അച്ഛൻ
Story written by Atharv Kannan
” അയ്യോ നിങ്ങളീ പച്ചക്കറി ഒന്നും വാങ്ങിക്കണ്ടായിരുന്നല്ലോ… അപ്പു ചിക്കൻ മേടിച്ചിട്ടുണ്ട് ” സന്തോഷത്തോടെ കവറിൽ നിറയെ പച്ചക്കറിയുമായി കയറി വന്ന മുരുകൻ ഒരു നിമിഷം ഒന്ന് പകച്ചു പോയി.
” അതിനെന്നാ അമ്മേ… ചിക്കന്റെ കൂടെ പച്ചക്കറിയും കഴിക്കാൻ പാടില്ലാന്നൊന്നും ഇല്ലാലോ.. അല്ലേ അച്ഛാ? ” ചിരിച്ചുകൊണ്ട് ഫോൺ പോക്കറ്റിലേക്ക് ഇട്ടു അപ്പു സോഫയിൽ നിന്നും എണീറ്റു വന്നു.
പെട്ടന്ന് തന്റെ ആളി കത്തിയ മനസ്സിൽ ആരോ വെള്ളം കോരി ഒഴിച്ചത് പോലെ മുരുകന് തോന്നി.അയ്യാളുടെ മുഖത്ത് ചിരി വിടർന്നു. പച്ചക്കറി ഭാര്യ രമയുടെ കൈകകളിലേക്ക് കൊടുത്തു മുരുകൻ ഒന്നും മിണ്ടാത അകത്തേക്ക് നടന്നു. അച്ഛൻ പോകുന്നത് നോക്കി നിന്ന അപ്പു അമ്മക്ക് നേരെ തിരിഞ്ഞു ” അമ്മയോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് അച്ഛനോട് ഇങ്ങനൊന്നും പറയരുതന്ന്. എന്നായാലും വാങ്ങീട്ടു വന്നു.. ന്നാ പിന്നെ ഇങ്ങനെ പറയണോ? അല്ലേലും എനിക്ക് ജോലി കിട്ടണെന്നു മുന്ന അച്ഛൻ കൊണ്ടൊരുന്നത് തന്നല്ലേ എല്ലാരും കൈച്ചോണ്ടിരുന്നേ? “
” ഒ പിന്നെ… ഒന്ന് പോടാ ചെറുക്കാ ” അതൊന്നും കാര്യമാക്കാത്ത മട്ടിൽ രമ അടുക്കളയിലേക്കു നടന്നു… പച്ചക്കറി കിറ്റ് അതുപോലെ മുറത്തിലേക്കിട്ടു.
രാവിലെ കുളി കഴിഞ്ഞു കയറി വരുമ്പോഴും മുറത്തിൽ പച്ചക്കറി കൂട്ടിൽ തന്നെ ഇരിക്കുന്നത് കണ്ട മുരുകൻ രമ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഓർത്തു ” ഏട്ടാ…എത്ര നാളാ ഇങ്ങനെ മുളകരച്ചു കഞ്ഞി കുടിക്കുന്നെ? ഇച്ചിരി സാമ്പാറു കൂട്ടാൻ കൊതിയാവുന്നു “
” നിങ്ങളെന്നാ മനുഷ്യാ ഈ ആലോചിച്ചു നിക്കുന്നെ? ” പിന്നിൽ നിന്നും രമ ചോദിച്ചു
” ഏയ് ഒന്നുല്ലടി… ഇന്നെന്ന അടുപ്പു കത്തിക്കാത്തെ? “
” ആഹാ.. നിങ്ങളീ വീട്ടിൽ ഒന്നും അല്ലേ? ദാ ആ മൂലക്കകേക്ക് ഒന്ന് നോക്കിയേ… ഗ്യാസ് ഇരിക്കുന്ന കണ്ടോ.. “
മുരുകൻ മൂലയിലേക്ക് നോക്കി …
” ഇന്നലെ ഉണ്ണി വെപ്പിച്ചതാ “
” ഉം “
” ആ പിന്നെ.. നാളെ ആ ചിന്നു മോളേ കാണാൻ ആൾക്കാർ വരുന്നേ…മറന്നേക്കല്ലേ “
” ഉം “
വൈകുന്നേരം പണി കഴിഞ്ഞു ഷാപ്പിൽ ഇരുന്ന മുരുകന് അരികിലേക്ക് കൂട്ടുകാരൻ പൈലി വന്നു.
” ഇന്നെന്ന കൂടും കുടുക്കേം ഒന്നും കാണുന്നില്ലല്ലോ.. നീ പണിക്കു പോയില്ലേ? ” മുരുകൻ മൗനം പാലിച്ചു
” ഇച്ചിരി കൂടുതൽ ആണല്ലോ മുരുകാ.. എന്നാട? “
പൈലി അല്പം പരിഭ്രമത്തോടെ ചോദിച്ചു.
” പുള്ളിക്കിപ്പോ എന്നതാ എന്റെ പൈലിച്ചായാ… ചെക്കൻ പഠിച്ചു മിടുക്കനായില്ലേ.. ഇനി ഇപ്പോ സാധനം വാങ്ങിക്കാൻ പോയിട്ട് പണിക്കു പോലും പോവേണ്ടി വരില്ല.. അല്ലേലും മാസം ഒന്നൊന്നര ലക്ഷം ശമ്പളം വാങ്ങുന്ന ചെക്കനു അച്ഛൻ കൂലിപ്പണിക്കാരനാണെന്നു പറയാൻ നാണം കാണും ” കറി കച്ചവടക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു
” നാണം കാണാൻ ഒന്നും ഇല്ല! ഈ കൂലി പണി കൊണ്ടു തന്നെ അല്ലേ അവനേം അവളേം വളർത്തിതും പഠിപ്പിച്ചതും ഓക്കെ? ” പൈലി idakku
” ആ… മുരുകൻ ചേട്ടന്റെ ഭാഗ്യം “
” എന്ത് ഭാഗ്യം ” കള്ള് കുപ്പി തല്ലി പൊട്ടിച്ചുകൊണ്ടു മുരുകൻ ചാടി എഴുന്നേറ്റു.
പൈലിയും കൂട്ടരും ഞെട്ടലോടെ ഇരുന്നു.
” ഞാൻ ജീവിക്കുന്നുണ്ടങ്കിൽ അത് ഞാൻ പണി എടുത്ത ക്യാഷ് കൊണ്ടാ..അല്ലാതെ… “
മുരുകൻ പുറത്തേക്കു നടന്നു… പൈലി ഒറ്റവലിക്ക് ഒഴിച്ച് വച്ച കള്ള് കുടിച്ചിട്ട് പിന്നാലെ നടന്നു.പൈലിയുടെ പ്രതീക്ഷ തെറ്റാതെ മുരുകൻ പാറക്കെട്ടിൽ താഴേക്കു കാലും നീട്ടി ഇരുന്നു. പൈലിയും ഒപ്പം വന്നിരുന്നു.
” എന്നതാടാ നിനക്ക് പറ്റ്യേ? ” പൈലി വിഷമത്തോടെ ചോദിച്ചു
” ആർക്കും എന്നെ വേണ്ടടാ… അവൻ പഠിച്ചു ജോലി ആയപ്പോഴേക്കും എല്ലാവർക്കും അവനെ മതി “
” ഹാ… അത് കൊള്ളാം.. നീയല്ലേ അവനെ പഠിപ്പിച്ചു വലുതാക്കിയേ.. അതിൽ അഭിമാനം കൊള്ളൂകയല്ലേ വേണ്ടേ ? എപ്പോഴും നീ പറയുവായിരുന്നില്ലേ, മറ്റുള്ള അപ്പന്മാർക്ക് അസൂയ തോന്നും പോലെ അവനെ ഞാൻ വളർത്തി വലുതാക്കും എന്ന് “
മുരുകൻ മൗനം പാലിച്ചു
” നമുക്കു പ്രായായി.. ഇപ്പൊ പഴയ ആരോഗ്യം ഒന്നും അല്ലാ.. മക്കള് സ്വന്തം കാലിൽ നിന്നാൽ അത്രയും സന്തോഷം അല്ലേ… ഏഹ്… ഇനി ഒന്ന് വിശ്രമിക്കേടോ . “
മുരുകൻ അപ്പോഴും ഒന്നും മിണ്ടാതെ ഇരുന്നു.
” അപ്പൊ ചെക്കന് പെണ്ണിനെ ഇഷ്ടമായത് സ്ഥിതിക്ക് ബാക്കി കാര്യങ്ങൾ ഓക്കെ… ” തലയിൽ കൈ വെച്ചുകൊണ്ട് ബ്രോക്കർ മുരുകനെ നോക്കി..
” എല്ലാം ഞാൻ പറഞ്ഞിരുന്നതല്ലേ… പെണ്ണിന് നല്ല വിദ്യാഭ്യാസം ഉണ്ട്.. അതാണ് എന്റെ മോൾക്ക് വേണ്ടി ഞാൻ സാമ്പാദിച്ചത്.. അവളെ ഇഷ്ടപ്പെട്ടു വരുന്ന ഒരു ചെറുക്കനെ മതി എനിക്ക് “
” ഹാ.. അതെന്ന വർത്താന മുരുകെട്ടാ..? ഇപ്പോ ചെറുക്കന് ജോലി ആയില്ലേ? നല്ല ശമ്പളം ആയില്ലേ..? അവൻ വിചാരിച്ച ഇതൊക്കെ നടക്കില്ലേ? “
” എടോ ഞാൻ പറയുന്ന…
പറഞ്ഞു തീരും മുന്നേ ഇടയ്ക്കു കയറി ” അച്ഛാ… നല്ല തറവാട്ടുകാരാണ്..അവർക്കു അവളെ ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ ഞാനതു നടത്തിക്കോളാം “
” അല്ല മോനേ… പൈസ കൊടുത്തു കെട്ടിക്കുന്നതിനോട് എനിക്ക് “
” അവൻ നോക്കിക്കൊളാന്നു പറഞ്ഞില്ലേ.. പിന്നെന്താ? ” രമ ഇടയ്ക്കു കയറി…
മുരുകൻ മെല്ല അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു.
” അച്ഛനെന്താ എണീറ്റു പോന്നെ? “
മകൾ പിന്നിൽ വന്നു നിന്നുകൊണ്ട് ചോദിച്ചു…
” ഏയ് ഒന്നുല്ല… അവരുടെ സംസാരിക്കുവല്ലേ “
” അച്ഛാ അദ്ദേഹം നല്ലവനാണ്… എനിക്കങ്ങിനെയാ തോന്നിയത് “
മുരുകൻ അവളുടെ മുഖത്തേക്ക് നോക്കി…
” അതിനു അവനെ ഇഷ്ടല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ മോളേ “
” അതല്ലാച്ഛാ, സാധാരണ മക്കൾ ജോലി ഒക്കെ ആവുമ്പൊ അവനവന്റെ കാര്യം നോക്കി പോവാറാ പതിവ്.. ഏട്ടൻ അച്ഛന്റെ സ്ഥാനത്തു നിന്നു അത് നടത്തി തരം എന്ന് പറയുമ്പോ അച്ഛന് അത്രേം എളുപ്പയില്ലേ കാര്യങ്ങൾ “
മുരുകന് നെഞ്ചു തകരുന്ന പോലെ തോന്നി ” അച്ഛന്റെ സ്ഥാനത്തു നിന്നാൽ അച്ഛനാവില്ല മോളേ.. അവൻ ചെയ്യുന്നത് നല്ലതാണ്. അല്ലെന്നു ഒരിക്കലും ഞാൻ പറയില്ല. അച്ഛന് വേണ്ടതും അതാണ്. പക്ഷെ അച്ഛനെ ഒന്നും അല്ലാതെ ആക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ലെടി ” പറയാൻ തോന്നിയെങ്കിലും ആ വാക്കുകൾ മുരുകൻ ഉള്ളിൽ ഒതുക്കി.
” ഏട്ടൻ വണ്ടി വാങ്ങി തരാന്ന് പറഞ്ഞിട്ടുണ്ട്… പോണേനു മുൻപ് വാങ്ങുവായിരിക്കും.. “
” ഉം “
” ഞാനെന്ന അങ്ങോടു ചെല്ലട്ടെ? “
മുരുകൻ തലയാട്ടി…പോക്കറ്റിൽ കൈ വെച്ചു… തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ പോക്കറ്റിൽ കയ്യിടുന്നത് അവൾ മാത്രമായിരുന്നു. വണ്ടിക്കൂലി എടുക്കാൻ എന്നും അവൾ വരുമ്പോൾ ഒരു ഓചെം ബഹളവും ഉള്ളതാ.. ഇനി അതും ഉണ്ടാവില്ല.. മുരുകൻ ഓർമിച്ചു.
രാത്രി തിരിഞ്ഞും മറഞ്ഞും കിടന്നു… എന്ത് ചെയ്തിട്ടും ഉറക്കം വരുന്നില്ല.. ചീവിടിന്റെ ശബ്ദം കാതുകളിൽ തുളച്ചു കയറി ഭ്രാന്തു പിടിക്കുന്നത് പോലെ മുരുകന് തോന്നി. രമയെ ഉണർത്താതെ അയ്യാൾ പുറത്തേക്കിറങ്ങി നടന്നു. പിന്നിലെ തൊഴുതിനരുകിൽ നിന്നു ഒരു ബീഡി കത്തിച്ചു.
അമ്മിണി തൊഴുത്തിൽ നിന്നുകൊണ്ട് മുരുകനെ തല കുലുക്കി കാണിക്കുന്നത് അയ്യാൾ കണ്ടു.
” നിനക്ക് പുല്ലു തിന്നാൻ അല്ലേ… തരാം ” അയ്യാൾ പുല്ലു വാരി അവൾക്കു മുന്നിലേക്ക് ഇട്ടു.. എന്നാൽ അമ്മിണി പശു അത് ഗൗനിച്ചില്ല.. അവൾ വീണ്ടും തല കുലുക്കി… മുരുകന് അത് വല്ലാതെ വിഷമായി. അവൻ അവളുടെ കെട്ടഴിച്ചു പറമ്പിലേക്ക് നടന്നു.
” നട്ടപ്പാതിരാക്കു ഓരോ നട്ട പ്രാന്തേ… അല്ലേ അമ്മിണി “
അമ്മിണി തല കുലുക്കി…
” എല്ലാരും മാറീടി… അപ്പുവും അമ്മുവും എന്തിനു നിന്റെ രമ വരെ മാറി…ആർക്കും ഇപ്പോ എന്നെ വേണ്ട “
മുരുകൻ ബീഡി വലിച്ചൂതി പുറത്തേക്കു വിട്ടു… അമ്മിണി മുരുകന്റെ കാലിൽ മുഖം കൊണ്ടു ഉരുമി..
” ഞാൻ കരുതി നിനക്കും പുല്ലു തരുമ്പോൾ ഉള്ള സ്നേഹം ഉള്ളൂന്നു… പക്ഷെ ഒരു കാര്യത്തിൽ എനിക്ക് അഭിമാനം ഉണ്ടാട്ടോ.. ന്റെ അപ്പു.. അവൻ ഞാൻ വിചാരിച്ചേക്കാൾ മോളിൽ എത്തി… എല്ലാം കണ്ടറിഞ്ഞു ചെയ്യണ കണ്ടോ നീയ് “
മുരുകന്റെ കണ്ണു നിറഞ്ഞു… ” അതല്ലേ ഒരച്ഛന്റെ വിജയം… “
അമ്മിണിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് മുരുകൻ കണ്ടു..
” നീയെന്തിനാടി അമ്മിണി കരയണത്… സന്തോഷായിരിക്കണ്ടേ.. മ്മടെ അമ്മു മോൾക്ക് കല്ല്യാണം ആണ്.. വെല്ല്യ പെണ്ണായി അവളു.. പക്ഷെ അച്ഛന് ഒറ്റ സങ്കടം ഉള്ളൂട്ടാ.. അവളെ ഞാൻ പഠിപ്പിച്ചത് വെല്ല വീട്ടിലേക്കും വില പറഞ്ഞു വിക്കാനല്ല.. പഠിപ്പിന് അനുസരിച്ചു ഒരു ജോലി ഓക്കെ വാങ്ങി, അവളുടെ വിദ്യാഭ്യാസവും സൗന്ദര്യവും ഓക്കെ കണ്ടു അവളെ മാത്രം മതി എന്ന് പറയുന്ന ഒരുത്തന്റെ കൂടെ സന്തോഷായി ജീവിക്കണ കാണാനാ.. ഇതിപ്പോ… അങ്ങനെ പൈസ കിട്ടിയാലേ അവനു ന്റെ കുട്ടിയെ സ്നേഹിക്കാൻ പറ്റു..? അപ്പുവിന് അതിനു സമ്മതമായതാ എനിക്ക് ഏറ്റവും സങ്കടയെ.. എന്ന തറവാട്ടിലെ ആണേലും കെട്ടിക്കൊണ്ട് പോയിട്ട് ഇച്ചിരി സ്നേഹം പോലും കൊടുക്കാൻ പറ്റീലേൽ തീർന്നില്ലെടി? “
” അച്ഛനാരോടാ ഈ ഒറ്റക്കിരുന്നു പാതി രാത്രി സംസാരിക്കുന്നെ? “
കണ്ണു തിരുമി മുണ്ടും അഴിച്ചു കുത്തി പിന്നിൽ വന്നു നിന്നു കൊണ്ടു അപ്പു ചോദിച്ചു
” മ്മടെ അമ്മിണിയോട് ” മുരുകൻ ചിരിച്ചു കൊണ്ടു എഴുന്നേറ്റു… അയ്യാളുടെ മറുപടി കേട്ടു കാട് പിടിച്ചു കിടക്കുന്ന തൊഴുത്തിലേക്കു അപ്പു നോക്കി
” ഏതു… മൂന്ന് കൊല്ലം മുന്നേ ചത്തു പോയ മ്മടെ അമ്മിണിയോടൊ? “
ഞെട്ടലോടെ മുരുകൻ തിരിഞ്ഞു നോക്കി… ശരിയാണ് അമ്മിണി ഇല്ല.
” അച്ഛൻ വന്നേ.. വന്നു കിടക്കാൻ നോക്കിയേ “
അപ്പു അച്ഛനെ വലിച്ചു കൊണ്ടു അകത്തേക്ക് പോയി…
രാവിലെ എണീറ്റു കുളി കഴിഞ്ഞു വന്ന മുരുകനെയും നോക്കി രമ അടുക്കള വാതിക്കൽ നിക്കുന്നുണ്ടായിരുന്നു
” അതെ നിങ്ങളിനി പണിക്കു പോവണ്ട “
മുരുകൻ ഞെട്ടലോടെ അവളെ നോക്കി
” പൈസ വല്ലതും വേണേൽ അപ്പുനോട് ചോദിച്ചാ മതി… നിങ്ങക്ക് കള്ള് കുടിക്കാനുള്ള പൈസ അവൻ തരും “
” എന്തെ പെട്ടന്ന്? “
” ആ ചെക്കന്റെ വീട്ടുകാര് അമ്മൂനോട് പറഞ്ഞത്രേ പെണ്ണിന്റച്ഛൻ കൂലിപ്പണിക്കാരൻ ആണെന്ന് പറയുന്നത് അവർക്കു കുറച്ചിലാണെന്ന്.. അത് കേട്ടപ്പോ അപ്പുവാ പറഞ്ഞത് അച്ഛനിപ്പോ പ്രയായില്ലേ വീട്ടിലിരിക്കാൻ പറയാൻ..അല്ലേലും ഇപ്പോഴും പണിക്കു പോയാൽ ഞാൻ ഒന്നും ചെയ്യുന്നില്ലന്നല്ലേ നാട്ടുകാര് വിചാരിക്കൂ എന്ന്… വെറുതെ പിള്ളേർക്ക് നാണക്കേട് ഉണ്ടാക്കേണ്ട.. “
പണിയും നിന്നതോടെ മുരുകൻ കടുത്ത ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങി.. തെളി കുടിക്കാൻ ഷാപ്പിൽ എത്തിയ മുരുകനോട് കച്ചവടക്കാരൻ പറഞ്ഞു “ഇപ്പൊ എന്തായി മുരുകെട്ടാ.. ഞാൻ പറഞ്ഞത് പോലായില്ലേ.. അപ്പു വന്നിരുന്നു.. അച്ഛൻ എത്ര ചോദിച്ചാലും കൊടുത്തോളു ക്യാഷ് അവൻ തന്നോളാന്നു പറഞ്ഞു.. ഇതിൽ കൂടുതൽ ഇനി എന്ത് വേണം… കുപ്പി എടുക്കട്ടെ? “
” വേണ്ട ” മുരുകൻ തിരിച്ചു നടന്നു.
തിരിച്ചു പറമ്പിലൂടെ നടക്കുമ്പോൾ ആണ് അമ്മിണി പശു അഴിഞ്ഞു പറമ്പിലൂടെ നടക്കുന്നത് കാണുന്നെ..
” ശേ.. ഈ അമ്മിണീനെ മുറുക്കി കെട്ടാൻ എത്ര പറഞ്ഞാലും ഇവള് കേക്കില്ല..അമ്മിണീ “
മുരുകന്റെ വിളി കേട്ടു തിരിഞ്ഞു നോക്കിയാ അമ്മിണി ഓടാൻ തുടങ്ങി..
” അമ്മിണി.. ഓടല്ലേ.. നിക്കാൻ ” മുരുകൻ പുറകെ ഓടി…ഒടുവിൽ ഓടിച്ചിട്ട് തോട്ടിൻ കരയിൽ ഇട്ടു അവളെ പിടി കൂടി. കയർ വട്ടം ഇട്ടു മരത്തിൽ കേട്ടുറപ്പിച്ചു.
” ആഹാ ഇനി നീ ഓടുന്ന എനിക്കൊന്നു കാണണോലോ…. “
” എന്താ മുരുകെട്ടാ ഇവിടെ പരിപാടി? ” പിന്നിലേക്ക് വന്നുകൊണ്ടു രണ്ട് പേർ ചോദിച്ചു.
” ഞാൻ അമ്മിണിയെ ഇവിടെ കെട്ടുവായിരുന്നു “
” അതെലെ.. ഈ കെട്ടു പോരാ മുരുകെട്ടാ.. ഞങ്ങള് കെട്ടി കാണിച്ചു തരം ” മുരുകൻ ഒന്നും മനസ്സിലാവാതെ അവരെ നോക്കി.
മരത്തിൽ കെട്ടി ഇട്ടിരിക്കുന്ന മുരുകന് അരികിലേക്ക് രമയും അപ്പുവും വന്നു.
” ദേ മോനേ കാര്യം ഞങ്ങക്കറിയാം പെണ്ണിന്റെ കല്ല്യാണം ആണെന്നൊക്കെ..പക്ഷെ എന്റെ പെണ്ണുമ്പുള്ള കുളിക്കുമ്പോൾ വന്നു ഒളിഞ്ഞു നോക്കിയാ ഞങ്ങക്കിതല്ലാതെ വേറെ വഴി ഒന്നും ഇല്ല.. കുറച്ചു ദിവസായി ആളെ പിടിക്കാൻ ഞങ്ങൾ ഓങ്ങി നിക്കുന്നു.. ഇന്നാ കിട്ടിയേ.. എന്തേലും ചോദിച്ചാലോ ഏതോ ഒരു അമ്മിണി പശുവിനെ ഓടിച്ചു വന്നതാന്ന് മാത്രം പറയും “
രമ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു.. അപ്പു അച്ഛനെ നോക്കി…മുഖത്ത് കൈ വിരലുകളുടെ പാടുകൾ ഉണ്ടായിരുന്നു…
” ആരാ തല്ലിയത്? “
ആരും ഒന്നും മിണ്ടിയില്ല…
” ആരാ തല്ലിയതെന്നു? “
” കൂട്ടത്തിൽ ആരോ ” ഒരുവൻ പറഞ്ഞു…
അപ്പു കെട്ടഴിച്ചു…. രമ സ്വയം പഴിച്ചും കുറ്റം പറഞ്ഞും മുന്നിൽ നടന്നു.. അപ്പു നടത്തതിന് ഇടയിൽ അച്ഛനെ ശ്രദ്ധിച്ചു
” അച്ഛനെന്തിനാ അവിടെ പോയത്? “
” അമ്മിണി പശു ഓടിയപ്പോ പുറകെ പോയതാ. ഞാൻ ഒന്നും ചെയ്തിട്ടില്ല. അവരെന്നെ തല്ലി.. ദേ കണ്ടോ? ” മുരുകൻ ഒരു കുഞ്ഞിനെ പോലെ തന്റെ കയ്യിലെ പാടു കാണിച്ചുകൊണ്ട് പറഞ്ഞു. അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു
” അച്ഛന് വേദനിച്ചോ “
” ഏയ് … അമ്മിണിയെ ആരാ അഴിച്ചോണ്ട് പോയേ? “
” ഞാനാ “
” ആ.. എന്നാ കുഴപ്പില്ല “
വീട്ടിൽ എത്തിയ മുരുകനെയും കാത്തു മകൾ വാതിക്കൽ ഉണ്ടായിരുന്നു…
” സമാധാനായില്ലേ അച്ഛന്… കല്ല്യാണം മുടക്കാൻ ഇതിലും നല്ല വഴിയൊന്നും കണ്ടില്ലല്ലേ..? “
അച്ഛൻ അപ്പുവിനെ നോക്കി…
” അമ്മു നീ കേറിപ്പോ മോളേ.. നമുക്ക് പിന്നെ സംസാരിക്കാം.. ” അപ്പു പറഞ്ഞു
” ഏട്ടനത് പറയാം… ഞാനാഗ്രഹിച്ച ജീവിതം എനിക്കെങ്ങും ഇല്ലാണ്ടായാൽ ഉണ്ടല്ലോ… ഇത്രയും സ്വാർത്ഥനയാ മനുഷ്യൻ “
അപ്പു ഒന്നും മിണ്ടാത അച്ഛനെ അകത്തേക്ക് കൊണ്ടു പോയി…
” കുറച്ചു നേരം കിടക്ക്… “
” ആം ” ഒന്നും മിണ്ടാത അയ്യാൾ കട്ടിലിൽ കിടന്നു.അപ്പു പുറത്തേക്കിറങ്ങി
” അമ്മു ഇങ്ങു വന്നെടി “
അവൾ അടുത്തേക്ക് വന്നു ” ഏട്ടനിനി കൂടുതൽ ന്യായം ഒന്നും പറയാൻ നിക്കണ്ട. അയ്യാൾ
പറഞ്ഞു തീരും മുന്നേ അപ്പുവിന്റെ കൈ അമ്മുവിൻറെ മുഖത്ത് പതിഞ്ഞു… ഒരു തരിപ്പോടെ മുഖം പൊത്തി അവളും ഞെട്ടലോടെ രമയും നിന്നു .
” നീ ഈ പറഞ്ഞ നിന്റെ ജീവിതത്തെ പറ്റി ചിന്തിക്കാൻ പാകത്തിന് ഇന്നിവിടെ ജീവനോടെ നിക്കുന്നതെ ഒരായുസ്സു മുഴുവൻ ആ മനുഷ്യൻ ഒഴുക്കിയ വിയർപ്പിന്റെ പ്രതിഫലം കൊണ്ടാ.. അപ്പ കാണുന്നവനെ അപ്പാന്നു വിളിക്കുമ്പോ അതും കൂടി ഓർമ്മ വെച്ചോ.. അച്ഛന്റെ മുന്നിൽ വെച്ചു നിന്നെ തല്ലാത്തത് അതും കൂടി കണ്ടു നിക്കാൻ ഒരു പക്ഷെ ആ മനുഷ്യന് കഴിഞ്ഞെന്നു വരില്ല..മനസ്സിലാക്കാൻ ഞാനും വൈകി… അതുകൊണ്ട് ഇനി മേലാ എന്തെങ്കിലും ആരെങ്കിലും ശബ്ദം ഉയർത്തി സംസാരിക്കുന്നതു ഞാൻ കണ്ടാ “
അപ്പു പുറത്തേക്കു നടന്നു….
” മനസ്സിന് ആഴത്തിൽ ഏറ്റ മുറിവുകൾ ആണ് അപ്പു അച്ഛന്റെ സമനില തെറ്റിച്ചതു…ഒരു പക്ഷെ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതാവണം എന്നില്ല..അമ്മിണി പശു മരിച്ചിട്ടു മൂന്ന് കൊല്ലം ആയെന്നല്ലേ പറഞ്ഞെ? ചിലപ്പോ അതിനു മുന്നേ ഒറ്റപ്പെടൽ അനുഭവ പെടുമ്പോൾ പശുവിനോട് സംസാരിക്കുന്ന ശീലം ഉണ്ടായിരുന്നിരിക്കാം. ഇപ്പൊ ആരും തന്നെ വക വെക്കില്ല എന്ന തോന്നൽ വന്നപ്പോ മൊത്തമായി മനസ്സിന്റെ താളം തെറ്റി. ഇല്ലാത്ത അമ്മിണി പശു ഉണ്ടന്ന തോന്നലിൽ എത്തി… “
” എനിക്കച്ചനെ കൊണ്ടു പോവാൻ പറ്റുവോ ഡോക്ടർ? “
” സീ… അമ്മയും അനിയത്തിയും അച്ഛന്റെ സാമീപ്യം അത്ര ആഗ്രഹിക്കുന്നതായി എനിക്ക് തോന്നുന്നില്ല അപ്പു. അനിയത്തിയുടെ കല്ല്യാണം കൂടി വരാൻ ഉള്ളത് കൊണ്ടു അച്ഛൻ ഇവിടെ നിക്കുന്നതാവും നല്ലത്. അല്ലെങ്കിൽ അച്ഛനെ നോക്കാൻ മാത്രമേ തനിക്കു സമയം കാണു. “
അപ്പു നിരാശയിൽ ആയി
” തനിക്കു നല്ല വിഷമം ഉണ്ടല്ലേ? “
” രാവും പകലും ഞങ്ങക്ക് വേണ്ടി ജീവിച്ചതാണ് സർ… തളരുമ്പോ താങ്ങാവേണ്ടത് ഞങ്ങളല്ലേ “.
” ശരിയാണ്.. പക്ഷെ ബാക്കി ഉള്ളവർ.. എന്തായാലും അവളുടെ വിവാഹം കഴിയട്ടെ “
അപ്പു പുറത്തേക്കിറങ്ങി… കാറിനരികിൽ എത്തുമ്പോൾ മുകളിലെ നിലയിൽ ജനലിലൂടെ അച്ഛൻ നോക്കി നിക്കുന്നത് അവൻ കണ്ടു.നിറ കണ്ണുകളോടെ ഒന്ന് കൂടി അങ്ങോടു നോക്കാൻ ധൈര്യം ഇല്ലാതെ അവൻ കാറിൽ കയറി. വണ്ടി മുന്നോട്ടു നീങ്ങി.. കണ്ണാടിയിലൂടെ നിശ്ചലനായി നോക്കി നിക്കുന്ന മുരുകനെ അവൻ ഒന്ന് കൂടി നോക്കി .
പണ്ട് ആശാൻ കളരിയിൽ കൊണ്ടാക്കി അച്ഛൻ മടങ്ങുമ്പോൾ താൻ ഉച്ചത്തിൽ വിളിച്ചു കരഞ്ഞത് അവൻ ഓർമിച്ചു.ഓടാതിരിക്കാൻ ടീച്ചർ വട്ടം പിടുക്കുമ്പോ ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടു വേദനയോടെ അച്ഛൻ ആശാൻ കളരിയുടെ പടി കടന്നു പോകുന്നത് അവൻ കണ്ണീരോടെ ഓർത്തു.
” വണ്ടി നിർത്തു “
ഡ്രൈവർ വണ്ടി നിർത്തി… അപ്പു പുറത്തേക്കിറങ്ങി.. വന്നതിലും വേഗത്തിൽ അവൻ തിരിച്ചു നടന്നു.
” ഡോക്ടർ എനിക്കെന്റെ അച്ഛനെ വേണം ” ഡോക്ടർ ഒരു നിശ്വാസത്തോടെ അവന്റെ തോളിൽ കൈ വെച്ചു. വൈകിട്ട് തന്റെ കൈകൾ പിടിച്ചു അച്ഛൻ ആശാൻ കളരിയുടെ പടികൾ ഇറങ്ങിയ പോലെ അച്ഛന്റെ കൈകൾ പിടിച്ചു അവൻ ആശുപത്രിയിൽ നിന്നും ഇറങ്ങി നടന്നു.
കണ്ണൻ സാജു.