എല്ലാറ്റിലുവെന്ന പോലെ അമ്മാവൻ കരയുമ്പോ കണ്ടോണ്ടിരിക്കുന്നവർക്ക് ചിരിയാവും വരാ. ഏതാണ്ട് ചാവാലിപ്പ ട്ടിക്ക് ഏറു കൊണ്ട പോലൊരു സൗണ്ട് മാത്രവേ വരത്തുള്ളു….

Story written by Adam John

കരയുന്നതൊരു സുഖവാന്നല്ലേ. ഉള്ളിലെ ഭാരം കുറഞ്ഞില്ലാതാവുന്നത് ശരിക്കറിയാനൊക്കും. ചില കരച്ചിലുകൾ കാണുമ്പോ നമ്മളുടെ കണ്ണുകളും അറിയാതെ നിറഞ്ഞൊവും. അത്രക്ക് ഫീലുണ്ടാവും അതിന്.

വല്യപ്പച്ചന് കണ്ണീരില്ലാഞ്ഞിട്ടാന്നൊ എന്തോ കരച്ചിൽ വരേണ്ട സന്ദർഭങ്ങളിലൊന്നും കരഞ്ഞു കണ്ടിട്ടില്ല..അതോണ്ടാവും വല്യപ്പച്ചനുള്ളതും കൂടി വല്യമ്മച്ചി കരയുവാരുന്നു.

കരഞ്ഞു പിഴിഞ്ഞോണ്ടുള്ള പതം പറച്ചില് കേക്കാൻ വയ്യാത്തോണ്ടാവും വല്യപ്പച്ചൻ പറമ്പിലൊട്ടിറങ്ങി എന്തേലുവൊക്കെ ചെയ്യുക പതിവാക്കിയത്. അതോണ്ടെന്തായി.

ചുരുങ്ങിയ നാള് കൊണ്ട് തന്നേ മികച്ച കർഷകനുള്ള അവാർഡ് വല്യപ്പച്ചനെ തേടിയെത്തി.

അവാർഡ് മേടിക്കുമ്പോഴേലും ആനന്ദക്കണ്ണീർ വാർക്കുമെന്ന് കരുതിയ എല്ലാവരെയും നിരാശപ്പെടുത്തിക്കളഞ്ഞു വല്യപ്പച്ചൻ.

എല്ലാറ്റിലുവെന്ന പോലെ അമ്മാവൻ കരയുമ്പോ കണ്ടോണ്ടിരിക്കുന്നവർക്ക് ചിരിയാവും വരാ. ഏതാണ്ട് ചാവാലിപ്പ ട്ടിക്ക് ഏറു കൊണ്ട പോലൊരു സൗണ്ട് മാത്രവേ വരത്തുള്ളു. ഒരിക്കലങ്ങനെ കരഞ്ഞപ്പോ നാ യയെ ഉപദ്രവിക്കുവാന്ന് കരുതി മുമ്പ് പറഞ്ഞ നായക്കഥയിലെ നായികച്ചേച്ചി ഒത്തിരി ബഹളവുണ്ടാക്കിയാരുന്നു. അന്നാ ചേച്ചിയെ പറഞ്ഞു വിടാൻ പാവം വല്യമ്മച്ചി ഒത്തിരി പണിപ്പെട്ടു.

ഞങ്ങടെ വീട്ടീന്ന് നാല് വീട് അപ്പുറത്തുള്ളൊരു അമ്മച്ചി സെഞ്ച്വറി കഴിഞ്ഞിട്ടും ഔട്ട് ആവാതെ നിക്കുവാരുന്നു കൊറേനാൾ.

നാല് മക്കളുള്ളതിൽ മൂന്നും വിദേശത്താരുന്നു. അതിന്റെ പേരിൽ ആരും കണ്ണ് വെക്കണ്ടാന്ന് കരുതിയാവും ഒരാളെ നാട്ടിൽ തന്നെ നിർത്തിയെ.

അങ്ങേരുടെ ഭാര്യയാരുന്നു അമ്മച്ചിയുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നേ..ഓരോ തവണ അസുഖം വരുമ്പഴും മരിക്കുവെന്ന് പറഞ്ഞോണ്ട് കൊതിപ്പിക്കുവല്ലാതെ അമ്മച്ചി പോവത്തില്ലാരുന്നു.

എന്നാലും സീരിയസാന്ന് കേക്കുമ്പോ അമ്മച്ചിയെ അവസാനവായൊന്ന് കാണാവെന്ന് കരുതി മക്കളൊക്കെ കിട്ടിയ ഫ്ലൈറ്റിലോട്ട് ചാടിക്കേറി നാട്ടിലോട്ട് വരുന്നത് പതിവാരുന്നു.

അവസാനം അമ്മച്ചിക്ക് കുഴപ്പവൊന്നും ഇല്ലാന്ന് അറിയുമ്പോ സന്തോഷവാന്നോ നിരാശയാന്നൊയെന്ന് തിരിച്ചറിയാൻ വയ്യാത്തൊരു ഭാവത്തിൽ അവരൊക്കെ തിരികെ മടങ്ങും.

ഒരിക്കൽ അമ്മച്ചിക്ക് സീരിയസാണെന്നറിയിച്ചിട്ടും മക്കളാരും വന്നീല. എന്നാത്തിനാ കാശും കളഞ്ഞോണ്ട് പോവുന്നേ ചുമ്മാതെ സമയം കളയാൻ.. അമ്മച്ചിക്ക് പെട്ടെന്നങ്ങോട്ട് ഭേദമാവത്തില്ലായോ.. എന്നൊക്കെ ഓർത്താരിക്കും വരാഞ്ഞേ.

ഇനി മക്കളുടെ അടുത്ത് വേലയൊന്നും നടക്കുകേല എന്ന് കരുതിയാന്നോ എന്തോ വല്യമ്മച്ചി എന്നെന്നേക്കുവായി കണ്ണടച്ചേ.

മരണ വാർത്ത അറിഞ്ഞപ്പോ അമ്മച്ചി ഇതെന്നാ പണിയ കാണിച്ചെന്നും ചോദിച്ചോണ്ട് എല്ലാരും കൂടി നാട്ടിലുള്ള ചേച്ചിയോട് പരിഭവം പറച്ചിലോട് പറച്ചിലാരുന്നു.

അവര് പറയുന്ന കേട്ടാ തോന്നും മരിക്കുന്നതൊക്കെ മുൻകൂട്ടി തീരുമാനിക്കേണ്ട കാര്യവാന്ന്. എന്നാ പറയാനാന്നെ. ആൾക്കാരൊക്കെ ചില നേരത്ത് എന്നാ തോൽവിയാന്ന് നോക്കിയേ.

മരിച്ചാൽ കരയണം എന്നുള്ളത് നാട്ട് നടപ്പല്ലായോ. മക്കളാരും നാട്ടിലില്ലാത്ത സ്ഥിതിക്ക് മൃതദേഹത്തിന് ചുറ്റിനും നിന്ന് കരയാൻ വേണ്ടി പുറത്തൂന്ന് കൊറച്ചാൾക്കാരെ ഏർപ്പാടാക്കേണ്ടി വന്നാരുന്നു.

അല്ലാതെ നാട്ടിലുള്ള ചേട്ടനെക്കൊണ്ട് ഒറ്റക്ക് കൂട്ടിയാ കൂടത്തില്ലാലോ. ആളുകൾ വരുന്ന മുറക്കനുസരിച്ച് കരച്ചിലിന്റെ വോളിയം കൂട്ടിയും കുറച്ചും പരിപാടി ഗംഭീരവാക്കി കൊണ്ടിരിക്കുമ്പോഴാരുന്നു അമ്മാവന്റെ എൻട്രി.

ചുറ്റിനും നിരീക്ഷിച്ചോണ്ട് നന്നായി തന്നെ കരയാനുള്ള തയാറെടുപ്പിലാരുന്നു അമ്മാവനും.

പക്ഷെ അവിടെയും വിധി അമ്മാവനെതിരായിരുന്നെന്ന് മാത്രം.

കാര്യവന്താണെന്ന് വെച്ചാ അങ്ങേര് കരച്ചിൽ തുടങ്ങിയതും കരയാൻ ഏർപ്പാടാക്കിയവരിൽ ചൈനീസ് മൂക്കുള്ളൊരു വല്യമ്മച്ചി മുഖം പൊത്തിക്കൊണ്ട് ചിരി തുടങ്ങി.

നിമിഷങ്ങൾക്കകം തന്നെ അത് കൂട്ടച്ചിരിയായി മാറുകയും മരണ വീട് ബംബർ ചിരിയുടെ വേദിയായി രൂപാന്തരപ്പെടുകേം ചെയ്തതോടെ പരിപാടി കൊളവായിന്ന് പറയേണ്ട കാര്യവില്ലാലോ.

അമ്മച്ചിയുടെ ശവമടക്ക് കോമെഡി ആക്കിയതിപ്പിന്നെ ഞങ്ങളോട് കൊറേനാൾ അവര് മിണ്ടത്തെ ഇല്ലാരുന്നു. നാട്ടിലുള്ള ചേട്ടന്റെ ഭാര്യ ഒരിക്കൽ അമ്മായിയെ ബസ്സിൽ വെച്ച് കണ്ടപ്പോ പറയുവാത്രെ.

എന്നേലും നിങ്ങടെ വീട്ടിലും മരണം നടക്കുവല്ലോ അന്നേരം ഞങ്ങളും ചിരിച്ചോണ്ട് പകരം വീട്ടിക്കോളാവെന്ന്. എന്തൊരു ആൾക്കാരാന്നേ. അങ്ങനൊക്കെ ചിന്തിക്കാവോ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *