എന്റെ കരച്ചിൽ കണ്ട് അവളും ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. കരച്ചിലടക്കി അവളെ ചേർത്ത് പിടിച്ചു തുരു തുരു ചുംബിച്ചു ഞാൻ അലറി വിളിക്കുകുന്നുണ്ടായിരുന്നു എനിക്ക് ഭ്രാന്തില്ല………..

ഭ്രാന്തി

എഴുത്ത്:-ഗീതു അല്ലു

വൈകിട്ട് സ്കൂളിൽ നിന്നും മുഖം വീർപ്പിച്ചു കയറി വന്ന കുഞ്ഞിപ്പെണ്ണിനെ കണ്ടപ്പോൾ വല്ലാതെ ആധി കയറിയാണ് അവളുടെ അടുക്കലേക്ക് ഓടി ചെന്നത്. ഒരുപാട് നേരം കാര്യം ചോദിച്ചിട്ടും കുഞ്ഞിപ്പെണ് ഒന്നും പറയാതെ മുഖം വീർപ്പിച്ചു തന്നിരുന്നു. എനിക്കത് സഹിക്കാൻ പറ്റുന്നില്ലായിരുന്നു.

കുഞ്ഞിപ്പെണ് എന്റെ ചേച്ചിയുടെ മകളാണെങ്കിലും അവൾക്ക് ഞാനായിരുന്നു അമ്മ.ചേച്ചി ജോലിക്കു പോയി തുടങ്ങിയ നാൾ തൊട്ട് ഇന്ന് വരെയും അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയായിരുന്നു ചെയ്തതും. ചേട്ടൻ വിദേശത്തായതു കൊണ്ട് തന്നെ എന്റെയും ചേച്ചിയുടെയും നടുക്ക് കിടന്ന് എന്റെ നെഞ്ചിൽ തല ചെയ്ച്ചുറങ്ങുന്ന കുഞ്ഞിപ്പെണ്ണിനെ ഒരു ഉറുമ്പ് പോലും കടിക്കുന്നത് എനിക്ക് സഹിക്കുമായിരുന്നില്ല.

അങ്ങനെയുള്ള എന്റെ കുഞ്ഞിപ്പെണ്ണാണ് ഇന്ന് എന്നോട് മിണ്ടാതെ സ്കൂളിൽ നിന്നും വന്നിട്ട് ഉടുപ്പ് പോലും മാറാതെ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്. എന്റെ കണ്ണുകൾ നിറയുന്നത് കണ്ടാണ് കുഞ്ഞിപ്പെണ് ഓടി വന്നു ഒരുമ്മ തന്നത്. പിന്നെയും സങ്കടത്തിന്റെ കാര്യം തിരക്കിയപ്പോൾ കരച്ചിലിന് തുടക്കമിട്ടിരുന്നു. നെഞ്ചോട് ചേർത്ത്‌ പിടിച്ചപ്പോൾ കരച്ചിലടക്കി എന്നോട് ചോദിക്കുന്നുണ്ടായിരുന്നു കുഞ്ഞയ്ക്ക് വട്ടാണോന്ന്.

കേട്ടതിന്റെ ഞെട്ടലിൽ മോളെ നെഞ്ചിൽ നിന്നടർത്തി മാറ്റി പൊട്ടികരഞ്ഞു പോയിരുന്നു ഞാൻ. എന്റെ കരച്ചിൽ കണ്ട് അവളും ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. കരച്ചിലടക്കി അവളെ ചേർത്ത് പിടിച്ചു തുരു തുരു ചുംബിച്ചു ഞാൻ അലറി വിളിക്കുകുന്നുണ്ടായിരുന്നു എനിക്ക് ഭ്രാന്തില്ല എന്ന്.

പിന്നെ ഒന്നും ചെയ്യാൻ തോന്നിയിരുന്നില്ല. മോളെയും കൊണ്ട് മുറിയിൽ ചെന്ന് കെട്ടിപിടിച്ചു കിടന്നു. മോളെ ആരോ എന്നിൽ നിന്നും അകറ്റാൻ ശ്രമിക്കും പോലെയായിരുന്നു എനിക്ക് തോന്നിയത്. ചേച്ചി വരുന്നത് വരെയും ആ കിടപ്പ് തുടർന്നു. മോൾ അവിടെ കിടന്ന് ഉറങ്ങി പോയിരുന്നു. ചേച്ചി ഞങ്ങളുടെ കിടപ്പ് കണ്ട് ആധിയോടെയാണ് മുറിയിലേക്ക് കയറിയത്. ഞാൻ ചെറിയൊരു തലവേദന എന്ന് പറഞ്ഞു ചേച്ചിയെ സമദനിപ്പിച്ചു.

അപ്പോഴാണ് ചേച്ചി കുഞ്ഞിപ്പെണ്ണിനെ ഉണർത്തി വഴക്ക് പറയാൻ തുടങ്ങിയത്.കാര്യം തിരക്കിയപ്പോൾ പറഞ്ഞു കുഞ്ഞിപ്പെണ് ക്ലാസ്സിലെ ഏതോ ചെറുക്കനെ കുട വച്ചു തല്ലി എന്ന്. അവളോട് സത്യമാണോ എന്ന് ചോദിച്ചപ്പോൾ തലയും താഴ്ത്തി നിൽക്കുന്നതാണ് കണ്ടത്. എന്തിനാണ് അവനെ തല്ലിയതെന്ന് ചോദിച്ചപ്പോൾ പറയുന്നുണ്ടായിരുന്നു കുഞ്ഞയ്ക്ക് വട്ടാണെന്ന് പറഞ്ഞതിനാണെന്ന്. അത് കേട്ട ഞാനും ചേച്ചിയും ചലനമറ്റു നിന്ന് പോയിരുന്നു. അവിടെ നിന്നും കരഞ്ഞുകൊണ്ട് അമ്മയുടെ മുറിയിലേക്കോടുമ്പോൾ ചേച്ചി അവളോട് പറയുന്നുണ്ടായിരുന്നു കുഞ്ഞയ്ക്ക് ഒരു കുഴപ്പവുംമില്ലായെന്ന്.

അമ്മയുടെ മുറിയിൽ എത്തി അമ്മയുടെ ഫോട്ടോയും കെട്ടിപിടിച്ചിരുന്ന് കരയുമ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാൻ ഭ്രാന്തിയാണെന്ന്. ഒരിക്കൽ ഇഷ്ട്ടം പറഞ്ഞു പിന്നാലെ കൂടിയവനെ വേണ്ട എന്ന് പറഞ്ഞു തന്നതിന് അവൻ തന്ന സമ്മാനം. കോളേജിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതായിരുന്നു അവന്റെ ശല്യം. സ്ഥിരം പോകുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു അവൻ. അച്ഛൻ ഇല്ലാത്ത എന്നെയും ചേച്ചിയെയും വളർത്താൻ അമ്മ അനുഭവിച്ച കഷ്ടപ്പാടൊർക്കുമ്പോൾ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളു.

പക്ഷെ എന്റെ അവഗണന അവന്റെ മനസ്സിൽ പകയായിരുന്നു നിറച്ചത്. ഒരിക്കൽ അമ്മയുടെ കൂടെ പുറത്ത് പോയിട്ടു വന്ന ഞങ്ങളെ തടഞ്ഞു നിർത്തി അവൻ കുറെ അസഭ്യം പറഞ്ഞു. കാര്യം തിരക്കി വന്ന നാട്ടുകാരോട് മുഴുവൻ ഞാൻ അവനെ പ്രണയിച്ചു വഞ്ചിച്ചു എന്നും. ശരീരം കൊണ്ട് പോലും ഒന്നയവരാണ് ഞങ്ങൾ എന്നും പറഞ്ഞു. ആരും ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറായില്ല. അമ്മയ്ക്ക് അത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. എന്നെ ഒരുപാട് തല്ലി. അമ്മയും ഒരുപാട് കരഞ്ഞു. കരഞ്ഞു കരഞ്ഞു കാട്ടിലിലേക്ക് കുഴഞ്ഞു വീണ അമ്മ പിന്നീട് ഉണർന്നില്ല. എന്നുന്നേക്കുമായുള്ള ഉറക്കത്തിലേക്ക് അമ്മ പോയി കഴിഞ്ഞിരുന്നു.

അമ്മയുടെ സംസ്കാര ചടങ്ങിനെത്തിയ അവനെ കണ്ട് അലറി വിളിച്ചു സ്വയം മുറിവേൽപ്പിച്ചും അവനെ ഉപദ്രവിക്കാനും ശ്രമിച്ച എന്നെ അവനുൾപ്പെടെ ഒരു പേര് ചാർത്തി തന്നു കഴിഞ്ഞിരുന്നു…

“ഭ്രാന്തി “

എന്നാൽ സത്യം മുഴുവനും തിരിച്ചറിഞ്ഞു ചേച്ചി എന്നെ ചേർത്ത് പിടിക്കുമ്പോഴും കുഞ്ഞിപ്പെണ്ണിനെ വിശ്വസിച്ചു എന്നെ ഏൽപ്പിക്കുമ്പോഴും ഞാൻ പഴയ ആളായി കഴിഞ്ഞിരുന്നു. അങ്ങനെ പൊന്ന് പോലെ നോക്കിയ എന്റെ കുഞ്ഞിപ്പെണ്ണാണ് ഇന്ന് എനിക്ക് വട്ടുണ്ടോന്ന് എന്നോട് ചോദിച്ചത്.സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അത്. മുറിയുടെ ഒരു മൂലയിലേക്കിരുന്ന് എങ്ങലടിക്കുമ്പോഴാണ് ചേച്ചിയും കുഞ്ഞിപ്പെണ്ണും മുറിയിലേക്ക് വന്നത്.

കുഞ്ഞിപ്പെണ് ഓടി വന്നു എന്നെ കെട്ടിപിടിച്ചു കുറെ ഉമ്മ തന്നു. എന്റെ കുഞ്ഞയ്ക്ക് ഒന്നുല്ലാന്ന് അമ്മ പറഞ്ഞല്ലോ എന്നും പറഞ്ഞു പിന്നെയും എന്നെ കെട്ടിപിടിച്ചു. മോളെ കെട്ടിപിടിച്ചു ചേച്ചിയെ നോക്കുമ്പോൾ ചേച്ചിയും എന്നെ അശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഞാനും സ്വയം ആശ്വാസം കണ്ടെത്തി തുടങ്ങി എനിക്ക് ഒന്നുമില്ല എന്ന്. അതെ ഏതോ ഒരുത്തന്റെ പകയുടെ കനലിൽ നിറം മങ്ങി പോയതാണ് എന്റെ ജീവിതം. അവിടേക്ക് പുതിയ ചായകൂട്ടുകൾ നിറച്ചത് എന്റെ കുഞ്ഞിപ്പെണ്ണും ചേച്ചിയുമാണ്. അവർക്കു വേണ്ടി എനിക്ക് ജീവിച്ചേ മതിയാകൂ.. ആ ചിന്തയിൽ ഞാൻ കുഞ്ഞിപ്പെണ്ണിനെ ഒന്നുകൂടി ചേർത്ത് പിടിച്ചു. ഇനി ഒരിക്കലും ആരുടെ മുന്നിലും ഭ്രാന്തിയായി നിൽക്കില്ല എന്ന ദൃഡ നിച്ഛയവും എന്നോടൊപ്പം ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *