എന്റെ സാറേ… ഇവിടെ ഞങ്ങള് കുടുംബോം കുട്ടികളും ഒക്കെ ആയിട്ട് ജീവിക്കുന്നതല്ലേ.ഇവിടെ വന്നു ഇമ്മാതിരി പോക്കിരിത്തരം കാണിക്കാൻ….

Story written by Kannan Saju

” സാർ.. ഞാൻ നോക്കുമ്പോൾ ഇവളിവന്റെ മടിയിൽ കിടന്നു… ശേ… എനിക്കതു പറയാനേ വയ്യ… എന്തൊരു അ ശ്ലീലം  “

കഷണ്ടി തലയും ലുങ്കി മുണ്ടും കറുത്ത ബനിയനും ധരിച്ച തൊമ്മൻ പോലീസുകാരോട് പറഞ്ഞു നിർത്തി…

അപ്പോഴേക്കും വിവരം അറിഞ്ഞെത്തിയ നാട്ടുകാർ വീടിനു ചുറ്റും കൂടിയിരുന്നു…

” താനിതെങ്ങനെ കണ്ടു ???  “

” ഞാൻ ജനലിൽ കൂടി നോക്കി… ”  വളരെ കൂളായി തൊമ്മൻ മറുപടി പറഞ്ഞു…

”ഏതു ജനലിൽ കൂടി ??  “

” ദോണ്ടേ… ദേ കാണുന്ന ജനലിൽ കൂടി ” തൊമ്മൻ കൈ ചൂണ്ടി കാണിച്ചു….

” ആ ജനാല നല്ല പൊക്കത്തിൽ ആണല്ലോ?  “

” ആ ഞാനൊരു മടക്കല പത്തി വെട്ടി വെച്ചു അതിൽ കേറി നിന്നാ നോക്കിയേ സാറേ “

” ഏതു മറ്റേ ലെ പടത്തിൽ ഫഹദ് ഫാസില് നോക്കുന്ന പോലെയോ?  ” തൊമ്മൻ ഒന്ന് ചിരിച്ചു…

” എന്റെ തൊമ്മാ.. പ്രായം പൂർത്തി ആയ ഒരു ആണിനും പെണ്ണിനും ഒരു മുറിയിൽ ഒരുമിച്ചു കഴിയാം… അതിനുള്ള നിയമം ഇപ്പോ ഇവിടുണ്ടന്നു തൊമ്മനു അറിയില്ലേ ???  “

si യുടെ ചോദ്യം തൊമ്മനു പിടിച്ചില്ല

” എന്റെ സാറേ… ഇവിടെ ഞങ്ങള് കുടുംബോം കുട്ടികളും ഒക്കെ ആയിട്ട് ജീവിക്കുന്നതല്ലേ ??  ഇവിടെ വന്നു ഇമ്മാതിരി പോക്കിരിത്തരം കാണിക്കാൻ കൊള്ളാമോ ?? “

si തൊമ്മനെ നോക്കി ഒന്ന് ചിരിച്ചു..

” ശരിയാ.. അവര് നേരെ വന്നു തൊമ്മന്റെ വീടിനു മുന്നിൽ വണ്ടി നിർത്തി, തൊമ്മനും ഭാര്യയും പിള്ളേരും ഒക്കെ നോക്കി നിക്കുമ്പോൾ അവരുടെ മുന്നിലൂടെ നടന്നു മുറിയിൽ കയറി പരിപാടി വെച്ചാൽ തൊമ്മനീ പറഞ്ഞതിൽ ന്യായം ഉണ്ട്….

ഇവിടെ, അവളുടെ പേരിലുള്ള വീട്ടിൽ, അവൾ സ്നേഹിക്കുന്ന പുരുഷനൊപ്പം അവർ ഒരുമിച്ചു എന്ത് ചെയ്താലും അതെങ്ങനാ തൊമ്മാ നിന്നെ ബാധിക്കുന്നെ ???  “

” അല്ല അങ്ങനൊക്കെ ചെയ്യുന്നത് മോശല്ലേ സാറേ?  “

” എങ്ങനൊക്കെ ??? ” തൊമ്മൻ തല ചൊറിഞ്ഞു..

”തൊമ്മനു അവര് ചെയ്യുന്നോണ്ടാണോ അതോ തൊമ്മനും കിട്ടതോണ്ടാണോ ബുദ്ധിമുട്ട്?  “

” ദേ സാറേ ഒരുമാതിരി അനാവശ്യം പറയരുത് “

” പ്പാ.. നീർത്തടാ നാ റി….  വല്ലവന്റേം വീട്ടിൽ വലിഞ്ഞു കേറി ഒളിഞ്ഞു നോക്കിയതും പോരാ അവരെ വീട്ടിൽ കയറി മര്ദിക്കുവോം ചെയ്തിട്ടു പോലീസിനെ തെറ്റും ശരിയും പഠിപ്പിക്കുന്നോടാ പന്ന… “

തൊമ്മൻ വിറച്ചു…

” ആരാടാ ആ പെങ്കൊച്ചിന്റെ തു ണി വലിച്ചു പറച്ചതു???  ” si ചുറ്റും കൂടി നിന്നവരെ നോക്കി…

” നീയൊക്കെ വേഗം പറഞ്ഞോ.. ഇല്ലേൽ ഇവിടെ വന്ന എല്ലാത്തിന്റേം വീഡിയോ എടുത്തിട്ടുണ്ട് മൊബൈലിൽ നിന്നെ ഒക്കെ സദാചാരത്തിനു് പിടിച്ചു ലോക്കപ്പിലിടും “

” ദേ ഇവനാ സാറേ.. ഇവനും തൊമ്മനും ദേ നാല് പേരും കൂടാ ” ഒരുവൻ എല്ലാവരെയും ചൂണ്ടി കാട്ടി…

” ഉം… ആരേലും ഫോണിൽ അവരുടെ വീഡിയോ എടുത്തോടാ ???  ” ആരും മിണ്ടുന്നില്ല…

” സുഭാഷ്.. ഇവിടെ ഉള്ള എല്ലാവരുടേം ഫോൺ കളക്ട് ചെയ്യ്… സ്റ്റേഷനിൽ വന്നു വാങ്ങിക്കോളാൻ പറ… ” ആളുകളുടെ നേരെ തിരിഞ്ഞു.

” ഫോണും വെച്ചിട്ടു സ്ഥലം കാലിയാക്കിക്കോണം എല്ലാം… ഈ എരിയേ ലെങ്ങാനും കണ്ടാ കത്തിക്കും ഞാൻ… ” അവർ ഫോൺ വെച്ചു മടങ്ങി

” സുഭാഷ് തൊമ്മാനേം ആ നാല് പേരെയും അകത്തേക്ക് കൊണ്ടു വാ “
si മുന്നിൽ നടന്നു…  അവർ പിന്നിലും… അവരെ കണ്ടതും പെൺകുട്ടി യുവാവിന്റെ പിന്നിലേക്ക് ഭയത്തോടെ മാറി…

” നീ പേടിക്കണ്ട മോളേ.. നീ ഇങ്ങു വാ ” si വിളിച്ചു.. അവൾ അടുത്തേക്ക് വന്നു.

” ഇവരിൽ ആരാ നിന്റെ തു ണി വലിച്ചു പറച്ചതു… ” പെൺകുട്ടി si യെ തന്നെ നോക്കി നിന്നു

” മോള് ധൈര്യായിട്ട് പറഞ്ഞോ… ” അവൾ ഒരുവനെ ചൂണ്ടി കാണിച്ചു…
si തന്റെ ബെൽറ്റ്‌ ഊരി അവളുടെ കയ്യിൽ കൊടുത്തു… അവൾ ഒന്നും മനസ്സിലാവാതെ അയ്യാളെ നോക്കി

” അടിക്ക്  “

” ഏഹ് “

” നീ മടിക്കുന്നത് വരെ അടിച്ചോ മോളേ…  എല്ലാത്തിനേം അടിച്ചോ… ഒക്കേത്തിന്റേം കരച്ചില് എനിക്ക് നല്ല പോലെ കേക്കണം… നീ മടുക്കുമ്പോ അവന്റെ കയ്യിലേക്ക് കൊടുക്ക് “

si കസേരയിൽ ഇരുന്നു കാൽ സോഫയിൽ കയറ്റി വെച്ചു ഫോണിൽ ക്രിക്കറ്റ്‌ കളിയ്ക്കാൻ തുടങ്ങി…

ആരോഹണ ക്രമത്തിൽ വീട്ടിനുള്ളിൽ നിന്നും ഓരോരുത്തരുടെ ആയി നില വിളി ഉയർന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *