എന്റെ ലോകം എന്റെ പ്രൈവസി അതിലേക്ക് കയറി വരാൻ ഞാൻ ആരെയും അനുവദിക്കാറില്ല.എനിക്കു മാത്രമായി ചില നിർബന്ധങ്ങൾ ഉണ്ടായിരുന്നു………

നൈഫ

എഴുത്ത്:-ഫസ്ന സലാം

ഒറ്റപ്പെടൽ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ഞാൻ..

വാപ്പിക്കും ഉമ്മിക്കും ഒരേയൊരു മോൾ

പത്തു വർഷത്തോളം കാത്തിരുന്നു കിട്ടിയ കണ്മണിയായതിനാൽ ഒറ്റപ്പെടലിനെ മറ്റെന്തിനെ ക്കാളും ഞാൻ ആസ്വദിക്കാൻ തുടങ്ങി..

എന്റെ ലോകം എന്റെ പ്രൈവസി അതിലേക്ക് കയറി വരാൻ ഞാൻ ആരെയും അനുവദിക്കാറില്ല..

എനിക്കു മാത്രമായി ചില നിർബന്ധങ്ങൾ ഉണ്ടായിരുന്നു..

എന്റെ സാധനങ്ങൾ വേറാരും ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു

എന്റെ ഡ്രസ്സ്‌ മുതൽ തോർത്തു മുണ്ട്, ഷാമ്പു സോപ്പ്, ഞാനുപയോഗിക്കുന്ന ബെഡ് ഷീറ്റ് പുതപ്പ്,

എന്തിന് പറയുന്നു വീട്ടിൽ എനിക്ക് പ്രതേകമായിട്ടൊരു പ്ലേറ്റും ഗ്ലാസും വരെ ഉണ്ടായിരുന്നു..

അറിയാതെ പോലും എന്റെ വാപ്പിയും ഉമ്മിയും അതിൽ തൊടുക പോലും ചെയ്യില്ല..

അവർക്കറിയാം അതിന്റെ പ്രത്യാഘാതം..

ഇതൊക്ക കാണുമ്പോൾ ബന്ധുക്കൾ പറയും ഒറ്റ മോളായത് കൊണ്ട് കൊഞ്ചിച്ചു വഷളാക്കിയതാണെന്ന്..

പക്ഷെ ഞാനതൊന്നും മൈൻഡ് വെക്കില്ല..

എനിക്കതൊരു തെറ്റായിട്ടും തോന്നിയിട്ടില്ല..

അങ്ങനെ ഡിഗ്രിയൊക്കെ ആയപ്പോഴേക്കും നാട്ടിൽ നല്ലൊരു കോളേജ് ഇല്ലാത്തതിനാൽ ജില്ലക്ക് പുറത്തു ഒരു ഹോസ്റ്റലിൽ ചേരേണ്ടി വന്നു ..

എന്നാൽ എന്റെ ശീലങ്ങൾ വെച്ച് ഹോസ്റ്റലുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ കഴിയുമായിരുന്നില്ല..

അതു വാപ്പിക്കും ഉമ്മിക്കും അറിയാവുന്നത് കൊണ്ട് അവരതികം നിർബന്ധിച്ചതുമില്ല..

പക്ഷെ എന്റെ ഗതികേട് കൊണ്ട് എനിക്ക് ഹോസ്റ്റലിൽ പോവേണ്ടി വന്നു..

എന്റെ മാമന്റെ മോൾ അവിടെയുള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി

അന്വേഷിച്ചു നോക്കിയപ്പോ തിരക്കേടില്ല നല്ല ഹോസ്റ്റലാണ്..

ഞങ്ങൾ മൂന്നു പേരായിരുന്നു റൂമിൽ.. ഒരാഴ്ച കൊണ്ട് തന്നെ ഞാനൊരു വൃത്തി രാക്ഷസിയാണെന്ന് അവർക്ക് മനസ്സിലായി..

ബുധനാഴ്ചകളിൽ കളർ ഡ്രസ്സിടുന്ന സമയത്തു

എല്ലാവരും മറ്റുള്ളവരുടെ ഡ്രെസ്സുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയുടുക്കും..

പരസ്പരം ചോദിക്കാതെയാവും അവർ എടുത്തിടുന്നത്.

പക്ഷെ എന്തു കൊണ്ടോ അവരെന്നോട് ഒരു വട്ടം പോലും ചോദിച്ചിട്ടില്ല..

എന്റെ നിർബന്ധങ്ങളുമായി അവർ പൊരുത്ത പ്പെട്ടു പോയി..

സത്യത്തിൽ അവരെന്നേയായിരുന്നു അഡ്ജസ്റ്റ് ചെയ്തോണ്ടിരുന്നേ..അതെനിക്കറിയാമായിരുന്നു..

ഞാനവിടെ ഒരു പരാതിയുമില്ലാതെ നിൽക്കുന്നു ന്നറിഞ്ഞപ്പോൾ വാപ്പിക്കും ഉമ്മിക്കും ഒരുപാട് സന്തോഷം തോന്നി ..

അവർ കരുതിത് ഒരു മാസം കഴിഞ്ഞ ഞാനവിടം വിട്ടു പോരുമെന്നാണ്..

അങ്ങനെ ഡിഗ്രി കഴിഞ്ഞു.. വിവാഹാലോചനകൾ തുടങ്ങി…

നല്ലൊരു ആലോചന വന്നപ്പോൾ ഉമ്മിയുടെ നിർബന്ധം മൂലം ഞാനും സമ്മതിച്ചു..

നാലാൺ മക്കളുള്ള വീട്ടിലേക്കായിരുന്നു എന്നെ കെട്ടിച്ചു വിട്ടത്…

കെട്ട്യോൻ അലീഫ് ടൗണിൽ തന്നെ ഒരു തുണികട സ്വന്തമായിട്ട് നടത്തുന്നു..

മൂന്നു വർഷം വിജയകരമായി ഹോസ്റ്റൽ ജീവിതം പൂർത്തിയാക്കിയതിനാൽ

വാപ്പിക്കും ഉമ്മിക്കും എന്റെ കാര്യത്തിൽ ഭയങ്കര വിശ്വാസമായിരുന്നു..

എല്ലാ സാഹചര്യവുമാവും ഞാൻ പൊരുത്തപ്പെട്ടു പോകുമെന്ന് അവർ ഉറപ്പിച്ചു

പക്ഷെ കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ നല്ല മുട്ടൻ പണി കിട്ടി..

രാവിലെ കെട്ട്യോനു കോഫി കൊണ്ടു കൊടുക്കാൻ റൂമിലെത്തിയപ്പോൾ ദേ എന്റെ തോർത്തു മുണ്ടടുത്തു നിൽക്കുന്നു മഹാൻ..

എനിക്കങ്ങു ഇരച്ചു കയറി..കല്യാണം കഴിഞ്ഞു ഒരു ദിവസമെ ആയുള്ളൂ എന്തെങ്കിലും പറഞ്ഞാൽ എന്നെ പറ്റി എന്തു വിചാരിക്കും..

എന്റെ നോട്ടം കണ്ടു അങ്ങേരു നാണത്തോടെ നെഞ്ചിനു കുറുകെ കൈ വെക്കുന്നു..

അയ്യേ…എന്നെ തെറ്റിദ്ധരിച്ചതിൽ ചമ്മൽ തോന്നി ..

‘കോഫി അവിടെ വെച്ചേക്കൂ നൈഫൂ..’

ഞാൻ ദേഷ്യത്തോടെ ഗ്ലാസ് മേശമേൽ അമർത്തി വെച്ചു…

അതു കണ്ടപ്പോൾ അങ്ങേരൊന്നും മനസ്സിലാവാത്ത പോലെ എന്നെ തന്നെ നോക്കി..

എന്തെന്നറിയില്ല ഒരു നിസാര കാര്യമാണെങ്കിലും.. അതെന്നെ കുത്തി നോവിച്ചോണ്ടിരുന്നു ..

നാളെ മുതൽ എന്റെ സോപ്പും തോർത്തു മുണ്ടുമൊക്കെ എടുക്കുവോന്നായിരുന്നു ടെൻഷൻ മുഴുവൻ ..

എന്റെ മുഖത്തേ വല്ലായ്മ കണ്ടിട്ടാവണം അങ്ങേര് രാത്രിയായപ്പോൾ കാര്യം ചോദിച്ചു..

‘എന്തു പറ്റി നിനക്ക്… എന്നെയും ഇവിടെ ഉള്ളവരെയൊന്നും ഇഷ്ടപ്പെട്ടില്ലേ..’

‘ഏയ്യ് അതൊന്നുമല്ല…’

‘പിന്നെന്താ ആകെയൊരു വിഷമം പോലെ..’

‘അതുപിന്നെ.. നിങ്ങൾക്ക് സ്വന്തമായിട്ട് മുണ്ടില്ലേ…’

‘എന്തു…’അങ്ങേര് എണീറ്റിരുന്നു ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ എന്നെ നോക്കി..

‘ഞാനെന്റ മുണ്ടു തന്നെയാണല്ലോ ഉടുത്തിരിക്കുന്നെ…’

ആൾ സംശയത്തോടെ മുണ്ട് തപ്പി നോക്കി..

‘അതല്ല തോർത്തു മുണ്ട്..’

‘ങേ അതെന്താ നീ അങ്ങനെ ചോദിച്ചേ..’

‘അതു പിന്നെ… ഞാനുപയോഗിക്കുന്ന സാധനങ്ങളാരും എടുക്കുന്നത് എനിക്കിഷ്ടവല്ല..’

‘ഓഹ്..’ആളൊരു താല്പര്യമില്ലാത്ത മട്ടിൽ മൂളി..

എന്തെങ്കിലും എതിർത്തു പറയുമെന്ന് പേടിച്ചു ഞാൻ ..

പക്ഷെ അതുണ്ടായില്ല.. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ആൾ പറഞ്ഞു..

‘സോറി.. ഇവിടങ്ങനെ വേർതിരിവൊന്നുമില്ല എല്ലാ സാധനങ്ങളും എല്ലാരും ഉപയോഗിക്കും..’

‘പക്ഷെ..”

ഞാൻ പറയാൻ വന്നതും ആളെന്നെ വിലക്കി..

“മനസ്സിലായി നിനക്ക് കുറച്ചു വൃത്തി കൂടുതലാണെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..’

പിന്നെ ആ സംസാരം അവിടെ അവസാനിച്ചു..

രാത്രി ഞങ്ങളെല്ലാരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാ…മൂപ്പരുടെ രണ്ടു ചേട്ടൻന്മാരും ഗൾഫിൽ ആയിരുന്നു..

കല്യാണം പ്രമാണിച്ചു അവരെല്ലാരും നാട്ടിൽ വന്നിരുന്നു ..

ആദ്യം ആണുങ്ങൾ ഇരിക്കും അവർക്കാവിശ്യമുള്ളത് ഇട്ടു കൊടുക്കാൻ ഭാര്യമാർ സമീപത്തു തന്നെ ഉണ്ടാകും..

അതെല്ലാം ഒക്കെ.. പക്ഷെ എന്നെ ചൊടിപ്പിച്ചതു വേറൊരു കാര്യമാണ് ..

ആൾടെ ചേട്ടൻന്മാർ കഴിച്ച അതെ പ്ലേറ്റിൽ തന്നെയായിരുന്നു അവരുടെ ഭാര്യമാരും കഴിച്ചോണ്ടിരുന്നേ..

അവിടെ അങ്ങനെ കഴിക്കണമെന്ന് നിർബന്ധവൊന്നും ഇല്ലാട്ടോ

സ്നേഹമുള്ള ഭാര്യമാർ അങ്ങനെയാണത്ര..അവിടുത്തെ ഉമ്മയും അങ്ങനെയായിരുന്നു..

എനിക്കത് കണ്ടപ്പോൾ അറപ്പാണ് തോന്നിയത്..

അയ്യേ ഒരാൾ കഴിച്ച അതെ പ്ലേറ്റിൽ ഒന്നു കഴുകുക പോലും ചെയ്യാതെ..

എന്റെയീ മുഖഭാവം കണ്ടപ്പോ തന്നെ അലീഫിക്കക്ക് കാര്യം മനസ്സിലായി..

അങ്ങേര് ആരും കാണാതെ പ്ലേറ്റ് കഴുകി എന്റെ കയ്യിൽ കൊണ്ട് തന്നു…

മൂത്ത ചേട്ടന്റെ ഭാര്യ അത് കണ്ടു ചിരിക്കേം ചെയ്തു.. ഞാനാകെ നാണം കെട്ടു പോയി..

വീട്ടിൽ വാഷിംഗ്‌ മെഷീൻ ഉണ്ടങ്കിലും ആൾടെ ഡ്രസ്സ്‌ അലക്കു കല്ലിന്മേൽ തിരുമ്പണമെന്ന നിർബന്ധം ഉണ്ടായിരുന്നു..

ഉമ്മ അതന്നോട് പറയേം ചെയ്തു

അത് വരെ ഉമ്മായായിരുന്നു തിരുമ്പി കൊണ്ടിരുന്നേ …

ഉമ്മാക്ക് നടു വേദനയായപ്പോൾ ഇക്കാ തന്നെ തിരുമ്പി..

കല്യാണം കഴിഞ്ഞിട്ടും ആൾ തിരുമ്പുന്നത് കണ്ടു ഉമ്മ കാരണം ചോദിച്ചു..ഞാനപ്പോ അടുത്തു തന്നെ ഉണ്ടായിരുന്നു..

അപ്പോഴും ഇക്കാ എനിക്കനുകൂലമായി പറഞ്ഞു.. അവൾ തിരുമ്പിയാ ഷർട്ടിന്റെ ബട്ടൻസൊക്കെ പൊട്ടി പോകുന്നു.. വൃത്തിയാവുന്നുവില്ലന്നൊക്കെ ..

അതു കേട്ടപ്പോൾ ആദ്യമായി നെഞ്ചിനകത്തൊരു കുത്തൽ വന്നു..

യഥാർത്ഥ കാരണം ഞങ്ങൾക്ക് മാത്രവേ അറിയൂ…

ആരുടേം മുഷിഞ്ഞ ഡ്രസ്സ്‌ അലക്കാൻ പോയിട്ട് കൈ കൊണ്ടു തൊടാൻ പോലും എനിക്കിഷ്ടമല്ലായിരുന്നു..

അത് അലീഫിക്കക്ക് അറിയേം ചെയ്യാം..

ഒരിക്കൽ പോലും നീ ചെയ്യുന്നത് ശരിയല്ലന്നു പറഞ്ഞു കുറ്റപ്പെടുത്തിട്ടില്ല..

മറിച്ച് എന്റെ സ്വഭാവത്തിനനുസരിച്ചു എന്നെ അഡ്ജസ്റ്റ് ചെയ്യുകയാണ് ചെയ്തത്..

ഒരു വർഷം ശര വേഗത്തിൽ കടന്നു പോയി..

ഞങ്ങൾക്കിടയിൽ വലിയ വലിയ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല..

എന്നോട് ഭയങ്കര സ്നേഹവായിരുന്നു..

ചില സമയത്തൊക്കെ എനിക്കു തോന്നും അലീഫിക്കയല്ലാതെ വേറെരാൾ ആണ് എന്റെ ജീവിതത്തിൽ വന്നിരുന്നെങ്കിൽ ഒരിക്കലും ഒത്തു പോകില്ലന്ന് ..

ഒരു ദിവസം ഉച്ച കഴിഞ്ഞു ഒന്നു മയങ്ങിയപ്പോഴാണ് ഒരു ഫോൺ കാൾ വന്നത്..

ഇക്കാക്കടേ ബൈക്കും വേറൊരു കാറും കൂട്ടിയിടിച്ചുന്നു…

ഞാനാകെ പേടിച്ചു പോയി ഭാഗ്യത്തിനു കൈക്ക് മാത്രമെ പരിക്ക് ഉണ്ടായിരുന്നുള്ളൂ..

വലതു കൈ ഒടിഞ്ഞു.. പിന്നെ നെറ്റിയും പൊട്ടിയിട്ടുണ്ട് കാൽ മുട്ടിന്റെ തൊലിയും ചീന്തിപോയിട്ടുണ്ട്..

അന്നു തന്നെ ഹോസ്പിറ്റലിൽ നിന്നും ഡ്രസ്സ്‌ ചെയ്തു വീട്ടിൽ കൊണ്ടു വന്നു..

കൈക്ക് നല്ല പരിക്കുള്ളത് കൊണ്ട് ഒരു മാസം റസ്റ്റടുക്കാൻ പറഞ്ഞു..

ഭക്ഷണം കഴിക്കാനും ബാത്ത് റൂമിൽ പോവാനുമൊക്ക പര സഹായം വേണം..

റൂമിലെത്തിയപ്പോൾ തൊട്ട് ആൾ ഭയങ്കരമായി അസ്വസ്ഥത പെടുന്നു..

ഞാൻ വിചാരിച്ചു വേദന കൊണ്ടായിരിക്കുമെന്ന് പക്ഷെ യഥാർത്ഥ കാരണം അതല്ലായിരുന്നു..

ഇടയ്ക്കിടെ എന്റെ മുഖത്തോട്ടിങ്ങനെ നോക്കിയപ്പോൾ ഞാൻ കാര്യം തിരക്കി..

നിനക്ക് ബുദ്ധിമുട്ടായില്ലേ ന്ന് പറഞ്ഞപ്പോ എന്റെ തൊണ്ടയിൽ നിന്നൊരു തേങ്ങൽ വന്നു..

ഭക്ഷണം കൊടുക്കാൻ വേണ്ടി റൂമിലേക്ക് വന്നപ്പോ പറഞ്ഞു ഞാൻ ഇടതു കൈ കൊണ്ടു കഴിച്ചോളാം ന്ന്..

അതു കേട്ട് ഉമ്മാ വന്നു… അതെന്തിനാ നീ കൈക്കു വയ്യാതെ കഷ്ടപ്പെടുന്നേ ഞാൻ വാരി തരാമെന്ന് പറഞ്ഞു ..

അപ്പോൾ ഞാൻ പറഞ്ഞു വേണ്ട ഞാൻ വാരി കൊടുത്തോളാം ന്ന്..

ഉമ്മാടേ മുന്നിൽ നാണം കെടാതിരിക്കാക്കാനാണ് അങ്ങനെ പറഞ്ഞെന്നാ ആൾടെ വിചാരം..

പക്ഷെ ഞാൻ കാര്യമായിട്ടായിരുന്നു പറഞ്ഞെ..

എന്നോടൊരു സ്പൂൺ കൊണ്ടു വരാൻ പറഞ്ഞു എന്നിട്ട് അതു കൊണ്ട് കോരി തന്നാൽ മതി ന്ന് പറഞ്ഞപ്പോൾ ഞാൻ പാതി മനസ്സോടെ സമ്മതിച്ചു..

രാവിലെ അപ്പവും ഇഡലിയൊക്കെ ആവുമ്പോ ഉമ്മ കാണാതെ ഇടതു കൈ കൊണ്ട് കഴിക്കും ചോറൊക്കെ സ്പൂൺ കൊണ്ടും കഴിക്കും..

കുളിക്കാൻ വേണ്ടി ഉമ്മാ നിർബന്ധിച്ചപ്പോൾ ആൾ സമ്മദിക്കുന്നെയില്ല..

എത്ര ദിവസം ഇങ്ങനെ കുളിക്കാതെ കിടക്കുമെന്ന് ചോദിച്ചപ്പോൾ പിന്നെ സമ്മതിച്ചു..

ബാത്റൂമിൽ നിന്നും ഡ്രസ്സല്ലാം അഴിച്ചു കൊടുത്തു തോർത്തു മുണ്ടും ചുറ്റി സ്റ്റൂളി ഇരുത്തിയപ്പോൾ മൂപ്പരെന്നേ നോക്കുന്നെയില്ല..

ഞാൻ ഗതി കേട് കൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നേന്നാണ് മൂപ്പർടേ വിചാരം..

കൊച്ചു കുട്ടികളെ പോലെ തല താഴ്ത്തിയിരിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി ..

മുതുകെല്ലാം ഉരച്ചു കൊടുത്തു കാൽ പാദം എത്തിയപ്പോൾ ആളെന്നെ വിലക്കി..

കാലിന്റെ നഖമെല്ലാം ഞാൻ ഉരക്കാമെന്ന് പറഞ്ഞു കുമ്പിട്ടതും കൈ ഇളകി ഉമ്മാ ന്നുറക്കെ വിളിച്ചു ..

അതു കേട്ടോടി കൊണ്ട് ഉമ്മ വന്നു എന്നിട്ട് വാതിൽ മുട്ടി എന്താ നൈഫൂ ന്ന് ചോദിച്ചു..

കൈ ഇളകിയാതാന്നു പറഞ്ഞപ്പോൾ ഓനോട് മര്യാദക്ക് ഇരിക്കാൻ പറ എന്തിനാണിത്ര ദൃതി ന്നും ചോദിച്ചു വഴക്ക് പറഞ്ഞു..

പിന്നെ ആൾടെ സമ്മതമൊന്നും ഞാൻ ചോദിച്ചില്ല..

കാലും നഖവുമെല്ലാം ഉരച്ചു കൊടുത്തു സോപ്പിട്ട് തലയും കഴുകി കൊടുത്തു..

ശേഷം ഉണങ്ങിയ മുണ്ട് കൊണ്ടു തോർത്തി കൊടുത്തു..

അതെല്ലാം സ്വന്തമായിട്ട് ചെയ്തു കൊടുത്തപ്പോൾ എന്റെ മനസ്സ് നിറഞ്ഞ പോലെ..

ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊക്കെ..

എന്നെ കൊണ്ടിതെല്ലാം സാധിച്ചല്ലോ എന്നോർത്തു സ്വയം അഭിമാനം തോന്നി..

പക്ഷെ നേരെ മറിച്ചായിരുന്നു ഇക്കാടെ അവസ്ഥ..

ബൈക്കെടുത്തു റോഡിലിറങ്ങാൻ തോന്നിയ മനസ്സിനെ സ്വയം ശപിച്ചു കൊണ്ടിരുന്നു..

ആൾക്ക് കുറ്റബോധം കൊണ്ട് മനസ്സ് നീറുന്ന പോലെ തോന്നി..

ഇനി ഒരു മാസത്തോളം എന്നെ ബുദ്ധിമുട്ടിക്കണ്ടേ എന്നോർത്തിട്ടാണ്..

മുഷിഞ്ഞ തുണിയും കുപ്പായവും അടി വസ്ത്രവും ബക്കറ്റിലിടുന്നത് കണ്ടപ്പോൾ..

പിറകിൽ നിന്നും എന്നെ വിളിച്ചു.. എന്നിട്ട് പറഞ്ഞു അലക്കു കല്ലിൽ തിരുമ്പണ്ട വാഷിംഗ്‌ മെഷീനിൽ ഇട്ടോളാൻ..

അതു കേട്ടെന്റെ നെഞ്ചു പൊടിഞ്ഞു പോയി ആക്സിഡന്റ് പറ്റിയ അന്നു ഷർട്ടിലും മുണ്ടിലും ഒരുപാട് രക്തം കൊണ്ടിരുന്നു..

അതെല്ലാം ഞാൻ കല്ലിലുരച്ചു തിരുമ്പിയത് പറയട്ടെ ന്ന് കരുതി പിന്നെ തോന്നി വേണ്ടാന്ന്…

ഞാൻ കണക്ക് പറയാന്നു വിചാരിച്ചാലോ..

മുണ്ടുടുക്കാൻ മാത്രം എനിക്കറിയില്ലായിരുന്നു..

ഒരു സൈഡ് നീട്ടി പിടിച്ചു ചുറ്റാൻ പറഞ്ഞു ഞാനത് പോലെ ചെയ്തു..

എന്നിട്ട് രണ്ടു സൈഡിലും മുണ്ടിന്റെ അറ്റം കുത്തി കൊടുത്തപ്പോൾ..

ആൾ നാണത്തോടെ എന്നെ നോക്കി ചിരിച്ചു..

അന്നുച്ചക്ക് ചോറും കൊണ്ട് ഞാൻ റൂമിൽ പോയി.. ആൾ കുളിയെല്ലാം കഴിഞ്ഞു ചെറുതായൊന്നു മയങ്ങിയിരുന്നു..

ഞാൻ അടുത്തു ചെന്നു വിളിച്ചു പാട്ടയിൽ വെള്ളമെടുത്തു കൈ കഴുകി കൊടുത്തു..

സ്പൂണെടുത്തു കോരി കൊടുക്കാൻ നിന്നപ്പോൾ ആൾ എന്റെ കയ്യിൽ നിന്നും സ്പൂൺ വാങ്ങി

എന്നിട്ട് ഇടതു കൈ കൊണ്ട് കോരി തിന്നാൻ തുടങ്ങി..

ബുദ്ധിമുട്ടി കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല..

ആ സ്പൂൺ വാങ്ങി ഞാൻ ബെഡിലേക്കെറിഞ്ഞു..

എന്നിട്ട് കറിയും പപ്പടവും മീനിന്റെ കഷ്ണവുമെല്ലാം ചോറിൽ കുഴച്ചു വാരി കൊടുത്തു..

ആളെന്നേ കണ്ണും മിഴിച്ചു നോക്കുവായിരുന്നു..

വാ തുറന്നോളാൻ പറഞ്ഞപ്പോൾ അനുസരണയോടെ തുറന്നു..

എല്ലാം കഴിച്ചു താഴെ വീണ വറ്റല്ലാം പൊറുക്കിയെടുത്തപ്പോൾ പറഞ്ഞു..

ഇനി ഇരുപത് ദിവസം കൂടിയേ ഒള്ളൂ… നീ ഒരുപാട് കഷ്ടപ്പെടുന്നു ല്ലേ ചോദിച്ചപ്പോൾ..

അനുസരണയില്ലാതെ എന്റെ കണ്ണു നിറഞ്ഞു ആൾടെ കാൽ പാദത്തിൽ ഇറ്റി കൊണ്ടിരുന്നു ..

ആ കണ്ണീരിന്റെ അർഥം ഞാൻ പറഞ്ഞു കൊടുക്കാതെ മൂപ്പർക്ക് മനസ്സിലായിരുന്നു..

സ്നേഹം കൊണ്ട് മാറ്റാൻ പറ്റാത്ത ഒരു ദുശീലങ്ങളും നമ്മുടെ ജീവിതത്തിലില്ലന്ന് മനസ്സിലാക്കുകയായിരുന്നു ഞാൻ..

വർഷം അഞ്ചു കഴിഞ്ഞു..

എനിക്കിപ്പോ രണ്ടു മക്കളായി..ഒരാണും ഒരു പെണ്ണും

മൂത്ത മോൾക്ക് എന്റെ അതെ സ്വഭാവമായിരുന്നു..

അവളുടെ സാധനങ്ങൾ ആരും തൊടാൻ പാടില്ല..

ചെറുപ്പത്തിലെ അവളിൽ സ്വാർത്ഥത വളരുന്നത് ഞാൻ കണ്ടു..

അനിയനുമായി ഒരു വിട്ടു വീഴ്ചയും ചെയ്യില്ല വാപ്പ എന്തു കൊണ്ടു വന്നാലും ഷെയർ ചെയ്തു കഴിക്കില്ല..

ഒരാൾ കഴിച്ച ബാക്കി കഴിക്കില്ല..

അവളുടെ ബർത്ത്ഡേ ന്റെ അന്ന് കേക്ക് മുറിച്ചപ്പോൾ എനിക്കും ഇക്കാക്കും കേക്ക് വായിൽ വെച്ചു തന്നതിനു ശേഷം..

വാഷ് സ്‌പേസിൽ പോയി കൈ കഴുകുന്നത് കണ്ടു..

അതു കണ്ടപ്പോൾ അലീഫ്ക്ക എന്റെ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു..

നിന്റെ അതെ അച്ചാണെന്ന് പറയാതെ പറയുകയായിരുന്നു..

ആഘോഷമെല്ലാം കഴിഞ്ഞതിനു ശേഷം ഞാനവളോട് ചോദിച്ചു നീയെന്തിനാ കൈ കഴുകിയെ ന്ന്..

അന്നേരം അവൾ പറയുവാ നിങ്ങടെ വായിലെ തുപ്പൽ എന്റെ വിരലിൽ കൊണ്ടില്ലേന്ന്..

അതും പറഞ്ഞവൾ അറപ്പോടെ ചുണ്ടു മലർത്തി..

അതെന്താ ഞങ്ങടെ തുപ്പലിൽ വിഷമുണ്ടോ ന്ന് ഞാൻ ചോദിച്ചു..

നീയെന്റെ വയറ്റിൽ ഉണ്ടായതല്ലേ എന്റെ കൈ കൊണ്ട് നിനക്കെത്ര ചോറ് വാരി തന്നിട്ടുണ്ട്..

നീ മൂത്രമൊഴിച്ചത് അപ്പിയിട്ടത് എല്ലാം ഈ കൈ കൊണ്ട് ഞാൻ വൃത്തിയാക്കിട്ടുണ്ട്..

അന്നേരം എനിക്കൊട്ടും അറപ്പു തോന്നിയില്ലല്ലോ ന്ന് ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല..

അത് മാത്രവല്ല നിനക്ക് കുറെ ദുശീലങ്ങളുണ്ട് നിന്റെ അനിയനല്ലേ അവൻ..

അവൻ കഴിച്ച ബാക്കി തിന്നില്ല അവനൊന്നും കൊടുക്കില്ല.. ഇതൊക്ക നിനക്ക് ഭാവിയിൽ ദോഷം ചെയ്യും മോളെ..

എപ്പഴും പങ്കു വെച്ചു കഴിക്കാൻ പഠിക്കണം.. ഏതു സാഹചര്യവുമായും പൊരുത്തപ്പെടണമെങ്കിൽ കുറച്ചൊക്കെ വിട്ടു വീഴ്ചകൾ ചെയ്യണം..

എല്ലാം കേട്ടു കഴിഞ്ഞ തിനു ശേഷം സോറി ഉമ്മാ ഇനി ഒരിക്കലും അങ്ങനെ യൊന്നും പ്രവർത്തിക്കില്ല ന്നു പ്രോമിസ് ചെയ്തു പറഞ്ഞപ്പോൾ..

ജീവിതത്തിൽ എന്തൊക്കയൊ നേടിയ സന്തോഷമായിരുന്നു എനിക്ക് ..

ഇതെല്ലാം കേട്ട് കൊണ്ട് വാതിൽ പടിയ്ക്കൽ അലീഫിക്ക ഉണ്ടായിരുന്നു..

ആൾ കണ്ണിറുക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ പറയാൻ പറ്റാത്ത സന്തോഷം തോന്നി…

അന്നന്റെ വാപ്പിയും ഉമ്മിയും എന്നെ തിരുത്താത്തത് ഞാനിന്നെന്റെ മോളെ തിരുത്തി..

ഒരു പക്ഷെ അലീഫിക്കയെ പോലെ ഒരാളെ എന്റെ മോൾക്ക് കിട്ടിയില്ലങ്കിലോ..

✍️fasna salam

Related Posts

Leave a Reply

Your email address will not be published. Required fields are marked *