എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഭാര്യയുടെ ആണ്ടായിരുന്നു. അച്ഛന് ഞങ്ങളുടെ കൂടെ വന്നൂടെയെന്ന് പറയാൻ മക്കൾ മൂന്നുപേരും ആ രാത്രിയിൽ എന്റെ മുന്നിൽ വന്നു നിന്നു. അമ്മയുടെ ഓർമ്മദിനം കൂടാൻ ഒരേ നഗരത്തിലെ വെവ്വേറെ ഇടങ്ങളിൽ നിന്നാണ് മക്കൾ വന്നിരിക്കുന്നത്. മൂത്തവൾക്ക് ഞാൻ ഒപ്പം പോയേ പറ്റൂ.. ഇളയവനും നിർബന്ധിച്ചു. രണ്ടാമൻ മാത്രം യാതൊന്നും മിണ്ടിയില്ല.
‘എനക്ക് പെൻഷന്ണ്ട്. ഞാൻ ഏടത്തേക്കും വരുന്നില്ല…’
മക്കൾ വിഷമിച്ചു. മുപ്പത് വർഷം ഞാനുമായി പങ്കിട്ടവൾ മരിച്ചപ്പോഴാണ് ആദ്യമായി മൂന്നുപേരും ചേർന്ന് വന്നത്. തങ്ങളുടെ അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ തോന്നിയത് തന്നെ വലിയ കാര്യം. പിന്നീട് ഓരോ ആണ്ടിലും അതേ തീയതിയിൽ എല്ലാവരും ഒത്തുകൂടും. അങ്ങനെയെങ്കിലും മക്കൾ വരുന്നുണ്ടല്ലോയെന്നോർത്ത് സന്തോഷം തോന്നാറുണ്ട്. അതിനും പോലും ഭാഗ്യമില്ലാത്ത എത്രയെത്ര വൃദ്ധജനങ്ങളെ പേറുന്ന ഭൂമിയാണിത്..
സർവീസിൽ ഉണ്ടായിരുന്നപ്പോൾ സമ്പാദിച്ചതെല്ലാം ഭാര്യയുടെ മരണത്തിന് മുമ്പേ എന്റെ ഇഷ്ട്ടത്തിന് മൂന്നുപേർക്കും വീതിച്ച് കൊടുത്തതാണ്. ഇനിയുള്ളത് ഈ വീടും എന്റെ പെൻഷൻ തുകയും മാത്രം. സഹായത്തിന് കുമാരനും ഉണ്ട്. ഇവിടുത്തെ മരങ്ങളിൽ തട്ടിയ കാറ്റ് കൊള്ളാതെ എനിക്ക് ഉറക്കം വരില്ല. വർഷങ്ങളോളം ഞാനുമായി ജീവിതം പങ്കിട്ട അവരുടെ അമ്മ അലിഞ്ഞ മണ്ണു വിട്ട് എനിക്ക് എങ്ങനെ വരാൻ പറ്റും…!
‘അച്ഛൻ വന്നില്ലെങ്കിൽ ഇവൻ അകത്ത് പോകും… ലക്ഷം ഇരുപതാണ് കൊടുക്കേണ്ടത്!’
രണ്ടാമനെ ചൂണ്ടി ഇളയവനാണ് പറഞ്ഞത്. അവൻ ഒന്നും മിണ്ടാതിരുന്നപ്പോഴേ ഞാൻ ചിന്തിക്കേണ്ടതായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോഴാണ് വിഷയം ഗൗരവ്വമാണെന്ന് എനിക്ക് മനസ്സിലാകുന്നത്.
നല്ല നിലയിൽ നടത്തിക്കൊണ്ട് പോയ ഹോട്ടൽ വികസിപ്പിക്കാൻ ആരോടോ പണം വാങ്ങി. തിരിച്ചുകൊടുക്കാൻ പറ്റിയില്ല. പൊട്ടി തകർന്ന നിലയിൽ സഹോദരങ്ങളോട് സംസാരിച്ചപ്പോൾ അച്ഛനെ കൊണ്ട് വീട് വിൽപ്പിക്കാമെന്ന ധാരണയിൽ എത്തിയതാണ്. അങ്ങനെയെങ്കിൽ മൂന്നുപേർക്കും പങ്കിട്ടെടുക്കാമല്ലോ… പെൻഷൻ ഉള്ളത് കൊണ്ട് ആർക്ക് വേണമെങ്കിലും എന്നെ കൊണ്ടുപോകാം. എന്റെ മക്കൾ എന്നെക്കാളും സമർത്ഥർ തന്നെ…!
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് പൊട്ടി ചിരിക്കാനാണ് തോന്നിയത്. ആ മോഹം നടക്കില്ലയെന്റെ പൊന്നുമക്കളേയെന്ന് പറയാൻ എനിക്ക് ഏറെ നേരവും വേണ്ടിവന്നില്ല.
‘അച്ഛന് പ്രായമായില്ലേ… കാല ശേഷം ഞങ്ങൾക്ക് തന്നെയല്ലേ ഇതൊക്കെ…’
എന്നാൽ കൊ ല്ലെടീയെന്നും പറഞ്ഞ് മൂത്തവളുടെ മുന്നിൽ ഞാൻ നെഞ്ച് തള്ളി നിന്നു. അകത്ത് നിന്ന് ഇല്ലാത്ത വിളിക്ക് വരുന്നേയെന്നും പറഞ്ഞ് ഇളയവൻ തടിയും തപ്പി. അതുകണ്ടപ്പോൾ അവളും പിറകിലൂടെ നടന്നു. രണ്ടാമൻ മാത്രം തറയിൽ നിന്ന് കണ്ണെടുക്കാതെ നിന്നയിടത്ത് തന്നെ നിന്നു. എന്തുപറയാനാണ്. പെട്ടുപോയത് അവൻ മാത്രമാണല്ലോ…
സഹോദരനോട് സ്നേഹമുണ്ടെങ്കിൽ അവർക്ക് തീർക്കാവുന്ന പ്രശനങ്ങളേയുള്ളൂ.. അതിനുള്ള പ്രാപ്തിയൊക്കെ ഇളയവനും മൂത്തവൾക്കും ഉണ്ട്. എന്നിട്ടും വിഷയം ഇവിടെ എത്തണമെങ്കിൽ മക്കൾക്ക് സമ്പത്ത് തന്നെ മുഖ്യം. അതിനേക്കാളും പ്രയാസം പ്രായമായവർ എങ്ങനെയെങ്കിലും ജീവിച്ചാൽ മതിയെന്ന അവരുടെ ധാരണയാണ് എന്നെ തളർത്തി കളഞ്ഞത്.
‘ഒരു വായ്പ എടുത്തുതരാം. മാസം മാസം അടച്ചോളണം…’
രണ്ടാമന് അതുകേട്ടപ്പോൾ ശ്വാസം തിരിച്ചുകിട്ടി. എന്റെ കാലിൽ വീണ് പൊട്ടി കരയുകയും ചെയ്തു. എനിക്ക് അവനോട് പാവം തോന്നി. വിതുമ്പിക്കൊണ്ട് എന്തൊക്കെയോ പറയണമെന്ന് അവനുണ്ടായിരുന്നു. ഒന്നും പറയണ്ടായെന്ന് ഞാൻ പറയുകയായിരുന്നു.
ഇതിപ്പോൾ വായ്പയെടുത്ത് കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്റെ കാല ശേഷം കീറിമുറിക്കാൻ കാത്തിരിക്കുന്ന മറ്റ് രണ്ടുപേർ എങ്ങനെയെങ്കിലും അടപ്പിച്ചോളും.. അടച്ചില്ലെങ്കിൽ വിഹിതം കുറയുമെന്ന് രണ്ടാമനും തോന്നും. എന്തുചെയ്യാം കുരുത്തം കെട്ടവരാണെങ്കിലും മക്കളായി പോയില്ലേ… എന്തെങ്കിലും ചെയ്യട്ടെ..
എത്ര വീണ്ടുവിചാരത്തോടെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ഈ പ്രായത്തിൽ തോറ്റുപോയി. കഴിഞ്ഞ രണ്ടുദിവസങ്ങളായി അവരുടെ സ്നേഹം കൊള്ളുമ്പോഴൊക്കെ മനസ്സിനൊരു കുളിർമ അനുഭവപ്പെട്ടിരുന്നു. അതൊക്കെ ഓർക്കുമ്പോൾ അവിടമാകെ പൊള്ളുന്നതു പോലെ…
ആഗ്രഹം പോലെ അവസാന കാലത്ത് ജീവിക്കാനായി ഓടിയുണ്ടാക്കിയതാണ് ഈ പശ്ചാത്തലം. അവിടെ നിന്ന് എത്ര നിസ്സാരമായാണ് മക്കൾക്ക് എന്നെ പറിച്ചുനടാൻ തോന്നിയത്. വർഷങ്ങളുടെ വൈകാരിക സമ്പത്തിൽ അന്തിയുറങ്ങാൻ എത്ര പാടുപെട്ട് കാത്തിരുന്നതാണ് ഞാൻ…
മക്കളിൽ ആർക്കെങ്കിലും എന്നോട് ആത്മാർത്ഥമായ സ്നേഹമുണ്ടെന്ന് ഞാൻ ഇപ്പോൾ കരുതുന്നില്ല. ഉണ്ടെന്ന് നിസംശയം അനുഭവപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അന്ന് അവർക്ക് ഇത്രയും സാമർഥ്യമുണ്ടായിരുന്നില്ല. സമ്പത്തെന്നാൽ എന്താണെന്ന് പോലുമുള്ള അറിവുണ്ടായിരുന്നില്ല. പൈതലുകൾ.. അച്ഛായെന്ന് വിളിച്ച് എന്റെ തോളിലും ചുമലിലും കയറുന്ന കുസൃതികൾ. മക്കളൊന്നും വളരേണ്ടിയിരുന്നില്ലായെന്ന് വളരേ സ്വാർത്ഥമായി വെറുതേ ആ നേരം ഞാൻ ആഗ്രഹിച്ചുപോയി..
പ്രായമായവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെയെന്ന് കരുതുന്ന മക്കൾ തുലോം കൂടുതലാണ്. അവരെ സബന്ധിച്ചയിടത്തോളം പ്രായമായ മാതാപിതാ ക്കളെന്നാൽ മക്കളുടെ സുഖ ജീവിതത്തിനായി എന്തും ത്വജിക്കാൻ തയ്യാറാകുന്നവർ ആയിരിക്കണം. ജീവിച്ചിരിച്ചേക്കാവുന്ന ഏതാനും വർഷങ്ങൾക്ക് വേണ്ടി വാശി പിടിക്കാത്തവർ ആയിരിക്കണം..
അങ്ങനെ ഓർത്തപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ത്യാഗമെന്ന വാക്കൊക്കെ മാതാപിതാക്കളോട് പറയാൻ മക്കൾക്ക് ത്രാണിയുണ്ടാ യിരിക്കുന്നു! ഈ രംഗമൊന്നും കാണുന്നതിന് മുമ്പേ മണ്ണിൽ പോയ നീയെത്ര ഭാഗ്യവതിയാണെന്ന് ഓർത്ത് കൊണ്ട് ഞാൻ ചുമരിലേക്ക് നോക്കി. അവിടെ തൂങ്ങി നിന്നിരുന്ന മക്കളുടെ അമ്മ എന്തിനോയെന്ന പോലെ എന്നോട് ചിരിക്കുന്നുണ്ടായിരുന്നു…!!