എയർപോർട്ടിൽ നിന്നും ഇറങ്ങിയ അവൾ തന്റെ കാമുകന്റെ കൂടെ കാറിൽ കയറി. ഭർത്താവ് തന്റെ പിഞ്ചു പൈതലിനേയും ചേർത്ത് പിടിച്ച് അവളെ നോക്കി…….

Story written by Shaan Kabeer

“കുട്ടിനെ നിനക്ക് വേണ്ടല്ലോ…? പറ… കുട്ടിനെ നിനക്ക് വേണ്ടല്ലോ…?”

എയർപോർട്ടിൽ നിന്നും ഇറങ്ങിയ അവൾ തന്റെ കാമുകന്റെ കൂടെ കാറിൽ കയറി. ഭർത്താവ് തന്റെ പിഞ്ചു പൈതലിനേയും ചേർത്ത് പിടിച്ച് അവളെ നോക്കി

“എന്നെ നീ ഇട്ടിട്ട് പൊക്കോ, നീ… നൊന്തു.. പെ…”

അയാളുടെ വാക്കുകൾ മുറിഞ്ഞു

“നീ നൊന്തുപെറ്റ നമ്മുടെ കുഞ്ഞിനെക്കാളും വലുതാണോ നാല് മാസം മുന്നേ സോഷ്യൽ മീഡിയ വഴി പരിജയപ്പെട്ട ഈ കാമുകൻ”

അവൾ കാറിന്റെ ഡോർ അടക്കാൻ നേരം ഭർത്താവിനെ പുച്ഛത്തോടെ നോക്കി

“എനിക്ക് കുഞ്ഞിനെ വേണ്ട, ഇയാളൊന്ന് പോയേ… ശല്യം”

താൻ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് തന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ഭാര്യ മറ്റൊരുത്തന്റെ കൂടെ കൈകൾ കോർത്ത് തോളിലേക്ക് ചാഞ്ഞിരുന്ന് കാറിൽ കയറി പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ ആ ഭർത്താവിന് സാധിച്ചൊള്ളൂ. അയാളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ പിഞ്ചു പൈതലായ മകൾ തന്റെ കുഞ്ഞികൈകൾ കൊണ്ട് തുടച്ചുമാറ്റി

“അച്ഛ കരയേണ്ട…”

അയാൾ തന്റെ മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.

ഈ സമയം കാറിനുള്ളിൽ…

സമയം രാത്രി ആയിരുന്നു. അവൾ തന്റെ കാമുകന്റെ കണ്ണിലേക്ക് നോക്കി

“ഇങ്ങള് മാസാണ് ട്ടോ… പറഞ്ഞപോലെ എന്നെ സ്വന്തമാക്കിയില്ലേ”

അവൻ തന്റെ കട്ട താടിയിൽ ഒന്ന് തലോടി

“ഈ ആകാശം തന്നെ ഇടിഞ്ഞ് വീണാലും ന്റെ പോന്നുനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. ആന കുത്താൻ വന്നാലും നെഞ്ചും വിരിച്ച് നിക്കുന്ന എനിക്ക് ഇതൊക്കെ എന്ത്…”

അവൾ അവന്റെ കണ്ണിലേക്ക് നോക്കി

“നിങ്ങക്ക് ന്നെ മടുക്കോ… ന്നെ പാതി വഴിയിൽ ഇട്ടിട്ട് പോവോ… നിക്ക് കരച്ചിൽ വരുന്നു”

അവൻ അവളെ ചേർത്ത് പിടിച്ചു

“എന്റെ കൂടെ യാത്ര ചെയ്യാൻ വരുന്നവരെ ഞാൻ പാതി വഴിയിൽ ഇറക്കി വിടാറില്ല”

ഒന്ന് നിറുത്തിയിട്ട് തന്റെ മീശ പിരിച്ച് അവൻ അവളെ നോക്കി

“എന്റെ ജീവൻ പണയം വെച്ചിട്ടാണേലും ഞാൻ അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചിരിക്കും. ഇതെന്റെ വാക്കാണ്”

അവൾ തന്റെ കാമുകനെ രോമാഞ്ചത്തോടെ നോക്കി

“എന്തൊരു മാസാ നിങ്ങൾ… സോഷ്യൽ മീഡിയയിൽ നാട്ടിൽ നടക്കുന്ന അനീതിക്കും അക്രമത്തിനും എതിരെ ശബ്ദം ഉയർത്തി സംസാരിക്കുമ്പോഴും നിങ്ങൾ ഇങ്ങനെതന്നെയാണ്… ശരിക്കും മാസ്”

അവൻ അവളെ ചേർത്ത് പിടിച്ചു. പെട്ടന്ന് കാർ നിന്നു. ഡ്രൈവർ അവരെ തിരിഞ്ഞു നോക്കി

“സർ സ്ഥലമെത്തി”

രണ്ടുപേരും കാറിൽ നിന്നും പുറത്തിറങ്ങി. എങ്ങും കൂരാകൂരിരുട്ട്. കുറച്ച് ദൂരെ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു വീടിൽ നിന്നും ചെറിയൊരു വെളിച്ചം കാണാം. അവളുടെ കൈകൾ ചേർത്ത് പിടിച്ച് അവൻ കാറിന്റെ ടിക്കി തുറന്നതും പെട്ടന്ന് ടിക്കിയിൽ നിന്നും എയർപോർട്ടിൽ നിന്നും കയറിപ്പറ്റിയ ഒരു കറുത്ത പൂച്ച “മ്യാവൂ” എന്ന് ശബ്‌ദിച്ച് പുറത്തേക്ക് ചാടി. പെട്ടെന്നുള്ള ആ പൂച്ചയുടെ ചാട്ടം കണ്ടതും കാമുകിയുടെ കയ്യും വിട്ട് അവളെ തള്ളിമാറ്റി

“അങ്ങോട്ട് മാറി നിക്ക് ***മോളേ”

എന്നും പറഞ്ഞ് അവൻ തിരിഞ്ഞ് പോലും നോക്കാതെ ഓടി. ഓട്ടം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര ഓട്ടം.

ആന കുത്താൻ വന്നാൽ പോലും നെഞ്ചും വിരിച്ച് നേരിടുന്ന…

ആകാശം ഇടിഞ്ഞ് വീണാലും തന്നെ ആർക്കും വിട്ട് കൊടുക്കാതെ ചേർത്ത് പിടിക്കുന്ന…

യാത്ര ചെയ്യുമ്പോൾ പാതി വഴിയിൽ ഇറക്കി വിടാത്ത…

ധീരനും മാസുമായ കാമുകൻ ആ കൂരാകൂരിട്ടത്ത് തന്നെയും തനിച്ചാക്കി ഓടിയ ഓട്ടം കണ്ടപ്പോൾ അവൾക്ക് ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി ദയനീയമായി നിക്കാനേ സാധിച്ചൊള്ളൂ…

അവൾ ഒറ്റക്കാണ് എന്ന് തോന്നിയത് കൊണ്ടാവണം ആ പൂച്ച അവിടെതന്നെ ഉണ്ടായിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *