എന്റെ തൊട്ടു പിന്നിൽ ആ ഫോട്ടോയിലെ അതെ ലുക്കിൽ വെളുത്തു തൂ വെള്ള നിറമുള്ള നമ്മുടെ താരം ഇങ്ങിനെ നിറഞ്ഞു വന്നു നിൽക്കുന്നു……..

Story written by Rivin Lal

ടേബിളിൽ വെച്ച ഫോൺ വൈബ്രേറ്റ് ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ എടുത്തു നോക്കി. അമ്മയാണ് വിളിക്കുന്നത്.

അമ്മയുടെ കോൾ എടുത്തതും സ്നേഹത്തോടെയുള്ള സ്ഥിരം ചോദ്യം.
“എവിടെയാ മോനെ നീ.!!”

അത് അമ്മേ .. ഞാൻ എബിയുടെ അടുത്തുണ്ട്. എന്തേ..? ഞാൻ ചോദിച്ചു.

നാളെ നീയാ കൃഷ്ണേട്ടൻ പറഞ്ഞ കുട്ടിയെ ഒന്ന് പോയി കാണണം. എന്താ പറ്റൂലെ.?? അമ്മയുടെ അടുത്ത ചോദ്യം വന്നു.

“എന്റമ്മേ ഞാൻ പറഞ്ഞതല്ലേ എനിക്കിപ്പോൾ കല്യാണം വേണ്ട എന്ന്.” സമയം ഉണ്ടല്ലോ ഇനിയും. ഞാൻ മറുത്തു പറഞ്ഞു.

“ഇത് നോക്ക് കിച്ചു.. ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാൽ മതി. നാളെ വൈകിട്ടാകുന്നതിനു മുമ്പ് നീ ആ കുട്ടിയെ പോയി കാണുന്നു. തിരിച്ചു വരുന്നു. ബാക്കിയൊക്കെ പിന്നീട്.!!” അത്രയും പറഞ്ഞു അമ്മ ഫോൺ കട്ട് ആക്കി.

എന്താ ഇപ്പോൾ ചെയ്യാ എന്നും ആലോചിച്ചു ഞാൻ എബിയോട് പറഞ്ഞു.”അമ്മ നല്ല കലിപ്പിലാടാ. നീ ഒന്ന് ഒഴിച്ചേ.!! അല്പം സമാദാനം കിട്ടട്ടെ”.

എബി നാലാമത്തെ പെഗ് ഒഴിക്കുമ്പോൾ ഞാൻ പറഞ്ഞു, “വെള്ളം കുറച്ചു മതിയെടാ.!!”

നീയിതെന്തിന്റെ പുറപ്പാടിനാ ഈ പച്ചക്കു വലിച്ചു കേറ്റുന്നെ.. നാളെ നിനക്ക് അവിടെ പോണം. അത്രയല്ലേ ഉള്ളൂ പ്രശ്നം. അതൊരു ചെറിയ ചടങ്ങല്ലേ. എബി എന്നെ ഉപദേശിച്ചു.

പക്ഷെ എടാ.. നാളെ രാവിലെ. ഞാൻ മുഴുമിപ്പിക്കുമ്പോളേക്കും അവൻ പറഞ്ഞു”നിർത്തു.” നീയൊന്നും പറയണ്ട. നാളെ നമ്മൾ അവിടെ പോകുന്നു. അത്ര തന്നെ. അന്ന് ഞാൻ എബിയുടെ അടുത്ത് അടിച്ചു പൂസായി ഉറങ്ങി.

അടുത്ത ദിവസം രാവിലെയായി. അവൻ പറഞ്ഞത് പോലെ ഞങ്ങൾ നേരത്തെ ഇറങ്ങി. “എടാ.. എന്നാലും രാവിലെ തന്നെ..…!!” ബസിൽ അടുത്തിരുന്ന അവനോടു ഞാൻ ചോദിച്ചു. “ദേ.. ഇവൻ പിന്നെയും തുടങ്ങി..നീയൊന്നു മിണ്ടാതിരുന്നേ. ഇപ്പോളൊക്കെ തന്നെയാ നേരവും കാലവുമൊക്കെ. ബാക്കിയൊക്കെ വരുന്നിടത്തു വെച്ച് കാണാം. അവൻ വീണ്ടും എനിക്ക് മോട്ടിവേഷൻ തന്നു.

അങ്ങിനെ രാവിലെ ഒരു 10.30 ആയപ്പോൾ ഞങ്ങൾ സ്ഥലമെത്തി. ഒരു പുതിയ സ്ഥലത്തേക്ക് ആദ്യമായി കയറി ചെല്ലുമ്പോൾ ഉള്ള ഒരു ചടപ്പു എനിക്കി നല്ലോണം ഉണ്ടായിരുന്നു. അകത്തേക്ക് കയറാനുള്ള സ്റ്റെപ് കയറിയതും അവിടുത്തെ ഹാളിലെ ഗ്ലാസ്സിലൂടെ ഒരു സുന്ദരിയായ പെൺകുട്ടി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എബി എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, അങ്ങോട്ടും ഇങ്ങോട്ടും വായി നോക്കി നമ്മുടെ വില കളയല്ലെടാ.!!!

പെട്ടെന്ന് സുമുഖനായ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു. “കിച്ചുവും എബിയും അല്ലെ..?”

ഞാൻ അതെയെന്ന് തലയാട്ടി.

ഞാൻ ശ്രീരാഗ്.. ശ്രീയെന്ന് എല്ലാരും വിളിക്കും.. ഇന്നലെ അച്ഛൻ വീട്ടിൽ നിന്നും എന്നെ വിളിച്ചിരുന്നു ഇന്ന് നിങ്ങൾ വരുന്ന കാര്യം പറയാൻ. ഇരിക്കൂ..അവർ കസേര ഇട്ടു തന്നു.ഞങ്ങൾ രണ്ടു പേരും ആ വലിയ ഹാളിൽ ഇരുന്നു.

“കിച്ചുവിന്റെ അച്ഛനെ എനിക്കറിയാം. എന്റെ അച്ഛന്റെ കൂടെ ഒരുമിച്ചു ജോലി ചെയ്തതാണ് പണ്ട്. കിച്ചു ചെറുതാവുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല, അതാ ഇന്ന് തന്നെ വരാൻ പറഞ്ഞെ. വേറെ ഒന്ന് രണ്ടു പേരും ഇന്നലെ വന്നിരുന്നു, അതോണ്ട് ഞാൻ ആ തിരക്കിൽ ആയിരുന്നു ഇന്നലെ. ശ്രീ പറഞ്ഞു നിർത്തി.

ഞാൻ എല്ലാത്തിനും ചിരിച്ചു തലയാട്ടുക മാത്രം ചെയ്തു. എന്നാൽ പിന്നെ നമ്മൾക്ക് ആ ചടങ്ങു തുടങ്ങാമല്ലേ. ശ്രീ അടുത്ത് നിന്ന ചേച്ചിയോട് ഞങ്ങൾക്കു കുടിക്കാൻ വല്ലതും എടുക്കാൻ പറഞ്ഞു. അപ്പോൾ അകത്തു നിന്നൊരു ചേച്ചി ഞങ്ങൾക്കു കൂൾ ഡ്രിങ്ക്സ് കൊണ്ട് തന്നു. അത് സാവദാനം കുടിച്ചു ഞങ്ങൾ പോസ്റ്റായി ഇരിക്കുമ്പോൾ ശ്രീ അവിടെ ചുമരിൽ വെച്ച ഒരു ഫോട്ടോ കാണിച്ചു പറഞ്ഞു “ഇതാണ് അച്ഛൻ പറഞ്ഞ ആൾ. മൂന്ന് ആഴ്ച മുമ്പ് ഒരു ചടങ്ങിൽ എടുത്തതാ.!”

ഞാൻ ചെയറിൽ നിന്നും എണീറ്റു ആ ഫോട്ടോയുടെ അടുത്തേക് പോയി നോക്കി ഒരേ നില്പിൽ കണ്ണും മിഴിച്ചു കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു പോയി. അപ്പോളാണ് പിന്നിൽ നിന്നും എബിയുടെ വിളി. “കിച്ചു..!!” ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടു പിന്നിൽ ആ ഫോട്ടോയിലെ അതെ ലുക്കിൽ വെളുത്തു തൂ വെള്ള നിറമുള്ള നമ്മുടെ താരം ഇങ്ങിനെ നിറഞ്ഞു വന്നു നിൽക്കുന്നു.

“എൻറെ ദൈവമേ.. സത്യം പറഞ്ഞാൽ നിവിൻ പോളി പറഞ്ഞ പോലെ പിന്നെ ചുറ്റുമുള്ളതൊന്നും എനിക്ക് അപ്പോൾ കാണുന്നിലായിരുന്നു. ആ കണ്ണു കളിലേക്കു ഞാൻ കുറെ നേരം നോക്കി നിന്നു പോയി. ഇന്നാരെയാണാവോ കണി കണ്ടേ എന്ന് ഞാൻ ഓർത്തു. ഒരു സെക്കന്റ് ഓപ്ഷൻ ഇല്ലാ. ഇത് തന്നെ മതി എന്ന് ഞാൻ മനസിൽ അപ്പോൾ തന്നെ ഉറപ്പിച്ചു”.

അപ്പോൾ പിന്നിൽ നിന്നും ശ്രീ തമാശ മട്ടിൽ പറഞ്ഞു..”ശരിക്കും കണ്ടോളൂ കേട്ടോ.!” പിന്നെ കണ്ടില്ല എന്ന് പറയരുത്.

ഞാൻ ചിരിച്ചു.

“അല്ല അപ്പോൾ എന്തൊക്കെയാ നിങ്ങൾ ഇത് തീരുമാനമാക്കിയാൽ കൊടുക്കുക..!” എബിയാണ്‌ ചോദിച്ചത്.

“ആറു ലക്ഷം രൂപയാണ് അച്ഛനോട് പറഞ്ഞത്.!!” അത് അക്കൗണ്ടിലേക്കു ഇട്ടാൽ മതിയല്ലോ. ബാക്കിയൊക്കെ നമ്മൾക്ക് പിന്നീടും സംസാരിക്കാമല്ലോ.!!” ശ്രീ മറുപടി പറഞ്ഞു.

അപ്പോൾ ഇത് നമ്മൾ ഉറപ്പിക്കുന്നു. എബിയാണ് ശ്രീയുടെ കയ്യിൽ പിടിച്ചു വാക്കു കൊടുത്തത്.

അങ്ങിനെ ശ്രീയുടെ കയ്യിൽ നിന്നും അപ്പോൾ തന്നെ കീ വാങ്ങൽ ചടങ്ങും കഴിഞ്ഞു ഷോറൂമിൽ നിന്നും ആറ്റു നോറ്റു വാങ്ങിയ എന്റെ ആ പുത്തൻ വെളുത്ത ടിയാഗോ കാറിൽ ഞങ്ങൾ അവിടുന്ന് എന്റെ ആദ്യത്തെ പെണ്ണ് കാണലിനു പോകുകയാണ് മക്കളേ.. പോകുകയാണ്.!!!😜😜

Related Posts

Leave a Reply

Your email address will not be published. Required fields are marked *