എല്ലാവരുടെയും വാശിക്ക് നിന്നു കൊടുത്തതാണ് ശരത്. ഇരുപത്തിയാറാം വയസ്സിലെ വിവാഹം അവന് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..

എഴുത്ത്:-അപ്പു

ജാതകത്തിലെ പ്രശ്നങ്ങളും മറ്റും പറഞ്ഞ് വളരെ അപ്രതീക്ഷിതമായിട്ടാണ് ശരത്തും മീനുവും തമ്മിലുള്ള വിവാഹം നടന്നത്. ശരത്തിനെ സംബന്ധിച്ച് കുറച്ചു നാളുകൾ കൂടി കഴിഞ്ഞിട്ട് മതി വിവാഹം എന്നൊരു നിലപാടായിരുന്നു.

പക്ഷേ,ജാതകത്തിലും ജ്യോത്സ്യത്തിലും ഒക്കെ നല്ല വിശ്വാസമുള്ള ആളുകളായിരുന്നു ശരത്തിന്റെ കുടുംബക്കാർ. അതുകൊണ്ടു തന്നെ ശരത്തിന്റെ എതിർപ്പുകൾ ഒന്നും വകവയ്ക്കാതെ അവർ വിവാഹം നടത്തി.

ഒരു ബ്രോക്കർ വഴി ഒത്തു വന്ന ആലോചനയായിരുന്നു മീനുവിന്റേത്. സാമ്പത്തികമായിട്ടും കുടുംബപരമായിട്ടും ഒന്നും പ്രശ്നങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ആ ബന്ധം നടത്താൻ ശരത്തിന്റെ വീട്ടുകാർ വാശി പിടിച്ചു.

എല്ലാവരുടെയും വാശിക്ക് നിന്നു കൊടുത്തതാണ് ശരത്. ഇരുപത്തിയാറാം വയസ്സിലെ വിവാഹം അവന് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ ഒരു കാഴ്ചപ്പാടിൽ 29 വയസ്സ് എങ്കിലും ആയിട്ടു മതി വിവാഹം എന്നായിരുന്നു.

എന്നാൽ മീനു അങ്ങനെ ആയിരുന്നില്ല. അവളുടെ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു വിവാഹം. ആ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികളെയും പോലെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളോടെ ആണ് അവൾ ശരത്തിന്റെ ജീവിതത്തിലേക്ക് വന്നു കയറിയത്.

പക്ഷേ താൽപര്യമില്ലായ്മയോടുള്ള ശരത്തിന്റെ പെരുമാറ്റങ്ങൾ അവളെ ഞെട്ടിച്ചു കളഞ്ഞു.

ഒരിക്കൽ അവരുടെ ബെഡ്റൂമിൽ വച്ച് അവൾ അത് തുറന്നു ചോദിക്കുകയും ചെയ്തു.

” ഞാൻ തുറന്നു ചോദിക്കുന്നത് കൊണ്ട് ശരത്തേട്ടൻ തെറ്റിദ്ധരിക്കരുത്. ശരത്തേട്ടൻ ഇഷ്ടമില്ലാതെയാണോ എന്നെ വിവാഹം ചെയ്തത്..? “

അങ്ങനെ ആവരുത് എന്നൊരു പ്രാർത്ഥനയോടെയാണ് അവൾ ചോദിച്ചതെങ്കിലും അവന്റെ മറുപടി എന്താണെങ്കിലും അത് അംഗീകരിക്കാൻ തയ്യാറാണ് എന്നൊരു മനസ്സും അവൾക്കുണ്ടായിരുന്നു.

“അതെ..”

ഒറ്റവാക്കിൽ അവൻ മറുപടി കൊടുത്തപ്പോൾ അവളുടെ മുഖം മങ്ങി. എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ പുഞ്ചിരിയുടെ ആവരണമണിഞ്ഞു.

” അതെന്താ ചേട്ടാ ..? ചേട്ടൻ ഉദ്ദേശിച്ച പോലെ ഒരു പെൺകുട്ടി അല്ല ഞാൻ എന്നാണോ..? “

അവൾ ചോദിച്ചപ്പോൾ അവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി.

” മീനു താനൊരു കാര്യം മനസ്സിലാക്കണം. എനിക്ക് ആകെ 26 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. എന്റെ കൂട്ടുകാർ ആരും ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഞാനും അങ്ങനെ തന്നെയായിരുന്നു. ഒരു 29 വയസ്സ് എങ്കിലും ആകാതെ വിവാഹം കഴിക്കേണ്ട എന്നുള്ള തീരുമാനത്തിൽ ആയിരുന്നു ഞാൻ. പക്ഷേ എന്റെ മുഴുവൻ പ്രതീക്ഷകളും തകർത്തു കൊണ്ടാണ് ജാതകം വില്ലൻ ആയത്. അതുകൊണ്ടുതന്നെ എനിക്ക് തന്നെ വിവാഹം കഴിക്കേണ്ടി വന്നു. വീട്ടുകാരെ എതിർത്ത് എനിക്ക് ശീലമില്ല. അതുകൊണ്ട് കൂടിയാണ് അവരുടെ തീരുമാനത്തിന് ഞാൻ വഴങ്ങി കൊടുക്കേണ്ടി വന്നത്. പക്ഷേ വിവാഹം കഴിഞ്ഞു എന്ന് കരുതി എനിക്ക് തന്നെ ആക്സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. ചിലപ്പോൾ പോകെ എല്ലാം ശരിയാകും ആയിരിക്കും. എന്തായാലും നമുക്ക് ഒന്നിച്ചു ജീവിക്കാൻ ഇനിയും ഒരുപാട് കാലങ്ങൾ മുന്നിലുണ്ടല്ലോ. താലികെട്ടിയ പെണ്ണിനെ എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും ഞാൻ ഉപേക്ഷിച്ചു കളയില്ല. “

അതും പറഞ്ഞു അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയപ്പോൾ നിസ്സഹായതയോടെ ചിരിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.

ദിവസങ്ങൾ മുന്നോട്ടു പോയി. അവന്റെ തീരുമാനത്തിന് മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവൾ അവളുടെ ഭർത്താവ് എന്ന നിലയ്ക്ക് തന്നെ അവനോട് ഇടപെട്ടു. പക്ഷേ അവനു ഒരിക്കലും അവളെ ഭാര്യയായി അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അവൻ അവന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കുന്നുണ്ടെങ്കിലും, അവന് അതിന് സാധിക്കാതെ വരുന്നു.

” മീനു.. താൻ എന്നോട് ഭർത്താവ് എന്ന നിലയ്ക്ക് അധികാരം കാണിക്കുമ്പോൾ അത് എനിക്ക് വല്ലാത്ത ഇൻസ്റ്റിക്യൂരിറ്റി ആണ്. തന്റെ ഭർത്താവാണ് ഞാൻ എന്ന് എനിക്കും തനിക്കും അറിയാം. പക്ഷേ അതെനിക്ക് അംഗീകരിക്കാൻ കുറച്ച് സമയം വേണം.. “

വിവാഹം കഴിഞ്ഞ് ആറേഴു മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരിക്കൽ, ശരത്ത് മീനുവിനോട് പറഞ്ഞു. അവൾ അവനെ ഒന്നു നോക്കി.

” നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുവരെയും നിങ്ങൾക്ക് എന്റെ ഭർത്താവാണ് എന്ന് സ്വയം ചിന്തിക്കാൻ തോന്നുന്നില്ല എങ്കിൽ അത് മറ്റെന്തോ കാരണം കൊണ്ടാണ്. ഒന്നുകിൽ നിങ്ങളുടെ മനസ്സിൽ മറ്റാരോ ഉണ്ട്. അല്ലെങ്കിൽ എന്നെ ഒരിക്കലും നിങ്ങളുടെ ഭാര്യയായി നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ഇതിലേതാണ് കാരണമെങ്കിലും ദയവു ചെയ്ത് എന്നോട് തുറന്നു പറയണം. വെറുതെ നിങ്ങളെ കാത്തിരുന്നു മണ്ടിയാവാൻ എനിക്ക് പറ്റില്ല. “

അന്ന് ആദ്യമായിട്ടായിരുന്നു മീനു അവനു മുന്നിൽ ശബ്ദം ഉയർത്തി സംസാരിച്ചത്. കാരണം കഴിഞ്ഞ ആറ് മാസങ്ങൾ അവളെ അത്രത്തോളം വേദനിപ്പിച്ചിരുന്നു.

അവൾ അതും പറഞ്ഞു പോയപ്പോൾ അവൻ തലയ്ക്ക് കൈ കൊടുത്ത് അവിടെ ഇരുന്നു.

വൈകുന്നേരം അവന്റെ ഉറ്റ സുഹൃത്തിനോട് അവൻ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു. കുറച്ചുസമയം ആ സുഹൃത്ത് ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് ശരത്തിനെ ഒന്ന് നോക്കി.

” മീനു പറഞ്ഞതിലും കാര്യമുണ്ട്. കഴിഞ്ഞ ആറുമാസമായി അവൾ നിന്നോടൊപ്പം നിന്റെ വീട്ടിലുള്ളതാണ്. നിന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുന്ന നിന്റെ നല്ലൊരു ഭാര്യയാണ് അവൾ. അവളെ നിനക്ക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാകും എന്ന് അവൾ ചിന്തിക്കുന്നതിൽ തെറ്റ് പറയാൻ പറ്റുമോ..? വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ നീ വിവാഹത്തിന് തയ്യാറായിരുന്നില്ല എന്ന് തുറന്നു പറഞ്ഞപ്പോൾ അത് പുഞ്ചിരി കൊണ്ട് സമ്മതിച്ചു തന്ന പെൺകുട്ടിയാണ്. നിനക്ക് അവളെ അക്സെപ്റ്റ് ചെയ്യാൻ വേണ്ടെന്ന് സമയവും അവൾ അനുഭവിച്ചു തന്നു. പിന്നെയും നീ അവളെ അകറ്റി നിർത്തുമ്പോൾ അവൾക്ക് വേദന തോന്നുന്നത് സ്വാഭാവികമാണ്. എന്താ നിന്റെ പ്രശ്നം..? ” ചങ്ങാതി ചോദിക്കുമ്പോൾ തുറന്നു പറയാൻ വ്യക്തമായി ഒരു കാരണം പോലും ശരത്തിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.

“നിനക്ക് വ്യക്തമായും പറയാൻ ഒരു കാരണമില്ല എങ്കിൽ,ആ പെൺകുട്ടിയെ അംഗീകരിക്കാനും പറ്റില്ലെങ്കിൽ അതിനെ അതിന്റെ വഴിക്ക് വിട്ടേക്കണം.”

സുഹൃത്ത് അത് പറഞ്ഞപ്പോൾ ശരത്ത് അവനെ ഞെട്ടലോടെ നോക്കി. പിന്നെ നിഷേധാർത്ഥത്തിൽ തലകുലുക്കി. അതുകണ്ട് സുഹൃത്ത് ഒന്ന് പുഞ്ചിരിച്ചു.

വൈകുന്നേരം വീട്ടിലെത്തിയ ശരത്ത് കാണുന്നത് എവിടേക്കോ പോകാൻ ബാഗ് തയ്യാറാക്കുന്ന മീനുവിനെ ആയിരുന്നു. ആ കാഴ്ച അവൻ ഞെട്ടലോടെ യാണ് കണ്ടത്.

” നീ എവിടേക്കാ..? “

അവൻ അന്വേഷിച്ചു.

“എന്നെ വേണ്ടാത്ത ഒരിടത്ത് കടിച്ചു തൂങ്ങി നിൽക്കേണ്ട ആവശ്യം എനിക്കില്ലല്ലോ.. അതു കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്.”

പറഞ്ഞു കൊണ്ട് അവൾ തന്റെ ജോലി തുടർന്നു. പക്ഷേ പെട്ടെന്ന് അവൻ അവളെ പിന്നിൽ നിന്ന് ചേർത്തു പിടിച്ചു….

” വിട്ടിട്ടു പോകല്ലേ. നിന്നെ എനിക്ക് ഇഷ്ടമല്ലാതെ അല്ല. എനിക്കിഷ്ട മാണ്. നീയെന്നും എന്റെ സ്വന്തമാണ് എന്ന് പറയാനാണ് എന്റെ ആഗ്രഹം. പക്ഷേ നിന്നെ അംഗീകരിക്കാൻ എനിക്ക് കുറച്ച് സമയം വേണമായിരുന്നു. അതു കൊണ്ടാണ്. അല്ലാതെ നീ ചിന്തിച്ചതു പോലെ മറ്റാരും മനസ്സിൽ ഉള്ളതു കൊണ്ടല്ല. നിന്നെ ഇഷ്ടമല്ലാത്തതു കൊണ്ടുമല്ല. ചെറിയ പ്രായത്തിൽ തന്നെ ഒരു കുടുംബസ്ഥൻ ആവുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമായിരുന്നില്ല.നിർബന്ധിച്ചു എല്ലാവരും കൂടി അങ്ങനെയൊരു ബന്ധത്തിലേക്ക് കൊണ്ടു വന്ന് എത്തിക്കുക കൂടി ചെയ്തപ്പോൾ എല്ലാവരോടും വാശിയായിരുന്നു. അതുകൊണ്ട് സത്യം പറഞ്ഞാൽ നിന്നെ അംഗീകരിക്കാൻ ഞാൻ ശ്രമിക്കുക പോലും ചെയ്തില്ല എന്നതാണ് സത്യം. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. നിന്നെ എനിക്ക് ആത്മാർത്ഥമായും ഇഷ്ടമാണ്. നീയില്ലാത്ത ഒരു ജീവിതത്തിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.”

അവളെ പുണർന്നു കൊണ്ട് അവൻ പറയുമ്പോൾ അവളുടെ കണ്ണുകളും അവന്റെ കണ്ണുകളും ഒരേസമയം നിറയുന്നുണ്ടായിരുന്നു.

ഒരു നിമിഷം പോലും ചിന്തിക്കാതെ അവൾ തിരിഞ്ഞ് അവനെയും പുണർന്നു.

“ഈ വാക്കുകൾ കേട്ടാൽ മതി. എന്നോട് ഇഷ്ടം ഉണ്ടെന്ന് സമ്മതിച്ചല്ലോ.. ആ മനസ്സിൽ മറ്റാർക്കും ഇടം കൊടുത്തിട്ടില്ല എന്ന് പറഞ്ഞല്ലോ. ഇനി എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാം. നിങ്ങളെ അത്രത്തോളം ഞാൻ ഇഷ്ടപ്പെട്ടു പോയി.”

അവനെ ചേർന്നു നിന്ന് അവൾ പറയുമ്പോൾ രണ്ടുപേരും സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *