എന്റെ സന്തോഷത്തിലും സങ്കടത്തിലും ഒരു പരിഭവവും ഇല്ലാതെ കൂടെ നിക്കുന്നവളാ….

ബന്ധനം

Story written by NISHA L

“നിന്റെ കൈയിൽ ഇഷ്ടം പോലെ കാശില്ലേ.. പിന്നെന്താ നിനക്ക് അവളെ ഒന്ന് സഹായിച്ചാൽ..”!!

ചേച്ചിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി കേൾക്കുന്നു.

രാജേഷ് വല്ലാത്ത മനോവിഷമത്തോടെ ചിന്തയിൽ മുഴുകി ഇരുന്നു.

ഇപ്പോഴും പെങ്ങന്മാരുടെ കുടുംബം ഞാൻ തന്നെ നോക്കണം എന്ന് പറഞ്ഞാൽ എങ്ങനെയാ.. പത്താം ക്ലാസ്സ്‌ കഴിഞ്ഞു അന്ന് മുതൽ കുടുംബം നോക്കുന്നു. മൂത്ത മൂന്നു പെങ്ങന്മാരുടെ ഒരേ ഒരു കുഞ്ഞ് ആങ്ങളയായിരുന്നു ഞാൻ. ഞാൻ ഒൻപതിൽ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത്. അച്ഛൻ കൂലിപ്പണി ചെയ്തു കിട്ടുന്നത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചു വരുമ്പോഴായിരുന്നു അമ്മയുടെ മരണം.

അമ്മയുടെ മരണശേഷം ചേച്ചിമാരായിരുന്നു എനിക്ക് എല്ലാം. അമ്മയുടെ സ്നേഹം തന്ന് മൂന്നു പേരും എന്നെ വളർത്തി. മൂത്ത ചേച്ചിയുടെ കല്യാണത്തിന് എന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ ഞാൻ സഹായിച്ചു.അതിനു ശേഷമാണ് a/c മെക്കാനിക്കൽ കോഴ്സ് പഠിക്കുന്നതും ചെറിയ ചെറിയ ജോലികൾ കിട്ടി തുടങ്ങിയതും. പിന്നീട് ഓരോ ചില്ലറ തുട്ടും സൂക്ഷിച്ചു വച്ച് രണ്ടാമത്തെ ചേച്ചിയേയും കെട്ടിച്ചു വിട്ടു. അപ്പോഴേക്കും മൂത്ത ചേച്ചിയുടെ പ്രസവം,, കുഞ്ഞിന്റെ നൂലുകെട്ടു.. ചിലവുകൾ കൂടി കൂടി വന്നു. മൂന്നാമത്തെ ചേച്ചിയെ കെട്ടിച്ചു വിടേണ്ടി വന്നില്ല. അവൾക്കു ഇഷ്ടമുള്ള ഒരുത്തന്റെ കൂടെ ഒരു ദിവസം അവൾ അങ്ങ് പോയി. പിന്നെ ഒരു കുഞ്ഞുമായി കയറി വന്നപ്പോൾ സ്വീകരിക്കാതിരിക്കാൻ ആയില്ല. ഇപ്പോൾ അവളും ഭർത്താവും കുഞ്ഞും എന്റെ ചിലവിൽ കഴിയുന്നു.

ഓരോന്ന് ഓർത്തു കൊണ്ടിരിക്കെ രാധിക അടുത്തു വന്നിരുന്നു.

“എന്താ ഒരു വിഷമം.. എന്ത് പറ്റി..? “!!

“ഒന്നുമില്ല രാധു… ഒരു ചെറിയ തലവേദന പോലെ.. “!!

“പനിയുടെ തുടക്കം വല്ലതുമാണോ… “? !!നെറ്റിയിൽ കൈ വച്ചു നോക്കി രാധു ചോദിച്ചു.

“ചൂടൊന്നുമില്ലല്ലോ.. ഞാൻ കടുപ്പത്തിൽ ഒരു ചായയിട്ട് കൊണ്ട് വരാം.. കുടിച്ചിട്ട് കുറച്ചു നേരം കിടന്നാൽ മാറും.. “!! പറഞ്ഞു കൊണ്ട് രാധു ചായ എടുക്കാൻ പോയി.

പാവം നാട്ടിൽ നിന്ന് വീണ്ടും എന്തെങ്കിലും ആവശ്യം പറഞ്ഞു ചേച്ചിമാർ വിളിച്ചിട്ടുണ്ടാകും. സ്വന്തം കൂടെപ്പിറപ്പുകളുടെ കാര്യത്തിൽ രാജേഷ് സ്വയം തീരുമാനം എടുക്കട്ടെ എന്ന് കരുതി മനപ്പൂർവം ഞാൻ ഒന്നും മിണ്ടാത്തതാണ്. അവരെ പോലെ ഞാനും കൂടി പരാതിയും പരിഭവവും പറഞ്ഞ് ഇരുന്നാൽ എന്റെ കുടുംബസമാധാനം കൂടി തകരും. മനസിൽ വിചാരിച്ചു കൊണ്ട് രാധു ചായ ഇടാൻ തുടങ്ങി.

രാജേഷ് വീണ്ടും ചിന്തകളിലേക്ക് വഴുതി വീണു.

പാവം രാധു. അവളോട്‌ ഒന്നും പറയണ്ട. കൂടെപ്പിറപ്പുകൾ എല്ലാരും എന്നെ ഒരു കോവർ കഴുതയെപ്പോലെയാണ് കാണുന്നത് എന്ന് അവൾ അറിയണ്ട. വെറുതെ അവളെ കൂടി വിഷമിപ്പിക്കണ്ട. അവൾക്കും അറിയുന്നതാണ് അവരുടെ സ്വഭാവം. എന്നാലും ഞാൻ പറയുമ്പോൾ അവൾക്കു വിഷമം ആകും. എന്റെ സന്തോഷത്തിലും,, സങ്കടത്തിലും ഒരു പരിഭവവും ഇല്ലാതെ കൂടെ നിക്കുന്നവളാ..അവൾ കൂടി ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു.. !!

കഷ്ടപ്പാടിന് ഇടയിൽ എപ്പോഴോ ആണ് രാധിക എന്റെ ജീവിതത്തിലേക്ക് വന്നത്. ഇന്നും അവൾ എനിക്ക് ഒരു അത്ഭുതമാണ്. ഡിഗ്രി പഠിച്ച,, ചുവന്നു തുടുത്തു ആപ്പിൾ പോലിരിക്കുന്ന പെണ്ണ്. അത്യാവശ്യം നല്ല സാമ്പത്തിക ഭദ്രത ഉള്ള വീട്ടിലെ പെൺകുട്ടി. അവൾക്ക് എന്നോട് പ്രേമം. പത്താം ക്ലാസ്സ്‌ പോലും പാസ്സാകാത്ത,,മങ്ങിയ നിറമുള്ള,, ഒട്ടും സാമ്പത്തിക ശേഷി ഇല്ലാത്ത എന്നോട്. അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് എങ്ങനെ എന്ന് ഇപ്പോഴും ഞാൻ ആലോചിക്കും. എന്ത് കണ്ടിട്ടാ ഇവൾ എന്നെ പ്രേമിച്ചത്.. എനിക്ക് അറിയില്ല.രണ്ടു കുട്ടികളും ആയപ്പോഴാണ് എന്റെ രാധു Ieltes പരീക്ഷ എഴുതി എടുത്തു ഓസ്ട്രേലിയയിലേക്ക് വന്നത്. അതിനു ശേഷം അവൾ എന്നെയും ഇവിടെ എത്തിച്ചു. അല്ലാതെ എന്റെ സ്വന്തം കഴിവിൽ ഇവിടെ എത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

അങ്ങനെ ഇവിടെ നല്ല ഒരു ജോലിയിൽ അവൾക്കും,, തുടക്കത്തിൽ വലിയ ശമ്പളം ഇല്ലായിരുന്നു എങ്കിലും,, ഇപ്പോൾ അത്യാവശ്യം നല്ല സാലറി കിട്ടുന്ന ജോലിയിൽ എനിക്കും പ്രവേശിക്കാനായി. അതിനു ശേഷം കുട്ടികളെയും ഇവിടെ എത്തിച്ചു. ഒക്കെ എന്റെ രാധുന്റെ മിടുക്കാ.

എന്റെ പെങ്ങന്മാരെ സഹായിക്കുന്നതിന് ഒരിക്കൽ പോലും അവൾ പരിഭവം പറഞ്ഞിട്ടില്ല. എനിക്കും അവർക്ക് വേണ്ടി എന്തും ചെയ്യാൻ സന്തോഷമായിരുന്നു…

പക്ഷേ…

കൂടെപ്പിറപ്പുകളുടെ അടുത്ത് തന്നെ ഒരു വീട് വച്ചു താമസിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് നാട്ടിൽ കുറച്ചു വസ്തു വാങ്ങിയതും വീട് പണിക്കുള്ള കാശ് അയച്ചു കൊടുത്തതും. എന്റെ വീട് പണി ഇപ്പോഴും പകുതിയിൽ കിടക്കുന്നു. പക്ഷേ.. ഇളയ പെങ്ങൾക്ക് നല്ലൊരു വീടും ആയിരിക്കുന്നു. അച്ഛനും കൂടി എന്നോട് ഒരു സ്നേഹമില്ലാത്തത് പോലെ.. എന്റെ പണം മാത്രം മതി.. എന്നെ ആർക്കും വേണ്ട… ഓർക്കുമ്പോൾ മനസിൽ വല്ലാത്ത നോവ്!!

വീട് പണി മുടങ്ങിയപ്പോൾ,, അന്ന് ആദ്യമായി രാധു എന്നെ കൊണ്ട് സിറ്റിയുടെ അടുത്ത് കുറച്ചു വസ്തു വാങ്ങിപ്പിച്ചു മറ്റൊരു വീട് പണിതു തുടങ്ങി. അവൾക്കും ചേച്ചിമാരുടെ സ്വഭാവം മനസിലായി കാണും. എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി ചോദിക്കാത്തതാകാം… ആ വീടിന്റെ പാലു കാച്ചൽ ചടങ്ങും നടത്തി…തിരികെ വന്നു മോൾക്കും ഇപ്പോൾ ഇവിടെ ഒരു ജോലിയായി. ഞാൻ ആശിച്ചു പണിതു തുടങ്ങിയ വീട് ഇപ്പോഴും പകുതിക്ക് കിടക്കുന്നു.

നാട്ടിൽ നിന്ന് ഫോൺ കാൾ വരുമ്പോൾ പേടിയായി തുടങ്ങിയിരിക്കുന്നു.

ഇപ്പോൾ പുതിയ ഒരു ആവശ്യവുമായി അവർ വന്നിരിക്കുന്നു. കുഞ്ഞമ്മയുടെ മകൾക്ക് വീട് വേണം . കൂട്ടത്തിൽ അവൾ മാത്രം വീടില്ലാത്തവൾ ആണെന്ന്. ഞാൻ സഹായിക്കണം പോലും. അവൾക്കു നല്ല ആരോഗ്യമുള്ള ഒരു ഭർത്താവില്ലേ. അവനെ കൊണ്ട് ആവില്ലേ ഒരു കൊച്ചു വീട് തട്ടിക്കൂട്ടാൻ..? എങ്ങനെ ആവാനാ… ഒരാഴ്ച ജോലി ചെയ്താൽ രണ്ടാഴ്ച റസ്റ്റ്‌ എടുക്കുന്നവൻ ഒക്കെ എങ്ങനെ രക്ഷപെടാനാ.. !!

“നിന്റെ കൈയിൽ ഇഷ്ടം പോലെ കാശില്ലേ.. പിന്നെ നിനക്ക് എന്താ കൊടുത്താൽ? “!!എന്ന് ഇളയ ചേച്ചി ചോദിക്കുന്നു.

മുൻപൊക്കെ അപേക്ഷയുടെ സ്വരം ആയിരുന്നു. ഇപ്പോൾ അത് മാറി ആജ്ഞാപിക്കൽ ആയിരിക്കുന്നു. ഞാൻ എന്താ പണം ഉണ്ടാക്കുന്ന മെഷീൻ ആണോ. ഞാനും എന്റെ ഭാര്യയും എന്റെ മകളും കൂടി കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കുന്ന കാശാണ്.. അല്ലാതെ എനിക്ക് ലോട്ടറി അടിച്ചതോ,,ആരെങ്കിലും വെറുതെ തന്നതോ അല്ല.

അല്ലെങ്കിലും കൊടുക്കുന്നവൻ കൊടുത്തു കൊണ്ടേയിരിക്കും.. വാങ്ങുന്നവൻ വാങ്ങിക്കൊണ്ടും….

വളർത്തിയ കണക്കു പറഞ്ഞു ചേച്ചിമാർ കുളയട്ടയെ പോലെ എന്റെ രക്തം ഊറ്റി കുടിച്ചു കൊണ്ടിരിക്കുന്നു.. ഇനി അനുവദിച്ചു കൊടുക്കാൻ എനിക്ക് മനസില്ല.

എന്റെ കഷ്ടപ്പാടിന് ഒരു വിലയും തരാത്തവർക്ക് വേണ്ടി ഓടുന്ന പണി ഇന്ന് മുതൽ ഞാൻ നിർത്തി. എന്റെ സ്നേഹത്തെ മുതലെടുക്കുന്നവർക്ക് വേണ്ടി ഇനി വിയർപ്പൊഴുക്കാൻ ഞാനില്ല. മനസ്സിൽ കൂട്ടിയും കിഴിച്ചും രാജേഷ് ഉറച്ച തീരുമാനം എടുത്തു.

NB : ഇതുപോലെയുള്ള ഭാര്യമാർ ഉണ്ടാവില്ല എന്ന് പറയരുത്. അങ്ങനെ ഒരു ഭാര്യയെ ഞാൻ കണ്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *