അടുക്കള
Story written by Nitya Dilshe
“‘ഫൈസു,, ഇന്ന് സ്കൂൾ വിട്ടാല് അവിടേം ഇവിടേം തിരിഞ്ഞ് നടക്കാണ്ട് വേഗം പൊരേൽക്കു വരണം ട്ടാ..അനക്ക് ഇഷ്ടപ്പെട്ട ചട്ടിപ്പത്തിരി ഉണ്ടാക്കണണ്ട് ഉമ്മ “” എനിക്ക് ചായ തന്ന്, കരി പുരണ്ട സാരിയിൽ കൈ തുടച്ച് ഉമ്മ പറഞ്ഞു..
ഓർമ്മവച്ച കാലം മുതലേ ഉമ്മയെ കൂടുതലും കാണുന്നത് പുകയും കരിയും നിറഞ്ഞ ഈ അടുക്കളയിലാണ്..എനിക്കും ഉപ്പാക്കും ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിയും ബന്ധുക്കളെ വിരുന്നൂട്ടിയും ഉമ്മ മിക്കതും ഇതിനുള്ളിൽ തന്നെ..ഇടക്ക് അടുപ്പൂതി ചുവന്നു വീർത്ത കണ്ണുകളോടെ ഉമ്മ പറയാറുണ്ട്..
“”ഈ പച്ച വെറക് ഊതി ഊതി ന്റെ നെഞ്ചും കണ്ണും പോവാറായി..മുനീറാന്റെ വീട്ടിലൊക്കെ ഗ്യാസ് അടുപ്പാത്രേ.. അയിന് പൊകേം കരീം ഒന്നും ഉണ്ടാവൂലത്രേ””
ആരോടും ഒന്നും പറയാതെ ഒരു ദിവസം ഉപ്പ ഒരറ്റാക്കിന്റെ രൂപത്തിൽ ഞങ്ങളെ വിട്ടുപോയപ്പോൾ ഉമ്മ തളർന്നു വീണു..അതുവരെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളൊക്കെ ഞങ്ങളെ വിട്ടകന്നപ്പോൾ പകച്ചു പോയ എന്നെയും കൂട്ടി ഉമ്മ വന്നത് ഈ അടുക്കളയിലേക്കു തന്നെ..അടുപ്പിൽ എരിയുന്ന കനലിനെക്കാൾ ചൂട് എന്റെ ഉമ്മാടെ നെഞ്ചിനകത്താണെന്നു തോന്നി..
ഉമ്മ ഉണ്ടാക്കിത്തന്ന അച്ചാറും പലഹാരങ്ങളും വീടുകളിലും കടകളിലും വിറ്റു ഞാനും ഉമ്മയും ജീവിതത്തെ നേരിട്ടു….പലപ്പോഴും ചുവന്നു വീർത്ത ഉമ്മാടെ കണ്ണുകൾ കാണുമ്പോൾ ഞാൻ ചോദിക്കാറുണ്ട്..””പച്ച വെറകാണോ ഉമ്മാ “”
എന്നെ ചേർത്തു നിർത്തി വിറക്കുന്ന ചുണ്ടുകളോടെ ഉമ്മ പറയും “‘ പച്ച വെറക് കത്താൻ പണിയാണ് മോനെ.””എന്റെ നെറുകയിൽ വീഴുന്ന കണ്ണുനീരിന്റെ ചൂട് എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു…
എന്റെ ക്ലാസ്സുകൾ ഉയരുന്തോറും ഉമ്മയുടെ പലഹാരങ്ങളുടെ എണ്ണവും അളവും കൂടിക്കൊണ്ടിരുന്നു.
“”ഉമ്മാ, ഇങ്ങളിപ്പോ 24 മണിക്കൂറും ഇയിനുള്ളിൽ തന്നെയായോ..”എന്ന ചോദ്യത്തിന് ഒരു പുഞ്ചിരിയോടെ ഉമ്മാടെ മറുപടിയെത്തും “‘ഇപ്പൊ ഉമ്മാടെ സ്വർഗം ഇതാടാ..”
ഞാൻ എന്ജിനീയറിങ്ങിന് ചേർന്നപ്പോഴേക്കും ഉമ്മ കുടുംബശ്രീയുമായി ചേർന്നു പുറത്തൊരു ഷെഡിൽ പലഹാരങ്ങൾക്ക് പുറമെ കാറ്ററിങ് യൂണിറ്റും തുടങ്ങിയിരുന്നു..ഗ്യാസ് അടുപ്പും ആധുനിക യന്ത്രങ്ങളും വീട്ടിൽ സ്ഥാനം പിടിച്ചു..അപ്പോഴും പുക പിടിച്ച അടുക്കളയിൽ ചൂടിനോട് മല്ലിട്ടു ഉമ്മ അടുപ്പ് കത്തിക്കുന്നത് കാണാം..
“”ഗ്യാസ് അടുപ്പുണ്ടായിട്ടും എന്തിനാ ഉമ്മാ ഈ അടുപ്പത്തിങ്ങനെ കഷ്ടപ്പെടുന്നത്..?””
“”ചെല പലഹാരങ്ങൾക്കു അതിന്റെ ചൂടും കണക്കുമുണ്ട് ഫൈസു.. .അതു തെറ്റിയാ ശരിക്കുള്ള രുചി കിട്ടൂല…ഈ അടുപ്പിന്റെ ചൂടും കണക്കുമേ ഉമ്മാക്ക് അറിയൂ..”‘ എന്റെ ചോദ്യത്തിന് പതിവ് പുഞ്ചിരിയിൽ ഉമ്മ മറുപടി കിട്ടി..
ജോലി കിട്ടി ,വീട് പുതുക്കി പണിതപ്പോഴും ഉമ്മാടെ അടുപ്പും അടുക്കളയും വലിയ മാറ്റമില്ലാതെ അങ്ങനെ തന്നെ നിർത്തി..
എനിക്കൊരു പെണ്കുട്ടിയെ ഇഷ്ടാന്നു ഉമ്മയോട് പറഞ്ഞപ്പോൾ എന്റെ കല്യാണത്തിനുള്ള പലഹാര കണക്കെടുക്കുകയായിരുന്നു ഉമ്മ..എന്റെ ഇണയെ ഇരുകൈയ്യും കൂട്ടി തന്നെ ഉമ്മ സ്വീകരിച്ചു..
മൊബൈലിൽ കളിച്ചും ടി വി കണ്ടും ഉറങ്ങിയും നേരം കളയുന്ന ഹനയെ കണ്ടപ്പോൾ, ആദ്യമൊക്കെ പുതിയ വീടുമായി പൊരുത്തപ്പെടാനുള്ള അവളുടെ ബുദ്ധിമുട്ടായേ കണക്കാക്കിയുള്ളൂ. .
ഒരു ദിവസം രാവിലെ പ്രാതൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഉമ്മയും അടുത്തു നിൽപ്പുണ്ടായിരുന്നു…അല്ലെങ്കിലും സ്വയം കഴിക്കുന്നതിനേക്കാൾ മറ്റുള്ളവരെ കഴിപ്പിക്കുന്നതിലായിരുന്നു ഉമ്മാക്ക് സന്തോഷം..
” ഉമ്മാ, ചട്ടിപത്തിരി കഴിച്ചിട്ട് കുറച്ചൂസം ആയല്ലോ…ങ്ങടെ ചട്ടിപ്പത്തിരിന്റെ രഹസ്യം ഹനക്കുകൂടി പഠിപ്പിച്ചു കൊടുക്കണേ..” കേട്ടതും ഉമ്മയുടെ മുഖം വിടർന്നു..അവളുടെ മറുപടി ഉടൻ വന്നു..
“‘ഫൈസുക്കാ നോട് അത് പറയാനിരുന്നതാ.. എന്ത് അടുക്കള ആണതിക്കാ….ആകെ കരിയും പുകയും..അറച്ചിട്ടു കയറാൻ വയ്യ..ആ അടുപ്പൊക്കെ തട്ടി കളഞ്ഞു ആ ഭാഗം ഒന്നു പുതുക്കി പണിയണം .. ഇക്കാ, ഇപ്പോ ആരും അടുപ്പൊന്നും ഉപയോഗിക്കുന്നില്ല..വെറുതെ പേരിനു അടുക്കളുടെ പുറത്തൊരു മൂലയിൽ ഉണ്ടാക്കിയിടും..പുതിയ അടുക്കള പണിതിട്ടേ ഞാനങ്ങോട്ടു കയറുള്ളൂ ട്ടാ..””
ഉമ്മയുടെ മുഖം വിളറി…ആ കണ്ണൊന്നു നനഞ്ഞുവോ… ഞങ്ങളെ നോക്കി ഒരു ചിരി വരുത്തി ഉമ്മ അടുക്കളയിലേക്കു നടന്നു..
“”ഞാനിന്നു ഓഫീസിൽ നിന്ന് നേരത്തെ വരാം..ഹനാ നീ ഡ്രസ് ചെയ്തു നിൽക്ക്….പിന്നെ നിന്റെ ഡ്രസ് ഒക്കെ പാക്ക് ചെയ്തു വച്ചോ ട്ടാ..”
“”എങ്ങോട്ടാ ഇക്കാ..ടൂർ ആണോ..ഞാനത് പറയണമെന്ന് കരുതി ഇരിക്കായിരുന്നു..””അവളെന്നെ പിന്നിൽ നിന്നും ഇറുകെ പുണർന്നു..പതുക്കെ അവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു “‘ഒരു ടൂർ എന്നും വേണമെങ്കിൽ പറയാം …നിന്റെ വീട്ടിലേക്കാ..നീ ഇനി അവിടെ കഴിഞ്ഞാ മതി..ലോകത്ത് വേറെ പെണ്ണുങ്ങളെ കിട്ടാതെയല്ല ഞാൻ നിന്നെ കെട്ടിയത്..
നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..എന്റെ എല്ലാ കാര്യങ്ങളും ഞാൻ നിന്നോട് പറഞ്ഞിരുന്നു..എല്ലാമറിഞ്ഞിട്ടും നിനക്കെന്നോട് പ്രണയമാണെന്നു പറഞ്ഞപ്പോൾ എന്നെയും എന്റെ ഉമ്മാനെയും ആ അടുക്കളയെയും നീ മനസ്സിലാക്കുമെന്നു കരുതി…
ഉമ്മ പറയും പോലെ പലഹാരങ്ങൾക്കു മാത്രമല്ല ജീവിതത്തിനുമുണ്ട് അതിന്റെ ചൂടും കണക്കും..അതു തെറ്റിയാൽ ശരിക്കുള്ള രുചി കിട്ടില്ല..ആ അടുക്കളയാണ് എന്റെ ഈ ജീവിതം..
എന്റെ ഉമ്മാനെയും അടുക്കളയെയും മനസ്സിലാക്കാത്തവർ ഇവിടെ ജീവിച്ചാൽ ശരിയാവില്ല…””
ലാപ്ടോപ്പ് ബാഗുമെടുത്തു റൂമിനു പുറത്തേക്കു നടക്കുമ്പോൾ നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ കണ്ടില്ലെന്നു നടിച്ചു..അടുപ്പിന്റെ ചൂടേറ്റ് നിൽക്കുന്ന ഉമ്മയോട് യാത്ര പറഞ്ഞ് ഓഫീസിലേക്ക് പോയി..
നേരത്തെ വരുമെന്ന് പറഞ്ഞെങ്കിലും പതിവ് സമയത്തു തന്നെയാണ് ഞാൻ ഓഫീസിൽ നിന്നും തിരിച്ചെത്തിയത്..അടുക്കളയിൽ നിന്ന് ഹനയുടെ പൊട്ടിച്ചിരി കേൾക്കുന്നുണ്ടായിരുന്നു..ഉമ്മയുടെ സ്വർഗത്തിൽ അവളും എത്തിപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..ബാഗ് സോഫയിലേക്കു വച്ച് ഞാനും നടന്നു.. ആ സ്വർഗത്തിലേക്ക്…
സ്നേഹത്തോടെ……Nitya Dilshe…