്ക് ഇല്ലായിരുന്നു…

ഒരു ദിവസം അമർ അവരെ കാണാൻ വന്നു… ഈ ദിവസങ്ങളിൽ എല്ലാം മിത്രക്ക് ഒരു ആശ്വാസം ആയിരുന്നു അവൻ.. എല്ലാം തുറന്നു പറയാൻ അവൾക്ക് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…അവനെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടിപിടിച്ചു കരഞ്ഞു..

മിത്തൂ കരയല്ലേ ടാ… എനിക്ക് സഹിക്കുന്നില്ല ഇത് കാണാൻ… എന്തിനാടാ ഇങ്ങനെ… നിനക്ക് കിരണിനോട് എല്ലാം തുറന്ന് പറഞ്ഞൂടെ.. എങ്കിൽ അൽപ്പം എങ്കിലും വേദന കുറയില്ലേ.. എന്തിനാണ് എല്ലാം ഇങ്ങനെ ഉള്ളിൽ ഒതുക്കി വേദനിക്കുന്നത്..

വേണ്ട…അമറു… ഒരിക്കലും കിരണേട്ടൻ അത് അറിയണ്ട… അറിഞ്ഞാൽ സ്വന്തം മരണത്തെ കുറിച്ച് ഓർത്ത് വേദനിക്കുന്നതിൽ ഏറെ ഞാൻ തനിച്ചായി പോവും എന്നോർത്ത് ആ ഹൃദയം നോവും.. അതെനിക്ക് സഹിക്കാൻ ആവില്ല…

മിത്തൂ എന്നാലും വേണ്ട..ഇപ്പോൾ കിരണേട്ടനുള്ളിൽ നിറയെ സ്വപ്നങ്ങളും പ്രദീക്ഷകളും ഉള്ള ഒരു ഭർത്താവ് ഉണ്ട്.. ഒരച്ഛൻ ഉണ്ട്.. എല്ലാം അറിഞ്ഞാൽ എനിക്കതെല്ലാം നഷ്ടം ആവും… ഇപ്പോൾ കിരണേട്ടന് ഒപ്പം എനിക്കും സ്വപ്നം കാണലോ… എനിക്കും പ്രദീക്ഷിക്കാലോ സന്തോഷം നിറഞ്ഞ ഒരു ലോകം..അതിനൊരു സുഖം ഉണ്ട്… ഈ വേദനയിലും നോവകറ്റുന്ന ഒരു ചെറിയ സുഖം.. ആ സുഖത്തിൽ ആണ് ഞാൻ ജീവിക്കുന്നത്…

മിത്തൂ.. നിന്നെ ഇനി ഒരിക്കലും ഇങ്ങനെ കാണും എന്ന് ഞാൻ കരുതിയതല്ല..

ഞാനും… അറിയാതെ മോഹിച്ചു പോയി ഈ ജന്മം മുഴുവൻ ഞാൻ ഇനി സന്തോഷിക്കും എന്ന്.. ഒത്തിരി കരഞ്ഞതല്ലേ… ദൈവം ഇനി എന്നെ പരീക്ഷിക്കില്ല എന്ന്.. പക്ഷെ വീണ്ടും ഞാൻ തോറ്റു പോയില്ലേ…. എന്നിട്ടും ഞാനിപ്പോഴും ദൈവത്തോട് പ്രാർഥിക്കുന്നുണ്ട്.. എന്താണെന്നോ… എന്റെ കിരണേട്ടന് ഞങ്ങളുടെ കുഞ്ഞു വരുന്നത് വരെ എങ്കിലും ആയുസ്സ് നല്കണമേ എന്ന്..ആ മുഖം കാണാൻ എന്നേക്കാൾ ഏറെ കൊതിക്കുന്നത് ആ ഹൃദയം ആണ്…

ഇല്ല മിത്തൂ.. കിരണിന് ഒന്നും സംഭവിക്കില്ല..

എന്നെ സമാധാനിപ്പിക്കാൻ അല്ലേ… വേണ്ട അമർ.. പാഴ്വാക്കായി പോലും എനിക്ക് പ്രദീക്ഷകൾ നൽകല്ലേ…. കൊതിച്ചു പോവും… വീണ്ടും വീണ്ടും…ഒടുവിൽ എല്ലാം അവസാനിക്കുമ്പോൾ പിടിച്ചു നിൽക്കാൻ എനിക്ക് പറ്റി എന്ന് വരില്ല.. എന്റെ കുഞ്ഞിന് വേണ്ടി എങ്കിലും ഞാൻ ബാക്കി ആയല്ലേ മതിയാവൂ…നീ അകത്തേക്ക് ചെല്ല്… ഞാൻ ചായ എടുക്കാം..

നിർവികാരതയോടെ നടന്ന് പോവുന്ന മിത്രയെ നോക്കി അമർ നിന്നു.. അവളുടെ അവസ്ഥ കണ്ടപ്പോൾ അവന് ദൈവത്തോട് ദേഷ്യം തോന്നി…അമർ ചെല്ലുമ്പോൾ കിരൺ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.. അവൻ കിരണിന് അരികിൽ ചെന്നിരുന്നു… അവനെ കണ്ടപ്പോൾ കിരൺ ഒരു മങ്ങിയ ചിരി ചിരിച്ചു…

തന്നെ കാണാതെ പോവേണ്ടി വരുമോ എന്ന് വിചാരിച്ചു ഞാൻ… കിരൺ പറഞ്ഞു..

എങ്ങോട്ട് പോവുന്ന കാര്യം ആണ് താൻ ഉദേശിച്ചേ..

കൂട്ടുകാരിയെ പോലെ താനും അഭിനയിച്ചു തുടങ്ങിയോ..

അമർ അവനെ തന്നെ നോക്കി..

എനിക്ക് എല്ലാം അറിയാം അമർ… വേദന എന്റെ ഉള്ളിൽ ആയത് കൊണ്ട് എനിക്കത് മനസിലാവില്ലേ… പാവം മിത്തു ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന് വിചാരിച്ചിരിക്കാ… അതങ്ങനെ തന്നെ ഇരിക്കട്ടെ.. അറിയണ്ട അവൾ.. അവൾക്ക് അത്രയെങ്കിലും വേദന കുറഞ്ഞോട്ടെ…

കിരൺ…. നീ എല്ലാം അറിഞ്ഞിട്ടും എങ്ങനെ….

അഭിനയം അല്ലേ… മത്സരിച്ചു സ്നേഹിച്ച ഞങ്ങൾ രണ്ടുപേരും ഇന്ന് മത്സരിച്ചു അഭിനയിക്കുക അല്ലേ.. എനിക്ക് ഒരൊറ്റ വിഷമമേ ഉള്ളൂ അമർ.. എന്റെ കുഞ് അതിനെ ഒന്ന് താലോലിക്കാൻ.. ഒന്ന് കണ്ണു നിറയെ കാണാൻ എനിക്ക് ആവില്ലലോ… എന്റെ മിത്തുവിനെയും കുഞ്ഞിനേയും തനിച്ചാക്കണ്ടേ ഞാൻ…

അമർ അവന്റെ തോളിൽ കൈവെച്ചു സമാധാനിപ്പിച്ചു…

അമർ.. നീ ഉണ്ടാവില്ലേ അവൾക്ക്.. ഞാൻ ഇല്ലാത്ത കുറവ് നീ അവളെ അറിയിക്കരുത്… നീ ഉണ്ടെന്നുള്ള ധൈര്യത്തിൽ ആണ് ഞാൻ… എന്റെ മിത്തുവിനെയും കുഞ്ഞിനേയും നീ ഒറ്റക്കാക്കില്ലെന്ന ഒറ്റ വിശ്വാസം ആണ് എനിക്ക് അൽപ്പം ആശ്വാസം നൽകുന്നത്…

കിരൺ…. അവൾ അവളെന്റെയും എല്ലാം എല്ലാം അല്ലേ.. എന്റെ ആനിയെ പോലെ തന്നെ… അവളെ എനിക്ക് ഒറ്റക്കാക്കാൻ കഴിയുമോ…

ആനി.. ആനി എന്ത് പറയുന്നു..

സുഖം.. ഞങ്ങളുടെ വിവാഹ നിശ്ചയം ആണ് വരുന്ന ഞായറാഴ്ച…

അതുവരെ ആയുസ്സ് നീട്ടി കിട്ടുകയാണെങ്കിൽ ഞാൻ വരും..

കിരൺ അങ്ങനെ ഒന്നും പറയല്ലേ.. ഒന്നും ഇല്ല… നിനക്ക്..

വേണ്ട അമർ… ഒരു വാക്കുകൾക്കും എന്റെ ഉള്ളിലെ ആളിപ്പടരുന്ന തീ കെടുത്താൻ ആവില്ല… വേണ്ട… ഒന്നും പറയണ്ട… നീ എന്റെ മിത്രക്കൊപ്പം ഉണ്ടാവും എന്ന വാക്ക് അല്ലാതെ..

അമർ അവനെ കെട്ടിപിടിച്ചു…. ആദ്യമായി കിരണിന്റെ കണ്ണിൽ നിന്ന് വേദനകൊണ്ട് ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു…അന്ന് വൈകുന്നേരം വരെ അമർ അവർക്കൊപ്പം ഇരുന്നു… അവർ പരസ്പരം ഭംഗി ആയി അഭിനയിക്കുന്നതും കണ്ട്…. മറ്റൊരാൾ വേദനക്കാതിരിക്കാൻ അവർ രണ്ടുപേരിലും ഉള്ള കരുതലും സ്നേഹവും സഹനവും അവന്റെ നെഞ്ച് പൊള്ളിച്ചു…

രാത്രി അമറിനെ യാത്രയാക്കി പണികൾ എല്ലാം തീർത്തു വരുമ്പോൾ കട്ടിലിൽ കിടന്ന് വേദന കൊണ്ട് പുളയുന്ന കിരണിനെ ആണ് മിത്ര കണ്ടത്…

മിത്തൂ.. എന്റെ തല വെട്ടി പൊളിക്കുന്നു.. എനിക്ക് പെയിൻ കില്ലർ താ..

അവൻ അലറി… അത്ര ദേഷ്യത്തോടെ ആദ്യമായിട്ടാണ് മിത്ര അവനെ കണ്ടത്..

വേണ്ട.. കിരണേട്ടാ.. ആ ടാബ്‌ലെറ്റ് കഴിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്…

പറ്റില്ല.. എനിക്ക് വേണം.. എനിക്ക് സഹിക്കാൻ വയ്യ.. അവൻ അലറി..

വേണ്ട കിരണേട്ടാ… അത് കഴിക്കണ്ട..

അവൾ അവനരികിൽ ചെന്ന് പറഞ്ഞു…അവൻ ദേഷ്യം കൊണ്ട് അടുത്തിരുന്ന മേശയ ശക്തിയാൽ പൊക്കി എറിഞ്ഞു… മേശമേൽ ഉണ്ടായിരുന്ന ഫോൺ അടക്കം എല്ലാ സാധങ്ങളും വായുവിൽ പറന്ന് നിലത്ത് വീണു..അവന്റെ പ്രവർത്തികളിൽ ഞെട്ടി മിത്ര നിന്നു..

മിത്തൂ താ.. നിന്നോടാ പറഞ്ഞേ തരാൻ….

ഒടുവിൽ നിവർത്തി ഇല്ലാതെ മിത്ര ടാബ്‌ലെറ്റ് എടുത്തു…. അവന് നേരെ നീട്ടി..അവൻ അത് വാങ്ങി കുടിച് കട്ടിലിലേക്ക് വീണു…മിത്ര അവനരികിൽ ചെന്നിരുന്നു…. അവൻ അവളുടെ മടിയിലേക്ക് തലവെച്ചു അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു കിടന്നു.. അവളുടെ വയറിൽ തുരുതുരെ ചുംബിച്ചു…

സോറി വാവേ… എന്റെ മോള് പേടിച്ചു പോയോ.. ഒന്നുല്ലാട്ടോ.. അച്ഛന്റെ വാവ പേടിക്കണ്ട.. അച്ഛന് ഒന്നുല്ല….. ന്നുല്ല

അവന്റെ വാക്കുകൾ ഇടറിയിരുന്നു..

മിത്തൂ സോറി… മോളെ.. പെട്ടന്ന് വേദന സഹിക്കാൻ വയ്യാതെ ആയപ്പോൾ… ഞാൻ.. ഞാൻ….. എന്നോട് പിണങ്ങല്ലേ…. മിത്തൂ….

അവൻ ഒരു കൈകൊണ്ട് അവളുടെ മുഖം താഴ്ത്തി നെറ്റിയിൽ ചുംബിച്ചു പറഞ്ഞു….

ഇല്ല.. നിക്ക് പിണങ്ങാൻ പറ്റ്വോ…. ന്റെ കിരണേട്ടനോട്.. സാരല്ല്യ…. ഉറങ്ങിക്കോ….

അവൾ അവന്റെ മുടിയിഴകളിൽ തലോടി പൊങ്ങി വരുന്ന വേദന അടക്കി പറഞ്ഞു…

മിത്തൂ ഞാൻ ഉണ്ട് നിനക്ക്.. എന്നും എന്നും… ഞാൻ ഒറ്റക്കക്കില്ല നിന്നെ…. നീ വേദനിക്കരുത്.. നീ കരയരുത്…. ഞാൻ ഉണ്ട്.. നിനക്ക് ഞാൻ ഉണ്ട്….

അവൻ മയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ പറഞ്ഞു കൊണ്ടിരുന്നു…

അവൾ കണ്ണുകൾ മുറുകെ ചിമ്പി ശബ്ദം പുറത്തേക്ക് വരാതെ പണിപ്പെട്ട് കരഞ്ഞു… അവളുടെ ഹൃദയം ആ വേദന താങ്ങാൻ ആവാതെ പൊട്ടി പിളർന്നു ഒഴുകാൻ വെമ്പി…. ഒരു തേങ്ങൽ പോലും അവൻ കേൾക്കാതിരിക്കാൻ അവൾ അടക്കി പിടിച്ചു കരഞ്ഞു…. കണ്ണുകൾ മുറുകെ പൂട്ടി….. മനസിനുള്ളിലെ വേദന അവിടെ തന്നെ കരഞ്ഞു കരഞ്ഞു തീർത്തു…. എത്ര നേരം കരഞ്ഞെന്ന് ഓർമയില്ല… മണിക്കൂറുകളോളം… ഒരേ ഇരിപ്പ്…

ഒടുവിൽ അവൾ നോക്കിയപ്പോൾ കിരൺ അവളെ ചുറ്റി പിടിച്ചു മടിയിൽ കിടക്കുകയാണ്..അവന്റെ മുഖം അവളുടെ വയറിനോട് ചേർത്ത്.. അവളുടെ ഉദരത്തിൽ ചുംബിച്ചു കൊണ്ട് അവൻ ഉറങ്ങുകയാണ്…. അവൾ അവനെ മാറ്റി കിടത്താനായി ആ കൈകളിൽ പിടിച്ചു.. തണുത്ത് വിറങ്ങലിച്ചിരുന്നു ആ കൈകൾ…. ശരീരം… ഒരു നിമിഷം അവൾക്ക് ഹൃദയം നിന്ന് പോകുന്ന പോലെ തോന്നി…..

കിരണേട്ടാ.. കിരണേട്ടാ… അവൾ വിളിച്ചു… എന്നെ പേടിപ്പിക്കല്ലേ കിരണേട്ടാ.. എണീക്ക്..

അവൾ വീണ്ടും വീണ്ടും വിളിച്ചു..

പ്രതികരണങ്ങൾ ഒന്നും ഇല്ല…

കിരണേട്ടാ പ്ലീസ്… എനിക്ക്.. എനിക്ക് പേടി ആവുന്നു..

അവൾ അവനെ പിടിച്ചു തള്ളി.. മലത്തി ഇട്ടു..

അവന്റെ മൂക്കിൽ നിന്നും രക്തം ഒഴുകിയ പാടുകൾ.. അവളുടെ ഡ്രെസ്സിലും നിറയെ ചോര ആണ്… അവൾ അവന്റെ അരികിലേക്ക് കിടന്നു… അവന്റെ നെഞ്ചിൽ തലവെച്ചു…. ഇല്ല ആ ഹൃദയം അവളുടെ പേര് ചൊല്ലി മിടിക്കുന്നില്ലെന്ന് അവൾ അറിഞ്ഞൂ… ആദ്യമായി ആ നെഞ്ചിൽ തലവെച്ചപ്പോൾ അവൾ കേട്ട ആ ഹൃദയതാളം എന്നേക്കുമായി നിലച്ചിരുന്നു…. ആ ഇടം നെഞ്ചിൽ അവൾ അറിഞ്ഞ സ്നേഹവും സംരക്ഷണവും എന്നേക്കുമായി ഇല്ലാതായിരിക്കുന്നു….

കിരണേട്ടാ.. എന്തായി കാണിച്ചേ.. എന്നും കൂടെ ഉണ്ടാവും എന്ന് പറഞ്ഞിട്ട്.. ഒറ്റക്കാക്കിലെന്ന് വാക്ക് തന്നിട്ട്… എന്നോട് ഒരു വാക്ക് പോലും പറയാതെ പോയോ…. നമ്മുടെ വാവേനെ കാണാൻ നിൽക്കാതെ പോയോ…. പ്ലീസ് കിരണേട്ടാ… എനിക്ക് വയ്യ… ഒന്ന് കണ്ണ് തുറക്ക്…. എന്നെ ഒന്ന് നോക്ക്.. മിത്തൂ എന്നൊന്ന് വിളിക്ക്….

അവൾ അവനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് കിടന്നു.. ഒരു തുള്ളി കണ്ണീർ പോലും അവളിൽ നിന്ന് പൊഴിഞ്ഞില്ല

അന്നുവരെ ആ ഹൃദയം അവളുടെ പേരുചൊല്ലി മടിച്ചിരുന്ന മിടിപ്പ് അറിയാതെ.. ആ നെഞ്ചിലെ കുളിര് അവളുടെ ഹൃദയത്തിൽ മുള്ളുകൾ കൊണ്ട് മുറിവേൽപ്പിച്ചു കൊണ്ടിരിക്കുമ്പോൾ…. ആ ഹൃദയ താളം കേൾക്കാതെ ആദ്യമായും അവസാനം ആയും ആ നെഞ്ചിൽ തലവെച്ചു അവൾ കിടന്നു…

………..

രണ്ടു ദിവസങ്ങൾക്ക് ശേഷം ഒരു പ്രഭാതം …

അല്ലാ.. നമ്മുടെ കിരണും ഭാര്യയും അവിടെ ഇല്ലേ.. രണ്ടു ദിവസം ആയി പുറത്തേക്ക് കണ്ടിട്ട്… അപ്പുറത്തെ വീട്ടിലെ സ്ത്രീ അവളുടെ മകനോട് പറഞ്ഞു…

ഞാൻ ഒന്ന് പോയി നോക്കട്ടെ.. അവൻ ചെല്ലുമ്പോൾ വീട് പൂട്ടിയിട്ടില്ല.. ഇത് അകത്തു നിന്ന് പൂട്ടിയിരിക്കാ അമ്മേ…

എന്റെ ഈശ്വര… നീ ആരേലും വിളിച്ചു ഇതൊന്ന് കുത്തി തുറക്ക്…

നാട്ടുകാർകൂടി വാതിൽ കുത്തി തുറന്നു.. അകത്തേക്ക് കടക്കും തോറും… ദ്രവിച്ചു തുടങ്ങിയ ശരീരത്തിന്റെ ദുർഗന്ധം മൂക്കിലേക്ക് കയറി… കിരണിന്റെ മുറിയുടെ വാതിൽ തുറന്നതും.. ആ ഗന്ധം സർവ്വ നാഡികളെയും തളർത്തും വിധം അരിച്ചു കയറി… കട്ടിലിലെ അവന്റെ ദ്രവിച്ച ശരീരത്തിന് താഴെ അവന്റെ കാൽച്ചുവട്ടിൽ മിത്രയും…. മിത്രക്ക് ജീവൻ ഉണ്ടെന്ന് അറിഞ്ഞതും അവളെ കുറേപേർ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു……

കിരണിനെ നഷ്ട്ടപ്പെട്ട മെന്റൽ ഷോക്കിൽ ആയിരുന്നു മിത്ര… ഒരു തരം ഉന്മാദാവസ്ഥ… ഒന്നും തിരിച്ചറിയാൻ കഴിയാത്ത.. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അവൾ രണ്ടു ദിവസം കിരണിന്റെ മൃതദേഹത്തിന് ഒപ്പം ആ മുറിയിൽ കിടന്നു.. ഒന്നും ഭക്ഷിക്കാതെ… ഒരിറ്റ് വെള്ളം പോലും കുടിക്കാതെ..

ഹോസ്പിറ്റലിൽ എത്തി പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് അവൾക്ക് ബോധം വന്നത്.. അപ്പോഴേക്കും കിരണിന്റെ ശരീരം മറവ്‌ ചെയ്തിരുന്നു… പക്ഷെ ഉറങ്ങി എഴുന്നേറ്റത് പഴയ മിത്ര തന്നെ ആയിരുന്നു.. എല്ലാ ബോധ്യങ്ങളും ഉള്ള മിത്ര…

ഡോക്ടറിൽ നിന്നും അവൾ എല്ലാം അറിഞ്ഞു.. ഒപ്പം മറ്റൊന്ന് കൂടി.. ആ രണ്ടുദിവസം കൊണ്ട്പോയത് തന്റെ നല്ലപ്പാതിയെ മാത്രം അല്ല….. ആ മനോഹര പ്രണയത്തിന്റെ അടയാളം ആയി…. അവരിരുവരുടെയും ജീവന്റെ മറുപാതിയായി…. അവളുടെ വയറ്റിൽ വളർന്നിരുന്ന കുഞ്ഞിനെ കൂടി ആണെന്ന്… അച്ഛനില്ലാത്ത ആ ലോകത്തേക്ക് അവൾക്കും വരേണ്ട എന്ന് തോന്നി കാണും… ആ അമ്മയെ വീണ്ടും തനിച്ചാക്കി അച്ഛനൊപ്പം ആ കുഞ്ഞും അവളുടെ രാത്രിയുടെ നക്ഷത്രങ്ങളായി ദൂരേക്ക്…. ദൂരേക്ക് അകന്നു പോയി….

ലോകത്ത് വീണ്ടും വീണ്ടും അവൾ തനിച്ചായി… തന്നെ ഒറ്റപ്പെടുത്തുന്ന ഈ ലോകത്ത് ഇനി താനും വേണ്ടെന്ന് അവൾക്ക് തോന്നി… ആ ഒറ്റക്കായി പോയ ആശുപത്രി മുറിയിൽ കൈയിൽ കിട്ടയ സർജിക്കൽ ബ്ലേഡുകൊണ്ട് ഒരിക്കൽ കൂടി അവൾ സ്വയം ശിക്ഷിച്ചു….

ഒരു ശ്രമം അങ്ങ് ദൂരെ…അവൾക്ക് കൈ എത്തിപിടിക്കാൻ കഴിയാത്ത അകലങ്ങളിലേക്ക് പോയ അവളുടെ കിരണിലേക്കും കുഞ്ഞിലേക്കും എത്താൻ ഉള്ള ഒരു ശ്രമം… വെറും പാഴ്ശ്രമം…

തുടരും

ഞാൻ ക്രൂര ആണെന്ന് ആരും പറയണ്ട.. ദൈവം…ദൈവം ആണ് എന്നും ക്രൂരൻ… എന്തിനാ കിരണിനെ കൊന്നേ എന്ന് എന്നോട് ചോദിക്കരുത്.. ആ ചോദ്യം ഇപ്പോഴും ഞാൻ ദൈവത്തോട് ചോദിക്കുന്നുണ്ട്… പ്രിയപ്പെട്ടവരെ പറിച്ചെടുക്കുമ്പോൾ ഉള്ള നമ്മളിലെ വേദന ദൈവത്തിന് ആനന്ദം നൽകുകയാകും ഒരുപക്ഷെ 😒😒😒..

Related Posts

Leave a Reply

Your email address will not be published. Required fields are marked *