Story written by NISHA L
ഇരുട്ടിൽ തന്റെ ശരീരത്തിൽ ആരോ പരതുന്നത് പോലെ തോന്നി ഒൻപതു വയസുകാരി ചിന്നു മോൾ ഞെട്ടി ഉണർന്നു. അവൾ പേടിച്ചു ശ്വാസം അടക്കി കിടന്നു. കള്ളന്മാർ ആയിരിക്കുമോ, അതോ പ്രേതമോ.. അവൾ അടുത്തു കിടന്ന അഞ്ചു വയസുകാരൻ അനിയൻ അപ്പുവിനെ കൈ കൊണ്ട് പരതി നോക്കി.. ഭാഗ്യം അപ്പു അടുത്തുണ്ട്.. അവൾ പെട്ടെന്ന് വെട്ടി തിരിഞ്ഞു അപ്പുവിനോട് ചേർന്നു കിടന്നു. അവളുടെ അനക്കം കണ്ടു ആ കറുത്ത രൂപം റൂമിനു വെളിയിലേക്ക് പോയി..
പിറ്റേന്ന് രാവിലെ..
“അമ്മേ ഇന്നലെ രാത്രിയിൽ എന്റെ അടുത്ത് കള്ളൻ വന്നു. സ്വർണം ഒന്നും ഇല്ലാത്തത് കൊണ്ട് എന്നെ ഒന്നും ചെയ്തില്ല.. “
സീത അവളെ സംശയത്തോടെ നോക്കി..
“മോൾ സ്വപ്നം കണ്ടതായിരിക്കും..
“അല്ല അമ്മേ.. ഞാൻ കണ്ടു… പേടിച്ചിട്ടു എനിക്ക് ഒച്ച വരാഞ്ഞതാ. അല്ലെങ്കിൽ ഞാൻ അമ്മയെ വിളിച്ചേനെ.. “
“മോള് പേടിക്കണ്ട.. ഇനി അങ്ങനെ കണ്ടാൽ അപ്പുവിനെ വിളിച്ചു ഉണർത്തണം കേട്ടോ..അപ്പൂമോനെ… ചേച്ചി വിളിച്ചാൽ മോൻ എഴുന്നേൽക്കണേ…
അപ്പു തല കുലുക്കി സമ്മതിച്ചു.
സീതയുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ വന്നു മൂടി..
ചിന്നു മോൾ സ്വപ്നം കണ്ടതായിരിക്കുമോ, അതോ ഉറക്കത്തിൽ തോന്നിയതോ..കള്ളന്മാർ ഈ വീട് കണ്ടാൽ കയറില്ല.. ഇവിടെ എന്തിരുന്നിട്ട… ഇനി കുഞ്ഞിനെ ആരെങ്കിലും ഉപദ്രവിക്കാൻ…. അയ്യോ…എന്തായാലും സൂക്ഷിക്കണം.. കുഞ്ഞുങ്ങൾ വീട്ടിൽ പോലും സുരക്ഷിതർ അല്ലാത്ത കാലമാ..
രഘുവേട്ടനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. മദ്യപിച്ചു എന്നെ ഉപദ്രവിക്കണം എന്ന് മാത്രം ചിന്തിച്ചു ജീവിക്കുന്ന മനുഷ്യനാ..
🔹🔹🔹
“രഘുവേട്ട ചിന്നുമോൾ നന്നായി പഠിക്കുന്ന കുട്ടിയായത് കൊണ്ട്,, അവളെ മഠത്തിന്റെ ഹോസ്റ്റലിൽ നിന്ന് പഠിക്കാനുള്ള ഏർപ്പാട് ചെയ്തു തന്നിട്ടുണ്ട് സിസ്റ്റർ. നന്നായി പഠിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ tuition പോലെ എന്തൊക്കെയോ ക്ലാസുകൾ ഉണ്ടെന്ന് സിസ്റ്റർ പറഞ്ഞു… “!!
“എന്തിനു.. അതൊന്നും വേണ്ട.. “
“അയ്യോ.. കുഞ്ഞിന്റെ ഭാവിയുടെ കാര്യമല്ലേ.. എതിരു പറയല്ലേ രഘുവേട്ട.. “അവൾ കേണുപറഞ്ഞു..
മദ്യത്തിന്റെ ലഹരിയിൽ രഘു അവസാനം സമ്മതിച്ചു. പിറ്റേന്ന് തന്നെ ചിന്നുവിനെ ഹോസ്റ്റലിലേക് മാറ്റി.
🔹🔹
ഒരു ദിവസം രക്തം ഛർദിച്ചു വീണ രഘുവിനെ ആശുപത്രിയിൽ ആക്കി. സ്ഥിരം മദ്യപാനികൾക്ക് വരുന്ന കരൾ രോഗം രഘുവിനെയും കീഴ്പ്പെടുത്തി.
ആശുപത്രിവാസം കഴിഞ്ഞു വീട്ടിൽ എത്തിയ ദിവസം..
വീടാകെ പൊടി പിടിച്ചു പോയി. മുറി വൃത്തിയാക്കി രഘുവിനെ കിടത്തി, ശേഷം സീത കഞ്ഞിക്കു വെള്ളം അടുപ്പിൽ വെച്ചു , വീട് തൂത്തു വൃത്തിയാക്കി. തേങ്ങ തിരുമ്മി കുറച്ചു ചമ്മന്തിയും അരച്ചു പപ്പടവും ചുട്ടു രഘുവിന് കഞ്ഞിയും മരുന്നും കൊടുത്തു.
അപ്പുവിനെ അമ്മ വീട്ടിൽ ആക്കിയാണ് ഹോസ്പിറ്റലിൽ പോയിരുന്നത്. അവനെ വിളിച്ചോണ്ട് വരണം. രഘുവിനോട് പറഞ്ഞു, അവൾ അപ്പുവിനെ കൂട്ടാൻ പോയി.
ഹോസ്പിറ്റലിൽ വലിയ ഒരു തുകയായി. പലരോടും കടം വാങ്ങിയാണ് അടച്ചത്. ആ കടങ്ങൾ വീട്ടണം. വീട്ടു ചിലവ്, കുട്ടികളുടെ പഠനം, രഘുവിന്റെ മരുന്ന്, ചെക്കപ്പ്.. വലിയ ഒരു ബാധ്യതയാണ് ഇപ്പോൾ തന്റെ ചുമലിൽ എന്ന് സീത തിരിച്ചറിഞ്ഞു.
മുൻപും രഘു വീട്ടു കാര്യങ്ങൾ ഒന്നും നോക്കാറില്ല. താൻ അടുക്കള പണി എടുത്താണ് ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. രണ്ടു മൂന്നു വീട്ടിൽ ജോലിക്ക് നിക്കുന്നുണ്ട്. ഇനി കൂടുതൽ ജോലി ചെയ്യേണ്ടി വരും. കുറച്ചു തയ്യൽ പണികൾ അറിയാം. പക്ഷേ ഒരു മെഷീൻ വാങ്ങാൻ ഉള്ള പണമില്ല. ജോലിക്ക് നിക്കുന്ന ശാന്തി ചേച്ചിയുടെ വീട്ടിൽ ഒരു പഴയ മെഷീൻ ഉണ്ട്. കുറച്ചു പൈസ കൊടുത്തു വാങ്ങാൻ പറ്റുമോന്ന് നോക്കണം. !!
🌷🌷
ജോലികൾ ഒതുക്കി ഇറങ്ങാൻ നേരം സീത..
“ശാന്തി ചേച്ചി.. ഇവിടെ ഒരു പഴയ തയ്യൽ മെഷീൻ ഇല്ലേ.. അതെനിക്ക് തരുമോ..ജോലി ചെയ്തു ഞാൻ അതിന്റെ കടം വീട്ടി കൊള്ളാം… “!
“അതിനെന്താ സീതേ.. അതിവിടെ വെറുതെ പൊടി പിടിച്ചു കിടക്കുകയല്ലേ..നീയെടുത്തോ… വിലയൊന്നും തരണ്ടാ.. രഘുവിന്റെ ചികിത്സ എല്ലാം കൂടി വന്നപ്പോൾ വലിയ ബുദ്ധിമുട്ടായി അല്ലെ സീതേ.. !””
“അതെ ചേച്ചി… ഒരു തയ്യൽ മെഷീൻ ഉണ്ടെങ്കിൽ രാത്രി ഇരുന്നു ജോലി ചെയ്യാമല്ലോ.. അതു വിചാരിച്ചാ.. “
“നീയെടുത്തോ സീതേ.. എന്റെ രണ്ടു ബ്ലൗസ് പീസ് കൂടി തരാം. നീയത് തയ്ച്ചു താ… ഉത്ഘാടനവും ഞാൻ തന്നെ ആയിക്കോട്ടെ…”!!
“സന്തോഷം ചേച്ചി… ഞാൻ തയ്ച്ചു തരാം. “സീത ഉത്സാഹത്തോടെ പറഞ്ഞു. ദൈവം നേരിട്ട് ശാന്തി ചേച്ചിയുടെ രൂപത്തിൽ വന്നത് പോലെ തോന്നി സീതക്ക്.
🌷🌷
പകലിലെ ജോലി എല്ലാം കഴിഞ്ഞു, രാത്രി വൈകിയും സീത വിശ്രമമില്ലാതെ ജോലി ചെയ്തു.
“സീതേ കുറച്ചു വെള്ളം ഇങ്ങെടുത്തേ.. “
“അടുക്കളയിൽ ഉണ്ട് രഘുവേട്ട.. എടുത്തു കുടിക്ക്.. “!!
“ങേ.. !!എടുത്തു കുടിക്കാനോ..? “
“അതെ.. എടുത്തു കുടിക്കാൻ തന്നെ.. “
“ആഹാ.. അത് കൊള്ളാല്ലോ.. എനിക്ക് ഇത്തിരി വെള്ളം എടുത്തു തരാൻ വയ്യാ അല്ലെ..? “
“നിങ്ങടെ കൈയും കാലുമൊന്നും തളർന്നു കിടക്കുവല്ലല്ലോ.. ഇത്തിരി വെള്ളം എടുത്തു കുടിച്ചാൽ എന്താ..?.. നിങ്ങൾക്കും കൂടി വേണ്ടിയല്ലേ ഞാൻ ഈ രാപകൽ ഇല്ലാതെ അധ്വാനിക്കുന്നത്.. നല്ല കാലത്ത് ഒന്നും സമ്പാദിച്ചു വെച്ചില്ലല്ലോ… കിട്ടിയത് മുഴുവൻ ചാരായഷാപ്പിൽ തീർത്തില്ലേ… എന്നിട്ടിപ്പോ എന്നോട് അലറുന്നത് എന്തിനാ.. ഉറങ്ങി കിടക്കുന്ന എന്റെ കൊച്ചിനെ കൂടി ഉണർത്തരുത്.. “!!
സീതയുടെ പുതിയ മുഖം കണ്ട് രഘു പകച്ചു നിന്നു..
“എനിക്കൊന്നു വയ്യാതെ ആയപ്പോഴേക്കും നീയെന്നെ ഭരിക്കുന്നോ അഹങ്കരി.. “!!
“അതെ.. നിങ്ങൾ ഒന്ന് സ്വബോധത്തിൽ ഇരിക്കുമ്പോൾ ചോദിക്കാൻ കരുതി വച്ചിരുന്നതാ…. “
“എന്റെ ശരീരത്തിൽ ഇല്ലാത്ത എന്ത് അവയവമാ നിങ്ങൾ ഇരുട്ടിൽ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ തേടിയത്.. “സീത നിയന്ത്രണം വിട്ട് അലറി ചോദിച്ചത് കേട്ട് രഘു ഞെട്ടി വിറങ്ങലിച്ചു നിന്നു..
“എന്താ.. എന്താ… നീ ചോദിച്ചത്..? “
“നിങ്ങൾക്ക് അറിയില്ലേ ഞാൻ എന്താ ചോദിക്കുന്നത് എന്ന്… “
“സീതേ.. ഞാൻ… ” രഘു ദുർബലമായി വിളിച്ചു..
“നിങ്ങൾ എന്തു വിചാരിച്ചു… ഞാൻ ഒന്നും അറിയില്ലെന്നോ.. എന്നും ഈ മുഖം മൂടിയിൽ നിങ്ങൾക്ക് ഒളിക്കാമെന്നോ..നിങ്ങൾ ഓർക്കുന്നോ അന്നൊരു രാത്രിയിൽ എന്റെ ചിന്നു മോൾ പേടിച്ചു അലറി കരഞ്ഞത്, ഓടി വന്ന ഞാൻ നിങ്ങളെ അവിടെ കണ്ടപ്പോൾ ചോദിച്ചത് ഓർക്കുന്നോ.. “
“രഘുവേട്ട നിങ്ങൾ എന്താ ഇവിടെ..? !!”
“അത്.. ഞാൻ…മോളുടെ കരച്ചിൽ കേട്ട് വന്നതാ..”
പക്ഷേ എനിക്ക് നിങ്ങളെ സംശയം തോന്നിയിരുന്നു.. എങ്കിലും അങ്ങനെ ഒന്നും ആകല്ലേ എന്ന് ഞാൻ പ്രാത്ഥിച്ചു.. പക്ഷേ….പിറ്റേന്ന് രാവിലെ ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടു ചിന്നു മോൾ എന്നോട് പറഞ്ഞു.
“അമ്മ വിഷമിക്കണ്ട… രാത്രിയിൽ കള്ളൻ അല്ല വന്നത്… അച്ഛനാ… ഞാൻ ഉറങ്ങിയോന്ന് നോക്കാൻ വന്നതായിരിക്കും.. “!! സീത മോളെ ചേർത്ത് പിടിച്ചു വിങ്ങി കരഞ്ഞു..
“പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയായിരുന്നു…മോളെ കാണുമ്പോൾ നിങ്ങളുടെ കണ്ണിൽ തെളിഞ്ഞതു വാത്സല്യമല്ല.. കാ മമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി ഒക്കെ എനിക്കുണ്ട്… സ്നേഹവും കാ മവും തിരിച്ചറിയാനുള്ള ബുദ്ധി ദൈവം എല്ലാ സ്ത്രീകൾക്കും കൊടുത്തിട്ടുണ്ട്, പലരും അത് തിരിച്ചറിയുന്നില്ല എന്നേയുള്ളു… !!” ഒന്ന് നിർത്തി സീത തുടർന്നു….
“നിങ്ങളിൽ നിന്ന് രക്ഷിക്കാനാ ഞാൻ എന്റെ കുഞ്ഞിനെ ഹോസ്റ്റലിൽ നിർത്തിയത്. നിങ്ങൾക്ക് എങ്ങനെ തോന്നി.. സ്വന്തം കുഞ്ഞിനെ നിങ്ങളുടെ വൃത്തികെട്ട കണ്ണുകൾ കൊണ്ട് നോക്കാൻ.. നിങ്ങളുടെ സ്വന്തം ചോരയല്ലേ അവൾ..ഇപ്പോൾ അവൾക്കും അറിയാം നിങ്ങൾ അവളോട് എന്താണ് ചെയ്തതെന്ന്… “!”
“സീതേ….. “!! അയാൾ തളർച്ചയോടെ വിളിച്ചു.
“വിഷമിക്ക്.. നന്നായി വിഷമിക്ക്… ഇനിയുള്ള കാലം മുഴുവൻ,, മദ്യത്തിന്റെ ലഹരിയിൽ സ്വന്തം കുഞ്ഞിനോട് ചെയ്തു പോയ തെറ്റ് ഓർത്ത് നീറി നീറി ജീവിക്ക്.. ഇനി എന്നും എന്റെ മോളുടെ മുൻപിൽ നിങ്ങളുടെ ഈ തല താഴ്ന്നു തന്നെ ഇരിക്കട്ടെ… അതാണ് നിങ്ങൾക്കുള്ള ശിക്ഷ… എനിക്ക് ഒരു സഹതാപവും നിങ്ങളോട് തോന്നില്ല.. ഞാൻ വിയർപ്പൊഴുക്കി നിങ്ങൾക്ക് ചിലവിനു തരും, മരുന്നു വാങ്ങി തരും… പക്ഷേ.. ഈ ജന്മം നിങ്ങളോട് ഞാൻ ക്ഷമിക്കില്ല.. എന്റെ അപ്പൂന് തിരിച്ചറിവാകുമ്പോൾ അവനോടും ഞാൻ പറയും നിങ്ങളുടെ വീരകൃത്യം… അവനും നിങ്ങളെ വെറുക്കണം… അതൊക്കെ കണ്ട് ഉരുകി ഉരുകി നിങ്ങൾ മരിക്കണം…”
സീത നിന്നു കിതച്ചു..
“അന്ന് ഞാൻ എന്റെ കുഞ്ഞിനെ കേൾക്കാൻ തയ്യാറായത് കൊണ്ട് വലിയ ഒരു ആപത്തിൽ നിന്ന് അവളെ രക്ഷിക്കാൻ കഴിഞ്ഞു…. ഇല്ലെങ്കിൽ… ഇല്ലെങ്കിൽ…എന്ത് ചെയ്തേനെ… നിങ്ങളോട് ക്ഷമിക്കാൻ ഞാൻ രാമായണത്തിലെ സീതയല്ല, കുഞ്ഞുങ്ങളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരമ്മയാ… അമ്മ.. !!നിങ്ങളെ പോലുള്ളവരോട് ദയ കാണിച്ചാൽ ഞാൻ ഒരു സ്ത്രീ അല്ലാതായി പോകും… “സീത ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
രഘുവിന്റെ തല കുനിഞ്ഞു തന്നെ നിന്നു.. ഇനി ഒരിക്കലും ഉയർത്താൻ ആകാത്ത വിധം…