മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഭാമിയുടെ കണ്ണുകൾ മിത്രയിൽ തന്നെ ആയിരുന്നു.. ഉള്ളിൽ ഇത്രയും വേദനയും പേറി ജീവിക്കുന്ന അവളോട് ഭാമിക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നി… അവൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു…ഭാമി മിത്രയുടെ കൈകൾ പിടിച്ചു…അവളുടെ വലതുകൈയിലെ ഞരമ്പിന് കുറുകെ ഉള്ള രണ്ടുവരകളിലും തലോടി…
ദൈവത്തിന് പോലും വേണ്ടാ ഭാമി എന്നെ… എല്ലാം അവസാനിപ്പിക്കാൻ തിരുമാനിച്ചിട്ടും…. വീണ്ടും പരീക്ഷിക്കുക അല്ലേ… ഒന്ന് വിളിച്ചൂടെ എന്നെ കൂടി അങ്ങോട്ട്…. ഭാമിക്ക് അറിയുമോ ഈ ഭൂമിയിൽ എനിക്ക് സ്വന്തം എന്ന് പറയാൻ ആരും ആരും ഇല്ല.. എല്ലാവരും ഒന്നിച്ചവിടെ ആണ്…. എനിക്ക് അസൂയ തോനുന്നു… മരിക്കാൻ ഉള്ള അസൂയ…
അരുത്.. ഒരിക്കലും അങ്ങനെ പറയരുത് മിത്ര… നൽകിയ ജന്മം തിരിച്ചെടുക്കാനും ഉള്ള അവകാശം എന്നും ദൈവത്തിന് തന്നെ ആണ്… നിനക്ക് ഈ ഭൂമിയിൽ ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്.. അത്കൊണ്ടാണ് ദൈവം നിന്നെ മാത്രം ഈ ഭൂമിയിൽ ബാക്കി വെച്ചത് എന്ന് വിശ്വസിക്കൂ…
ശുഭാപ്തി വിശ്വാസം അല്ലേ…. അതൊക്കെ എനിക്കെന്നോ നഷ്ടമായി… ഈ മിത്ര വെറും ഒരു ശരീരം മാത്രം ആണ്.. പ്രദീക്ഷകൾ ഇല്ലാത്ത.. വിശ്വാസങ്ങൾ ഇല്ലാത്ത.. സന്തോഷം ഇല്ലാത്ത.. സ്വപ്‌നങ്ങൾ ഇല്ലാത്ത… എല്ലാത്തിലും ഉപരി ഒരു ഹൃദയം പോലും ഇല്ലാത്ത വെറും ശരീരം…
എന്താ ഭാമി ദൈവം എന്നോട് മാത്രം ഇങ്ങനെ… എന്നെ സ്നേഹിക്കാൻ കൊള്ളില്ലായിരുക്കും.. അല്ലേ.. അതുകൊണ്ടല്ലേ എന്നെ സ്നേഹിച്ച എല്ലാവരും എന്നിൽ നിന്ന് പിരിഞ്ഞു പോവുന്നത്…
എന്റെ അമ്മ പണ്ട് പറയുമായിരുന്നു അച്ഛന് ഉണ്ണിയേട്ടനെക്കാൾ ഇഷ്ടം എന്നെ ആയിരുന്നു എന്ന്.. എന്നെ നിലത്ത് വെക്കാതെ കൊണ്ട് നടന്നിരുന്നു എന്ന്… എന്നിട്ടോ ഒരു വർഷം.. ഒരൊറ്റ വർഷം ആണ് എന്റെ അച്ഛൻ എനിക്കൊപ്പം ഉണ്ടായത്.. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ എത്ര കരുതലോടെയും സ്നേഹത്തോടെയും ആണ് എന്നെ വളർത്തിയത് എന്നിട്ടോ… ഒരു പെൺകുട്ടിക്ക് അവളുടെ അമ്മയുടെ ഉപേദേശങ്ങളും സാമിഭ്യവും ഏറ്റവും കൂടുതൽ വേണ്ട അവളുടെ കൗമാരകാലത്ത് എനിക്കെന്റെ അമ്മയെ നഷ്ടം ആയി..
അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുപോലെ നൽകാൻ എന്റെ ഏട്ടൻ മാത്രം മതിയായിരുന്നു എനിക്ക്… ആ വാത്സല്യം കിട്ടി ആ ഏട്ടന്റെ തണലിൽ വളരാൻ കൊതിച്ച എന്നെ വിധി വീണ്ടും തോൽപ്പിച്ചു.. അതോടെ എല്ലാ പ്രദീക്ഷകളും അവസാനിപ്പിച്ചതാണ് ഞാൻ അപ്പോൾ വീണ്ടും സന്തോഷത്തിന്റെ വെളിച്ചവുമായി കിരണേട്ടൻ.. ഒരായുസ്സിൽ നൽകാൻ ഉള്ള സ്നേഹം മുഴുവൻ ഒന്നര വർഷം കൊണ്ട് എനിക്ക് തന്ന് തീർത്തു ഒരു വാക്ക് പോലും പറയാതെ പോയി കളഞ്ഞില്ലേ.. സ്നേഹിച്ചു കൊതി തീർന്നില്ലായിരുന്നു എനിക്ക് … ഏറ്റവും ഒടുവിൽ ഞങ്ങളുടെ പ്രണയത്തിന്റെ അടയാളമായി തന്ന കുഞ്ഞും ….
സ്നേഹിക്കാൻ കൊള്ളില്ല ഭാമി എന്നെ സ്നേഹിക്കാൻ കൊള്ളില്ല. സ്നേഹിച്ചവരെ മുഴുവൻ നശിപ്പിക്കുന്ന ഒരു നീച ജന്മം ആവും ഞാൻ…..
മിത്ര വർഷങ്ങൾക്ക് ശേഷം അവളുടെ മുന്നിൽ പൊട്ടി കരഞ്ഞു…ഭാമിക്ക് അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു…അവൾ മിത്രയുടെ തോളിൽ തട്ടി കൊണ്ടിരുന്നു… കുറേ കരഞ്ഞപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി… അവൾ കണ്ണുകൾ തുടച്ചു….
സോറി ഭാമി…റിയലി സോറി.. എന്റെ കഥ പറഞ്ഞു ഞാൻ തന്നെ കൂടി ഡിസ്റ്റർബ് ചെയ്തു.. ആരോടും പറയാറില്ല ഇതൊന്നും… മിഥുനിന് പോലും അറിയില്ല…ഇതൊന്നും.. എല്ലാം ഉള്ളിൽ അടക്കി പിടിച്ചു അങ്ങനെ കഴിയാ…. ചങ്ക് പറിയുന്ന വേദന ഉണ്ട് ഉള്ളിൽ…. എപ്പോഴെങ്കിലും ഒന്ന് പൊട്ടി കരയാൻ തോന്നിയാൽ അമറിന്റെ തോളിലേക്ക് ചായും.. അവൻ കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ…ഞാൻ ചത്തു കളഞ്ഞേനെ ഒരിക്കൽ കൂടി…
അവൾ കണ്ണീര് തുടച്ചു..
അമർ അവൻ എനിക്കിന്ന് ഒരു വേദന ആണ് ഭാമി. … അവന്റെ ആനി… അവനെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവളാണ് അവൾ … ഞാൻ ഞാൻ കാരണം ആണ് അവർ ഇന്നും ഒന്നിക്കാത്തത്…എനിക്ക് വേണ്ടി ആണ് അമർ അവളിൽ നിന്നും അകന്നത്…. ഞാൻ കാരണം ആണ് അവൻ അവളെ തള്ളി പറഞ്ഞത്… ആ പാപവും എന്റെ തലയിൽ ആണ്… അവളുടെ കണ്ണീരും എന്നെ വല്ലാതെ കൊല്ലുന്നുണ്ട്..പക്ഷെ ഞാൻ എത്ര പറഞ്ഞാലും അമർ ഇനി അവളെ സ്വീകരിക്കില്ല…. അവളുടെ വെറുപ്പ് നേടാൻ ആണ് അവൻ ആഗ്രഹിക്കുന്നത്..
അമർ നിന്നോടുള്ള സ്നേഹം കൊണ്ടാണ് നിന്നെ പിരിയാത്തത് മിത്ര…. നീ വേദനിക്കുമ്പോൾ എങ്ങനെ ആണവൻ ആനിക്കൊപ്പം സുഖമായി ജീവിക്കുന്നത്… അവൻ ഒരു നല്ല സുഹൃത്ത് ആണ്.. അത് കൊണ്ട് തന്നെ അവൻ കിരൺ സാറിന് കൊടുത്ത വാക്ക് തെറ്റിക്കില്ല…
അത് തന്നെ ആണ് എന്റെ വേദന… എന്റെ വേദനകൾ ഒന്നും അവൻ ഒരിക്കൽ പോലും ആനിയോട് പറഞ്ഞിട്ടില്ല.. എന്തേ പറയാത്തത് എന്ന് ചോദിക്കുമ്പോൾ പറയും ആരും എന്നെ സഹതാപത്തോടെ നോക്കുന്നത് അവന് ഇഷ്ടം അല്ലെന്ന്.. അത് ആനി ആണെങ്കിൽ പോലും.. ഒരു പക്ഷെ ആനി എല്ലാം അറിഞ്ഞിരുന്നെങ്കിൽ അവളും അവനെ മനസിലാക്കിയേനെ… പക്ഷെ അമർ അവൻ എന്നെ സമ്മതിക്കുന്നില്ല… അവളെ ഒന്ന് കാണാൻ പോലും…
ഈ ജന്മം എനിക്ക് നിന്നെ മതി എന്ന് പറഞ്ഞു ഒരു ഭ്രാന്ത് പോലെ എന്നെ വരിഞ്ഞു മുറുകുകയാണ് അവൻ.. സ്നേഹം കൊണ്ട്.. പരിഗണന കൊണ്ട്.. സംരക്ഷണം കൊണ്ട്… എനിക്ക് ശ്വാസം മുട്ടുന്നു ഭാമി.. ആനിയെ ഓർക്കുമ്പോൾ.. ഒത്തിരി വേദന സഹിച്ചവൾ ആണ് ഞാൻ.. അവളുടെ ഉള്ള് പിടയുന്നത് ആരെക്കാളും ഏറെ ഞാൻ കേൾക്കുന്നുണ്ട്…
നീ വിഷമിക്കണ്ട മിത്ര.. അമർ അവൻ ആനിയിലേക്ക് തിരികെ പോകും.. നീ അവനെപ്പോലെ അല്ലെങ്കിൽ അവനെക്കാൾ ഏറെ ഭദ്രമായ കൈകളിൽ എത്തുമ്പോൾ… എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ ഭാമി പറഞ്ഞു..
അവനെക്കാൾ ഭദ്രമായ കൈകൾ ഇനി എനിക്ക് നേരെ നീളാൻ ഇല്ല ഭാമി… അമറിന് പകരം ആവാൻ ഈ ലോകത്ത് ആർക്കും കഴിയില്ല…
ഉണ്ട്… നിന്നെ ഞാൻ ഏൽപ്പിക്കുന്ന കൈകളുടെ ഭദ്രത എനിക്ക് അറിയാം.. മിഥിലക്ക് അറിയാം… അവൾ വേദനയോടെ മനസ്സിൽ ഓർത്തു..
അപ്പോഴേക്കും മിഥിലയും സുദർശനും അങ്ങോട്ട് എത്തി..
ഭാമേ…..
മിഥില ഓടി വന്നവളെ കെട്ടിപിടിച്ചു.. രണ്ടുപേരും കരയുകയായിരുന്നു..
മിണ്ടില്ല ഞാൻ നിന്നോട്.. ഞങ്ങളോട് പിണങ്ങി പോവാൻ നിനക്കെങ്ങനെ തോന്നി.. രണ്ടു വർഷം ആയി… രണ്ടു വർഷം നിന്നെ കണ്ടിട്ട്… ഒന്ന് വരാൻ പോലും തോന്നിയില്ലല്ലോ നിനക്ക്..
മിഥില പരിഭവത്തോടെ പറഞ്ഞു…ഭാമി എഴുന്നേറ്റു സുദർശന്റെ അരികിൽ ചെന്നു.. അവനോട് ചിരിച്ചു.. അവന്റെ കൈയിൽ ഇരിക്കുന്ന ആരവിന് നേരെ കൈനീട്ടി… അവൻ ഒരു മടിയും കൂടാതെ അവന്റെ കൈകളിലേക്ക് ചാടി… അവൾ അവനെ മാറോട് ചേർത്ത് പിടിച്ചു…
സുദർശൻ അല്ലേ.. മിത്ര പറഞ്ഞു വിശേഷങ്ങൾ എല്ലാം… ഭാമി സുദർശനോട് പറഞ്ഞു…അവൻ ചിരിച്ചു….
ഭാമേ.. നിനക്ക് ഇപ്പോളും എന്നോടും ഏട്ടനോടും പിണക്കം ഉണ്ടോ.. ഏട്ടൻ അങ്ങനെ ചെയ്തു എന്ന് നീയും വിശ്വസിച്ചോ… മിഥില അവളോട് ചോദിച്ചു..
നീ എന്നെ അങ്ങനെ ആണോ മനസിലാക്കിയത് മാമാട്ടി… എനിക്ക് അതിന് കഴിയുമോ… എനിക്ക് എല്ലാം അറിയാമായിരുന്നു… എന്റെ ചേച്ചിയെ ഓർത്ത് മാത്രം ആണ് ഞാനും എല്ലാവർക്കൊപ്പം നിന്ന് എന്റെ കണ്ണേട്ടനെ അവിശ്വസിച്ചതായി നടിച്ചത്… ഹൃദയം തകരുന്ന വേദനയോടെ ആണ് ഞാൻ ഇങ്ങോട്ട് വന്നത്..
ഭാമേ നിനക്ക് കാണണ്ടേ ഏട്ടനെ… നിങ്ങൾ സ്വപ്നം കണ്ട ആ ജീവിതം ഇനി എങ്കിലും ജീവിക്കണ്ടേ..
ഭാമി ഒരു നിമിഷം നിശബ്‌ദം ആയി…. ഒന്ന് ദീർഘ ശ്വാസം വലിച്ചു…
വേണ്ട.. വേണ്ട മാമാട്ടി…. എനിക്ക് കാണണ്ട… ഞാനിന്ന് ആ പഴയ ഭാമി അല്ല… കണ്ണേട്ടൻ സ്നേഹിച്ച.. കണ്ണേട്ടന്റെ ഭാര്യ ആവാൻ മാത്രം സ്വപ്നം കണ്ട ഭാമി ഇന്ന് എന്റെ ഉള്ളിൽ ഇല്ല.. മറിച് ഒരു നാടിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങൾ തലയിൽ കൊണ്ട് നടക്കുന്ന അവരെ കുറിച്ച് മാത്രം ഊണിലും ഉറക്കത്തിലും ചിന്തിക്കുന്ന ഒരു നിയമ പരിപാലക മാത്രം ആണ്…
കുടുംബം.. കുട്ടികൾ.. തുടങ്ങിയ തികച്ചും വ്യക്തിപരമായ സ്വപ്‌നങ്ങൾ ഒന്നും ഇല്ലാത്ത ഒരു ഐഎസ് ഓഫീസർ… കണ്ണേട്ടന്റെ പഴയ ഭാമി ആവാൻ എനിക്കിനി കഴിയില്ല… അത്കൊണ്ട് എനിക്കിനി കണ്ണേട്ടനെ കാണണ്ട..
ഭാമി ആരെയും നോക്കാതെ പറഞ്ഞു തീർന്ന് തിരിഞ്ഞു നിന്നു.. വാതിൽക്കൽ അവൾക്ക് നൽകാൻ ആയി ഒരു റോസാപ്പൂവിന്റെ കൂട്ടവുമായി നിൽക്കുന്ന മിഥുനിൽ ഒരു നിമിഷം അവളുടെ കണ്ണുകൾ ഉടക്കി… അവൻ അവളെ തന്നെ നോക്കുകയാണ്.. ആ കണ്ണുകൾ നിറഞ്ഞിരുന്നു….
ഭാമി.. നീ.. നീ എന്താ ഇപ്പോൾ പറഞ്ഞേ… ഒന്നുടെ പറ.. നിന്റെ ഉള്ളിൽ ഞാനും നമ്മുടെ സ്വപ്നങ്ങളും ഇല്ലെന്ന് ഒന്നുടെ പറ…
മിഥുൻ അവൾക്കരികിലേക്ക് വന്നു ചോദിച്ചു..
ഇല്ല.. ഇല്ല.. കണ്ണേട്ടാ.. ഇത് കണ്ണേട്ടന്റെ പഴയ ഭാമി അല്ല.. ഇനി ഒരിക്കലും എനിക്ക് ആ ഭാമി ആവാൻ സാധിക്കില്ല.. കണ്ണേട്ടൻ എന്നെ മറക്കണം… പുതിയ ഒരു ജീവിതം തുടങ്ങണം… കണ്ണേട്ടൻ മിത്രയെ വിവാഹം ചെയ്യണം… അവൾ തലകുനിച്ചു പറഞ്ഞു..
ഭാമി.. നീ എന്തൊക്കെയാ ഈ പറയണേ.. മിഥില അവളോട് കയർത്തു…
അതെ… മാമാട്ടി… നീ അന്ന് അനുഭവിച്ച ദുരിതങ്ങൾ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചതാണ്.. നീ വേദനിച്ചിട്ട് എനിക്കൊരു സന്തോഷം വേണ്ടെന്ന്… നിന്റെ സ്വപ്‌നങ്ങൾ തകർന്നിട്ട് എന്റെ സ്വപ്‌നങ്ങൾ മാത്രം പൂവണിയേണ്ട എന്ന്..
ഭാമേ.. അതിന് ഞാൻ ഇന്ന് നൂറു ശതമാനം ഹാപ്പി ആണ്..എന്നെ മനസിലാക്കുന്ന ഒരു ഭർത്തവ് ഉണ്ട് എനിക്ക്.. ഇനി എന്നെ കുറിച്ച് ഓർത്ത് നീ എന്തിന് വേദനിക്കുന്നു.. എന്തിന് നിന്റെ ജീവിതം വേണ്ടെന്ന് വെക്കുന്നു..
മാമാട്ടി.. നിർത്ത്.. നീ ഇനി ഒന്നും പറയണ്ട… അവൾക്ക് പറയാൻ ഉള്ളതൊക്കെ അവൾ പറഞ്ഞില്ലേ.. അവൾ പറഞ്ഞില്ലേ അവളുടെ ഉള്ളിൽ ഞാൻ ഇല്ലെന്ന്… ഓക്കേ.. വേണ്ട.. അവളിപ്പോൾ നമ്മുടെ പഴയ ഭാമി അല്ല… സത്യഭാമ ഐഎസ് അല്ലേ… അവൾക്ക് ചെയ്തു തീർക്കാൻ പലതും ഇല്ലേ.. അവളെ അവളുടെ വഴിക്ക് വിട്ടേക്ക്…
ഓർമ്മ വെച്ച കാലം മുതൽ മനസ്സിൽ കൊണ്ടു നടന്ന എന്നേക്കാൾ വലുത് അവൾക്ക് ഇന്നലെ വന്ന പദവിയും ഉത്തരവാദിത്വങ്ങളും ആണെങ്കിൽ അങ്ങനെ തന്നെ ആവട്ടെ… ഇത് എന്റെ ഭാമി അല്ല.. ഞാൻ സ്നേഹിച്ച എന്റെ ഭാമിക്ക് എന്നോട് ഇങ്ങനെ ഒന്നും പറയാൻ കഴിയില്ല….
മിഥുൻ മിഥിലയെ നോക്കി പറഞ്ഞു.. പിന്നീട് അവൻ ഭാമിക്ക് നേരെ തിരിഞ്ഞു..
പിന്നെ നീ പറഞ്ഞില്ലേ നിന്നെ മറന്ന് മിത്രയെ വിവാഹം ചെയ്യാൻ.. അങ്ങനെ ചെയ്യാൻ ഞാൻ ഭാമി അല്ല.. മിഥുൻ ആണ്… അവൾ എനിക്കെന്നും എന്റെ നല്ല സുഹൃത്ത് ആണ്.. ഇനി എന്നെങ്കിലും ഒരിക്കൽ എനിക്ക് അവളോട് അതിനപ്പുറം വല്ലതും തോന്നുകയാണെങ്കിൽ അവളെ സ്വന്തം ആക്കാൻ എനിക്ക് നിന്റെ വക്കാലത്ത് വേണ്ട..
അവൻ അവന്റെ കൈയിൽ ഉണ്ടായിരുന്ന പൂക്കൾ നിലത്തിട്ടു.. ചവിട്ടി അരച്ചു…ഒരു കൈയിൽ മിത്രയുടെ കൈപിടിച്ച് വലിച്ചു പുറത്തേക്ക് നടന്നു… അവന് പുറകെ പോവുമ്പോളും മിത്രയുടെ കണ്ണുകൾ ഭാമിയിൽ തന്നെ ആയിരുന്നു.. ഭാമി കരയുന്നത് അവൾ മാത്രം കണ്ടു…
അവർ പോയപ്പോൾ മിഥില ഭാമിക്ക് അരികിൽ വന്നു
ഇത്രയും വേണ്ടായിരുന്നു ഭാമി.. കഴിഞ്ഞ രണ്ടുവർഷം ആയി നീ തിരിച്ചു വരുന്നതും കാത്തിരുന്ന നമ്മുടെ കണ്ണേട്ടനോട് ഇത്ര വേണ്ടായിരുന്നു… നീ ഇവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും സന്തോഷം കണ്ടത് ആ കണ്ണുകളിൽ ആണ്… ആ ഹൃദയം ആണ് നീ തകർത്തത്…
മിഥില വേദനയോടെ സുദർശന്റെ കൈപിടിച്ച് ഇറങ്ങി…അത് വരെ തലകുനിച്ചു നിന്ന ഭാമി തല ഉയർത്തി.. അവൾക്ക് മുന്നിൽ കൈകൾ കെട്ടി അമർ നിൽക്കുന്നുണ്ടായിരുന്നു…
ഇതൊന്നും കാര്യം ആക്കണ്ട അമർ … കണ്ണേട്ടൻ അവളെ സ്വീകരിക്കും…കണ്ണേട്ടന്റെ മാത്രം മിത്ര ആയി.. തന്റെ മിത്ര കണ്ണേട്ടന്റെ കൈകളിൽ സുരക്ഷിത ആയിരിക്കും.. അതിനിനി അധികം കാലമൊന്നും വേണ്ടി വരില്ല.. അന്ന്.. അവളെ കണ്ണേട്ടൻ ചേർത്ത് പിടിക്കുന്ന അന്ന്.. താൻ ആനിയിലേക്ക് തിരിച്ചു പോണം.. അവൾ നിനക്ക് വേണ്ടി കാത്തിരിക്കുന്നില്ലേ.. ഇനിയും ആ വേദന കാണാതെ പോവല്ലേ.. ഭാമി പറഞ്ഞു..
എങ്ങനെ കഴിയുന്നു ഭാമി.. ഉള്ളിൽ ഉള്ള വേദന പുറത്തു വരാതെ മിഥുനിനോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ..
മിത്രക്ക് വേണ്ടി ആനിയോട് സംസാരിക്കാൻ അമറിന് കഴിഞ്ഞിരുന്നില്ലേ.. അത് പോലെ തന്നെ…. കിരൺ സാറിന് കൊടുത്ത വാക്ക് താൻ പാലിച്ചില്ലേ.. അത് പോലെ എന്റെ കിരൺ സാറിന് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ…
ഒഴുകാൻ വെമ്പിയ കണ്ണീർ അമർ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നടന്നു…
തുടരും
“സ്നേഹിക്കാൻ ത്യജിക്കുക തന്നെ വേണം.. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്.. ” -ടാഗോർ