എല്ലാവരും പറയുന്നു നാൽപതുകളുടെ കാലം ഏറ്റവും മനോഹരമാണെന്ന്.പ്രത്യേകിച്ചും സ്ത്രീകൾ ഏറ്റവും സുന്ദരിയാകുന്നതും ജീവിതം ആസ്വദിക്കുന്നതും……

എഴുത്ത്:-രമ്യ വിജീഷ്

എല്ലാവരും പറയുന്നു നാൽപതുകളുടെ കാലം ഏറ്റവും മനോഹരമാണെന്ന്… പ്രത്യേകിച്ചും സ്ത്രീകൾ ഏറ്റവും സുന്ദരിയാകുന്നതും ജീവിതം ആസ്വദിക്കുന്നതും ഈ നാൽപ്പതുകളിലെന്നു….

അവൾ പതിയെ ആ പഴയകാലത്തിന്റെ ഓർമ്മകളിലേയ്ക്കൊന്നു സഞ്ചരിച്ചു… അച്ഛന്റെയും അമ്മയുടെയും അരുമയായി… ഏട്ടന്മാരുടെ കുഞ്ഞനിയത്തിയായി കൂട്ടുകാർക്കിടയിലെ വായാടിയായി…നാട്ടുകാർക്കിടയിൽ കുറുമ്പുകൾ കാട്ടിയും കുസൃതികൾ കാട്ടിയും നടന്ന കാലം…

ഇരുപതുകളുടെ തുടക്കം സ്വപ്നങ്ങളുടെ തേരിലേരി വിവാഹജീവിതത്തിലേയ്ക്കവൾ പ്രവേശിക്കുമ്പോൾ ഇന്നലെ വരെ കുട്ടിത്തം മാറാതിരുന്നവൾ ഉത്തരവാദിത്തന്റെ… കുടുംബജീവിതത്തിന്റെ ആദ്യ പാഠങ്ങളിലേയ്ക്ക്…. എഴുതിയും തിരുത്തിയും ശരിയും തെറ്റും ആവർത്തിച്ചും ഓരോ പാഠവും പഠിച്ചു മുന്നേറുന്ന ഒരു വിദ്യാർത്ഥിനിയെപ്പോലെ… സ്വന്തം വീട്ടിൽ പോകാൻ അവധി ദിവസങ്ങൾ കാത്തിരിക്കുന്ന ഒരു വിദ്യാർത്ഥിനി…. വീട്ടിൽ രാജകുമാരിയായിരുന്നവൾ… അമ്മായിയമ്മയുടെ ചെറിയ ശകാരങ്ങളിൽ കണ്ണീർ പൊഴിച്ചവൾ….

തന്റെ മക്കൾക്കായി ഉറക്കമളച്ചു കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ…. മക്കളുടെ ഓരോ വളർച്ചയിലും വളരെ ശ്രദ്ധലുവായവൾ… അവർക്കു പനി വരുമ്പോഴും അവരുടെ പരീക്ഷ സമയങ്ങളിലും നിഴൽ പോലെ കൂടെയുണ്ടായിരുന്നവൾ.. കൂടെയുണ്ടായിട്ടും ജീവിതത്തിരക്കുകൾക്കിടയിൽ പരസ്പരം പങ്കിടാൻ പറ്റാതെപോയ അവളുടെ ജീവന്റെ പാതിയുടെ സ്നേഹം…

എന്നാൽ കാലമിന്നവളെ പക്വമതിയാക്കിയിരിക്കുന്നു…. എല്ലാം മാറി… അവളും ഏറെ മാറിയിരിക്കുന്നു… ഈ നൽപ്പത്തുകളിൽ അവൾ ഏറെ സുന്ദരിയായിരിക്കുന്നു… ഇഷ്ടമുള്ള വസ്ത്രം ധരിയ്ക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും.. നഷ്ടപ്പെട്ടുപോയ പലതും നേടുവാനും അവൾക്കു സാധിയ്ക്കുന്നു..അവൾ നല്ലൊരു കുടുംബിനിയായിരിക്കുന്നു… മക്കളുടെ കൂട്ടുകാരിയായി….ഭർത്താവിന്റെ മാതാപിതാക്കൾക്ക് അവൾ സ്വന്തം മകളായി..

ഇന്നവൾ തന്റെ പ്രാണന്റെ പാതിയുടെ പ്രണയം തുളുമ്പുന്ന കണ്ണുകളെ തിരിച്ചറിയുന്നുണ്ട്…ആ നെഞ്ചോരം ചേർന്നു കിടക്കുമ്പോൾ ആ ഹൃദയമിടുപ്പുകൾ അവളോട്‌ പറയുന്നുണ്ട് “എനിക്കായി മിടിക്കുന്ന നിന്റെ ഹൃദയമാണ് പെണ്ണെ എന്റെ പ്രാണനെന്നു”

അവളുടെ ചുണ്ടുകളിൽ ഒരു ഗൂഢസ്മിതം വിടർന്നു… ശരിയാണ് ദാമ്പത്യ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യം ഈ നാൽപതുകളിൽ തന്നെ!

Related Posts

Leave a Reply

Your email address will not be published. Required fields are marked *